ഗര്‍ഭധാരണവും കുഞ്ഞിന്റെ ജനനവും
അബൂഹുറൈറ(റ) ഉദ്ധരിക്കുന്ന ഹദീസില്‍ നബി(സ)പറയുന്നു: ''ഒരു മനുഷ്യന്റെ മരണശേഷം മൂന്ന് മാര്‍ഗത്തിലൂടെ മാത്രമേ നന്‍മകള്‍ അവന്റെ ഖബറിലേക്ക് വന്നെത്തുകയുള്ളൂ. നിലനില്‍ക്കുന്ന സദഖയും ഉപകാരപ്രദമായ വിജ്ഞാനവും പ്രാര്‍ത്ഥിക്കുന്ന നല്ല മക്കളുമാണത്.'' (മുസ്‌ലിം). ഉഖ്ബതുബ്‌നു ആമിര്‍(റ) പറയുന്നു: ''നബി(സ) ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്-'ഒരു മനുഷ്യന് മൂന്നു പെണ്‍കുട്ടികളുണ്ടാവുകയും അവരെ നല്ലരൂപത്തില്‍ പോറ്റി വളര്‍ത്താന്‍ ക്ഷമയവലംഭിക്കുകയും തന്റെ അദ്ധ്വാനത്തിലൂടെ അവരെ ഉടുപ്പിക്കുകയും ചെയ്താല്‍ ആ മക്കള്‍ ഇദ്ദേഹത്തിന് നരകാഗ്‌നിയില്‍ നിന്നൊരു കവചമായി മാറുന്നതാണ്' (അദബുല്‍ മുഫ്‌റദ് ഹദീസ്76). നമ്മുടെ മക്കള്‍ നന്മയുടെ പൂക്കളായി മാറിയാല്‍ പാരത്രിക ലോകത്ത് നമുക്ക് തന്നെ ആസ്വദിക്കാന്‍ കഴിയുന്ന ഗുണങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്.

ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നവരില്‍ ഒരു കുഞ്ഞിക്കാല് കാണാന്‍ കൊതിക്കാത്തവരുണ്ടാകില്ല. എന്നാല്‍, ആധുനിക മനുഷ്യന്റെ 'അണുകുടുംബ'മെന്ന സങ്കല്‍പവും പെണ്‍കുഞ്ഞ് ജീവിതാഢംബരത്തിന് ഭാരമാണെന്ന വിചാരവും ഇതിനു വിഘാതമാവുന്നുണ്ടോയെന്ന് വിലയിരുത്തേണ്ട കാലമാണിത്. പെണ്‍കുഞ്ഞിനെ പ്രസവിച്ച ഭാര്യയോട് തന്റെ വീട്ടില്‍ പ്രവേശിക്കണമെങ്കില്‍ 25,000 രൂപ പിഴയടക്കണമെന്നും  അടുത്ത പ്രസവവും പെണ്ണാണെങ്കില്‍ പിഴ 50,000 ആയിരിക്കുമെന്നും (ബീഹാറിലെ സംഭവം,ചന്ദ്രിക റപ്പോര്‍ട്ട്) ഭീഷണിപ്പെടുത്തിയ അധമന്‍മാര്‍ ജീവിക്കുന്ന കാലമാണിത്. ആറാം നൂറ്റാണ്ടിലുള്ളവര്‍ പെണ്‍കുട്ടിക്ക് ഭൂമിയിലേക്ക് ജനിക്കാനെങ്കിലും സ്വാതന്ത്യം നല്‍കിയിരുന്നെങ്കില്‍ ആധുനികന്‍ അതിനുപോലും സമ്മതിക്കാതെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഹത്യ നടത്തുകയാണ്.

നാം തുടക്കത്തില്‍ പറഞ്ഞ ഹദീസിലേക്ക് തിരിച്ചുവരാം. അഥവാ, മരിച്ചശേഷം ഉപകരിക്കുന്ന മൂന്നാമത്തെ കാര്യം പ്രാര്‍ത്ഥിക്കുന്ന, നല്ല സന്താനങ്ങളാണല്ലോ. മക്കള്‍ നല്ലവരാകാന്‍ മാതാപിതാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രസവിച്ച മാതാവിനും വളര്‍ത്തുന്ന പിതാവിനും ഇതില്‍ തുല്യസ്ഥാനമാണുള്ളത്. ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയാല്‍ അതിന്റെ തിക്താനുഭവങ്ങള്‍ സഹിക്കാനുള്ളതും അവര്‍ തന്നെയാണ്. സമ്പത്തും സന്താനവും ഫിത്‌നയും പരീക്ഷണവുമാണെന്നും (അന്‍ഫാല്‍ 28) അവ രണ്ടും അല്ലാഹുവിന്റെ സ്മരണയ്ക്ക് നിങ്ങള്‍ക്ക് വിഘാതമാവരുതെന്നും (മുനാഫിഖൂന്‍ 9) ഖുര്‍ആന്‍ നമ്മെ ഉത്‌ബോധിപ്പിക്കുന്നു.

ഈ കാര്യത്തില്‍ മനുഷ്യന്‍ വിവാഹജീവിതം മുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിവാഹം കഴിക്കുമ്പോള്‍ മതബോധവും കുഫുവ് ഒത്തതും നല്ല കുലമഹിമയുമുള്ള സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കണം .ഹാക്കിം ഉദ്ധരിച്ച ഹദീസില്‍ കാണാം, നിങ്ങളുടെ ബീജം നിക്ഷേപിക്കുവാന്‍ ഉതകുന്ന നല്ല (മതബോധം) സ്ത്രീകളെ നിങ്ങള്‍ തെരഞ്ഞെടുക്കണം. അല്ലാത്തവരില്‍ ബീജം നിങ്ങള്‍ നിക്ഷേപിക്കരുത് (തുഹ്ഫ, കിതാബുന്നികാഹ്). നല്ല ഭൂമികയില്‍ മാത്രമേ നല്ല വിളവുകളുണ്ടാവൂ, പാഴ്ഭൂമിയില്‍ ഉണ്ടാവുന്നത് മുഴുവന്‍ പടുവായിരിക്കുമെന്ന ഖുര്‍ആനിക വചനവും (അഅ്‌റാഫ് 58)നിങ്ങളുടെ ഭാര്യമാര്‍ നിങ്ങള്‍ക്കുള്ള കൃഷിയിടമാണ്(ബഖറ 223) എന്ന ഖുര്‍ആനിക സൂക്തവും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

ഗര്‍ഭധാരണത്തിനു ശേഷം ഒരു സ്ത്രീ ആരോഗ്യകാരണങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത് പോലെ ആത്മീയ കാര്യങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഈസാ നബി(അ)യെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത് മര്‍യം ബീവി(റ) ഇബാദത്തുകളില്‍ മുഴുകിയാണ് ജീവിതം തള്ളിനീക്കിയിരുന്നതെന്ന് ചരിത്രത്തില്‍ കാണാം. ആ സമയത്തുള്ള പ്രവര്‍ത്തനങ്ങളും ചിന്തകളും കുട്ടിയില്‍, വിശേഷിച്ച് നാല് മാസത്തിനു ശേഷം-പ്രതിഫലിക്കുന്നത് കൊണ്ട് സീരിയലുകള്‍ക്കും ഫിലിമുകള്‍ക്കും മുന്നില്‍ സമയം കൊല്ലുന്നതിനു പകരം ഖുര്‍ആന്‍ പാരായണത്തിലും മറ്റുമായി സമയം ചെലവഴിക്കുന്നതാണ് ഗര്‍ഭസ്ഥശിഷു നന്നാകുവാന്‍ ഏറ്റവും അഭികാമ്യം.

പ്രസവസമയത്തും എന്തു ചെയ്യണമെന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നത് കാണാം. ഫത്ഹല്‍ മുഈനില്‍ പറയുന്ന:ു പ്രസവവേദനയനുഭവിക്കുന്ന സ്ത്രീയുടെ അടുത്ത് ആയതുല്‍ കുര്‍സിയ്യും മുഅവ്വിദതൈനിയും സൂറത്ത് അഅ്‌റാഫിലെ  54ാം സൂക്തവും യൂനുസ് നബി(അ)മത്സ്യ വയറ്റില്‍ അകപ്പെട്ടപ്പോള്‍ പ്രാര്‍ത്ഥിച്ച  ലാ ഇലാഹ ഇല്ലല്ലാഹു സുബ്ഹാനക ഇന്നീ കുന്‍തു മിനള്ളാലിമീന്‍ എന്ന ദിക്‌റും വര്‍ധിപ്പിക്കുന്നത് സുഖപ്രസവത്തിന് നല്ലതാണ്. (ഫത്ഹുല്‍മുഈന്‍, ഇആനത്ത്).

കുട്ടി ഭൂമിയിലേക്ക് പ്രസവിക്കപ്പെട്ടയുടനെ വലതു ചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കല്‍ സുന്നത്താണ്. പ്രസവിക്കപ്പെട്ട കുട്ടിയെ ഇക്കിളിപ്പെടുത്താന്‍ ശ്രമിക്കുന്ന ഖന്നാസ് എന്ന പിശാചില്‍നിന്ന് രക്ഷപ്പെടുത്താനാണ് ഇങ്ങനെ ചെയ്യുന്നത്. വാങ്ക് കേട്ടാല്‍ പിശാച് ഓടിപ്പോകുമല്ലോ.ഫാത്വിമ ബീവി(റ)ഹുസൈനി(റ)നെ പ്രസവിച്ച ഉടനെ ഇങ്ങനെ നിര്‍വഹിച്ചതായി ഹദീസില്‍ കാണാം. ഇബ്‌നുസുന്നി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം 'തനിക്ക് ജനിച്ച കുട്ടിയുടെ വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും കൊടുത്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന ഭൂതത്തില്‍ നിന്ന് കുട്ടി രക്ഷപ്പെടുന്നതാണ്'.  നബി(സ) പ്രസവിക്കപ്പെട്ട കുട്ടിയുടെ ചെവിയില്‍ സൂറതുല്‍ ഇഖ്‌ലാസ് ഓതിയിട്ടുണ്ടെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. (തുഹ്ഫ കിതാബുല്‍ അഖീഖ). വ ഇന്നീ ഉഈദുഹാ ബിക വ ദുര്‍രിയ്യതഹാ മിന ശ്ശൈഥാനിര്‍റജീം എന്ന ദിക്‌റും ഇടതു ചെവിയില്‍ ചൊല്ലണമെന്ന് കാണാം.

പ്രസവിക്കപ്പെട്ട കുട്ടി കാഫിറിന്റേതാണെങ്കിലും ഇങ്ങനെ ചെയ്യാമെന്നാണ് ഫുഖഹാക്കള്‍ പറയുന്നത്. നിഹായയുടെ വ്യാഖ്യാതാവായ അലിയ്യുശ്ശിബ്‌റാമുല്ലസി പറയുന്നു: ''പ്രസവിക്കപ്പെട്ട കുട്ടിയുടെ ചെവിയില്‍ കൊടുക്കല്‍ സുന്നത്തായ വാങ്ക് സ്ത്രീ കൊടുത്താലും ശരിയാകുന്നതാണ്. ഇതു കൊണ്ടുദ്ദേശിക്കപ്പെടുന്നത് ഒരു ദിക്‌റ് എന്നു മാത്രമേയുള്ളൂ. സാധാരണ പുരുഷന്‍മാരുടെ ജോലിയില്‍ പെട്ട വാങ്കല്ല ഇവിടെ ഉദ്ദശിക്കപ്പെടുന്നത്. നവവി ഇമാമിന്റെ വാക്കുകളില്‍നിന്ന് മനസ്സിലാകുന്നത് പ്രസവിക്കപ്പെട്ട കുട്ടി അമുസ്‌ലിമാണെങ്കില്‍ പോലും വാങ്ക് കൊടുക്കാമെന്നാണ്. അതു നല്ല ഒരഭിപ്രായം തന്നെയാണ്. കാരണം, പ്രസവിക്കപ്പെടുന്ന ഒരു കുട്ടിയുടെ കര്‍ണപുടങ്ങളില്‍ ആദ്യം അലതല്ലേണ്ടത് ദൈവിക നാമമായിരിക്കണമെന്നും, പിശാചിനെ ആട്ടിയോടിക്കലുമാണ് ഇതു കൊണ്ട് ലക്ഷീകരിക്കുന്നത്. അമുസ്‌ലിമായ കുട്ടിയുടെ കാതില്‍ ഇങ്ങനെ ചെയ്താല്‍ പ്രസവിക്കപ്പെടുന്ന നേരത്തുണ്ടാകുന്ന ഫിത്വ്‌റത്ത് നിലനില്‍ക്കുവാനും ഹിദായത്തിനും അത് കാരണമായേക്കാം. വാങ്ക് കൊടുക്കുന്നത് സ്ത്രീയോ കാഫിറോ ആയാലും പ്രശ്‌നമില്ലെന്നാണ് ഹാശിയതുല്‍ ബാജൂരിയില്‍ കാണുന്നത്(2/304,305).

കുട്ടിക്ക് മധുരം തൊടീക്കലാണ് അടുത്ത കാര്യം. തഹ്‌നികത്ത് എന്നാണ് അറബിയില്‍ അതിനു  പേര് പറയുന്നത്. ഇബ്‌നുഹജര്‍(റ) പറയുന്നു: കുട്ടിയെ കാരക്ക കൊണ്ട് തഹ്‌നികത്ത് നടത്തലും സുന്നത്താണ്. കാരക്ക വായിലിട്ട് ചവച്ചരച്ച് കുട്ടിയുടെ വായ തുറന്ന് പുരട്ടിക്കൊടുക്കുകയാണു വേണ്ടത്. പ്രവാചകചര്യയാണ് ഇതിനു തെളിവ്. കാരക്കയില്ലെങ്കില്‍ അഗ്‌നിസ്പര്‍ശനമേല്‍ക്കാത്ത വല്ല മധുരമായാലും മതി. നോമ്പ് തുറക്കുന്ന സമയത്ത് ഉപയോഗിക്കുന്നത് പോലെ ഈത്തപ്പഴമാണ് കാരക്കയേക്കാള്‍ മുന്തിക്കേണ്ടതെന്ന് ചില ഫുഖഹാക്കള്‍ പറഞ്ഞിട്ടുണ്ട് (തുഹ്ഫ). അബൂത്വല്‍ഹ, ഉമ്മുസലമ(റ) ദമ്പതികള്‍ക്ക് ജനിച്ച കുട്ടിയെ അനസുബ്‌നു മാലികിന്റെ കൂടെ അല്‍പം കാരക്കയുമായി കൊടുത്തയച്ചു. കുട്ടിക്ക് അബ്ദുല്ല എന്ന് പേരിടുകയും കാരക്ക അവിടുത്തെ പവിത്രമായ ഉമിനീരുമായി കൂട്ടിക്കലര്‍ത്തി മധുരം തൊട്ടുകൊടുക്കുകയും ചെയ്തു. സ്വാലിഹീങ്ങളായ ആണുങ്ങളോ ഇല്ലെങ്കില്‍ സച്ചരിതകളായ വനിതകളോ ആണ് തഹ്‌നീക് ചെയതു കൊടുക്കേണ്ടത്. അവരുടെ ഉമിനീര് ഈ കുഞ്ഞിന്റെ ശരീരവുമായി കൂടിക്കലര്‍ന്നാല്‍ അതിന്റെ ബറകത്തുണ്ടാകുന്നതാണ്.

സ്വന്തം കൈകുഞ്ഞിന് മുലകൊടുക്കുമ്പോള്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹലാലായ ഭക്ഷണം കഴിക്കുന്നവരുടെ മുലപ്പാല്‍ മാത്രമേ നമ്മുടെ കുട്ടിയുടെ വയറ്റിലാകാവൂ എന്ന നിര്‍ബന്ധം നമുക്കുണ്ടാവണം. അല്ലെങ്കില്‍ നരകാഗ്നിയിലേക്കുള്ള വിറകാണോ യെന്ന് നാം ഭയപ്പെടണം. ഹറാമായ ഭക്ഷണം കഴിച്ചു വളര്‍ന്ന ശരീരം മുഴുവന്‍ നരകത്തിലേക്കുള്ളതാണ് (ഹദീസ്). ഇമാമുല്‍ഹറമൈനി(റ) യുടെ ചരിത്രം നമുക്ക് പാഠമാണ്. മുലകുടിപ്രായത്തില്‍ ഒരുദിവസം മാതാവ് പുറത്തുപോയപ്പോള്‍ പാലിനു വേണ്ടി കരഞ്ഞ കുട്ടിക്ക് അയല്‍വാസിയായ സ്ത്രീ മുലകൊടുത്ത് സാന്ത്വനിപ്പിച്ചു. ഇതു കണ്ട പിതാവ് ഇമാം ജുവൈനി കുട്ടിയെ തലകീഴാക്കിപ്പിടിച്ച് വയറ്റില്‍നിന്ന് മുഴുവന്‍ പാലും പുറത്തേക്ക് കളഞ്ഞു. ഇതു കണ്ട ചിലയാളുകള്‍ എന്തൊരു ക്രൂരതയാണ് കാണിക്കുന്നതെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഇവന്റെ മാതാവ് ഹലാലായ ഭക്ഷണം മാത്രമേ കഴിച്ചിട്ടുള്ളൂ. അതില്‍ നിന്നുണ്ടായ മുലപ്പാലേ ഇതു വരെ ഇവന്‍ കുടിച്ചിട്ടുള്ളൂ. ഈ അയല്‍വാസിപ്പെണ്ണ് ജീവിതത്തില്‍ ഹലാല്‍ മാത്രമേ കഴിച്ചിട്ടുള്ളൂവെന്ന് എനിക്കറിയില്ല. ഹറാമ് കഴിച്ചിട്ടുണ്ടെങ്കില്‍ അതില്‍നിന്നുണ്ടായ മുലപ്പാല്‍ എന്റെ കുട്ടിയുടെ വയറ്റില്‍ പ്രവേശിച്ചാല്‍ അവന്റെ ഭാവി അവതാളത്തിലാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു.'' ഇമാം ഹറമൈനി പറയുന്നു പിന്നീട് എന്റെ ജീവിതത്തിനിടയില്‍ ചില സംവാദങ്ങളില്‍ ഇടര്‍ച്ച സംഭവിച്ചത് ആ പാലിന്റെ ചിലയംശങ്ങള്‍ ശരീരത്തില്‍ അവശേഷിച്ചതു കൊണ്ടാണ് (അല്‍ബിദായതുവന്നിഹായ).

അംഗശുദ്ധിയോടു കൂടി മുലപ്പാല്‍ കൊടുത്താല്‍ കുട്ടിയില്‍ ബുദ്ധിശക്തിയും ശാരീരികബലവും വര്‍ധിക്കുന്നതായിരിക്കും. ഇമാം ശാഫിഇ(റ)യോട് താങ്കളുടെ ബുദ്ധിശക്തിയുടെ രഹസ്യമെന്താണെന്ന് ചോദിച്ചപ്പോള്‍ എന്റെ ഉമ്മ വുളൂ ഇല്ലാതെ എന്നെ മുലയൂട്ടിയിട്ടില്ല എന്നാണ് മഹാനവര്‍കള്‍ മറുപടി പറഞ്ഞത്. ടിപ്പുവിന്റെ ഒരു യുദ്ധവിജയം പിതാവായ ഹൈദരലി ഖാനെ അറിയിച്ച വ്യക്തിയോട് അദ്ദേഹം പറഞ്ഞു: ''എന്റെ മോന്‍ വിജയിക്കുമെന്നതില്‍ എനിക്ക് സന്ദേഹമില്ല.'' കാരണമന്വേഷിച്ചപ്പോള്‍ പറഞ്ഞു: ''അവന്റെ മാതാവ് അംഗശുദ്ധി വരുത്താതെ അവനെ മുലയൂട്ടിയിട്ടില്ല.'' ഈ രണ്ടു സംഭവങ്ങളും നമ്മെ കൂടുതല്‍ ചിന്തിപ്പിക്കുന്നവയാണ്.

തനിക്ക് കുഞ്ഞുണ്ടായെന്ന് സന്തോഷവാര്‍ത്ത അറിയിക്കുന്ന വ്യക്തിയോട് ആശംസയര്‍പ്പിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. എന്ന് ചൊല്ലിയിട്ടാണ് ആശംസയര്‍പ്പിക്കേണ്ടത്. അന്നേരം ജസാകല്ലാഹു ഖൈറ എന്ന് തിരിച്ചു പറയണമെന്നും കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ കാണാം (തുഹ്ഫ). മരിച്ചാല്‍ മൂന്ന് ദിവസം അനുശോചനം അറിയിക്കാവുന്നത് പോലെ ഈ ആശംസാകാലവും മൂന്നു ദിവസമാണെന്ന് പണ്ഡിതര്‍ വ്യക്തമാക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter