ദഫ്മുട്ടിന്‍റെ താളം

ഇന്നും നിലവിലുള്ള അറേബ്യന്‍ പാരമ്പര്യവുമുള്ള മാപ്പിള കലകളിലൊന്നാണ് ദഫ് മുട്ട്.  ഇസ്‌ലാമിന്റെ കലാപാരമ്പര്യമായിട്ടാണ് ഇത് അറിയപ്പെടുന്നത്. മറ്റു കലാരൂപങ്ങളെ അപേക്ഷിച്ച് പരിശുദ്ധവും ഏറെ പുറം സ്വാധീനങ്ങള്‍ ആവേശിക്കാത്തതുമായ ഒരു ഇനമാണിത്. രൂപത്തിലും ഭാവത്തിലും ഒരു ആത്മീയ വശ്യതയും ആകര്‍ഷണീയതയുമുണ്ടിതിന്. ദഫ് ഉപയോഗിച്ചുകൊണ്ട് താളത്തിനെത്തുള്ള കൊട്ടിക്കളിയാണിത്. ഇരുന്നും നിന്നും ഇടത്തും വലത്തും മുന്നോട്ടും പിന്നോട്ടും ചാഞ്ഞും ചെരിഞ്ഞുമുള്ള ശാരീരിക ചലനങ്ങളാണ് ഇതിന്റെ പ്രത്യേകത. ദഫിന്റെ ചരിത്രം കടലിനക്കരയിലേക്ക് നീളുന്നതാണ്. നൂറ്റാണ്ടുകളുടെ ചരിത്രവും പഴക്കവും പാരമ്പര്യവുമുണ്ടിതിന്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈജിപ്തിലാണ് ഇതിന്റെ ഉല്‍ഭവം എന്നാണ് പറയപ്പെടുന്നത്. ചര്‍മ വാദ്യോപകരണമായ ദഫ് പലരൂപത്തില്‍ പലയിടങ്ങളിലും കാണപ്പെട്ടിരുന്നു. വ്യത്യസ്ത നാമങ്ങളിലാണ് അത് അറിയപ്പെട്ടിരുന്നത്. മുസ്തദീറുല്‍ മറബ്ബഅ, മുസ്തദീറുല്‍ അജ്‌റാസ്, മുസ്തദീറു അദവാതി റിനാന, മുസ്തദീറുല്‍ ബസീത്, മുസ്തദീറുല്‍ ഔഖാത്ത്, മുസ്തദീറുല്‍ ജലാലില്‍.... തുടങ്ങിയവ അതിന്റെ ചിലനാമങ്ങളാണ്. വ്യത്യസ്ത നാട്ടുകാര്‍ വ്യത്യസ്ത പേരുകളാണ് ഇതിനെ വിളിച്ചിരുന്നത്. കുര്‍ദുകള്‍ ദഫ്ക് എന്നാണ് വിളിച്ചത്. സ്പാനിഷില്‍ ഉദ്ഫ് എന്നും സിറിയയില്‍ ദീറ എന്നും ഇന്ത്യയില്‍ ദഹ്‌റ എന്നും ദഫ്‌ലി എന്നുമെല്ലാം അത് വിളിക്കപ്പെട്ടിരുന്നു. ലബനോന്‍, ബോസ്‌നിയ, യൂറോപ്യന്‍ നാടുകള്‍ എന്നിവിടങ്ങളില്‍ സാധാരണപോലെ ദഫ് എന്നുതന്നെയാണ് അറിയപ്പെട്ടിരുന്നത്. അറബികള്‍ക്കിടയില്‍ വളരെ മുമ്പുതന്നെ ദഫ്മുട്ട് സമ്പ്രദായം ഉണ്ടായിരുന്നു. പവിത്രമായ ഒരു ആചാരമോ പരിപാടിയോ ആയിട്ടാണ് അവര്‍ ഇതിനെ  കണ്ടിരുന്നത്. കല്യാണ പ്രോഗ്രാമുകള്‍, സ്വീകരണ പരിപാടികള്‍ തുടങ്ങിയ മുഹൂര്‍ത്തങ്ങളിലായിരുന്നു പ്രധാനമായും അവര്‍ ഇതിനെ അവലംബിച്ചിരുന്നത്. സ്വാഅ്, ഗിര്‍ബാല്‍ തുടങ്ങിയ രണ്ടുതരം ദഫുകളാണ് ഹിജ്‌റ  വര്‍ഷത്തിനു മുമ്പ് പൊതുവെ അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്നത്. അളവ് പാത്രത്തിന്റെ ആകൃതിയിലുള്ള ദഫിന് സ്വാഅ് എന്നും ചില്ലട രൂപത്തിലുള്ളതിന് ഗിര്‍ബാല്‍ എന്നും  അവര്‍ വിളിച്ചു പോന്നു. ഈ രണ്ടുതരം ദഫുകള്‍ മുട്ടിയായിരുന്നുവത്രെ മദീനക്കാര്‍ പ്രവാചകരെ സ്വീകരിച്ചിരുന്നത്. നിരുപാധികം, ദഫ് മുട്ടിന്റെ പവിത്രതയും ശുദ്ധതയും മനസ്സിലാക്കാന്‍ മദീനക്കാര്‍  അതിനോടൊന്നിച്ച് പാടിയ പാട്ടിന്റെ തനിമയും ശുദ്ധതയും ഓര്‍ത്താല്‍ മതി. ലോകാനുഗ്രഹിയായ പ്രവാചകരെ സ്വീകരിക്കാന്‍ അവര്‍ തെരഞ്ഞെടുത്തിരുന്ന രീതി ഇതായിരുന്നു. പ്രവാചകര്‍ അതിനെ വിലക്കുകയും ചെയ്തില്ല. മാത്രമല്ല, പില്‍ക്കാലത്തെ തന്റെ മദീന ജീവിതത്തില്‍ പലതവണ അതിനെ കാണുകയും ചെയ്തു തിരുമനി. അപ്പോഴും അതേ സമീപനം തന്നെയാണ് തിരുമേനി സ്വീകരിച്ചിരുന്നത്. പ്രവാചകരുടെ അംഗീകാരം ലഭിച്ച ഒരു കലാശൈലിയായിരുന്നു ദഫ് മുട്ടെന്ന് ചുരുക്കം. അതിന്റെ തനിമയിലേക്കാണ് അത് സൂചിപ്പിക്കുന്നത്. ഒരു കാലത്തും ആ അതിര്‍വരമ്പുകള്‍ ലംഘിച്ച് കടന്നുപോകാന്‍ പാടില്ലെന്ന് ചുരുക്കം. തോലുകള്‍ ഉപയോഗിച്ചാണ് ദഫുകള്‍ നിര്‍മ്മിക്കുന്നത്. ഒരു ചാണ്‍ 'വ' വട്ടത്തില്‍ മരച്ചട്ടത്തിന്റെ ഒരു ഭാഗത്ത് തോലുകൊണ്ട് പൊതിഞ്ഞ് ചരടുകൊണ്ട് ചുറ്റും വലിച്ചുകെട്ടുന്നു. ഇങ്ങനെയുള്ള ഒരു ദഫിന് മൂന്നോ നാലോ അംഗുലം ഉയരമുണ്ടായിരിക്കും. ചരടുകള്‍ മുറുക്കുന്നതിനനുസരിച്ച് ദഫിന്റെ ശ്രുതി താര സ്ഥായിയിലേക്ക് അല്‍പാല്‍പം വന്നുകൊണ്ടിരിക്കുന്നു. എല്ലാ ദഫുകളുടെയും ശ്രുതി ഒരു ദഫില്‍നിന്നെന്ന പോലെ ഏകോപിക്കുമ്പോഴാണ് ശബ്ദ ഭംഗി കൈവരുന്നത്. താളമാണ് ദഫ് മുട്ടിന്റെ സുപ്രധാനമായ മറ്റൊരു കാര്യം. ദഫിന് അതിന്റേതായ ചില പ്രത്യേക താളങ്ങളും ക്രമങ്ങളുമുണ്ട്. അവ മനോഹരമായി സംരക്ഷിക്കപ്പെടണം. ഒറ്റ മുട്ട്, രണ്ട് മുട്ട്, മൂന്ന് മുട്ട്, അഞ്ചു മുട്ട്, ഏഴുമുട്ട്, വാരി മുട്ട്, കോരി മുട്ട് എന്നിങ്ങനെയാണവ. ഈ ഈണങ്ങള്‍ക്കനുസരിച്ച് നിന്നും ഇരുന്നും ചാഞ്ഞും ചെരിഞ്ഞും ദഫ് മുട്ടുമ്പോഴാണ് അത് വശ്യസുന്ദരമായി മാറുന്നത്. ഇതില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കുന്ന പക്ഷം ഭംഗിഭംഗം സംഭവിക്കുന്നു. ഇവിടെപറഞ്ഞ താളങ്ങള്‍ക്കിടയില്‍ മണിപ്പുതാളം എന്നപേരില്‍ ഒരു ഇനംകൂടിയുണ്ട്. കൈവിരല്‍തുമ്പുകളില്‍നിന്നുമുള്ള താള ശൈലിയാണിത്. മറ്റുള്ള താള മുട്ടുകളെ ഭംഗിയാക്കുന്നത് ഇതാണ്.ശ്രുതി, താളം, ലയം, ടൈമിംഗ് എന്നിവയാണ് ദഫില്‍ പ്രധാനമായും ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങള്‍. 'കേരളത്തിലേക്ക് ലക്ഷദ്വീപില്‍ നിന്നോ മലായില്‍നിന്നോ ആണ് ദഫ് കടന്നു വന്നത്. ലക്ഷദ്വീപില്‍ മതാനുഷ്ഠാന കര്‍മങ്ങളായി ദഫിന് പ്രചാരമുണ്ടായിരുന്നു. ക്ഷേത്ര കലകള്‍ ഇവിടെ പ്രചരിച്ചതോടെ ദഫ് മുട്ട് മുസ്‌ലിംകളുടെ ഒരു കലയായി മാറുകയാണ് ചെയ്തത്. നാട്ടിലുണ്ടാകുന്ന വസൂരി രോഗത്തിനെതിരെ രിഫാഈ ശൈഖിന്റെ പേരില്‍ നടത്തിയിരുന്ന കുത്തുറാത്തീബുകള്‍ ഉണ്ടായിരുന്നു. ഇതിന് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് കിഴക്ക് പടിഞ്ഞാറായി ഒരു പന്തല്‍ ഒരുക്കും. രാത്രിയില്‍ ഇതിനായി പ്രത്യേകം പരിശീലനം നേടിയ ബൈത്തു സംഘം പടിഞ്ഞാറു ഭാഗത്ത് തിരിഞ്ഞു നിന്ന് ജവാബ് ഉരുവിടും. തുടര്‍ന്ന് അല്ലാഹുവിന്റെയും നബിയുടെയും പേരില്‍  ഹംദും സ്വലാത്തും ചൊല്ലി നബിയെക്കുറിച്ച് മദ്ഹ് ബൈത്തുകളും ദിക്‌റുകളും രിഫായി ബൈത്തുകളും ചൊല്ലി പത്തില്‍ കൂടുതല്‍ പേര്‍ രണ്ടു വരിയയി നിന്നും ഇരുന്നും  ചാഞ്ഞും ചെരിഞ്ഞും ദഫ് മുട്ടുന്നു.' (ദഫ് അറബന: അബ്ദുല്ല കരുവാരക്കുണ്ട്, ബുല്‍ബുല്‍ ദശവാര്‍ശികപത്തിപ്പ്.) ത്തരം മതചടങ്ങളുകളില്‍ വ്യാപകമായി ദഫ് മുട്ട് ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കുത്ത്‌റാതീബുകളാണ് ഇതില്‍ പ്രധാനം. പള്ളിയിലോ വീട്ടിലോ എവിടെയായാലും മങ്ങിയ വെളിച്ചത്തിലാണ് ഇത് നടന്നിരുന്നത്. പാട്ടിനൊപ്പം കത്തി, കുന്തം, സൂചി, വാള്‍ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടുള്ള മയ്യഭ്യാസവും ഉണ്ടാകുന്നു. ചൊല്ല് റാത്തീബ്, കുത്ത് റാത്തീബ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള റാത്തീബുകളുണ്ട്. ചൊല്ലുറാത്തീബില്‍ സൂചിപ്പിക്കുന്ന പോലെത്തന്നെ ചൊല്ലല്‍ മാത്രമേ ഉണ്ടാകുന്നുള്ളു. കുത്തു റാത്തീബില്‍ കുത്തലും മുറിക്കലും കൂടി ഉണ്ടാകുന്നു. ദബ്ബൂസ്, കഠാരി, കതിര്‍ എന്നിവയാണ് പ്രധാനമായും കുത്താനായി ഉപയോഗിക്കുന്നത്. ദഫ്മുട്ടിന്റെയും കീര്‍ത്തനങ്ങളുടെ ആരവങ്ങള്‍ക്കിടയിലാണ് ഇത്തരം റാത്തീബുകള്‍ അരങ്ങേറിയിരുന്നത്. മുഹ്യദ്ദീന്‍ റാത്തീബ്, രിഫാഈ റാത്തീബ് തുടങ്ങിയവ റാത്തീബുകളില്‍ പ്രധാനമാണ്. നേര്‍ച്ചപ്പരിപാടികള്‍, കല്യാണമുഹൂര്‍ത്തങ്ങള്‍, നബിദിനാഘോഷം തുടങ്ങിയ സമയങ്ങളിലെല്ലാം ഇന്നും ദഫ് മുട്ട് നിലനിര്‍ത്തിപ്പോരുന്നു. പണ്ടൊക്കെ ഓരോ നാട്ടിലും പ്രത്യേകം ദഫ് മുട്ട് സംഘങ്ങള്‍ ഉണ്ടായിരുന്നു. നാട്ടിലെ ഓരോ മത ചടങ്ങളിലേക്കും അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു. പരമ്പരാഗതമായിട്ടാണ് പലരും ഈ കല നിലനിര്‍ത്തിയിരുന്നത്. കാസര്‍കോട് പോലെയുള്ള ഭാഗങ്ങളില്‍ അല്‍പ്പമായെങ്കിലും ഇന്നും ഇത് കാണാന്‍ സാധിക്കുന്നു. എന്നാല്‍, യഥാര്‍ത്ഥത്തിലുള്ള ദഫുകള്‍ -സ്വാഅ്-ഗിര്‍ബാല്‍- കേരളത്തില്‍ വളരെ കുറവാണെന്നതാണ് വസ്തുത. ദഫിനോട് സാദൃശ്യമുള്ള തകരത്തില്‍ ഫൈബര്‍ കൊണ്ട് പൊതിഞ്ഞ് നട്ടും ബോള്‍ട്ടും മുറുക്കിയ ഗഞ്ചിറകളാണ് ഇവിടെ പൊതുവെ ഉപയോഗിച്ചുവരുന്നത്. കാപ്പാട് സൈദ് മുസ്‌ലിയാര്‍, അത്തോളി ഉസ്സന്‍ കുട്ടി മുസ്‌ലിയാര്‍, ഇടിയങ്ങര ചെക്കുട്ടിക്കാക്ക, ചേമഞ്ചേരി ചിറ്റടുത്ത് ഇമ്പിച്ചി അഹ്മദ് മുസ്‌ലിയാര്‍  തുടങ്ങിയവര്‍ ഈ മേഖലയില്‍ സംഭാവനകള്‍ അര്‍പ്പിച്ച പ്രധാനികളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter