വഫാത്താകുന്ന സമയത്ത് ഹസ്റത്ത് ഉമര്‍ തന്റെ മക്കളെയോ ബന്ധുക്കളെയോ അടുത്ത ഖലീഫയായി തീരുമാനിച്ചില്ല. പകരം ഒരു ആറഗം സമിതിയെ അദ്ദേഹം തെരഞ്ഞെടുത്തു. അതിലൊരാള്‍ ഖലീഫയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അതിന് അവരെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. ഹസ്റത്ത് ഉസ്മാന്‍, ഹസ്റത്ത് അലി, ഹസ്റത്ത്  ത്വല്‍‍ഹ, ഹസ്റത്ത് സുബൈര്‍, ഹസ്റത്ത് സഅദ്ബ്നു അബീ വഖാസ്, ഹസ്റത്ത് അബ്ദുര്‍റഹ്മാനുബ്നു ഔഫ് എന്നിവരായിരുന്നു പ്രസ്തുത ആറംഗസമിതി. ഖലീഫയാരെന്ന അവസാന തീരുമാനമെടുക്കാന്‍ ഈ ആറംഗസമിതി ഹസ്റത്ത് അബ്ദുര്‍റഹ്മാനു ബ്നു ഔഫിനെ ചുമതലപ്പെടുത്തി. അദ്ദേഹം ജനങ്ങള്‍ക്കിടിയില്‍ ഇറങ്ങി അഭിപ്രായം ആരാഞ്ഞു. ഹസ്റത്ത് ഉസ്മാന്‍, ഹസ്റത്ത് അലി എന്നിവര്‍‍ക്കനുകൂലമായിരുന്നു പൊതുവികാരം. അത് മാനിച്ച് അദ്ദേഹം ഹസ്റത്ത് ഉസ്മാനെ ഖലീഫയായി തെരഞ്ഞെടുത്തു. വിശ്വാസികളുടെ ബൈഅത്ത് വാങ്ങി ഹസ്റത്ത് ഉസ്മാന്‍ പദവി ഏറ്റെടുത്തു.


ഭരണനേട്ടങ്ങള്‍

ഹസ്റത്ത് ഉസ്മാന്റെ ഖിലാഫത്തിലും നിരവധി വിജയങ്ങള്‍ കൈവന്നു. കിഴക്ക് അഫ്ഗാനിസ്ഥാനിലെ കാബൂളും ഗസ്നിയും പിടഞ്ഞാറ് തുണീഷ്യയും മുസ്‌ലിംകളുടെ വരുതിയിലായി. അവസാനത്തെ പേര്‍ഷ്യന്‍ രാജാവ് യസ്ദഗിര്‍ദ് കൊല്ലപ്പെടുന്നത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. ഏഷ്യമൈനറും ഹസ്റത്ത് ഉസ്മാന്റെ കീഴിലായിരുന്നു.

ഹസ്റത്ത് ഉസ്മാന്റെ കാലത്തെ പ്രധാനപ്പെട്ട ഒരു സംരംഭം നാവികസേനാ രൂപീകരണമാണ്. അത് വരെ കരയില്‍ വെച്ചായിരുന്നു മുസ്‌ലിംകളുടെ എല്ലാ യുദ്ധങ്ങളും. നാവിക യുദ്ധം അവര്‍ക്ക് വശമില്ലായിരുന്നു. ഹസ്റത്ത് ഉമറിന്റെ കാലത്ത് പരാജയപ്പെട്ടിരുന്നുവെങ്കലും റോമക്കാരുടെ പക്കല്‍ നാവിക സേനയുണ്ടായിരുന്നു. ഈജിപ്തിന്റെയും സിറിയയുടെയും ഭാഗങ്ങളില്‍ അവര്‍‌ ഇടക്കൊക്കെ തലപൊക്കുകയും ചെയ്യുമായിരുന്നു. ഹസ്റത്ത് ഉമര്‌ ഭരണത്തിലിരിക്കെ മുആവിയ ആയിരുന്നു പ്രദേശത്തെ ഗവര്‍ണര്‍. അദ്ദേഹം മുസ്‌ലിംകള്‍ക്ക് ഒരു നാവികസേന രൂപീകരിക്കണമെന്ന് ഖലീഫക്ക് എഴുതി. മുസ്‌ലിംകളെ കടലിറക്കുന്നത് ആപത്താണെന്ന് ചിന്തിച്ച ഹസ്റത്ത് ഉമറിന്  അതിന് സമ്മതം മൂളിയില്ല. കാലം കഴിഞ്ഞു. ഖിലാഫത്തില്‍ ഹസ്റത്ത് ഉസ്മാനായിരുന്നപ്പോള്‍ മുആവിയ വീണ്ടും തന്റെ ആവശ്യം ഉന്നയിച്ചു. ഖലീഫ അതംഗീകരിച്ചു. നാവിക സേന രൂപപ്പെടുത്തി. ഇവര്‍ വഴി മുആവിയ സിറിയന്‍ തീരത്ത് സുരക്ഷതത്വം ഉറപ്പാക്കിയെന്നതിനു പുറമെ സൈപ്രസ് ദ്വീപ് കീഴടക്കുകയും ചെയ്തു. അറുനൂറ് യുദ്ധക്കപ്പലുമായി വന്ന റോമന്‍ പടയാളികളെ ഇരുനൂറ് കപ്പലുകള്‍ മാത്രമുള്ള മുസ്‌ലിം പടയാളികള്‍ അശേഷം പരാജയപ്പെടുത്തി. അതോടെ മുസ്‌ലിം നാവിക സേന പ്രദേശത്ത് നിലിയുറപ്പിച്ചു തുടങ്ങി.

ഉസ്മാന്റെ ഭരണകാലത്ത് റോഡുകളും പാലങ്ങളും സത്രങ്ങളും നിര്‍മിക്കപ്പെട്ടു. പള്ളികളില്‍ ശമ്പളവ്യവസ്ഥയില്‌ മുഅദ്ദിനുകളെ നിയമിച്ചു. മസ്ജിദുന്നബവി പുനര്‍നിര്‍മിച്ചു.

വിശുദ്ധ ഖുര്‍ആന് ഒരു ഏകീകൃത പാഠം നല്‍കിയെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു സംഭാവന. ഒന്നാം ഖലീഫ ഹസ്റത്ത് അബൂബക്കിറിന്റെ കാലത്ത് തന്നെ ഖുര്‌ആന്‍ ഒരു ഗ്രന്ഥരൂപത്തില്‍‌ സമാഹരിക്കപ്പെട്ടിരുന്നു. പക്ഷേ അതിന്റെ പകര്‍‌പ്പെടുത്ത് വിവിധ മുസ്‌ലിം പ്രദേശങ്ങളില്‍‌ വിതരണം ചെയ്തു ലോകത്താകെയുള്ള പാരായണരീതി ക്രമീകരിച്ചത് ഹസ്റത്ത് ഉസ്മാനാണ്. നബിയുടെ കാലത്തും തുടര്‍‌ന്നും സ്വഹാബാക്കള്‍ ഖുര്‍ആന്‍ പല രീതിയിലും പാരായാണം ചെയ്യാറുണ്ടായിരുന്നു. അതെല്ലാം നബി അംഗീകരിച്ചവയുമാണ്. എന്നാല്‍ അറബികളല്ലാത്ത പുതുവിശ്വാസികള്‍ അധികരിച്ചതോടെ പാരായണത്തിന്റെ രീതിയെ കുറിച്ച് പൊതുവെ തര്‍ക്കമുടലെടുത്തു തുടങ്ങി.അപ്പോഴാണ് അതിന് പരിഹാരമെന്നോണം ഹസ്റത്ത് ഉസ്മാന്‍ ക്രോഡീകരിക്കപ്പെട്ട ഖുര്‍ആന്റെ നിരവധി പതിപ്പുകളെടുത്ത് പല പ്രദേശങ്ങളിലേക്കുമായി അയക്കാന്‍‌ തീരുമാനിച്ചത്. ഹസ്റത്ത് ഉമറിന്റെ പുത്രി ഹസ്റത്ത് ഹഫ്സയുടെ കൈവശമായിരുന്നു പ്രസ്തുത പതിപ്പ് അന്നുണ്ടായിരുന്നത്. അതിന്റെ കോപ്പികളെടുത്ത് പലഭാഗങ്ങളിലേക്കും അയച്ചു. അതല്ലാത്ത എല്ലാ കോപ്പികളും കരിച്ചുകളയുകയും ചെയ്തു അദ്ദേഹം.

സമ്പന്നനായിരുന്നത് കൊണ്ട് സുഖജീവിതമാണ് ഹസ്റത്ത് ഉസ്മാന്‍ നയിച്ചിരുന്നത്. പക്ഷേ ബൈത്തുല്‍മാലില്‍ നിന്ന് അദ്ദേഹം ഒന്നും ഈടാക്കിയില്ല. എല്ലാ വെള്ളിയാഴ്ചയും ഓരോ അടിമകളെ മോചിപ്പക്കുന്ന പതിവ് വരെയുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനു പോലും അദ്ദേഹം പൊതുഖജനാവില്‍ നിന്ന് പൈസ ഉപയോഗിച്ചില്ല.

അന്യരെയും സ്വന്തക്കാരെയും ഏറെ സ്നേഹിച്ചിരുന്നു. സ്വന്തക്കാര്‍ക്ക് ഭരണതലങ്ങളില്‍‌‍‍‌ ഉന്നത ഉദ്യോഗങ്ങള്‍ നല്കകയും ചെയ്തു. അതു പൊതുജനങ്ങള്‍ക്കിടയില്‍ നീരസമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഹസ്റത്ത് ഉസ്മാന്റെ വധത്തിലേക്ക് വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത് സത്യത്തില്‍ ഈ നീരസം തന്നെയായിരുന്നു.

ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പ് ഖുറൈശികളുടെ നേതൃത്വത്തിന് വേണ്ടി ഹാഷിം, ഉമയ്യ കുടുംബങ്ങള്‍‌ തമ്മില്‍ കലഹത്തിലേര്‍പ്പെട്ടിരുന്നു. ഇസ്ലാം വന്നതോടെ അതിന് അന്ത്യമായി. അബൂബക്കറും ഉമറും ഈ ഗോത്രങ്ങളില്‍ പെട്ടവരായിരുന്നില്ല. ഉസ്മാന്‍ ഉമയ്യ കുടുംബത്തില്‍ പെട്ടവരായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഉന്നത ഉദ്യോഗങ്ങളില്‍ വന്നതോടെ പിന്നെ ഹാഷിം കുടുംബം സ്വാഭാവികമായും പ്രശ്നമുണ്ടാക്കിത്തുടങ്ങി. രണ്ടു കുടുംബങ്ങള്‍ക്കിടയില്‍ പഴയ മാത്സര്യബുദ്ധി ഉടലെടുത്തു. പ്രശ്നത്തിന്റെ നിജസ്ഥിതി പടിക്കാന്‍ ഹസ്റത്ത് ഉസ്മാന്‍ ഒരു അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തി. ഈജിപിത്, സിറിയ, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളില്‍ പോയ സംഘം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. എന്നാലും അദ്ദേഹത്തിന്റെ കുടുംബക്കാരില്‍ ചിലര്‍ അവിഹിതമായി ചില സ്ഥാനങ്ങള്‍ നേടിയെടുത്തിരുന്നു. അത് വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കുന്നതിന് കാരണമായി .

കൂഫ, ഈജിപ്ത്, ബസ്വറ തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളാണ് പ്രശ്നമുണ്ടാക്കിയത്. മദീനയില്‍ അപ്രതീക്ഷിതമായി നുഴഞ്ഞു കയറി ഖലീഫയുടെ വസതി വളഞ്ഞ് അവര്‍ സഥാനമൊഴിയാന്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകള്‍ സ്വയം ഇഷ്ടപ്രകാരം സ്ഥാനത്തലേറ്റിയതാണെന്നതിനാല്‍‍ ബലം പ്രയോഗിച്ച് സ്ഥാനമൊഴിപ്പിക്കാനാവില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞു. കാലപകാരകള്‍ക്കെതിരെ ശക്തി പ്രയോഗിക്കാന്‍ ചിലര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അത് നരസിച്ചു. തന്റെ കാരണത്തല്‍ മുസ്‌ലിംകള്‍‍ക്കിടയില്‍ രക്തം ചിന്തരുതെന്നായിരുന്നു മരിക്കും വരെ അദ്ദേഹ്ത്തിന്റെ ചിന്ത. കലാപകാരികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെ കൊലപ്പെടുത്തി.

മറ്റു രണ്ടു ഖലീഫമാരില്‍ നിന്നു ഭിന്നമായി ഭരണമേറ്റെടുത്ത ഉടനെ ഏറെ സങ്കീര്‍ണമായ പ്രശ്നങ്ങളായിരുന്നു ഹസ്റത്ത് ഉസ്മാന് അഭിമുഖീകരിക്കേണ്ടിയിരുന്നത്. ഹസ്റത്ത് ഉമറിന്റെ വധത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗത്തും കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. റോമാ സാമ്രാജ്യം മുസ്‌ലിംകുളുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ച് അലക്സാണ്ട്രിയയില്‍ കരയിലുടെയും കടലിലൂടെയും ആക്രമണം നടത്തി. പേര്‍ഷ്യക്കാരുടെ നിലപാടും വിഭിന്നമായിരുന്നില്ല. കലാപം പൊട്ടിപ്പുറപ്പെട്ട വാര്‍ത്ത കേട്ട് അയല്‍പക്കത്തെ ചില ഏഷ്യന്‍രാജ്യങ്ങള്‍ കിട്ടിയ അവസരം ശരിക്കുമപയോഗപ്പെടുത്തി. അതിരുകള്‍ വിശാലമായതോടെ ഇസ്ലാമിക ലോകത്ത് വിവിധ ആചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരു മിശ്രിത സമൂഹം ഉടലെടുത്തിരുന്നു. ഇസ്ലാം തുടച്ചു മാറ്റിയ ഗോത്ര, വര്‍ണ, വര്‍ഗ വിവേചനങ്ങള്‍ രണ്ടാമതു തലപൊക്കി തുടങ്ങിയിരുന്നു. എല്ലാം കൊണ്ടും ശത്രുക്കള്‍ക്കനുകൂലമായ കാലാവസ്ഥയായിരുന്നു അവിടെ.

വ്യക്തി വിവരങ്ങള്‍

ഖുറൈശി ഗോത്രത്തിലെ ഉമയ്യ കുടുംബാംഗം. മുഹമ്മദ് നബി ജനിച്ചതിന്റെ ആറാം വര്‍ഷം താഇഫില്‍ ജനിച്ചു. പിതാവിന്റെയും മാതാവിന്റെയും വഴിക്ക് പ്രവാച കുടുംബവുമായി അടുപ്പമുണ്ട് ഹസ്റത്ത് ഉസ്മാന്. സ്വര്‍ഗം കൊണ്ട് നബി സന്തോഷവാര്‍ത്തയറിയിച്ച പത്തിലൊരാള്‍. തലമുറകളായി സമ്പത്തുള്ള കുടുംബമായിരുന്നു. അതു കൊണ്ടുതന്നെ മക്കയിലെ ധനികനായി തീര്‍‍ന്നു. സമ്പന്നനായിരുന്നത് കൊണ്ട് ഉസ്മാനുല്‍ ഗനി എന്നപേരും അദ്ദേഹത്തിനു ലഭിച്ചിരുന്നു.

ഇസ്‌ലാമിലേക്ക് വന്ന പുരുഷന്‍മാരില്‍ നാലാമനായിരുന്നു ഹസ്റത്ത് ഉസ്മാന്‍. ഹസ്റത്ത് അബൂബക്കറിന്റെ പ്രേരണയിലാണ് മുസ്‌ലിമാകുന്നത്. സമ്പന്നനായിരുന്ന ഉസ്മാന്‍ മുസ്‌ലിമായപ്പോള്‍ സ്വാഭാവികമായും നബിതങ്ങള്‍ ഏറെ സന്തോഷിച്ചു. നബി തന്റെ മകള്‍ റുഖയ്യയെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു. നബിയുടെ കല്‍പനപ്രകാരം ആദ്യമായി മക്കയിലേക്ക് ഹിജ്റ പോയത് ഹസ്റത്ത് ഉസ്മാനും കുടുംബവുമായിരുന്നു.

ഹസ്റത്ത് ഉസ്മാന്‍ ബദ്റില്‍ പങ്കെടുത്തില്ല. രോഗിണിയായിരുന്ന തന്റെ ഭാര്യയെ പരിചരിക്കാനും മദീനയിലെ ഭരണകാര്യങ്ങള്‍ നോക്കാനുമായി നബി അദ്ദേഹത്തെ മദീനയില്‍ നിറുത്തി. യുദ്ധമുതലില്‍ നിന്ന് ഒരു യോദ്ധാവിന്റെ വിഹിതം അദ്ദേഹത്തിനും നല്‍കി. അദ്ദേഹത്തെയും ബദരീങ്ങളുടെ കൂട്ടത്തില്‍ എണ്ണുന്നുണ്ട്.

ആദ്യമായി ഇസ്‌ലാമിലേക്ക് വന്നവരില്‍ ഒരാള്‍‍‌‍. മുസ്‌ലിംകള്‍ക്ക് വേണ്ടി ഏറെ സമ്പത്ത് ചെലവഴിച്ച് ധര്‍മിഷ്ടന്‍. ബദ്ര്‍ ഒഴികെ നബിയുടെ കുടെ മുഴുവന്‍ യുദ്ധങ്ങളിലും പങ്കെടുത്തു. നബിയുടെ രണ്ടു പുത്രിമാരുടെ, ആദ്യം ഹസ്റത്ത് റുഖിയ്യയുടെയും അവരുടെ മരണശേഷം ഹസ്റത്ത് ഉമ്മുകുല്‍സൂമിന്റെയും, ഭര്‍ത്താവു കൂടിയാണ് അദ്ദേഹം. ഖിലാഫത്ത് ഏറ്റെടുക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് എഴുപത് വയസ്സ് പിന്നിട്ടിരുന്നു. ഏകദേശം പന്ത്രണ്ട് വര്‍ഷക്കാലം ഭരിച്ചു.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter