റസൂല്‍: വിശുദ്ധിയുടെ ജീവിതാര്‍ത്ഥങ്ങള്‍

പ്രവാചകരുടെ ആദ്യകാല ജീവിതം

ക്രിസ്തു വര്‍ഷം 571 ഏപ്രില്‍ ഇരുപത്തിയൊന്നിന് അബ്ദുല്ലാ ആമിന ദമ്പതികളുടെ മകനായി മുഹമ്മദ് എന്ന അന്ത്യപ്രവാചകന്‍ മക്കയില്‍ ജനിച്ചു. ഉമ്മ ആമിന ബീവിയാണ് ആദ്യം മുല കൊടുത്തത്. ശേഷം, അബൂ ലഹബിന്റെ അടിമ സ്ത്രീ സുവൈബയും ഹവാസിന്‍ ഗോത്രക്കാരിയായ ഹലീമത്തു സഅദിയും മുല കൊടുത്തു. ഹലീമ പ്രവാചകരെ സ്വന്തം നാട്ടിലേക്കു കൊണ്ടുപോയി വളര്‍ത്തി. ഏകദേശം ആറു വയസ്സാകുന്നതുവരെ പ്രവാചകന്‍ അവിടെയാണ് താമസിച്ചിരുന്നത്.
ആറാം വയസ്സില്‍ പ്രവാചകരെയും എടുത്തുകൊണ്ട് മാതാവ് മദീനയിലേക്കു പോയി. ഒരു മാസത്തളം അവിടെ താമസിച്ചു. തിരിച്ചുവരുന്നവഴിയില്‍ അബവാഇലെത്തിയപ്പോള്‍ അവരെ മരണം പിടികൂടി.
മാതാവും മരണമടഞ്ഞതോടെ പ്രവാചകന്‍ തീര്‍ത്തും അനാഥനായി. ഇതോടെ അവരുടെ പൂര്‍ണ  സംരംക്ഷണം പിതാമഹനായ അബ്ദുല്‍ മുഥലിബ് ഏറ്റെടുത്തു. പ്രവാചകന് എട്ടു വയസ്സായപ്പോള്‍ അദ്ദേഹവും മരണപ്പെട്ടു. മരണമാസന്നമായപ്പോള്‍തന്നെ അദ്ദേഹം പ്രവാചകരുടെ സംരംക്ഷണം അബൂഥാലിബിനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം ആ ഉത്തരവാദിത്തം വേണ്ടപോലെ നിര്‍വഹിച്ചു. സ്വന്തം മക്കളെക്കാള്‍ കൂടുതലായി പ്രവാചകരെ ശ്രദ്ധിച്ചു.
പത്തു വയസ്സായതോടെ പ്രവാചകന്‍ ആടുകളെ മേക്കാനായി പുറത്തിറങ്ങാന്‍ തുടങ്ങി. അന്നു അറബികള്‍ക്കിടയില്‍ വളരെ പ്രതാപമുള്ള ഒരു വേലയായിരുന്നു ഇത്. കുലീന കുടുംബങ്ങളിലെ കുട്ടികള്‍വരെ ഇത് ചെയ്യുമായിരുന്നു.
പന്ത്രണ്ടാമത്തെ വയസ്സില്‍ അബൂഥാലിബ് പ്രവാചകരെ തന്റെ കച്ചവട സംഘത്തോടൊപ്പം സിറിയയിലേക്കു കൊണ്ടുപോയി.

 

ഹര്‍ബുല്‍ ഫിജാര്‍
ഇസ്‌ലാമിനു മുമ്പു ഖുറൈശികളും ഖൈസികളും തമ്മില്‍ നടന്ന ഒരു തുടര്‍ യുദ്ധമായിരുന്നു ഹര്‍ബുല്‍ ഫിജാര്‍. ഇതില്‍ ഖുറൈശികള്‍ സത്യത്തിന്റെ ഭാഗത്തായിരുന്നു. അതിനാല്‍, പ്രവാചകരും അവരുടെ ഭാഗത്താണ് ഉണ്ടായിരുന്നത്. യുദ്ധത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും പ്രവാചകര്‍ ആരെയും അക്രമിച്ചിരുന്നില്ല.  യുദ്ധം അവസാനം സന്ധിയില്‍ പര്യവസാനിച്ചു. ഹില്‍ഫുല്‍ ഫുളൂല്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

കഅബയുടെ പുനര്‍നിര്‍മാണം
കഅബയുടെ സ്ഥാനം ഒരു കുഴിയിലായിരുന്നു. ചുറ്റുപാടും പര്‍വതങ്ങളായിരുന്നു. മഴ വര്‍ഷിക്കുമ്പോള്‍ വെള്ളം ശക്തമായി അതിലേക്കു ചെന്നുപതിക്കും. അതിനാല്‍, അതിന് കേടുപാടുകള്‍ പറ്റിത്തുടങ്ങി. ഉള്ള കെട്ടിടം പൊളിച്ചുനീക്കി കൂടുതല്‍ ശക്തിയില്‍ പുതിയൊരു കെട്ടിടം പണിയാന്‍ ഖുറൈശികള്‍ തീരുമാനിച്ചു. ഖുറൈശികളിലെ എല്ലാ ഗോത്രക്കാരും ഇതില്‍ പങ്കാളികളായിരുന്നു.
പണികള്‍ തകൃതിയായി നടന്നു. മതിലുകള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന് ഹജറുല്‍ അസ്‌വദ് വെക്കേണ്ട ഘട്ടമെത്തിയപ്പോള്‍ അവര്‍ തമ്മില്‍ തര്‍ക്കമായി. ഹജറുല്‍ അസ്‌വദ് എടുത്തുവെക്കേണ്ട ഭാഗ്യം തങ്ങള്‍ക്കു കൈവരണമെന്ന് ഓരോ ഗോത്രക്കാരും വാദിച്ചു. നാലു ദിവസത്തോളം ഈ തര്‍ക്കം നീണ്ടുനിന്നു. അഞ്ചാം ദിവസം അവരിലെ വൃദ്ധനായ ഒരാള്‍ ഒരു പോംവഴി കണ്ടെത്തി മുന്നോട്ടുവെച്ചു. നാളെ ഇതിലെ ആദ്യമായി കടന്നുവരുന്ന ആളെ ഇതില്‍ മധ്യസ്ഥനായി നിയമിക്കാം എന്നതായിരുന്നു അത്. എല്ലാവരും അത് അപ്പടി സ്വീകരിച്ചു. പിറ്റേന്ന് ആദ്യം ആ വഴി കടന്നുവന്നത് മുഹമ്മദ് എന്ന ചെറുപ്പക്കാരനായിരുന്നു. അവര്‍ക്കു സന്തോഷമായി. അവര്‍ പ്രശ്‌നം പ്രവാചകര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു. അവര്‍ വളരെ എളുപ്പത്തില്‍ അത് പരിഹരിച്ചു. ഒരു തട്ടമെടുത്തു വിരിച്ച് കല്ലെടുത്തു അതിന്റെ മധ്യത്തില്‍ വെച്ചു. ഓരോ ഗോത്രത്തിന്റെയും തലവന്മാരെ വിളിച്ച് തട്ടത്തിന്റെ ഓരോ അറ്റം പിടിച്ച് ഉയര്‍ത്താന്‍ കല്‍പിച്ചു. അവര്‍ അങ്ങനെ ചെയ്തു. കല്ല് വെക്കേണ്ട സ്ഥാനത്തു എത്തിയപ്പോള്‍ അവര്‍ തന്നെ അതെടുത്തു തല്‍സ്ഥാനത്തു വെച്ചു.
മുമ്പുണ്ടായിരുന്ന തറയില്‍ പൂര്‍ണ്ണമായി കഅബയെടുക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല. സാമഗ്രികള്‍ ചുരുങ്ങിപ്പോയതായിരുന്നു കാരണം. തറയില്‍നിന്നും ഒരു ഭാഗം ഒഴിച്ചുനിര്‍ത്തിയാണ് അവര്‍ കഅബയുടെ പണി പൂര്‍ത്തീകരിച്ചത്. അങ്ങനെ പുറത്താക്കപ്പെട്ട ഭാഗങ്ങള്‍ക്കു ശാദിര്‍വാന്‍, ഹത്തീം എന്നു പറയുന്നു.
യുവപ്രായത്തില്‍ പ്രവാചകന്‍ ഉപജീവനത്തിനായി കച്ചവടം ചെയ്തു. പലരുടെയും ചരക്കുകള്‍ കൊണ്ടുപോയി. സത്യസന്ധതയോടെ കച്ചവടം നടത്തി ലാഭം നേടി.

വിവാഹം
ഖദീജ കുലീനയും ധനികയുമായ വനിതയായിരുന്നു. ഒരു വിദൂര ബന്ധത്തിലൂടെ പ്രവാചകരുടെ പിതൃവ്യപുത്രിയുമായിരുന്നു. ആദ്യവിവാഹത്തിനു ശേഷം അവര്‍ വിധവയായി ജീവിച്ചു. ശേഷം, രണ്ടാം വിവാഹം നടന്നു. പിന്നെയും വിധവയായി. സമുന്നത സ്വഭാവ വിശേഷണങ്ങളും പവിത്രതയുമുള്ള ഒരു സ്ത്രീ ആയിരുന്നു മഹതി. അക്കാരണത്താല്‍തന്നെ ജനങ്ങള്‍ അവരെ ‘പവിത്ര’ എന്നുവിളിച്ചു. വന്‍ ധനികയായിരുന്നതുകൊണ്ടുതന്നെ മറ്റുള്ളവരെ ഉപയോഗപ്പെടുത്തിയായിരുന്നു അവര്‍ തന്റെ കച്ചവടച്ചരക്കുകള്‍ മാര്‍ക്കറ്റിലെത്തിച്ചിരുന്നത്.
ഇക്കാലത്ത് പ്രവാചകര്‍ക്ക് 25 വയസ്സ് പ്രായമായിരുന്നു. താന്‍ ചെയ്ത എല്ലാ വ്യാപാരങ്ങളിലും അവര്‍ തികഞ്ഞ സത്യസന്ധതയും മികച്ച സ്വഭാവവും പുലര്‍ത്തി. താമസിയാതെ വിവരങ്ങളെല്ലാം ഖദീജാ ബീവിയുടെ അടുത്തുമെത്തി. തന്റെ ചരക്കുകള്‍ കൊണ്ടുപോയി വ്യാപാരം നടത്തിവരാന്‍ സാധിക്കുമോയെന്ന് അവര്‍ പ്രവാചകരോട് ചോദിച്ചു. പ്രവാചകര്‍ അത് സ്വീകരിക്കുകയും ചരക്കുകളുമായി ബസ്വറയിലേക്കു പോവുകയും ചെയ്തു. അത്തവണ വന്‍ ലാഭവുമായാണ് പ്രവാചകന്‍ തിരിച്ചുവന്നത്. തിരിച്ചുവന്ന് മൂന്നു മാസം കഴിഞ്ഞപ്പോള്‍ ഖദീജ പ്രവാചകരിലേക്ക് തന്നെ വിവാഹം കഴിക്കാനുള്ള സന്ദേശം അയച്ചു. ഇത് സ്വീകരിക്കപ്പെടുകയും അവര്‍ തമ്മില്‍ വിവാഹം നടക്കുകയും ചെയ്തു. ഈ സമയം ഖദീജാബീവിക്ക് നാല്‍പത് വയസ്സുണ്ടായിരുന്നു. മുമ്പത്തെ രണ്ടു ഭര്‍ത്താക്കന്മാരില്‍നിന്നായി രണ്ടു ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു അവര്‍ക്ക്.

പരിസരം
പ്രവാചരുടെ ജനന സമയത്ത് മക്കാ നഗരം ബിംബാരാധനയുടെ മഹാ കേന്ദ്രമായിരുന്നു. കഅബയില്‍തന്നെ 360 ഓളം വിഗ്രഹങ്ങള്‍ക്കു ആരാധന നടത്തപ്പെട്ടുകൊണ്ടിരുന്നു. പ്രവാചകരുടെ കുടുംബമായിരുന്നു അന്ന് കഅബയുടെ പരിപാലകര്‍. ഇങ്ങനെയെല്ലാമായിട്ടും പ്രവാചകന്‍ ഒരിക്കലും ഒരു ബിംബത്തിന്റെ മുമ്പിലും തല കുനിച്ചില്ല. ഒരു ദുരാചാരത്തിലും പങ്കാളിയായില്ല.

നുബുവ്വത്ത് (പ്രവാചകത്വം)
ഉപജീവനത്തിനു വേണ്ടി വ്യാപാരം തൊഴിലാക്കിയിരുന്ന പ്രവാചകര്‍ക്കു പിന്നെ പിന്നെ അതില്‍ താല്‍പര്യം കുറഞ്ഞുതുടങ്ങി. ഒടുവില്‍ മക്കയില്‍നിന്നു മൂന്നു മൈല്‍ അകലെയുള്ള ഹിറാ ഗുഹയില്‍ ചെന്ന് ഏകാന്തവാസം കൈക്കൊള്ളുവന്‍ തുടങ്ങി. ഭക്ഷണ സാധനങ്ങള്‍ കൂടെ കൊണ്ടുപോയി. അത് അവസാനിക്കുമ്പോള്‍ വീട്ടിലേക്കു തിരിച്ചുപോരുകയോ ഖദീജാ ബീവി കൊടുത്തയക്കുകയോ ചെയ്തു.

ആദ്യത്തെ വഹ്‌യ് (ദിവ്യബോധനം)
പതിവുപോലെ പ്രവാചകന്‍ ഹിറാ ഗുഹയില്‍ ഏകാന്ത വാസത്തിലായിരുന്നപ്പോള്‍ ഒരു റമദാന്‍ മാസത്തില്‍ അല്ലാഹു അയച്ച ഒരു മാലാഖ പ്രവാചകരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അത് ജിബ്‌രീല്‍ (അ) ആയിരുന്നു. അല്ലാഹുവിന്റെ സന്ദേശങ്ങള്‍ മനുഷ്യരിലെ അവന്റെ ദൂതന്മാര്‍ക്ക് എത്തിച്ചുകൊടുക്കുകയെന്നതായിരുന്നു ജിബ്‌രീല്‍ (അ) മിന്റെ പ്രധാന ജോലി. ജിബ്‌രീല്‍ പ്രവാചരോട് പറഞ്ഞു: വായിക്കുക. പ്രവാചകന്‍ പറഞ്ഞു: ഞാന്‍ വായന പഠിച്ചിട്ടില്ല. ജിബ്‌രീല്‍ പ്രവാചകരെ പിടിച്ചുഞെക്കി വീണ്ടും വായിക്കാന്‍ പറഞ്ഞു. ഞാന്‍ വായന പഠിച്ചിട്ടില്ല; പ്രവാചകന്‍ ആവര്‍ത്തിച്ചു. ജിബ്‌രീല്‍ വീണ്ടും ഞെക്കി. ഇങ്ങനെ മൂന്നു തവണ ആവര്‍ത്തിച്ച ശേഷം ഇഖ്‌റഅ് ബിസ്മി മുതല്‍ മാലം യഅ്‌ലം വരെ ഓതിക്കേള്‍പിച്ചുകൊടുത്തു. ഇതായിരുന്നു പ്രഥമ വഹ്‌യ്.
ഹിറാ ഗുഹയില്‍നിന്നും വഹ്‌യ് അവതരിച്ച ശേഷം പിന്നെ കുറേ കാലം വഹ്‌യൊന്നും ഇറങ്ങിയില്ല. ശേഷം, സൂറത്തുല്‍ മുദ്ദസിര്‍ അവതരിച്ച് വീണ്ടും വഹ്‌യ് ആരംഭിച്ചു. പ്രവാചകത്വത്തിന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുവാനുള്ള ആജ്ഞയായിരുന്നു ഇത്. അത് ഇങ്ങനെ തുടര്‍ന്നു: എഴുന്നേല്‍ക്കുക; ദുര്‍മാര്‍ഗത്തില്‍ കിടന്നുമറിയുന്ന ജനസമൂഹത്തെ സന്മാര്‍ഗത്തിലേക്ക് നയിക്കുക. അവരുടെ വിജയ മാര്‍ഗം ഒന്നുമാത്രമേയുള്ളൂവെന്ന് അവരെ ധരിപ്പിക്കുക; ഈ മാര്‍ഗം സ്വീകരിക്കുന്നവര്‍ക്ക് സമ്പൂര്‍ണ വിജയവും നിരാകരിക്കുന്നവര്‍ക്ക് പരലോകത്ത് പരമ നാശവും ഉണ്ടാവുമെന് അവരെ കേള്‍പിക്കുക. ഇതോടെ പ്രവാചകരുടെ പ്രബോധനത്തിന്റെ കാലഘട്ടം ആരംഭിക്കുകയായിരുന്നു.
നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്ന വിവിധ ആരാധ്യ വസ്തുക്കളെ വിട്ടുകൊണ്ടു ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയെന്ന എന്ന തത്വമായിരുന്നു നബിക്ക് ഒന്നാമതായി തന്റെ ജനതയുടെ മുമ്പില്‍ വെക്കുവാനുണ്ടായിരുന്നത്. കുറേ കാലങ്ങളായി ബഹുദൈവാരാധനയില്‍ അടിയുറച്ച ഒരു ജനതയില്‍ ഇത് ഫലപ്പെടുത്തുല്‍ വളരെ പ്രയാസകരമായിരിക്കുമെന്ന് പ്രവാചകര്‍ക്ക് നല്ലപോലെ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, ഒന്നാമതായി ദീനിനെ പരിചയപ്പെട്ടുത്താനായി പ്രവാചകന്‍ തെരഞ്ഞെടുത്തത്  അടുത്തറിയുന്നവരും തന്നോട് അടുത്ത ബന്ധമുള്ളവരുമായ ആളുകളെയാണ്. പ്രവാചകന്‍ ഇസ്‌ലാമിനെ പറഞ്ഞുകൊടുത്തപ്പോള്‍ ഒട്ടും ചിന്തിക്കുവാന്‍ നില്‍ക്കാതെ ഉടനടി അവര്‍ ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തു. അങ്ങനെ ആദ്യമായി ഇസ്‌ലാമിലേക്ക് വന്നവരാണ് ഖദീജ, ഭൃത്യന്‍ സൈദ്, ഉമ്മു ഐമന്‍, അലി, അബൂബക്ര്‍ തുടങ്ങിയവര്‍. ശേഷം, അബൂബക്ര്‍ (റ) പ്രേരണയും മറ്റും വഴി ഉസ്മാന്‍, സുബൈര്‍, അബ്ദുര്‍ റഹ്മാനു ബ്‌നു ഔഫ്, സഅദ് ബിന്‍ അബീ വഖാസ്, ഥല്‍ഹ തുടങ്ങിയവരും ഇസ്‌ലാമിലേക്കു കടന്നുവന്നു.  പിന്നീട് രഹസ്യമായി ഇസ്‌ലാം പ്രചരിച്ചുവരികയും മുസ്‌ലിംകളുടെ അംഗസംഖ്യ വര്‍ദ്ധിക്കുകയും ചെയ്തു.  ജനഹൃദയങ്ങളെ ശക്തമായി ആകര്‍ഷിക്കുന്ന ചെറിയ ചെറിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ സന്ദര്‍ഭോജിതമായി ഇറങ്ങിക്കൊണ്ടിരുന്നു. ഇതു കേട്ട അറബ് ജനത അല്‍ഭുതപ്പെടുകയും അവരുടെ ഹൃദയങ്ങളുടെ ഉള്ളറകളിലേക്ക് ഇവ തുളച്ചുകയറുകയും ചെയ്തു. അവരുടെ പരിസരങ്ങളില്‍തന്നെ സ്ഥിചെയ്യുന്ന വസ്തുക്കളെ ദൃഷ്ടാന്തങ്ങളായി എടുത്തുകാണിച്ചുകൊണ്ട് അല്ലാഹുവിന്റെ ഏകത്വത്തിലും പരലോകത്തിലുമുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കുവാന്‍ തുടങ്ങി. ഖുര്‍ആനിന്റെ വശ്യശക്തി നല്ലപോലെ ഫലപ്പെട്ടുതുടങ്ങി. ഇതെല്ലാം വളരെ രഹസ്യമായിട്ടാണ് നടന്നിരുന്നത്. വിശ്വസ്തന്മാരല്ലാത്തവരിലേക്ക് കാര്യങ്ങള്‍ ചോര്‍ന്നുപോകുന്നതിനെ നല്ലവണ്ണം സൂക്ഷിച്ചിരുന്നു. നിസ്‌കാരത്തിന്റെ സമയമാകുമ്പോള്‍ വല്ല കുന്നിന്‍ചെരിവിലും പോയി  അതനുഷ്ഠിച്ചു. ശുദ്ധ ഹൃദയന്മാരും ധൈര്യവാന്മരുമായ കുറേ ആളുകള്‍ ഈ കാലഘട്ടത്തില്‍ ഇസ്‌ലാം ആശ്ലേഷിച്ചു. ഇങ്ങനെ മൂന്നു വര്‍ഷത്തോളം രഹസ്യ പ്രചാരണം തുടര്‍ന്നു.
എന്നാല്‍, എന്നും ഇങ്ങനെ മറവില്‍ കഴിയേണ്ട മതമാണോ ഇസ്‌ലാം? ഒരിക്കലുമല്ല. സമസ്ത ലോകവ പ്രകാശിപ്പിക്കുവാനായി കടന്നുവന്ന മതമായിരുന്നു ഇസ്‌ലാം. അതിന് എന്നുമെന്നും ഒളിച്ചിരിക്കുക സാധ്യമമല്ല. അപ്പോള്‍, അല്ലാഹുവില്‍നിന്നും വ്യക്തമായ ആജ്ഞ വന്നു: താങ്കളോട് ഏല്‍പിക്കപ്പെട്ട കാര്യം പരസ്യമായി പ്രഖ്യാപിക്കുക.
ഇതിനെ തുടര്‍ന്നു പ്രവാചകന്‍ സ്വഫാ പര്‍വതത്തിന്റെ ഉച്ചയില്‍ കയറി ഉച്ചത്തില്‍ ഖുറൈശികളെ വിളിച്ചു. താമസിയാതെ വലിയൊരു ജനസമൂഹം അവിടെ തടിച്ചുകൂടി. അക്കൂട്ടത്തില്‍ നബിയുടെ പിതൃവ്യന്‍ അബൂ ലഹബുമുണ്ടായിരുന്നു. എല്ലാവരോടുമായി പ്രവാചകന്‍ ഇങ്ങനെ ചോദിച്ചു:
”ജനങ്ങളെ, ഈ മലയുടെ അപ്പുറത്ത് ഒരു വലിയ സൈന്യം ഉരുമിച്ചുകൂടിയിട്ടുണ്ടെന്നും അവര്‍ നിങ്ങളെ അക്രമിക്കുവാന്‍ തയ്യാറാണെന്നും ഞാന്‍ നിങ്ങളെ പറയുന്ന പക്ഷം നിങ്ങളത് വിശ്വസിക്കുമോ?”
”തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിക്കും. കാരണം, താങ്കള്‍ മുമ്പൊരിക്കലും അസത്യം പറഞ്ഞിട്ടില്ല. താങ്കള്‍ സത്യവാനും വിശ്വസ്തനുമാണെന്ന് ഞങ്ങള്‍ക്കറിയാം.” അവര്‍ പറഞ്ഞു.
അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ”ജനങ്ങളെ, അല്ലാഹുവിനെ മാത്രമേ നിങ്ങള്‍ ആരാധിക്കുവാന്‍ പാടുള്ളൂ. എല്ലാവിധ ബിംബാരാധനകളെയും നിങ്ങള്‍ കൈയൊഴിക്കണം എന്ന കാര്യത്തിലേക്ക് നിങ്ങളെ ഞാന്‍ ക്ഷണിക്കുകയാണ്. ഇത് നിങ്ങള്‍ തള്ളിക്കളയുന്ന പക്ഷം ഭീമാകാരമായ ശിക്ഷ നിങ്ങള്‍ക്കു വന്നുഭവിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നു.”
ഇതുകേട്ടമാത്രയില്‍ ഖുറൈശികള്‍ക്ക് കഠിനമായ വെറുപ്പുണ്ടായി. കോപാന്ധനായ അബൂലഹബിന്റെ   വായില്‍നിന്നും പുറത്തുവന്നത് ഇങ്ങനെയാണ്: ”നിനക്കു നാശം, ഇതിനാണോ നീ ഞങ്ങളെയെല്ലാം വിളിച്ചുകൂട്ടിയത്?”
നബി തന്റെ ദൗത്യം പരസ്യമായി പ്രചരണം നടത്തിക്കൊണ്ടിരിക്കുകതന്നെ ചെയ്തു. താന്‍ കൊണ്ടുവന്നിട്ടുള്ളത് മനുഷ്യരാശിയുടെ ശാശ്വത വിജയത്തിലേക്കുള്ള രാജവീഥിയാണ്. ഈ പ്രവഞ്ചത്തിന്റെയും മനുഷ്യരുടെയും സ്രഷ്ടാവ് അല്ലാഹു മാത്രമാണ്. മനുഷ്യന്റെ സ്ഥാനം അല്ലാഹുവിന്റെ അടിമ എന്നുള്ളതാണ്. പക്ഷെ, അവന്‍ മറ്റാരുടെയും അടിമയല്ല. അല്ലാഹുവിന് ആരാധിക്കേണ്ടത് അവന്റെ ബാധ്യതയാണ്. പക്ഷെ, അല്ലാഹുവിനല്ലാതെ മറ്റൊരാള്‍ക്കും അവന്‍ ആരാധിക്കുവാന്‍ പാടില്ല. മറ്റൊന്നിന്റെ മുമ്പിലും അവന്‍ തല കുനിക്കരുത്. ഇഹലോകത്തിലെ ഈ ജീവിതം മനുഷ്യന് ഒരു പരീക്ഷണ ഘട്ടമാണ്. ഈ ജീവിതത്തിലെ വിശ്വാസ കര്‍മങ്ങളെ വിചാരണ ചെയ്തു പ്രതിഫലം നല്‍കുന്ന ഒരു ദിവസം വരാനുണ്ട്. അതാണ് പരലോകം. അന്ന് ഇഹലോകത്തിലെ നന്മ തിന്മകള്‍ക്ക് തക്കതായ പ്രതിഫലങ്ങള്‍ കിട്ടും. ഈ തുറന്ന പ്രചരണം മക്കാനിവാസികള്‍ക്കിടയില്‍ വലിയൊരു കോളിളക്കംതന്നെ സൃഷ്ടിച്ചു. നാനാഭാഗത്തുനിന്നും എതിര്‍പ്പിന്റെ ശരവര്‍ശങ്ങളുണ്ടായി. ഈ അവസരത്തിലാണ് പ്രവാചകന്‍ ഒരു സദ്യ ഏര്‍പാട് ചെയ്തത്. ഖുറൈശികളിലെ പല പ്രമുഖ വ്യക്തികളെയും അതിലേക്കു ക്ഷണിച്ചു. സദ്യ കഴിഞ്ഞ ശേഷം പ്രവാചകന്‍ അവരെ അഭിസംബോധനം ചെയ്തു ഇങ്ങനെ പറഞ്ഞു: ”നിങ്ങളുടെ ഐഹികവും പാരത്രികവുമായ എല്ലാ  കാര്യങ്ങളും ഭംഗിയായി നിറവേറ്റിത്തരുവാന്‍ പര്യപ്തമായ ഒരു പ്രസ്താനമാണ് ഞാന്‍ കൊണ്ടുവന്നിട്ടുള്ളത്. ഈ കനത്ത ഭാരം ചുമക്കുന്നതില്‍ എനിക്ക് പിന്തുണ നല്‍കുവാന്‍ ആരുണ്ട്? പ്രതികരണം നിശ്ശബ്ദമായിരുന്നു. മുഴുവന്‍ അറബികളുടെയും കഠിനമായ എതിര്‍പിനെ നേരിടേണ്ടിവരുമെന്നറിഞ്ഞതിനാല്‍ ഈ സാഹത്തിന് സ്വാഭാവികമായും ഒരാളും ഒരുങ്ങിയില്ല. പക്ഷെ, കൂട്ടത്തില്‍ വെറും പതിമൂന്നു വയസ്സ് പ്രായമായ ഒരു ബാലനുണ്ടായിരുന്നു; അലി. അയാള്‍ എഴുന്നേറ്റു നിന്ന് ഞാനതിന് തയ്യാറാണെന്ന് പ്രഖ്യാപനം നടത്തി. ഖുറൈശികള്‍ക്ക് ഈ അല്‍ഭുത കൊച്ചിന്റെ ധീരതകണ്ട് മിഴിച്ചുനില്‍ക്കാനേ സാധിച്ചുള്ളൂ.
ഇതുവരെ നാല്‍പതോളം ആളുകള്‍ ഇസ്‌ലാമിലേക്കു കടന്നുവന്നു കഴിഞ്ഞു. ഖുറൈശികള്‍ അവരുടെ നേരെ മര്‍ദ്ദനങ്ങളുടെ പിരികള്‍ മുറുക്കി. ഒരു ദിവസം പ്രവാചകന്‍ വിശുദ്ധ മന്ദിരമായ കഅബയുടെ അങ്കണത്തില്‍ ചെന്ന് തൗഹീദിനെ സംബന്ധിച്ച് ഒരു പ്രഭാഷണം നടത്തി. ഇത് ഖുറൈശികള്‍ക്കു ഒട്ടും പിടിച്ചില്ല. അവര്‍ നാലുഭാഗത്തുനിന്നും ഓടിവന്ന് നബിയെ മര്‍ദ്ദിക്കുവാന്‍ തുടങ്ങി. ഹാരിസ് ബിന്‍ അബീ ഹാല പ്രവാചകരുടെ സയാഹത്തിനു ചെന്നു. പക്ഷെ, സത്യനിശേധികള്‍ അദ്ദേഹത്തെ കഠിനമായി മര്‍ദ്ദിച്ചു. അദ്ദേഹം രക്തസാക്ഷിയാവുകയും ചെയ്തു. ഇസ്‌ലാമിനുവേണ്ടിയുള്ള ആദ്യത്തെ രക്തസാക്ഷിത്വമായിരുന്നു ഇത്. പ്രവാചകന്‍ എങ്ങനെയോ രക്ഷപ്പെട്ടു.
പരസ്യമായ ഇസ്‌ലാമിക പ്രചരണം ഖുറൈശികളില്‍ വലിയ പരിഭ്രാന്തി ഉളവാക്കി. അതിനാല്‍ ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശത്രുക്കളായിത്തീര്‍ന്നു ഖുറൈശികള്‍. മക്കാ പട്ടണത്തിന് അന്നുണ്ടായിരുന്ന പ്രാധാന്യവും ബഹുമതിയും കഅബാലയം കാരണമായിരുന്നു. ഖുറൈശികളായിരുന്നു അതിന്റെ പരിപാലകരും അധികാരികളും. അങ്ങനെ ഖുറൈശികള്‍ക്കു മുഴുവന്‍ അറബ് ജനതയുടെ മേലില്‍ ഒരു മത നേതൃത്വം ഉണ്ടായിരുന്നു. മതത്തിന്റെ കാര്യത്തില്‍ എല്ലാവരും ഖുറൈശികളിലേക്കു നോക്കുമായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനം ഒന്നാമതായി ഏല്‍പിച്ച ആഘാതം ഖുറൈശീ നേതൃത്വത്തിനുകീഴിലെ ഈ മതത്തിനു മേലായിരുന്നു. തങ്ങളുടെ മുന്‍ഗാമികള്‍ അവലംബിച്ചുപോന്ന ഒരു മതത്തിനോട് അവിശ്വാസികള്‍ക്കുണ്ടായിരുന്ന ദൃഢ പ്രതിപത്തി എത്ര കണ്ടായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. അവരുടെ പൂര്‍വ്വ വിശ്വാസങ്ങള്‍ക്കെതിരില്‍ യുക്തമായ യാതൊന്നിനും വഴി മാറിക്കൊടുക്കുവാന്‍ അവര്‍ തയ്യാറില്ല. ഇസ്‌ലാമിനെ അവര്‍ കഠിനമായി എതിര്‍ക്കുവാനുണ്ടായ കാരണം ഇതുതന്നെയായിരുന്നു. കൂടാതെ ഖുറൈശീ നേതാക്കള്‍ക്ക് തങ്ങളുടെ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ടുപോവുകയും തങ്ങള്‍ അനുവര്‍ത്തിച്ചുപോന്ന ദുരാചാരങ്ങള്‍ തുടര്‍ന്നുപോകാന്‍ സാധിക്കാതെ വരികയും ചെയ്‌തേക്കുമോ എന്ന ഭയവും ഉണ്ടായി. ഈ പറഞ്ഞതും അല്ലാത്തതുമായ സംഗതികള്‍ അംഗുലീ പരിമിതമായ മുസ്‌ലിം സമൂഹത്തെ നശിപ്പിച്ചുകളയുന്നതിനായി മുന്നോട്ടു കുതിക്കുവാന്‍ ഖുറൈശികളെ നിര്‍ബന്ധിക്കുന്ന കാരണങ്ങളാണ്. പക്ഷെ, ഇസ്‌ലാമിക പ്രസ്ഥാനത്തെ വിജയിപ്പിക്കുക വഴി മുഴുവന്‍ ലോകത്തിനും കരുണ എത്തിക്കണമെന്ന് അല്ലാഹു വിധിച്ചിരുന്നതിനാലാവണം ഈ കടുംകൈ ചെയ്യുന്നതില്‍നിന്ന് ഖുറൈശികളെ തടയുന്ന ചില വസ്തുതകളുണ്ടായി. 1. അടുത്തകാലമായി അഭ്യന്തര കലഹങ്ങള്‍ നിമിത്തം അവര്‍ ക്ഷീണിതരായിരുന്നു. 2. ഇസ്‌ലാമതം സ്വീകരിച്ചവര്‍ വിവിധ ഗോത്രക്കാരായിരുന്നു. അവരില്‍ ആരെയെങ്കിലും വധിക്കുന്നത് ആ ഗോത്രത്തിനെതിരില്‍ യുദ്ധപ്രഖ്യാപനത്തിന് തുല്യമായിരുന്നു. അതിനാല്‍, യുദ്ധത്തിനു മുതിരാതെ ഇസ്‌ലാമിനെ അടിച്ചമര്‍ത്തവാന്‍ അവര്‍ മറ്റു മാര്‍ഗങ്ങള്‍ നോക്കി. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പരിഹസിക്കുവാനും ഇസ്‌ലാമിലേക്ക് വരുന്നതില്‍നിന്നും ജനങ്ങളെ വിലക്കുവാനും തുടങ്ങി.
ഈ കാലഘട്ടത്തില്‍ അവിശ്വാസികളുടെ ദുഷ്പ്രചാരണത്തെ ഖണ്ഡിക്കുകയും നബിക്ക് സമാധാനവും ആശ്വാസവും നല്‍കുന്നതുമായ ധാരാളം ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചു. അതിനാല്‍, പ്രവാചകനും അനുയായികളും ശക്തമായ ക്ഷമയോടും ദൃഢതയോടും കൂടെ കാഫിറുകളെ നേരിടുകയും ഇസ്‌ലമിക പ്രചാരണം തുടരുകയും ചെയ്തു.
ദുഷ്പ്രചരണങ്ങള്‍ വഴി ജനങ്ങളെ ഇസ്‌ലാമില്‍നിന്നു അകറ്റിനിറുത്തുവാന്‍ വേണ്ടി ഖുറൈശികള്‍ പരിശ്രമിക്കുംതോറും ജനങ്ങള്‍ക്കു അതിനെ പഠിക്കുവാനും അറിയുവാനുമുള്ള മോഹം വര്‍ദ്ധിക്കുകയാണുണ്ടായത്. അയല്‍ നഗരങ്ങളിലെല്ലാം ഈ വിവരം എത്തിയപ്പോള്‍ അന്വേഷണത്തിനായി പല ദിക്കുകളില്‍നിന്നും ആളുകള്‍ മക്കയിലേക്കു പ്രവഹിച്ചുതുടങ്ങി. അങ്ങനെ പ്രവാചക സവിധത്തിലേക്കു വന്നവരില്‍ പ്രമുഖനായിരുന്നു അബൂദര്‍റുല്‍ ഗിഫാരി. അദ്ദേഹം മക്കയില്‍വെച്ചുതന്നെ ഇസ്‌ലാമിനെ പരസ്യമായി പ്രഖ്യാപിച്ചപ്പോള്‍ ഖുറൈശികളില്‍ ചിലര്‍ അദ്ദേഹത്തെ കഠിനമായി മര്‍ദ്ധിക്കുകയുണ്ടായി.
ശേഷം, അബൂദര്‍റ് സ്വന്തം നാട്ടിലേക്കു തിരിച്ച് അവിടെ പ്രബോധനം നടത്തിയപ്പോള്‍ സ്വന്തം ഗോത്രത്തിലെ പകുതിപേരും അയല്‍ ഗോത്രത്തിലെ അസ്‌ലം കുടുംബവും ഇസ്‌ലാം മതം ആശ്ലേഷിക്കുകയുണ്ടായി. അങ്ങനെ ഇസ്‌ലാം ശീഘ്രഗതിയില്‍ വികസിക്കാന്‍ തുടങ്ങി. ഇതുകണ്ട് അമ്പരന്ന ഖുറൈശികള്‍ അബൂ ഥാലിബിന്റെ അടുത്തുചെന്ന് ഇങ്ങനെ പറഞ്ഞു: ‘ഒന്നുകില്‍, മുഹമ്മദിനെ സംരക്ഷിക്കുന്നതില്‍നിന്നും നിങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുക. അല്ലെങ്കില്‍, അവനെ പറഞ്ഞുശരിയാക്കുക. രണ്ടാലൊന്ന് ചെയ്യാതെ ശരിയാവില്ല.’ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ അബൂ ഥാലിബ് പ്രവാചകനെ വിളിച്ച് ഇത്രയും വലിയ ഭാരം എന്റെമേല്‍ ചുമത്തരുതെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘എന്റെ ഒരു കൈയില്‍ സൂര്യനും മറു കൈയില്‍ ചന്ദ്രനും വെച്ചുതന്നാലും ഞാന്‍ ഈ ദൗത്യത്തില്‍നിന്നും പിന്‍മാറുവാന്‍ പോകുന്നില്ല.’ ഇതുകേട്ടപ്പോള്‍ അബൂ ഥാലിബിന് ധൈര്യം വന്നു. അദ്ദേഹം പറഞ്ഞു: ‘നീ പോയി നിന്റെ ജോലി പൂര്‍ത്തിയാക്കുക. അവര്‍ക്ക് നിന്റെ ഒരു രോമത്തിനുപോലും പോറല്‍ ഏല്‍പിക്കാന്‍ സാധിക്കില്ല.’ ഭീഷണി ഫലിക്കില്ലെന്നു കണ്ടപ്പോള്‍ ഖുറൈശികള്‍ പ്രലോഭനത്തിനിറങ്ങി. അങ്ങനെ ഉത്ത്ബയെ പ്രവാചകരുടെ അടുക്കലേക്കയച്ചു. അദ്ദേഹം വന്ന് ഇങ്ങനെ പറഞ്ഞു: ‘മുഹമ്മദ്, താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്? മക്കയുടെ ഭരണ നേതൃത്വം ആവശ്യമുണ്ടോ? ഏതെങ്കിലും ഉയര്‍ന്ന തറവാട്ടില്‍നിന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവോ? അല്ലെങ്കില്‍, സമ്പത്തിന്റെ കൂമ്പാരമാണോ വേണ്ടത്? പറയൂ, എന്താണ് അടിസ്ഥാന ലക്ഷ്യമെന്ന്? ഇതെല്ലാം ചെയ്തുതരാന്‍ ഞങ്ങള്‍ തയ്യാറാണ്. തന്റെ ഈ പുതിയ വാദഗതികളില്‍നിന്നും മാറി നിന്നാല്‍ മതി.’ തന്റെ ഈ അടവ് ഫലിക്കുമെന്ന് ഉത്ബക്കു നല്ല വിശ്വാസമുണ്ടായിരുന്നു. എന്നാല്‍, ഇതിനു മറുപടിയായി ഖുര്‍ആനില്‍നിന്നും തൗഹീദിനെ പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ ഓതിക്കൊടുക്കുകയാണ് പ്രവാചകന്‍ ചെയ്തത്. അതോടെ ഉത്ബ തിരിച്ചുപോയി. അയാളുടെ മനസ്ഥിതി ആകെ മാറിക്കഴിഞ്ഞിരുന്നു. ശേഷം, അയാള്‍ ഖുറൈശികള്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: ‘മുഹമ്മദ് അവതരിപ്പിക്കുന്ന വചനം കവിതയല്ല. അത് മറ്റെന്തോ ആണ്. അദ്ദേഹത്തെ പാട്ടിനു വിടുകയാണ് നല്ലത്. അറബികള്‍ അദ്ദേത്തിന്റെ പ്രസ്ഥാനം അംഗീകരിച്ചാല്‍ അത് നിങ്ങള്‍ക്കു തന്നെയാണ് അഭിമാനം. അല്ലെങ്കില്‍ അറബികള്‍ തന്നെ അദ്ദേഹത്തിന്റെ കഥ കഴിക്കുകയും ചെയ്യും.’ ഖുറൈശികള്‍ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. അവസാനത്തെ അടവായ സമ്മര്‍ദ്ദത്തിന്റെയും മര്‍ദ്ദനത്തിന്റെയും മാര്‍ഗം സ്വീകരിക്കുവാന്‍ തീരുമമാനിച്ചു. ഇതിന്റെ ഫലമെന്നോണം മുസ്‌ലിംകള്‍ നട്ടുച്ചവെയിലത്ത് കത്തിയെരിയുന്ന മണല്‍ത്തട്ടില്‍ മലര്‍ത്തിക്കിടത്തപ്പെടുവാനും നെഞ്ചിന്മേല്‍ ഭാരമേറിയ കല്ലുകള്‍ വെക്കപ്പെടുവാനും ഇരുമ്പ് പഴുപ്പിച്ച് ചൂട് കുത്തപ്പെടുവാനും വെള്ളത്തില്‍ മുക്കപ്പെടുവാനും വിധിക്കപ്പെട്ടു.
ഉമയ്യത്തിന്റെ അടിമയായിരുന്ന ബിലാല്‍ (റ) വിനെ അവന്‍ ചുട്ടുപഴുത്ത മണലാരണ്യത്തില്‍ മലര്‍ത്തിക്കിടത്തി ഭാരമേറിയ കല്ലുകള്‍ നെഞ്ചിന്മേല്‍ എടുത്തുവെച്ചു. ഇസ്‌ലാമിനെ തള്ളിപ്പറയണം; അല്ലാത്തപക്ഷം, ഇങ്ങനെ മരണപ്പെടേണ്ടിവരുമെന്നു പറഞ്ഞു. അപ്പോഴും അദ്ദേഹത്തിന്റെ അധരങ്ങളില്‍നിന്നും അഹദ്, അഹദ് എന്ന ശബ്ദം മാത്രമാണ് പുറത്തുവന്നിരുന്നത്. യമന്‍ വാസികളില്‍പെട്ട അമ്മാര്‍ (റ) വും ഇതേപോലെ മര്‍ദ്ദിക്കപ്പെട്ടു. ഖബ്ബാബ് (റ) വിനെ ഖുറൈശികള്‍ തീയില്‍ കിടത്തി മര്‍ദ്ദിച്ചു. പുളയാതിരിക്കാനായി  അദ്ദേഹത്തിന്റെ ശരീരം ചവിട്ടി അമര്‍ത്തിപ്പിടിച്ചു.
ഇങ്ങനെ ഒരു ഭാഗത്ത് കഠിനമായ മര്‍ദ്ദനങ്ങള്‍ മുസ്‌ലിംകളുടെ മേല്‍ അഴിച്ചുവിട്ടപ്പോള്‍ മറുഭാഗത്ത് ഇസ്‌ലാം അനുദിനം വികസിച്ചുകൊണ്ടിരുന്നു. എന്തുയാതന സഹിച്ചും മുസ്‌ലിംകള്‍ ഇസ്‌ലാമില്‍ ഉറച്ചുനില്‍ക്കുന്നതായി കണ്ടപ്പോള്‍ ഇതില്‍ എന്തോ സത്യം അടങ്ങിയിട്ടുണ്ടെന്നും അത് അറിയേണ്ടതുണ്ടെന്നും   മുശ്‌രിക്കുകളില്‍ പലര്‍ക്കും അറിയണമെന്നായി.
അബ്‌സീനിയാ പലായനം
പ്രവാചകത്വം ലഭിച്ച് അഞ്ചു വര്‍ഷമായിട്ടും ഖുറൈശികളുടെ മര്‍ദ്ദനങ്ങള്‍ അവസാനിക്കുന്നതിന്റെ  യാതൊരു ലക്ഷണവും കണ്ടില്ല. മുസ്‌ലിംകളാണെങ്കില്‍ എന്തു ത്യാഗം സഹിച്ചും ദീനിനെ നിലനിറുത്തുവാന്‍ മടിയില്ലാത്തവരുമാണ്. മര്‍ദ്ദനങ്ങള്‍ അസഹ്യങ്ങളുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുറേ ആളുകളെ അബ്‌സീനിയ (ഹബ്ശ) യിലേക്കയക്കാന്‍ പ്രവാചകന്‍ തീരുമാനിച്ചത്. ആഫ്രിക്കയുടെ കിഴക്കേ അറ്റത്തുള്ള ഒരു രാജ്യമാണ് അബ്‌സീനിയ. നീതിമാനായ ഒരു ക്രിസ്ത്യന്‍ രാജാവായിരുന്നു അക്കാലത്ത് ആ നാട് ഭരിച്ചിരുന്നത്. ഈ പലായനത്തിന്റെ മറ്റൊരു ഉദ്ദേശ്യം ദൂരദിക്കുകളിലേക്ക് ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുകയെന്നതുമായിരുന്നു. ഒന്നാം ഘട്ടത്തില്‍ പതിനൊന്നു പുരുഷന്മാരും നാലു സ്ത്രീകളും അബ്‌സനിയയിലേക്കു പുറപ്പെട്ടു. സുരക്ഷിതരായി അവിടെ ജീവിതം തുടങ്ങി. ഇതറിഞ്ഞ ഖുറൈശികള്‍ക്ക് വിറളി പിടിച്ചു. അബ്ദുല്ലാഹിബ്‌നു റബീഅ, അംറുബ്‌നുല്‍ ആസ് എന്നിവരെ അവര്‍ അബ്‌സീനിയയിലെ രാജാവിന്റെ അടുക്കലേക്ക് അയച്ചു. അവര്‍ പാതിരിമാരെ കണ്ട് സ്വാധീനിച്ച് രാജാവിനോട് തങ്ങള്‍ക്ക് ശുപാര്‍ശ  ചെയ്യണമെന്ന് ആവശ്യപ്പെട്ട ശേഷം രാജാവിന്റെ അടുക്കല്‍ വരികയും പുതിയ മതം കൊണ്ടുവന്നതിനാല്‍ ഞങ്ങള്‍ ശിക്ഷ നല്‍കിയപ്പോള്‍ ഓടിരക്ഷപ്പെട്ട ഈ മുസ്‌ലിംകളെ വിട്ടുതരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാജാവ് മുസ്‌ലിംകളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ചു. തങ്ങളുടെ ഭാഗത്തുനിന്നും സംസാരിക്കുവാന്‍ മുസ്‌ലിംകള്‍ ജഅഫര്‍ ബിന്‍ അബീ ഥാലിബിനെ ചുമതലപ്പെടുത്തി. നിങ്ങളുടെ പുതിയ മതം ഏതാണ് എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കി:
”ഞങ്ങള്‍ കുറേ കാലമായി ദുര്‍മാര്‍ഗത്തിന്റെ അന്ധകാരത്തില്‍ കഴിയുകയായിരുന്നു. വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു. ശവം ഭക്ഷിച്ചിരുന്നു. വ്യഭിചരിച്ചിരുന്നു. അക്രമങ്ങള്‍ നടത്തുകയും പിടിച്ചുപറി തൊഴിലാക്കുകയും ചെയ്തിരുന്നു. ഇങ്ങനെ എല്ലാവിധ ദുഷ്‌ക്രിയകളിലും മുഴുകിയിരുന്നു. അങ്ങനെയൊരു അവസരത്തില്‍ അല്ലാഹു ഞങ്ങളെ അനുഗ്രഹിക്കുകയും ഒരു പ്രവാചകനെ ഞങ്ങളിലേക്ക് നിയോഗിച്ചുതരികയും ചെയ്തു. അവരെ ഞങ്ങള്‍ക്കു നല്ല പരിയമുണ്ട്. നല്ല കുടുംബാംഗവും സല്‍സ്വഭാവിയും വിശ്വസ്തനും നീതിമാനുമാണ് അദ്ദേഹം. വിഗ്രഹാരാധന പാടില്ലെന്നും ഏകദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നും  അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. എല്ലാവിധ ദുഷ്പ്രവൃത്തികളും മൃഗീയതയും വിട്ടൊഴിക്കേണമെന്നും ഞങ്ങളോടു കല്‍പിച്ചു. ഞങ്ങള്‍ അത് സ്വീകരിച്ചു. എല്ലാവിധ ദുഷ്‌ചെയ്തികളില്‍നിന്നും ഒഴിഞ്ഞുമാറി. ഇതുകാരണം ഞങ്ങളുടെ കൂട്ടുകാര്‍ ഞങ്ങളെ ശത്രുക്കളാക്കി. അവരുടെ ദ്രോഹം സഹിക്കവയ്യാതായപ്പോള്‍ ഞങ്ങള്‍ അങ്ങയുടെ നാട്ടില്‍ അഭയം തേടി വന്നവരാണ്. അങ്ങയുടെ സംരംക്ഷണത്തില്‍നിന്നു ഞങ്ങളെ തട്ടിയെടുക്കുവാനാണ് ഇപ്പോള്‍ അവര്‍ പരിശ്രമിക്കുന്നത്.”
ഇതുകേട്ടു കഴിഞ്ഞപ്പോള്‍ ഖുര്‍ആനില്‍നിന്നും ഒരു ഭാഗം ഓതി കേള്‍പ്പിക്കുവാന്‍ രാജാവ് ആവശ്യപ്പെട്ടു. ജഅഫര്‍ (റ) സൂറത്തു മര്‍യമിലെ ചില സൂക്തങ്ങള്‍ ഓതിക്കൊടുത്തു. രാജാവിന്റെ നയനങ്ങള്‍ കഴഞ്ഞൊഴുകി. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, ഈ വചനങ്ങളും ഇഞ്ചീലും ഒരേ വിളക്കിലെ പ്രകാശങ്ങളാണ്.’ ശേഷം മുസ്‌ലിംകളെ വിട്ടുതരുന്ന പ്രശ്‌നമില്ലെന്ന് മുശ്‌രിക്കുകളോട് തീര്‍ത്തു പറയുകയും ചെയ്തു.
ഈ രാജാവ് പില്‍കാലത്ത് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. അദ്ദേഹം മരണപ്പെട്ടപ്പോള്‍ പ്രവാചകന്‍ ജനാസ നമസ്‌കരിച്ചിരുന്നു.

ഹംസ (റ) വിന്റെ ഇസ്‌ലാമാശ്ലേഷം
നുബുവ്വത്തിന്റെ ആറാം വര്‍ഷം ഹംസ (റ) ഇസ്‌ലാം സ്വീകരിച്ചു. അതിന്റെ പശ്ചാത്തലം ഇങ്ങനെയായിരുന്നു: അബൂജഹല്‍ ഒരു തവണ പ്രവാചകനെ കണക്കിലധികം അപമാനിച്ചു. ഈ സമയം ഹംസ (റ) വേട്ടക്കു പോയതായിരുന്നു. തിരിച്ചുവന്നപ്പോള്‍ വിവരമറിഞ്ഞു. ഉടനെ അബൂജഹലിന്റെ അടുത്തുചെല്ലുകയും അയാളെ കണക്കിനു ശകാരിച്ച ശേഷം ഞാന്‍ മുസ്‌ലിമായിരിക്കുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.  കോപത്തില്‍ മതിമറന്ന് അങ്ങനെ പറഞ്ഞുപോയതായിരുന്നുവെങ്കിലും ആ സമയത്ത് തനിക്കതിന് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. ദിവസം മുഴുവന്‍ ചിന്തിച്ചു നിന്നു. ഒടുവില്‍ ശരിക്കും സ്വീകരിക്കുകയും ചെയ്തു.

ഉമര്‍ (റ) വിന്റെ ഇസ്‌ലാമാശ്ലേഷം
ഹംസ (റ) മുസ്‌ലിമായി കുറച്ചുനാളുകളേയായുള്ളൂ. അപ്പോഴേക്കും ഉമര്‍ (റ) വും ഇസ്‌ലാമിലേക്കു കടന്നു വന്നു. ‘അല്ലാഹുവെ, അബൂജഹല്‍, ഉമര്‍ എന്നിവരില്‍ നീ ഇഷ്ടപ്പെട്ടവരെകൊണ്ട് നീ ഇസ്‌ലാമിനെ ശക്തിപ്പെടുത്തേണമേ’ എന്ന് പ്രവാചകന്‍ ഇടക്കിടെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഒരു ദിവസം പ്രവാചകരെ വധിച്ചുകളയണമെന്ന ലക്ഷ്യത്തോടെ വാളുമെടുത്ത് ഉമര്‍ (റ) പുറപ്പെടുകയുണ്ടായി. വഴിയില്‍ നഈം ബിന്‍ അബ്ദില്ലയുമായി കണ്ടുമുട്ടി. എങ്ങോട്ടാണ് പോകുന്നതെന്ന് അദ്ദേഹം തിരക്കി. മുഹമ്മദിന്റെ കഥ കഴിക്കാനെന്നായിരുന്നു ഉമറിന്റെ പ്രതികരണം. ‘ആദ്യം സ്വന്തം വീട്ടിലെ കാര്യം നോക്കിയിട്ടുപോരെ മറ്റുള്ളവരുടെ കാര്യം; പെങ്ങളും ഭര്‍ത്താവും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടല്ലോ..’ നഈം ചോദിച്ചു. ഇതുകേട്ടപ്പോള്‍  ഉമറിന്റെ ചോര തിളച്ചു. അദ്ദേഹം ഉടനെ അവരുടെ വീട്ടിലേക്കു കുതിച്ചു. അവരവിടെ ഖുര്‍ആന്‍ ഓതുകയായിരുന്നു. ഉമറിനെ കണ്ടപ്പോള്‍ നിശബ്ദരായി. ഉമര്‍ അകത്തുചെന്നു. എന്തായിരുന്നു ശബ്ദങ്ങളെന്നു തിരക്കി. അവര്‍ പതുങ്ങിയ സ്വരത്തില്‍ കാര്യം പറഞ്ഞു. കുപിതനായ ഉമര്‍ പെങ്ങളെയും ഭര്‍ത്താവിനെയും നല്ലപോലെ മര്‍ദ്ദിച്ചു. രക്തം പൊട്ടിയൊലിച്ചു. ഒടുവില്‍ ഖുര്‍ആന്‍ കണ്ടപ്പോള്‍ ഉമറിന്റെ മനസ്സു മാറി. അദ്ദേഹം അതുവാങ്ങി ശ്രദ്ധിച്ചു. ശഹാദ മൊഴിഞ്ഞു മുസ്‌ലിമായി. ഉടനെ പ്രവാചകരുടെ അരികെ ചെന്നു. തന്റെ ഇസ്‌ലാമാശ്ലേഷണം വിളംബരം ചെയ്തു.
ഇതോടെ മുസ്‌ലിംകള്‍ക്കു ഒരു ശക്തി കൈവന്നു. നമസ്‌കാരവും മറ്റു ആരാധനകളും പരസ്യമായിത്തന്നെ നിര്‍വഹിക്കാന്‍ തുടങ്ങി.

മലമടക്കിലെ താമസം
ഇസ്‌ലാമിന്റെ വളര്‍ച്ച കണ്ട് സഹിക്കവയ്യാതെ വിറളി പിടിച്ച ഖുറൈശികള്‍ അവസാനം ഇങ്ങനെയൊരു തീരുമാനമെടുത്തു: പ്രവാചക കുടുംബമായ ബനൂ ഹാശിമുമായി എല്ലാവരും പരിപൂര്‍ണമായ സഹകരണ ത്യാഗം പുലര്‍ത്തുക. ഭക്ഷണ പാനീയങ്ങള്‍ പോലും തടഞ്ഞു കളയുക. ഈ തീരുമാനവും വ്യവസ്ഥകളുമെല്ലാം എഴുതി കഅബയില്‍ കെട്ടിത്തൂക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഗതി മുട്ടിയപ്പോള്‍ അബൂ ഥാലിബ് മുഴുവന്‍ ഹാശിം കുടുംബാംഗങ്ങളെയും കൂട്ടി ഒരു മല മടക്കിലേക്കു താമസിക്കാന്‍ പോയി. വര്‍ണ്ണനാതീതങ്ങളായ യാതനങ്ങള്‍ സഹിച്ച് അവിടെ മൂന്നുവര്‍ഷം കഴിച്ചുകൂട്ടി. ഇലകള്‍, ഉണങ്ങിയ തോല്‍ തുടങ്ങിയവ പോലും ഇതിനിടയില്‍ അവര്‍ക്കു ഭക്ഷിക്കേണ്ടിവന്നു. ഒടുവില്‍ അവിശ്വാസികള്‍ക്കിടയില്‍തന്നെ ഇതിനെതിരെ രൂക്ഷമായ എതിര്‍പ്പ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്&zwj

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter