ഭര്‍ത്താവിന്റെ സ്‌നേഹം നിലനിര്‍ത്താന്‍  ചില വഴികള്‍
ll''ഓ.. അങ്ങേര് ഇപ്പോള്‍ പഴയ ആളല്ല. ആകെ മാറിപ്പോയി..'' ''മൂപ്പര്‍ക്ക് ഇപ്പോള്‍ പഴയപോലെ സ്‌നേഹം കാണുന്നില്ല..'' എന്നൊക്കെ പരാതിപ്പെടുന്ന ഭാര്യമാരെ നമുക്കിടയില്‍ ധാരാളമായി കാണാന്‍ കഴിയും. ഒരു പക്ഷേ, അതൊക്കെ അവരുടെ തോന്നലാകാം. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജീവിക്കാനുള്ള വ്യഗ്രതക്കിടയില്‍ ഭാര്യയെ ശ്രദ്ധിക്കാന്‍ കഴിയാത്തതുകൊണ്ടാകാം. മാത്രമല്ല, എല്ലായ്‌പ്പോഴും ഭര്‍ത്താവിന് ഭാര്യയില്‍ ഒരേ രീതിയിലുള്ള താല്‍പര്യം നിലനിര്‍ത്താന്‍ പറ്റിയെന്നുവരില്ലല്ലോ. എങ്കിലും ചിലപ്പോഴെല്ലാം ഭാര്യമാരുടെ ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ലാതെയുമില്ല. കാലഘട്ടത്തിന്റെ ഒഴുക്കും ജീവിത വ്യഗ്രതയുമെല്ലാം മിക്കവര്‍ക്കുമുള്ളതല്ലേ? എന്നാല്‍ ഇതൊക്കെ കുറവായിട്ടും ചില ഭര്‍ത്താക്കന്മാര്‍ ഭാര്യയില്‍ നിന്നകലാന്‍ ശ്രമിക്കുകയാണെങ്കിലോ? തീര്‍ച്ചയായും അതിന്റെ പിന്നില്‍ എന്തെങ്കിലും കാരണങ്ങള്‍ കാണും. അതെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് അകല്‍ച്ചയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. * മുമ്പ് സ്‌നേഹത്തോടെ പെരുമാറിയിരുന്ന ഭര്‍ത്താവ് എല്ലാറ്റിലും കുറ്റം കണ്ടെത്താന്‍ ശ്രമിക്കും. തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റമായിരിക്കും. * പഴയതിനു വിരുദ്ധമായി യാത്രപോലും പറയാതെ ധൃതിയില്‍ ജോലിക്കുപോവുക. * പകല്‍ മുഴുവന്‍ ഓഫീസിലും വീടിനു പുറത്തും കഴിച്ചുകൂട്ടാന്‍ താല്‍പര്യം കാണിക്കുക. * ഒഴിവുവേളകള്‍ കൂട്ടുകാരുമൊത്ത് പുറത്ത് വ്യാപരിക്കുക. * പതിവിനു വിപരീതമായി പെട്ടെന്ന് ശുണ്ഠി പ്രകടിപ്പിക്കുക. * ലൈംഗിക കാര്യങ്ങളില്‍ വിമുഖത കാണിക്കുക. * പുരഷ സഹജമായ യാതൊരു താല്‍പര്യവും കാണിക്കാതിരിക്കുക. * ഭാര്യ അടുത്തുചെന്നിരുന്നാല്‍ എഴുന്നേറ്റുമാറുക. * പെരുമാറ്റത്തില്‍ ഭാര്യയോട് വെറുപ്പും നീരസവും പ്രകടിപ്പിക്കുക. * ഭാര്യയില്‍ മടുപ്പുള്ളത് പെരുമാറ്റത്തില്‍ നിഴലിക്കുക. ഇത്തരം പെരുമാറ്റങ്ങള്‍ ഭര്‍ത്താവില്‍ നിഴലിക്കുന്നുണ്ടെങ്കില്‍ അയാള്‍ ഭാര്യയില്‍ നിന്നകലാന്‍ ശ്രമിക്കുന്നുവെന്നുവേണം കരുതാന്‍. ഇത്തരം സാഹചര്യത്തില്‍ സാധാരണഗതിയില്‍ ഭാര്യമാര്‍ക്ക് ഏറെ പ്രയാസവും വേദനയും നിരാശയും തോന്നുക സ്വാഭാവികമാണ്. ഇത്തരമൊരവസ്ഥാ വിശേഷം പലര്‍ക്കും താങ്ങാനാവില്ല. ''എന്തുകൊണ്ടദ്ദേഹം പഴയ പടി തന്നെ സ്‌നേഹിക്കുന്നില്ല'' എന്ന് സ്വയം മനസ്സില്‍ തോന്നിത്തുടങ്ങുന്ന ഇവര്‍ നിരാശയിലാണ്ടുകഴിയും. വേറെ ചിലര്‍ പൊട്ടിത്തെറിക്കുകയും ഭര്‍ത്താവിനോട് ഒരു യുദ്ധത്തിന് തുടക്കം കുറിക്കുകയും ചെയ്യും. മറ്റു ചിലര്‍ ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാന്‍ ശ്രമിച്ചെന്നുമിരിക്കും. പക്ഷേ, പ്രിയപ്പെട്ട ഭാര്യമാരേ.. നിങ്ങളുടെ ഇത്തരം പ്രതികരണങ്ങള്‍ കൊണ്ടൊന്നും യാതൊരു പ്രയോജനവുമില്ല എന്ന് ആദ്യമേ ഓര്‍ക്കുക. മാത്രമല്ല, അതൊക്കെ വിപരീത ഫലമേ ഉളവാക്കുകയുള്ളൂ. ഇത്തരം സാഹചര്യങ്ങളില്‍ ആദ്യമായി വേണ്ടത് ഭര്‍ത്താവിന്റെ അകല്‍ച്ചക്കു കാരണമായ സാഹചര്യങ്ങളെ കണ്ടെത്തുകയാണ്. സംഗതികളുടെ കിടപ്പ് കാര്യകാരണ സഹിതം വിലയിരുത്തണം. എന്തുകൊണ്ടയാള്‍ക്ക് ദാമ്പത്യം വിരസമായിരിക്കുന്നുവെന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുക. അതോടൊപ്പം നിങ്ങളില്‍ നിന്നു വന്നുപോയിട്ടുള്ള പിഴവുകള്‍ കൊണ്ടാണെങ്കില്‍ അതു തിരുത്താനും ശ്രദ്ധിക്കേണ്ടതാണ്. ഭര്‍ത്താവിന്റെ അകല്‍ച്ചക്ക് പല കാരണങ്ങള്‍ കണ്ടേക്കാം. അവ ഏതെല്ലാമാണെന്നുകൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. * ഭാര്യയുടെ അവഗണനയും സ്‌നേഹരാഹിത്യവും * ഭാര്യയുടെ കലഹസ്വഭാവം * ലൈംഗിക അപര്യാപ്തത (ശീഘ്രസ്ഖലനം, ഷണ്ഡത്വം എന്നിവ ഉള്ളവരില്‍ തന്റെ പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന ബോധം മനസ്സിലുദിക്കുമ്പോള്‍ മനഃപൂര്‍വം ഭാര്യയില്‍ നിന്നകലാന്‍ ശ്രമിക്കും) * മദ്യപാനം. (മദ്യപാനം വ്യക്തിയുടെ സ്വാഭാവികമായ കഴിവുകളെ കെടുത്തിക്കളയും) * പരസ്ത്രീഗമനം: (ഇതിന്റെ പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്) * സ്വവര്‍ഗ പ്രേമം. (ചെറുപ്പം മുതല്‍ സ്വവര്‍ഗരതി ശീലിച്ചവര്‍ക്ക് ഭാര്യയോട് താല്‍പര്യമോ പുരുഷപരമായ വികാരാനുഭൂതിയോ ഉണ്ടാവുകയില്ല.) * ലൈംഗിക രോഗങ്ങള്‍. * ലൈംഗികാവയവത്തിനുണ്ടാകുന്ന ക്ഷതങ്ങള്‍ * അനാരോഗ്യം, ക്ഷീണം എന്നിവ. * ചില ഔഷധങ്ങള്‍ കഴിച്ചതിന്റെ പ്രത്യാഘാതം * ആധിയും മറ്റു മാനസിക സംഘര്‍ഷങ്ങളും. മേല്‍പറഞ്ഞവയില്‍ ഏതെങ്കിലും ഒരു ഘടകമോ ഒന്നില്‍ കൂടുതല്‍ കാരണങ്ങളോ ആകാം ഭര്‍ത്താവിന്റെ അകല്‍ചക്ക് കാരണം. കാരണങ്ങള്‍ എന്തുതന്നെയായാലും നിരാശപ്പെട്ടിട്ടോ നിസ്സംഗത പുലര്‍ത്തിയിട്ടോ കാര്യമില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തയ്യാറെടുപ്പോടെ സധൈര്യം മുന്നോട്ടുപോകുകയാണുവേണ്ടത്. ആത്മാര്‍ത്ഥവും സ്‌നേഹപൂര്‍ണവുമായ സമീപനത്തിലൂടെ ഭര്‍ത്താവിന്റെ പ്രശ്‌നമെന്തെന്ന് മനസ്സിലാക്കാന്‍ ഒരു നല്ല ഭാര്യക്കു കഴിയും. മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ കാര്യം എളുപ്പമായി. ലൈംഗിക അപര്യാപ്തതകള്‍, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം എന്നിവയാണു കാരണമെങ്കില്‍ അവ പരിഹരിക്കാനുള്ള വഴി തേടുക. ഭാര്യയുടെ അവഗണനയും അശ്രദ്ധയുമാണ് പ്രശ്‌നമെങ്കില്‍ അത്അംഗീകരിക്കുകയും സ്വന്തം പാളിച്ചകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഭര്‍ത്താവിനെ നിങ്ങളുടെ കുട്ടിയുടെ പിതാവായി-സംരക്ഷകനായി- മാത്രം കണക്കാക്കാതിരിക്കുക. വിവാഹനാളുകള്‍ കഴിയുന്നതോടെ അടുക്കളയും കുട്ടികളെ വളര്‍ത്തലും (ഉദ്യോഗമുണ്ടെങ്കില്‍ അതും) മാത്രമായി ജീവിതത്തെ ചുരുക്കാതെ ഇണയുമൊത്ത് സമയം ചെലവഴിക്കുകയും പങ്കാളിക്ക് അര്‍ഹിക്കുന്ന സ്‌നേഹവും പരിഗണനയും നല്‍കാന്‍ ശ്രമിക്കുകയും ചെയ്യണം. ഭര്‍ത്താവിന്റെ പരസ്ത്രീഗമനം പല ഭാര്യമാര്‍ക്കും സഹിക്കാനാകില്ല. ഇത്തരം ഭാര്യമാര്‍ പലപ്പോഴും ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാനായി കലിതുള്ളി പ്രശ്‌നം വഷളാക്കാനാണ് ശ്രമിക്കുക. ഇതൊക്കെ സ്വയം നാണക്കേടുണ്ടാക്കാനും ഭര്‍ത്താവ് കൂടുതല്‍ അകലാനുമാണ് സഹായിക്കുക. ചിലപ്പോള്‍ ഭര്‍ത്താവിനെ എന്നെന്നേക്കുമായി നഷ്ടപ്പെടാനും ഇടവരുത്തും. മക്കളുണ്ടെങ്കില്‍ അവരുടെ ഭാവിയും തകര്‍ന്നതുതന്നെ. ഇവിടെ ക്ഷമയോടും സമചിത്തതയോടും സഹിഷ്ണുതയോടും വിവേകത്തോടുംകൂടി പെരുമാറേണ്ടിയിരിക്കുന്നു. ആദ്യമായി വേണ്ടത് ആത്മപരിശോധനയാണ്. ഭര്‍ത്താവ് വഴിപിഴച്ചതില്‍ ഞാന്‍ ഏതെങ്കിലും നിലയില്‍ കാരണക്കാരിയാണോ? എന്റെ ഭാഗത്തുനിന്നു എന്തെങ്കിലും പോരായ്മകളോ പാളിച്ചകളോ ഉണ്ടായിട്ടുണ്ടോ? എന്നീ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുക. പാളിച്ചകളോ തെറ്റുകളോ പറ്റിയിട്ടുണ്ടെങ്കില്‍ അതുതിരുത്താന്‍ സന്മനസ്സു കാണിക്കുകയും വേണം. രണ്ടാമത് ചെയ്യേണ്ടത്, സംഭവിച്ചതൊക്കെ മറക്കാനും പൊറുക്കാനും തയ്യാറാകുകയാണ്. അതോടൊപ്പം ഭര്‍ത്താവിനെ ആവശ്യമില്ലാതെ കുറ്റപ്പെടുത്താതിരിക്കാനും അയാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി അര്‍ഹിക്കും വിധം നിറവേറ്റിക്കൊടുക്കാനും ഊഷ്മളമായ സ്‌നേഹവും ലൈംഗിക സംതൃപ്തിയും പകര്‍ന്നുകൊടുക്കാനും ശ്രമിക്കുക. ഭര്‍ത്താവുമായി നീണ്ട ഇടവേളള്‍ പിരിഞ്ഞിരിക്കുകയുമരുത്. ഭാര്യ ഒരിക്കലും കലഹസ്വഭാവം കാണിക്കരുത്. എപ്പോഴും പരാതികളും കലഹങ്ങളുമായി തന്നെ നേരിടുന്ന ഭാര്യയില്‍ നിന്നു രക്ഷപ്പെടാനേ ഭര്‍ത്താവ് ശ്രമിക്കുകയുള്ളൂ. അതുപോലെ ലൈംഗികരോഗങ്ങള്‍, സ്വവര്‍ഗരതി, ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ തുടക്കത്തില്‍ തന്നെ ചികിത്സക്കു വിധേയമാക്കണം. ഇത്തരം കാര്യങ്ങളിലൊക്കെ ഏറെ ക്ഷമയോടും സ്‌നേഹത്തോടും കൂടി ശ്രദ്ധിക്കുന്നതായാല്‍ അകലുന്ന ഭര്‍ത്താവിനെ അടുപ്പിക്കാന്‍ കഴിയും. കൂട്ടത്തില്‍ ഒന്നുരണ്ടു കാര്യങ്ങള്‍ കൂടി പറയട്ടെ. ഒന്നാമത് ഭര്‍ത്താവിനെ ആകര്‍ഷിക്കത്ത പെരുമാറ്റവും ശാരീരിക വശ്യതയും വൃത്തിയും കാത്തു സൂക്ഷിക്കുക എന്നതാണ്. ഭര്‍ത്താവിനെ അവഗണിക്കാതിരിക്കുകയും അയാളുടെ പ്രശ്‌നങ്ങളും ജീവിത വിഷമങ്ങളും സഹാനുഭൂതിയോടെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു കാര്യം. ഭര്‍ത്താവില്‍ മാറ്റം കണ്ടാലുടനെ തുറന്ന ചര്‍ച്ചക്കു വേദിയൊരുക്കുകയും തെറ്റിദ്ധാരണകള്‍ ഒഴിവാക്കുകയും ചെയ്യണം. സ്വയം തീര്‍ക്കാന്‍ കഴിയില്ലെങ്കില്‍ ഒരു ഫാമിലി കൗണ്‍സിലിങ്ങിന് ഇരുവരും തയ്യാറാകുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter