ആശൂറാഅ് അനുകരണമല്ല; പ്രതിരോധമാണ്‌

മുഹര്‍റം മാസത്തെ അജ്ഞാന (ജാഹിലിയ്യ) കാലത്തുതന്നെ അറബികള്‍ ആദരിച്ചിരുന്നു. ഈ മാസത്തിലവര്‍ യുദ്ധം ചെയ്യാറുണ്ടായിരുന്നില്ല. മുഹര്‍റം പത്തിലെ (ആശൂറാഅ്) നോമ്പ് ജൂതന്മാരുടെ കള്ള ചരക്കാണ്, ഇസ്‌ലാമിലേക്ക് വന്ന യഹൂദികള്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിച്ചതാണ്,മുഹമ്മദ് നബി(സ) യഹൂദികളെ കണ്ട് പകര്‍ത്തിയതാണ് .തുടങ്ങിയ ഒട്ടനവധി വിമര്‍ശനങ്ങള്‍ ഓറിയന്റലിസ്റ്റുകള്‍ പ്രചരിപ്പിക്കാറുണ്ട്. ജൂതായിസത്തില്‍പെട്ട നോമ്പെന്ന് മോഡേണിസ്റ്റുകളും കുറ്റപ്പെടുത്തുന്നു.

എന്നാലിതൊന്നും വസ്തുതയ്ക്ക് നിരക്കുന്നതല്ല. ആഇശ (റ) പറയുന്നു: ‘ഖുറൈശികള്‍ അജ്ഞാനക്കാലത്തു തന്നെ മുഹര്‍റം പത്തിന് നോമ്പെടുക്കാറുണ്ടായിരുന്നു. നബി(സ)യും നോമ്പനുഷ്ഠിച്ചിരുന്നു. അനന്തരം നബി(സ) മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ റമദാന്‍ വ്രതം നിര്‍ബന്ധമായപ്പോള്‍ നോമ്പ് നിര്‍ബന്ധമായി.’ തിരുമേനി അരുളി: ‘ഇഷ്ടമുള്ളവര്‍ ആശൂറാഅ് നോമ്പെടുക്കട്ടെ അല്ലാത്തവര്‍ ഉപേക്ഷിക്കുകയും ചെയ്യട്ടെ'(മുസ്‌ലിം).

റമദാനിലെ നോമ്പ് നിര്‍ബന്ധമാവുന്നതിന് മുന്‍പ് നബി(സ) മുഹര്‍റം പത്തിന് നോമ്പനുഷ്ഠിച്ചിരുന്നു. പിന്നീട് നിര്‍ബന്ധമായപ്പോള്‍ ആശൂറാ നോമ്പ് നിര്‍ബന്ധമാക്കിയില്ല. റമദാനിലെ നോമ്പിനുമുന്‍പ് പ്രസ്തുത നോമ്പ് നിര്‍ബന്ധമായിരുന്നോ ഐച്ഛികമോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്ന വീക്ഷണമാണുള്ളത്.

സ്വഹീഹ് മുസ്‌ലിമിലുള്ള താഴെ വിവരിക്കുന്ന ഹദീസാണ് നിര്‍ബന്ധമാണെന്നതിന് തെളിവ്. ‘നബി(സ) മുഹര്‍റം പത്തിന് നോമ്പ് നോല്‍ക്കാന്‍ കല്‍പ്പിച്ചുകൊണ്ട് അസ്‌ലം ഗോത്രക്കാരനായ ഒരാളെ ജനങ്ങളിലേക്കയച്ചു.നോമ്പില്ലാത്തവര്‍ നോമ്പെടുക്കുകയും വല്ലതും കഴിച്ചവരുണ്ടെങ്കില്‍ നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്യട്ടെ (ഇനി യാതൊന്നും ഭക്ഷിക്കാതെ നോമ്പുകാരനെപ്പോലെ കഴിച്ച് കൂട്ടുകയും ചെയ്യട്ടെ) എന്ന് വിളിച്ചു പറയാന്‍ നിര്‍ദേശിച്ചു’. (മുസ്‌ലിം) റമദാന്‍ നോമ്പ് നിര്‍ബന്ധമായപ്പോള്‍ ആശൂറാ നോമ്പ് ഐച്ഛികമായി സ്വീകരിക്കാന്‍ അനുവാദം നല്‍കി.

സബി(സ) മദീനയിലെ താമസത്തിനിടയില്‍ ജൂതന്മാര്‍ ആശൂറാഅ് ദിനത്തില്‍ നോമ്പെടുക്കുന്നത് അറിയാനിടയായി. ഇബ്‌നുഅബ്ബാസു(റ) ആ സന്ദര്‍ഭം വിവരിക്കുന്നതിങ്ങനെയാണ്: ‘നബി (സ) മദീനയില്‍ ചെന്നപ്പോള്‍ ജൂതന്മാര്‍ ആശൂറാ ദിനത്തില്‍ നോമ്പെടുക്കുന്നത് കണ്ടു.’ അതിനെ സംബന്ധിച്ച് അവരോട് അന്വേഷിച്ചു.

അവര്‍ പറഞ്ഞു: ‘അല്ലാഹു മൂസാ നബിയെയും വിശ്വാസികളായ ഇസ്‌റാഈല്യരെയും രക്ഷപ്പെടുത്തുകയും ഫിര്‍ഔനെയും അനുയായികളെയും നശിപ്പിക്കുകയും ചെയ്ത ദിനമാണിത്. അതിനെ ബഹുമാനിച്ചുകൊണ്ട് ഞങ്ങള്‍ നോമ്പനുഷ്ഠിക്കുന്നു. അപ്പോള്‍ നബി(സ) അരുളി. മൂസാനബി (അ) യോടു നിങ്ങളേക്കാള്‍ ബന്ധം ഞങ്ങള്‍ക്കാണ്. അനന്തരം നബി(സ) ആ ദിവസം നോമ്പെടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു’ (മുസ്‌ലിം). മുഹര്‍റം പത്തിന് നോമ്പെടുക്കുന്നതിനെപ്പറ്റി ഇബ്‌നുഅബ്ബാസി (റ)നോട് ചോദിക്കുകയുണ്ടായി. 

അദ്ദേഹം പറഞ്ഞു: ‘മുഹര്‍റം പത്തിന് മറ്റ് മാസങ്ങളേക്കാള്‍ ശ്രേഷ്ഠതയുണ്ട് എന്ന നിലയ്ക്ക് മുഹര്‍റം പത്തിലും റമദാനിലുമല്ലാതെ വേറൊരു ദിവസത്തിലും നബി(സ) ഇത്രയും ശ്രേഷ്ഠത പരിഗണിച്ച് നോമ്പ് നോറ്റതായി എനിക്കറിയില്ല’ (മുസ്‌ലിം).

നബി(സ) മുഹര്‍റം പത്തിന് നോമ്പെടുക്കുകയും അതിനായി നിര്‍ദേശിക്കുകയും ചെയ്തപ്പോള്‍ സഹാബികള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരെ, അത് ജൂതന്മാരും ക്രിസ്ത്യാനികളും ബഹുമാനിക്കുന്ന ദിവസമാണല്ലോ’. അപ്പോള്‍ നബി (സ)യുടെ പ്രതികരണം ഇതായിരുന്നു: ‘അല്ലാഹു ഉദ്ദേശിച്ചാല്‍ അടുത്ത വര്‍ഷം നമുക്ക് മുഹര്‍റം ഒന്‍പതും നോമ്പെടുക്കാം’. അടുത്ത മുഹര്‍റത്തിനുമുന്‍പ് തന്നെ അവിടുന്ന് വഫാത്തായി (മുസ്‌ലിം).

ജൂതന്മാര്‍ ചെയ്യുന്നത് കണ്ടല്ല നബി(സ) ആശൂറാ നോമ്പനുഷ്ഠിച്ചത്. നേരത്തെ മക്കയില്‍ അത് പതിവുള്ള ആരാധനയായിരുന്നു. മദീനയില്‍ വന്നപ്പോഴും അത് ഐച്ഛികമായി അനുഷ്ഠിക്കാന്‍ അനുചരന്മാരെ ഉപദേശിച്ചിരുന്നു. ജൂതന്മാര്‍ ചെയ്യുന്നത് കണ്ടല്ലേ നിങ്ങളിത് ചെയ്യുന്നതെന്ന് അന്വേഷിച്ചെന്ന് മാത്രം. ഈ കാര്യം തിരുമേനിക്ക് മുമ്പേ അറിയാമായിരുന്നു. അതിനാല്‍ അവിടുന്ന് എതിര്‍പ്പൊന്നും പറഞ്ഞില്ല. നിങ്ങളേക്കാള്‍ ബന്ധം മൂസാനബിക്ക് ഞങ്ങളോടാണെന്ന കാര്യം നബി(സ) അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

ജൂതന്മാരോട് സാദൃശ്യം വരുമല്ലോ എന്ന് സഹാബികളില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ ‘ഒന്‍പതും അടുത്തവര്‍ഷം മുതല്‍ നോല്‍ക്കാമെന്നു’ അവിടുന്ന് പറയുകയും ചെയ്തു. നന്മയുടെ കാര്യത്തില്‍ ജൂതന്മാരേക്കാള്‍ മുന്‍പന്തിയില്‍ ആവാന്‍ വേണ്ടി ‘താസുആ’യും സുന്നത്താവുകയുണ്ടായി. മുഹര്‍റം ആദ്യത്തെ പത്തില്‍ ആരാധനാചടങ്ങുകളായി ചില നാടുകളില്‍ പ്രത്യേക ആചാരങ്ങള്‍ കാണാം. പ്രത്യേകം സുറുമയിടുക, വെള്ളം വിതരണം ചെയ്യുക, കറുത്ത വസ്ത്രം ധരിക്കുക ,അഞ്ചുവിരലിന്റെ ചിത്രം തൂക്കുക, നെഞ്ചത്തടിക്കുക, തീയില്‍ ചാടുക, നരിവേഷം ധരിക്കുക തുടങ്ങിയവയാണിത്. ദുശ്ശകുനത്തിന്റെയും അവലക്ഷണത്തിന്റെയും നാളുകളായിട്ടാണ് ഈ ദിവസങ്ങള്‍ പരിഗണിക്കാറ്. കര്‍ബാലയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ ആചാരങ്ങള്‍. ശീഇകളാണ് ഈ പുത്തന്‍ആചാരങ്ങളുടെ പ്രചാരകര്‍. പ്രവാചകരുമായി ഇതിന് യാതൊരു ബന്ധവുമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter