മഹര്‍ അഥവാ വിവാഹമൂല്യം

സദാക് എന്ന പേരിലും ഇതറിയപ്പെടുന്നു. വിവാഹം നടന്നാല്‍ പെണ്ണിനു നല്‍കേണ്ട ധനമാണിത്. അവള്‍ക്ക് സ്വന്തമായി അവകാശപ്പെട്ട ധനം. അല്ലാഹു പറയുന്നു: ''സ്ത്രീകള്‍ക്ക് അവരുടെ മഹ്‌റുകള്‍ സംതൃപ്തിയോട് കൂടി നല്‍കുക.'' (അന്നിസാഅ് : 4) നികൃഷ്ടരും നിന്ദ്യരുമായിട്ടായിരുന്നു മുന്‍കാലത്ത് സ്ത്രീകളെ കണ്ടിരുന്നത്. ധനം സ്വന്തമാക്കാനുള്ള അവകാശം പോലും അവര്‍ക്ക് നല്‍കിയിരുന്നില്ല. ആ അവസ്ഥ പാടെ മാറ്റിയെടുത്ത് സ്ത്രീകള്‍ക്ക് അനുയോജ്യമായ പധവി നല്‍കി ആവരെ ആദരിച്ചത് ഇസ്‌ലാമാണ്. വിവാഹവേളയില്‍ അര്‍ഹമായ ഒരു തുക നല്‍കി വധുവിനെ സന്തുഷ്ടരാക്കുന്ന വ്യവസ്ഥയാണ് മഹര്‍. സംതൃപ്തിയോട് കൂടി തനിക്ക് അവകാശപ്പെട്ട സംഖ്യയില്‍ നിന്ന് വല്ലതും അവള്‍ ഭര്‍ത്താവിന് വിട്ടുകൊടുക്കുകയാണെങ്കില്‍ അവനത് സ്വീകരിക്കുന്നതിന് വിരോധമില്ല.

ഖുര്‍ആനില്‍ പറയുന്നു: ''അവര്‍ സംതൃപ്തിയോട് കൂടി അതില്‍നിന്നു വല്ലതും നിങ്ങള്‍ക്ക് വിട്ടുതന്നാല്‍ നിങ്ങള്‍ സന്തോഷപൂര്‍വ്വം അത് ഭക്ഷിച്ചുകൊള്ളുക.'' (അന്നിസാഅ് : 4)

കൃത്യമായ ഒരു തുകയായി ഇസ്‌ലാം ഇതിനെ നിശ്ചയിട്ടിച്ചില്ല. കാലത്തിന്റെ മാറ്റങ്ങളും സ്ത്രീയുടെ അവസ്ഥയുമൊക്കെ പരിഗണിച്ച് അവള്‍ക്ക് അര്‍ഹമായത് നല്‍കണമെന്നുമാത്രം. അതില്‍ ഏറ്റക്കുറച്ചിലുകളാവാം. രണ്ടാള്‍ക്കും സംതൃപ്തിയുണ്ടാകണമെന്നതാണ് പ്രധാനം. ബനൂഫിസാറ ഗോത്രത്തില്‍ നിന്നുള്ള ഒരു പെണ്ണ് വിവാഹം കഴിച്ചു. രണ്ടു ചെരിപ്പുകളായിരുന്നു മഹര്‍. റസൂലുല്ലാഹി(സ) അവളോട് ചോദിച്ചു: രണ്ട് ചെരിപ്പുകള്‍ കൊണ്ട് നീ തൃപ്തിയടഞ്ഞോ? അവള്‍ അതെ എന്നു പ്രതിവചിച്ചു. റസൂല്‍(സ) ആ വിവാഹം അനുവദിച്ചുകൊടുത്തു. (തുര്‍മുദി, ഇബ്‌നുമാജ, അഹ്മദ്)

വിവാഹത്തിന് ഒരുങ്ങിയ ഒരു പുരുഷനോട് മഹറിന്റെ കാര്യത്തില്‍ നബി(സ) പറഞ്ഞു: ''നീ തിരഞ്ഞ്‌നോക്കുക. അത് ഇരുമ്പ് മോതിരമായാലും മതി.'' (ബുഖാരി) ചുരുങ്ങിയ മഹറിന് വിവാഹം നടത്തുന്നതില്‍ തെറ്റില്ലെന്ന് ഗ്രഹിക്കുവാന്‍ പ്രയാസമില്ല. സുപ്രസിദ്ധ സ്വഹാബിയായ അബ്ദുറഹ്മാനുബ്‌നു ഔഫ്(റ) അഞ്ച് ദിര്‍ഹമിന് ഒരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ട്. നബി(സ) അത് സമ്മതിച്ചു കൊടുക്കുകയും ചെയ്തു. വിഖ്യാതനായ താബിഇയ് സഈദുബ്‌നു മുസയ്യബ്(റ) തന്റെ ഒരു മകളെ രണ്ട് ദിര്‍ഹം മഹറിന് വിവാഹം ചെയ്തുകൊടുത്തു. സമകാലീനന്മാരില്‍ ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടില്ല.

ഇനി കൂടിയ മഹ്‌റിനെപ്പറ്റി പറയാം. ഏതുവരെ കൂടാം എന്നൊരു കൃത്യമായ കണക്കൊന്നുമില്ല. സ്ത്രീയുടെ അവസ്ഥക്കും വരന്റെ കഴിവിനുമനുസൃതമായി അത് എത്ര വലിയ തുകയായാലും തെറ്റില്ല. മഹറിന്റെ അനിയന്ത്രണീയമായ വര്‍ധനവ് സമൂഹത്തിനു ദോഷകരമായി വന്നേക്കുമെന്ന സ്ഥിതിവിശേഷമുണ്ടായപ്പോള്‍ ഖലീഫ ഉമര്‍(റ) അതു നിയന്ത്രിക്കുവാനൊരുങ്ങി. മിമ്പറില്‍ കയറി നിന്നുകൊണ്ട് നാന്നൂറ് ദിര്‍ഹമില്‍ കൂടിയ മഹ്‌റ് പാടില്ലെന്ന നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ചു. എന്നിട്ട് മിമ്പറില്‍ നിന്ന് താഴെ ഇറങ്ങി. അന്നേരം ഒരു പെണ്ണ് ആ കല്‍പ്പനക്കെ തിരെ ശബ്ദിച്ചു. ഉപേക്ഷിക്കപ്പെടുന്ന ഭാര്യയില്‍നിന്ന് അവള്‍ക്ക് നല്‍കിയിരുന്ന മഹ്‌റ് തിരിച്ചുവാങ്ങരുതെന്ന് വിരോധിച്ചുകൊണ്ടുള്ള സൂറത്തുന്നിസാഇലെ ആയത്ത് ആ പെണ്ണ് ഉദ്ധരിക്കുകയുമുണ്ടായി. അവരിലൊരുവള്‍ക്ക് (ധനത്തിന്റെ) കൂമ്പാരം തന്നെ നിങ്ങള്‍ കൊടുത്തിട്ടുണ്ടെങ്കിലും (അത് തിരിച്ചെടുക്കരുത്)'' (അന്നിസാഅ് 20) ഇത് കേട്ടപ്പോള്‍ ഖലീഫ ഉമര്‍(റ) പ്രതികരിച്ചതിങ്ങനെയാണ്: ''എല്ലാ ആളുകളും ഉമറിനേക്കാള്‍ വിവരമുള്ളവര്‍. അനന്തരം ഉമര്‍(റ) ആ ഉത്തരവ് പിന്‍വലിച്ചുകഴിഞ്ഞു. എന്നാലും കുതിച്ചുകയറുന്ന മഹ്‌റിനെ ഇസ്‌ലാം പ്രേരിപ്പിക്കുന്നില്ല. ഏതൊരാള്‍ക്കും പ്രയാസഹരിതമായി വിവാഹബന്ധം നടത്താവുന്ന വഴിയാണ് ഇസ്‌ലാമില്‍ അഭികാമ്യം. കുടുതല്‍ ചെലവ്ചുരുങ്ങിയ വിവാഹമാണ് കൂടുതല്‍ അനുഗ്രഹമുള്ളത് എന്ന് നബി(സ) പറഞ്ഞതായി ആയിശ(റ)നിവേദനം ചെയ്തിട്ടുണ്ട്.

ചുരുങ്ങിയ മഹര്‍, കുറഞ്ഞ ചെലവ്, പ്രയാസരഹിതമായ വിവാഹം, സല്‍സ്വഭാവം എന്നിവ ഒരു വുധുവിന്റെ ശുഭലക്ഷണങ്ങളാണ്. അതുപോലെ അതിരുകടന്ന മഹറും പ്രയാസം നിറഞ്ഞ വിവാഹവും ദുഃസ്വഭാവവും അവളുടെ അവലക്ഷണവുമാണ് -നബി(സ) പറഞ്ഞ വാക്യമാണിത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter