മാറുന്ന മാപ്പിള: പഴയ തനിനാടന്‍ മാപ്പിള നിങ്ങളുടെ അകത്ത് എവിടെയെങ്കിലും ഉണ്ടോയെന്ന് പരതി നോക്കൂക
കച്ചവടം, രാജ്യരക്ഷ, വിവാഹം എന്നീ മൂന്ന് ഘടകങ്ങളിലൂടെ വികസിക്കുന്നതും അടിയുറക്കുന്നതുമാണ് കേരളക്കരയിലെ മാപ്പിളമാരുടെ കര്‍തൃത്വം.  മലബാറിലെത്തിയ അറേബ്യന്‍ കച്ചവടക്കാരിലേക്കാണ് കേരളത്തിലെ ഇസ്‌ലാമിന്റെ ആദ്യത്തെ ചാര്‍ച്ച. അവര്‍ ഇവിടെ നിന്നു വിവാഹം കഴിച്ചുണ്ടായ കുടുംബങ്ങിളില്‍ നിന്ന് ആദ്യത്തെ മുസ്‌ലിം സമുദായം രൂപപ്പെട്ടിരിക്കണം. മാപ്പിള എന്ന പേര് വാണിജ്യ ബന്ധത്തിലെ ബഹുമാനത്തെയും വിവാഹബന്ധത്തിലെ സ്‌നേഹത്തെയും ഒരു പോലെ സൂചിപ്പിക്കുന്നുണ്ടെന്നര്‍ഥം. പോര്‍ച്ചുഗീസുകാര്‍ കടലു കലക്കി പടിഞ്ഞാറന്‍ നയവൈകല്യങ്ങള്‍   കേരളതീരത്ത് വിപണനം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് സാമൂതിരിമാരുടെ പ്രതിരോധം ഏറ്റെടുത്ത് കുഞ്ഞാലി മരക്കാര്‍മാര്‍ വരുന്നത്. നുറ്റാണ്ടുകാലം നീണ്ടു നിന്നു അവരുടെ പോരാട്ടം. 1921 ഓളം നീണ്ടു അതിന്റെ ഓളം. സത്യസന്ധതയും ധീരതയും ഇണക്കവും വേണ്ട ഈ മുന്ന് സാമൂഹിക പ്രക്രിയകളിലൂടെയാണ് മുസ്‌ലിം സമൂഹം കേരളത്തില്‍ തനതായ ആവാസവ്യവസ്ഥ സ്ഥാപിച്ചതെന്ന് അനുമാനിക്കാവുന്നതാണ്.
ഇസ്‌ലാം എന്നു കേരളത്തിലെത്തി എന്ന അന്വേഷണം ഇന്നും വ്യക്തമായ ഉത്തരങ്ങളിലെത്താതെ മുട്ടിത്തിരിഞ്ഞു നില്‍ക്കുകയാണ്. തിരുനബി(സ)യുടെ കാലത്താണോ അതോ എട്ടാം നൂറ്റാണ്ടിലാണോ ഇസ്‌ലാം വന്നത് എന്നും മറ്റുമുള്ള ചര്‍ച്ചകള്‍ ഇന്നും നടന്നു കൊണ്ടിരിക്കുന്നു.
ഇതിനിടക്ക് നമുക്ക് നടത്താവുന്ന ആലോചന മുസ്‌ലിം സമുദായ രൂപീകരണം എക്കാലത്താണ് തുടങ്ങിയത് എന്നാണ്. തങ്ങളുടെതായ വാസസ്ഥാനങ്ങള്‍ ഉണ്ടാക്കുകയും സ്വന്തമായ അസ്തിത്വം നിര്‍ണയിച്ചു കൊണ്ടു സാമൂഹ്യരംഗത്ത് ഇടപെടുകയും ആത്മവിശ്വാസത്തോടെ ക്രയവിക്രയങ്ങള്‍ നടത്തുകയും മതത്തിന്റെ ആചാരങ്ങളും ആഘോഷങ്ങളും നടത്തുകയും ചെയ്യാകുന്ന തരത്തിലേക്ക് സാമുദായിക ശരീരം വളരുന്നതിനെയാണ് സമുദായ രൂപീകരണം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
എ.ഡി ഒമ്പതാം നൂറ്റാണ്ടിലെ ‘തെരസാപള്ളി ചെപ്പേടി’ല്‍ മുസ്‌ലിം പേരുകള്‍ കാണുന്നുണ്ട്. ഇതു വെച്ച്, അതിനടുത്ത കാലങ്ങളില്‍ തന്നെ പൊതുരംഗത്തു മുസ്‌ലിം സമുദായ രൂപീകരണം ആരംഭിച്ചിട്ടുണ്ടെന്നു അനുമാനിക്കാവുന്നതാണ്. 11 മുതല്‍ 16 വരെയുള്ള നൂറ്റാണ്ടുകളുടെ മാപ്പിള ചരിത്രം സാമൂതിരി രാജാക്കന്‍മാരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഇക്കാലത്ത് തലശ്ശേരി മതുല്‍ പൊന്നാനി വരെ (ധര്‍മ്മടം, വളപട്ടണം, ചാലിയം, കോഴിക്കോട്, പരപ്പനങ്ങാടി, താനൂര്‍) എന്നീ പ്രദേശങ്ങള്‍ കേന്ദ്രമാക്കി മുസ്‌ലിം കേന്ദ്രങ്ങള്‍ ഉയര്‍ന്നു വന്നു. കേരളത്തിന്റെ സുവര്‍ണകാലഘട്ടം എന്ന് ഇക്കാലത്തെ വിളിക്കുന്നുണ്ട് ചരിത്രകാരനായ പി.എ.സെയ്ത് മുഹമ്മദ്. 'കേരളമുസ്‌ലിം ചരിത്രം' എന്ന പുസ്തകത്തില്‍ അദ്ദേഹം ഇപ്പറഞ്ഞതിന്റെ വിശദമായ ചിത്രം വിവരിക്കുന്നത് വായിക്കുക:
'' കൊടുങ്ങല്ലൂര്‍ കേന്ദ്രമായി ആരംഭിച്ച മതപ്രചരണം എട്ടും ഒന്‍പതും നൂറ്റാണ്ടുകളില്‍ ദക്ഷിണോത്തര ഭാഗങ്ങളില്‍ സാവകാശം ശക്തി പ്രാപിച്ചു. ദക്ഷിണ കേരളത്തില്‍ കൊല്ലത്തിനു തെക്കുള്ള ഭാഗങ്ങളില്‍ പൂന്തുറ, തെക്കന്‍ പറവൂര്‍, പൂവാര്‍, തക്കല, തിരുവാംകോട്, കുളച്ചല്‍, തേങ്ങാപട്ടണം, കോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്‌ലിം കോളനികള്‍ വളര്‍ന്നു. മലബാറിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കൊടുങ്ങല്ലൂര്‍, ചേറ്റുവ, ചാവക്കാട്, പള്ളിപ്പുറം, എടവനക്കാട്, ആലുവ, കൊച്ചി തടങ്ങിയ ഭാഗങ്ങളിലും മധ്യമലബാറില്‍ ചാലിയം, കോഴിക്കോട്, പരപ്പനങ്ങാടി, തിരൂരങ്ങാടി, താനൂര്‍, പറവണ്ണ, പൊന്നാനി, വെളിയംകോട് തുടങ്ങിയ സ്ഥലങ്ങളിലും വടക്കേ മലബാറില്‍ ഫാക്കനൂര്‍, മംഗലാപുരം, കാസര്‍കോട്, പഴയങ്ങാടി, നാദാപുരം, വളപട്ടണം, കണ്ണൂര്‍, ധര്‍മ്മടം, ചെമ്മലോട്, തിരുവങ്കാട്, ശ്രീകണ്ഠപുരം, എടക്കാട്, കൊയിലാണ്ടി, തിക്കോടി എന്നിവിടങ്ങളിലും മുസ്‌ലിം കേന്ദ്രങ്ങള്‍ സ്ഥാപിതമായി'' (കേരള മുസ്‌ലിം ചരിത്രം, പുറം 65).
അക്കാലത്ത് പശ്ചിമ തീരത്തു കൂടെ കടന്നു പോയ എല്ലാ സഞ്ചാരികള്‍ക്കും കാണാവുന്ന വിധത്തില്‍ മുസ്‌ലിം സമൂഹവും സാന്നിധ്യവും പ്രകടമായിരുന്നുവെന്നര്‍ഥം.
സമ്പന്നവും സ്വസ്ഥവും ആരോഗ്യകരവുമായി വളര്‍ന്നു വന്ന സമുദായത്തിന്റെ വളര്‍ച്ചയുടെ കടക്കല്‍ കത്തി വെക്കുന്നതായിരുന്നു പതിനാറാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് ആക്രമണം. ഇവരെ നേരിടേണ്ടി വന്ന മാപ്പിളമാര്‍ക്ക് പകരം നല്‍കേണ്ടി വന്നത് സമൂഹത്തിലെ അഭിമാനകരമായ അസ്തിത്വമായിരുന്നു. പാശ്ചാത്യന്‍ പൈശാചികതക്ക് അടിയറവ് പറഞ്ഞു മാപ്പിളമാര്‍ക്ക് കടല്‍ത്തീരങ്ങളിലെ കച്ചവടവും കുടികിടപ്പും ഓര്‍മ്മകളും പിന്നിലിട്ട് മലബാറിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് കുടിയേറേണ്ടി വന്നു.
മാപ്പിളമാര്‍ക്കെതിരെ നടന്ന പതിനാറാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് ആക്രമണങ്ങളെ തുഹ്ഫയില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം അസ്സഗീര്‍(റ) വിവരിക്കുന്നത് ‘അവരുടെ നടപടിദൂഷ്യം കാരണം അല്ലാഹു അയച്ച ശിക്ഷയും മുന്നറിയിപ്പുമാ’യാണ്. അറബിക്കടലിലെ കച്ചവടകുത്തക, കച്ചവത്തിലൂടെയുള്ള സമ്പല്‍സമൃദ്ധി, സാമൂതിരിമാരുമായുള്ള ബന്ധുത്വം എന്നിങ്ങനെ പൂര്‍ണമായും ഐശ്വര്യത്തിന്റെ ഉഛാവസ്ഥയിലായിരുന്നു മാപ്പിളമാര്‍ അന്ന്. പ്രതാപത്തിന്റെ കൊടിപാറിച്ച ഈ കാലം നൂറ്റാണ്ടുകളോളം നിലനിന്നു.
ധനവും സുഖസൗകര്യങ്ങളും കുമിഞ്ഞു കൂടുമ്പോള്‍ അലിഞ്ഞില്ലാതാകുന്ന ദൈവഭയം അവരെ അനിവാര്യമായ പതനത്തിലേക്ക് എത്തിച്ചു. അതായിരുന്നു പോര്‍ച്ചുഗീസ് ആക്രമണവും തീരപ്രദേശത്തു നിന്ന് ഉള്‍നാടുകളിലേക്കുള്ള എല്ലാം വിട്ടെറിഞ്ഞുള്ള മാപ്പിളമാരുടെ പലായനവും.
കഴിഞ്ഞ നൂറ്റാണ്ടില്‍ അള്‍ജീരിയയില്‍ ജീവിച്ചിരുന്ന മാലിക് ബിന്നബി ആധുനികമായ അന്തരീക്ഷത്തില്‍ സമാനമായ ഒരു ദര്‍ശനം വികസിപ്പിച്ചെടുക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് ഒരു സമൂഹവും അധിനിവേശത്തിനു മനസുകൊണ്ട് പാകപ്പെടുന്നത് വരെ അവര്‍ കീഴടക്കപ്പെടുന്നില്ലെന്നാണ്. പാശ്ചാത്യമായ രീതികളോടുള്ള മാനസിക അടിമത്വമാണ് അവരെ കോളനിവല്‍ക്കരണത്തിനു സന്നദ്ധമാക്കുന്നത്. പിന്നെ അവരെ വിധേയരാക്കുക എന്നത് യാന്ത്രികമായ ഒരു പ്രക്രിയ മാത്രമാണ്.
ഉള്‍നാടുകളിലേക്ക് നീങ്ങിയ മാപ്പിളമാരുടെ പിന്നീടുള്ള കാലം അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയുമായിരുന്നു. കണ്ണില്‍ച്ചോരയില്ലാത്ത ജന്മികളുടെ കീഴിലെ കുടിയാന്‍മാരായുള്ള കാര്‍ഷിക വൃത്തിയും ചെടുകിട കച്ചവടവും മീന്‍പിടുത്തവും മറ്റുമായുള്ള പതിത ജീവിതവും ഇടക്കിടെയുള്ള കലാപങ്ങളും അവരുടെ നിലനില്‍പ്പിനെ കൂടുതല്‍ ശ്രമകരമാക്കി. (എന്നാല്‍ ഇക്കാലത്താണ് ഇസ്‌ലാമിലേക്കുള്ള താഴ്ന്ന ജാതിക്കാരുടെ കൂട്ടത്തോടെയുള്ള മതംമാറ്റം നടക്കുന്നതെന്നും സന്ദര്‍ഭോചിതം ഓര്‍ക്കുക. അന്നത്തെ കാനേഷുമാരികള്‍ ഇത് വ്യക്തമാക്കുന്നുണ്ട്.)
കഷ്ടപ്പാടിന്റെയും ഇല്ലായ്മയുടെയും അതിദയനീയമായ അവസ്ഥയാണ് 1921 ലെ മലബാര്‍ സമരകാലത്തിനു ശേഷം നടമാടിയത്. വെള്ളപ്പട്ടാളക്കാരുടെ നരമേധവും കൂരകളില്‍ നിന്നു കൂരകളിലേക്ക് ഇഴഞ്ഞു കയറിയ പട്ടിണിയും തുടര്‍ന്നുണ്ടായ കോളറയുടെ കടന്നുകയറ്റവും മാപ്പിളജീവിതത്തെ അത്യന്തം ദുസ്സഹമക്കി തീര്‍ത്തു.
കയ്പ് നിറഞ്ഞ ഈ കയത്തില്‍ നിന്നുള്ള തിരിച്ചു കയറ്റം ആരംഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിന്റെ രണ്ടാം പകുതിയില്‍ മാപ്പിളമാര്‍ കണ്ടു പിടിച്ച ഗള്‍ഫ് വസന്തത്തോടെയാണ്.
'മാപ്പിളമാരുടെ ചരിതത്തിലെ ഏറ്റവും ദാരുണവും അത്ഭുതാവഹവുമായ സംഭവം' എന്നു റൊണാള്‍ഡ്. ഇ. മില്ലര്‍ വിശദീകരിച്ച പോര്‍ഗീച്ചുഗീസ് ആക്രമണത്തിനു ശേഷം അകപ്പെട്ടു പോയ ആ ഇരുള്‍ വനങ്ങളില്‍ നിന്നു മാപ്പിളമാര്‍ രക്ഷപ്പെട്ടത് 'മാപ്പിളമാരുടെ ആധുനിക ജീവിതത്തിലെ ഏറ്റവും വിസ്മയകരമായ കണ്ടുപിടുത്തം' എന്നു വിശേഷിപ്പിക്കേണ്ട ഗള്‍ഫു നാടുകളിലേക്കുള്ള കുടിയേറ്റത്തിലൂടെയായിരുന്നു. കോഴിക്കോട്ടെ തുറമുഖം നോക്കി നടത്താന്‍ നേരത്തെ സാമൂതിരി കല്‍പ്പിച്ചു നല്‍കിയിരുന്ന ‘ഷാ ബന്ദര്‍’ സ്ഥാനക്കാരനായിരുന്ന മാപ്പിള നാലു നൂറ്റാണ്ടുകള്‍ക്കു ശേഷം സമാനമായ സാമൂഹിക പദവികളിലേക്ക് കടന്നു വരുന്നത് ഗള്‍ഫിന്റെ പിന്തുണയിലുടെയാണ്.
ശൈഖ് സൈനുദ്ദീന്‍ മഖ്ദും അവര്‍കളും മാലിക് ബിന്നബിയും സൂചിപ്പിച്ച മത-സാമൂഹിക ജീവിതത്തിന്റെ അധ:പതനത്തിന്റെ കാലം കൂടിയായിരുന്നു ഗള്‍ഫുയുഗം. പണവും അധികാരവും തലക്കു പിടിക്കുമ്പോള്‍ കഴിഞ്ഞു പോയ പല സമുദായക്കാരെയും വരിഞ്ഞു മുറുക്കിയതായി ഖുര്‍ആന്‍ വിശദീകരിക്കുന്ന ആത്മവിനാശത്തിന്റെയും ആത്മീയ വിസ്മൃതിയുടെയും ചരിത്രം മാപ്പിളമാര്‍ക്കിടയിലും ആവര്‍ത്തിക്കുന്നതായി കാണാം. തലമറന്നു എണ്ണ തേക്കുക എന്നു പറയുന്നതിതാണ്. എണ്ണപ്പണം മാപ്പിളമാരെ തീര്‍ച്ചയായും അര്‍ദ്ധരാത്രി കുട പിടിക്കുന്നിടത്തേക്ക് എത്തിച്ചു.
വീട് കൊട്ടാരവും കല്യാണം നാട്ടിലെ ഉത്സവവും വാഹനം പൊങ്ങച്ചത്തിന്റെ പ്രതീകവും ആയിത്തീര്‍ന്നു. ഒന്നും ആവശ്യത്തെയല്ല, എല്ലാം ആര്‍ഭാടത്തെയാണ് സൂചിപ്പിക്കുന്നത്. സഗീറിന്റെ കാര്‍ട്ടൂണില്‍ പറയുന്നത് പോലെ നമ്മുടെ വല്യുമ്മമാര്‍ക്ക് കോളയില്ലെങ്കില്‍ ബിരിയാണി താഴേക്ക് ഇറങ്ങിപ്പോകില്ലെന്നായിരിക്കുന്നു. അനുഗ്രഹങ്ങളും ഐശ്വര്യവും വാരിക്കോരി പടച്ചവന്‍ നല്‍കുമ്പോള്‍ അതെങ്ങനെ ചെലവഴിക്കണം എന്നറിയാത്തവര്‍ കുരങ്ങിന്റെ കൈയില്‍ പൂമാല കിട്ടിയ പോലെ കാട്ടിക്കൂട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
മാപ്പിളയെ ചരിത്രത്തില്‍ എല്ലാ കാലത്തും ആ പേരിന് അര്‍ഹനാക്കിയത് അവന്റെ രാജിയാകാത്ത മതബോധമാണ്. അവനു തണലേകാന്‍ എക്കാലത്തും ജ്ഞാനികളുടെ മാമരങ്ങളുണ്ടായിരുന്നു. മഖ്ദുമുമാരും ജിഫ്‌രി-ബാഫഖീ-ശിഹാബ് തങ്ങന്‍മാരും ഇവരില്‍ ചിലര്‍ മാത്രമാണ്. കോഴിക്കോട്ടെ കച്ചവടത്തിന്റെ പെരുമ വാസ്‌കോഡി ഗാമ വരുന്ന കാലത്ത് ലിസ്ബണിനെ അമ്പരപ്പിക്കുന്നതായിരുന്നെങ്കില്‍ അതിനു പിന്നിലുണ്ടായിരുന്ന മാപ്പിളയുടെ സത്യസന്ധതയാണ്. നാല് തമുറകള്‍ നീണ്ട കുഞ്ഞാലിമാരുടെ പോരാട്ടം അറബിക്കടലിനെ കിടിലം കൊള്ളിച്ചുവെങ്കില്‍ അത് ചാഞ്ചല്യമേല്‍ക്കാത്ത ഭക്തിയുടെ ബലത്തിലായിരുന്നു.
മാപ്പിളമാരുടെ ജീവിതത്തില്‍ പുത്തന്‍ ക്രയശേഷിക്കും വിനിമയ സാധ്യതക്കും ഒപ്പം കയറിക്കൂടിയ പൊല്ലാപ്പുകള്‍ ആലോചിച്ചു നോക്കുക. മതം ആള്‍ക്കൂട്ടത്തിന്റെ ഒരുപാട് ആവേശങ്ങളില്‍ ഒന്നു മാത്രമായി മാറിയതാണ് നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ ദോഷം. ഉദാഹരണത്തിനു നമ്മുടെ വിദ്യാഭ്യാസ രീതി മാറിയതു നോക്കുക. മുന്തിയ എന്‍ട്രസ് കോച്ചിംഗ് സെന്റര്‍ ഉള്ള നഗരത്തിലാണ് ഏറ്റവും നല്ല സ്‌കൂളുകള്‍ ഉള്ളത്. പാശ്ചാത്യന്‍ രീതിശാസ്ത്രമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും മാര്‍ഗവും നിര്‍ണയിക്കുന്നത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ നാട്ടിന്‍പുറത്തെ മദ്‌റസകളെ ഒന്നൊന്നായി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ നിത്യജീവിതത്തിലെ എല്ലാ ഘടകങ്ങളും ആത്മശൂന്യതയുടെ നിഴല്‍ വീണു കിടക്കുന്നതായി കാണാം.
ചുരുക്കത്തില്‍ ലാളിത്യത്തിന്റെയും തനിമയുടെയും നാടന്‍ ജീവിതബോധത്തിന്റെയും മാപ്പിളയെ നാം പുത്തന്‍ പണത്തിന്റെ പകിട്ടുകള്‍ക്കുള്ളില്‍ ശ്വാസം മുട്ടിച്ചു കൊന്നിരിക്കുന്നു. പോരാളിയും കര്‍ഷകനും സത്യന്ധനും കരുത്തനും അചഞ്ചല വിശ്വാസിയും ഒക്കെയായിരുന്നു മാപ്പിള നിങ്ങളുടെ ആവരണങ്ങള്‍ക്കുള്ളില്‍ ഉണ്ടോയെന്നു പരതി നോക്കുക.
ശരീഫ് ഹുദവി ചെമ്മാട് /പത്തരമാറ്റ്, നന്തി സമ്മേളന സോവനീര്‍,2012
 


            
            
                    
            
                    
            
                                            
            
                                            
            
                        
                                    
                                    
                                    
                                    
                                    
                                    
                                    
Leave A Comment