പ്രസവാനന്തര രക്തസ്രാവവും വൈദ്യസൂക്തങ്ങളും
പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവത്തെ സംബന്ധിച്ച് എം.സി. സെല്‍മണ്‍ എം.ഡി എഴുതുന്നത് കാണുക: ''പ്രസവ സമയത്തും പ്രസവം കഴിഞ്ഞാലുടനെയും മറുപിള്ള പുറത്തുവരുമ്പോഴും രക്തസ്രാവമുണ്ടാവാറുണ്ട്. എന്നാല്‍ അത് സാധാരണ അല്‍പ നേരം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. രക്തം ക്രമവിരുദ്ധമായി സ്രവിക്കുന്ന പക്ഷം സ്ത്രീക്കു കുളിരും തളര്‍ച്ചയും വിളറിയ നിറവും ഉണ്ടായിരിക്കും.
ഒരു തലയിണയോ മറ്റോ ഇട്ട് സ്ത്രീയുടെ ഇടുപ്പ് പൊക്കി വെച്ചു അടിവയറ്റില്‍ കൈവെച്ച് ഗര്‍ഭാശയത്തെ ഞെക്കുക. രക്തസ്രാവം നില്‍ക്കുന്നത് വരെ പിടി അയച്ചുകളയരുത്. ഏറ്റവും തണുത്ത വെള്ളത്തില്‍ ഒരു തുണി മുക്കി ഗുഹ്യപ്രദേശങ്ങളിലും ബാഹ്യോല്‍പാദനേന്ദ്രിയങ്ങളിലും ഇടുക. ആ തുണി കൂടെ കൂടെ എടുത്ത് നനച്ചുകൊള്ളണം. തണുപ്പ് രക്തനാഡികളെ ചുരുക്കി രക്തസ്രാവം നില്‍ക്കുന്നതിനു സഹായിക്കും. ഒരു പാത്രം പച്ചവെള്ളമെടുത്ത് രണ്ടോ മൂന്നോ അടി പൊക്കി സ്ത്രീയുടെ ഉദരത്തിന്‍മേല്‍ ഒഴിക്കണം. ഉടന്‍തന്നെ കുഞ്ഞിനെ മുലകുടിപ്പിക്കുക. കുഞ്ഞ് മുലകുടിക്കുന്നതിനാല്‍ ഉടന്‍തന്നെ ഗര്‍ഭാശയം ചുരുങ്ങിത്തുടങ്ങും. എര്‍ടോട്ടു ദ്രാവകം കിട്ടുമെങ്കില്‍ അതില്‍ ഒരു കരണ്ടി കൊടുക്കുക. മൂന്ന് മണിക്കൂറിനുള്ളില്‍ അത് വീണ്ടും കൊടുക്കുക. ഇപ്രകാരമുള്ള ഒരു രക്തസ്രാവത്തിനു ശേഷം സ്ത്രീ രണ്ടു ദിവസം  അശേഷം അനങ്ങാതെ കിടക്കയില്‍ തന്നെ കിടക്കണം. കിടക്കയില്‍ നിന്നു എഴുന്നേല്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുത്'' (ആരോഗ്യവും ദീര്‍ഘായുസ്സും പേജ് 128-129). ഗര്‍ഭാശയത്തിലുണ്ടായ മുറിവുണങ്ങുകയും ഗര്‍ഭാശയ ശ്ലേഷകല വീണ്ടെടുക്കുകയും ചെയ്യുന്ന ക്രമം വളരെയധികം സ്രാവത്തോടു കൂടിയാണ് സാധിക്കുന്നത്. ഈ പ്രസവം കഴിഞ്ഞാലുള്ള ആദ്യത്തെ നാലു ദിവസങ്ങളില്‍ ഈ സ്രാവം രക്ത നിറമുള്ളതായിരിക്കും. പിന്നീട് അതിലുള്ള രക്തത്തിന്റെ അംശം കുറയുന്നതിനാല്‍ ഈ നിറം ക്രമേണ വിളറി വരും. പ്രസവശേഷം പത്താമത്തെ ദിവസം മുതല്‍ രക്തം പൂര്‍ണമായും അപ്രത്യക്ഷമാവുകയും പ്രസവശുശ്രൂഷാകാലത്തിന്റെ അവസാനത്തോട് കൂടി അതായത്, പ്രസവ ശേഷം അഞ്ചാമത്തെയോ ആറാമത്തെയോ ആഴ്ചയില്‍ സ്രാവം പൂര്‍ണമായും നില്‍ക്കുകയും ചെയ്യുന്നു. (സ്ത്രീ- ശരീരവും ആരോഗ്യവും പേജ്: 170-171). പ്രസവത്തോടനുബന്ധിച്ച് 500 മില്ലി ലിറ്ററില്‍ കൂടുതല്‍ രക്തസ്രാവം ഉണ്ടായാല്‍ അതിന് പ്രസവാനന്തരസ്രാവം എന്നു പറയും. കൂടുതല്‍ രക്തസ്രാവത്തിനിടയാകാന്‍ സാഹചര്യമുള്ള വിശേഷണങ്ങള്‍ താഴെ പറയുന്നവയാണ്. 1. മറുപിള്ളയുടെ സ്ഥാനം സാധാരണയില്‍ നിന്നും വ്യത്യസ്തമായിരിക്കുക. ഇതിനെയാണ് പ്ലാസന്റാ പ്രീവിയ എന്നു വിളിക്കുന്നത്. 2. നേരത്തെ മറുപിള്ള വേര്‍പ്പെടുന്ന കേസുകള്‍ അബ്രുവ്ഷ്യ പ്ലാസന്റാ. 3. അണ്ഡവാഹിനിക്കുഴലുകളില്‍ ഗര്‍ഭം ധരിക്കാനിടവരുന്ന കേസുകള്‍. ഇതിനെ എക്‌ടോപിക് ഗര്‍ഭധാരണം എന്നു പറയുന്നു. 4. ശരിയായ ശിശുവിന് പകരം മുന്തിരിക്കുല പോലെയുള്ള ഒരു ദശ ഗര്‍ഭപാത്രത്തില്‍ വളരുന്ന കേസുകള്‍. ഇതിനെ വെസിക്കുലര്‍ മോള്‍ എന്നാണ് വിളിക്കുന്നത്. പ്രസവ സമയത്തുണ്ടാവുന്ന മുറിവുകളും ചതവുകളും ഇത്തരം ഒരു സ്ഥിതിവിശേഷം സംജാതമാക്കാം. ഫോഴ്‌സ്പ്പുസ് ഉപയോഗിച്ചുള്ള പ്രസവം വയറു കീറി കുട്ടിയെ എടുക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍. അതായത്, സിസേറിയന്‍ ശാസ്ത്രക്രിയയിലും ഇതുണ്ടാകാം. ഗര്‍ഭപാത്രം പൊട്ടിയാല്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ അതിയായ രക്തസ്രാവം ഉണ്ടാകും. ഏതെങ്കിലും കാരണവശാല്‍ ഗര്‍ഭപാത്രം കൂടുതല്‍ വികസിക്കാനിടയായാലും രക്തം പോവാനിടയുണ്ട്. ഇതിന്റെ ഒരു ഉദാഹരണമാണ് ഒരേ സമയത്ത് ഒന്നില്‍കൂടുതല്‍ ഗര്‍ഭം ഉണ്ടാവുക. ഇരട്ട ഗര്‍ഭം എന്നുള്ളത്. ഗര്‍ഭ സമയത്ത് വേണ്ടതില്‍ കൂടുതല്‍ ആമ്‌നിയോട്ടിക് ദ്രാവകം ഉണ്ടായാലും ഇത്തരം സ്ഥിതിവിശേഷം ഉണ്ടാവും. ഇതിനെയാണ് ഹൈഡ്രാമ്‌നിയോസ് എന്നു വിളിക്കുന്നത്. പ്രസവത്തിനു കൂടുതല്‍ സമയം എടുക്കുന്ന കേസുകളില്‍ രക്തസ്രാവം കൂടുതലായിരിക്കാനിടയുണ്ട്. ഈ വക സന്ദര്‍ഭങ്ങളില്‍ ഗര്‍ഭിണിയെ അതീവ ശ്രദ്ധയോടു കൂടി പരിചരിക്കേണ്ടത് ആവശ്യമാണ്. (മെഡിക്കല്‍ എന്‍സൈക്ലോപീഡിയ പേ: 409).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter