സൈനബ് ബിന്‍തു ജഹ്ശ് (റ)

ജഹ്ശ്-ഉമൈമ ദമ്പതികളുടെ മകളായിരുന്നു സൈനബ്. പ്രവാചകരുടെ പിതൃസഹോദരീ പുത്രി. ധര്‍മിഷ്ഠയും സ്‌നേഹ ശീലയുമായിരുന്ന മഹതി അദ്യകാലത്തു തന്നെ ഇസ്‌ലാമാശ്ലേഷിച്ചു. ഖദീജാബീവിയുടെ അടിമയും ശേഷം പ്രാചകരോടൊന്നിച്ച് ജീവിക്കുകയും ചെയ്ത സൈദ് (റ) ആയിരുന്നു ആദ്യ ഭര്‍ത്താവ്. കുലീനയും പ്രശസ്ത കുടുംബാംഗവുമായിരുന്നു സൈനബ്.

അതുകൊണ്ടുതന്നെ സൈദുമായുള്ള   വിവാഹ ബന്ധത്തില്‍ മഹതിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. ശേഷം, വിശുദ്ധ ഖുര്‍ആനിലെ ''അല്ലാഹുവും അവന്റെ പ്രവാചകനും ഒരു തീരുമാനം എടുത്തുകഴി ഞ്ഞാല്‍ ഒരു വിശ്വാസിക്കും വിശ്വാസിനിക്കും സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യാതൊരു അധികാരവുമില്ല. അല്ലാഹുവിനോടും റസൂലിനോടും അനുസരണക്കേട് കാണിക്കുന്നവന്‍ വ്യക്തമായ പിഴവില്‍തന്നെ'' (33:36) എന്ന സൂക്തത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ വിവാഹം സമ്മതിക്കുന്നത്. പക്ഷെ, ഈ വിവാഹം കൂടുതല്‍കാലം നീണ്ടുപോയില്ല. ഇടക്കിടെ അവര്‍ക്കിടയില്‍ പലവിധ പ്രശ്‌നങ്ങളും ഉയര്‍ന്നുവരാന്‍ തുടങ്ങി. സൈദ് (റ) ഓരോന്നും പ്രവാചകനെ അറിയിച്ചു. ഥലാഖിനെക്കുറിച്ച് ചിന്തിക്കാതെ വിവാഹം നിലനിര്‍ത്തിപ്പോകാനായിരുന്നു പ്രവാചകരുടെ നിര്‍ദ്ദേശം. പക്ഷെ, സഹികെട്ടപ്പോള്‍ സൈദ് (റ) സൈനബിനെ വിവാഹ മോചനം നടത്തി. അങ്ങനെയാണ് പ്രവാചകന്‍ സൈനബിനെ വിവാഹം കഴിക്കുന്നത്. ഹിജ്‌റ അഞ്ചാം വര്‍ഷം മദീനയില്‍വെച്ചായിരുന്നു ഇത്. അന്ന് അവര്‍ക്ക് 35 വയസ്സായിരുന്നു.

പ്രവാചകര്‍ക്ക് 58 വയസ്സും. ഇതൊരു അസാധാരണ വിവാഹമായിരുന്നു. ജനങ്ങള്‍ക്ക് അനവധി പാഠങ്ങള്‍ നല്‍കലായിരുന്നു ഇതിന്റെ ഉദ്ദേശ്യം. അല്ലാഹുവായിരുന്നു ഈ കല്യാണം നടത്തിയിരുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹു അവന് (സൈദിന്) അനുഗ്രഹം നല്‍കി. നീയും അവനെ അനുഗ്രഹിച്ചു. അങ്ങനെയുള്ളവനോട് നിന്റെ ഭാര്യയെ നിനക്കായി വെച്ചുകൊണ്ടിരിക്കുക: അല്ലാഹുവിനെ സൂക്ഷിക്കുക എന്നു നീ പറയുന്ന സന്ദര്‍ഭം (ഓര്‍ക്കുക) അല്ലാഹു വെളിപ്പെടുത്തുന്ന സംഗതി നീ നിന്റെ മനസ്സില്‍ മറച്ചുവെക്കുകയും ആളുകളെ നീ ഭയപ്പെടുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ നീ ഭയപ്പെടാന്‍ ഏറ്റവും അവകാശപ്പെട്ടവനത്രെ.

അങ്ങനെ സൈദ് അവളില്‍നിന്ന് ആവശ്യം നിറവേറ്റിയപ്പോള്‍ അവളെ നിനക്കു നാം കെട്ടിച്ചുതന്നു. വിശ്വാസികള്‍ക്കു അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍ അവര്‍ അവരില്‍നിന്ന്  ആവശ്യം നിറവേറ്റിയാല്‍ യാതൊരു വിഷമവുമില്ലാതാവന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. അല്ലാഹുവിന്റെ കല്‍പന നടപ്പില്‍വരുന്നത് തന്നെയാണ് (36:38). ദത്തുപുത്രന്മാരെ സ്വന്തം മക്കളായി കാണുകയും അവരുടെ ഭാര്യമാരെ വിവാഹം ചെയ്യല്‍ സ്വന്തം മക്കളുടെ ഭാര്യമാരെ വിവാഹം ചെയ്യുന്നപോലെ നിഷിദ്ധമാണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്ന ഒരു കാലമായിരുന്നു അത്. വളര്‍ത്തുപുത്രന്മാരെ വളര്‍ത്തച്ഛനിലേക്കു ചേര്‍ത്തിയാണ് അവര്‍ വിളിച്ചിരുന്നത്. ഈയൊരു വിശ്വാസത്തെ തിരുത്തുകയായിരുന്നു അല്ലാഹു ഈ വിവാഹത്തിലൂടെ ചെയ്തിരുന്നത്. സൈദ് മുഹമ്മദ് നബിയുടെ മകനല്ലെന്നും വളര്‍ത്തുപുത്രന്‍ മാത്രമാണെന്നും വളര്‍ത്തുപുത്രന്റെ ഭാര്യ പുത്രന്റെ ഭാര്യയെപ്പോലെയല്ലെന്നും വ്യക്തമാക്കപ്പെടുകായിരുന്നു ഇവിടെ.

ദത്തുപുത്രന്മാര്‍ പുത്രന്മാരെപ്പോലെയല്ലെന്നും അവരുടെ ഭാര്യമാരെ വിവാഹം ചെയ്യല്‍ അനുവദനീയമാണെന്നും ഇസ്‌ലാം പഠിപ്പിച്ചു. ദത്തുപുത്രന്മാരെയും സ്വന്തം പിതാവിലേക്കു ചേര്‍ത്തിയാണ് വിളിക്കേണ്ടത് എന്നാണ് പറയുന്നത്. പ്രവാചകന്‍ തന്റെ കല്യാണങ്ങളില്‍ ഏറ്റവും നല്ല സദ്യയൊരുക്കിയത് സൈനബിന്റെ വിവാഹ വേളയിലായിരുന്നു. അന്ന് ഇറച്ചിയും പത്തിരിയുമാണ് പ്രവാചകന്‍ ഉണ്ടാക്കിയിരുന്നത്. അല്ലാഹുവാണ് ഈ വിവാഹം ചെയ്തുതന്നത് എന്നതിലെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഇത്. ഹിജ്‌റ 20 ല്‍ മദീനയില്‍ വെച്ച് മഹതി ലോകത്തോട് വിടപറഞ്ഞു. ഉമര്‍ (റ) നിസ്‌കാരത്തിന് നേതൃത്വം നല്‍കി.

പ്രവാചക വിയോഗത്തിനു ശേഷം ആദ്യമായി മരണമടഞ്ഞ ഭാര്യ സൈനബായിരുന്നു. തന്റെ മരണശേഷം തന്നോട് ആദ്യമായി ചേരുക അവരായിരിക്കുമെന്ന് പ്രവാചകന്‍ നേരത്തെ സൂചന നല്‍കുകയും ചെയ്തിരുന്നു. ദാനശീലത്തിലും ഭയഭക്തിയിലും സമുന്നതയായിരുന്നു സൈനബ് (റ). കൈയില്‍കിട്ടുന്നതെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുമായിരുന്നു. സ്വന്തം കരങ്ങള്‍കൊണ്ട് തോല്‍ ഊറക്കിട്ടു കിട്ടുന്ന പണം പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാറായിരുന്നു പതിവ്. തീര്‍ത്തും സ്‌നേഹമസൃണവും സന്തോഷ ഭരിതവുമായിരുന്നു പ്രവാചകരോടൊത്തുള്ള അവരുടെ ദാമ്പത്യജീവിതം.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter