തുര്‍ക്കിയിലൂടെ ഒരു യാത്ര

ലോകമൊന്നാകെ ഒരു രാജ്യമാവുകയാണെങ്കില്‍ അതിന്റെ തലസ്ഥാനമാകാന്‍ ഏറ്റവും യോഗ്യമായ സ്ഥലം ഇസ്തംബൂള്‍ ആണെന്നു പറഞ്ഞത് നെപ്പോളിയന്‍ ചക്രവര്‍ത്തിയാണ്. ബോസ്ഫറസ് കടലിടുക്കിന്റെ ഇരു കരകളിലുമായി പകുത്തുകിടക്കുന്ന ഈ നഗരം ഒരു കാലത്ത് ബൈസാന്റിയന്‍ ചക്രവര്‍ത്തിമാരുടെ സ്വന്തം കോണ്‍സ്റ്റാന്റിനോപ്പിള്‍ ആയിരുന്നു. ഇസ്‌ലാമിക- ക്രൈസ്തവ നാഗരികതകളുടെ നിരന്തര സംഘട്ടന- സഹവര്‍ത്തിത്വത്തിന്റെ കഥകള്‍ ഒരുപാട് പറയാനുള്ള ഈ നാട് തന്നെയാണ് കുരിശുയുദ്ധ ചരിത്രത്തിലെ പല നിര്‍ണായക നിമിഷങ്ങള്‍ക്കും സാക്ഷിയായത്. ലോക യുദ്ധ ചരിത്രത്തില്‍ ആദ്യമായി പീരങ്കികള്‍ പ്രയോഗിച്ച മുഹമ്മദ് രണ്ടാമന്‍ ബൈസാന്റിയന്‍ ചക്രവര്‍ത്തിമാരെ തുരത്തിയോടിച്ചതും ഇവിടെ നിന്നായിരുന്നു. പിന്നീട് ബോസ്ഫറസിലെ നീര്‍ച്ചുഴികള്‍ പോലെ നിരന്തര ആരോഹണാവരോഹണങ്ങളുടെ ചരിത്രം പറയാനുള്ള കോണ്‍സ്റ്റാന്റിനോപ്പിള്‍ ഇസ്‌ലാംബൂളായി പുനര്‍നാമകരണം ചെയ്യപ്പെടുകയും ലോകചരിത്രത്തെ വഴിതിരിച്ചുവിട്ട ഉസ്മാനിയ ഖിലാഫത്തിന്റെ ഭരണകേന്ദ്രമാവുകയും ചെയ്തു. അതില്‍ പിന്നെ സാന്റാമറിയയിലെ കുരിശും അള്‍ത്താരയും തകര്‍ക്കപ്പെടുകയും അനത്തോളിയയില്‍ നിറഞ്ഞുകവിഞ്ഞിരുന്ന ക്രിസ്തീയ ദേവാലയങ്ങള്‍ മസ്ജിദുകളായി രൂപാന്തരപ്പെടുകയും ചെയ്തപ്പോള്‍ ലോകചരിത്രത്തിലെ സാംസ്‌കാരിക ബഹുസ്വരതയുടെ പോരാട്ട നൈരന്തര്യത്തില്‍ മറക്കാനാവാത്തൊരു അധ്യായമായി അത് മാറി. ആര്‍ത്തലച്ചുവന്ന കുരിശുയുദ്ധ സേനയുടെ കാല്‍പാദങ്ങള്‍ക്ക് മീതെ മുഹമ്മദുല്‍ ഫാതിഹിന്റെ പടയോട്ടങ്ങള്‍ ഒരുപാട് നടന്നിട്ടും ക്രിസ്ത്യാനിറ്റിക്ക് സ്വന്തമായ പലതും അവിടെ ബാക്കിനില്‍ക്കുന്നു; മറവിയിലേക്ക് പൂഴ്ന്നിറങ്ങാന്‍ മടിച്ചിട്ടെന്ന പോലെ.

ബോസ്ഫറസിന്റെ ഇരു കരകളിലുമായി പകുത്തു മാറ്റപ്പെട്ട ഇവിടെ രണ്ടു നാഗരികതകള്‍ പരസ്പരം ആശ്ലേഷിച്ചും കലഹിച്ചും ചുംബിച്ചും പിണങ്ങിയും നില്‍ക്കുന്നു. സാംസ്‌കാരികോന്നതിയുടെ നിതാന്ത ദര്‍ശനങ്ങളുമായി ഇസ്‌ലാമും, ധാര്‍മികാധഃപതനത്തിന്റെ നിത്യ കാഴ്ചകളുമായി പാശ്ചാത്യ നാഗരികതയും ഇഴചേര്‍ന്നു നടക്കുകയാണിവിടെ. ഉസ്മാനിയാ ഖിലാഫത്തിന്റെ പ്രതാപം തുളുമ്പുന്ന ഗതകാലങ്ങളില്‍ യൂറോപ്യന്‍ രാഷ്ട്രത്തലവന്മാര്‍ ഖലീഫമാര്‍ക്ക് മുന്നില്‍ തലകുനിച്ചു നിന്ന ഈ നഗത്തെയായിരുന്നു അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ഹൃദയമെന്നു വിശേഷിപ്പിച്ചത്.

ഇസ്‌ലാമിക നാഗരികതയുടെ ചെറുത്തുനില്‍പ്പുകളുടെ ചരിത്രത്തില്‍ ഔന്നത്യത്തിന്റെ ഗതകാല കഥകള്‍ പേറുന്ന ഇസ്തംബൂളും ഒപ്പം തുര്‍ക്കിയും ഇന്ന് കരച്ചിലടക്കാനാകാതെ കണ്ണീര്‍ പൊഴിക്കുകയാണ്. വിശ്വാസങ്ങളുടെ പേരില്‍ നടന്ന പോരാട്ടങ്ങള്‍ക്ക് അറുതിയാകുമ്പോഴും അവയുടെ സ്മാരകശിലകള്‍ പേറി നില്‍ക്കുന്ന എഫെസിയും കച്ചസോപിയയും പാമുകലയും മറ്റനേകം അനത്തോളിയന്‍ ഗ്രാമ- നഗരങ്ങളും ഉള്‍ക്കൊള്ളുന്ന ഏഷ്യാമൈനറിലെ തുര്‍ക്കിയെന്ന കൊച്ചുരാഷ്ട്രത്തിലെ ജനതയുടെ സ്വത്വപ്രതിസന്ധികള്‍ ഇന്നും പരിഹൃതമാകാതെ കിടക്കുന്നു.

ചക്രവാളങ്ങളോളം തലയുയര്‍ത്തി നില്‍ക്കുന്ന മിനാരങ്ങളുടെയും, പ്രൗഢഗംഭീരമായ നിര്‍മിതികളുടെയും, ആഢ്യത്വം നിറഞ്ഞ ചരിത്രത്തിന്റെയും, ഹഠാദാകര്‍ഷകമായ സൂഫീ ഗാനങ്ങളുടെയും വിവിധ വര്‍ണങ്ങളിലുള്ള തൊപ്പികളുടെയും കലാരൂപങ്ങളുടെയും നാടാണ് തുര്‍ക്കി. ഇസ്‌ലാമിക ലോകത്തെ ഏറ്റവും പൈതൃക ധന്യമായ ഈ ദേശത്തെ കാറ്റിനും വെള്ളത്തിനും നഗരത്തിനും ഗ്രാമത്തിനും നിശബ്ദതക്കു വരെ ഒരുതരം പൗരാണികതയുടെ ഗന്ധമുണ്ട്.

ഖിലാഫത്തിന്റെ അഞ്ചു പതിറ്റാണ്ടു കാലത്തെ ചരിത്രം പേറുന്ന തുര്‍ക്കിയിലെ നവോത്ഥാന നായകരില്‍ പ്രമുഖനായ ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ സ്മരണക്കായി ഇസ്തംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ് ആന്‍ഡ് കള്‍ച്ചര്‍ നടത്തിയ ഒമ്പതാമത് അന്താരാഷ്ട്ര സിംപോസിയത്തില്‍ സംബന്ധിക്കാനാണ് തുര്‍ക്കിയിലെത്തിയത്. നാല്‍പതിലധികം രാഷ്ട്രങ്ങളില്‍ നിന്നായി ഇരുനൂറ്റി എണ്‍പതിലധികം ബൗദ്ധിക- അക്കാദമിക വിചക്ഷണര്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്ത്യയില്‍ നിന്ന് രണ്ടുപേരാണ് ഉണ്ടായിരുന്നത്; ലേഖകനും ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ലക്ചറര്‍ സയ്യിദ് മുനീം പാഷയും.

നിര്‍വികാരമായി മലര്‍ന്നുകിടക്കുന്ന റുബുഉല്‍ ഖാലി (ഒഴിഞ്ഞ മരുപ്പറമ്പ്) മുറിച്ചു കടന്ന് യൂറോപ്പിന്റെ രോഗിയായ തുര്‍ക്കിയുടെ പഴയ തലസ്ഥാന നഗരിയിലിറങ്ങുമ്പോഴും സഈദ് നൂര്‍സി ആ സമൂഹത്തില്‍ എന്തുമാത്രം സ്വാധീനം ചെലുത്തിയെന്ന കൃത്യമായ ധാരണയുണ്ടായിരുന്നില്ല. കിഴക്കന്‍ തുര്‍ക്കിയിലെ നൂര്‍സ് ഗ്രാമത്തില്‍ 1873ല്‍ പിറന്ന സഈദ് നൂര്‍സി തന്റെ ജീവിത കാലത്തിനിടയില്‍ തുര്‍ക്കിയുടെ ആത്മീയ- വൈജ്ഞാനിക മേഖലകളില്‍ അദ്വിതീയമായ സ്ഥാനമാണ് നേടിയെടുത്തത്. ഉസ്മാനിയ ഖിലാഫത്തിന്റെ അവസാന ദശകങ്ങള്‍ക്കും ഒന്നാം ലോക മഹായുദ്ധാനന്തരം ഖിലാഫത്തിന്റെ പതനത്തിനും തുടര്‍ന്നുവന്ന തുര്‍ക്കിയുടെ മുസ്‌ലിം വിരുദ്ധതയില്‍ മാത്രം കേന്ദ്രീകൃതമായ തീവ്ര മതേതരവത്കരണത്തിനും ഏറ്റവുമൊടുവില്‍ സംഭവിച്ച ജനാധിപത്യ ഭരണക്രമത്തിനുമെല്ലാം സാക്ഷിയാവുകയും മുഴുവന്‍ ഘട്ടങ്ങളിലും തന്റേതായ റോള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പില്‍ക്കാല ജീവിതം സംഭവബഹുലമായിരുന്നു. ശാസ്ത്രീയ കുതിച്ചുചാട്ടങ്ങളുടെ കാലത്ത് മത- ഭൗതിക വിജ്ഞാന സമന്വയം കൊണ്ട് മാത്രമേ മതപ്രബോധനം സാധ്യമാവുകയുള്ളൂവെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം നാടുകടത്തപ്പെട്ട സമയത്തും വിവിധ തടവറകളില്‍ നിന്നുമെല്ലാമായി രചിച്ച രിസാലയെ നൂര്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാനമാണ് അദ്ദേഹത്തെ മുസ്‌ലിം ലോകത്ത് ഏറെ ശ്രദ്ധേയനാക്കി മാറ്റിയത്.

തുര്‍ക്കിയെ മതേതരവത്കരിക്കാന്‍ ഇറങ്ങിത്തിരിച്ച അതാതുര്‍ക്കിന്റെ പടയോട്ട കാലത്താണ് ഇസ്‌ലാമിക ചലനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ അദ്ദേഹത്തെ അനത്തോളിയയിലേക്ക് നാടുകടത്തിയത്. ഇക്കാലയളവില്‍ ഭരണകൂടത്തിന്റെ അതിതീക്ഷ്ണമായ മതവിരോധത്തിന്റെ രുചിയറിഞ്ഞ അദ്ദേഹം ബര്‍ലയിലെ ഏകാന്തവാസത്തിനിടെ രിസാലയെ നൂര്‍ രചിച്ചുകൊണ്ടാണ് ഇതിന് മറുപടി നല്‍കിയത്. 1960ല്‍ മണ്‍മറഞ്ഞുപോയ നൂര്‍സിയുടെ ഭൗതിക ശരീരത്തെ പോലും ഭയന്ന അധികാരികള്‍ ഉര്‍ഫയിലെ മഖ്ബറയില്‍ നിന്ന് അതും പുറത്തെടുത്ത് അജ്ഞാതമായ ഏതോ സ്ഥലത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഖബ്‌റിടം അന്വേഷിക്കുന്ന ഏതൊരാളോടും തുര്‍ക്കികള്‍ക്ക് ഒരേയൊരു മറുപടിയാണ് പറയാനുള്ളത്: 'കോടിക്കണക്കിന് മുസ്‌ലിംകളുടെ മനസ്സിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്!'

ഒരുകാലത്ത് ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനഭൂമികയായിരുന്ന തുര്‍ക്കിയുടെ വര്‍ത്തമാനകാല ഇസ്‌ലാമിക ചലനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സഈദ് നൂര്‍സിയും അദ്ദേഹത്തിന്റെ രചനകളും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. അതിന്റെ പ്രകടമായ ദൃഷ്ടാന്തമായിരുന്നു ഞങ്ങള്‍ പങ്കെടുത്ത അന്താരാഷ്ട്ര സിംപോസിയത്തിലെ ശ്രോതാക്കളായെത്തിയ വന്‍ ജനക്കൂട്ടം. ഇസ്തംബൂളിലെ വലിയൊരു ബാസ്‌കറ്റ് ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ തുര്‍ക്കി വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ പ്രമുഖരുടെ നിര തന്നെയുണ്ടായിരുന്നു. സാങ്കേതിക സാധ്യതകളെ പൂര്‍ണമായും ഉപയോഗപ്പെടുത്തിയ വേദികളില്‍ തിങ്ങിനിറഞ്ഞവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളും ഉന്നത സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നരുമാണെന്നത് ആരെയും അത്ഭുതപ്പെടുത്താതിരിക്കില്ല. സാമുവല്‍ ഹണ്ടിങ്ടണ്‍ പറഞ്ഞതുപോലെ 'ഇസ്‌ലാമിക ലോകത്തിന് നേതൃത്വം നല്‍കാന്‍ ഏറ്റവും യോഗ്യമായ രാജ്യം തുര്‍ക്കിയാണ്' എന്നത് ശരിവെക്കും പോലെയാണ് അവരുടെ ഭാവപ്രകടനങ്ങള്‍.

തുര്‍ക്കിയുടെ യൂറോപ്യന്‍ ഭാഗങ്ങള്‍ വൃത്തിയിലും വെടിപ്പിലും ധനാഗമന മാര്‍ഗങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നുവെങ്കിലും ഏഷ്യന്‍ ഭാഗങ്ങളും ഇപ്പോഴേതാണ്ട് ഇതൊക്കെ അനുകരിച്ച മട്ടാണ്. പാശ്ചാത്യന്റെ ഇഷ്ടവേഷമായ സ്യൂട്ടുകള്‍ ധരിക്കുന്ന പുരുഷന്മാരും ശാന്തരും അധ്വാനശീലരുമായ ഗ്രാമീണരും സ്‌കാര്‍ഫ് ധരിക്കുന്ന സ്ത്രീകളുമെല്ലാം തുര്‍ക്കിയിലെ നിത്യകാഴ്ചകളാണ്. അന്ധമായ അനുകരണത്തില്‍ നിന്ന് മാറി മാന്യമായ വേഷവിധാനങ്ങളെ മാത്രം സ്വീകരിക്കുന്നതില്‍ അവര്‍ പ്രകടിപ്പിക്കുന്ന മിടുക്ക് അപാരം തന്നെ. ഇസ്‌ലാമിക സമൂഹത്തിനും പാശ്ചാത്യ നാഗരികതക്കും സംഘട്ടനങ്ങളില്ലാത്ത സമന്വയത്തിന്റെ ചില ഇടങ്ങളുമുണ്ടെന്ന യാഥാര്‍ത്ഥ്യമാണ് അവരുടെ ചലന- നിശ്ചലനങ്ങളില്‍ തെളിഞ്ഞുവരുന്നത്.

ഒരു ഇസ്‌ലാമിക ഭരണത്തിന്റെ മായ്ച്ചുകളയാന്‍ പറ്റാത്ത തിരുശേഷിപ്പെന്നോണം സ്വൂഫീ സംഗീതങ്ങളും കലാ വാസനകളും ശില്‍പ ചാതുരിയുമെല്ലാം തുര്‍ക്കിയുടെ ജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ലോകം സാധ്യതകളുടെ പുതിയ ചക്രവാളങ്ങള്‍ തേടുമ്പോള്‍ അവര്‍ അതിജീവനത്തിന്റെ പുതിയ പാതകള്‍ വെട്ടിത്തെളിക്കുകയാണ്. അങ്ങനെ, വിട്ടുവീഴ്ചയില്ലാത്ത മതബോധത്തിനും ആര്‍ത്തലച്ചുവരുന്ന ഭൗതികതക്കും മധ്യേ തുര്‍ക്കികള്‍ സ്വന്തമായൊരിടം കണ്ടെത്തുന്നതില്‍ വിജയിക്കുന്നു.

ബോസ്ഫറസിന് കുറുകെ പണിത ആധുനിക തൂക്കുപാലം പോലെ ആശങ്കകള്‍ക്കും പ്രത്യാശകള്‍ക്കും മധ്യേയാണ് തുര്‍ക്കിയുടെ രാഷ്ട്രീയമിന്നും. സമുദ്രനിരപ്പില്‍ നിന്ന് അറുപത്തിനാല് മീറ്റര്‍ ഉയരത്തില്‍ തൂണുകളില്ലാതെ ജപ്പാനീസ് വിദഗ്ധരുടെ മിടുക്കില്‍ വിടര്‍ന്ന ഈ പാലം രണ്ടു വന്‍കരകളെ തമ്മില്‍ ഇഴ ചേര്‍ക്കുന്നു; രണ്ട് നാഗരികതകളെ പോലെയും. എന്നാലുമവര്‍ സംശയിച്ചു നില്‍ക്കുന്നു, യൂറോപ്യന്‍ പ്രേമവുമായി മുന്നോട്ടു പോകണോ; അതോ, തീവ്ര ഇസ്‌ലാമികതയിലേക്ക് തിരിഞ്ഞുനടക്കണോ? മതേതരത്വത്തിന്റെ അപ്പോസ്തലനായ കമാല്‍ അതാതുര്‍ക്കിന്റെ കാലം കഴിഞ്ഞെങ്കിലും തുര്‍ക്കി ഇന്നും യൂറോപ്പിലേക്കുള്ള യാത്രാ മധ്യേയാണ്. നാറ്റോ സൈനിക സഖ്യത്തിലേക്ക് ഏറ്റവും കൂടുതല്‍ സൈനികരെ സംഭാവന നല്‍കിയിട്ടു പോലും യൂറോപ്യന്‍ യൂനിയനില്‍ അവരിന്നും ഉമ്മറപ്പടിയില്‍ കാത്തിരിപ്പിലാണ്; സായിപ്പിന്റെ സമ്മതം കിട്ടാന്‍. ഇതിലൊന്നും ഒതുങ്ങാതെ അവര്‍ പുതിയ പാലങ്ങള്‍ പണിതുകൊണ്ടോയിരിക്കുകയാണ്. ഈയടുത്ത കാലത്താണ് ബോസ്ഫറസിന് കുറുകെ രണ്ടാമതൊരു പാലം കൂടെ പണി തീര്‍ന്നത്.

അത്രമേല്‍ ദുഷിച്ചിരുന്ന സമീപ ഭൂതങ്ങളെ മറക്കാതിരിക്കുമ്പോഴും തുര്‍ക്കിയിലെ ഭൂരിഭാഗം ജനതയും ഇസ്‌ലാമിനെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നവരാണ്. അവരുടെ ജീവിതം അതിരുകള്‍ വരച്ചിരിക്കുന്നത് ഈ പ്രത്യയശാസ്ത്രത്തിന്റെ നിയമസാധുതകള്‍ പരിശോധിച്ചുകൊണ്ട് തന്നെ. ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഈയൊരു സ്വാതന്ത്ര്യം വലിയ അനുഗ്രഹമായാണവര്‍ കാണുന്നതും.

കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം അവര്‍ ഇസ്‌ലാമിക ലോകത്ത് നിന്നും രാഷ്ട്രീയമായും സാംസ്‌കാരികമായും അറുത്തുമാറ്റപ്പെടുകയായിരുന്നു. അവരുടെ സാംസ്‌കാരിക ശീലങ്ങളും നൈസര്‍ഗികാഭിമുഖ്യങ്ങളും നിത്യജീവിതം വരെ കീഴ്‌മേല്‍ മറിക്കപ്പെട്ടു. ആണ്ടുകളോളം തങ്ങളുടേതാക്കി വെച്ചിരുന്ന മത മൂല്യങ്ങള്‍ ഭരണകൂടം നിഷ്‌കരുണം പിഴുതെറിഞ്ഞു.

സ്‌പെയ്‌നില്‍ നിന്ന് കുടിയേറിയ ജൂത പാരമ്പര്യമുള്ള കുടുംബത്തില്‍ പിറന്ന കമാല്‍ അതാതുര്‍ക്ക് സൈനിക മേധാവിയായിരിക്കെ അനത്തോളിയയിലെ വിപ്ലവ ശക്തികളെ തുരത്തി സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ സഹപ്രവര്‍ത്തകരെ ഉപയോഗിച്ച് തടയിടുകയായിരുന്നു. ഉസ്മാനീ ഖിലാഫത്തിലെ അവസാനത്തെ ശബ്ദമായിരുന്ന സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ കാലത്ത് നടന്ന അഭ്യന്തര വിപ്ലവങ്ങളായിരുന്നു കമാലിന്റെ ആദ്യ കളരി. തുര്‍ക്കിയെ അതിന്റെ ഭൂതകാലങ്ങളില്‍ നിന്നും ഇസ്‌ലാമില്‍ നിന്ന് തന്നെയും അടര്‍ത്തിമാറ്റാന്‍ അയാള്‍ നടത്തിയ കുതന്ത്രങ്ങള്‍ വിജയം കാണുക തന്നെ ചെയ്തു. സിരകളില്‍ മതവിരുദ്ധത കുത്തിവെക്കപ്പെട്ട സൈനികര്‍ അന്ന് ലോക മുസ്‌ലിംകളുടെ അഭിമാനമായിരുന്ന ഉസ്മാനി ഖിലാഫത്തിന്റെ ആധാരശിലകളില്‍ കൈയിട്ടു വാരി. സൈന്യത്തിലെ മതവിരുദ്ധത വര്‍ത്തമാന തുര്‍ക്കിയിലും ഒരു നഗ്ന യാഥാര്‍ത്ഥ്യമാണ്. സൈന്യത്തിലെ സ്ഥാനക്കയറ്റങ്ങള്‍ക്കും നിലനില്‍പിനും വരെ നിരീക്ഷകരുടെ കഴുകക്കണ്ണുകളില്‍ നിന്ന് മതചിഹ്നങ്ങളെ അടക്കിയൊതുക്കേണ്ടി വരുന്നു. അതാതുര്‍ക്കിന് ശേഷം ജനാധിപത്യപരമായി നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ അദ്‌നാന്‍ മെന്‍ദരിസിനെ അമേരിക്കന്‍ പ്രസിഡന്റിന്റെയും എലിസബത്ത് രാജ്ഞിയുടെയുമെല്ലാം അഭ്യര്‍ത്ഥന കാറ്റില്‍ പറത്തി 1961 സെപ്തംബര്‍ പതിനേഴിന് ഇംറാലി ദ്വീപില്‍ വെച്ച് തൂക്കിലേറ്റിയതും സൈന്യത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു. മതത്തെയും മതകീയ ചിഹ്നങ്ങളെയും അലര്‍ജിയോടെ മാത്രം കണ്ടുവരുന്ന സൈനിക സംവിധാനം ആധുനിക തുര്‍ക്കിയുടെ സാംസ്‌കാരിക വര്‍ത്തമാനങ്ങളില്‍ ഒരു കറുത്ത പൊട്ടായി ഇന്നും ശേഷിക്കുന്നു.

ഇസ്‌ലാമിക ഖിലാഫത്തിന്റെ അവസാന യാമങ്ങളില്‍ സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിന്റെ കൈയില്‍ നിന്ന് ടര്‍ക്കിഷ് റിപബ്ലിക്കിന്റെ ചെങ്കോല്‍ തട്ടിയെടുത്ത അതാതുര്‍ക്കിന് പക്ഷേ, സംസ്‌കാരത്തിലും ജീവിതത്തിലും മതവിശ്വാസങ്ങള്‍ക്കുള്ള സ്വാധീനം തിരിച്ചറിയാന്‍ കഴിയാതെ പോയി. ഒന്നാം ലോക മഹായുദ്ധാനന്തരം അതിശീഘ്രം വളരുന്ന പാശ്ചാത്യ ലോകത്തെ കണ്ട് അന്ധാളിച്ചുനിന്ന അദ്ദേഹം മതകീയ മൂല്യങ്ങളെ തുര്‍ക്കിയുടെ ആത്മാവില്‍ നിന്നും അറുത്തുമാറ്റാന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു. രാജ്യത്തെ തീവ്രമതേതര ചേരിയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ അദ്ദേഹം തന്നാല്‍ ആകുന്നതെല്ലാം ചെയ്തു. മതകാര്യങ്ങള്‍ക്ക് പ്രത്യേകമായുള്ള മന്ത്രാലയവും ശൈഖുല്‍ ഇസ്‌ലാം പദവിയും നിര്‍ത്തലാക്കി. രാജത്തിന്റെ പരമപ്രമാണ പദവിയില്‍ നിന്ന് ശരീഅത്തിനെ നീക്കം ചെയ്ത് തല്‍സ്ഥാനത്ത് സ്വിസ് നിയമം ഭേദഗതികളോടെ അവരോധിച്ചു.

രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന സ്വൂഫീ ത്വരീഖത്തുകള്‍ നിരോധിക്കപ്പെട്ടു. സ്വൂഫികളെ നാടുകടത്തുകയോ വധിക്കുകയോ ചെയ്തു. പുരുഷന്മാര്‍ തുര്‍ക്കിത്തൊപ്പിയും പരമ്പരാഗത വേഷവും ധരിക്കുന്നത് നിരോധിച്ച് പാശ്ചാത്യ രീതിയില്‍ സ്യൂട്ടും കോട്ടും നിര്‍ബന്ധമാക്കി. സ്ത്രീകള്‍ ഇസ്‌ലാമിക രീതിയില്‍ പര്‍ദ ധരിക്കുന്നതും ശിരോവസ്ത്രം ധരിക്കുന്നതും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. പെരുന്നാള്‍ ആഘോഷങ്ങള്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനും വര്‍ഷങ്ങളോളം നിരോധനമേര്‍പ്പെടുത്തി.

പക്ഷേ, തുര്‍ക്കി വീണ്ടും കലാപങ്ങള്‍ക്ക് വേദിയായില്ല. അവര്‍ എല്ലാ സത്യങ്ങളും അറിഞ്ഞിട്ടും നിശബ്ദതയില്‍ അഭയം തേടി. അപ്പോഴും ജയിലറകളില്‍ സഈദ് നൂര്‍സിമാര്‍ ജന്മമെടുത്തു. അതൊരു ബൗദ്ധിക വിപ്ലവത്തിന്റെ തുടക്കമായിരുന്നു. രാഷ്ട്ര നേതൃത്വം അധാര്‍മികമായി വഴിമാറി സഞ്ചരിക്കുമ്പോഴും നൂര്‍സിയുടെ ആധ്യാത്മിക നേതൃപാടവത്തിന് മുന്നില്‍ ജനത ഒറ്റക്കെട്ടായി നിന്നു. 1950കളില്‍ അദ്‌നാന്‍ മെന്‍ദരിസിനെ അധികാരത്തിലേറ്റി അവര്‍ എല്ലാ നെറികേടുകള്‍ക്കുമെതിരെ പ്രതികാരം ചെയ്തു.

തുര്‍ക്കി സാംസ്‌കാരികതയോട് കമാല്‍ ചെയ്ത കൈയേറ്റങ്ങള്‍ എത്രയോ അസഹനീയമായിരുന്നു. ഖാന്‍ഖാഹുകളും മതപാഠശാലകളും അടച്ചുപൂട്ടിയ അയാള്‍ മുഹമ്മദുല്‍ ഫാതിഹ് മസ്ജിദാക്കി മാറ്റിയ അയോസോഫിയ ചര്‍ച്ചായും പിന്നീട് മ്യൂസിയമായും രൂപാന്തരപ്പെടുത്തി. മസ്ജിദുകളില്‍ ബാങ്കുവിളി നിരോധിക്കുകയും ഒട്ടനവധി മസ്ജിദുകള്‍ മതേതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്തു. ഇസ്തംബൂളിന്റെ വെളിമ്പ്രദേങ്ങളില്‍ പലയിടത്തും ആ കാലഘട്ടത്തെ അഭിമുഖീകരിച്ച വൃദ്ധന്മാരെ കാണുകയുണ്ടായി. നീണ്ട കാലത്തെ ഇസ്‌ലാമിക വിരുദ്ധതയില്‍ മനം നൊന്ത് നിര്‍വികാരമായി മാറിയ അവരുടെ തലമുറ അദ്‌നാന്‍ മെന്‍ദരിസിന്റെ വരവോടെ സ്വാതന്ത്ര്യത്തിന്റെ തീര്‍ത്ഥജലം പാനം ചെയ്ത് ദാഹം തീര്‍ത്തു.

മസ്ജിദുല്‍ അസ്‌റഖ്, അന്‍സ്വാരി മസ്ജിദ് തുടങ്ങി പടിഞ്ഞാറ് ഈജിയന്‍ കടലും കിഴക്ക് അറാറത്ത് പീഠഭൂമിയും അതിരിടുന്ന പഴയ കിഴക്കന്‍ റോമിലെ ആയിരക്കണക്കിന് പള്ളി മിനാരങ്ങളില്‍ നിന്നും ഉയര്‍ന്ന ബാങ്കുവിളിയുടെ ശബ്ദസൗരഭ്യം ഒരിക്കല്‍ കൂടി കര്‍ണപുടങ്ങളില്‍ പ്രതിധ്വനിച്ചപ്പോള്‍ ആഹ്ലാദം നിയന്ത്രിക്കാനാവാതെ പരസ്പരം കെട്ടിപ്പിടിച്ചും സുജൂദ് ചെയ്തും മധുരവിതരണം നടത്തിയും സന്തോഷം പ്രകടിപ്പിച്ച ഒരസുലഭ നിമിഷത്തിന്റെ വികാരഭരിതമായ ഓര്‍മകള്‍ അവരില്‍ പലരും പങ്കുവെച്ചു. സാംസ്‌കാരിക പാരതന്ത്ര്യം മനുഷ്യസ്വത്വത്തെ എത്രമേല്‍ വേദനിപ്പിക്കുമെന്ന് അവരുടെ കലങ്ങിയ നയനങ്ങളില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാന്‍ കഴിയും.

കമാല്‍ ഭരണകൂടമായിരുന്നു അതുവരെ അറബി ലിപിയില്‍ എഴുതപ്പെട്ടിരുന്ന തുര്‍ക്കി ഭാഷക്ക് ലാറ്റിന്‍ ലിപി നടപ്പില്‍ വരുത്തിയതും ബഹുഭാര്യത്വം നിരോധിച്ചതുമെല്ലാം. അയാള്‍ മുസ്‌ലിം സ്ത്രീകള്‍ അമസ്‌ലിം പുരുഷനുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുകയും പ്രധാന നഗരങ്ങളിലെല്ലാം നൈറ്റ് ക്ലബ്ബുകളും മദ്യശാലകളും യഥേഷ്ടം അനുവദിക്കുകയും ചെയ്തു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അറബി ഭാഷാപഠനം നിര്‍ത്തലാക്കുകയും ഇംഗ്ലീഷ് നിര്‍ബന്ധമാക്കുകയും ചെയ്തു. ഇസ്‌ലാമുമായുള്ള മുഴുവന്‍ ബന്ധവും നിര്‍ത്തലാക്കുന്നതിന് ചെയ്യാന്‍ കഴിയുന്ന എല്ലാ വഴികളും ഉപയോഗപ്പെടുത്തി. എന്തിനേറെ ഉസ്മാനി ഖലീഫമാരുടെ ഗന്ധം പേറുന്ന ഇസ്താംബൂളിന്റെ പ്രക്ഷുബ്ധമായ ആത്മാവിനെപ്പോലും ഭയന്ന അതാതുര്‍ക്ക് 1924ല്‍ തലസ്ഥാന നഗരി തന്നെ അന്‍കാറയിലേക്ക് മാറ്റി!

അറിവിന്റെ മാധ്യമങ്ങളില്‍ നിന്ന് മതകീയ വിജ്ഞാനീയങ്ങള്‍ നുകരാനുള്ള എല്ലാ സാധ്യതകളും അടച്ചുകളഞ്ഞ ഭരണകൂട നടപടിയെ തുര്‍ക്കി ജനത സൗമ്യമായി മറികടക്കുകയായിരുന്നു. മത- ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിക്കണമെന്ന ആവശ്യവുമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ തന്നെ മുന്നിട്ടിറങ്ങിയ സഈദ് നൂര്‍സിക്ക് പക്ഷേ, തന്റെ ഉദ്യമം പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് പ്രവര്‍ത്തന ഗോദയിലിറങ്ങിയ നൂര്‍സിയുടെ ശിഷ്യന്മാരാണിന്ന് തുര്‍ക്കിയിലെ മതവിദ്യയുടെ കാവല്‍ക്കാര്‍. ഫത്ഹുല്ല ഗുലന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന ഈ ഗുലന്‍ മൂവ്‌മെന്റ് അവരുടെ പ്രവര്‍ത്തന മേഖലയുടെ വൈപുല്യം കൊണ്ടും ജനകീയാടിത്തറ കൊണ്ടും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. തുര്‍ക്കി സര്‍ക്കാര്‍ നിയമങ്ങള്‍ പ്രകാരം പതിനഞ്ച് വയസ്സുവരെ മതവിജ്ഞാനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുതെന്നും അതിനു ശേഷം അവര്‍ ഇഷ്ടപ്പെടുന്ന വിശ്വാസം തിരഞ്ഞെടുക്കണമെന്നുമാണ്. അതുവരെ അല്‍പാല്‍പം ഖുര്‍ആന്‍ മാത്രം പഠിപ്പിക്കുന്ന പള്ളികളാണവരുടെ ആശ്രയം. സര്‍ക്കാരുകള്‍ ആകെക്കൂടി ഇമാമുമാരെ സൃഷ്ടിക്കാനായി ഇമാം- ഖത്വീബ് സ്‌കൂള്‍ മാത്രമാണ് നടത്തുന്നത്.

മതകീയ തുര്‍ക്കിയെ വളരെ ആസൂത്രിതമായി നയിച്ചു കൊണ്ടിരിക്കുന്ന ഫത്ഹുല്ല ഗുലന്‍ വിദ്യാഭ്യാസത്തെയും കച്ചവട- ജീവിതോപാധികളെയും ദൈനംദിന ജീവിതത്തിന്റെ വിവിധ മേഖലകളെയും മതത്തിന്റെ മേല്‍ക്കൂരക്ക് താഴെ എങ്ങനെ അടുക്കി നിര്‍ത്താമെന്ന് തെളിയിക്കുന്നു. പരസ്യമായി തുര്‍ക്കിയിലെ ഇസ്‌ലാമിക രാഷ്ട്രീയത്തിന് പുനര്‍ജന്മം നല്‍കാന്‍ ശ്രമങ്ങള്‍ നടക്കുന്നില്ലെങ്കിലും പരോക്ഷമായി മതവിജ്ഞാനം ജനതയൊന്നാകെ ഇസ്‌ലാമികവത്കരിക്കുന്നുണ്ട്.

ഇസ്‌ലാമിക തുര്‍ക്കി തിരിച്ചുവരുമോ എന്നൊരു ഭീതി വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയക്കാരന്റെ ശങ്കക്ക് മുന്നില്‍ ഉത്തരങ്ങളില്ലാതെ ഗുലന്‍ ഇന്നും അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ പ്രവാസിയായി കഴിയുന്നു, സ്വരാജ്യത്തേക്ക് തിരിച്ചുവരാന്‍ വഴികളില്ലാതെ. തുര്‍ക്കിയിലെ വാര്‍ത്താ മാധ്യമ രംഗത്തെ ഏറ്റവും പ്രചാരമുള്ള സമന്‍ (ദമാമി) ദിനപത്രവും അതിന്റെ ഇംഗ്ലീഷ് പതിപ്പായ ടുഡേസ് സമനും ഗുലന്‍ മൂവ്‌മെന്റിന്റെ സംഭാവനയാണ്. ഒരു ദേശത്തെ ഇസ്‌ലാമിക സമൂഹത്തെ നിയന്ത്രിക്കുന്നതോടൊപ്പം അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളെ അനുനയിപ്പിച്ച് നിര്‍ത്താനും ആ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയിലെ ഡല്‍ഹി അടക്കം ലോകത്താകമാനം 2400 സ്‌കൂളുകള്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാനും അവര്‍ക്ക് കഴിയുന്നു. തുര്‍ക്കി പൊലീസിനെ പോലും നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ഗുലന്‍ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ തുര്‍ക്കിയില്‍ ഇസ്‌ലാമിക ഖിലാഫത്ത് പുനര്‍ജനിക്കുമെന്ന് പോലും തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണ്.

മതവും സംസ്‌കാരവും പ്രായോഗിക ജീവിതം കൊണ്ടാണ് പൂര്‍ണത കൈവരിക്കുന്നതെന്ന തത്വത്തെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതാണ് തുര്‍ക്കിയിലെ ഗ്രാമ- നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ആയിരക്കണക്കിന് ദര്‍ശാനകള്‍. മെഡിക്കല്‍- എഞ്ചിനീയറിങ് ഉള്‍പ്പെടെ വ്യത്യസ്ത കോഴ്‌സുകള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെ ഭൗതിക പഠനത്തിന് ശേഷമുള്ള സമയം ഫലപ്രദമായി ഇസ്‌ലാമിക സംസ്‌കാരം പഠിപ്പിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ദര്‍ശാനകള്‍ ഒരുക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായുള്ള ഇത്തരം കേന്ദ്രങ്ങളിലെ അംഗങ്ങള്‍ കൃത്യമായി ജമാഅത്തില്‍ പങ്കെടുക്കുകയും പ്രത്യേകം വിര്‍ദുകള്‍ ചൊല്ലുകയും സ്വുബ്ഹിനു ശേഷം രിസാലയെ നൂര്‍ വായിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ ഓരോ നിമിഷവും പിന്തുടരപ്പെടേണ്ട പ്രവാചക ചര്യകളെ സൂക്ഷ്മമായി അനുവര്‍ത്തിക്കുന്ന ദര്‍ശാനവാസികളുടെ ജീവിതം മാതൃകായോഗ്യമാണ്. ഭൗതിക വിദ്യാര്‍ത്ഥികള്‍ ആയിരിക്കെത്തന്നെ മതത്തെ സിലബസുകളില്‍ നിന്നടര്‍ത്തിമാറ്റി ജീവിതവത്കരിക്കുകയാണവര്‍.

ഒരു മനുഷ്യന് പ്രായോഗിക ജീവിതത്തില്‍ ഉള്‍ക്കൊള്ളാവുന്ന സ്വൂഫിസത്തിന്റെ ഏറ്റവും ആധുനിക രൂപമാണ് തുര്‍ക്കിയിലേത്. നജ്ദിയന്‍ വഹാബിസത്തിന്റെ പ്രാരംഭ കാലത്തു തന്നെ അവരോട് വെച്ചുപുലര്‍ത്തിയ വിദ്വേഷ ഭാവത്തിന്റെ തുടര്‍ച്ചയെന്നോണം തുര്‍ക്കികള്‍ ഇന്നും വഹാബിസത്തെ അതിരുകള്‍ക്കപ്പുറത്ത് നിര്‍ത്തുന്നു. പ്രവാചക സ്‌നേഹം പ്രകടമാക്കാന്‍ മൗലിദ് ഓതുന്ന പ്രഫസര്‍മാരെയും അധ്യാപകരെയും ഉദ്യോഗാര്‍ത്ഥികളെയുമെല്ലാം ഇസ്തംബൂളില്‍ എവിടെയും കാണാം. ഓരോ ജമാഅത്തിന് ശേഷവും അവര്‍ കൂട്ടുപ്രാര്‍ത്ഥനകള്‍ നടത്തുകയും ഒടുവില്‍ ഒരു ഫാതിഹ ഓതി പിരിഞ്ഞുപോവുകയും ചെയ്യുന്നു.

95% അറബ് രാഷ്ട്രങ്ങളെയും ഉള്‍ക്കൊണ്ട് ഇരുപത് മില്യന്‍ ചതുരശ്ര കിലോമീറ്ററില്‍ ചിറകു വിടര്‍ത്തി നിന്നിരുന്ന ഉസ്മാനി സാമ്രാജ്യം ഓര്‍മയായെങ്കിലും അവരുടെ ആദര്‍ശ സംഹിതകളെ ആധുനിക തുര്‍ക്കി മാറോട് ചേര്‍ക്കുന്നു. ഈ സത്യം ഉള്‍ക്കൊണ്ടാകണം റജബ് ത്വയ്യിബ് ഉര്‍ദുഗാനും അബ്ദുല്ല ഗുലും ചേര്‍ന്ന സമകാലീന തുര്‍ക്കിയുടെ രാഷ്ട്രീയ നേതൃത്വം കമാലിസത്തിന്റെ ഗാഢമായ ആശ്ലേഷത്തില്‍ നിന്നും കുതറിമാറി ഇസ്‌ലാമിന്റെ വിശാല മാനവികതയില്‍ ഊന്നി നിന്നുകൊണ്ട് തുര്‍ക്കിയുടെ ദേശീയ സ്വത്വത്തെ പുനര്‍നിര്‍വചിക്കാനുള്ള ശ്രമത്തിലാണ്.

ഇസ്തംബൂളിലെ പൗരാണികത മുറ്റിനില്‍ക്കുന്ന സുലൈമാനിയയിലും അന്‍സ്വാരിയയിലുമെല്ലാം സഞ്ചരിക്കുമ്പോള്‍ നാം നൂറ്റാണ്ടുകള്‍ പിറകോട്ട് പോകുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി നിര്‍മിച്ച അയോസോഫിയ ചര്‍ച്ച് മ്യൂസിയമാണ് ഇന്ന്. അയോസോഫിയയെ വെല്ലുവിളിച്ച് സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് നിര്‍മിച്ച മസ്ജിദുല്‍ അസ്‌റഖ് (ബ്ലൂ മോസ്‌ക്) നീലച്ഛായയില്‍ കുളിച്ച് നേരെ എതിര്‍വശത്ത് നിലകൊള്ളുന്നു. അക്ഷരാര്‍ത്ഥത്തില്‍ അകവും പുറവും നീല പണിത് ബോസ്ഫറസിന്റെ തീരത്തെ ഈ പള്ളിയിലും ജമാഅത്തുകള്‍ക്ക് ശേഷം ആളുകള്‍ ദിക്‌റുകള്‍ ചൊല്ലുന്നതും ശേഷം കൂടിയിരുന്ന് പ്രാര്‍ത്ഥിച്ച ശേഷം പിരിഞ്ഞുപോകുന്നതും കാണാം. ഒരുപാട് കാലത്തെ പോരാട്ടത്തിന് ശേഷം ബൈസാന്റിയന്‍ സംരക്ഷണ ഭിത്തികളെ തന്ത്രപൂര്‍വം മറികടന്നെത്തിയ ഇരുപത്തിരണ്ടുകാരന്‍ മുഹമ്മദുല്‍ ഫാതിഹിനോട് ഇന്നും തുര്‍ക്കികള്‍ പ്രകടിപ്പിക്കുന്ന ബഹുമാനവും സ്‌നേഹവും പ്രസിദ്ധമാണ്. അദ്ദേഹം നിര്‍മിച്ച തോപ്കാപി (പീരങ്കിവാതില്‍) കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ മൂസാ നബിയുടെ വടിയും ഉമറി(റ)ന്റെ വാളും തുടങ്ങി പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ സിംഹാസനം വരെ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ചരിത്ര ശേഷിപ്പുകളെല്ലാം സൂക്ഷിച്ചുവെച്ചിരിക്കുന്നു.

ഇസ്തംബൂള്‍ കീഴടക്കാന്‍ പട നയിച്ചെത്തി ലക്ഷ്യ പൂര്‍ത്തീകരണത്തിന് മുമ്പേ വഫാത്തായ അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ)യുടെ ഖബ്ര്‍ ഇന്നും സന്ദര്‍ശകരെ കൊണ്ട് തിങ്ങി നിറയുകയാണ്. ഒരു മഗ്‌രിബിന് ശേഷം അയ്യൂബിയുടെ ഖബ്‌റിനരികെ ചെന്ന് ദുആ ചെയ്തു കഴിഞ്ഞ് തിരിഞ്ഞുനോക്കിയ ഞാന്‍ അത്ഭുതപ്പെട്ടു പോയി. അറബിയിലുള്ള പ്രാര്‍ത്ഥന കേട്ടതു കൊണ്ടാകണം, എനിക്കു പിന്നില്‍ പാന്റും കോട്ടും ധരിച്ചവരും വിവിധ വേഷങ്ങളണിഞ്ഞവരുമായി ഒരുപാടുപേര്‍ അണിനിരന്നിരിക്കുന്നു! പ്രാര്‍ത്ഥന കഴിഞ്ഞ് പലരുമായും പരിചയപ്പെട്ടപ്പോള്‍ അവരില്‍ അധ്യാപകരും ഡോക്ടര്‍മാരുമടക്കം വിവിധ തൊഴിലെടുക്കുന്നവരുണ്ട്. സ്‌നേഹാദരവുകള്‍ കൊണ്ട് അവരില്‍ പലരും ഈ അജ്ഞാതനായ വിദേശിയെ ആലിംഗനം ചെയ്യുകയും വിവിധ കാര്യങ്ങള്‍ പറയുകയും ചെയ്തു. ഇവിടെ എല്ലാ ദിവസവും സ്വുബ്ഹിന് ശേഷം ഒരുപാട് പേര്‍ ഒരുമിച്ച് കൂടുകയും യാസീന്‍ ഓതി പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു. ഒരു സ്വുബ്ഹിനു ശേഷം അവിടത്തെ പ്രാര്‍ത്ഥനാ സദസ്സില്‍ സംബന്ധിക്കാന്‍ ലേഖകനും ഭാഗ്യമുണ്ടാവുകയുണ്ടായി. വിവാഹം നടത്തുന്നതിന് മുമ്പും കുട്ടികളുടെ ചേലാകര്‍മത്തിനുമെല്ലാം ഇവിടെ വന്ന് പ്രാര്‍ത്ഥിക്കല്‍ അവരുടെ രീതിയാണ്. പുതുവസ്ത്രങ്ങളണിഞ്ഞ് വിവാഹത്തിന് മുമ്പ് അയ്യൂബിയിലെത്തിയ അനേകം പേരെ ഞങ്ങള്‍ കാണുകയുണ്ടായി. ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസയും മുഹമ്മദുല്‍ ഫാതിഹും അടക്കം നിരവധി മഹാന്മാരുടെ ഖബ്‌റുകള്‍ അയ്യൂബിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്നും അയ്യൂബിയില്‍ ഖബ്‌റടക്കാന്‍ വസ്വിയ്യത്ത് ചെയ്യുക അവരുടെ പതിവാണ്.

