ഇബ്‌നു സീന: വൈദ്യശാസ്ത്രത്തിലെ അതുല്യ പ്രതിഭ
 width=പാശ്ചാത്യ ലോകത്ത് അവിസെന്ന എന്ന പേരില്‍ പ്രസിദ്ധനായ അബൂ അലി അല്‍ ഹുസൈന്‍ ബിന്‍ അബ്ദില്ല ബിന്‍ സീന ബുഖാറക്ക(ഉസ്‌ബെക്കിസ്ഥാന്‍)ടുത്ത അഫ്ശാനയില്‍ ജനിച്ചു. പിതാവ് അബ്ദുല്ല, ബല്‍ഖ് നിവാസിയും മാതാവ് ബുഖാറക്കടുത്ത ഒരു ഗ്രാമീണയുമാണ്. പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍നിന്നും കരസ്ഥമാക്കി. മത രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന ഇസ്മാഈലിസത്തില്‍ നിലകൊണ്ട ആളായിരുന്നു പിതാവ്. അതീവ ബുദ്ധിശാലിയായിരുന്നു ഇബ്‌നു സീന. പത്താമത്തെ വയസ്സോടെ ഖുര്‍ആനില്‍നിന്നും വലിയൊരു ഭാഗം ഹൃദിസ്ഥമാക്കി. അനവധി ശാസ്ത്രങ്ങളില്‍ വ്യുല്‍പത്തി നേടുകയും ചെയ്തു.  ഇസ്മാഈലീ ചിന്താഗതിയോട് അടുപ്പിക്കുന്നതായിരുന്നു  അദ്ദേഹത്തിന്റെ സമീപനങ്ങള്‍. ശേഷം, ഇബ്‌നു സീന ഫിലോസഫി പഠനം ആരംഭിച്ചു.  തദ്വിഷയകമായി യവന-മുസ്‌ലിം ഗ്രന്ഥങ്ങള്‍ വായിച്ചു. അന്നത്തെ സുപ്രസിദ്ധ പണ്ഡിതനായിരുന്ന അബൂ അബ്ദില്ല നാദിലിയുടെ ശിഷ്യത്വം നേടി. അദ്ദേഹത്തില്‍നിന്നും തര്‍ക്കശാസ്ത്രവും അതീന്ദ്രിയജ്ഞാനവും കരസ്ഥമാക്കി. എവിടെയും തന്റെ അദ്ധ്യാപകരെ കവച്ചുവെക്കുന്ന നിലക്കായിരുന്നു ഇബ്‌നു സീനയുടെ വളര്‍ച്ചയുണ്ടായിരുന്നത്. തുടര്‍ന്നുള്ള കുറഞ്ഞ വര്‍ഷങ്ങള്‍ അദ്ദേഹം സ്വന്തമായി അറിവിന്റെ വഴികള്‍ അന്വേഷിച്ചു. ഇക്കാലയളവില്‍ ഇസ്‌ലാമിക നിയമവ്യവസ്ഥയും വൈദ്യവും പരിചയപ്പെടാന്‍ അവസരമുണ്ടായി. വൈദ്യം ഏറെ ലളിതമാണെന്ന് അന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പതിനെട്ടാമത്തെ വസയ്യോടെ ഇബ്‌നു സീന തന്റെ ശ്രദ്ധ വൈദ്യരംഗത്തേക്കു തിരിച്ചു. ആ രംഗം പഠിച്ചുതുടങ്ങിയതോടെ അദ്ദേഹത്തിന്റെ പ്രശസ്തി നാടെങ്ങും പ്രചരിക്കാന്‍ തുടങ്ങി. ഇക്കാലത്താണ് സമാനീ ഭരണാധികാരിയും ബുഖാറാ ചക്രവര്‍ത്തിയുമായിരുന്ന നൂര്‍ ബിന്‍ മന്‍സൂറിനെ ചികിത്സിക്കാന്‍ അദ്ദേഹം  ക്ഷണിക്കപ്പെടുന്നത്. അനവധി ഭിഷഗ്വരന്മാര്‍ ചികിത്സിച്ചിട്ടും ഭേദമാകാത്ത രോഗമായിരുന്നു അദ്ദേഹത്തിന്റെത്. പക്ഷെ, ഇബ്‌നു