ബാബരിവിധിക്കു ശേഷം ഇന്ത്യയും മുസ്‌ലിംകളും

464 വര്‍ഷങ്ങള്‍ പിന്നിട്ട ബാബരി മസ്ജിദ് മണ്‍കട്ടകളുടെ കൂമ്പാരമായി അവശേഷിച്ചതും ഭരണഘടനയുടെയും നിയമവാഴ്ചയുടെയും അസ്തിത്വം  തകര്‍ക്കപ്പെട്ടതും ഏതൊരു മഹാപൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും ഉടമകളാണ് നമ്മളെന്നു കരുതിയിരുന്നുവോ അതിന്റെ വിനാശംകുറിച്ചതും കണ്ടുകൊണ്ടാണ് ഡിസംബര്‍ ഏഴിന് സൂര്യന്‍ കിഴക്കുദിച്ചത്. മാനവ സൗഹൃദം എന്ന നമ്മുടെ പവിത്രസങ്കല്‍പ്പത്തിനു കളങ്കം സംഭവിച്ചതും ഇന്ത്യയുടെ മനഃസാക്ഷിക്ക് ആഴത്തില്‍ മുറിവേറ്റതും അന്നു തന്നെയായിരുന്നു.''(എം.പി വീരേന്ദ്രകുമാര്‍-രാമന്റെ ദുഃഖം, പേജ് 17)

''പാനിപത്ത് യുദ്ധത്തിനു ശേഷം ബാബര്‍ ആദ്യം ചെയ്ത കാര്യം ശ്രീകൃഷ്ണനു പ്രിയങ്കരമായ യമുനയുടെ തീരത്ത് ഒരു ആരാമം ഉണ്ടാക്കുകയായിരുന്നു. ഇന്നും ആ ആരാമം 'രാംഭാഗ്' എന്ന പേരില്‍ അവിടെ വിലസുന്നു. ക്ഷേത്ര ധ്വംസനം ചെയ്ത ബാബറെ ചരിത്രത്തിന് അറിവില്ല. ഹിന്ദുസ്ഥാനത്തില്‍ ബാബര്‍ ഒന്നാമതുണ്ടാക്കിയ പൂന്തോട്ടത്തിന് രാംഭാഗ് എന്നാണ് പേരെങ്കില്‍, ആ ഉദാരാശയനായ ചക്രവര്‍ത്തി രാമന്റെ പേരിലുള്ള ഒരു ആരാധനാ സ്ഥലത്തെ തകര്‍ക്കുമോ?'' (സുകുമാര്‍ അഴീക്കോട്-ആകാശം നഷ്ടപ്പെട്ട ഇന്ത്യ, പേജ് 143)

1992 ഡിസംബര്‍ ആറിനു സംഭവിച്ച ബാബരി ദുരന്തത്തെ കുറിച്ചുള്ള മതേതര ഇന്ത്യയുടെ പ്രതികരണത്തിന്റെ സാമ്പിളുകള്‍ ഈ രണ്ടു ഉദ്ധരണികള്‍ വ്യക്തമാക്കിത്തരുന്നുണ്ട്. ഏതാണ്ട് ഇതേ ശൈലിയിലാണ് സംഘ് പരിവാര ഫാഷിസ്റ്റുകളൊഴികെയുള്ള സര്‍വ്വ ഇന്ത്യക്കാരും പ്രതികരിച്ചതും പ്രതിഷേധിച്ചതും. രാഷ്ട്രപിതാവിന്റെ വധത്തിനു ശേഷം ആധുനിക ഇന്ത്യ കണ്ട ഏറ്റവും ദുഃഖപൂര്‍ണ്ണമായ ദുരന്തമെന്ന് അന്നത്തെ ഉപരാഷ്ട്രപതി കെ.ആര്‍ നാരായണന്‍ പോലും വിശേഷിപ്പിക്കുമാറ് ഇന്ത്യന്‍ ജനതയെ വേദനിപ്പിച്ചിരുന്നു 'ഒപ്പറേഷന്‍ ഡെമോളിഷന്‍' അരങ്ങേറിയ ആ കറുത്ത ഞായറാഴ്ച. മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മൗനം പാലിക്കുകയോ നിസ്സംഗത പ്രകടിപ്പിക്കുകയോ ചെയ്തവര്‍ പോലും അതു തെറ്റായിരുന്നുവെന്ന് പിന്നീട് വിളിച്ചു പറഞ്ഞിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു എന്നതിനു പകരം 'തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടു' എന്ന് തലക്കെട്ടു കൊടുത്ത പത്രമാധ്യമങ്ങള്‍ പോലും പില്‍ക്കാലത്ത് കടുത്ത വിമര്‍ശനത്തിനു വിധേയമാകുംവിധം ഇന്ത്യയുടെ മതേതര ബോധം ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

എന്നാല്‍, ഈ വസ്തുതകള്‍ മുഴുവന്‍ അട്ടിമറിക്കപ്പെടുംവിധമാണ് 2010 സെപ്തംബര്‍ 30ന് അലഹബാദ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. കേവലമൊരു ഇതിഹാസകഥാപാത്രം മാത്രമാണോ അതോ ചരിത്രപുരുഷന്‍ തന്നെയാണോ എന്ന് ഇന്നോളം തെളിയിക്കപ്പെടാത്ത ശ്രീരാമന്‍ ജനിച്ചുവീണത് മസ്ജിദിന്റെ പ്രധാന താഴികക്കുടത്തിനു താഴെയാണെന്നും അവിടെ ആദ്യമേ ക്ഷേത്രമുണ്ടായിരുന്നെന്നും കോടതി അഭിപ്രായപ്പെട്ടിരിക്കുന്നു. തകര്‍ക്കപ്പെട്ട കെട്ടിടം ഇസ്‌ലാമിക നിയമപ്രകാരം നിര്‍മിച്ച മസ്ജിദ് അല്ലെന്നും രാമജന്മഭൂമിയാണെന്നും കോടതി കണ്ടെത്തിയിരിക്കുന്നു. ഭൂരിപക്ഷ സമുദായത്തിനു മൂന്നില്‍ രണ്ടുഭാഗവും മുസ്‌ലിംകള്‍ക്ക് മൂന്നിലൊന്നും എന്ന നാട്ടുപഞ്ചായത്തു മോഡല്‍ വിധിയും പറഞ്ഞിരിക്കുന്നു! ഈ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും തെറ്റായ കീഴ്‌വഴക്കങ്ങളും സൃഷ്ടിക്കുമെന്ന് രാജ്യത്തെ പല പ്രമുഖ നിയമവിദഗ്ധരും അഭിപ്രായപ്പെട്ടുകഴിഞ്ഞു. ബാബരി മസ്ജിദ് നിലകൊള്ളുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്ക് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കേണ്ടതിനു പകരം, കേസില്‍ കക്ഷികളായ മൂന്നു വിഭാഗത്തിനുംകൂടി ഭൂമി വീതിച്ചു നല്‍കാനാണ് കോടതി ഉത്തരവ്. എല്ലാവരെയും തൃപ്തിപ്പെടുത്തി പൊതുസമൂഹത്തിന്റെ കയ്യടി നേടാനുള്ള ഈ ശ്രമം ആരെയും പൂര്‍ണാര്‍ത്ഥത്തില്‍ സംതൃപ്തരാക്കിയില്ല എന്നതാണ് വസ്തുത. അതുകൊണ്ടാണല്ലോ കേസില്‍ കക്ഷിചേര്‍ന്ന മൂന്നു വിഭാഗവും വ്യക്തമായ വിധിക്ക് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഒരു മതേതര കോടതിക്ക് എത്തിപ്പെടാനാകാത്ത സമീപനങ്ങളാണ് ബാബരി കേസില്‍ അലഹബാദ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നതെന്നു പറയാതെ വയ്യ. 500 വര്‍ഷം മുമ്പുളള സാങ്കല്‍പിക ക്ഷേത്രധ്വംസനത്തെ കുറിച്ച് വാചാലമാകുന്ന കോടതി, 18 വര്‍ഷം മുമ്പ് രാജ്യം മുഴുവന്‍ നോക്കി നില്‍ക്കേ പള്ളി തല്ലിത്തകര്‍ത്തതിനെ കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ല. മറിച്ച്, അത് ഇസ്‌ലാമിക നിയമപ്രകാരം നിര്‍മിച്ചതല്ലെന്നു സ്ഥാപിക്കാനാണു ശ്രമിക്കുന്നത്. അഥവാ, പഴയ ക്ഷേത്രത്തിന്റെ സ്ഥാനത്ത് ബാബറുണ്ടാക്കിയ കെട്ടിടം യഥാര്‍ത്ഥത്തില്‍ പള്ളിയല്ലെന്നും അതില്‍ താല്‍കാലിക ക്ഷേത്രം നില്‍ക്കുന്നയിടം ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നുമുള്ള ഉത്തരവിലൂടെ 1992 ഡിസംബര്‍ ആറിനു നടത്തിയ 'ഓപ്പറേഷന്‍ ഡെമോളിഷന്‍' അനിവാര്യമായ 'ഒരു കൊച്ചു തെറ്റ്' മാത്രമാണെന്ന സന്ദേശം നല്‍കുകയാണ് കോടതി. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും മഹാപാതകമെന്നു വിശേഷിപ്പിക്കുകയും അങ്ങേയറ്റം അപലപിക്കുകയും ചെയ്ത ഒരു ക്രൂരകൃത്യത്തെ ന്യായീകരിക്കാന്‍ വിധിയുടെ പഴുതിലൂടെ സംഘ്പരിവാര ഫാഷിസ്റ്റുകള്‍ക്ക് അവസരമൊരുക്കി കൊടുത്തിരിക്കുകയാണിവിടെ. പ്രചണ്ഡമായ പ്രചരണ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച മിത്തുകള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ നിറവും നിയമത്തിന്റെ അംഗീകാരവും ഉണ്ടായിരുന്നുവെന്ന ധാരണയാണ് കോടതി വിധിയോടെ പൊതുസമൂഹത്തില്‍ ഉണ്ടായിരിക്കുന്നത്.

ബാബരി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലം രാമജന്മഭൂമിയാണെന്ന കോടതിയുടെ കണ്ടെത്തല്‍ ജുഡീഷ്യറിയുടെ ഭാഗത്തു നിന്നുളള തെറ്റായ ചില സന്ദേശങ്ങളാണ് നല്‍കുന്നത്. വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നിയമം വ്യാഖ്യാനിക്കുന്നതിനു പകരം, ജനങ്ങളുടെ വിശ്വാസങ്ങളും സങ്കല്‍പ്പങ്ങളും പ്രമാണമായി കരുതി പരിസരങ്ങള്‍ക്കനുസരിച്ച് തീര്‍പ്പു ഫോര്‍മുല പ്രഖ്യാപിക്കുകയായിരുന്നു കോടതി എന്നു പല ചരിത്രപുരുഷന്മാരും നിയമജ്ഞരും വിമര്‍ശനമുന്നയിച്ചുകഴിഞ്ഞു. ശ്രീരാമന്‍ ഒരു ചരിത്രപുരുഷനായിരുന്നോ എന്ന് ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. പലര്‍ക്കും അതൊരു ഇതിഹാസകഥാപാത്രം മാത്രമാണ്. ഹൈന്ദവ വിശ്വാസ പ്രകാരം വിഷ്ണുവിന് പത്ത് അവതാരങ്ങളുണ്ട്. അതില്‍ ഏഴാമനാണ് രാമന്‍. അത് ത്രേതായുഗത്തിലായിരുന്നത്രെ. പിന്നീട് ദ്വാപരവും കഴിഞ്ഞു കലികാലത്തിലെത്തി. ലഭ്യമായ തെളിവുകള്‍ വെച്ച് ഒരിക്കലും രാമജന്മഭൂമി കണ്ടെത്താനാവില്ലെന്നു സാരം. ആധികാരിക ചരിത്രത്തിന്റെ ഒരു രേഖയും രാമജന്മഭൂമിയെ കുറിച്ച് ഖണ്ഡിതമായ വിധി പറയുന്നില്ല. രാമായണവും രാമചരിതമാനസവുമെല്ലാം അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന് പറയുന്നുണ്ടെന്നതു ശരി. ഇതിഹാസകാവ്യങ്ങളിലെ പരാമര്‍ശം ചരിത്രപരമായി തെളിയിക്കപ്പെടാത്തിടത്തോളം കാലം അയോധ്യയിലാണ് രാമന്‍  ജനിച്ചതെന്ന വാദം കേവല വിശ്വാസമായി തന്നെ നിലനില്‍ക്കും. ആ വിശ്വാസത്തെയാണ് കോടതി ആധികാരികവും നിയമാനുസൃതവുമായ ഒരു കാര്യമായി അവതരിപ്പിച്ചിരിക്കുന്നത്.

ബാബരി മസ്ജിദിനു മുമ്പ് അവിടെ ഒരു ഹൈന്ദവ ആരാധനാലയം നിലനിന്നിരുന്നുവെന്നും അതിനു മുകളിലാണ് ബാബര്‍ പള്ളി പണിതതെന്നുമാണ് പറയുന്നത്. 2003 ആഗസ്ത് 24ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണത്രെ കോടതി ഇത്തരമൊരു വിധി പ്രഖ്യാപിച്ചത്. ഒരു ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നു സംശയാതീതമായി തെളിയിക്കപ്പെട്ടുവെന്ന് വെക്കുക. അവിടെ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലമാണ്, അതുകൊണ്ടത് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം എന്നേ കോടതിക്ക് വിധിക്കാനാകൂ. എന്നാല്‍, കോടതി പറഞ്ഞത് ബാബരി മസ്ജിദ് നിലകൊള്ളുന്ന സ്ഥലം രാമജന്മഭൂമിയാണെന്നാണ്. അതിനെന്തു തളിവാണ് കോടതി ആധാരമാക്കിയത്? ക്ഷേത്രമുണ്ടായിരുന്നു എന്നതിന്റെ തളിവെങ്ങനെ രാമജന്മഭൂമിയായിരുന്നു എന്നതിന്റെ തെളിവാകും? ഒരു വിഭാഗം അങ്ങനെ വിശ്വസിച്ചു എന്നതല്ലാതെ മറ്റൊന്നും കോടതിയുടെ മുന്നിലില്ലായിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏതു സ്ഥലത്തെ കുറിച്ചും അത് ഏതെങ്കിലുമൊരു ആരാധ്യ പുരുഷന്റെ ജന്മസ്ഥലമാണെന്നു ആര്‍ക്കും വാദിക്കാം, ആധികാരിക രേഖയുടെയോ തെളിവിന്റെയോ ആവശ്യമില്ല-അങ്ങനെ വിശ്വസിക്കുന്ന അല്ലെങ്കില്‍ വാദിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ ഉണ്ടായാല്‍ മതി. അതുകൊണ്ടാണ് ഈ കോടതി വിധി തെറ്റായ ചില കീഴ്‌വഴക്കങ്ങള്‍ക്കു തുടക്കംകുറിക്കുമെന്നു നാം പറയുന്നത്.

മസ്ജിദ് നില്‍ക്കുന്നയിടത്ത് മുമ്പ് ക്ഷേത്രമുണ്ടായിരുന്നു എന്ന വിധിക്ക് ആധാരമാക്കിയ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിച്ചാലും അതിലെ രാഷ്ട്രീയം വളച്ചുകെട്ടില്ലാതെ ആര്‍ക്കും ബോധ്യപ്പെടും. ബി.ജെ.പി. കേന്ദ്രം ഭരിക്കുന്ന സമയത്ത് അവര്‍ നടത്തിയ കുതന്ത്രങ്ങളുടെ ഫലമായിരുന്നു എ.എസ്.ഐ റിപ്പോര്‍ട്ട്. എ.എസ്.ഐ ഡയറക്ടറായിരുന്ന ഡോ. കസ്തൂരി ഗുപ്തയെ ആ സ്ഥാനത്തു നിന്നു കൈത്തറി മന്ത്രാലയത്തിലേക്ക് മാറ്റുകയും ആര്‍ക്കിയോളജിയുമായി ഒരു ബന്ധവുമില്ലാത്ത അന്നത്തെ സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഗൗരി ചാറ്റര്‍ജിയെ ഉത്ഖനനത്തിന് മേല്‍നോട്ടം വഹിക്കാന്‍ നിയമിക്കുകയുമായിരുന്നു. ആര്‍.എസ്.എസുമായി ഗൗരിക്കുണ്ടായിരുന്ന ആത്മബന്ധമായിരുന്നു അദ്ദേഹത്തെ തന്നെ നിയമിക്കാന്‍ മുരളി മനോഹര്‍ജോഷിയെ പ്രേരിപ്പിച്ചത്. 2003 ആഗസ്ത് 24ന് എ.എസ്.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാര്യമായും അവര്‍ ഉയര്‍ത്തിക്കാണിച്ചത് 50 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള ഒരുപക്ഷേ, ഹൈന്ദവ ക്ഷേത്രം ആയിരിക്കാനിടയുള്ള ഒരു കെട്ടിടത്തിന്റെ അവശിഷ്ടം ഖനനത്തിനിടെ കണ്ടെത്തി എന്നതാണ്. അന്നത്തെ കേന്ദ്രഭരണകൂടത്തിന്റെ ഇംഗിതത്തിനനുസരിച്ചുള്ള ഈ റിപ്പോര്‍ട്ട് അന്നുതന്നെ വലിയ വിവാദമായിരുന്നു. എ.എസ്.ഐ റിപ്പോര്‍ട്ടിനെതിരെ പതിനഞ്ചു ചരിത്രകാരന്മാര്‍ കോടതിയില്‍ മൊഴി നല്‍കി. ഉത്ഖനനത്തില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്ക് മുമ്പ് അവിടെ സല്‍ത്ത്വനത്തിന്റെ അവശിഷ്ടമായിരുന്നു എന്നായിരുന്നു അവരില്‍ പലരുടെയും പക്ഷം. എന്നാല്‍ അതെല്ലാം തള്ളിക്കളഞ്ഞ എ.എസ്.ഐയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഒരു നിഗമനത്തെ മാത്രം ആധികാരികമായി എടുക്കുകയായിരുന്നു കോടതി. വസ്തുതകള്‍ക്കും തെളിവുകള്‍ക്കും ഉപരിയായി വിശ്വാസത്തെയും വികാരത്തെയും മാനിക്കുകയും അതിനനുസരിച്ച് വിധി പറയുകയും ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് നീതിപീഠം മാറുന്നോ എന്ന സംശയത്തിനു ഇതു ശക്തിപകരുന്നു.

വലിയ ആത്മവിശ്വാസത്തോടെയാണ് മുസ്‌ലിംകള്‍ ഈ കേസില്‍ ഇടപെട്ടത്. കാരണം, തെളിവുകളുടെ പിന്‍ബലത്തിലായിരുന്നു മസ്ജിദിനു വേണ്ടി ഉയര്‍ന്ന അവകാശവാദം. പതിനാറാം നൂറ്റാണ്ടു മുതല്‍ മസ്ജിദ് നിലനിന്നിരുന്നു എന്നത് സര്‍വ്വാംഗീകൃതം. 1949 വരെ മുസ്‌ലിംകള്‍ അതില്‍ ആരാധന നിര്‍വഹിച്ചിരുന്നു എന്നതും സത്യം.  1949 ഡിസംബര്‍ 22ന് ചിലര്‍ പള്ളി തുറന്ന് അവിടെ രാംലീലാ വിഗ്രഹം സ്ഥാപിക്കുകയായിരുന്നു എന്ന് കോടതിയും ഉറപ്പിച്ചു പറയുന്നു. ഇവിടെ സങ്കല്‍പ്പങ്ങളും അനുമാനങ്ങളുമില്ല. പള്ളിക്കകത്ത് വിഗ്രഹം സ്ഥാപിച്ചതാണ് പ്രശ്‌നത്തിനു തുടക്കം. അതു സമ്മതിക്കുന്ന കോടതി പ്രസ്തുത ചെയ്തിയെക്കുറിച്ച് മൗനംദീക്ഷിക്കുകയാണ് ചെയ്യുന്നത്. ഇവിടെ സംഘ് പരിവാര ഫാഷിസ്റ്റുകള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. അത് ശ്രീരാമനിലോ അയോധ്യയിലോ ഒതുങ്ങുന്നതല്ല. അതവര്‍ക്ക് വിവിധ ചേരികളിലായി നില്‍ക്കുന്ന ഹൈന്ദവ സമൂഹത്തെ ഏകശിലാത്മക സമൂഹമാക്കി മാറ്റിയെടുക്കാനുള്ള ആയുധം മാത്രമാണ്. മുസ്‌ലിംകള്‍ക്ക് മക്കയും ക്രിസ്ത്യാനികള്‍ക്ക് വത്തിക്കാനും എന്നതു പോലെ ഒരു കേന്ദ്രവും ഒരു നേതാവും കൃത്രിമമായി സൃഷ്ടിച്ചെടുത്ത് സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗപ്പെടുത്തുകയാണവര്‍. മുഹമ്മദ് നബി(സ) മക്കയിലും യേശു ബത്‌ലഹേമിലും ബുദ്ധന്‍ കപിലവസ്തുവിലും ജനിച്ചു എന്നു പറയുന്നതുപോലെയല്ല ശ്രീരാമന്‍ അയോധ്യയില്‍ ബാബരി പള്ളി നില്‍ക്കുന്നിടത്ത് ജനിച്ചു എന്നു പറയുന്നത്. മുഹമ്മദ് നബി(സ)യും യേശുവും ബുദ്ധനും ചരിത്രപുരുഷന്മാരാണെന്നും അവരുടെ ജന്മസ്ഥലം ഏതെന്നും അസന്നിഗ്ദമായി തെളിയിക്കപ്പെട്ട സത്യമാണ്. ശ്രീരാമന്‍ അങ്ങനെയല്ലല്ലോ. അദ്ദേഹം ജനിച്ചു എന്ന് പറയപ്പെടുന്നത് ത്രേതായുഗത്തിലാണ്, അഥവാ ഏഴുലക്ഷം സംവല്‍സരങ്ങള്‍ക്ക് മുമ്പ്-പൂര്‍ണാര്‍ത്ഥത്തില്‍ ചരിത്രാതീതകാലം. എ.ഡി. 16-ാം നൂറ്റാണ്ടില്‍ ബാബര്‍ നിര്‍മിച്ച പള്ളിയുടെ പ്രധാന താഴികക്കുടത്തിന് താഴെ തന്നെയാണ് രാമന്‍ ജനിച്ചതെന്നു പറയുമ്പോള്‍ വിശ്വാസത്തിനപ്പുറം കേവല വാദമായി മാറുകയാണത്. ഇതു തിരിച്ചറിയുന്നതില്‍ നമ്മുടെ കോടതികള്‍ പരാജയപ്പെടുന്നുണ്ടോ എന്നതാണ് മതനിരപേക്ഷ സമൂഹത്തെ ആശങ്കപ്പെടുത്തുന്നത്.

ഈ വിധിയില്‍ മുസ്‌ലിംകള്‍ തികച്ചും നിരാശരാണ്. അതിനര്‍ത്ഥം നാം കോടതിയെ അവിശ്വസിക്കുന്നു എന്നല്ല. തുടക്കം മുതലേ കോടതിയില്‍ വിശ്വാസവും പ്രതീക്ഷയുമര്‍പ്പിച്ചവരാണ് നാം. നിമയപോരാട്ടം സുപ്രീം കോടതിയിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠം എന്തുവിധിച്ചാലും അത് അംഗീകരിക്കുമെന്നു തന്നെ മുസ്‌ലിം നേതൃത്വം പറയുന്നു. നിര്‍ണ്ണായകമായ പല നിമിഷങ്ങളിലും ന്യൂനപക്ഷത്തിന്റെ രക്ഷക്കെത്തിയത് ജുഡീഷ്യറിയാണല്ലോ. വിധി എന്തുതന്നെയായാലും ആത്മസംയമനത്തോടെ അതിനെ സമീപിക്കാന്‍ ഇന്ത്യന്‍ ജനതക്കായി എന്നതാണ് ഇവിടെ എടുത്തു പറയേണ്ട സവിശേഷത. രാജ്യം കാതോര്‍ത്തിരുന്ന പ്രസ്തുത വിധി പുറത്തുവരുന്നത് ആശങ്കയോടെയാണ് ഭരണകൂടവും നിയമപാലകരുമെല്ലാം നോക്കികണ്ടത്. എന്നാല്‍ യാതൊരു അനിഷ്ട സംഭവങ്ങളുമില്ലാതെ രാജ്യത്തെ പൗരന്മാര്‍ അവരുടെ പ്രബുദ്ധതയും പക്വതയും തെളിയിച്ചു. 1992-ലെ ഇന്ത്യയല്ല 2010-ലേതെന്ന് ലോകം തിരിച്ചറിഞ്ഞു. ഒരു ചെറിയ പ്രസ്താവനയുടെ പേരില്‍ വര്‍ഗീയ കലാപം ആളിക്കത്തിയ രാജ്യമാണ് ഇന്ത്യ. അവിടെയാണ് രാജ്യത്തെയാകെ ഇളക്കിമറിച്ച അയോധ്യക്കേസിന്റെ വിധി യാതൊരു പ്രകമ്പനവും സൃഷ്ടിക്കാതിരുന്നത്. ഇത് നമ്മുടെ മതേതര സങ്കല്‍പ്പത്തെ കൂടുതല്‍ ഉജ്ജ്വലവും മനോഹരവുമാക്കിതീര്‍ക്കുന്നു. പരസ്പരം കൊലവിളി ഉയര്‍ത്തിയും വിദ്വേഷം ആളിക്കത്തിച്ചും കഴിയാന്‍ പുതിയ തലമുറക്കു താല്‍പര്യമില്ലെന്ന് സെപ്തംബര്‍ 30ന്റെ വിധി നമ്മോട് വിളിച്ചുപറയുന്നു.

രാജ്യത്തിന്റെ നിയമങ്ങളുടെയും സംവിധാനങ്ങളുടെയും ഉള്ളില്‍ നിന്നുകൊണ്ട് സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി ഓരോ വിഭാഗവും പോരാടുന്നതോടൊപ്പം പരസ്പരമുളള ബഹുമാനവും സൗഹൃദവും കാത്തുസൂക്ഷിക്കാന്‍ ഇനിയും സാധിക്കണം. അറുപത് വര്‍ഷത്തെ നിയമയുദ്ധത്തിനിടയിലും സൗഹൃദം കാത്തുസൂക്ഷിക്കുന്ന സുന്നി വഖഫ് ബോര്‍ഡ് നേതൃത്വവും നിര്‍മോഹി അഖാരയുടെ സന്യാസിമാരും ഈ മാതൃകയാണ് രാജ്യത്തിനു സമര്‍പ്പിക്കുന്നത്. അതുതന്നെയാകട്ടെ രാജ്യത്തെ ഓരോ പൗരനെയും നയിക്കുന്ന വികാരവും.

പി.എ. സ്വാദിഖ് ഫൈസി താനൂര്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter