അധിനിവേശവിരുദ്ധ അറബ് രചനകള്‍ കേരളത്തില്‍

ഒരു ദേശത്തിന്റെ പരമാധികാരം തങ്ങളുടെ അതിര്‍ത്തിക്കപ്പുറത്തേക്ക് വ്യാപിപ്പിച്ച്, അവിടെ കോളനികള്‍ സ്ഥാപിച്ച്, അവിടെ തദ്ദേശവാസികളെ തങ്ങളുടെ സ്വേച്ഛാധിപത്യത്തിന് കീഴിലാക്കുകയോ പൂര്‍ണമോ ഭാഗികമോ ആയി നിശ്കാസനം ചെയ്യുകയോ ചെയ്യുന്ന പ്രക്രിയയായാണ് അധിനിവേശം നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. അധിനിവേശ ശക്തികള്‍ പൊതുവെ അധിനിവിഷ്ട ദേശത്തിന്റെ വിഭവങ്ങളും അധ്വാന ശേഷിയും വിപണിയുമൊക്കെ കൈവശംവെക്കുന്നതിനുപുറമെ അവരുടെ സാമൂഹ്യവും സാംസ്‌കാരികവും മതകീയവും ഭാഷാപപവുമായ ഇടങ്ങളില്‍ക്കൂടി ശക്തമായ സ്വാധീനം ചെലുത്താറുണ്ട്. ശക്തികൂടിയ രാഷ്ട്രങ്ങള്‍ ശക്തി കുറഞ്ഞ രാഷ്ട്രങ്ങളെ തങ്ങളുടെ നിയന്ത്രണാധികാരത്തിന് കീഴിലാക്കുന്ന  പ്രക്രിയ എന്നാണ് ഓക്‌സോഫോര്‍ഡ് നിഘണ്ടു അധിനിവേശത്തെ നിര്‍വചിക്കുന്നത്. ഈ നിര്‍വചനങ്ങളില്‍ അന്തര്‍ഭവിച്ച പൊരുളുകള്‍ സാധൂകരിക്കുന്ന തരത്തിലുള്ള അധിനിവേശ ഉദ്ദ്യമങ്ങള്‍ക്ക് നിര്‍ലോഭമായ സാക്ഷ്യങ്ങള്‍ ലോകചരിത്രത്തില്‍ ലഭ്യമാണ്. പലപ്പോഴും അതിരുകടന്ന ഈ അധികാര വ്യാപന പ്രക്രിയയില്‍  വട്ടക്കാരുട പക്ഷത്ത് യൂറോപിലെ പ്രബല രാജ്യങ്ങളെ കാണുമ്പോള്‍, ഇരകളുടെ പക്ഷത്ത് ഏഷ്യയിലെയും ആഫ്രിക്കയിലെയും ദുര്‍ബല, വികസ്വര രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. ഭൂമിശാസ്ത്രപരമായി ഇന്ത്യാഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തുവരുന്ന കൊച്ചു കേരളത്തിനും അധിനിവേശ ശക്തികളുടെ കുടില മോഹങ്ങള്‍ക്ക് ഇരയായതിന്റെ തീക്ഷ്ണമായ ഏടുകള്‍ അയവിറക്കാനുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ പോര്‍ച്ചുകഗീസ് നാവികനായ വാസ്‌കോ ഡ ഗാമ അറബിക്കടലില്‍ കപ്പല്‍ നങ്കൂരമിട്ട്, കോഴിക്കോടിനടുത്തുള്ള കാപ്പാട് കാല്‍കുത്തുന്നതോടെയാണ് കേരളത്തില്‍ കോളനീകരണത്തിന്റെ അഗ്‌നിബാധ ഏറ്റുതുടങ്ങിയതെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.  തുടര്‍ന്നങ്ങോട്ട് 1947 ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെടുന്ന നിമിഷംവരെ പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് പോലോത്ത വിവിധ ശക്തികളുടെ മാറിമാറി വന്ന കോളനീകരണ ശ്രമങ്ങളില്‍ അമരുകയും അഴയുകയും ചെയ്യുകയായിരുന്നു കേരളീയ മണ്ണ്. വൈദേശിക ആധിപത്യത്തിന്റെ ഈ ദീര്‍ഘിച്ച കാലഘട്ടം  മറ്റേതൊരു വ്യക്തിഗത സമൂഹത്തേക്കാളുമേറെ, വിവിധ കാരണങ്ങളാല്‍ ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ചത് കേരളത്തിലെ മുസ്‌ലിം സമൂഹത്തെയാണെന്ന് പറയുന്നതില്‍ ചരിത്രപരമായി തെറ്റാണെന്ന് തോന്നുന്നില്ല. 'അധിനിവേശ സ്വപ്നങ്ങളുമായി ആദ്യമായി കേരളമണ്ണില്‍ കാലു കുത്തിയ പോര്‍ച്ചുഗീസ് കാര്യപരിപാടികളില്‍ അന്തര്‍ഭവിച്ച ദൂഷിത പദ്ധതികളും ദൂരവ്യാപകമായ അപകടങ്ങളും ഏറ്റവുമാദ്യം തിരിച്ചറിഞ്ഞതും മാപ്പിളമുസ്‌ലിംകളുടെ മതനേതൃത്വം തന്നെയായിരുന്നു' (ഹുസൈന്‍ രണ്ടത്താണി, മാപ്പിള മുസ്‌ലിംസ് എ സ്റ്റഡി ഓണ്‍ സൊസൈറ്റി ആന്റ് കൊളോണിയല്‍..... പേ. 107). പോര്‍ച്ചുഗീസ് അധിനിവേശകരുടെ അന്തചോദനകളറിയാതെ അവരുമായി കച്ചവട കരാറിലെത്താന്‍ ഒരുമ്പെട്ട അന്നത്തെ കോഴിക്കോട്ടെ രാജാവായ സാമൂതിരിയെ അപായകരമായ പ്രസ്തുത നീക്കത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ താത്വികമായും പ്രായോഗികമായും  ശ്രമം നടത്തിയതും മുസ്‌ലിം പണ്ഡിത നേതൃത്വമായിരുന്നു. അധിനിവേശം വമ്പിച്ച സാമൂഹ്യ രാഷ്ട്രീയ മാനമുള്ള പ്രക്രിയ ആകയാല്‍, അധിനിവേശ വിരുദ്ധത പ്രമേയമായി ലോകാടിസ്ഥാനത്തില്‍ത്തന്നെ ഉന്നത നിലവാരവും ലോകവ്യാപക പ്രതിഫലനവുമുളവാക്കിയ  അനേകം സാഹിത്യങ്ങള്‍ വിരചിതമായിട്ടുണ്ട്. സ്വന്തം മണ്ണും സംസ്‌കാരവും പ്രത്യയശാസ്ത്രവും കൊത്തിവലിക്കാന്‍ കഴുകക്കണ്ണുകളോടെ വട്ടമിട്ടുപറന്ന വൈദേശിക ദുര്‍മോഹികളെ തുരത്താന്‍ വീറും ഊര്‍ജ്ജവും പകര്‍ന്നുനല്‍കിയ ഇത്തരം കൃതികള്‍ പോരാളികളുടെ അന്നമായാണ് ചരിത്രത്തില്‍ പലപ്പോഴും ഇടം പിടിച്ചത്. ഇത്തരം കൃതികളുടെ വര്‍ദ്ധമാനമായ പ്രശസ്തിയും ഗരിമയും പോരാട്ട സാഹിത്യം അല്ലെങ്കില്‍ പ്രതിരോധ സാഹിത്യം എന്ന ഒരു സാഹിത്യശാഖക്കു തന്നെ രൂപം നല്‍കുന്നതിന് കാരണമായിട്ടുണ്ട്. കേരളക്കരയില്‍ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളില്‍ ആളും അര്‍ത്ഥവും നല്‍കി നിറഞ്ഞുനിന്നതിന് പുറമെ പ്രത്യയ ശാസ്ത്ര പിന്‍ബലത്തോടെ സ്വാധീന ശക്തിയുള്ള പ്രചോദന സ്രോതസ്സുകളായ സമര രചനകള്‍ സംഭാവന നല്‍കുന്നതിലും മുന്‍പന്തിയില്‍ നിന്നത് കേരളമുസ്‌ലിം മത നേതൃത്വമാണെന്നു കാണാം. ലോക നിലവാരമുള്ള സമര സാഹിത്യങ്ങളായി ഗണിക്കപ്പെടാവുന്ന ഈ കൃതികളില്‍ ഭൂരിഭാഗവും വിരചിതമായത് മുസ്‌ലിംകളുടെ ലോകഭാഷയായ അറബിയിലാണ്. അറബി ഭാഷയിലുള്ള പരിജ്ഞാനം കൂടാതെ ജീവിതത്തിലെ ഇസ്‌ലാമികത വിശ്വാസികളില്‍ പൂര്‍ത്തിയാകില്ലെന്ന വിശ്വാസമാവാം കേരളമുസ്‌ലിംകളുടെ പണ്ഡിത നേതൃത്വം തുടക്കം മുതലേ അറബി ഭാഷയോട് അദമ്യമായ ആഭിമുഖ്യം പുലര്‍ത്തിയതും തങ്ങളുടെ അണികളെ അറബി ഭാഷയിലും നിയമങ്ങളിലും പരിജ്ഞാനം നല്‍കാന്‍ ഏറെ പരിശ്രമിച്ചതും. അറബി ഭാഷാ പഠന സഹായികളായ അനവധി നിയമ ഗ്രന്ഥങ്ങള്‍ പദ്യത്തിലും ഗദ്യത്തിലുമായി ഈ പണ്ഡിതന്മാരുടേതായി ലഭ്യമായതും മുകളില്‍ പറഞ്ഞതിന് പിന്‍ബലം നല്‍കുന്നതാണ്. ഈ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്ന തങ്ങളുടെ അനുയായികളെ വിവിധ മതക്കാരായ തദ്ദേശീയരുമായി ഐക്യപ്പെട്ട് വൈദേശിക ദുര്‍മോഹികള്‍ക്കെതിരെ സമര സജ്ജരാവാനുള്ള പ്രത്യയശാസ്ത്ര അന്നം പകര്‍ന്ന അനവധി ഗ്രന്ഥങ്ങള്‍ കേരളക്കരയില്‍ പിറവിയെടുത്തതിന് തെളിവുകളുണ്ടെങ്കിലും അവയില്‍ പലതും വിവിധ കാരണങ്ങളാല്‍ കണ്ടെടുക്കാന്‍ സാധിക്കാത്ത വിധം തിരോഭവിച്ചു പോയത് തീര്‍ത്തും ഖേദകരമാണ്. കേരളത്തിലെ സമരസാഹിത്യങ്ങള്‍ മിക്കതും രചിച്ചത് അതാതു കാലത്തെ സമുദായ നേതാക്കളും മതാധികാരികളുമായിരുന്നുവെന്നതിനു പുറമെ, ആ ഗ്രന്ഥകര്‍ത്താക്കളൊക്കെയും, ദന്തഗോപുരങ്ങളിലിരുന്ന് രചന നടത്തുന്ന സാഹിത്യപ്രമാണിമാരില്‍നിന്നു വ്യത്യസ്തരായി, പ്രായോഗിക തലത്തിലും അണികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന സമരയോദ്ധാക്കള്‍കൂടിയായിരുന്നുവെന്ന സത്യമാണ് കേരളമുസ്‌ലിം പൈതൃകത്തെ കിടയറ്റതാക്കുന്നത്. കേരളത്തിന്റെ അധിനിവേശ വിരുദ്ധ സമരങ്ങള്‍ക്ക് വിശേഷിച്ചും, ലോകമുസ്‌ലിംകളുടെ സമരമുന്നേറ്റങ്ങള്‍ക്ക് പൊതുവിലും പല കാലഘട്ടങ്ങളിലായി പ്രത്യയശാസ്ത്ര പിന്‍ബലം പകര്‍ന്നുനല്‍കിയ , അറബിയില്‍ വിരചിതമായ പ്രതിരോധ മുദ്രകളില്‍ കണ്ടെടുക്കപ്പെട്ടവയാണ് ഇവിടെ വിശകലന വിധേയമാക്കുന്നത്. മഖ്ദൂം ഒന്നാമന്റെ സമരകാവ്യമായ തഹ്‌രീള് മുതല്‍ നാഷ്ണല്‍ മിഷന്‍ ഫോര്‍ മനുസ്‌ക്രിപ്റ്റ് അടുത്ത കാലത്ത് കേരളത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രമുഖ പണ്ഡിതനായിരുന്ന പങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ഗ്രന്ഥശേഖരത്തില്‍നിന്നും കണ്ടെടുത്ത ഖാസി മുഹമ്മദ് രചിച്ച ഖുഥുബത്തുല്‍ ജിഹാദിയ്യയും ഖസ്വീദത്തുല്‍ ജിഹാദിയ്യയും തുടങ്ങി അമൂല്യ പ്രാധാന്യമുള്ള പല രചനകളുടെയും ഹൃസ്വ വിവരണം ഇതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. കേരളത്തിലെ കൈയെഴുത്തുപ്രതികളുടെയും രചനകളുടെയും രഹസ്യ ശേഖരങ്ങളും സൂക്ഷിപ്പുകേന്ദ്രങ്ങളും വിശദവും വിപുലവുമായ അന്വേഷണത്തിന് വിധേയമാക്കിയാല്‍ കേരളമുസ്‌ലിം പൈതൃകത്തിന്റെ തിളക്കവും ഗരിമയും അനേകം മടങ്ങ് വര്‍ദ്ധിപ്പിക്കുമാര്‍ കനപ്പെട്ട അനേകം രചനകള്‍ ഇനിയും ചുരുള്‍ നിവര്‍ത്തി പുറത്ത് വന്നേക്കുമെന്ന സത്യമാണ് നാഷ്ണല്‍ മിഷന്റെ കേരളപശ്ചാത്തലത്തിലെ കണ്ടെടുക്കല്‍ ഓര്‍മിപ്പിക്കുന്നത് എന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നു.

തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസ്സ്വുല്‍ബാന്‍ ക്രി. 1467 ല്‍ കൊച്ചിയില്‍ ജനിച്ച് പില്‍ക്കാലത്ത് പൊന്നാനിയിലെത്തി, പൊന്നാനിയെ കൊച്ചു മക്കയായുയര്‍ത്തിയ മഹോന്നതനായ പണ്ഡിത വ്യക്തിത്വത്തിന്റെ ഉടമയായ സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ അറബിയില്‍ രചിച്ച അധിനിവേശ വിരുദ്ധ കാവ്യ കൃതിയാണിത്. കേരളക്കരയിലെ പോര്‍ച്ചുഗീസ് അധിനിവശത്തിന്റെ കിരാതത്തം, താനും സമുദായവും സമൂഹവും നേരിട്ടനുഭവിക്കുന്നതിന്റെ അനുഭവച്ചൂടില്‍നിന്നും പറഞ്ഞുതുടങ്ങുന്നതാണ് ഇതെന്ന ഇതിന്റെ ഓരോ വരികളും സാക്ഷ്യപ്പെടുത്തുന്നു.  'കുരിശുപൂജകരോട് പാരാടാന്‍ വിശ്വാസികള്‍ക്കുള്ള പ്രേരണ' എന്നാണ് ഈ കാവ്യശീര്‍ഷത്തിന്റെ സാരം. പോര്‍ച്ചുഗീസ് അക്രമകാരികളെയാണിവിടെ കുരിശുപൂജകര്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. അവര്‍ കുരിശു പൂജകരായതുകൊണ്ടല്ല അവര്‍ക്കെതിരില്‍ യുദ്ധത്തിനു പ്രേരിപ്പിക്കേണ്ടി വന്നത്. അക്രമികളും കയ്യേറ്റക്കാരും ആയതുകൊണ്ടാണ്. കുരിശുപൂജ മുസ്‌ലിംകള്‍ക്ക് തെറ്റാണെങ്കിലും ക്രൈസ്തവര്‍ക്ക് മതാനുഷ്ഠാനമായതിനാല്‍ അതിനോട് സഹിഷ്ണുത പുലര്‍ത്തുന്നതിനേ മുസ്‌ലിംകള്‍ പഠിപ്പിക്കപ്പെട്ടിട്ടുള്ളൂ (സി. ഹംസ, പ്രബോധനം സ്‌പെഷല്‍ പതിപ്പ്, 1998). അധിനിവേശവിരുദ്ധ സാഹിത്യങ്ങളുടെ ഗണത്തില്‍ കേരളം സംഭാവന ചെയ്ത ഒന്നാമത്തെ കൃതിയും ഇതുതന്നെയാണെന്നു പറയാം. നൂറ്റാണ്ടുകളായി കേരളവും വിദേശികളുമായി നിലനിന്നുപോന്ന വ്യാപാരരംഗത്തെ സമാധാന പരവും സൗഹാര്‍ദ്ദപൂര്‍ണവുമായ സഹവര്‍ത്തിത്വത്തെ അടിമുടി തകര്‍ക്കാനെന്ന വണ്ണമാണ് പോര്‍ച്ചുഗീസ് അധിനിവേശ ശക്തികള്‍ കേരളത്തിലും ആഗമിച്ചെത്തുന്നത്. നൂറ്റാണ്ടുകള്‍ നീണ്ട കുരിശുയുദ്ധങ്ങള്‍ സൃഷ്ടിച്ചുവിട്ട മുസ്‌ലിം വിരുദ്ധ ക്രൈസ്തവ മനോഭാവം ഉള്ളില്‍പേറുന്നവരായിരുന്നു കുരിശുയുദ്ധത്തില്‍ നേരിട്ടു പങ്കെടുത്ത പശ്ചിമയൂറോപ്പില്‍നിന്നുള്ള പോര്‍ച്ചുഗീസുകാര്‍ എന്നതിനാല്‍ മുസ്‌ലിംകളെ എവിടെയും വെച്ച് എതിര്‍ത്തുനശിപ്പിക്കുകയെന്ന ലക്ഷ്യംകൂടി അവര്‍ക്കുണ്ടായിരുന്നതായി കരുതണം. വാസ്‌കോ ഡ ഗാമ വന്നു മടങ്ങിയതിനു ശേഷം കേരളത്തിലേക്കു നിയമിതനായ രണ്ടാമത്തെ പോര്‍ച്ചുഗീസ് നാവികന്‍ ജനറല്‍ പെഡ്രോ അല്‍വാരിസ് കബ്രാളിനു നല്‍കപ്പെട്ടിരുന്ന നിര്‍ദ്ദേശങ്ങളില്‍ 'ഒരു പണ്ടക ശാലയും വ്യാപാരവും നടത്താന്‍ സാമൂതിരി സമ്മതിച്ചാല്‍ പിന്നെ മക്കയിലെ മുസ്‌ലിംകളെ കോഴിക്കോട്ടോ സാമൂതിരിയുടെ മറ്റേതെങ്കിലും തുറമുഖങ്ങളിലോ തുടര്‍ന്ന് താമസിക്കാനേ  അനുവദിക്കരുതെന്ന് സാമൂതിരിയോട് ജനറല്‍ രഹസ്യമായി ആവശ്യപ്പെടണം എന്ന് വ്യക്തമാക്കപ്പെട്ടിരുന്നു'.  താനുമായി കച്ചവടക്കരാറിന് സാമൂതിരി സമ്മതിക്കാതിരിക്കുന്നതിനു പിന്നില്‍ മുസ്‌ലിം ഉപജാപമാണ് പ്രവര്‍ത്തിക്കുന്നത് എന്നു വിശ്വസിച്ചുകൊണ്ടും മുസ്‌ലിംകളെ തകര്‍ക്കാനും കേരളവും അറേബ്യയും തമ്മിലുള്ള വ്യാപാരം മുടക്കാനും വേണ്ട ഒരുക്കങ്ങള്‍ ചെയ്യാന്‍ പ്രതിജ്ഞയെടുത്തുകൊണ്ടുമാണ് ഗാമ തന്റെ ഒന്നാം യാത്ര അവസാനിപ്പിച്ച് പോര്‍ച്ചുഗലിലേക്ക് മടങ്ങിയതും തുടര്‍ന്ന് കബ്രാള്‍ എല്ലാവിധ യുദ്ധ സന്നാഹങ്ങളോടുംകൂടി ഇങ്ങോട്ടെത്തിയതെന്നുമുള്ള കാര്യവും ഇതിന്റെ കൂട്ടത്തില്‍ ഓര്‍ക്കണം (സി. ഹംസ, ടി.പു, പേജ്: 34). നിരന്തരമായ ശ്രമങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും സാമൂതിരിയുടെ സാമൂതിരിയുടെ ഉദ്യോഗസ്ഥരെ കയ്യിലെടുത്ത് മെല്ലെമെല്ലെ മലബാറിന്റെ വാണിജ്യ ഭൂപടത്തിലേക്ക് കയറിപ്പറ്റിയ പോര്‍ച്ചുഗീസുകാര്‍ ഒട്ടും താമസിയാതെ തങ്ങളുടെ തനിനിറം പുറത്തെടുക്കുകയായിരുന്നു. സമുദ്രത്തിലെവിടെയും തങ്ങള്‍ക്ക് പരമാധികാരമുണ്ടെന്ന് പ്രഖ്യാപിക്കുന്നിടത്തു വരെ എത്തി അവരുടെ ധാര്‍ഷ്ട്യം. പോര്‍ച്ചുഗീസുകാരന്റെ കുടിലത തിരിച്ചറിഞ്ഞ സാമൂതിരി തന്റെ പടയെ ഇറക്കി. അവര്‍ക്കെതിരെ പോരാടുന്നതില്‍ മുസ്‌ലിംകളെ സഹായിച്ചു. 'പോര്‍ച്ചുഗീസുകാരുമായുള്ള നിരന്തര യുദ്ധം മൂലം സാമൂതിരിയുടെ ശക്തി ക്ഷയിക്കുകയും മുസ്‌ലിംകള്‍ നിസ്സഹായരായിത്തീരുകയും ചെയ്ത വിഷമസന്ധിയിലാണ് തഹ്‌രീളിന്റെ രചന എന്നുവേണം മനസ്സിലാക്കാന്‍ (സി. ഹംസ, ടി.പു, പേ: 34). പോര്‍ച്ചുഗീസ് കാപാലികന്മാരുടെ ക്രൗര്യതകളുടെ നേര്‍ക്കാഴ്ചകള്‍ പച്ചയായി വരച്ചുവെച്ച് അനവധി വരികള്‍ തഹ്‌രീളില്‍ കാണാം. അവര്‍ മുസ്‌ലിംകളോടും തദ്ദേശീയരോടും ചെയ്തുകൂട്ടുന്ന കിരാതത്തങ്ങളും  അവര്‍ തൂത്തെറിയുന്ന മനുഷ്യത്വപരമായ മര്യാദകളുടെ ചിത്രങ്ങളും അവരുടെ കരങ്ങളില്‍ കിടന്നു പിടയുന്ന നീതിയുടെ നിലവിളിയും ഹൃദയസ്പൃക്കായ ഭാഷയില്‍ മഖ്ദൂം ഒന്നാമന്‍ തന്റെ കാവ്യത്തിലൂടെ അവതരിപ്പിക്കുന്നു. 135 വരികളുള്ള ഈ കാവ്യത്തില്‍ പോര്‍ച്ചുഗീസ് അതിക്രമങ്ങളുടെ ആഴവും പരപ്പും വ്യക്തമായ രീതിയില്‍ വിശദീകരിച്ച ശേഷം, ഈ അതിക്രമകാരികളോട് ധര്‍മ സമരം നടത്തി അവരെ പരാജയപ്പെടുത്തി, തദ്ദേശീയര്‍ക്ക്  മോചനം നല്‍കേണ്ടതിന്റെ മതകീയ ബാധ്യതയെക്കുറിച്ചുള്ള ഉണര്‍ത്തുപാട്ടായാണ് തുടര്‍ന്നുള്ള വരികള്‍ സംഭവിക്കുന്നത്. ഈ സമര കാവ്യത്തിന്റെ പകര്‍പ്പുകള്‍ നാടിന്റെ നാനാ ഭാഗത്തേക്കും അദ്ദേഹംതന്നെ മുന്‍കൈയെടുത്ത് അയച്ചുകൊടുത്തതിന്റെ ചരിത്രപരമായ തെളിവുകള്‍ ലഭ്യമാണ്. വിദേശങ്ങളിലേക്കും ഈ കൃതിയുടെ പകര്‍പ്പുകള്‍ അയച്ചുകൊടുത്തതായി പറയപ്പെടുന്നുണ്ട്. ഏതായാലും വിമോചനാത്മക മാനങ്ങളുള്ള ഈ കൃതി ഒരു ജനകീയ മുന്നേറ്റത്തിന് പ്രത്യയശാസ്ത്ര സ്രോതസ്സായി വര്‍ത്തിക്കാന്‍ എക്കാലത്തും കരുത്തുറ്റതാണ്. ഇതിന്റെ സ്വാധീനം പില്‍ക്കാല ഉലമാക്കളുടെ സൈദ്ധാന്തിക രൂപീകരത്തിലും മാപ്പിളമുന്നേറ്റങ്ങളുടെ വികാസ പരിണാമങ്ങളിലും വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് (സൈനുദ്ദീന്‍ മന്ദലാംകുന്ന്, മാപ്പിള സമരങ്ങളും ഉലമാ നേതൃത്വവും, പേജ്: 24). തഹ്‌രീളിന്റെ കൈയെഴുത്തു പ്രതി ചില സ്വകാര്യ പുസ്തക ശേഖരങ്ങളില്‍ കാണാമെങ്കിലും അതിന്റെ മുദ്രണം ആദ്യമായി നടന്നത് 1996 ലാണ്. പ്രമുഖ വാഗ്മിയും ഗവേഷകനും പണ്ഡിതനുമായ സി. ഹംസ സാഹിബിന്റെ കുറിപ്പുകളോടെ അല്‍ഹുദാ ബുക്സ്റ്റാളാണ് ഈ മുദ്രിത കൃതി പ്രസിദ്ധപ്പെടുത്തിയത്. തഹ്‌രീളിന്റെ കര്‍ത്താവില്‍നിന്ന് വേറെയും അധിനിവേശ വിരുദ്ധ കൃതികള്‍ ഉണ്ടാവാനിടയുണ്ട്. മാപ്പിള പൈതൃകത്തിന്റെ സാഹിത്യ സാംസ്‌കാരിക ശേഷിപ്പുകളെപ്പോലും ലക്ഷ്യംവെച്ച അധിനിവേശ നിഷ്ഠുരതകളില്‍ നശിപ്പിക്കപ്പെട്ടുപോയിട്ടില്ലെങ്കില്‍ പൊതുവും സ്വകാര്യവുമായ ഗ്രന്ഥ ശേഖരങ്ങളുടെ ആഴത്തിലുള്ള പരിശോധന ഇദ്ദേഹത്തിന്റെ തിരോഭവിച്ച വേറെ കൃതികളും അനാവരണം ചെയ്യപ്പെട്ടുകൂടെന്നില്ല.

തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഫീ ബഅ്‌ളി അഖ്ബാരില്‍ ബുര്‍ഥുഗാലിയ്യീന്‍ സൈനുദ്ദീന്‍ മഖ്ദൂം കബീറിന്റെ പൗത്രനും മഖ്ദൂം രണ്ടാമന്‍ എന്ന പേരില്‍ പ്രസിദ്ധനുമായ ശൈഖ് അഹ്മദ് സൈനുദ്ദീനാണ് ഈ വിശ്വവിഖ്യാത ഗ്രന്ഥത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബഹുമുഖ മാനങ്ങളിലൂടെ വായിക്കാനും സമീപ്പിക്കാനും സാധിക്കുന്ന ഈ കൃതിയുടെ ഏറ്റവും ശ്രദ്ധേയമായ തലം അധിനിവേശ വിരുദ്ധത എന്നതു തന്നെയാണ്. കേരളമുസ്‌ലിംകളുടെ പണ്ഡിതനേതൃത്തിന്റെ സമുദായ നായകത്വം മതതലങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല. പ്രത്യുത, അവരുടെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകള്‍ തുടങ്ങി നാനാതുറകളുടെയും നെടുനായകത്വം പ്രത്യുന്നമതികളായ  ഈ പണ്ഡിത നേതൃത്വത്തിന്റെ കരങ്ങളില്‍തന്നെയായിരുന്നു എന്ന ചരിത്ര സത്യത്തിന് ബലം പകരുന്ന ഒരു സാഹിത്യ സൃഷ്ടി കൂടിയാണിത്. കേരളത്തിന്റെ ആദ്യത്തെ ലക്ഷണമൊത്ത ചരിത്ര ഗ്രന്ഥം എന്ന നിലക്ക് ആഗോള ഖ്യാതി നേടിയെടുത്ത ഈ കൃതി പക്ഷെ, അടിസ്ഥാന പരമായും ഒരു സമരസാഹിത്യം തന്നെയാണ്. 'പോരാളികള്‍ക്ക് പോര്‍ച്ചുഗീസുകാരുടെ വിവരങ്ങള്‍ അടങ്ങുന്ന ഒരു പാരിതോഷികം' എന്ന അര്‍ത്ഥംവരുന്ന ഗ്രന്ഥത്തിന്റെ ശീര്‍ഷകം പോലും ഇതാണ് സൂചിപ്പിക്കുന്നത്. ഈ ഗ്രന്ഥരചനയുടെ പശ്ചാത്തലം ഗ്രന്ഥകാരന്‍തന്നെ വിവരിക്കുന്നത് ഇങ്ങനെയാണ്: 'പോര്‍ച്ചുഗീസുകാര്‍ മുസ്‌ലിംകളുടെ ഭൂപ്രദേശങ്ങള്‍ കയ്യേറുകയും അവരെ നാനാ വിധത്തില്‍ മര്‍ദ്ധിക്കുകയും ചെയ്തു. പോര്‍ച്ചുഗീസുകാരുടെ ഈ തേര്‍വാഴ്ച്ച എണ്‍പതില്‍പരം വര്‍ഷം നീണ്ടപ്പോള്‍ മുസ്‌ലിംകളുടെ അവസ്ഥ അങ്ങേയറ്റം ദയനീയമായി തീരുകയും അവര്‍ ദരിദ്രരും ബലഹീനരും പതിതരുമായി മാറുകയും ചെയ്തു. ഈ ദുരവസ്ഥയില്‍നിന്ന് കരകയറുവാനുള്ള യാതൊരു മാര്‍ഗവും അവര്‍ക്ക് കണ്ടെത്താനായില്ല. സൈനികവും സാമ്പത്തികവുമായ ശക്തിയോടും പ്രതാപത്തോടും കൂടി ലോകത്തിന്റെ പല ഭാഗങ്ങളില്‍ വാണരുളുന്ന മുസ്‌ലിം സുല്‍ത്താക്കന്മാരോ പ്രഭുക്കന്മാരോ മലബാര്‍ മുസ്‌ലിംകള്‍ക്കു ബാധിച്ച ആപത്തില്‍നിന്ന് അവരെ രക്ഷപ്പെടുത്താന്‍ മുന്നോട്ട് വന്നിരുന്നുമില്ല. മതകാര്യങ്ങളില്‍നിന്ന് താല്‍പര്യം കുറഞ്ഞവരും പരലോകത്തെക്കാള്‍ ഇഹലോകത്തെ സ്‌നേഹിക്കുന്നവരുമായ ആ സുല്‍ത്താന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിന്റെ ജിഹാദ് ചെയ്യാനോ ധനം ചെലവഴിക്കാനോ കഴിയാത്തതാണ് കാരണം (സി. ഹംസയുടെ വിവര്‍ത്തനത്തില്‍നിന്ന്). പോര്‍ച്ചുഗീസ് ആഗമനവും ആക്രമ തേര്‍വാഴ്ചയും തങ്ങളുടെ ദുര്‍നടപ്പുകള്‍ക്കുള്ള ദൈവശിക്ഷയായിക്കണ്ട് പ്രതികരിക്കാനാണ് വിശ്വാസികളെ മഖ്ദൂം രണ്ടാമന്‍ തുഹ്ഫയിലൂടെ ഉണര്‍ത്തുന്നത്.  അദ്ദേഹം എഴുതുന്നു: 'മുസ്‌ലിംകള്‍ അല്ലാഹുവിന്റെ വിശാല അനുഗ്രങ്ങള്‍ക്ക് പാത്രീഭൂതരായി ജീവിതം നയിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഈ അവസ്ഥ കൂടുതല്‍ കാലം നീണ്ടുനിന്നില്ല. മുസ്‌ലിംകള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ മറന്നും അവനെ ധിക്കരിച്ചും പാപപങ്കിലമായ ജീവിതം നയിച്ചപ്പോള്‍ അല്ലാഹു യൂറോപ്യന്മാരായ നികൃഷ്ടര്‍ക്ക് അവരുടെ മേല്‍ ആധിപത്യം നല്‍കി.' തഹ്‌രീളിന്റെ രാഷ്ട്രീയ പശ്ചാത്തലംതന്നെയാണ് തുഹ്ഫയുടെതുമെന്നും ഈ പ്രസ്താവനയില്‍നിന്നും മനസ്സിലാക്കാം. നാലു ഭാഗങ്ങളായി തിരിച്ച ഈ ഗ്രനഥത്തിന്റെ നാലാം ഭാഗം പതിനാല് അധ്യായങ്ങള്‍ ഉള്‍കൊള്ളുന്നു. ഭാഗം ഒന്നില്‍ ജിഹാദിനുള്ള പ്രചോദനങ്ങളും അതിനെ സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങളും ഭാഗം രണ്ടില്‍ മലബാറിലെ ഇസ്‌ലാം മത പ്രചാരണ ചരിത്രവും ഭാഗം മൂന്നില്‍ മലബാറിലെ ഹിന്ദുക്കളുടെ ചില വിചിത്ര സമ്പ്രദായങ്ങളും വിവരിക്കുന്നു. ഭാഗം നാല് പതിനാല് അദ്ധ്യായങ്ങളിലായി പോര്‍ച്ചുഗീസുകാരുടെ മലബാറിലേക്കുള്ള ആഗമനവും അവര്‍ കാട്ടിക്കൂട്ടിയ അന്യായങ്ങളും അതിക്രമങ്ങളും അവരുടെ കടന്നുകയറ്റം കൊണ്ടുവന്ന സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മാറ്റങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്യുന്നു.  ചുരുക്കത്തില്‍, പോര്‍ച്ചുഗീസുകാരുടെ കടന്നുവരവിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഒരു ചരിത്രകാരന്റെ പാടവത്തോടെ അനാവരണം ചെയ്ത അവര്‍ക്കെതിരെ തീക്ഷ്ണവും വിട്ടുവീഴ്ച ഇല്ലാത്തതുമായ ചെറുത്തുനില്‍പ്പ് നടത്തി തുരത്തിയോടിക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് തദ്ദേശീയരുടെ കണ്ണു തുറപ്പിക്കുന്നതും ഈ വിശുദ്ധ യജ്ഞത്തില്‍ മറ്റു ദേശങ്ങളിലുള്ള മുസ്‌ലിം രാജാക്കന്മാരോട് പങ്കുചേരാനുളള ആഹ്വാനവുമാണ് ഈ കൃതി നടത്തുന്നത്. തുഹ്ഫയിലെ ചരിത്രരചനാ രീതിയുടെ വൈഭവം കണക്കിലെടുത്ത് കേരളത്തിന്റെ 'തുസിഡൈസ്ഡ്' എന്ന് വിളിക്കപ്പെടാന്‍ മഖ്ദൂം രണ്ടാമന്‍ എല്ലാ അര്‍ത്ഥത്തിലും അര്‍ഹനാണെന്ന് ചരിത്രകാരനായ കെ.കെ. എന്‍. കുറുപ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. 'അക്കാലത്തെ ആസ്ഥാന ചരിത്രകാരന്മാരുടെ രചനാ രീതി പിന്തുടര്‍ന്നുകൊണ്ട്, പ്രധാന സംഭവങ്ങള്‍ നടന്ന വര്‍ഷങ്ങള്‍ പ്രത്യേകം എടുത്തുകാണിച്ചുകൊണ്ട് ആ സംഭവങ്ങളെ വിവരിക്കുന്ന രീതായാണ് സൈനുദ്ദീന്‍ ഈ കൃതിയില്‍ ചെയ്തിട്ടുള്ളത്. ഒരു സമൂഹത്തിന്റെ ചരിത്രബോധത്തെയും ചരിത്ര പാരമ്പര്യത്തെയും അതിന്റെ തനതായ രൂപത്തില്‍ രേഖപ്പെടുത്താന്‍ അദ്ദേഹം പ്രയത്‌നിച്ചു. താന്‍കൂടി ഉള്‍പ്പെട്ട ഇസ്‌ലാമിക സമൂഹം ഏതു സാമൂഹിക രാഷ്ട്രീയ പരിതസ്ഥിതിയിലാണ് ജീവിക്കുന്നതെന്ന് വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ശാസ്ത്രീയമായ ഒരു ചരിത്രരചനയുടെ ഒരു അന്തര്‍മുഖം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു' (തുഹ്ഫ മലയാളവിവര്‍ത്തനത്തിന് കുറുപ്പ് എഴുതിയ അവതാരികയില്‍നിന്ന്). ശൈഖ് സൈനുദ്ദീന്‍ ബീജാപൂര്‍ സുല്‍ഥാന്‍ അലി ആദിശാക്കു സമര്‍പ്പിച്ച തുഹ്ഫതുല്‍ മുജാഹിദീന്‍ നാന്നൂറോളം പേജുള്ള ഒരു ചരിത്രഗ്രന്ഥമാണെന്നും ഇന്ന് പ്രചാരത്തിലുള്ളത് അതിന്റെ സംഗ്രഹം മാത്രമാണെന്നും ഡോ. ഹമീദുല്ല രേഖപ്പെടുത്തിയതായി മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ തുഹ്ഫയുടെ അനേകം താളുകള്‍ ഇനിയും കണ്ടെടുക്കപ്പെടേണ്ടതായിട്ടുണ്ട്. അറബി ഭാഷയില്‍ ഈ കൃതി ആദ്യമായി അച്ചടിച്ചത് പോര്‍ച്ചുഗലിലെ ലിബ്‌സണില്‍നിന്നാണ്. തുടര്‍ന്ന്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ് തുടങ്ങി അനവദി വിദേശ ഭാഷകളിലും ഉര്‍ദു, ഗുജറാത്തി, കന്നഡ, തമീഴ്, മലയാളം തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും ഇതിന് വിവര്‍ത്തനങ്ങളിറങ്ങി. ഇംഗ്ലീഷിലും മലയാളത്തിലും ഒന്നിലേറെ തര്‍ജമകളുണ്ട്. മലയാളത്തില്‍ ഏറ്റവും അവസാനമായി സി.ഹംസ സാഹിബ് എഴുതിത്തയ്യാറാക്കി വിവര്‍ത്തനമാണ് സമഗ്രവും കുറ്റമറ്റതുമായി ഗണിക്കപ്പെടുന്നത്. കോഴിക്കോട് അല്‍ഹുദാ ബുക്സ്റ്റാളാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. ഖുര്‍ആന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ അനുവദനീയവും അതിര് ലംഘിക്കാത്തതുമായ സമരത്തിന് ശക്തമായ പ്രചോദനം നല്‍കിക്കൊണ്ടുള്ള വരികളില്‍ ആരംഭിക്കുന്ന ഈ ഗ്രന്ഥം അന്യായങ്ങള്‍ക്കും അധിനിവേശത്തിനുമെതിരെ പോരാടുന്ന പോരാളികള്‍ക്ക് ഏതു കാലത്തും ദേശത്തും പ്രത്യയശാസ്ത്ര സ്രോതസ്സാവാന്‍ പോന്നതാണ് എന്നതില്‍ സംശയമില്ല. തുഹ്ഫയുടെ രചയിതാവില്‍നിന്ന് അധിനിവേശ വിരുദ്ധ പോരാളികള്‍ക്കുള്ള വേറെയും പാരിതോഷികങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെങ്കിലും  അവയൊന്നും കണ്ടെടുക്കപ്പെട്ടതായി ഇതുവരെ രേഖകളില്ല.

അല്‍ ഫതഹുല്‍ മുബീന്‍ പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും കേരളമുസ്‌ലിംകള്‍ക്ക് ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വവും പക്വമായ ദിശാബോധവും വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും  പ്രബോധനം ചെയ്ത പണ്ഡിതനും കവിയും പോരാളിയുമായ ഖാസി മുഹമ്മദ് ബിന്‍ അബ്ദില്‍ അസീസാണ്  ഈ വിഖ്യാതമായ സമര കാവ്യത്തിന്റെ കര്‍ത്താവ്. പൊന്നാനിയിലെ മഖ്ദൂം കുടുംബത്തെപ്പോലെ കോഴിക്കോട് കേന്ദ്രമായി കേരളമുസ്‌ലിംകള്‍ക്ക് ബഹുമുഖ നേതൃത്വം നല്‍കിയ ഖാസി കുടുംബത്തിലെ  പ്രധാനപ്പെട്ട കണ്ണികളിലൊരാളാണ് ഖാസീ മുഹമ്മദ്. സാഹിത്യത്തിന്റെയും വിജ്ഞാനീയങ്ങളുടെയും വിവിധ ശാഖകളിലായി അനവധി കനപ്പെട്ട പദ്യ ഗദ്യ ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്ത ഖാസീ മുഹമ്മദിന്റെ ഏറ്റവും  വിഖ്യാതമായ രചനകളില്‍ യഥാക്രമം അറബിയിലും അറബിമലയാളത്തിലുമായി രചിച്ച ഫത്ഹുല്‍ മുബീനും  മുഹ്‌യദ്ദീന്‍ മാലയുമാണ്.

537 വരികളിലായി ഉന്നതമായ അറബി ഭാഷയില്‍ തയ്യാറാക്കിയ അതീവ ചരിത്ര പ്രാധാന്യമുള്ള ഒരു സമര കാവ്യമാണ് അല്‍ ഫതഹുല്‍ മുബീന്‍. ഹി. 979 ല്‍ സാമൂതിരിയുടെ സേന പോര്‍ച്ചുഗീസുകാരില്‍നിന്നും ചാലിയം കോട്ട പിടിച്ചെടുക്കുന്നതിലേക്കു നയിച്ച വീരോജ്വല ചരിത്ര സന്ദര്‍ഭങ്ങള്‍ അനാവരണം ചെയ്യുന്ന യുദ്ധകാവ്യമാണ് അടിസ്ഥാനപരമായി ഇതെങ്കിലും സമാന പ്രാധാന്യത്തോടെ മറ്റു പല പ്രമേയങ്ങളും ഈ ദീര്‍ഘിച്ച കവിതയില്‍ വിശദീകരിക്കുന്നുണ്ട്.

ഈ പണ്ഡിത പ്രഭകളുടെ കാലഘട്ടങ്ങളില്‍ കേരളക്കരയില്‍ കളിയാടിയ സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും ആരോഗ്യകരമായ പാരസ്പര്യത്തിന്റെയും ലിഖിത സാക്ഷ്യംകൂടിയാണീ കാവ്യം. അല്‍ ഫതഹുല്‍ മുബീന്‍ ലി സാമിരിയ്യില്ലദീ യുഹിബ്ബുല്‍ മുസ്‌ലിമീന്‍ അഥവാ മുസ്‌ലിംകളെ സ്‌നേഹിക്കുന്ന സാമൂതിരിക്ക് സമര്‍പ്പിക്കപ്പെട്ട വ്യക്തമായ വിജയം എന്ന് അര്‍ത്ഥം വരുന്ന ഈ കവിതയുടെ പൂര്‍ണ ശീര്‍ഷകം തന്നെ ഇത് അടയാളപ്പെടുത്തുന്നുണ്ട്. പ്രാചീന കാലത്ത് ഗദ്യമോ പദ്യമോ ആയി ഒരു അമുസ്‌ലിമിന് മുസ്‌ലിം ഗ്രന്ഥ കര്‍ത്താവ് സമര്‍പ്പിച്ച കൃതി ഇതല്ലാതെ മറ്റൊന്ന് ഉള്ളതായി അറിയുന്നില്ലായെന്നാണ് ഈ കാവ്യത്തിന് മലയാള വിവര്‍ത്തനം തയ്യാറാക്കിയ പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടത്. തദ്ദേശവാസികളുടെ സുരക്ഷിതവും സമാധാനപൂര്‍ണവുമായ നിലനില്‍പ്പ് ഉറപ്പു വരുത്താന്‍ പോര്‍ച്ചുഗീസുകാരോടുള്ള പോരാട്ടത്തിന് നായകത്വം വഹിച്ച സാമൂതിരിയെ അളവറ്റ് പ്രശംസിക്കാന്‍ അനവധി വരികള്‍ ഉപയോഗിക്കുന്നുണ്ടദ്ദേഹം ഈ കവിതയില്‍. ചരിത്രകാരനായ ഗംഗാധരന്‍ നിരീക്ഷിച്ചപോലെ പഴയ പല കൃതികളിലും കാണുന്നപോലെയുള്ള രാജസ്തുതിയായി ഈ വരികളെ കാണാനാവില്ല. കാരണം, സാമൂതിരിക്കോ അവരുടെ മന്ത്രിമാര്‍ക്കോ അറബി ഭാഷ അറിഞ്ഞുവെന്ന് തോന്നുന്നില്ല. മറിച്ച്, ലോകത്തുള്ള മുഴുവന്‍ മുസ്‌ലിംകളെയും മുസ്‌ലിം രാജാക്കളെയും അവരുടെ സഹോദരങ്ങള്‍ ലോകത്തിന്റെ ഒരു വശത്ത് വന്നുചേര്‍ന്ന ദുരിതത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കാത്തതിന്റെ നിഷ്‌ക്രിയത്വം ബോധ്യപ്പെടുത്താന്‍ തന്നെയാവണം ഈ നിര്‍ണായകമായ പ്രമേയം അവതരിപ്പിക്കാന്‍ അദ്ദേഹം അറബി ഭാഷ തന്നെ തെരഞ്ഞെടുത്തത്. മുസ്‌ലിം രാജാക്കന്മാരൊക്കെ തങ്ങളുടെ ആദര്‍ശപരമായ ബാധ്യതപോലും വിസ്മരിച്ച് മാറിനില്‍ക്കുമ്പോള്‍ അമുസ്‌ലിമായ രാജാവാണ് തങ്ങളുടെ രക്ഷക്കെത്തിയത് എന്ന ധ്വനികൂടിയാണ് ഇതില്‍ക്കൂടി അദ്ദേഹം വിളംബരം ചെയ്യുന്നത്. തങ്ങളുടെ വ്യാപാരമോഹങ്ങളും കയ്യേറ്റ യജ്ഞങ്ങളുമൊക്കെ അനായാസം സാധിച്ചെടുക്കാന്‍ സഹായകമാകുംവിധത്തില്‍ മര്‍മപ്രധാനമായ സ്ഥലത്താണ് പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട ഉണ്ടായിരുന്നത്. ആയതിനാല്‍ത്തന്നെ, ഈ കോട്ടയുടെ പതനം അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നഷ്ടവും തദ്ദേശ വാസികള്‍ക്ക് വലിയ ആശ്വാസവുമായിരുന്നു. ഈ ചരിത്ര യാഥാര്‍ത്ഥ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രകാശിപ്പിച്ചുകൊണ്ടാണ് ഖാസീ മുഹമ്മദ് ഫതഹുല്‍ മുബീന്‍ അഥവാ വ്യക്തമായ വിജയം എന്നുതന്നെ തന്റെ കവിതക്ക് തലക്കെട്ടു നല്‍കിയത് എന്നുതന്നെ അനുമാനിക്കാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കേരള ചരിത്രകാരന്മാര്‍ അനുമാനിച്ചപോലെ, സഹായമാവശ്യപ്പെട്ടിട്ടും സഹായിക്കാന്‍ സമീപ ദൂര ദേശങ്ങളിലെ മുസ്‌ലിം രാജാക്കന്മാരാരും രംഗത്ത് വരാതിരുന്നിട്ടും, സാമൂതിരിയുടെ നായര്‍ സൈന്യവും മാപ്പിള സൈന്യവും ഒറ്റക്കുനേടിയ ഉജ്ജ്വല വിജയമായതുകൊണ്ടുമാവാം വ്യക്തമായ വിജയം എന്ന് നാമകരണം നടത്തിയത്.

''കേരളത്തിലെ മത സാമൂഹിക ബന്ധത്തിലെ ഒരു സുവര്‍ണ കാലഘട്ടത്തെയാണ് ഫതഹുല്‍ മുബീന്‍ അടയാളപ്പെടുത്തുന്നത്. നായര്‍ പടയാളികളും മുസ്‌ലിം പടയാളികളും തമ്മില്‍ പുലര്‍ത്തുന്ന ആദരവും കൊളോണിയല്‍ വിരുദ്ധമായി ചങ്കുറപ്പോടെ അവര്‍ ഐക്യപ്പെട്ടതിന്റെ അപതാനങ്ങളും വാഴ്ത്തുന്ന ഫതഹുല്‍ മുബീന്‍ ഖാസി മുഹമ്മദിന്റെ സാമൂഹ്യ വീക്ഷണത്തിന്റെ ഉജ്ജ്വലമായ സാക്ഷ്യമാണ്'' (മന്ദലാംകുന്ന്, പേജ്: 48).

ഹൈദരാബാദിലെ എം.എ. മുഈദ് ഖാനാണ് ആദ്യമായി ഈ കാവ്യം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. മലയാളത്തിലിതിന് രണ്ടു വിവര്‍ത്തനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ചരിത്രകാരന്മാര്‍ പലരും ഇത് സംവേദനം ചെയ്യുന്ന ആശയ തലങ്ങളെ പലവിധത്തില്‍ വിശകലന വിധേയമാക്കിയിട്ടുമുണ്ട്. ഫതഹുല്‍ മുബീന്‍ മുന്നോട്ടുവെക്കുന്ന ആശയ തലം പഠനവിധേയമാക്കിക്കൊണ്ട് കെ.കെ.എന്‍. കുറുപ്പ് നടത്തിയ നിരീക്ഷണം ഇവെട പ്രസ്താവ്യമാണ്: 'ഫതഹുല്‍ മുബീന്‍ പോലോത്ത ഗ്രന്ഥങ്ങളും അവ സമര്‍പ്പിക്കുന്ന ആശയ തലങ്ങളും സാമുദായിക സൗഹാര്‍ദ്ദവും ദേശീയതാ ബോധവും രാജ്യസ്‌നേഹവും വളര്‍ത്താന്‍ പൊതു സമൂഹത്തിനിടയില്‍ പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു. പുത്തന്‍ കോളനീ വല്‍കരണത്തിന്റെ  കടന്നുകയറ്റം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ കാലഘട്ടങ്ങളില്‍ അവയെ ചെറുത്തുനില്‍ക്കാന്‍ ഇത്തരം ചരിത്രപരമായ ശ്രമങ്ങള്‍ക്കു മാത്രമേ കാര്യക്ഷമമായതെങ്കിലും ചെയ്യാനാവൂ. നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിരചിതമായ ഈ കാവ്യം കേരളത്തിനു മാത്രമല്ല ഇന്ത്യാമഹാരാജ്യത്തിനു തന്നെ വിശാലാര്‍ത്ഥത്തില്‍ ഒരു ജീവിക്കുന്ന സന്ദേശമാണ്. അത് നിരന്തരമായി രാജ്യത്തിനകത്ത് കേള്‍പ്പിക്കപ്പെടണം. പ്രായോഗിക വല്‍കരിക്കപ്പെടുകയും വേണം.'

ഖുതുബത്തുല്‍ ജിഹാദിയ്യ പതിനാറാം നൂറ്റാണ്ടില്‍ മലബാറിന്റെ വിമോചന പോരാട്ടങ്ങള്‍ക്ക് പ്രത്യയശാസ്ത്രംകൊണ്ടും സാന്നിധ്യംകൊണ്ടും ഉശിരു പകര്‍ന്ന വിമോചന പോരാളിയായ പണ്ഡ്തന്‍ ഖാസി മുഹമ്മദ് ബിന്‍ അബ്ദില്‍ അസീസിന്റെത് തന്നെയാണ് ഈ പോര്‍ച്ചുഗീസ് അധിനിവേശകര്‍ക്കെതിരെയുള്ള സമരാഹ്വാനം പ്രമേയമായുള്ള അറബി പ്രഭാഷണം. ഖാസി മുഹമ്മദിന്റെതായി പല അധിനിവേശ വിരുദ്ധ ലിഖിതങ്ങളുമുള്ളതായി അദ്ദേഹത്തിന്റെ രചനകള്‍ വിശകലനം ചെയ്യപ്പെട്ടിടത്തൊക്കെ പരാമര്‍ശം കാണാമെങ്കിലും ഫതഹുല്‍ മുബീനല്ലാതെ മറ്റൊന്നിന്റെയും ഉള്ളടക്കപരമായ അടിസ്ഥാനങ്ങളിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തലുകള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍, ഇന്ത്യയിലെ മൂല്യവത്തായ കൈയെഴുത്തു പ്രതികള്‍ കണ്ടെടുക്കാന്‍ രൂപീകൃതമായ നാഷ്ണല്‍ മിഷന്‍ ഫോര്‍ മാനുസ്‌ക്രിപ്റ്റ് കേരളത്തില്‍ ഈയിടെ നടത്തിയ ശില്‍പശാലയുടെ ഭാഗമായി നടത്തിയ ഗ്രന്ഥശാലാ പരിശോധനയിലാണ് ഈ ചരിത്രപ്രാധാന്യമുള്ള പ്രഭാഷണ രേഖ കണ്ടെടുത്തത്. പ്രമുഖ പണ്ഡിതനായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ സ്വകാര്യ ഗ്രന്ഥശേഖരത്തില്‍നിന്നാണ് ഈ നിര്‍ണായക ചരിത്ര രേഖ ലഭിച്ചത്.

മലബാറിന്റെ സമാധാനാന്തരീക്ഷത്തെ പുര്‍ണാര്‍ത്ഥത്തില്‍ തകിടം മറിച്ച പോര്‍ച്ചുഗീസ് അദിനിവേശകരെ തുരത്താന്‍ തദ്ദേശീയ മുസ്‌ലിംകളെ സമര സജ്ജരാക്കാന്ഡ അദ്ദേഹം നിരന്തരം നടത്തിയ പ്രത്യയ ശാസ്ത്ര പരിശ്രമത്തിന്റെ തുടര്‍ച്ചയാണിത്. ചാലിയം കോട്ട പിടിച്ചെടുക്കാനുള്ള യുദ്ധവേളയില്‍ ചാലിയത്തേയും സമീപദേശങ്ങളിലെയും പള്ളികളിലേക്ക് മുസ്‌ലിംകളെ ഉല്‍ബോധിപ്പിക്കാന്‍ വേണ്ടി അദ്ദേഹം തന്നെ രചിച്ചു അയച്ചുകൊടുത്ത ഒരു പ്രഭാഷണമായിട്ടാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.

ഖുര്‍ആനിന്റെയും ഹദീസിന്റെയും ഉദ്ധരണികള്‍ നിരത്തി സ്വന്തം മണ്ണും മനസ്സും കവര്‍ന്നെടുക്കാന്‍  ഒരുമ്പെട്ടിറങ്ങിയ പോര്‍ച്ചുഗീസ് അധിനിവേശകര്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പും ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണെന്നും ആ വഴിയില്‍ രക്തസാക്ഷിത്വം വഹിക്കാന്‍ അവസരം ലഭിച്ചാല്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter