ആരാധനയിലെ സ്ഥലപുണ്യം

<img class="alignleft size-medium wp-image-22333" data-cke-saved-src="http://www.islamonweb.net/wp-content/uploads/2012/02/1.JPG-300x155.jpg" src="http://www.islamonweb.net/wp-content/uploads/2012/02/1.JPG-300x155.jpg" alt=" width=" 300"="" height="155">അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം പള്ളിയും അവനേറ്റവും വെറുത്ത സ്ഥലം അങ്ങാടികളുമാണ്. (ഹദീസ്)

അല്ലാഹുവിന്റെ ഗേഹമാണ് പള്ളി. അഗണ്യമായ അനുഗ്രഹങ്ങള്‍ കനിഞ്ഞുനല്‍കിയ ഉടമയോട് അടിമക്കുള്ള ചരടുബന്ധം ശക്തിപ്പെടുത്താന്‍ നമ്മളാല്‍ സജ്ജീകൃതമായ കേന്ദ്രം ചില വീടുകളില്‍, ആ വീടുകളെ പടുത്തുയര്‍ത്താനും അവയില്‍ വെച്ച് അല്ലാഹുവിന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു അനുവദിച്ചിരിക്കുന്നു. കച്ചവടമോ വില്‍പനയോ നിമിത്തം അല്ലാഹുവിന്റെ സ്മരണയില്‍ നിന്നും നമസ്‌കാരം നിലനിര്‍ത്തുന്നതില്‍ നിന്നും സകാത്ത് കൊടുക്കുന്നതില്‍ നിന്നും അശ്രദ്ധരാകാത്തവരും ഹൃദയങ്ങളും നയനങ്ങളും താളം തെറ്റുന്ന ദിവസത്തെ ഭയപ്പെടുന്നവരുമായ ചില ആളുകള്‍ രാവിലെയും വൈകുന്നേരവും ആ വീടുകളില്‍ വെച്ച് അല്ലാഹുവിന് പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു.'' (സൂറ: നൂറ് - 36,37)

പള്ളി: ആരാധനയിലെ ആത്മീയത ''നിസ്‌കരിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ നാഥനുമായി അഭിമുഖ സംഭാഷണം നടത്തുകയാണ്.'' (ബുഖാരി, മുസ്‌ലിം) ആരാധനക്കര്‍ഹനായ അല്ലാഹുവോട് അഭിമുഖസംഭാഷണം നടത്താനാണ് നാമോരോരുത്തരും നിസ്‌കാരത്തില്‍ പ്രവേശിക്കുന്നത്. അത് നാഥന്റെ വീട്ടില്‍വെച്ചാവുമ്പോള്‍ കൂടുതല്‍ കാര്യക്ഷമവും കാര്യഗൗരവത്തോടുകൂടിയുമാകും. വിജയത്തിന്റെ ഉപാധിയായ ആരാധന കുറ്റമറ്റതും അതോടൊപ്പം ആത്മീയതയിലും ആത്മാര്‍ത്ഥതയിലും ആയിത്തീരാന്‍ അനുയുക്തമായ നാഥന്റെ ഗേഹത്തില്‍ പ്രവേശിക്കാന്‍ തിരക്കുള്ള ജീവിതചക്രത്തിനൊത്തുരുളുന്ന മാനവര്‍ക്കിന്ന് നേരമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ദിനംപ്രതി പലപ്രാവശ്യമായുള്ള പള്ളി പ്രവേശനത്തിലൂടെ ഒരു സത്യവിശ്വാസിക്ക് സ്രഷ്ടാവിനോടുള്ള ഭക്തിയും ഭയവും വര്‍ദ്ധിപ്പിക്കുന്നതിന് നിദാനമാകുന്നുണ്ട്. മാത്രവുമല്ല, അവന്റെ വിശ്വാസ ചിന്താജ്വാലയുടെ വെളിച്ചം ഹൃദയത്തില്‍ മങ്ങലേല്‍പിക്കാതിരിക്കാന്‍കൂടി പള്ളിയുമായി നിരന്തര ഹൃദയബന്ധം സ്ഥാപിച്ചവര്‍ക്ക് സാധിക്കുന്നുണ്ട്. ഭൂമിയില്‍ കൃഷിയിറക്കാന്‍ നാം വിത്തിട്ടാല്‍ വളരുന്ന വയലുകള്‍ തിരഞ്ഞെടുക്കുന്നു. 'ഐഹികം പാരത്രികലോകത്തേക്കുള്ള കൃഷിയിടമാണെന്ന്' നമ്മുടെ നബി(സ)യൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നമുക്കും കൃഷിയിറക്കാം. അഥവാ, ആരാധനാനിമഗ്‌നരും നിരതരുമാകാം. ആരാധനാ നിര്‍വഹണത്തിന് ഉലകത്തിലേറ്റവും ശ്രേഷ്ഠതയും പവിത്രതയുമുള്ള പള്ളിയില്‍ വെച്ചു തന്നെ. നാമൊറ്റക്കു നിസ്‌കരിക്കുന്നതിനേക്കാള്‍ പള്ളിയില്‍ നാം പങ്കുകൊള്ളുന്ന ജമാഅത്ത് നിസ്‌കാരത്തില്‍ ഇരുപത്തി ഏഴിരട്ടി പ്രതിഫലമുണ്ട്. ഇഅ്തികാഫിന്റെ നിയ്യത്തോടു കൂടി പള്ളിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അവിടെവെച്ചുള്ള നടത്തവും ഇരുത്തവും കിടത്തവുമൊക്കെ സുകൃതങ്ങളാണ്. മനുഷ്യവര്‍ഗത്തെ അല്ലാഹു ഭൂമിയിലേക്ക് പടച്ചുവിട്ടത് അവനാരാധിക്കാന്‍ വേണ്ടിയാണ്. ആരാധനാകര്‍മ്മങ്ങള്‍ സത്യവിശ്വാസി വളരെയധികം ഹൃദയബന്ധം വെച്ചുപുലര്‍ത്തേണ്ട പള്ളിയില്‍ വെച്ചുതന്നെയാകാന്‍ നാമോരോരുത്തരും നിര്‍ബന്ധബുദ്ധിയും കണിശതയും കാണിക്കേണ്ടതുണ്ട്. ഒരാള്‍ പള്ളിയുമായി ഇണങ്ങിച്ചേര്‍ന്നാല്‍ അല്ലാഹു അവനുമായി ഇണങ്ങുന്നതാണ്. (തിരുവചനം) പരലോകത്ത് കത്തിജ്വലിക്കുന്ന സൂര്യന് കീഴില്‍ വിഷമത്തിലും പ്രയാസത്തിലുമാകുമ്പോള്‍ അല്ലാഹു തണലിട്ടു കൊടുക്കുമെന്ന് പറഞ്ഞ ഏഴ് പേരില്‍ പള്ളിയുമായി സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവനുമുണ്ട് എന്ന് ഹദീസ് ഗ്രന്ഥങ്ങൡ കാണാം. വര്‍ത്തമാനത്തില്‍ അനേകം പള്ളികള്‍ നമ്മുടെ നാടുകളില്‍ ഉയര്‍ന്നുപൊങ്ങി. മുന്‍കാലങ്ങളില്‍ പള്ളികള്‍ വിരളവും അവകളിലൊക്കെയും സദാസമയവും സര്‍വ്വരക്ഷിതാവിനോടാരാധിക്കാന്‍ വന്നുചേരുന്നവരുടെ ആധിക്യവുമുണ്ടായിരുന്നു. കാലത്തിന്റെ അനുസ്യൂതാരോഹണത്തില്‍ പള്ളികളുടെ എണ്ണം വര്‍ധിക്കുകയും അവയില്‍ ആരാധനാനിര്‍വഹണത്തിനെത്തിച്ചേരുന്നവര്‍ അംഗുലീപരിമിതവുമാണ്. നബി(സ) പറഞ്ഞു: ''അല്ലാഹു അന്ത്യനാളില്‍ ചോദിക്കുന്നതാണ്. എന്റെ അയല്‍വാസി എവിടെ? മലാഇക്കത്ത് പ്രതിവചിക്കും: അല്ലാഹുവേ നിന്റെ അയല്‍വാസി ആരാണ്? അപ്പോള്‍ അല്ലാഹു പറയും: ''പളളികളെ സജീവമാക്കിയവരാണ് എന്റെ അയല്‍വാസികള്‍.'' (തിരുവചനം) ജമാഅത്ത് നിസ്‌കാരം അല്ലാഹുവിന്റെ അജയ്യത അതിശക്തമായ രൂപത്തില്‍ പ്രകടമാകുന്ന സ്ഥലമാണ് പള്ളി. അവിടെ അടിമയും ഉടമയും തൊഴിലാളികളും മുതലാളിയും രാജാവും പ്രജയും എല്ലാവരും സമവീക്ഷണത്തില്‍ സംഗമിക്കുന്നു. ഒരാള്‍ക്കും മറ്റൊരാളെക്കാള്‍ പ്രാധാന്യമോ പ്രത്യേകതയോ ഇല്ല. ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍ നിന്നും ഇവയൊക്കെയും പള്ളിയെ വ്യതിരിക്തമാക്കുന്നു. പള്ളികളില്‍ ഏതെങ്കിലും കാരണത്താല്‍ പ്രത്യേകതയോ ഔന്നത്യമോ ഉണ്ടെങ്കില്‍ അത് ഖുര്‍ആനറിവിന്റെയും, കര്‍മശാസ്ത്ര-തഖ്‌വയുടെ അറിവ് അടിസ്ഥാനമാക്കി മാത്രം. റസൂല്‍(സ) പറഞ്ഞു: ബുദ്ധിയും വിവേകവുമുള്ളവര്‍ എന്നോട് ചേര്‍ന്നു നില്‍ക്കുക. പിന്നീട് അതിനോടടുത്തവര്‍. (മുസ്‌ലിം) സംഘടിത നിസ്‌കാരത്തില്‍ പങ്കെടുക്കുന്നവരെല്ലാം അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇമാമിനെ അനുകരിക്കല്‍ അനിവാര്യമാണ്. ഇത് മാനവ സമൂഹത്തെ അനൈക്യത്തില്‍ നിന്നും അച്ചടക്ക രാഹിത്യത്തില്‍ അകപ്പെടുന്നതില്‍ നിന്നും തന്നിഷ്ടപ്രവര്‍ത്തനങ്ങളില്‍ നിന്നും സുരക്ഷിതനാക്കുന്നു. ഇമാമിന്റെ പ്രവര്‍ത്തനങ്ങളെ ഓവര്‍ടേക്ക് ചെയ്യാന്‍ മഅ്മൂമീങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ല. അതുപോലെ ആത്മീയാനന്ദത്തില്‍ ഏതെങ്കിലും ഒരു രൂപമോ അവസ്ഥയോ സ്ഥിരമായി തിരഞ്ഞെടുക്കുവാനും പിറകിലുള്ളവന് അനുവാദമില്ല. ഇവകളൊന്നും അനുവദനീയമല്ല എന്നതിനു കാരണം നിസ്‌കാരത്തിന്റെ ആത്മാവ് ആത്മീയതയും അനുസരണവും അതോടൊപ്പം അച്ചടക്കവും അതുവഴി നബി(സ) തങ്ങളെ അനുസരിക്കലുമാണ്. 'ഞാന്‍ നമസ്‌കരിക്കുന്നത് നിങ്ങള്‍ എങ്ങനെയാണോ കണ്ടത് അതുപോലെ നിങ്ങളും നമസ്‌കരിക്കുവിന്‍. (ബുഖാരി) മദ്രസാപഠന കാലയളവില്‍ ദീനിനെകുറിച്ചും നിസ്‌കാരത്തെ പറ്റിയും നാം പല കാര്യങ്ങളും പറഞ്ഞും ചൊല്ലിയും കാണാതെ പഠിച്ചു. നിസ്‌കാരത്തെ കുറിച്ച് നാം മനസ്സില്‍ കൊത്തിവെച്ച രൂപത്തില്‍ നിന്നുള്ള വിത്യാസങ്ങള്‍ ജമാഅത്ത് നിസ്‌കാരത്തിലൂടെ കണ്ടറിയാന്‍ സാധിക്കും. അതോടൊപ്പം നാം അനുവര്‍ത്തിച്ചുപോരുന്ന പലതും തിരുത്തി ചെയ്യാനും കൂട്ടനിസ്‌കാരം വഴി കണ്ടറിയാം. അതിലുപരി ചില സന്ദര്‍ഭങ്ങളില്‍ നല്ലവരായ മുത്തഖീങ്ങളും നിഷ്‌കളങ്കരുമായവരുടെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറയുക വഴി അവിടെ കൂടിയവരെല്ലാം അല്ലാഹുവിന്റെ അനുഗ്രഹത്തിന് അര്‍ഹരാകുന്നു. അതേ പ്രകാരം സംഘടിത നിസ്‌കാരം ഒരാളെ മുമ്പില്‍ നിര്‍ത്തി നമ്മുടെ ആവലാതികളും ആകുലതകളും നാഥസമക്ഷം സമര്‍പ്പിക്കുകയാണ്. മതകാര്യങ്ങൡ പാണ്ഡിത്യമുള്ളയാളെയാണ് നാമിതിന് തിരഞ്ഞെടുക്കുന്നത്. ഇത് അപേക്ഷ സ്വീകാര്യയോഗ്യമാക്കുന്നതിന് ആക്കം കൂട്ടുന്നു. സംഗമങ്ങള്‍; സംഘശക്തിയെ തെളിയിക്കുന്നു.  മുസ്‌ലിം സംഘശക്തിയുടെ ശാക്തീകരണമാണ് രണ്ട് പെരുന്നാള്‍ നിസ്‌കാരങ്ങള്‍. ഓരോ ആഴ്ചയും ആവര്‍ത്തിച്ചുവരുന്ന ജുമുഅ നിസ്‌കാരങ്ങളും ഇതിലേക്കൊരു മുന്നൊരുക്കമാണ്. ഭൂമുഖത്ത് പല പാര്‍ട്ടികളും മതങ്ങളും ഇസങ്ങളുമൊക്കെയുണ്ടെങ്കിലും നമ്മള്‍ ഒരുമയില്‍ ഒത്തുകൂടുമ്പോഴുള്ള സ്വാതന്ത്ര്യവും സന്തോഷവും ഉല്ലാസവും ഉത്സാഹവും അവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. അവരുടെ ഒത്തുകൂടല്‍ ആഭാസവും അഴിഞ്ഞാടലും ദുര്‍വ്യയവും ദുര്‍വൃത്തിയുമായി അവരുടെ വിശുദ്ധ സുദിനങ്ങള്‍ കഴിച്ചുകൂട്ടുന്നു. നമിക്കുന്നവരോടൊപ്പം നിങ്ങളും നമിക്കുക (ബഖറ: 43) അണികള്‍ നേരെയാക്കി നിറഭേദങ്ങളും ജാതീയതയുമില്ലാതെ ഒരേ മൈതാനിയില്‍ ഒരേ ലക്ഷ്യസാക്ഷാത്കാരത്തിനായ് മുസ്‌ലിം സമൂഹമൊന്നടങ്കം ഒരുമിച്ചുകൂടുന്നതില്‍ മാലോകര്‍ക്ക് സ്പഷ്ടമായ സന്ദേശങ്ങളുണ്ട്. മറ്റു മതസ്ഥര്‍ അയിത്തത്തിലും ജാതീയതയിലും മാനവനെ ഇതര തട്ടുകളാക്കിത്തീര്‍ക്കുമ്പോള്‍ മാനവന് മാത്രം അവകാശപ്പെട്ട മാന്യതയും മാഹാത്മ്യങ്ങളും ധ്വംസിക്കുകയാണ് ചെയ്യുന്നത്. ഇസ്‌ലാം സമത്വത്തിനും സാഹോദര്യത്തിനും നല്‍കുന്ന പ്രാധാന്യങ്ങളാണ് ഈ സമ്മേളനങ്ങള്‍ സമര്‍പ്പിക്കുന്നത്. ഫ്രാന്‍സിലെ പ്രസിദ്ധ ദാര്‍ശനികനായ റൈനാന്‍ പറയുന്നു: ''ഞാന്‍ മുസ്‌ലിംകളുടെ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ വിനയപുരസരം രോമാഞ്ചജനകമാകാറുണ്ട്. ഞാനൊരു മുസ്‌ലിം ആയില്ലല്ലോ എന്ന കാര്യത്തില്‍ ഖേദവും തോന്നാറുണ്ട്.'' അന്ത്യകര്‍മ്മങ്ങളില്‍ നിന്നുള്ള നമ്മുടെ പരലോകത്തേക്കുള്ള യാത്രയയപ്പ് യോഗം പള്ളിയില്‍ വെച്ചാണെന്ന് നാം വിസ്മരിച്ചുകൂടാ. യഥാര്‍ത്ഥത്തില്‍, ജീവിതത്തിന്റെ മുഴുമണ്ഡലങ്ങളിലേക്കുള്ള ശിക്ഷണമാണ് നിസ്‌കാരം കൃത്യമായി പള്ളിയില്‍ വെച്ച് നിര്‍വ്വഹിക്കുന്നതിലൂടെ കരഗതമാകുന്നത്. നിസ്‌കാരം കൃത്യമായി നിര്‍വഹിക്കാന്‍ പഠിക്കാത്തവര്‍ ഇഹപര ജീവിതത്തോട് ബന്ധപ്പെട്ട ഒരുകാര്യവും ഭംഗിയായി നിര്‍വഹിക്കുകയില്ല. ഇവിടെ പള്ളിയിലേക്കുള്ള ചവിട്ടടി വരെ പുണ്യകര്‍മമാണെന്നിരിക്കെ പലരും മനഃസംഘര്‍ഷങ്ങളില്‍ സമാധാനത്തിനായ് രംഗപ്രവേശം നടത്തുന്ന ആള്‍ദൈവങ്ങളും ആര്‍ട് ഓഫ് ലിവിംഗും തുച്ഛമായ ജീവിതത്തിലെ വഴിദൂരം വഴികേടിലൂടെ തുലക്കുകയാണ്. യഥാര്‍ത്ഥ സത്യവിശ്വാസിയുടെ പള്ളിയുമായുള്ള ബന്ധത്തെ റസൂല്‍(സ) വിവരിച്ചത് കാണുക: സത്യവിശ്വാസി പള്ളിയില്‍ പ്രവേശിച്ചാല്‍ വെള്ളത്തിലെ മീനിനെ പോലെയായിരിക്കും. വെള്ളത്തില്‍ തന്നെ കഴിയാനായിരിക്കും മീന്‍ ഇഷ്ടപ്പെടുക. കപട വിശ്വാസിയോ? അയാള്‍ പള്ളിയില്‍ പ്രവേശിച്ചാല്‍ കൂട്ടിലകപ്പെട്ട കിളിയെ പോലെയായിരിക്കും. കഴിയുംവേഗം പുറത്തുകടക്കാനാണ് കിളി ധൃതി കാണിക്കുക.'' ചുരുക്കത്തില്‍, നാമും നമ്മുടെ രീതികളും ഒരുപാട് മാറി. തണുത്തുറഞ്ഞ പ്രഭാതവും കോരിച്ചൊരിയുന്ന മഴയുമൊന്നും പള്ളിപ്രവേശനത്തിന് പ്രതിബന്ധങ്ങളായി കാണാത്ത പൂര്‍വീകര്‍, സ്വന്തം മകന്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ ജമാഅത്ത് നിസ്‌കാരം നഷ്ടപ്പെടുന്നതില്‍ ഖിന്നരായിരുന്ന ഒരു വിഭാഗം നമുക്ക് മുമ്പേ സഞ്ചരിച്ചിട്ടുണ്ട്. ഇന്നിന്റെ മുഖചിത്രത്തില്‍ ദര്‍ശിക്കുന്നത് പള്ളികൡ നാം ശമ്പളം കൊടുത്തു നിര്‍ത്തിയ രണ്ട് പേര്‍ മാത്രം. സ്രഷ്ടാവിനോടുള്ള ബാധ്യതകളും കടമകളും അവര്‍ക്ക് മാത്രമോ? നമ്മുടെയും അവരുടെയും സ്രഷ്ടാവ് ഒന്ന് തന്നെയല്ലേ? നാം ചിന്തിക്കുക. നല്ല ഒരു നാളെയെ എങ്ങനെ പണിതുയര്‍ത്താം എന്നതിനെക്കുറിച്ച്. മനസ് തുറന്നു തന്നെ. ജമാല്‍ പൊന്നാട്

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter