ശീഈ കടന്നകയറ്റത്തിനെതിരെ അന്താരാഷ്ട്ര സമ്മേളനം


 

മദീനയിലെ ഇസ്ലാമിക് യുനിവേസിറ്റിയില്‍  നബി 'കുടുബത്തിന്റെയും സ്വഹാബികളുടെയും അവകാശങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി കഴിഞ്ഞ ശഅബാന്‍ പതിമൂന്ന്, പതിനാല് തിയ്യതികളില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനം എല്ലാ നിലക്കും ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അനവധി മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പത്തി രണ്ടോളം പ്രതിധിനിധികള്‍ പങ്കെടുത്ത ആ മഹാ സമ്മേളനത്തില്‍ സുപ്രധാനമായ പല തീരുമാനങ്ങളും കൈകൊണ്ടു. 

ശീഇസം പ്രചരിപ്പിക്കുന്ന വികലമായ കായ്ച്ചപ്പാടുകള്‍ കാരണം പുതിയ തലമുറയില്‍ പ്രവാചകരുടെ പത്‌നിമാരെ കുറിച്ചും അനുചരന്മാരെ കുറിച്ചും വളരെ വികലമായ ചിന്തകള്‍ അരങ്ങു തകര്‍ക്കുന്ന സ്ഥിതി വിശേഷമാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്.  ഇതിനെ തടയിടാനുള്ള ഫലപ്രദമായ നീക്കങ്ങള്‍ പലരുടെയും ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. തന്നിമിത്തം ഇസ്ലാമിക ചരിത്രം ക്രൂരമായി വക്രീകരിക്കപ്പെടുകയും പൊതു സമൂഹത്തിന് സ്വഹാബികളെ കുറിച്ച് ചരിത്ര സത്യങ്ങള്‍ ലഭിക്കാതെ പോവുകയും ചെയ്യുന്നു. ഇതിന് പരിഹാരം കാണാനുള്ള കൂടിയാലോചനയായിരുന്നു പ്രസ്തുത സമ്മേളനം. 

പ്രവാചക പത്‌നിമാര്‍ക്കെതിരെയും സ്വഹാബികള്‍ക്കെതിരെയും വരുന്ന അക്രമങ്ങളെ ശക്തമായി നേരിടാനും മാതൃകാപരമായ ശിക്ഷകള്‍ നടപ്പിലാക്കാനും യോഗം നിര്‍ദേശിച്ചു. അഹ്‌ലു സുന്നത്തി വല്‍ ജമാഅയുടെ വിശ്വാസം അനുസരിച്ച് സ്വഹാബികളെയോ നബി കുടുംബത്തെയോ നബി പത്‌നിമാരെയോ നിന്ദിക്കുന്നത് വലിയ പാപവും ശിക്ഷാര്‍ഹവുമാണ്. പ്രവാചക പത്‌നിമാരെയും സ്വഹാബികളെയും നബി കുടുംബത്തെയും കുറിച്ചുള്ള ചരിത്രങ്ങളും മറ്റു പഠനങ്ങളും എല്ലാ മുസ്ലിം പാ0്യ പദ്ധതികളിലും ഉള്‍പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പ്രവാചക പത്‌നിമാരെയും സ്വഹാബികളെയും നബി കുടുംബത്തെയും കുറിച്ചുള്ള പഠനങ്ങള്‍ക്ക് മാത്രമായി സല്‍മാന്‍ രാജാവിന്റെ നാമധേയത്തില്‍ ഒരു കേന്ദ്രം സ്ഥാപിക്കാനും, അവരുടെ അവകാശങ്ങളും ശ്രേഷ്ടതകളും മഹത്വങ്ങളും പ്രചരിപ്പിക്കാനുള്ള ഒരു സ്രോതസ്സായി ഈ കേന്ദ്രത്തെ ഉയര്‍ത്തിക്കൊണ്ടു വരാനും, അതുപോലെ ഇവ്വിഷയകമായി ശില്‍പശാലകളും പഠന ശിബിരിങ്ങളും മറ്റും നടത്തി മികച്ച സേവനത്തിന് രാജാവിന്റെ പേരിലുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താനും സമ്മേളനം തീരുമാനിച്ചു.

മുസ്ലിം മീഡിയകള്‍ പ്രവാചക പത്‌നിമാരെയും സ്വഹാബികളെയും നബി കുടുംബത്തെയും കുറിച്ച് കൂടുതല്‍ പ്രചാരണം നടത്തുകയും അവര്‍ ഇതര സമൂഹത്തോട് വര്‍ത്തിച്ചിരുന്ന മഹോത്തമമായ രംഗങ്ങള്‍ ലോകത്തിന് എത്തിച്ചുകൊടുക്കന്നതിന് നൂതനമായ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും സമ്മേളനം വിലയിരുത്തി. ഡോക്ടര്‍ ഹാത്തിം ബിന്‍ ഹസന്‍  അല്‍ മര്‍സൂഖിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പ്രമുഖ പണ്ഡിതരുടെ ഏകദേശം 420 വ്യത്യസ്ത പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. നബി കുടുബത്തിന്റെ അവകാശങ്ങളും ശ്രേഷ്ടതകളും മഹത്വങ്ങളും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട എല്ലാ പ്രബന്ധങ്ങളും വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് ലോകത്താകമാനം വിതരണം ചെയ്യുവാനും സമ്മേളനം തീരുമാനിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter