നല്ലപാതിയെ കണ്ണീര് കുടിപ്പിക്കരുത്‌
halfനബി(സ) അരുള്‍ ചെയ്തു: 'ഒരു സത്യവിശ്വാസി, വിശ്വാസിനിയെ വെറുക്കരുത്. അവളില്‍നിന്ന് ഒരു സ്വഭാവം അനിഷ്ടകരമായാല്‍ മറ്റൊന്ന് ഇഷ്ടപ്പെടുന്നതാണ്.' (മുസ്‌ലിം) അന്യരായ സ്ത്രീ പുരുഷന്മാരെ പരസ്പരം ഇണകളാക്കി മാറ്റുന്ന ഇടപാടാണ് വിവാഹം. മനുഷ്യന്റെ വംശവര്‍ദ്ധനവിന് അല്ലാഹു അനുവദിച്ച അനുഗ്രഹീത മാര്‍ഗമാണിത്. എത്ര അനുയോജ്യരായ ഇണകളാണെങ്കിലും അന്നേവരെ അപരിചിതരായ രണ്ടു വ്യക്തികള്‍ ഒന്നായി ജീവിക്കാനാരംഭിക്കുമ്പോള്‍ മനുഷ്യസഹജമായ ന്യൂനതകള്‍ കാരണം വെറുക്കപ്പെടുന്ന കാര്യങ്ങള്‍ രണ്ടാളില്‍നിന്നും പ്രകടമായേക്കാം. പ്രത്യേകിച്ച് വ്യത്യസ്ത ചുറ്റുപാടുകളില്‍ ജീവിച്ച ജോഡികളാകുമ്പോള്‍ രണ്ടാളുകളുടെയും ഇഷ്ടാനിഷ്ടങ്ങളില്‍ വ്യതിരിക്തത സ്വാഭാവികമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ വെറുക്കാതെ വിശാല മനസ്‌കതയോടെ പരസ്പരം വിട്ടുവീഴ്ച ചെയ്ത് ജീവിക്കാനാണ് സ്രഷ്ടാവിന്റെ കല്‍പന. സത്യവിശ്വാസിയായ ഭര്‍ത്താവ് വിശ്വാസിനിയായ തന്റെ ഭാര്യയോട് കോപിക്കരുത്, അവളെ വെറുക്കരുത് എന്നാണ് നബി(സ)യുടെ നിര്‍ദ്ദേശം. സ്ത്രീ പുരുഷന്മാരെ ഇണകളാക്കി സൃഷ്ടിച്ച അല്ലാഹുവിന് അവരുടെ വ്യത്യസ്ത പ്രകൃതിയും സ്വഭാവഗുണങ്ങളും ധര്‍മവും ഏറ്റവും അറിയുന്നതിനാല്‍ മറ്റെല്ലാ വിഷയങ്ങളിലുമെന്നപോലെ ദാമ്പത്യ വിജയത്തിന് അവന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ സാധ്യമല്ല. അബലകളും ചപലകളുമായ സ്ത്രീസമൂഹത്തോടൊപ്പം സ്‌നേഹത്തോടെയും കാരുണ്യത്തോടെയും കൂടിജീവിക്കണമെന്ന ഖുര്‍ആനിക ആശയം വിശദീകരിക്കുന്ന നബിവചനമാണിത്. കുടുംബഭദ്രതക്ക് ഏറ്റവും അനിവാര്യമായതും പ്രായോഗികതലത്തില്‍ വളരെ എളുപ്പമായതുമാണ് ഈ ഉപദേശം. ഹൃസ്വമായ കാലത്തിനിടയില്‍ കോപിച്ചും കലഹിച്ചും തീര്‍ക്കാനുള്ളതല്ല വിലപ്പെട്ട വൈവാഹിക ജീവിതം. ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം അംഗീകരിച്ചുകൊണ്ടുള്ള നിഷ്‌കപടമായ സ്‌നേഹമാണ് ദാമ്പത്യവിജയത്തിന്റെ അടിത്തറ. മനുഷ്യസഹജമായ വീഴ്ചകളോ പ്രകൃതിപരമായ കുറവുകളോ പ്രകടമാവുമ്പോള്‍ പക്വതയോടെ പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള ആഹ്വാനമാണ് മേല്‍വചനം. പ്രകടമായ ന്യൂനതയെ മറികടക്കുന്ന അനേകം ഗുണങ്ങള്‍ അവളിലുണ്ടാകുമല്ലൊ. അതെല്ലാം ഓര്‍മിക്കുമ്പോള്‍ കുറ്റങ്ങളും കുറവുകളും പ്രശ്‌നമല്ലാതാകുന്നതുകാണാം. ഇന്ന് നടക്കുന്ന നിരവധി കുടുംബ കലഹങ്ങള്‍ക്ക് പരിഹാരമാകുന്ന മഹത്തായ നിര്‍ദ്ദേശം കൂടിയാണിത്. നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ പരസ്പരം പോരടിക്കുന്ന ദമ്പതിമാര്‍ ന്യൂനതകള്‍ മറച്ചുവെച്ച് വിട്ടുവീഴ്ചയോടെ പെരുമാറിയാല്‍ മാത്രമേ കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കുകയുള്ളൂ. ബുദ്ധിയിലും ശക്തിയിലും സ്ത്രീയേക്കാള്‍ മികച്ചുനില്‍ക്കുന്ന പുരുഷനാണ് ഈ വിഷയത്തില്‍ മുന്‍കൈയെടുക്കേണ്ടത്. തൃപ്തിയുടെ കണ്ണ് കുറ്റം കാണില്ല. 'വെറുപ്പിന്റെ കണ്ണ് ന്യൂനത വെളിവാക്കുന്നതാണ്' എന്ന പഴമൊഴി ശ്രദ്ധേയമാണ്. സ്‌നേഹമുള്ള ഭര്‍ത്താവ് ഭാര്യയുടെ വീഴ്ചകള്‍ വലിയ പ്രശ്‌നമാക്കി അവളോട് പിണങ്ങിനില്‍ക്കുകയോ വെറുപ്പ് പ്രകടിപ്പിക്കുകയോ ഇല്ല. അഥവാ പുറമെ കോപിച്ചാലും മനസ്സുകൊണ്ട് വെറുക്കില്ല. കാരണം അവള്‍ തനിക്ക് നിര്‍ബന്ധമില്ലാത്ത നിരവധി സേവനങ്ങള്‍ സൗജന്യമായി ചെയ്തുതരുന്നവളാണ്. ഭക്ഷണം പാകം ചെയ്യുക, വസ്ത്രമലക്കുക, വീടും പരിസരവും വൃത്തിയാക്കുക, സന്താനപരിപാലനം.... ഇങ്ങനെ എത്രയെത്ര സേവനങ്ങള്‍ അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം മാത്രം മോഹിച്ച് അവള്‍ ചെയ്യുന്നു. ഐഛികമായി ചെയ്തുതരുന്ന പ്രവൃത്തികളില്‍ എന്തെങ്കിലും കുറവ് കണ്ടാല്‍ വെറുക്കാനോ കുറ്റപ്പെടുത്താനോ ഭര്‍ത്താവിന് യാതൊരവകാശവുമില്ല. കറിയില്‍ ഉപ്പ് കൂടിയതിന്, വസ്ത്രം അലക്കാത്തതിന്, മുറ്റം വൃത്തിയാക്കാത്തതിന്, അവന് കുളിക്കാനുള്ള വെള്ളം തയ്യാറാക്കിവെക്കാത്തതിന് വരെ ഭാര്യയെ വാക്കുകൊണ്ടോ മറ്റോ പീഡിപ്പിക്കുന്നവര്‍, അവള്‍ പൊരുത്തപ്പെട്ടില്ലെങ്കില്‍ അല്ലാഹുവിന്റെ വിചാരണയില്‍ രക്ഷപ്പെടില്ല എന്ന യാഥാര്‍ത്ഥ്യം ഗൗരവത്തിലെടുക്കേണ്ടതാണ്. അക്രമികള്‍ക്ക് അതികഠിനമായ ശിക്ഷ നരകത്തില്‍ ഒരുക്കിവെച്ചിട്ടുണ്ടെന്നോര്‍ക്കുക. ഭാര്യയുടെ അവകാശത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ) പറഞ്ഞു: 'നീ ഭക്ഷിച്ചാല്‍ അവളെയും ഭക്ഷിപ്പിക്കുക, നീ ധരിച്ചാല്‍ അവളെയും ധരിപ്പിക്കുക, മുഖത്തടിക്കരുത്, നിന്നെ അല്ലാഹു മോശമാക്കട്ടെ എന്ന് പറയരുത്. (അസഭ്യം പറയരുത്) കിടപ്പറയിലല്ലാതെ വെടിയരുത്. (അബൂദാവൂദ്). അല്ലാഹു പറയുന്നു: ''നല്ല നിലക്ക് ഭാര്യമാരോട് നിങ്ങള്‍ പെരുമാറണം'' (നിസാഅ് 19). 'ന്യായമായ നിലയില്‍ ഭാര്യമാരെ നിങ്ങള്‍ കൂടെ നിര്‍ത്തുക; അല്ലെങ്കില്‍ ന്യായമായ നിലയില്‍ അവരെ നിങ്ങള്‍ വിട്ടയക്കുക.' (ബഖറ 231) അനിഷ്ടകരമായ വല്ലതും സംഭവിച്ചാല്‍ മറ്റുള്ളവരുടെ മുമ്പില്‍ അവളെ കുറ്റപ്പെടുത്തി സംസാരിക്കരുത്. ഗുണകാംക്ഷയോടെ സ്വകാര്യമായി ഉപദേശിക്കുന്നതാണ് ഗുണകരം. അവളുടെ വ്യക്തിത്വം അംഗീകരിക്കാതെ സ്‌നേഹം പ്രതീക്ഷിക്കേണ്ടതില്ല. തന്നെപ്പോലെ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു ഹൃദയം ഭാര്യക്കുമുണ്ടെന്ന സത്യം ഭര്‍ത്താവ് വിസ്മരിക്കരുത്. അവളുടെ കഴിവുകള്‍ അംഗീകരിക്കാനും അനുമോദിക്കാനും ഭര്‍ത്താവിനു കഴിയണം. ഭര്‍ത്താക്കന്മാരെക്കുറിച്ച് പരാതി പറയാന്‍ സ്വഹാബി വനിതകളെത്തിയപ്പോള്‍ ഭാര്യമാരുടെ കാര്യത്തില്‍ അല്ലാഹുവിനെ ഓര്‍മിപ്പിച്ചുകൊണ്ട് നബി(സ) മുന്നറിയിപ്പ് നല്‍കുകയുണ്ടായി. വളഞ്ഞ വാരിയെല്ലിനാല്‍ സൃഷ്ടിക്കപ്പെട്ട സ്ത്രീയില്‍ വക്രത സ്വാഭാവികമാണെന്നും ആ വളവ് നിവര്‍ത്താന്‍ ശ്രമിച്ചാല്‍ പൊട്ടിപ്പോകുമെന്നും നബി(സ) ഉപദേശിച്ചു. സ്വഭാവദൂഷ്യമുള്ളവളെ വിവാഹമോചനം ചെയ്യല്‍ സുന്നത്താണെന്ന് വിശദീകരിച്ചുകൊണ്ട് ശൈഖ് സൈനുദ്ദീന്‍ മുഖ്ദൂം(റ) പറയുന്നു: ''അവളോട് കൂടി ജീവിക്കാന്‍ സാധ്യമല്ലാത്തവിധം ചീത്ത സ്വഭാവമുണ്ടെങ്കില്‍ മാത്രമേ ത്വലാഖ് സുന്നത്താകുകയുള്ളൂ. അല്ലെങ്കില്‍ സ്വഭാവദൂഷ്യമില്ലാത്തവളെ എപ്പോഴാണ് ലഭ്യമാകുക? സ്ത്രീകളില്‍ നല്ലവള്‍ വെളുത്ത ചിറകുള്ള കാക്കയെപോലെയാണ്. അഥവാ അപൂര്‍വമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.' (ഫത്ഹുല്‍ മുഈന്‍) ഭര്‍ത്താവ് എത്ര യോഗ്യനാണെങ്കിലും അവനില്‍ എന്തെങ്കിലും ന്യൂനതകളുണ്ടാകാം. അതുപോലെ ഭാര്യക്ക് എത്ര കുറ്റങ്ങളുണ്ടെങ്കിലും അതിനു സമാനമായ അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച ഗുണങ്ങളുമുണ്ടായേക്കാം. ഉദാഹരണമായി സൗന്ദര്യം കുറവാണെങ്കിലും സല്‍സ്വഭാവം, ബുദ്ധിശക്തി, മതബോധം, കുലീനത, സാമ്പത്തികം, സന്താനലബ്ധി എന്നീ ഗുണങ്ങളുണ്ടായിരിക്കും. ഞാന്‍ പ്രതീക്ഷിച്ച ഭാര്യയല്ല നീ എന്ന് ഭര്‍ത്താവും 'എനിക്ക് നിങ്ങളേക്കാള്‍ നല്ല ആലോചനകള്‍ വന്നതാണ്' പക്ഷെ, എന്ന് ഭാര്യയും പറഞ്ഞോ ചിന്തിച്ചോ സമയം കളയാതെ ഒരുവിധം യോജിക്കുമെങ്കില്‍ കിട്ടിയ ഇണയെ സ്‌നേഹിച്ച് സന്തോഷത്തോടെ കഴിയലാണ് ബുദ്ധി. എത്ര ശ്രമിച്ചാലും അല്ലാഹു മുന്‍കൂട്ടി നിശ്ചയിച്ചവരല്ലേ ജീവിതപങ്കാളിയായി വരൂ. സൗന്ദര്യത്തിലോ മറ്റോ മുന്‍പന്തിയിലുള്ളവരുമായി തന്റെ ഇണയെ താരതമ്യം ചെയ്ത് ഇകഴ്ത്താതെ താഴെകിടയിലുള്ളവരിലേക്ക് നോക്കുന്നതിലാണ് സമാധാനം. ദമ്പതിമാര്‍ക്കിടയില്‍ സ്‌നേഹം നിലനില്‍ക്കാന്‍ അവരുടെ ബന്ധുമിത്രാദികള്‍ പരമാവധി ശ്രമിക്കേണ്ടതാണ്. ഭാര്യ അവളുടെ വീട്ടിലാകുമ്പോള്‍ ഭര്‍ത്താവിന്റെ സമ്മതമില്ലാതെ പുറത്തുകൊണ്ടുപോവുക, ഭര്‍ത്താവ് വന്ന് വിളിക്കുമ്പോള്‍ നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി അവളെ തടഞ്ഞുവെക്കുക, ഭര്‍ത്താവിന് അവളുടെ സാന്നിധ്യം ആവശ്യമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ ഇഷ്ടത്തിനെതിരായി വാശിപിടിച്ച് അവളെ കൊണ്ടുപോവുക തുടങ്ങിയ ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തികള്‍ ഭാര്യ-ഭര്‍തൃ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ കാരണമാകാറുണ്ട്. മകളുടെ ഗുണമുദ്ദേശിച്ച് ചെയ്യുന്ന കാര്യങ്ങള്‍ ഭര്‍ത്താവിന്റെ മനസ്സില്‍ മുറിവേല്‍പിച്ചാല്‍ അവളുടെ ഭാവി ജീവിതത്തെ സാരമായി ബാധിക്കുമെന്ന യാഥാര്‍ത്ഥ്യം രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടതാണ്. അപ്പോഴും അവളെ വെറുക്കരുതെന്ന തിരുവചനം സത്യവിശ്വാസിക്ക് ഉത്തമ വഴികാട്ടിയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter