അല്‍ഖലീല്‍ കൂട്ടക്കൊല, ജൂത ഭീകരതയുടെ നേര്‍സാക്ഷ്യം

1994, ഫെബ്രുവരി 25.. റമദാനിലെ പതിനഞ്ചാം ദിവസം കൂടിയായിരുന്നു അത്. ഫലസ്തീനിലെ അല്‍ഖലീല്‍ പട്ടണത്തിലെ ഇബ്റാഹീം ഹറം പള്ളിയില്‍ സുബ്ഹി നിസ്കാരം നടന്നുകൊണ്ടിരിക്കുന്നു. ആദ്യ റക്അതില്‍ നാല് ആയതുകളോതി, ഇമാം തിലാവതിന്റെ സുജൂദിലേക്ക് നീങ്ങി. പെട്ടെന്നാണ് പിന്നില്‍ നിന്ന് വെടിയൊച്ചകള്‍ കേള്‍ക്കുന്നത്. കൈയ്യില്‍ എം. 16  തോക്കുമായി പള്ളിയിലേക്ക് ഇരച്ച് കയറിയ, ബാറൂഷ് ഗോള്‍ഡ് സ്റ്റൈയിന്‍ എന്ന ജൂത ഭീകരന്‍, നിസ്കരിക്കുന്നവര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. 29 പേര്‍ കൊല്ലപ്പെടുകയും 150 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആ ഭീകരാക്രമണത്തിന് ഇന്നേക്ക് 27 വര്‍ഷം തികയുകയാണ്. 

ഹറം ഇബ്റാഹീം പള്ളിയിലെ ഇമാം ശൈഖ് ആദില്‍ ഇദ്‍രീസ് ഇന്നും ഞെട്ടലോടെയാണ് ആ ദിനം ഓര്‍ത്തെടുക്കുന്നത്. അദ്ദേഹം അത് വിവരിക്കുന്നിങ്ങനെയാണ്, തിലാവതിന്റെ സുജൂദ് ഉണ്ടായത് കൊണ്ടാണ് മരണ സംഖ്യ ഇത്രയും കുറഞ്ഞത്. അല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുമായിരുന്നു. 

ഇരുവിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാവുന്നത് അവിടെ സാധാരണമാണ്. പലപ്പോഴും ജൂത ഭീകരര്‍ പള്ളിയില്‍ പ്രവേശിച്ച് കാര്‍പറ്റുകള്‍ കത്തിക്കുകയും വൃത്തികേടാക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഈ കൂട്ടക്കൊല നടക്കുന്നതിന്റെ തലേന്ന് തന്നെ, പള്ളിക്ക് നേരെ ആക്രണമുണ്ടാകുമെന്ന ഭീഷണിയുണ്ടായിരുന്നു. 

ഇമാമിന്റെ സഹോദരന്‍ സലീം സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ പെടുന്നു. ശേഷം രക്തസാക്ഷികളെ മറവ് ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട അതിയ്യ സലായിമയും ഇതിന്റെ ഇര തന്നെയാണ്. 

സംഭവത്തിന് ദൃക്സാക്ഷിയായ മറ്റൊരാളാണ് മഅ്മൂന്‍ വസൂസ്. അന്ന് അദ്ദേഹത്തിന് 18 വയസ്സായിരുന്നു പ്രായം. നിസ്കാരത്തിന് തക്ബീര്‍ കെട്ടുന്നതിന് തൊട്ട് മുമ്പായി മുമ്പിലെ സ്വഫില്‍ അങ്ങേ അറ്റത്ത് ഒരു വിടവ് ശ്രദ്ധയില്‍ പെട്ടതോടെ അങ്ങോട്ട് നീങ്ങിയത് കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നാണ് മഅ്മൂന്‍ പറയുന്നത്. പള്ളിയിലെ ആക്രമണം എന്നതിനേക്കാളേറെ, അല്‍ഖലീല്‍ ഭീകരാക്രമണം എന്നാണ് ഇതിനെ വിളിക്കേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. കാരണം, തുടര്‍ ദിവസങ്ങളിലും ഇതിന്റെ ഭാഗമായി അല്‍ഖലീല്‍ പട്ടണത്തിന്റെ പല ഭാഗങ്ങളിലും വീണ്ടും സമാനമായ ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.

കേവലം ഒരു വ്യക്തി നടത്തിയ ഭീകരാക്രമണമായിരുന്നില്ല അല്‍ഖലീല്‍ കൂട്ടക്കൊല. മറിച്ച്. ഔദ്യോഗിക ഒത്താശകളോടെ വ്യവസ്ഥാപിതമായി നടന്ന ആക്രമണം തന്നെയായിരുന്നു. ശേഷം രൂപീകരിക്കപ്പെട്ട ശന്‍ഗാര്‍ കമ്മിറ്റിയും ഇബ്റാഹീം ഹറം ഇരു വിഭാഗങ്ങള്‍ക്കിടയില്‍ വീതിക്കാനുള്ള തീരുമാനവുമെല്ലാം ഉണ്ടായത് അതേ തുടര്‍ന്നായിരുന്നു. 

ഇന്ന് ഹറം ഇബ്റാഹീം നാല് ഭാഗമായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഗ്രീന്‍ സോണില്‍ മാത്രമാണ് ഫലസ്തീനികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമുള്ളത്. ബ്ലൂ സോണിലേക്ക് പ്രവേശിക്കണമെങ്കില്‍ ഒട്ടേറെ പരിശോധനകള്‍ കഴിയേണ്ടതുണ്ട്. എങ്കില്‍ പോലും കാല്‍ നടയായി സഞ്ചരിക്കാന്‍ മാത്രമേ അനുവദിക്കൂ. യെല്ലോ സോണില്‍ ആ പ്രദേശത്ത് താമസിക്കുന്ന ഫലസ്തീനികള്‍ക്ക് മാത്രമാണ് അനുവാദമുള്ളത്. പുറത്തുള്ളവരെ അങ്ങോട്ട് അനുവദിക്കാറേ ഇല്ല. നാലാം വിഭാഗമായ റെഡ് സോണ്‍ ഫലസ്തീനികള്‍ക്ക് നിരോധിത മേഖലയാണ്. 

ഇപ്പോള്‍ കൊറോണ മഹാമാരി പോലും ജൂതഭീകര്‍ ഫലസ്തീനികള്‍ക്കെതിരെ ഉപയോഗപ്പെടുത്തുകയാണ്. കോവിഡ് പ്രോട്ടോകാള്‍ എന്ന് പറഞ്ഞ് അവരെ ഹറമിലേക്ക് പ്രവേശിക്കാനേ അനുവദിക്കുന്നില്ലത്രെ. 

പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് നേരെ നിരന്തരം വിവിധ രീതികളിലുള്ള ആക്രമണങ്ങളും പീഢനങ്ങളും നടക്കുമ്പോഴും, ഫലസ്തീനികള്‍ തങ്ങളുടെ പരിശുദ്ധ ഭൂമിക വിട്ട് കൊടുക്കാതെ ഇന്നും പിടിച്ചുനില്‍ക്കുന്നത് അവരുടെ മനോബലവും വിശ്വാസ ദാര്‍ഢ്യവും കൊണ്ട് മാത്രമാണ്. നിരാശരായി അവര്‍ കൂടി പിന്‍വലിഞ്ഞാല്‍, അതോടെ എന്നെന്നേക്കുമായി നാമാവശേഷമാവുന്നത്, പൌരാണിക ഇസ്‍ലാമിക പൈതൃകത്തിലെ വലിയൊരു ഏട് തന്നെയായിരിക്കും. പ്രാര്‍ത്ഥനകളുമായി നമുക്ക് അവരുടെ കൂടെ നില്‍ക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter