മതനിന്ദ: പ്രതികരണത്തിന്റെ മതവും രാഷ്ട്രീയവും
(അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയിലെ 'അന്താരാഷ്ട്ര ബന്ധങ്ങളി'ല്‍ പ്രൊഫസറും അമേരിക്കയിലെ മുന്‍ പാകിസ്ഥാന്‍ അംബാസഡറുമായ ഹുസൈന്‍ ഹഖാനി പ്രശസ്ത അമേരിക്കന്‍ മാഗസിനായ 'ന്യൂസ് വീക്കി'ല്‍  എഴുതിയ ലേഖനത്തിന്റെ മൊഴിമാറ്ത്തിന്റെ  ആദ്യഭാഗം)'  width=ഈയടുത്ത് പാകിസ്ഥാനില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ വഴി പ്രചരിച്ച ഒരു സന്ദേശം ഇങ്ങനെ. വാഷിംഗ്ടണ്‍ ഡി.സിയില്‍ ഉണ്ടായ ഒരു ഭൂമക്കുലുക്കത്തില്‍ ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ് എന്ന മുസ്‌ലിം വിരുദ്ധ സിനിമ ഓടിയിരുന്ന തിയേറ്റര്‍ തകര്‍ന്നില്ലാതായിരിക്കുന്നു. തകര്‍ന്നുകിടക്കുന്ന ഒരു കെട്ടിടത്തിന്റെ ചിത്രസഹിതമായിരുന്നു സന്ദേശം പ്രചരിച്ചിരുന്നത്. അല്ലാഹു അവന്റെ പ്രവാചകനെ അവഹേളിച്ചവര്‍ക്ക് തക്ക ശിക്ഷ നല്‍കിയിട്ടണ്ടെന്നും പാശ്ചാത്യ ശക്തികള്‍‍ക്കെതിരെ രംഗത്തു വരാന് ഇനി മടികാണിക്കേണ്ടതില്ലെന്നും മൊബൈല്‍ സന്ദേശം തുടര്‍ന്നു. വസ്തുതയെന്താണ്? വാഷിംഗ്ടണില്‍ അങ്ങനെ ഒരു ഭൂമിക്കുലുക്കം ഉണ്ടായിട്ടില്ല. തീയേറ്റര്‍ തകര്‍ന്നിട്ടുമില്ല. യൂട്യൂബിലല്ലാതെ ഈ സിനിമ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടേ ഇല്ല, സത്യത്തില്‍. പക്ഷേ, ഈ സചിത്ര മെസേജ് മൊബൈലുകളില്‍ നിന്ന് മൊബൈലുകളിലേക്ക് ഫോര്‍വേഡ് ചെയ്യപ്പെട്ടു കൊണ്ടേയിരുന്നു. പ്രവാസികളായ പാകിസ്ഥാനികളടെ സെല്‍ഫോണില്‍ വരെ ഈ സന്ദേശമെത്തിയിരുന്നുവെന്നാണ് വിവരം. മുസ്‌ലിംകളുടെ വികാരമുണര്‍ത്തുകയല്ലാതെ മറ്റൊരു ലക്ഷ്യവും ഈ മെസേജിന് പിന്നിലുണ്ടായിരുന്നില്ല. സല്മാന് റുഷ്ദി വിശേഷിപ്പിച്ച പോലെ മുസ്‌ലിം സമുദായത്തിനിടയില്‍ ഒരു അക്രമവ്യവസായത്തിന് മൂലധനമിറക്കാനായിരുന്നു ഇതിലൂടെ ശ്രമിച്ചത്. പേരിനെങ്കിലുമുള്ള ഒരു പിന്‍ബലവുമില്ലാതെ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത് മുസ്‌ലിം ലോകത്ത് ഇതാദ്യമല്ല. അമേരിക്കയിലെ ഇരട്ടഗോപുരങ്ങള്‍ തകര്‍ക്കെപ്പെട്ട ഉടനെയും ഇതു പോലെ ഒരു മൊബൈല്‍ സന്ദേശം പരക്കെ വായിക്കപ്പെട്ടിരുന്നു. ഗോപുരം ആക്രമിക്കപ്പെട്ട ദിവസം ജോലിസ്ഥലത്ത് പോകാതിരിക്കാന്‍ അവിടത്തെ ജൂതന്മാരായ തൊഴിലാളികള്‍ക്കെല്ലാം നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നായിരുന്നു അന്നത്തെ സന്ദേശം. പോയ വര്‍ഷമാണു പാകിസ്ഥാനിലെ അബട്ടാബാദിലെ വീട്ടില്‍ വെച്ച് ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. അതെ തുടര്‍ന്ന് വ്യാപിച്ച സന്ദേശം അതിലേറെ വിചിത്രമായിരുന്നു. ഉസാമ അതിനും ഒരു മാസം മുന്പേ വധിക്കപ്പെട്ടിട്ടുണ്ടെന്നും അബട്ടാബാദില്‍ അന്ന് നടന്നത് വെറും നാടകം മാത്രമാണെന്നുമായിരുന്നു പ്രസ്തുത സന്ദേശത്തിന്റെ ഉള്ളടക്കം. മുസ്‌ലിംവികാരത്തെ ഇളക്കിമറിക്കാനുള്ള ഇത്തരം നീച ശ്രമങ്ങള്‍ വ്യക്തമാക്കുന്നതെന്താണ്? മുസ്‌ലിംകളുടെ പ്രതിഷേധങ്ങളും സമരങ്ങളുമെല്ലാം ചില പ്രകടനങ്ങള്‍ മാത്രമാണ്. മറ്റു മതാനുയായികളെ പോലെ തങ്ങളുടെ മതത്തിനോ പ്രവാചകനോ എതിരെയുള്ള നീക്കങ്ങളെ സഹിക്കാന്‍ മുസ്‌ലിംകള്‍ക്കുമാവില്ല, സ്വാഭാവികം. എന്നാല്‍ അതിന്റെ പേരില്‍ തെരുവിലെത്തുന്ന പ്രകടനങ്ങള്‍ക്ക് അവരുടെ വിശ്വാസവുമായിട്ടല്ല ബന്ധം, മറിച്ച് രാഷ്ട്രീയവുമായിട്ടാണ്. മതനിന്ദയെ എതിര്‍ത്തില്ലെന്ന അഭിപ്രായം രൂപപ്പെടുമെന്ന് ഭയന്നാണ് ഇത്തവണ പാകിസ്ഥാന്‍ പ്രതിഷേധത്തിനായി ദേശീയ അവധി പ്രഖ്യാപിച്ചത്. പ്രസ്തുത ദിവസത്തിന് പ്രവാചകസ്നേഹദിനം എന്ന് നാമകരണവും ചെയ്തു. 190 മില്യണ്‍ വരുന്ന പാകിസ്ഥാന്‍ ജനസംഖ്യയുടെ 95 ശതമാനവും മുസ്‌ലിംകളാണെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഭരണകൂടം പ്രഖ്യാപിച്ച അവധിദിനത്തിലെ പ്രതിഷേധങ്ങളില്‍ രാജ്യമൊട്ടുക്കും പങ്കെടുത്ത ജനങ്ങളുടെ എണ്ണം 45,000 ത്തിലധികം വരില്ല. അതിനു പുറമേ, പ്രതിഷേധ മാര്‍ച്ചിനിടെ 17 പേര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടുവെന്നതും നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റുവെന്നതുമായിരുന്നു അന്നത്തെ പ്രധാനവാര്‍ത്തകള്‍. മതങ്ങള്‍ തമ്മിലുള്ള പരസ്പര നിന്ദക്ക് അവയുടെ ചരിത്ര width=ത്തോളം തന്നെ പഴക്കമുണ്ട്. കാലങ്ങളായി ഇസ്‌ലാം ക്രിസ്ത്യാനികളുടെ വിവിധ തരം അവഹേളനങ്ങള്‍ സഹിച്ചു കൊണ്ടിരിക്കുന്നു. ഒട്ടോമന്‍ ഭരണകാലത്തും കുരിശുയദ്ധകാലത്തും സജീവമായി തുടങ്ങിയ ഈ പരിഹാസങ്ങള്‍ക്ക് ചരിത്രപരമായ കാരണങ്ങളുണ്ട് താനും. ലെവന്റിന്റെയും തെക്കന്‍ യൂറോപ്പിന്റെയും ആധിപത്യത്തിന് വേണ്ടി നടത്തിയ തമ്മില്‍തല്ലാണ് ഇപ്പോഴും ഇടയ്ക്കിടക്ക് പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന വിവിധതരം  മതനിന്ദകളുടെ തുടക്കം. പതിനാലാം നൂറ്റാണ്ടിലെ ബൈസന്റിയന് രാജാവായിരുന്ന മാനുവല്‍ പലെലോഗസ് രണ്ടാമനാണ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ ഇസ്ലാമിക നിന്ദ നടത്തിയത്. മുഹമ്മദ് നബി കൊണ്ടുവന്നതെല്ലാം പൈശാചികമാണെന്നായിരുന്നു അന്ന് രാജാവ് പ്രസ്താവിച്ചത്. മതം  വാളുകൊണ്ട് പ്രചരിപ്പിക്കണമെന്ന മുഹമ്മദിന്റെ ഉത്ബോധനം അതിന് തെളിവാണെന്നും രാജാവ് പ്രഖ്യാപിച്ചു.  മറ്റുമതങ്ങളിലെ പ്രശ്നങ്ങളുയര്‍ത്തി കാണിച്ചായിരുന്നു അന്നെല്ലാം മുസ്‌ലിംകള്‍ അതിനെതിരെ പ്രതികരിച്ചത്. അന്നും തുടര്‍ന്നും മുസ്‌ലിംകള്‍ വലിയ സാമ്രാജ്യങ്ങളുടെ അധിപന്മാരായി തുടര്‍ന്നു. സൂഫികളും ആത്മജ്ഞാനികളും അവരുടെ ദേശങ്ങളില്‍ മതത്തിന്റെ പ്രചാരകരായി കഴിഞ്ഞുകൂടി. എവിടെയെങ്കിലും തങ്ങളുടെ മതത്തിനെതിരെ നടക്കുന്ന അവഹേളനങ്ങള്‍ക്കെതിരെ കൂട്ടമായി അക്രമം നടത്തുന്ന സ്വഭാവം അക്കാലങ്ങളില്‍ ഇസ്ലാമിന് അന്യമായിരുന്നു. ആ പ്രവണതയുണ്ടായത് പുതിയകാലത്തെ രാഷ്ട്രീയസാഹചര്യങ്ങളുടെ  ഭാഗമായാണ്. കൃത്യമായി പറഞ്ഞാല്‍ പാശ്ചാത്യ അധിനിവേശ കാലത്താണ് ഈ രീതി മുസ്‌ലിംലോകത്ത് വേരുറച്ചു തുടങ്ങിയത്. അന്ന് തങ്ങളുടെ വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതിന് വേണ്ടി രാഷ്ട്രീയക്കാര്‍ മുസ്‌ലിം വിഷയങ്ങളെ അതിന്റെ അന്തസ്സത്തയില്‍ നിന്നടര്‍ത്തി രാഷ്ട്രീയത്തിലേക്ക് പറിച്ചു നടാന്‍ തുടങ്ങി. മതേതരരാഷ്ട്രീയത്തിന്റെ വാക്താക്കള്‍ അധിനിവേശത്തെതിനെതിരെ കച്ച കെട്ടിയിറങ്ങിയ അക്കാലത്ത് ഇസ്ലാമിസ്റ്റുകളായ രാഷ്ട്രീയക്കാര്‍ ഇസ്ലാമിനെ ഒരു മതമെന്നതിലുപരി രാഷ്ട്രീയ സംഹിത കൂടിയായി അവതരിപ്പിച്ചു തുടങ്ങി. തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ മതത്തെ ഒരു കരുവാക്കിത്തുടങ്ങി. വിശ്വാസത്തിന് ഭീഷണിയാണെന്നവതരിപ്പിച്ചാണ് അവര്‍ വൈദേശികാധിപത്യത്തെ പ്രതിരോധിച്ചു ശീലിച്ചത്. ഇപ്പോഴും ഇസ്ലാമിസ്റ്റുകളുടെ ഈ രീതി തുടരുന്നുണ്ട്. പൊതുവില്‍‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന നിസ്സാരവിഷയങ്ങളില്‍ കടിച്ചു തൂങ്ങി അവര്‍ പ്രശ്നമുണ്ടാക്കുന്നു. ഇസ്‌ലാമിനെ പാശ്ചാത്യതയുടെ ഏതിരില്‍ അവതരിപ്പിക്കുന്ന ഇസ്‌ലാം ഭീരുക്കളും ഈ പ്രശ്നം സങ്കീര്‍ണമാക്കുന്നതിന് കാരണമാകുന്നു. യാഥാസ്ഥികരായ വിശ്വാസികുളും മതവിഷയങ്ങളില്‍ അവഗാഹമുള്ള പണ്ഡിതരുമെല്ലാം ഇവരുടെ ഇടയില്‍ പെട്ടുപോകുകയാണ്. ഇക്കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ഇത്തരം നിരവധി പ്രതിഷേധങ്ങള്‍ക്ക് മുസ്‌ലിംലോകം സാക്ഷിയായി, പലപ്പോഴും കൃത്യമായ ഇടവേളകളില്‍ തന്നെ. അതിലുപരി സമരക്കാര്‍ വായിക്കുകയോ കാണുകയോ ചെയ്യാത്ത സൃഷ്ടികള്‍ക്കെതിരിലായിരുന്നു അവര്‍ തെരുവിലിറങ്ങിയതെന്നും ഇതോട് നാം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. സല്മാന്‍ റുഷ്ദിയുടെ സാത്താനിക് വേഴ്സസ് ഒഴിച്ചു നിര്‍‍‍ത്തിയാല്‍ ഈ ഇനത്തില്‍‍ മുസ്‌ലിം ലോകമെതിര്‍ത്ത ഒരു സൃഷ്ടിപോലും തുടക്കത്തില്‍ പൊതുജനശ്രദ്ധ നേടിയിരുന്നില്ല. പ്രസ്തുത കൃതികളെയും സിനിമകളെയുമെല്ലാം ജനകീയമാക്കി തീര്‍ത്തതിന്റെ ഉത്തരവാദിത്തം മുസ്‌ലിംലോകം നടത്തിയ പ്രതിഷേധങ്ങള്‍ക്ക് തന്നെയാണ്. അതുവരെ ശ്രദ്ധിക്കപ്പെടാതെ പോയിരുന്ന ആരുമറിയാതെ കിടന്നിരുന്ന ഇവ സംബന്ധമായി പരസ്യം നടത്തിയ ഇസ്ലാമിസ്റ്റുകള്‍ അവയെല്ലാം ആഗോളതലത്തില്‍ ഇസ്ലാമിനെതിരില്‍ നടക്കുന്ന കുത്സിതശ്രമങ്ങളുടെ ഭാഗമാണെന്നും സമര്‍ഥിച്ചു. ഇന്നിപ്പോള്‍ വാര്‍ത്താവിനിമയ രംഗത്തെ അഭൂതപൂര്‍വമായ വളര്‍ച്ചയിലൂടെ ഇസ്ലാമിസ്റ്റുകളുടെ ഇത്തരം ശ്രമങ്ങള്‍ക്കെല്ലാം അന്താരാഷ്ട്രതലത്തില്‍ തന്നെ ഇടപെടാന്‍ കഴിയുന്നു. നിലവിലെ സാഹചര്യത്തില്‍ സോഷ്യല്‍ നെറ്റുവര്‍ക്കങ്ങ് സൈറ്റുകള്‍ക്ക് ഇതില്‍ കാര്യമായ പങ്കുണ്ട്. ആധുനിക സാങ്കേതികവിദ്യയെ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിഷയത്തില്‍‍ മുസ്‌ലിം രാജ്യങ്ങളില്‍ ഇസ്ലാമിസ്റ്റുകളോളം മറ്റൊരു വിഭാഗത്തിനും വളരാന്‍ കഴിഞ്ഞിട്ടില്ല തന്നെ. (തുടരും) വിവര്‍ത്തനം: മന്‍ഹര്‍ യു.പി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter