മുഹറത്തിലെ നോമ്പും ചരിത്രവും

കഴിഞ്ഞ കാലങ്ങളില്‍ തങ്ങള്‍ ചെയ്തുപോയ തെറ്റുകുറ്റങ്ങളില്‍ നിന്നു ലോകനാഥനോട് പൊറുക്കലിനെ തേടി പുതിയൊരു ജന്മം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് സത്യവിശ്വാസികള്‍. നഷ്ടപ്പെട്ട പ്രതാപകാലത്തില്‍ നന്മയോ തിന്മയോ അധികരിച്ചിട്ടുണ്ടാകാം, എന്നാല്‍ ഇനിയുള്ള ദിനങ്ങള്‍ നന്മപൂക്കുന്ന മരങ്ങള്‍ക്ക് തുല്യമാകണമെന്ന ചിന്തകളാണ് ഓരോ മുഅ്മിനിന്റെയും ഹൃദയാന്തരങ്ങളില്‍ പുത്തനുണര്‍വ്വുകള്‍ക്ക് തിരികൊളുത്തുന്നത്. മുഹറം എന്ന ഹിജ്‌റാരംഭ മാസത്തിന് കല്‍പ്പിക്കപ്പെട്ട ഗുണവിശേഷണങ്ങള്‍ മറ്റുമാസങ്ങളില്‍നിന്നും വ്യതിരിക്തമാണ്. യുദ്ധം ഹറാമാക്കപ്പെട്ട മാസങ്ങളില്‍ ഒന്നായ ഇത് പല സുപ്രധാന സംഭവങ്ങള്‍ക്കും സാക്ഷിയായ മാസമാണ്. കഥപറയാനേറെയുണ്ട് മുഹറത്തിന്. അതും സന്തോഷത്തിന്റെയും ദു:ഖത്തിന്റെയും പരീക്ഷണങ്ങളുടെയും ശിക്ഷകളുടെയും ചരിത്രകഥകള്‍. 

മുഹറം എന്ന് കേള്‍ക്കുമ്പോള്‍തന്നെ ഒരു മുഅ്മിനിന്റെ മനസ്സില്‍ ഓടിയെത്തുന്നത് ആശൂറാഅ്, താസൂആഅ് അഥവാ മുഹറം ഒമ്പത് പത്ത് ദിവസങ്ങളാണ്. മറ്റു മാസങ്ങളില്‍നിന്നും മുഹറത്തെ മാറ്റിനിര്‍ത്തുന്നതില്‍ ഈ രണ്ടു ദിനങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. അതുപോലെ ഈ രണ്ടു ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുള്ള ഒരു കാര്യം കൂടിയാണ്.

ആശൂറാഅ് ചരിത്രങ്ങളുടെ കലവറ 

ചരിത്രം കണ്ട ഏറ്റവും വലിയ ദിക്കാരിയും ക്രൂരഭരണാധികാരിയും ഞാനാണ് ഏറ്റവും വലിയ റബ്ബ് എന്ന് അഹങ്കരിക്കുകയും ചെയ്ത ഫിര്‍ഔനിന്റെ പതനവും മൂസാ നബി(അ)ന്റെയും സമുദായത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പും മുഹറം പത്തിലാണ് സംഭവിച്ചത്. അധികാരത്തിന്റെ തേരിലേറിപ്പറന്ന് ദുര്‍ബല വിഭാഗങ്ങളെ അടിമകളാക്കിയും അടിച്ചൊതുക്കിയും കിരാതഭരണം കാഴ്ചവെച്ച ഫറോവക്കെതിരെ സത്യവിശ്വാസത്തിന്റെ കരുത്തുറ്റ ചെറുത്തുനില്‍പ്പുമായി നിലകൊണ്ട മൂസാ നബിയുടെയും സമുദായത്തിന്റെയും വിജയത്തിന്റെ അവിസ്മരണീയ പാഠങ്ങള്‍ അയവിറക്കുന്ന ദിവസവുംകൂടിയാണത്. ധിക്കാരികളായ ശത്രുക്കള്‍ക്ക് മുന്നില്‍ ഈമാനിക കരുത്തുമായി അടിപതറാതെനിന്ന മുസാ നബിയും സമൂഹവും വലിയ ഈമാനികപാഠങ്ങളാണ് ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്. 

ദു:ഖങ്ങള്‍ക്ക് സാഹചര്യം നല്‍കി ഓരോ മുസ്‌ലിമിന്റെയും ഹൃദയമിടിപ്പ് ഒന്ന് സംഭച്ചുപോകാന്‍ കാരണമായ ഒരു ധാരുണ സംഭവവും മുഹറം പത്തിന് നടക്കുകയുണ്ടായി. തിരുനബിയുടെ പൗത്രനും അലി(റ)വിന്റെയും ഫാത്വിമ(റ)യുടെയും പുന്നാരമകനും ലോകമുസ്‌ലിംകളുടെ നേതാവുമായ ഹുസൈന്‍(റ) നിഗൂഢ തന്ത്രങ്ങളില്‍പ്പെട്ട് ഖര്‍ബലയില്‍ ദാരുണമായി കൊല്ലപ്പെട്ടത് ഇതേ ദിവസമാണ് (ഇമാം ത്വബ്‌റാനി).

മഹാജലപ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കപ്പല്‍കയറിയ നൂഹ് നബി (അ)യും സംഘവും കപ്പലിറങ്ങിയതും മുഹറം പത്തിനായിരുന്നു.(ഇമാം ബൈഹഖി).

കൂടാതെ സ്വര്‍ഗം, നരകം, ഖലം, അര്‍ശ്. ലൗഹുല്‍മഹ്ഫൂള് തുടങ്ങിയവയെല്ലാം സൃഷ്ടിക്കപ്പെട്ടുതും മുഹറം പത്തിനാണ്.ആദം നബി(അ)മിന്റെ തൗബ അല്ലാഹു സ്വീകരിച്ചതും, ഇബ്‌റാഹീം നബി(അ)നെ നമ്രൂദിന്റെ തീയ്യില്‍ നിന്ന് രക്ഷപ്പെടുത്തിയതും, മൂസാ നബി(അ)ന് തൗറാത്ത് അവതീര്‍ണമായതും, യൂസുഫ് നബി(അ) ജയില്‍മോചിതനായതും, യഅ്ഖൂബ് നബി(അ)യുടെ കാഴ്ച തിരിച്ചുലഭിച്ചതും, അയ്യൂബ് നബി(അ)ന് ആരോഗ്യം തിരിച്ചുകിട്ടിയതും, സുലൈമാന്‍ നബി(അ) ലോകചക്രവര്‍ത്തിയായതും, യൂനുസ് നബി(അ)മത്സ്യത്തിന്റെ ഉദരത്തില്‍ നിന്ന് രക്ഷപ്പെട്ടതും ആദ്യമായി മഴ വര്‍ഷിച്ചതുമെല്ലാം ഇതേ ദിവസം തന്നെ (ഇആനത്ത് 2/266).

ചുരുക്കത്തില്‍ ഇസ്‌ലാമിന്റെ ശോഭനചരിത്രത്തിലേക്ക് പുത്തന്‍ അധ്യായങ്ങള്‍ തുന്നിച്ചേര്‍ത്ത ഒരു ദിനമാണ് മുഹറം പത്ത് എന്ന് തന്നെ പറയാം.

ആശൂറാഅ് താസൂആഅ് നോമ്പുകള്‍: ചരിത്രപിന്‍ബലം

മുഹറം പത്തിന്റെ നോമ്പ്(ആശൂറാഅ്) സുന്നത്താക്കപ്പെട്ടതിനും വലിയ ചരിത്രപിന്‍ബലമുണ്ട്.മൂസാ നബിയും സമുദായവും ഫറോവയുടെ കരങ്ങളില്‍നിന്നും രക്ഷപ്പെട്ടതിന്റെ നന്ദിപ്രകടനമായി ജൂതന്മാരും മുഹറം പത്തിന് വ്രതമനുഷ്ഠിച്ചിരുന്നു.

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'പ്രവാചകര്‍(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജൂതന്മാര്‍ ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.അതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: 'ഇന്നേ ദിവസമാണ് മൂസാ നബിയെയും ബനൂഇസ്രാഈല്യരെയും ഫിര്‍ഔനിന്റെ കരങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയത്.അത് കൊണ്ട് ആ ദിവസത്തെ ആദരിച്ചുകൊണ്ട് ഞങ്ങള്‍ നോമ്പനുഷ്ഠിക്കുന്നു'. അപ്പോള്‍ നബി(സ) പറഞ്ഞു: 'ഞങ്ങളാണ് നിങ്ങളേക്കാള്‍ മൂസാ നബി(അ)യുമായി അടുപ്പമുള്ളവര്‍'. അങ്ങനെ ആ ദിവസം നോമ്പനുഷ്ഠിക്കാന്‍ നബി(സ) കല്‍പ്പിക്കുകയും ചെയ്തു (സ്വഹീഹുല്‍ ബുഖാരി).

അപ്പോള്‍ മുഹറം ഒമ്പത് (താസൂആഅ്) നോമ്പ് സുന്നത്തിലേ എന്ന് സംശയമുണ്ടാകാം. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു:പ്രവാചകര്‍(സ്വ) ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുകയും മറ്റുള്ളവരോട് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ അവര്‍ (സ്വഹാബികള്‍) ചോദിച്ചു: 'പ്രവാചകരേ, ഈ ദിവസത്തെ ജൂതന്മാര്‍ മഹത്വപ്പെടുത്തുന്നുണ്ടല്ലോ'. അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ അടുത്തവര്‍ഷം മുഹറം ഒമ്പതിനും നാം നോമ്പനുഷ്ഠിക്കുന്നതാണ്'. ഇബ്‌നു അബ്ബാസ്(റ) പറയുന്നു അടുത്തവര്‍ഷമായപ്പോഴേക്കും നബി(സ്വ) വഫാത്തായിരുന്നു (സ്വഹീഹ് മുസ്‌ലിം).

ഈ ഹദീസ് ആധാരമാക്കിയാണ് മുഹറം ഒമ്പത് താസൂആഅ് ദിനത്തിലും നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ടെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. മുഹറം ഒമ്പതിനും പത്തനുമൊപ്പം പതിനൊന്നിനും നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. നിങ്ങള്‍ ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുക ജൂതന്മാരോട് വ്യത്യാസം പുലര്‍ത്തുന്നവരാവുക, അതിനു മുമ്പൊരു ദിവസവും ശേഷമൊരു ദിവസവും നിങ്ങള്‍ നോമ്പനുഷ്ഠിക്കുക എന്ന നിര്‍ദേശമുള്ള റിപ്പോര്‍ട്ട് ഇമാം അഹ്മദ്(റ) ഉദ്ധരിച്ചിട്ടുണ്ട .(ഇആനത്ത് 2/266).

സുന്നത്തു നോമ്പുകളില്‍ അതിപ്രധാന നോമ്പാണ് മുഹറം പത്തിലെ നോമ്പ്.ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'ദിവസങ്ങളുടെ കൂട്ടത്തില്‍ മുഹറം പത്തിലും മാസങ്ങളുടെ കൂട്ടത്തില്‍ റമളാനിലുമാണ് നബി(സ്വ)ഏറെ നിര്‍ബന്ധബുദ്ധിയോടെ നോമ്പനുഷ്ഠിക്കുന്നതായി ഞാന്‍ കണ്ടത്'.(സ്വഹീഹുല്‍ ബുഖാരി)

ആശൂറാഅ് ദിനത്തില്‍ കുടുംബത്തിന് സുഭിക്ഷമായ ഭക്ഷണം നല്‍കല്‍ ഏറെ പുണ്യമുള്ള കര്‍മ്മമാണ്. സാധാരണ ഗതിയില്‍ ഭക്ഷണത്തില്‍ മിതത്വം പാലിക്കുകയാണ് വേണ്ടത്, എന്നാല്‍ അതിഥി സല്‍ക്കാര വേളയിലും സവിശേഷ ദിനങ്ങളിലും ഭക്ഷണത്തില്‍ സുഭിക്ഷത നല്‍കല്‍ സുന്നത്താണ് (തര്‍ശീഹ്).

എന്നാല്‍ പവിത്രമായ മുഹറം മാസത്തിലെ ആചാരാനുഷ്ഠാനങ്ങളെ കളങ്കപ്പെടുത്തുംവിധമുള്ള നീക്കങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും ചില വിഘടന വാദികള്‍ ശ്രമം നടത്തുന്നുണ്ട്. ചരിത്രത്തെ ക്രൂശിച്ചുകൊണ്ട് വളച്ചൊടിക്കാനും യാഥാര്‍ത്ഥ്യത്തെ കള്ളം ചമച്ച് തിരുത്തലുകള്‍ വരുത്താനും ഇത്തരം ചിലര്‍  ശ്രമിക്കുമ്പോള്‍ സമൂഹം ഏതാണ് ശരി ഏതാണ് തെറ്റ് എന്നറിയാതെ ശങ്കിക്കുകയാണ്. ഇമാം ഹുസൈന്‍(റ) കര്‍ബലയില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ ലോകത്തെ വിവിധ ഭാഗങ്ങളില്‍ ശിയാക്കള്‍ സംഘടിപ്പിക്കാറുള്ള കായിക പീഡനങ്ങള്‍ നടത്തിയുള്ള മുഹറം ആഘോഷങ്ങള്‍ക്ക് പ്രാമാണിക തെളിവുകളോ പിന്‍ബലമോ ഇല്ല. മുഹറം മാസത്തെ കളങ്കപ്പെടുത്തുന്ന പുത്തന്‍ ആചാരങ്ങളില്‍ സമൂഹം അകപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter