ഐസിസ് : പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയ സംഘടനയോ?

 ISISFrontlineകുവൈത്തിലെ ശിയാ പള്ളിയില്‍ 30 വിശ്വാസികളുടെ ജീവന്‍ അപഹരിച്ച  ആക്രമണം, തുനീഷ്യയിലെ ബീച്ച് റിസോര്‍ട്ടില്‍ 39 ടൂറിസ്റ്റുകള്‍ ക്കെതിരെ നടത്തിയ ആക്രമണം തുടങ്ങി വളരെ വൈകി വന്ന ഐസിസ് ഇതിനകം നടത്തിയ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ എണ്ണം അനവധിയാണ്. നൂറിലേറെ പേരുടെ ജീവന്‍ അപഹരിച്ച പാരീസ് ആക്രമണമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. തങ്ങളുടെ നിലപാടുകളോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ ധൈര്യം കാണിക്കുന്നവരെയെല്ലാം ഇല്ലായ്മ ചെയ്യുകയെന്ന കടുത്ത നിലപാടാണ് അവരുടേതെന്ന് തെളിയിക്കുകയാണ് ഐ എസ് ഇതിലൂടെയെല്ലാം ചെയ്തത്. യസീദികളും ക്രിസ്ത്യാനികളുമാണ് ഇപ്പോള്‍ കൊല്ലപ്പെട്ടതെങ്കിലും ഐ എസ് ഇരകളിലെ ബഹുഭൂരിപക്ഷവും അവരുടെ രീതിശാസ്ത്രത്തെ നിരാകരിക്കുന്നവരും തുറന്നെതിര്‍ക്കുന്നവരുമായ മുസ്‌ലിംകളാണ.് തങ്ങളോട് വിധേയത്വം പ്രഖ്യാപിക്കാന്‍ വിസമ്മതിച്ച സുന്നി പുരോഹിതരെയും തങ്ങളുടെ കാഴ്ച്ചപ്പാടുകളോട് വിമുഖത കാണിച്ച മുസ്‌ലിം വനിതകളെയും വരെ ഐ എസ് തൂക്കിക്കൊന്നു. ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തീവ്രവാദ ഗ്രൂപ്പുകളിലേക്കും ഈ രീതി കൈമാറ്റം ചെയ്യപ്പെടുന്നതാണ് പിന്നീട് ലോകം കണ്ടത്. ഉദാഹരണത്തിന് താലിബാന്‍ ഇരകളുടെ കാര്യം തന്നെയെടുക്കാം. താലിബാന്‍ ഇരകളിലെ മഹാ ഭൂരിപക്ഷം വരുന്ന വിഭാഗവും മുസ്‌ലിംകളാണ്. ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലായി നൂറു കണക്കിന് ശിയാ മുസ്‌ലിംകളാണ് നിഷ്‌കരുണം കൊലചെയ്യപ്പെട്ടത്. പാകിസ്താനിലും ഇന്ത്യാനേഷ്യയിലും ബംഗ്‌ളാദേശിലും അഫ്ഗാനിസ്ഥാനിലും എന്തിനേറെ അമേരിക്കയില്‍ വരെ അഹ്മദിയ്യ മുസ്‌ലിംകള്‍ക്കെതിരെ നടന്ന സമാനമായ പല അക്രമങ്ങളിലായി ഒട്ടേറെ ആത്മ മിത്രങ്ങളെയാണ് എനിക്ക് നഷ്ടമായത്. ഇത്തരം ദ്രോഹികളുടെ ചെയ്തികള്‍ മൂലം ഇസ്‌ലാം വിരുദ്ധ വിമര്‍ശകര്‍ ഇസ്‌ലാമിനെതിരെ ഉറഞ്ഞുതുള്ളുമ്പോള്‍ അവരെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തല്‍ നമ്മുടെ ബാധ്യതയായി മാറിയിരിക്കുന്നു. മത തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനും അതിലേക്ക് ആളെ കൂട്ടാനുമായി ദൈവ വാക്യങ്ങളെ വളച്ചൊടിക്കുകയും വികലമായി വാഖ്യാനിക്കുകയും ്‌ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ലെന്നു മാത്രമല്ല ഇത്തരം ദുര്‍വ്യാഖ്യാനങ്ങളെ എതിര്‍ക്കുന്ന ഭൂരിപക്ഷ ജനവിഭാഗത്തെ ദൈവഭയമില്ലാത്തവരെന്ന് ചാപ്പ കുത്തുന്നതും തികച്ചും വഞ്ചനാപരമാണ്. ഇസ് ലാം അനുശാസിക്കുന്ന നിരോധനകളെയെല്ലാം ധിക്കരിക്കുന്ന തരത്തില്‍ പെരുമാറുന്ന ഐ എസ് പോലുള്ള സംഘങ്ങളെപ്പറ്റി ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അ്കാരണമായി ഒരാളെ വധിക്കുന്നത് മനുഷ്യകുലത്തെയാകമാനം കൊല്ലുന്നതിന് തുല്യമായി ഖുര്‍ആന്‍ അവതരിപ്പിച്ചു. ഇസ് ലാം മനുഷ്യാവകാശത്തിനും നീതിക്കും സമാധാനത്തിനും നല്‍കുന്ന പ്രാധാന്യത്തെ മേല്‍ സൂക്തങ്ങള്‍ വിളിച്ചോതുന്നു. മതതീവ്രവാദത്തിന്റെ പ്രാരംഭത്തെയും വ്യാപനത്തെയും പ്രതിപാദിക്കുന്ന ഹദീസുകളെ കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ തന്നെ നടന്നിട്ടുണ്ട്. പള്ളികള്‍ അമിതമായി മോടിപിടിപ്പിക്കുകയും ഖുര്‍ആന്‍ കേവലവാക്യങ്ങളായി മാത്രമവശേഷിക്കുകയും പേരിനു മാത്രം ഇസ് ലാം എന്ന നില വരികയും ചെയ്യുന്ന ഒരു കാലം വരാനുണ്ടെന്ന് പ്രവാചകന്‍ (സ്വ) 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്രവചിച്ചു(മിശ്കാത്തുല്‍ മസ്വാബീഹ്). വര്‍ത്തമാനകാല സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ തന്നെ ഇസ്‌ലാമിന്റെ അദ്ധ്യാത്മികമായ സ്വത്വവും തനിമയുമെല്ലാം നഷ്ടപ്പെട്ടതായി നാം മനസ്സിലാക്കുന്നു. പലപ്പോഴും ആചാരപരമായ നിര്‍ബന്ധങ്ങളായി മാത്രം മുസ്‌ലിമിന്റെ ഇടപാടുകള്‍ ചുരുങ്ങിപ്പോയിരിക്കുന്നു. മത പൗരോഹിത്യം തന്നെ വഴിതെറ്റി സഞ്ചരിക്കുകയും കിടമത്സരങ്ങളുടെ വക്താക്കളായി അധഃപതിക്കുകയും ചെയ്ത ഈ ദുരവസ്ഥയെപ്പറ്റി നബി(സ്വ) മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രസംഗ പീഠങ്ങള്‍ വിഭാഗീയതയും പരസ്പര വിദ്വേഷവും പറയാനായി ദുരുപയോഗം ചെയ്യുന്ന മുസ്‌ലിം ലോകത്തെ തീവ്രാനുകൂലികളായ പണ്ഡിത വേഷധാരികളെ കാണുമ്പോള്‍ ഇതെത്ര മാത്രം ശരിയാണെന്ന് നാം തിരിച്ചറിയുന്നു. ഇന്നത്തെ ഐ എസിനെ പോലെത്തന്നെ ഭീകരവാദത്തിന്റെ വക്താക്കള്‍ ഇസ്‌ലാമിക വിശ്വാസാദര്‍ശങ്ങളെ ചോദ്യം ചെയ്യാനും അതിര്‍ലംഘിക്കാനും തയ്യാറാവുമെന്നും പുണ്യ നബി(സ്വ) ഉണര്‍ത്തി. അനൈക്യത്തിന്റെ് വിത്ത് പാകുന്ന ആ കാലത്ത് അപക്വമായ ചിന്തകളും വിഡ്ഢിത്തവും  മാത്രം കൈമുതലാക്കിയ ഒരു വിഭാഗം തന്നെ പ്രത്യക്ഷപ്പെടുമെന്ന് പ്രവാചകന്‍(സ്വ) വിശദീകരിച്ചു. നീചമായ ക്രൂരകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോഴും വളരെ ഭംഗിയായി അവര്‍ സംസാരിക്കും. സാമാന്യ മുസ്‌ലിംകളുടെ ആരാധനാകര്‍മങ്ങളെ കവച്ചുവെക്കുന്ന നോമ്പ്, നിസ്‌കാരാദികള്‍ നിര്‍വഹിക്കുന്നവരായി അവര്‍ നടിക്കും. ഖുര്‍ആനിലേക്ക് മടങ്ങാന്‍ ജനങ്ങളെ അവര്‍ ഉദ്‌ബോധിപ്പിക്കുകയും അതനുസരിച്ച് ജീവിക്കാന്‍ അവര്‍ തയ്യാറാവുകയുമില്ല. ഖുര്‍ആന്‍ അവരുടെ കണ്ഠനാളങ്ങള്‍ വിട്ട് താഴേക്കിറങ്ങുകയില്ലെന്നും ഖുര്‍ആനികാദ്ധ്യാപനങ്ങളുടെ അന്തഃസാരം ഉള്‍ക്കൊള്ളാതെ അധരവ്യായാമം മാത്രമായിരിക്കും അവരുടെ പ്രവര്‍ത്തനങ്ങളെന്നും വിശദീകരിച്ച പ്രവാചകര്‍ (സ്വ) അത്തരക്കാരെ 'മനുഷ്യകുലത്തിലെ ഏറ്റവും വലിയ നീചരെ'ന്നാണ ് നിര്‍വചിച്ചത്. മാത്രമല്ല, 'കിതാബുല്‍ ഫിതനി'ല്‍ അലി(റ) നിവേദനം ചെയ്ത ചില ഹദീസുകള്‍ കാണാം: 'കറുത്ത പതാക വാഹകരും മുടി നീട്ടി വളര്‍ത്തുന്നവരുമായിരിക്കും അവര്‍. അധികാരി വര്‍ഗ്ഗ(അസ്വഹാബു ദ്ദൗലഃ)ത്തില്‍ പെട്ട അവരുടെ ഹൃദയങ്ങള്‍ ഇരുമ്പിനോളം പരുക്കവുമായിരിക്കും. ഏറെ ആശ്ചര്യകരമെന്നു പറയട്ടെ, ഐ എസ് സ്വയം തന്നെ പരിചയപ്പെടുത്തുന്നത് തന്നെ ഇസ്‌ലാമിക് സ്റ്റേറ്റ് (ദൗലഃ) എന്നാണ്. ഉടമ്പടികള്‍ ലംഘിക്കുന്നവരും അസത്യം മാത്രം സംസാരിക്കുന്നവരും സ്വന്തം പേരിനോടൊപ്പം പട്ടണങ്ങളുടെ പേര് ചേര്‍ക്കുന്നവരായിരിക്കും അവരെന്നും ഹദീസ് വിശദമാക്കുന്നു. ഐ എസ് ഖലീഫയായ അബൂ ബക്കറുല്‍ ബാഗാദാദിയുടെ പേര് തന്നെ മേല്‍ വാദഗതികള്‍ക്ക് വേഗം പകരുന്നു. ഏറെ വേദനയോടെ കടുത്ത ഭാഷയിലാണ് ഇത്തരക്കാരെപ്പറ്റി നബി(സ്വ) സംസാരിച്ചത്. ഇവരെ കരുതിയിരിക്കാനും ചെറുത്ത് തോല്‍പ്പിക്കാനും അനുശാസിച്ച പ്രവാചകര്‍(സ്വ) ഇങ്ങനെ പ്രഖ്യാപിച്ചു: ' അവര്‍ക്കെതിരെ പോരാടലാണ് ഏറ്റവും ഉത്തമം' . ഇസ്‌ലാമിന്റെ പേരില്‍ ഈ കൊല്ലാക്കൊലകളെല്ലാം നടത്തുകയും ഖുര്‍ആന്‍ അനുധാവനം ചെയ്ത് ജീവിക്കാന്‍ കല്‍പ്പിക്കുകയും ലോകമെമ്പാടും അരാജകത്വം പടര്‍ത്താന്‍ വിശുദ്ധ റമദാനിനെ ഉപയോഗിക്കുകയും ചെയ്യുന്ന ഈ കപടഗതിക്കാരെ കരുതിയിരിക്കാനും വേരോടെ പിഴുതെറിയാനുമാണ് നബി(സ്വ) വളരെ വ്യക്തമായി നിര്‍കര്‍ഷിച്ചിരിക്കുന്നത്. ഐ എസിനും അനുയായികള്‍ക്കും ഇസ്‌ലാം വിരോധികള്‍ക്കും മാത്രമേ ഈ നഗ്നയാഥാര്‍ഥ്യത്തെ നിഷേധിക്കാനൊക്കൂ.

വിവ: മുഹമ്മദ് നാഫിഅ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter