ഈ മണ്ണില്‍ ഹാഫിള് ജുനൈദിന്റെ രക്തത്തിന് ഒരു വിലയുമില്ലേ?

ആരെയും കണ്ണീരിലാഴ്ത്തുന്നതാണ് കഴിഞ്ഞ ദിവസം ഹരിയാനയില്‍നിന്നും പുറത്തുവന്ന വാര്‍ത്തകള്‍. ജുനൈദ് എന്ന 16 കാരനായ മത വിദ്യാര്‍ത്ഥിയെ ഡല്‍ഹിയില്‍നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ ട്രയിനില്‍വെച്ച് ഒരു കൂട്ടം കാപാലികര്‍ നിഷ്‌കരുണം വധിച്ചുകളഞ്ഞിരിക്കുന്നു. ജനം നോക്കിനില്‍ക്കുകയെന്നല്ലാതെ ആരും അതിനെ പ്രതിരോധിക്കാന്‍ മുന്നോട്ടു വന്നില്ല. എന്നുമാത്രമല്ല, ഇന്ത്യയില്‍ ദൈനംദിനം വര്‍ദ്ധിച്ചുവരുന്ന കൊലകളുടെ നിരയിലേക്ക് എല്ലാവരും അതിനെ വളരെ ലാഘവത്തോടെ ചേര്‍ത്തുവെക്കുകയും ചെയ്തു.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്ര ഗവണ്‍മെന്റോ സംസ്ഥാന ഗവണ്‍മെന്റോ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരക്ഷരം പോലും ഉരിയാടിയിട്ടുമില്ല. ആ കുടുംബത്തിന് സാന്ത്വനം പകരാന്‍ ഒരു ഉത്തരവാദപ്പെട്ട ജന പ്രതിനിധിയും അങ്ങോട്ട് കടന്നുവന്നിട്ടുമില്ല. തങ്ങളുടെ കുടുംബത്തിന്റെ പ്രതീക്ഷയും വെളിച്ചവുമായി വളര്‍ന്നുവരുന്ന ഒരംഗത്തെ നഷ്ടപ്പെട്ട വേദനയില്‍ കണ്ണീര്‍ പൊഴിച്ചിരിക്കുകയാണ് ആ കുടുംബം. രാജ്യത്ത് പട്ടാപകല്‍ ജനങ്ങളുടെ മുമ്പില്‍വെച്ച് നടന്ന ഈ കൊടുംക്രൂരതയെക്കുറിച്ച് ആരോട് പറയണമെന്നോ ആരോട് പറഞ്ഞാലാണ് നീതി ലഭിക്കുകയെന്നോ പോലും നിശ്ചയമില്ലാത്ത അവസ്ഥ. രാജ്യത്ത് പൗരന്മാര്‍ക്ക് വിശിഷ്യാ, ന്യൂനപക്ഷത്തില്‍ പെട്ടവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന ഈ സമയത്ത് കേന്ദ്രം ഇതിന് മറുപടി പറഞ്ഞേപറ്റൂ; എന്തിനാണ് ഹാഫിള് ജുനൈദ് വധിക്കപ്പെട്ടത്? അവന്റെ രക്തത്തിന് ഈ മണ്ണില്‍ യാതൊരു വിലയുമില്ലേ?  

കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഓക്ക്‌ലക്കും ഹരിയാനയിലെ അസോതിക്കുമിടയിലാണ് സംഭവം. ജുനൈദും സഹോദരങ്ങളും പെരുന്നാളിന് ധരിക്കാന്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങി ഡല്‍ഹിയില്‍നിന്നു തിരിച്ചുവരികയായിരുന്നു. ഈയിടെ ഖുര്‍ആന്‍ മന:പാഠമാക്കിയ സന്തോഷത്തിന് ഉമ്മ നല്‍കിയതായിരുന്നു വസ്ത്രം വാങ്ങാനുള്ള 1500 രൂപ. ആ സന്തോഷം മനസ്സില്‍ നിറച്ച്, ഉമ്മയുടെ താല്‍പര്യംപോലെ, പൊലിവുകളോടെ പെരുന്നാള്‍ ആഘോഷിക്കണമെന്നായിരുന്നു ജുനൈദിന്റെയും സഹോദരന്‍ ഹാശിമിന്റെയും ആഗ്രഹം. റമദാന്‍ മുഴുവനും നോമ്പനുഷ്ഠിച്ചും ഖുര്‍ആന്‍ പാരായണം ചെയ്തുമാണ് അവര്‍ കഴിച്ചിരുന്നത്. ഓക്ക്‌ലയിലെത്തിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ട്രയിനില്‍ കയറുകയും അവരോട് കയര്‍ക്കുകയുമായിരുന്നു. സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ട അവര്‍ പിന്നീട് ഇവര്‍ക്കെതിരെ അസഭ്യ വാക്കുകള്‍കൊണ്ടും ശാരീരികമായും അക്രമങ്ങള്‍ അഴിച്ചുവിട്ടുതുടങ്ങി. തലയില്‍നിന്നും തൊപ്പിയെടുത്ത് നിലത്തെറിഞ്ഞ് ചവിട്ടിയ സംഘം അവരുടെ താടി പിടിച്ച് വലിക്കുകയും രാജ്യദ്രോഹികള്‍, ഗോമാംസം കഴിക്കുന്നവര്‍ എന്നിങ്ങനെയുള്ള ആക്രോശ വിളികളുയര്‍ത്തി അവരെ മര്‍ദ്ദിച്ചു. അതിനിടെ കത്തിയെടുത്ത് ജുനൈദിനെ കുത്തുകയും പിന്നീട് ട്രയിനില്‍നിന്നും പുറത്തെറിയുകയുമായിരുന്നു. ജുനൈദ് ദാരുണമായി മരണപ്പെടുകയും മറ്റുള്ളവര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നതാണ് സംഭവം.

എല്ലാ അര്‍ത്ഥത്തിലും വര്‍ഗീയ വിദ്വേഷം നിഴലിച്ചുനില്‍ക്കുന്നതായിരുന്നു ഈ കൊല. യാതൊരു കാരണവും കൂടാതെ ട്രയിനില്‍ യാത്ര ചെയ്യുന്ന തൊപ്പിയും താടിയുമുള്ള ചെറുപ്പക്കാരെ അങ്ങോട്ട് ചെന്ന് പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു സംഘം. പശുമാംസം ഭക്ഷിക്കുന്നവര്‍, രാജ്യദ്രോഹികള്‍ പോലെയുള്ള വിളികള്‍ കൊലയാളികള്‍ ആരാണെന്നും അവരുടെ ആവശ്യം എന്തായിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. നിരപരാധികളെ ജനമധ്യത്തിലിട്ട് അടിച്ചും തൊഴിച്ചും കൊല ചെയ്യാന്‍ അവരെ പ്രേരിപ്പിച്ച ഘടകവും അവര്‍ക്ക് ആത്മബലം നല്‍കിയ വസ്തുവും എന്താണെന്നാണ് ഇവിടെ അന്വേഷിക്കപ്പെടേണ്ടത്. രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും അതാണ്. പരസ്പരം മതസ്പര്‍ദ്ധ വളര്‍ത്തി, ഒരുമിച്ചുനില്‍ക്കേണ്ടവരെ കൊന്നൊടുക്കാനാണ് ഇത്തരം ഘടകങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അത് മറ്റൊന്നുമല്ല. ഹിന്ദുത്വ ഫാസിസം കുത്തിവെക്കുന്ന മുസ്‌ലിംവിരുദ്ധത നിഴലിക്കുന്ന വര്‍ഗവെറി തന്നെയാണ് ഇതിനു പിന്നില്‍. 

വളരെ നിസ്സാരമായി എഴുതിത്തള്ളേണ്ട ഒരു സംഗതിയല്ല ഇത്. രാജ്യത്ത് മോദി സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തതുമുതല്‍ തുടങ്ങിയ മുസ്‌ലിംവെറുപ്പിന്റെ വിവിധ രൂപത്തിലുള്ള പ്രകടനങ്ങളില്‍ ഒന്നുതന്നെയാണ് ഇതും. പശുവും ദൈവവും ഇവിടെ ഒരു വിഷയമേ അല്ല. മുസ്‌ലിം വിരുദ്ധത എന്ന തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ഓലപ്പാമ്പ് മാത്രമാണ് ഗോമാംസം. അതിന്റെ മറവില്‍ മുസ്‌ലിംകളെ കശാപ്പ് നടത്തുകയെന്നതാണ് അവര്‍ നാടുനീളെ നടത്തിക്കൊണ്ടിരിക്കുന്നത്. യു.പിയില്‍ അഖ്‌ലാഖ് വധിക്കപ്പെട്ടതിനു ശേഷം പശുവിന്റെ പേരില്‍ എന്ന വ്യേജേന രാാജ്യത്ത് നടന്ന മുസ്‌ലിംകൊലകള്‍ക്കും ന്യൂനപക്ഷ പീഡനങ്ങള്‍ക്കും കൈയും കണക്കുമില്ല. ലോകമറിഞ്ഞ്, ചര്‍ച്ച ചെയ്യപ്പെട്ട കൊലകള്‍ തന്നെ ഇരുപതോളം വരും. അതിലും എത്രയോ മുകളിലാണ് അറിയപ്പെടാത്ത സംഭവങ്ങള്‍. മുസ്‌ലിംകളെപ്പോലെത്തന്നെ പശുവിന്റെ പേരില്‍ ദലിതുകളും മറ്റും അനുഭവിക്കുന്ന പീഡനങ്ങളും അനവധിയാണ്. 

കക്ഷി, ജാതി ഭേദമന്യേ രാജ്യം ഇതിനെതിരെ സംഘടിക്കാനും ഫാസിസ്റ്റ് ഭീകരതയെ ചെറുക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും സമയം അതിക്രമിച്ചിരിക്കുന്നു. പുതുതായി രൂപപ്പെട്ടുവന്ന പശുഭീകരത (cow terrorism) ഒട്ടും മനുഷ്യപ്പറ്റില്ലാത്ത ഒരു ഭീകര കൂട്ടായ്മ തന്നെയാണ്. ആരെയും എപ്പോഴും നിഷ്‌കരുണം വധിക്കാന്‍ ഗോ രക്ഷക് തയ്യാറാണ്. കഴിഞ്ഞ വര്‍ഷങ്ങള്‍ യു.പിയിലും മറ്റും അതാണ് സംഭവിച്ചത്. രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ അരാജകത്വത്തെ യുക്തമായ പ്രതിവിധികള്‍ വഴി ചെറുത്തുതോല്‍പിച്ചേ മതിയാവൂ. മതേതരത്വ രാജ്യമായ ഇന്ത്യയില്‍ ഭരണഘടന ഇത് വഴി പറയുന്നുണ്ട്. പശുഭീകരത അസ്തമിക്കുമ്പോഴേ ജുനൈദുമാര്‍ക്ക് രാജ്യത്ത് സുരക്ഷിതത്വത്തോടെ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. 

ഇവിടെ ബീഫിന്റെ രാഷ്ട്രീയം അതിന്റെ ലഭ്യത തടയുക എന്നതല്ല. മറിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ വഴിയൊരുക്കുക എന്നതു മാത്രമാണ്. ബീഫ് നിരോധനത്തിനു ശേഷം അതാണ് ഇന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുന്നതും. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter