‘അതുകൊണ്ട് ഞങ്ങള്‍ക്ക് വിട്ടുതരിക. ഞങ്ങളുടെ ഗോതമ്പും, ഉപ്പും; ഉണങ്ങിയിട്ടില്ലാത്ത മുറിവുകളും’
ദിവസങ്ങള്‍ക്ക് മുമ്പ് അല്‍ജസീറ എന്നോട് മെയിലില്‍ ബന്ധപ്പെട്ടിരുന്നു. നകബയോടനുബന്ധിച്ച് അവര് നടത്തുന്ന പരിപാടിയില്‍ എന്നെ ക്ഷണിച്ചുകൊണ്ടായിരുന്നു ജസീറ എനിക്ക് ഇമെയില്‍ സന്ദേശം അയച്ചത്. അവര്‍ നകബയെ കുറിച്ച് നടത്തുന്ന ഒരു ചര്‍ച്ചയെ കുറിച്ച് വിശദീകരിച്ചായിരുന്നു മെയില്‍. 3-4 ഇസ്റായേലുകാര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഫലസ്തീനികളുടെ വക്താവായിട്ടാണ് എന്നെ ക്ഷണിക്കുന്നതെന്ന് സന്ദേശം വ്യക്തമാക്കി. പ്രസ്തുത ദിനത്തെ കുറിച്ച് ഇസ്റായേല്‍ തന്നെ മാറിച്ചിന്തിക്കുന്നുവെന്ന് കാഴ്ചക്കാര്‍ക്ക് മനസ്സിലാക്കി കൊടുക്കാനാണ് വിവിധ അഭിപ്രായക്കാരായ കൂടുതല്‍ പേരെ അവിടെ നിന്ന് പങ്കെടുപ്പിക്കുന്നതത്രെ. ഫലസ്തീന്‍ പക്ഷത്ത് നിന്ന് അഭിപ്രായങ്ങളെ ബാലന്‍സ് ചെയ്യാന്‍ ഞാന്‍ മാത്രമെ ചര്‍ച്ചയില്‍ കാണൂവെന്നും.
കുറച്ച് നേരത്തിന് ശേഷം ഞാനാ മെയിലിന് മറുപടി അയച്ചു. ഇസ്റായേലുകാരായ വിവിധ ആളുകളെ പങ്കെടുപ്പിച്ച് ഇത്തരമൊരു ചര്‍ച്ച നകബയെ കുറിച്ച് സംഘടിപ്പിക്കുന്നത് എന്നെ വേദനിപ്പിക്കുന്നുവെന്ന് സന്ദേശത്തില്‍ ഞാന്‍ സൂചിപ്പിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് എനിക്ക് എതിര്‍പ്പില്ലെന്നും. പക്ഷെ രണ്ടു നിബന്ധനകള്‍ പാലിച്ചാകണം അത് എന്നു ഞാന്‍ പ്രത്യേകം സൂചിപ്പിച്ചു. 1. ഇസ്റായേലുകാരുമായി ചേര്‍ന്നിരുന്ന് സംസാരിക്കാനും ഈ വിഷയം അവരുടെ കൂടെയിരുന്ന് ചര്ച്ച ചെയ്യാനും ഞാന് ഒരുക്കമല്ല. 2. പരിപാടി രണ്ടായി ഭാഗിക്കണം. ആദ്യ ഭാഗത്ത് അവര്‍ കൂടിയിരുന്ന് വിഷയം ചര്‍ച്ച ചെയ്യട്ടെ. രണ്ടാം ഭാഗത്ത് അവരുടെ അഭിപ്രായ പ്രകടനത്തിന് ശേഷം ചാനല്‍ അവതാരകനുമായി ഞാനെനിക്ക് പറയാനുള്ളത് പറയുന്ന രീതിയാകണം.
എന്‍റെ മറുപടിക്ക് ചാനല്‍ പ്രൊഡ്യൂസറെ മറുപടി വന്നു. അവരുദ്ദേശിക്കുന്ന രീതിയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറുള്ള മറ്റൊരു ഫലസ്തീനിയെ അവര്‍ക്ക് കിട്ടിയുട്ടുണ്ടെന്നായിരുന്നു അത്.
ഞാന്‍ എന്തു കൊണ്ട് അത്തരമൊരു ചര്‍ച്ചയെ എതിര്‍ക്കുന്നുവന്ന് അവര്‍ക്ക് മനസ്സിലായില്ലെന്നു തോന്നുന്നു.
നോക്കൂ. ജൂതന്മാരെ ഹോളോകോസ്റ്റ് വധത്തിന് ഇരയാക്കിയെന്ന കാര്യം ജര്‍മനി അംഗീകരിക്കുന്നില്ലല്ലോ. ചുരുങ്ങിയ പക്ഷം അതംഗീകരിക്കാനെങ്കിലും നാസി ജര്‍മനി മനസ്സു കാണക്കണമെന്ന് ജൂതര്‍ പേലും അപേക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാമിപ്പോഴുള്ളത്. ജൂതര് ലോകവ്യാപകമായി ഹോളോകോസ്റ്റിന്‍റെ ദുഖസ്മരണയില് കഴിയുന്ന ഒരുദിവസം സങ്കല്‍പിക്കുക. ഒരു ചാനല് വിഷയത്തില്‍ ഒരു ചര്‍ച്ച സംഘടിപ്പിക്കുന്നു. ജര്‍മനിക്കാരായ നിരവധി ആളുകളെ പങ്കെടുപ്പിച്ച് ഹോളോകോസ്റ്റിന്‍റെ വിവിധ വശങ്ങളെ കുറിച്ച് ചര്‍ച്ച നടക്കുന്നു. ജൂതന്മാരുടെ ഭാഗവും വാദവും അവതരിപ്പിക്കുന്നതിന് വേണ്ടി പേരിന് ഒരൊറ്റ ജൂതനും അവസരം കൊടുക്കുന്നുവെന്ന് വെക്കുക. എങ്ങനെയിരിക്കും പരിപാടി?
ഇത് ആദ്യമൊന്നുമല്ല ഫലസ്തീന്‍ പ്രശ്നത്തെ ആഗോളമാധ്യമങ്ങള് ഇങ്ങനെ വീക്ഷിക്കുന്നത്. 1982 ല്‍ സബറ-ഷാത്വില കൂട്ടക്കൊലക്ക് ശേഷം ന്യൂസ് വീക്കില്‍ വന്ന റിപ്പോര്‍ട്ടിങ്ങും ഇങ്ങനെ തന്നെയായിരുന്നു. ഏരിയല്‍ ഷാരോണിന്‍റെ നേതൃത്വത്തില് അന്ന് നടന്ന കൂട്ടക്കൊലയില്‍ 3000 ത്തോളം സാധാരണക്കാരായ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. എന്നിട്ടും ഇസ്റായേലുകാരുടെ വേദനകളെ കുറിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഫലസ്തീനികളുടെ കഥനത്തെ ഇസ്റായേലുകാരുടെ കണ്ണിലൂടെ അവതരിപ്പിക്കുന്നതിന് എന്തോ ഭംഗിയുണ്ടെന്ന് ഇവര്‍ ധരിച്ചുവശായിരിക്കുന്നു.
കാലങ്ങളായി ഫലസ്തീനികളുടെ എല്ലാം ഇസ്റായേലുകാര് കൈയടക്കുന്നതാണ് ചരിത്രം. അവരുടെ മണ്ണും വെള്ളവും സംസ്കാരവും പൈതൃകവും എല്ലാം. ഇപ്പോഴിതാ അവര്‍ക്ക് പിണഞ്ഞ ഏറ്റവും വലിയ ദുരന്തത്തിന്‍റെ മുറിവും ഇസ്റായേലുകാര്‍ കൈയടക്കാനിരിക്കുന്നു. എന്നു മുതലാണ് നകബ ഇസ്റായേലുകാരുടെ ചര്‍ച്ചാവിഷയമായത്?
ഫലസ്തീനികളുടെ വേദനകളെ കുറിച്ചും നഷ്ടങ്ങളെ കുറിച്ചും ഇസ്റായേല്‍ സമ്മതിച്ചുവേണോ ലോകസമക്ഷം പറയാന്‍. ഫലസ്തീനിലെ ചില സംഘടനകള്‍ പോലും തങ്ങളുടെ നകബദിന പരിപാടിയില് ഇസ്റായേലില്‍ നിന്നുള്ള എഴുത്തുകാരെയും ചിന്തകരെയും ക്ഷണിച്ചു കാണുന്നു. എന്തെ ആ ദുരന്ത ദിനം നേരിട്ടനുഭവിച്ചവര് ഫലസ്തീനികളുടെ കൂട്ടത്തില് ഇല്ലാഞ്ഞിട്ടാണോ? അതോ ഫലസ്തീനില്‍ അതിനു പറ്റിയ ചരിത്രകാരന്മാരുടെയും ബുദ്ധിജീവികളുടെയും കുറവുണ്ടോ? ഫലസ്തീനുകാര്‍ നേരത്തെ പറഞ്ഞ കാര്യങ്ങള് ഇപ്പോള് മാത്രം സമ്മതിക്കുന്നവരെ പോലും നാമെന്തിന് ഇങ്ങനെ സ്വീകരിച്ചു ആനയിക്കണം?
നകബയെ കുറിച്ച് വെറുതെ ചര്ച്ചയില്‍ പങ്കെടുക്കുന്നവര്‍ ആത്മാര്‍ഥ പരമാണെങ്കില്‍ അവ്വിഷയത്തില് അന്താരാഷ്ട്രസമൂഹത്തോട് ക്ഷമ ചോദിക്കട്ടെ. എന്നിട്ട് തങ്ങളാല്‍ പുറത്താക്കപ്പെട്ട് അഭയാര്‍ഥികളെ പോലെ കഴിയേണ്ടി വന്ന ജനസമൂഹത്തിന് അര്ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ചും മറ്റു ചിന്തിക്കട്ടെ.
അതു കൊണ്ട് നിങ്ങളായി ഞങ്ങള്‍ക്ക് ഉണ്ടാക്കി വെച്ച മുറിവുകളെങ്കിലും ഞങ്ങള്‍ക്ക് വിട്ടു തരിക. ഉള്ളത് കൊണ്ട് ഞങ്ങള്‍ ജീവിച്ചോട്ടെ.
ഫലസ്തീന്‍കവി മുഹമ്മദ് ദര്‍വീശ് പാടിയത് തന്നെ കാര്യം:
അതുകൊണ്ട് വിട്ടുതരിക,
ഞങ്ങളുടെ ഗോതമ്പും, ഉപ്പും;
ഉണങ്ങിയിട്ടില്ലാത്ത മുറിവുകളും.



Leave A Comment