പാരീസ് ആക്രമണം: ഇസ്‍ലാമോഫോബിയക്കും നീതിനിഷേധത്തിനും മധ്യേ യൂറോപ്യന്‍ മുസ്‍ലിംകള്‍
 ബ്രസീലിയന്‍ കാര്‍ട്ടൂണിസ്റ്റ് കാര്‍ലോസ് ലോട്ടഫ് പാരീസ് ആക്രമണത്തിന് പ്രതികരണമായി വരച്ച കാര്‍ട്ടൂണ്‍.[/caption]
ഖത്തറിലെ ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ പാരീസിലെ ആക്രമണം നടന്നയുടന്‍ ട്വീറ്റ് ചെയ്തത്: മുസ്‍ലിംകളാരും പാരീസ് ആക്രമണത്തെ അപലപിക്കേണ്ടതില്ലെന്നാണ്. അതിന് കാരണമായി അദ്ദേഹം പറഞ്ഞത് ലിബിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ഇടപെടാന്‍ ഫ്രാന്‍സ് ഒരു കാരണത്തിന് കാത്തിരിക്കുകയാണെന്നായിരുന്നു. ട്വീറ്റ് വിവാദമായെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചു നില്‍ക്കുകയും വീണ്ടും സമാനമായ ഒരു കമന്റ് ഷെയര്‍ ചെയ്യുകയും ചെയ്തു:“അല്ലെങ്കിലും മുസ്‍ലിംകള്‍ എന്തിന് ആക്രമണത്തെ അപലപിക്കണം. ആരാണ് അവരോട് അപലപിക്കാന്‍ ആവശ്യപ്പെടുന്നത്. ലണ്ടന്‍ മസ്ജിദ് ആക്രമണത്തിനിരയായപ്പോള്‍ ആരെങ്കിലും ക്രിസ്ത്യന്‍ വിശ്വാസികളോട് അപലപിക്കാന്‍ ആവശ്യപ്പെട്ടിരുന്നോ.”
ഇസ്‍ലാം തന്നെ അതിശക്തമായി എതിര്‍ക്കുന്ന അക്രമത്തെ ലക്ഷ്യപൂര്‍ത്തീകരണത്തിനുപയോഗിക്കുന്ന തീവ്രവാദികള്‍ ഇസ്‍ലാമിന്റെ ശത്രുക്കളാണെന്നും മുസ്‍ലിംകള്‍ക്ക് അവരുമായി ബന്ധമില്ലെന്നും എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഫ്രാന്‍സിലെയെന്നല്ല എവിടെയും തീവ്രവാദികള്‍ നടത്തുന്ന ആക്രമത്തെ നമുക്ക് അംഗീകരിക്കാനാവില്ല. നബി(സ) പഠിപ്പിച്ചത് ആക്രമികളോട് പോലും മയത്തോടെ പെരുമാറാനാണ്. പ്രവാചകരെ വധിക്കാന്‍ വന്നവരെയോ അപകീര്‍ത്തിപ്പെടുത്തിയവരെയോ അവിടുന്ന് വധിക്കാനോ ആക്രമിക്കാനോ കല്‍പ്പിച്ചിരുന്നില്ല. മറിച്ച് അവര്‍ക്ക് നല്ലബുദ്ധി കാണിച്ചു കൊടുക്കാന്‍ പ്രാര്‍ഥിക്കുകയായിരുന്നു ചെയ്തിരുന്നത്.
പക്ഷെ വിഷയം തീവ്രവാദവും ആക്രമികള്‍ മുസ്‍ലിം നാമധാരികളുമാവുമ്പോള്‍ ‘നല്ല മുസ്‍ലിംകള്‍’ അക്രമണത്തെ അപലപിക്കണമെന്നാണ് അലിഖിത നിയമം. അത് ലോകത്തിന്റെ ഏത് ഭാഗത്തായാലും ഒരു പോലെ തന്നെയാണ്. മുസ്‍ലിംകള്‍ ന്യൂനപക്ഷമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ വളര്‍ന്നു വരുന്ന മുസ്‍ലിം വിരുദ്ധ തീവ്രദേശീയ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നു ആക്രമണങ്ങലെ നോക്കിക്കാണുമ്പോള്‍ പ്രസ്തുത നിയമത്തിന്റെ 'അനിവാര്യത' വെളിപ്പെടും. ജര്‍മനിയില്‍ പതിനായിരക്കണക്കിന് വരുന്ന ആളുകള്‍ മുസ്‍ലിംകള്‍ക്കെതിരെ റാലി സംഘടിപ്പിക്കുന്നു, മുസ്‍ലിംകളെ രാജ്യത്ത് നിന്ന് തുടച്ചു മാറ്റണമെന്ന് സ്വീഡനില്‍ തീവ്രവലതു പക്ഷ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു, മുസ്‍ലിം ആരാധനാലയങ്ങളിലേക്ക് പന്നികളുമായി പ്രതിഷേധിക്കാന്‍ ചെക്ക് രാഷ്ട്രീയ നേതാവിന്റെ ആഹ്വാനം, ആസ്ത്രേലിയയില്‍ തുടരുന്ന മുസ്‍ലിം വിരുദ്ധ റെയ്ഡുകളും മറ്റും തുടങ്ങി ഭീതിപ്പെടുത്തുന്ന വിശേഷങ്ങളാണ് യൂറോപ്പില്‍ നിന്നുയരുന്നത്. ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ഉയര്‍ച്ചക്കു ശേഷമുണ്ടായ ഏതാനും ചില ‘ഇസ്‍ലാമോഫോബിക്’ കാര്യങ്ങളാണ് മേല്‍പറഞ്ഞവ.
മുസ്‍ലിംകള്‍ ഒന്നടങ്കം തീവ്രവാദത്തിനെതിരെ ഒരുവട്ടം കൂടി രംഗത്തുവന്നാലും ഈ ആക്രമണത്തിന്റെ ദുരിതം പേറാനിരിക്കുന്നത് ഒരിക്കലും തീവ്രവാദികളല്ല. സാധാരണ മുസ്‍ലിം പൌരന്മാരാണ്. നിലവില്‍ തന്നെ കര്‍ശനമായ തീവ്രവിരുദ്ധ നിയമങ്ങളുടെ പണിപ്പുരയിലുള്ള യൂറോപ്യന്‍ രാജ്യങ്ങളെ കൂടുതല്‍ നിയമങ്ങളെ കുറിച്ച് ചിന്തിപ്പിക്കുന്നതാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കകത്ത് നടക്കുന്ന ഇത്തരം സ്ഫോടനങ്ങള്‍.
ബ്രസീലിയന്‍ കാര്‍ട്ടൂണിസ്റ്റ് കാര്‍ലോസ് ലോട്ടഫ് പാരീസ് ആക്രമണ പശ്ചാത്തലത്തില്‍ ഒരു കാര്‍ട്ടൂണ്‍ ട്വീറ്റ് ചെയ്തിരുന്നു. പാരീസില്‍ ആക്രമിക്കപ്പെട്ട ഷാര്ലി ഹെബ്ദോ വാരികയുടെ ഓഫീസിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുന്നതും ഓരോ വെടിയുണ്ടയും ഓഫീസിനകത്തുകൂടെ കടന്ന് പിന്നാമ്പുറത്തുള്ള പള്ളിയുടെ മിനാരം തകര്‍ക്കുന്നതുമാണ് രംഗം. തീവ്രവാദികള്‍ എവിടെ വെടിപൊട്ടിച്ചാലും നഷ്ടം സാധാരണ മുസ്‍ലിംകള്‍ക്കു തന്നെയെന്നു ചുരുക്കം.
ആക്രമണത്തെ അപലപിക്കാന്‍ ആവശ്യപ്പെടുന്നവര്‍ മറക്കുന്ന ഒരു കാര്യമുണ്ട്. മുസ്‍ലിം വിഷയത്തിലുള്ള പത്രത്തിന്റെ നിലപാട്. 2006-ല്‍ ഡാനിഷ് പത്രം പ്രസിദ്ധീകരിച്ച വിവാദമായ പ്രവാചക കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിക്കുകയും 2012-ല്‍ യു.എസിലെ വിവാദമായ സിനിമ ഇന്നസന്റ്സ് ഓഫ് മുസ്‍ലിംസിന് പിന്തുണ നല്‍കി പ്രവാചകന്റെ നഗന ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് ഈ വാരിക. അന്നൊന്നും പത്രത്തിനെതിരെ ഇന്നലത്തെ പോലെ വാരികയുടെ ഓഫീസ് ആക്രമണത്തിരയായിട്ടില്ല. ഏതാനും ചില തീവ്രവാദികള്‍ ഭീഷണിയും അങ്ങിങ്ങായി പലതും കൂട്ടിക്കൂട്ടിയിരുന്നുവെങ്കിലും. ആ സമയങ്ങളില്‍ ഫ്രാന്‍സിലെ സമാധാനകാംക്ഷികളായ മുസ്‍ലിംകള്‍ വാരികക്കെതിരെ നിയമനടപടിക്കൊരുങ്ങുക മാത്രമായിരുന്നു ചെയ്തത്. പക്ഷെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ മറ്റോ അര്‍ഹമായ നീതി മുസ്‍ലിംകള്‍ക്ക് ലഭിച്ചില്ല എന്നതിനു പുറമെ പത്രം കൂടുതല്‍ പ്രകോപനവുമായി മുന്നോട്ട് വരികയുമായിരുന്നു.
ഇസ്‍ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദിയെ പരിഹസിച്ച ട്വീറ്റ് വാരിക പോസ്റ്റ് ചെയ്ത ചെയ്ത ഉടനെയാണ് ബുധനാഴ്ചത്തെ ആക്രമണം നടന്നത്. ഇതില്‍ നിന്ന് തന്നെ വ്യക്തമാണ് ആരാണ് ഇതിന് പിന്നിലെന്ന്. മാത്രവുമല്ല പ്രൊഫഷണല്‍ പരിശീലനം നേടിയ ആക്രമികളാണ് സംഭവത്തിന് പിന്നിലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
ഈ അവസരത്തിലാണ് ഖത്തര്‍ മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ് പ്രസക്തമാവുന്നത്. പാകിസ്ഥാനില്‍ സ്കൂള്‍ ആക്രമണത്തെ തുടര്‍ന്ന് തീവ്രവാദികളെന്ന് പറഞ്ഞ് തടവിലുള്ളവരെ കൂട്ടമായി തൂക്കിക്കൊല്ലുമെന്നായിരുന്നു പാക് പ്രഖ്യാപനം. ഇതിനെതിരെ യു.എന്‍ ജന. സെക്രട്ടറി തന്നെയായിരുന്നു നേരിട്ട് രംഗത്തെത്തിയത്. മതിയായ വിചാരണക്ക് ശേഷം കുറ്റവാളികളെന്നു കണ്ടെത്തുന്നവരെ മാത്രമേ തൂക്കിലേറ്റാവൂ എന്നാണ് അദ്ദേഹം പറഞ്ഞത്. സമാനമായിരിക്കും ഫ്രാന്‍സിലേയും അവസ്ഥ. പാരീസ് ആക്രമണം സൃഷ്ടിച്ച വൈകാരിക പ്രതിഷേധം മറയാക്കി ലിബിയയിലേക്ക് ‘തീവ്രവാദി’ വേട്ടക്കായി പടയൊരുക്കം നടത്താനും രാജ്യത്തിനകത്തെ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കി നിരപരാധികളായ മുസ്‍ലിംകളുടെ ജീവിതം ദുരിതത്തിലാക്കാനുമായിരിക്കും ഇത് കാരണമാവുക. ആക്രമണത്തെ അപലപിച്ചതു കൊണ്ട് തീരുന്നതല്ല മുസ്‍ലിംകളുടെ പ്രശ്നം എന്ന് ചുരുക്കം.
                         
 


            
            
                    
            
                    
            
                                            
            
                        
                                    
                                    
                                    
                                    
                                    
                                    
                                    
Leave A Comment