സീന അതില്‍ വിജയം കണ്ടു. സന്തുഷ്ടനായ രാജാവ് നന്ദിപൂര്‍വ്വം അദ്ദേഹം ആവശ്യപ്പെടുന്ന എന്തും സമ്മാനമായി നല്‍കാന്‍ തയ്യാറായി. പക്ഷെ, അമൂല്യഗ്രന്ഥങ്ങളുടെ കയ്യെഴുത്തുപ്രതികള്‍ നിറഞ്ഞുകിടന്നിരുന്ന റോയല്‍ ലൈബ്രറിയില്‍ പ്രവേശിക്കാനുള്ള  അനുമതി മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. 21 വയസ്സായപ്പോഴേക്കും വിവിധ ജ്ഞാനശാഖകളില്‍ അനവധി ഗ്രന്ഥങ്ങള്‍ വായിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.  തീര്‍ത്തും സ്വന്തമായിത്തന്നെ ഒരു പുസ്തകമെഴുതാന്‍ അനുയോജ്യമായ പരുവത്തിലായിരുന്നു അദ്ദേഹമപ്പോള്‍ ഉണ്ടായിരുന്നത്. ഇതിനിടെ ഭരണരംഗത്ത് ഇടപെടാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഒരു ക്ലര്‍ക്ക് എന്ന നിലക്കായിരുന്നു പ്രധമനിയോഗം. അലഞ്ഞുതിരിച്ചില്‍ പിന്നീടങ്ങോട്ട് കുറച്ചുകാലം ഇബ്‌നുസീനക്ക് ദൗര്‍ഭാഗ്യങ്ങളുടെ കാലമായിരുന്നു. ആദ്യമായിത്തന്നെ, സ്വന്തം പിതാവ് മരണപ്പെട്ടു.  രണ്ടാമതായി, തന്റെ ആശാകേന്ദ്രമായ സമാനീ ഭരണാധികാരി അട്ടിമറിക്കപ്പെടുകയും തുര്‍ക്കിയുടെ ഇതിഹാസം മഹ്മൂദ് ഗസ്‌നി തല്‍സ്ഥാനത്തേക്ക് രംഗപ്രവേശം നടത്തുകയും ചെയ്തു. ഇറാനും അഫ്ഗാനിസ്ഥാനുമുള്‍പ്പെടുന്നനിലക്ക്   വിശാലാര്‍ത്ഥത്തില്‍ അദ്ദേഹം തന്റെ ഭരണ പ്രദേശം സംവിധാനിച്ചു. അന്ന് ഡമസ്‌കസ് എന്നാണ് ആ ഭാഗങ്ങള്‍ അറിയപ്പെട്ടിരുന്നത്. ഇതോടെ, ഇബ്‌നു സീന തന്റെ സ്വദേശമായ ബുഖാറയോട് വിടപറഞ്ഞ് ഖുറാസാന്റെ വിവിധ സിറ്റികളിലൂടെ അലഞ്ഞുതിരിയാന്‍ തുടങ്ങി. ബുഖാറയുടെ പടിഞ്ഞാര്‍ ഭാഗത്തേക്കാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. അതിനിടെ, ഖിവ ഭരണാധികാരി അലി ബിന്‍ മഅ്മൂന്റെ കൊട്ടാര സേവകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ, മഹ്മൂദ് ഗസ്‌നവി തന്നെ കവര്‍ന്നുകളയുമോയെന്ന് ഭയന്ന അദ്ദേഹം വീണ്ടും അലഞ്ഞുതിരിയലിന്റെ പാതതന്നെ സ്വീകരിക്കുകയായിരുന്നു. പിന്നീട്, അനവധി സഞ്ചാരങ്ങള്‍ക്കുശേഷം, അദ്ദേഹം കാസ്പിയന്‍ കടല്‍തീരത്ത് സ്ഥിതിചെയ്യുന്ന ജുര്‍ജാന്‍ എന്ന പ്രദേശത്തെത്തി. അന്നത്തെ കാസ്പിയന്‍ ഭരണാധികാരി അറിവിന്റെ സംരക്ഷകന്‍ എന്ന നിലക്ക് പ്രസിദ്ധനായിരുന്നു. അതുകൊണ്ടുതന്നെ, അദ്ദേഹത്തിനടുത്ത് അഭയം ലഭിച്ചേക്കുമോയെന്ന് ഇബ്‌നു സീന പ്രത്യാശിച്ചു. പക്ഷെ, ഇബ്‌നു സീനയെത്തി കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോഴേക്കും അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും വധിക്കപ്പെടുകയുമായിരുന്നു. എങ്കിലും, ഇബ്‌നു സീന തര്‍ക്കശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും ലച്ചറിങ് നടത്തി കുറച്ചുകാലം അവിടെത്തന്നെ കഴിച്ചുകബട്ടി. അന്നാണ് പാശ്ചാത്യലോകത്ത് Canon എന്ന പേരില്‍ പ്രസിദ്ധമായ തന്റെ വിഖ്യാത രചന ഖാനൂന്‍ ഫിത്ത്വിബ്ബിന്റെ ആദ്യം ഭാഗം എഴുതാന്‍ ആരംഭിക്കുന്നത്. ശേഷം, ഇബ്‌നു സീന ഇന്നത്തെ ടഹ്‌റാനിനടുത്ത് സ്ഥിതി ചെയ്തിരുന്ന റയ്യിലേക്കും അവിടെനിന്ന്, ഖസ്‌വീനിലേക്കും പുറപ്പെട്ടു. അന്നൊക്കെ ഒരു വൈദ്യന്‍ എന്ന നിലക്ക് സ്വന്തത്തെ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പക്ഷെ, യാത്രയിലെവിടെയും ശാന്ത സുന്ദരമായി ജീവിക്കാനോ സ്വതന്ത്രമായി തന്റെ ജോലികള്‍ ചെയ്തുതീര്‍ക്കാനോ പറ്റിയ ഒരിടം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അങ്ങനെ പടിഞ്ഞാറന്‍ സെന്‍ട്രല്‍ പേര്‍ഷ്യയിലെ ഹമദാന്‍ എന്ന പ്രദേശത്ത് അദ്ദേഹം എത്തിപ്പെട്ടു. ശംസുദ്ദൗല എന്ന ഭരണാധികാരിയാണ് അന്നവിടെ ഭരണം നടത്തിയിരുന്നത്. അദ്ദേഹം ശക്തമായ ഉദരരോഗം ബാധിച്ച് കിടപ്പിലായിരുന്നു. ഇബ്‌നു സീന അദ്ദേഹത്തെ ചികിത്സിക്കുകയും അല്‍ഭുതകരമായി രോഗം ഭേദമാവുകയും ചെയ്തു. ഇതോടെ ഇബ്‌നു സീന അദ്ദേഹത്തിന്റെ കൊട്ടാര വൈദ്യനായി നിയമിതനായി. തന്റെ ഉത്തമ സ്വഭാവം കണ്ടതോടെ താമസിയാതെ മന്ത്രിയായും അവരോധിക്കപ്പെട്ടു. പക്ഷെ, ഇത് ചിലയാളുകള്‍ക്ക് തീരെ സഹിച്ചില്ല. ഉള്ളില്‍നിന്നുതന്നെ അദ്ദേഹത്തെ പുറത്തുകടത്താനുള്ള ഗൂഢതന്ത്രങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടു. അതോടെ അദ്ദേഹം കുറച്ചുകാലത്തേക്ക് തുറുങ്കിലടക്കപ്പെടുകയായി. പക്ഷെ, ഭാഗ്യകരമെന്നുപറയട്ടെ, ശംസുദ്ദൗല വീണ്ടും ഉദരരോഗത്തിന്റെ പിടിയിലകപ്പെട്ടു. അതോടെ അദ്ദേഹം തിരിച്ചുവിളിക്കപ്പെടുകയും മന്ത്രിപ്പദവിയില്‍ പുനരവരോധിക്കപ്പെടുകയും  ചെയ്തു. വൈദ്യശാസ്ത്രിത്തിലെ മികച്ച രചനകള്‍ ഈ കാലഘട്ടത്തില്‍, പകല്‍സമയം ജോലിത്തിരക്കായിരുന്നതുകൊണ്ടുതന്നെ, രാത്രിനേരങ്ങളില്‍ കൂടുതല്‍ മണിക്കൂറുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു പാഠം നല്‍കാനും തന്റെ പുസ്തകങ്ങള്‍ക്ക്  പോയ്ന്റ് ശേഖരിക്കാനുമായി അദ്ദേഹത്തിന് നീക്കിവെക്കേണ്ടിവന്നു. അന്ന് അദ്ദേഹം തന്റെ മറ്റൊരു കൃതിയായ കിതാബുശ്ശിഫായുടെ  രചനയിലായിരുന്നു. ശാസ്ത്ര-തത്ത്വചിന്താവിഷയകമായ വിശാലമായൊരു വിജ്ഞാനകോശമാണിത്. ഇവ്വിഷയകമായി  ഒരേയൊരു രചയിതാവിനാല്‍ വിരചിതമായ ഏറ്റവും വലിയ കൃതിയെന്നാണ് ഇതിനെക്കുറിച്ച് പറയപ്പെടുന്നത്. തന്റെ ജയില്‍വാസ  ഘട്ടത്തില്‍പോലും ഇബ്‌നു സീന തന്റെ എഴുത്ത് മുറിഞ്ഞുപോകാതെ തുടര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ രചനകള്‍ തര്‍ക്കശാസ്ത്രം, മന:ശാസ്ത്രം, പ്രകൃതി ശാസ്ത്രം, ഗണിതശാസ്ത്രം, ക്ഷേത്രഗണിതം, ഗോളശാസ്ത്രം, സംഗീതം, അതീന്ദ്രിയജ്ഞാനം തുടങ്ങിയവയില്‍ പരന്നുകിടക്കുകയാണ്. ഇതില്‍ പല നിബന്ധങ്ങളിലും അദ്ദേഹത്തിന്റെ ചിന്തകളെ അരിസ്റ്റോട്ടിലടക്കം പല യവന ചിന്തകരും സ്വാധീനിച്ചതായി കാണാവുന്നതാണ്. മൊത്തം ഈ ഗ്രന്ഥങ്ങളിലെല്ലാം ഒളിഞ്ഞുകിടക്കുന്ന പൊതുതത്ത്വം ദൈവാസ്തിക്യത്തിന്റെ  സാധൂകരണമാണ്. പാശ്ചത്യലോകത്തും പൗരസ്ത്യലോകത്തും ഏറെ പ്രസിദ്ധി നേടിയ ഖാനൂന്‍ ഫിത്ത്വിബ്ബാണ് ഈ ഘട്ടത്തില്‍ അദ്ദേഹം എഴുതിക്കൊണ്ടിരുന്ന മറ്റൊരു കൃതി. ഒരു മില്യനോളം പദങ്ങള്‍ ദൈര്‍ഘ്യമുള്ള വൈദ്യശാസ്ത്രത്തിലെ ബൃഹത്തായൊരു വിജ്ഞാനകോശമാണിത്. തുടക്കത്തില്‍ യവന-അറബ് വൈദ്യശാസ്ത്ര വിശാരദരുടെ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയും പിന്നീട്     വൈദ്യത്തിലെ സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയുമാണ്   അത് സംവിധാനിക്കപ്പെട്ടിട്ടുള്ളത്. പക്ഷെ, തന്റെ അലഞ്ഞുതിരിയലിനിടയില്‍ ഇതിലെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടുപോയിരുന്നു. വൈദ്യത്തിലെ അത്യുത്തമ രചനയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇതില്‍ 760 മരുന്നുകളെ പരിചയപ്പെടുത്തുന്നുണ്ട്. ശരീരശാസ്ത്രം, സ്ത്രീരോഗ വിജ്ഞാനീയം, ശിശു ആരോഗ്യം തുടങ്ങിയവയിലും   ഈ രചന വലിയ സംഭാവനകള്‍ നല്‍കുന്നു. മസ്തിഷ്‌ക ചര്‍മവീക്കത്തെ ആദ്യമായി പരിചയപ്പെടുത്തിയതും അദ്ദേഹമായിരുന്നു. എ.ഡി 1022 ല്‍ ശംസുദ്ദൗല മരണപ്പെട്ടതോടെ ഇബ്‌നു സീനയുടെ ജീവിതം ഒരിക്കലൂടെ ദുരിതങ്ങളുടെ നടുവിലായി. അതിനിടെ കുറച്ചുകാലം ജയിലില്‍ കഴിയേണ്ടിയും വന്നു. അതോടെ അദ്ദേഹം ടെഹ്‌റാനിന്റെ തെക്കുഭാഗത്ത് 250 മൈല്‍ അകലെ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിലേക്ക് ഓടിപ്പോയി. തുടര്‍ന്നുള്ള 14 വര്‍ഷങ്ങള്‍ ആപേക്ഷികമായി സമാധാന പൂര്‍ണ്ണമായിരുന്നു. ഈ ഘട്ടത്തിലാണ് അദ്ദേഹം തന്റെ സുപ്രധാനമായ  രണ്ടു ഗ്രന്ഥങ്ങളും എഴുതി തീര്‍ക്കുന്നത്. മാത്രമല്ല, തന്റെ മറ്റു ചില നബന്ധങ്ങള്‍ തയ്യാറാക്കിയിരുന്നതും ഇവിടെവെച്ചുതന്നെയായിരുന്നു. അന്ന് ഇസ്ഫഹാന്‍ ഭരണാധികാരി അലാഉദ്ദൗലയുടെ കൊട്ടാരസേവകനായിട്ടായിരുന്നു അദ്ദേഹം കഴിഞ്ഞുകൂടിയിരുന്നത്. വൈദ്യ-സാഹിത്യ രംഗങ്ങളില്‍ രാജാവിന്റെ ഉപദേഷ്ഠാവുകൂടിയായിരുന്നു അദ്ദേഹം. ചിലനേരങ്ങളില്‍ അദ്ദേഹം രാജാവിനൊപ്പം യുദ്ധങ്ങളില്‍വരെ പോവാറുണ്ടായിരുന്നു. ബൃഹത്തായ നിബന്ധങ്ങള്‍ ഇക്കാലത്തുതന്നെയാണ് ഇബ്‌നു സീന ഫിലോസഫിയിലെ തന്റെ വിഖ്യാത കൃതി കിത്താബുല്‍ ഇശാറാത്തി വത്തന്‍ബീഹാത്ത് രചിക്കുന്നത്. ഇതില്‍ അദ്ദേഹം യാഥാര്‍ത്ഥ്യത്തിന്റെ തീരത്തുനിന്നും തുടങ്ങി ദൈവദര്‍ശനത്തില്‍ അവസാനിക്കുന്ന ആത്മീയ യാത്രകളെ വിവരിക്കുന്നുണ്ട്. തന്റെ രചനകളിലുടനീളം ഇബ്‌നു സീന യവന യുക്തിചിന്തയെയും ഇസ്‌ലാമിക ചിന്തയെയും വ്യവസ്ഥാപിതമായി സമന്വയിപ്പിക്കാന്‍ പാട്‌പെടുന്നുണ്ട്. അതുകൊണ്ടുതന്നെ, ഈ വഴിയില്‍ അദ്ദേഹം പല യാഥാസ്തിക വിശ്വാസങ്ങളെയും മാറ്റിവെക്കുന്നു. മനുഷ്യാത്മാവിന്റെ അനശ്വരത, പ്രപഞ്ച സൃഷ്ടിപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ തുടങ്ങിയവ ഉദാഹരണം. അതുകൊണ്ടുതന്നെ, യാഥാസ്തിക ദൈവശാസ്ത്രജ്ഞന്‍ ഇമാം ഗസ്സാലിയടക്കം പലരും പിന്നീട് അദ്ദേഹത്തിന്റെ വിശ്വാസത്തെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. എന്നിരുന്നാലും, മതം മാനുഷ്യകത്തിനായി ഉണ്ടാക്കപ്പെട്ട ഒരു ആലങ്കാരിക ഫിലോസഫിതന്നെയാണെന്ന് തുറന്നുപറയാന്‍ ഇബ്‌നു സീന ധൈര്യം കാണിച്ചു. ധൈഷണിക സമവാക്യങ്ങള്‍ എന്ന നിലക്ക് തത്ത്വചിന്താപരമായ സത്യങ്ങള്‍ അവര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും ശരി. വിടപറയുംമുമ്പ് 99 -ഓളം വിശിഷ്ട രചനകള്‍ ഇബ്‌നു സീന നടത്തിയിട്ടുണ്ട്. അന്ന് മുസ്‌ലിംലോകത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന അറബി ഭാഷയിലായിരുന്നു ഇതില്‍ അധികവും. ഇതില്‍ രണ്ടെണ്ണം തന്റെ സ്വദേശ ഭാഷയായ ഫാരിസിയിലാണ് എഴുതിയിരിക്കുന്നത്. ദാനിശ് നാമയെ അലായ് (എന്‍സൈക്ലോപീഡിയ ഓഫ് ഫിലോസഫിക്കല്‍ സയന്‍സസ്) ആണ് അതിലൊന്ന്. നാഡീസ്പന്ദനത്തെക്കുറിച്ച ഒരു നിബന്ധമാണ് മറ്റേത്. ഇബ്‌നു സീനയുടെ രചനകളില്‍ 68 എണ്ണം ദൈവശാസ്ത്രത്തിലും അതീന്ദ്രിയ ജ്ഞാനങ്ങളിലുമാണ്. 16 എണ്ണം വൈദ്യത്തിലും 11 എണ്ണം ഗോളശാസ്ത്രത്തിലും നാലെണ്ണം കവിതാസംബന്ധിയുമാണ്. സ്വര്‍ഗലോകത്തുനിന്നും മനുഷ്യ ശരീരത്തിലേക്ക് ഇറങ്ങിവരുന്ന ആത്മാവിനെ വര്‍ണ്ണിച്ചുകൊണ്ടുള്ളതാണ് അറബിയില്‍ അദ്ദേഹത്തിന്റെ   ഏറ്റവും മനോഹരമായ കവിത. നിരന്തരമായ യാത്രകളും അവസാനിക്കാത്ത ജോലിയും  എഴുത്തും ഇബ്‌നു സീനയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. ഇതില്‍ ചെങ്ങാതിമാരുടെ ഉപദേശങ്ങളുണ്ടായിരുന്നിട്ടുപോലും അദ്ദേഹമവ മുഖവിലക്കെടുത്തിരുന്നില്ല. അലാഉദ്ദൗലയോടൊന്നിച്ച് സമരമുഖത്ത് നിലകൊള്ളവെയാണ് അദ്ദേഹം രോഗബാധിതനാകുന്നത്. സ്വന്തമായി ചികിത്സിക്കാന്‍ ചില ശ്രമങ്ങളൊക്കെ നടത്തിനോക്കിയെങ്കിലും രക്ഷിക്കാനായില്ല. 1037 ല്‍ ഹമദാനില്‍വെച്ച് അദ്ദേഹം മരണപ്പെട്ടു. അന്ന് 58 വയസ്സായിരുന്നു. ഹമദാനില്‍തന്നെ മറമാടപ്പെടുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter