കുഞ്ഞുങ്ങളും മുത്തുനബിയും ആന കളിച്ചിരുന്നു
ജീവിതമെന്ന മലര്‍വാടിയിലെ സൗഭാഗ്യ കുസുമങ്ങളാണ് കുരുന്നുകള്‍. പിഞ്ചു മനസ്സുകള്‍ നിഷ്‌കളങ്കമായിരിക്കും. പാപക്കറ ഏല്‍ക്കാത്ത ഹൃദയവും ശരീരവുമാണ് കുട്ടികളുടേത്. മക്കള്‍ ഐഹിക ജീവിതത്തിലെ അലങ്കാരമാണെന്നാണ് ഖുര്‍ആന്‍ സൂറത്തുല്‍ കഹ്ഫ് 46ാം സൂക്തത്തിലൂടെ അല്ലാഹു വിശദീകരിച്ചിരിക്കുന്നത്. സന്താനങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ള വരദാനങ്ങളാണ്. ആണ്‍ പെണ്‍ ഭേദങ്ങള്‍ അല്ലാഹുവിന്റെ തന്നെ തെരഞ്ഞടുപ്പാണ്. 'ഭുവന വാനങ്ങളുടെ രാജാധിപത്യം അല്ലാഹുവിനാണ്. താനുദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെയും മറ്റു ചിലര്‍ക്ക് ആണ്‍മക്കളെയും കനിഞ്ഞേകുന്നു. അല്ലെങ്കില്‍ ആണും പെണും കലര്‍ത്തിക്കൊടുക്കും. താനുദ്ദേശിക്കുന്നവരെ വന്ധ്യരാക്കും. അവന്‍ എല്ലാം അറിയുന്നവനും സര്‍വ്വ ശക്തനുമാകുന്നു' (ഖുര്‍ആന്‍, സൂറത്തു ശ്ശൂറാ 49, 50).
സല്‍വൃത്ത സന്താനങ്ങളെ നല്‍കണമേ എന്നാണല്ലൊ പ്രവാചകന്മാരും മുന്‍കാല സജ്ജനങ്ങളും അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചിരുന്നത്. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ 'ഇബാദു റഹ്മാന്‍' എന്നറിയപ്പെടുന്നവര്‍ കണ്‍കുളിര്‍മയേകുന്ന മക്കളെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുമെന്ന് പരിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട് : നാഥാ, സ്വന്തം സഹധര്‍മിണിമാരിലും സന്താനങ്ങളിലും ഞങ്ങള്‍ക്കു നീ ആനന്ദം നല്‍കുകയും സൂക്ഷ്മാലുക്കളായി ജീവിതം നയിക്കുന്നവര്‍ക്ക് ഞങ്ങളെ മാതൃകയാക്കുകയും ചെയ്യണമേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യും അവര്‍ (സൂറത്തുല്‍ ഫുര്‍ഖാന്‍ 74).
മനുഷ്യന്റെ ജീവിത ഘട്ടങ്ങളില്‍ ഏറ്റവും പ്രധാനമാണ് പ്രസവം മുതല്‍ പ്രായപൂര്‍ത്തിയാവുന്നത് വരെയുള്ള ശൈശവഘട്ടം. വ്യക്തിത്വ രൂപീകരണത്തിന്റെയും ബുദ്ധിവികാസത്തിന്റെയും മാനവ വൈഭവ വളര്‍ച്ചയുടെയും പ്രാരംഭ ഘട്ടമാണത്. അതിനാല്‍ പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) ഈ ജീവിത സമയത്തിന് ഏറെ പ്രാധാന്യം നല്‍കിയതായി കാണാം. ശിശു പരിപാലനം, സമ്പര്‍ക്കം, സൗഹൃദം, ശിക്ഷണം എന്നിവയില്‍ ഉത്തമ മാതൃകയാണ് നബി (സ്വ) കാണിച്ചുത്തന്നിരിക്കുന്നത്.
കുട്ടികളെ ഏറെ ഇഷ്ടപ്പെടുകയും ഓമനിക്കുകയും ചെയ്യാമായിരുന്ന നബി (സ്വ) വളരെ ലാളിത്വത്തോടെയാണ് അവരോട് വര്‍ത്തിച്ചിരുന്നത്. സ്‌നേഹം പ്രകടിപ്പിക്കുകയും സ്‌നേഹിക്കുന്നുവെന്ന് അവരോട് തുറന്നുപറയുകയും ചെയ്തിരുന്നു. അബൂ ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ നബി (സ്വ) തങ്ങളുടെ ഒരു പേരക്കിടാവിനെ ചേര്‍ത്തുപ്പിടിച്ച് പറയുകയുണ്ടായി 'അല്ലാഹുവേ, ഞാനിവനെ സ്‌നേഹിക്കുന്നു' (ഹദീസ് ബുഖാരി, മുസ്ലിം).
പ്രവാചകരുടെ (സ്വ) കുട്ടികളോടുള്ള വാത്സല്യപ്രകടനമായിരുന്നു അത്. പിഞ്ചുകുഞ്ഞുങ്ങളോട് നബി (സ്വ) കൂടുതല്‍ കരുണാമയനായിരുന്നു, കുഞ്ഞുങ്ങളോട് അത്രമാത്രം കരുണ കാണിക്കുന്ന ഒരാളെയും കണ്ടിട്ടില്ലെന്ന് പ്രമുഖ സ്വഹാബി വര്യന്‍ അനസ് (റ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (ഹദീസ് മുസ്ലിം 2316).
നബി (സ്വ) ജീവിത സമയങ്ങളില്‍ നിന്ന് നല്ലൊരു ഭാഗം കുട്ടികളുമായി ചെലവഴിക്കാന്‍ നീക്കിവെച്ചിരുന്നു. കായികോന്മേഷത്തിനും ശാരീരിക ക്ഷമതക്കുമായി അവരെ കളിക്കാന്‍ പ്രേരിപ്പിക്കുകയും അവരുടെ കായിക താല്‍പര്യം പരിഗണിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ നബി (സ്വ) ഒരു കൂട്ടം കുട്ടികളുടെ അടുക്കലേക്ക് ചെന്നു. അവര്‍ കളിക്കുകയായിരുന്നു. നബി (സ്വ) അവരോട് സലാം പറഞ്ഞു (ഹദീസ് അഹ്മദ് 13022). കുട്ടികള്‍ക്ക് അര്‍ഹമായ പരിഗണനയും ശ്രദ്ധയും നല്‍കിയിരുന്നു നബി (സ്വ). അവര്‍ക്ക് പാരതോഷികങ്ങള്‍ സമ്മാനിക്കാറുമുണ്ടായിരുന്നു. പ്രിയ പത്‌നി ആയിഷ ബീബീ (റ) പറയുന്നു: ഒരിക്കല്‍ പ്രവാചകര്‍ (സ്വ) ഒരു സ്വര്‍ണമോതിരം കൊണ്ടുവന്ന് പേരമകള്‍ ഉമാമക്ക് സമ്മാനിച്ചുക്കൊണ്ട് പറഞ്ഞു: 'കുഞ്ഞുമോളേ, നീയിത് അണിയുക' (ഹദീസ് അബൂദാവൂദ് 4235, ഇബ്‌നുമാജ 3644).
കുട്ടികളുടെ കളിതമാശകളില്‍ നബി (സ്വ)യും പങ്കുചേര്‍ന്നിരുന്നു. ഒപ്പം കൂടി അവരെ ആനന്ദിപ്പിക്കുകയും ചെയ്യുമായിരുന്നു. യഅ്‌ലല്‍ ആമിരീ (റ) പറയുന്നു: ഒരിക്കല്‍ നബി (സ്വ) പുറത്തിറങ്ങി. അവിടെ പേരമകന്‍ ഹുസൈന്‍ (റ) മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു. നബി (സ്വ) പേരക്കുട്ടിയെ വാരിപ്പുണരാന്‍ കൈനീട്ടി. കുട്ടി അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കാന്‍ തുടങ്ങിയപ്പോള്‍ നബി (സ്വ)യും കളിചിരികളില്‍ ഒപ്പം കൂടുകയാണുണ്ടായത് (ഹദീസ് ഇബ്‌നു മാജ 144, ഇബ്‌നു ഹിബ്ബാന്‍ 15/427).
മാതാപിതാക്കളും അധ്യാപകരും ശിശു പാലകരും ശിശു പരിചരണത്തിലും ശിക്ഷണത്തിലും ഈ പ്രവാചക മാര്‍ഗങ്ങളാണ് പിന്‍തുടരേണ്ടത്. കുട്ടികളോട് മയത്തില്‍ പെരുമാറേണ്ടിയിരിക്കുന്നു. പരുക്കമായും പരുഷമായും ഇടപെടരുത്. സുകൃതങ്ങള്‍ മാത്രം ചൊരിഞ്ഞ് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കണം. നന്മകള്‍ക്ക് മാത്രം അവരോടൊപ്പം സമയം ചെലവഴിക്കണം. തിന്മകള്‍ക്ക് ഇട വരുത്തരുത്. അവരില്‍ വിശ്വാസ്യതയും സത്യസന്ധതയും വരുത്തുകയും വേണം. കുട്ടികളോട് നല്ല നിലക്ക് ലാളനകള്‍ കാട്ടിയതിന്റെ പേരില്‍ ചില സ്ത്രീകളെ നബി (സ്വ) പുകഴ്ത്തിപ്പറഞ്ഞതായി ചരിത്രത്തില്‍ കാണാം (ഹദീസ് ബുഖാരി, മുസ്ലിം).
കുട്ടികളോട് വളരെ സൗഹൃദപരമായി ഇടപഴകിയിരുന്ന നബി (സ്വ) അവരെ പഠിപ്പിക്കുന്നതിലും ശിക്ഷണം നടത്തുന്നതിലും നിതാന്ത ജാഗ്രതയോടെ യുക്തിസഹമായി ഇടപെട്ടിരുന്നു. അവര്‍ ശുദ്ധമായ ഇസ്ലാമിക പ്രകൃതത്തില്‍ വളര്‍ന്നുവരാനായി ഖുര്‍ആനിക സൂക്തങ്ങള്‍ ഹൃദയസ്ഥമാക്കിക്കൊടുക്കാനും താല്‍പര്യപ്പെട്ടിരുന്നു. തന്റെ ചെറുപ്പത്തില്‍ നബി (സ്വ) യില്‍ നിന്ന് കുറച്ച് ഖുര്‍ആനികാധ്യായങ്ങള്‍ മനപ്പാഠമാക്കിയതായി അബ്ദുല്ലാ ബ്‌നു അബ്ബാസ് (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട് ( ഹദീസ് ബുഖാരി 5035). അപ്രകാരം പ്രായപൂര്‍ത്തിക്ക് മുമ്പ് ഖുര്‍ആന്‍ പാരായണം ചെയ്യുന്നവന്‍ ബാല്യകാലത്ത് തന്നെ തത്വജ്ഞാനം നല്‍കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
നബി (സ്വ) കുട്ടികള്‍ക്ക് അല്ലാഹുവുമായുള്ള ബന്ധം സ്ഥിരപ്പെടുത്തിക്കൊടുക്കുമായിരുന്നു. സകലതും സൃഷ്ടിച്ച അല്ലാഹുവിലേക്ക് അവരെ കൂടുതല്‍ കൂടുതല്‍ അടുപ്പിക്കുകയും ദൈവവിശ്വാസം രൂഢമൂലമാക്കുകയും ചെയ്തിരുന്നു. അല്ലാഹുവാണ് ഏവരെയും സംരക്ഷിക്കുന്നതും നിലനിര്‍ത്തുന്നതുമെന്ന് പഠിപ്പിക്കുകയും ചെയ്യും. 'നീ അല്ലാഹുവിനെ സൂക്ഷിക്കു, എന്നാല്‍ അല്ലാഹു നിന്നെ സൂക്ഷിക്കു'മെന്ന മഹത് വാക്യം ചെറുപ്പത്തില്‍ നബി (സ്വ) പഠിപ്പിച്ചുതന്നതായി അബ്ദുല്ല ബ്‌നു അബ്ബാസ് (റ) ഓര്‍മ്മകള്‍ പങ്കുവെച്ചിട്ടുണ്ട് (ഹദീസ് തുര്‍മുദി 2516). മാതാപിതാക്കള്‍ മക്കള്‍ക്ക് ഏഴാം വയസ്സില്‍ തന്നെ നമസ്‌ക്കാരം പഠിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട് (ഹദീസ് അബൂദാവൂദ് 495).
എന്നാല്‍ മാത്രമേ നമസ്‌ക്കാര ആരാധനാക്രമങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ സ്വാധീനം ചൊലുത്തുകയുള്ളൂ. അതുവഴി അവര്‍ നമസ്‌ക്കാരം ശീലമാക്കുകയും ജീവതത്തില്‍ മരിക്കുവോളം നിലനിര്‍ത്തുകയും ചെയ്യും. നന്മ ഒരു ശീലമാണെന്നാണല്ലൊ നബി വചനം (ഹദീസ് ഇബ്‌നുമാജ 221, ഇബ്‌നു ഹിബ്ബാന്‍ 2/8).
മക്കള്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ നന്മകള്‍ ശീലമാക്കാനും ക്രിയാത്മകമായി ചിന്തിക്കാനും സുകൃതമൂല്യങ്ങള്‍ കൊണ്ടുനടക്കാനും പഠിപ്പിക്കണം. അരുതായ്മകളില്‍ നിന്ന് ചിന്തയെപ്പോലും അകറ്റണം. ഉദാത്തമായ സ്വഭാവഗുണങ്ങളും അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും അവ അവരില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു നബി (സ്വ). വാക്കിലും പ്രവര്‍ത്തിയിലും നല്ലത് മാത്രമേ കൊണ്ടുവരാവൂവെന്ന് കുട്ടികളെ പഠിപ്പിച്ചിരുന്നു. ഒരിക്കല്‍ നബി (സ്വ) അനസി (റ)നോട് പറയുകയുണ്ടായി: ഹേ കുഞ്ഞുമോനേ, നീ നിന്റെ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ സലാം പറയണം. എന്നാല്‍ നിനക്കും നിന്റെ വീട്ടുകാര്‍ക്കും സൗഭാഗ്യങ്ങളുണ്ടാവും (ഹദീസ് തുര്‍മുദി 2698).
നിത്യജീവിതത്തില്‍ തുടരേണ്ട മര്യാദകളും നബി (സ്വ) കുട്ടികളെ പരിശീപ്പിച്ചിരുന്നു. ഉമര്‍ ബ്‌നു അബൂസലമ (റ) പറയുന്നു: കുട്ടിയായിരിക്കെ നബി (സ്വ) യുടെ മടിയില്‍ ഇരുന്ന് പാത്രത്തിലേക്ക് കൈനീട്ടിയ എന്നോട് പറഞ്ഞു: മോനെ, നീ അല്ലാഹുവിന്റെ നാമത്തില്‍ (ബിസ്മി ചൊല്ലി) വലതുകൈ കൊണ്ട് നിന്റെ അടുക്കലുള്ളതില്‍ നിന്ന് ഭക്ഷിക്കണം (ഹദീസ് ബുഖാരി, മുസ്ലിം).
നബി (സ്വ) സാമൂഹിക കൂട്ടായ്മകളിലും ഒത്തുചേരലുകളിലും കുട്ടികളുടെ സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നു. കാരണം അങ്ങനെയുള്ള വേദികള്‍ അവരുടെ ബുദ്ധിവികാസത്തിനും ആശയവൈപുല്യത്തിനും കാരണമായിത്തീരുന്നതാണ്. അബ്ദുല്ല ബ്‌നു ജഅ്ഫര്‍ (റ) പറയുന്നുണ്ട് : നബി (സ്വ) യാത്ര കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ കുടുംബത്തിലെ കുട്ടികളാണ് വരവേറ്റിരുന്നത്. ഒരു ദിവസം നബി (സ്വ) യാത്ര കഴിഞ്ഞെത്തിയപ്പോള്‍ ഞാനാണ് മുമ്പിലുണ്ടായിരുന്നത്. എന്നെ നബി (സ്വ) അടുക്കല്‍ നിര്‍ത്തി. പിന്നെ ഫാത്വിമ ബീബീ (റ) യുടെ ഒരു മകന്‍ വന്നപ്പോള്‍ നേരെ പിന്നില്‍ നിര്‍ത്തി (ഹദീസ് മുസ്ലിം 2428).
ഉപകാരപ്രദമായ പൊതുവേദികളിലും നബി (സ്വ) കുട്ടികളെ പങ്കെടുപ്പിച്ചിരുന്നു. അത്തരം പരിപാടികളില്‍ നിന്ന് അവര്‍ക്ക് നല്ല ശീലങ്ങളും അനുഭവങ്ങളും സ്വായത്തമാക്കാനാവും. മാത്രമല്ല യുക്തിസഹവും ക്രിയാത്മകവുമായ ചിന്തകള്‍ പൊട്ടിമുളക്കുകയും ചെയ്യും. ഖാലിദ് ബ്‌നു സഈദ് (റ) പ്രവാചകസദസ്സില്‍ വരുമ്പോള്‍ ചെറിയ മകളെയും കൂടെകൂട്ടുകയുണ്ടായി. ആ സദസ്സില്‍ വെച്ച് നബി (സ്വ) കുഞ്ഞുമോള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയുണ്ടായി (ഹദീസ് ബുഖാരി 5993).
കുട്ടികള്‍ നന്നാവാനും ഉയരങ്ങള്‍ കീഴടക്കാനും പ്രവര്‍ത്തിക്കുന്നതോടൊപ്പം അതിനായി അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം. അങ്ങനെയാണ് നബി (സ്വ) ചെയ്തിരുന്നത്. അസ്മാഅ് (റ) നബി (സ്വ)യുടെ അടുക്കലേക്ക് ഒരു കുഞ്ഞിനെ കൊണ്ടുപോയപ്പോള്‍ പ്രാര്‍ത്ഥിച്ചതായി കാണാം (ഹദീസ് ബുഖാരി, മുസ്ലിം). കുട്ടികള്‍ ദുഷ്ടത്തരങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനും അവര്‍ക്ക് പിശാചില്‍ നിന്ന് കാവല്‍ നേടാനും പ്രാര്‍ത്ഥിക്കണം. അതാണ് നബി ചര്യ. നബി (സ്വ) തങ്ങളുടെ പേരക്കുട്ടികളായ ഹസന്‍ (റ), ഹുസൈന്‍ (റ) എന്നിവര്‍ക്ക് വേണ്ടി സകല പൈശാചികത, കണ്ണേറ്, മാരണങ്ങളില്‍ നിന്ന് അല്ലാഹുവിനോട് കാവല്‍ തേടുമായിരുന്നു ( ഹദീസ് ബുഖാരി 3371).
പ്രവാചകര്‍ (സ്വ) കാണിച്ചുതന്നിരിക്കുന്ന ഈ ശിശു പരിചരണ പരിപാലന മാതൃകളാണ് നാം അനുധാവനം ചെയ്യേണ്ടത്. എന്നാല്‍ മാത്രമേ വീടും കുടുംബവും നാടും സുരക്ഷിതമാവുകയുള്ളൂ. ഇന്നത്തെ മക്കളാണല്ലൊ നാളത്തെ പിതാക്കള്‍. അവര്‍ നന്നായാല്‍ ലോകം നന്നാവും.
Leave A Comment