മുമ്പ് പ്ലാന്‍ ചെയ്തത് പ്രകാരം മമ്പുറം തങ്ങളുടെ പുത്രന്‍ സയ്യിദ് ഫദ്ല്‍ തങ്ങളുടെ ഖബ്ര്‍ തേടിയാണ് മസ്ജിദുല്‍ അസ്‌റഖിനടുത്തുള്ള മഖ്ബറയിലെത്തിയത്. അവിടെ ഖലീഫ മഹ്മൂദ് ഖാന്റെ ഖബ്‌റിനടുത്താണ് സയ്യിദ് ഫദ്ല്‍ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നത്. ഇതേ മഖ്ബറയ്‌ലെ ഉസ്മാനീ ഖലീഫ സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിന്റെ ഖബ്‌റിനടുത്ത് ഒരാള്‍ ഇരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കാണാനിടയായി. അന്വഷിച്ചപ്പോള്‍ അദ്ദേഹത്തെ സ്ഥിരമായി ഇതിനു വേണ്ടി ഏല്‍പിച്ചതാണെന്ന് അറിയാന്‍ കഴിഞ്ഞു.

നിറഞ്ഞ മനസ്സോടെ പൗരാണികതയെ പുല്‍കുമ്പോഴും തുര്‍ക്കിത്തെരുവുകളില്‍ സ്ത്രീകള്‍ക്ക് മാന്യമായി വസ്ത്രം ധരിച്ച് സഞ്ചരിക്കാനോ ജോലികള്‍ ചെയ്യാനോ കര്‍ശന നിയന്ത്രണങ്ങളില്ല. എവിടെയും സംയമനത്തിന്റെ ഊടുവഴികള്‍ തേടുന്ന അവര്‍ക്കിടയില്‍ ശിരോവസ്ത്രം ഇന്നും സംവാദങ്ങള്‍ക്ക് വിഷയീഭവിച്ചു കൊണ്ടിരിക്കുന്നു. ഒടുക്കം പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും പത്‌നിമാര്‍ തന്നെ ശിരോവസ്ത്രം ധരിച്ച വാര്‍ത്ത കേട്ടാണ് ഞങ്ങളവിടെ നിന്ന് തിരിച്ചത്.

ടര്‍ക്കിഷ് റിപബ്ലിക്കിന്റെ രാഷ്ട്രീയ നിലപാടുകളിലെ സങ്കീര്‍ണതകള്‍ ഇന്നും തീര്‍പ്പായിട്ടില്ല. രാജ്യത്തിന്റെ തുച്ഛഭാഗം മാത്രം യൂറോപ്പിലായതിന്റെ പേരില്‍ പാശ്ചാത്യ ലോകത്തേക്ക് കുറുക്കു വഴികള്‍ തേടിയ അതാതുര്‍ക്ക് കണ്ടെത്തിയ മാര്‍ഗം തീവ്രമതേതരവത്‌രണമായിരുന്നുവെങ്കില്‍ യൂറോപ്പിലേക്കുള്ള വാതിലുകള്‍ അടക്കപ്പെടാന്‍ കാരണം ഇതൊന്നുമല്ലെന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിച്ചു. എങ്കിലും യൂറോപ്പിന്റെ നിബന്ധനകള്‍ക്കു വിധേയമായി തുര്‍ക്കി തുറന്നു വെച്ച ജനാധിപത്യത്തിന്റെ ജാലകപ്പഴുതിലൂടെ ബോസ്ഫറസിനപ്പുറത്തു നിന്നും അടിച്ചു വീശുന്ന കാറ്റ് അവരുടെ വിശ്വാസത്തെ പരിവര്‍ത്തന വിധേയമാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാശ്വസിക്കാം. ആധുനിക യൂറോപ്പില്‍ വലിയൊരു വിഭാഗം തയ്യാറാവുമ്പോള്‍ തീര്‍ച്ചയായും തുര്‍ക്കി യൂറോപ്പിന്റെ ഘടനയും സ്വഭാവവും തന്നെ മാറ്റിമറിക്കാന്‍ പ്രാപ്തരാവും. ഈയൊരു സങ്കല്‍പത്തിന്റെ നേരിയ സാധ്യതകള്‍ പോലും അവരുടെ നേരെ നിഷേധത്തിന്റെ അട്ടഹാസങ്ങള്‍ മുഴക്കാന്‍ യൂറോപ്യരെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ആധുനിക തുര്‍ക്കി യൂറോപ്പിന്റെ സാങ്കേതിക വിദ്യകളെയും മത-ഭൗതിക വിദ്യാഭ്യാസത്തെയും നവ സാമ്പത്തിക സംവിധാനങ്ങളെയും, എല്ലാത്തിനുമപ്പുറം വഹാബിസത്തിന്റെ കറയേല്‍ക്കാത്ത ഇസ്‌ലാമിക പാരമ്പര്യത്തെയും ഏറ്റവും ലളിത സുന്ദരമായി സമന്വയിക്കുമ്പോള്‍ ധീരമായി നമുക്കു പറയാം, ആദര്‍ശങ്ങളില്‍ കണിശതയില്ലാത്ത ആധുനികതയുടെ സമ്പൂര്‍ണത തേടി അലയുന്ന പല അറബ് രാഷ്ട്രങ്ങളെക്കാളും യൂറോപ്പിന്റെ വാതിലില്‍ മുട്ടുന്ന തുര്‍ക്കി ഒരു പടി മുന്നില്‍ തന്നെയാണെന്ന്.

സുബൈര്‍ ഹുദവി ചേകനൂര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter