മുസ്‌ലിം വ്യക്തി നിയമം: വേട്ടക്കാരന്റെ ദാഹവും ഇരയുടെ ദൈന്യതയും
അല്‍പജ്ഞാനികള്‍ എന്നും ചോദ്യം ചെയ്യുകയും മനസ്സിലാക്കിയവര്‍ ആവേശത്തോടെ ഉയര്‍ത്തിക്കാണിക്കുകയും ചെയ്ത ചരിത്രമാണ് എന്നും ഇസ്‌ലാമിക നിയമ വ്യവസ്ഥക്കുള്ളത്. ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രത്യേകിച്ചും. മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട് എന്തു ആരോപണങ്ങള്‍ ഉയരുമ്പോഴും അതിന് ഇസ്‌ലാമിക ശരീഅത്തിനെ പ്രതിവല്‍കരിക്കുകയും മത നേതാക്കളെ ചീത്തവിളിക്കുകയും ചെയ്യുന്ന ഒരു പ്രവണത ഇന്ന് നിലവിലുണ്ട്. സെക്യുലറിസത്തിന്റെ മേല്‍പുട ധരിച്ച മൂവ്‌മെന്റ്ുകളുടെയും മതനിരാസത്തിന്റെ കണ്ണട വെച്ച നായകന്മാരുടെയും ചിന്താപരിസരത്തുനിന്നും രൂപമെടുത്ത ഒരു സംഗതിയായിരിക്കണം ഇത്. ഇന്ന് ലോകത്ത് ഉത്തമങ്ങളായി ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സര്‍വ്വ നിയമ വ്യവസ്ഥകളും മനുഷ്യ നിര്‍മിതമായതുകൊണ്ടുതന്നെ ഏറെ പരിമിതികളുള്ളതും ഏതെങ്കിലും പ്രത്യേകം സംസ്‌കാരങ്ങളെയും ചിന്താഗതികളെയും ഉപജീവിച്ച് രൂപമെടുത്തവയുമാണ്. ആയതുകൊണ്ടുതന്നെ, ആധുനികതയുടെ ലിബറല്‍ സംവിധാനങ്ങളോട് അനുരൂപമായി പ്രതികരിക്കുംവിധമായിരിക്കും അവയുടെ കിടപ്പ്. എല്ലാ അര്‍ത്ഥത്തിലും ആധുനികതയുടെ പ്രണേതാക്കളെ സന്തോഷിപ്പിക്കുകയും അനുധാവനം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതായിരിക്കും അത്. എന്നാല്‍, പല നിലക്കും സംസ്‌കാരം, നന്മ തുടങ്ങിയ മൗലിക മൂല്യ സങ്കല്‍പങ്ങളില്‍നിന്നും മുക്തമായിട്ടാണ് അവയില്‍ പലതിന്റെയും ആശയ തലങ്ങള്‍ കാണാനാവുന്നത്.
ഈയൊരു ബിന്ദുവിലാണ് ഇസ്‌ലാമിക ശരീഅത്തും മറ്റു നിയമ വ്യവസ്ഥകളും ഭിന്നമാകുന്നത്. മുല്യം എന്ന ആശയത്തിന് ഖുര്‍ആനികമായി ഒരു നിര്‍വചനമുണ്ട്. അതിനൊത്തു വരുന്ന കാര്യങ്ങളായിരിക്കും മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അഭികാമ്യമായിട്ടുണ്ടാവുക. എന്നാല്‍, നിലവിലെ വിവിധ മതങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പരിസരത്തില്‍ അന്വേഷിക്കുമ്പോള്‍ ഈ ആശയം ആപേക്ഷികമാണ്. ഓരോ മതങ്ങളും പ്രസ്ഥാനങ്ങളും നല്ലതായി കാണുന്നതില്‍ ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് അത്ര മേന്മ ഉണ്ടായിക്കൊള്ളണമെന്നില്ല. ക്രൈസ്തവര്‍ക്ക് വൈന്‍ പുണ്യമെങ്കില്‍ മുസ്‌ലിംകള്‍ക്ക് അത് നിഷിദ്ധമാണ് എന്നത് ഉദാഹരണം. അതുകൊണ്ടുതന്നെ, ഏതെങ്കിലുമൊരു ആശയതലത്തെ ഉയര്‍ത്തിക്കാട്ടി ഇതര നിയമ സംവിധാനങ്ങളുടെ ന്മയും തിന്മയും ചോദ്യം ചെയ്യുകയോ അവക്കെതിരെ അധിക്ഷേപങ്ങള്‍ അഴിച്ചുവിടുകയോ ചെയ്യുന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരിക്കലും സാധ്യമല്ല. മത നിയമങ്ങള്‍പ്പുറം അധര്‍മത്തിന്റെയും അരാജകത്വത്തിന്റെയും വഴികള്‍ പിന്തുടരുമ്പോള്‍ മാത്രമേ അതിനെ നിരൂപണവിധേയമാക്കാന്‍ നിര്‍വാഹമുള്ളൂ.
പക്ഷെ, ഇത്തരം പൊതു നിയമങ്ങള്‍ക്കെല്ലാം അപ്പുറത്ത് വ്യക്തികളുമായും സമൂഹവുമായും ബന്ധപ്പെട്ട ഇസ്‌ലാമിന്റെ മാത്രം നിയമങ്ങളെ ഉയര്‍ത്തിക്കാട്ടി മതത്തെ താറടിക്കാനും മുസ്‌ലിംകളെ കൊച്ചാക്കാനും നിരന്തരമായി പലരും ധൃഷ്ഠരാകുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. ഈ കാമ്പയിന് ഭരണകൂടവും മീഡിയകളുംകൂടി കൊടിപിടിക്കുമ്പോള്‍ എന്നും ചര്‍ച്ച ചെയ്യപ്പെട്ട ഇസ്‌ലാമിക നിയമ വ്യവസ്ഥിതി വീണ്ടും ചര്‍ച്ചാബിന്ദുവാകുകയാണ്. ബഹുഭാര്യത്വം മുതല്‍ ഇസ്‌ലാമിന്റെ ശിക്ഷാനിയമവും സ്ത്രീകളുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും വീണ്ടും വീണ്ടും ചര്‍ച്ചകള്‍ക്കെത്തുന്നു. ഇസ്‌ലാമിന്റെ ശത്രുക്കള്‍ എന്നോ തുടങ്ങിവെച്ച, ഓറിയന്റലിസ്റ്റുകള്‍ ഏറ്റുപിടിച്ച ഇത്തരം ആരോപണങ്ങള്‍ ചര്‍വിത ചര്‍വണം ചെയ്യപ്പെട്ടതും വ്യക്തവും തെളിമയുള്ളതുമായ ഉത്തരങ്ങള്‍ പലതവണ നല്‍കപ്പെട്ടവയുമാണ്. മുസ്‌ലിം പണ്ഡിതന്മാര്‍ മാത്രമല്ല, ഇസ്‌ലാമിനെക്കുറിച്ച് നിഷ്പക്ഷമായി പഠിക്കാന്‍ മുന്നോട്ടു വന്നവരും ഇസ്‌ലാമിന്റെ നിയമവ്യവസ്ഥിതിയെ മുക്തകണ്ഠം പ്രശംസിച്ചതായി കാണാം. ഇസ്‌ലാമിന്റെ ഭാസുരമായ സാമൂഹിക നിയമങ്ങളിലും സുരക്ഷിതത്വം നല്‍കുന്ന സ്ത്രീ നിയമങ്ങളിലും ആകൃഷ്ടരായി പാശ്ചാത്യന്‍ നാടുകളില്‍നിന്നു മാത്രമല്ല, ഇന്ത്യയില്‍നിന്നു പോലും പ്രമുഖരായ പലരും ഇസ്‌ലാമിലേക്കു കടന്നുവന്നത് പ്രസിദ്ധമാണല്ലോ. എന്നാലും നേരിനെ വികലമാക്കാനും മൂല്യങ്ങളെ പാശ്ചാത്യന്‍ ദര്‍പ്പണത്തില്‍ കാണാനുമാണ് ഇന്ന് പലരും കൊതിക്കുന്നത്.
ഇത് ഒരു വശം മാത്രം. ഇന്ത്യയുടെ വര്‍ത്തമാന പരിസരത്തില്‍ നടക്കുന്നത് ഏറെ ഭീകരമായ മറ്റൊന്നാണ്. ഇസ്‌ലാമിക ശരീഅത്തിനെ പൊതു സമൂഹത്തിലിട്ട് പച്ചക്ക് ചര്‍ച്ച ചെയ്യുകയും അതുവഴി ആളുകളുടെ മനസ്സില്‍ സംശങ്കകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുകയും ചെയ്യുകയെന്ന ചിലരുടെ ആസൂത്രിതമായ ശ്രമം. ഏകസിവില്‍കോഡ് എന്ന ഇന്ത്യയുടെ മതേതര സങ്കല്‍പത്തെത്തന്നെ വെല്ലുന്ന ഒരാശയമാണ് അവര്‍ ഇതിലൂടെ സ്വപ്‌നം കാണുന്നത്. ഇസ്‌ലാമിന്റെ നിയമ സംഹിതകള്‍ രാജ്യത്തിന്റെ യശസ്സിന് ഹാനികരമാണെന്നു വരുത്തിത്തീര്‍ക്കാന്‍ അവര്‍ ആവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. അതിനുവേണ്ടി നിയമത്തെയും നിയമജ്ഞരെയും വാടകയെടുക്കുന്നു. എന്നാല്‍, ഭരണഘടന ഇവിടെ ഓരോ മതത്തിനും നിര്‍ണയിച്ചുനല്‍കിയ സ്വാതന്ത്ര്യവും അവകാശങ്ങളും അവര്‍ മന:പൂര്‍വം വിസ്മരിച്ചുകളയുകയാണ്. ഇതിന്റെ അലയൊലികളാണ് നാം ഇന്ന് കേള്‍ക്കുന്നത്. മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, വിശിഷ്യാ, ബഹുഭാര്യത്വത്തിലും വിവാഹമോചനത്തിലും ഇടപെടാന്‍ പോലും ഭരണകൂടവും കോടതിയും ധൈര്യം കാണിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമായി അതിനെതിരെ ശബ്ദങ്ങളുയര്‍ത്തിക്കൊണ്ടുവരാന്‍ പാടുപെടുന്നു. ജസ്റ്റിസ് കമാല്‍ പാഷയുടെ അബദ്ധ പ്രസ്താവന ഈയൊരു പശ്ചാത്തലത്തില്‍ വേണം വായിക്കാന്‍. പുരുഷന്മാര്‍ക്ക് നാലു സ്ത്രീകളാകാമെങ്കില്‍ ഒരു സ്ത്രീക്ക് എന്തുകൊണ്ട് നാലു പുരുഷന്മാരായിക്കൂടായെന്ന അദ്ദേഹത്തിന്റെ ചോദ്യം അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ബോധമില്ലാഞ്ഞിട്ടല്ല. അദ്ദേഹത്തിന്റെ തന്നെ മധുരപ്പാതിക്ക് വേറെ മൂന്നാള്‍കൂടി വിഹിതം വെപ്പിന് കൂടെയുണ്ടാവല്‍ അദ്ദേഹം ഇഷ്ടപ്പെടാനും ഇടയില്ല. പിന്നെ, എന്തുകൊണ്ട് ഇത് സംഭവിക്കുന്നുവെന്ന് ചോദിച്ചാല്‍ അധികാരത്തിലിരിക്കുന്ന ചിലരുടെ നാവായി ഉത്തരവാദപ്പെട്ട ചിലര്‍ മാറുന്നുവെന്നതാണ് സത്യം. മറ്റൊരു നിലക്ക്, ഇസ്‌ലാമെന്ന ഇരക്കെതിരെ ശത്രുക്കള്‍ ഐക്യപ്പെടുന്നുവെന്നുവേണമെങ്കിലും പറയാം. ഇത് എക്കാലത്തും നടന്ന സംഭവങ്ങളാണ്.
ഈയൊരു നാടകത്തിന്റെ അവസാന സീനുകളിലൊന്നെന്നോണം ആഘോഷ നൃത്തം ചവിട്ടുകയായിരുന്നു മാതൃഭൂമി തന്തയില്ലാത്ത ഒരു കുറിപ്പിലൂടെ. ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന ഉമ്മാക്കി കാട്ടി നടന്നുവരുന്ന ചര്‍ച്ചകള്‍ക്ക് കുറച്ചുകൂടി എരിവും പുളിയും ചേര്‍ക്കുകയെന്നതായിരിക്കണം പത്രത്തിന്റെ പിന്നണിക്കാര്‍ ഇതിലൂടെ സ്വപ്‌നം കണ്ടത്. പ്രവാചകന്റെ തന്നെ ജീവിത വിശുദ്ധിയെ ചോദ്യം ചെയ്യുകവഴി ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ച ചര്‍ച്ചകളുടെ പ്രസക്തിതന്നെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു ഇത്. വിശ്വാസികളില്‍നിന്നും ശക്തമായ പ്രതിഷേധമമുയര്‍ന്നപ്പോള്‍ പറ്റിപ്പോയ അബദ്ധമെന്നു പറഞ്ഞ് മാപ്പ് പറഞ്ഞെങ്കിലും പത്രം കാലങ്ങളായി തുടര്‍ന്നുവരുന്ന മുസ്‌ലിം വിരുദ്ധ നീക്കങ്ങളില്‍ ഒന്നായി മാത്രമേ ബുദ്ധിയുള്ളവര്‍ക്ക് ഇത് വിലയിരുത്താനാവൂ. മഖ്ബറക്കു മുകളില്‍ പാറിയ പച്ചക്കൊടിയെ പാക്കിസ്താനി പതാകയാക്കിയും തെരുവില്‍ തൊപ്പി വിറ്റുനടന്ന ഇതര സംസ്ഥാന തൊഴിലാളിയെ പാകിസ്താനി ചാരനാക്കിയും ജീവിതത്തിന്റെ അര്‍ത്ഥവും അനുഭൂതിയും കാണിച്ചുകൊടുക്കാനായി കുട്ടികളെ ഇതര സംസ്ഥാനങ്ങളില്‍നിന്നും കൊണ്ടുവന്നതിനെ മനുഷ്യക്കടത്തായും ചിത്രീകരിക്കാന്‍ അമിതാവേശം കാട്ടിയ പത്രം ഈയൊരു വിഷയത്തില്‍ മാത്രം കുമ്പസാരം നടത്തിയത് ആത്മാര്‍ത്ഥ കൊണ്ടല്ല; ഇടിയുന്ന 'ലൈകി'നെയും തകരുന്ന മാര്‍ക്കറ്റിനെയും പിടിച്ചുനിര്‍ത്താന്‍ വേണ്ടിമാത്രമായിരുന്നുവെന്നത് പകല്‍വെളിച്ചംപോലെ ആര്‍ക്കും അറിയാവുന്നതാണ്.
ഇസ്‌ലാമിക ശരീഅത്തും മുസ്‌ലിം സ്ത്രീയും ചര്‍ച്ചയാകുമ്പോള്‍ എടുത്തുചാടാന്‍ കാത്തിരിക്കുകയാണ് ഇവിടത്തെ സംഘി മയമുള്ള എല്ലാ പത്രങ്ങളും ചാനലുകളുമെന്നതാണ് പരസ്യമായ രഹസ്യം. ആത്മവിചാരണ പോലും നടത്താതെയാണ് ഇത്തരം അവസരങ്ങള്‍ മുതലെടുക്കാന്‍ ഓരോരുത്തരും മുന്നോട്ടുവരുന്നത്. രാജ്യം പിറന്ന് അറുപത് വര്‍ഷം കഴിഞ്ഞിട്ടും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലൊന്നും പുരുഷാനുപാതത്തില്‍തന്നെ തങ്ങളുടെ സമുദായത്തില്‍ പെട്ട സ്ത്രീകളും അവരോധിക്കപ്പെട്ടിട്ടില്ലായെന്ന തികഞ്ഞ ബോധ്യം ഉള്ളതോടെത്തന്നെയാണ് ശരീഅത്തിനെതിരെയുള്ള അവരുടെ ഉറഞ്ഞുതുള്ളല്‍. മതത്തിന്റെ സാധ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന ഇടതു പാര്‍ട്ടികള്‍ പിറന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതിന്റെ പിബിയില്‍ ഒരു സ്ത്രീ സാന്നിധ്യമുണ്ടായത് ഈയടുത്താണെന്നത് ആര്‍ക്കാണ് അറിയാത്തത്? ഇവിടത്തെ ഏതു സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചരിത്രവും വര്‍ത്തമാനവുമെടുത്തു പരിശോധിച്ചാലും ഇക്കാര്യം സുതരാം വ്യക്തമാകും. പുരുഷാധിപത്യം എന്നത് മുസ്‌ലിംകളുടെ നേരെ മാത്രം ഓങ്ങുന്ന ആയുധമല്ലെന്നതും എല്ലാവരുടെയും ചരിത്രവും വര്‍ത്തമാനവും സാക്ഷി പറയുന്ന പ്രകൃതി നിയമമാണെന്നതും ഇവിടെ എല്ലാവരും തിരിച്ചറിയുന്നത് നന്ന്. മുപ്പതോളം സ്ഥാനാര്‍ത്ഥികളെയെങ്കിലും ഗോദയിലിറക്കുന്ന ഇവിടത്തെ ഇടതു-വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍പോലും സ്ത്രീകളില്‍നിന്നും രണ്ടോ മൂന്നോ പേരെ മാത്രം മുന്നോട്ടു വെക്കാന്‍ കാരണം അവരെല്ലാം സ്ത്രീ വിരുദ്ധരായതു കൊണ്ടോണോ? ഒരിക്കലും ഉറക്കെ ചോദിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണിവ.
ചുരുക്കത്തില്‍, ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ച് പൊതുജന മതിപ്പ് ഇല്ലാതാക്കാനും അതിനെ വികൃതമായി അവതരിപ്പിക്കുകവഴി സമൂഹ മധ്യത്തില്‍ ഇകഴ്ത്തി കാട്ടാനുമാണ് സംഘ്പരിവാര്‍ അടക്കമുള്ള വര്‍ഗീയ ശക്തികള്‍ ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനായി ഭരണകൂടത്തെയും നിയമജ്ഞരെയും മാധ്യമങ്ങളെയും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ സമുന്നത സിദ്ധാന്തങ്ങളിലൊന്നായ മതേതരത്വമെന്ന ആശയത്തെ പോലും കാറ്റില്‍ പറത്തുന്നതാണ് ഇത്തരം പുകച്ചുരുളുകളെന്ന് രാജ്യത്തെ സ്‌നേഹിക്കുന്നവരും മസ്തിഷ്‌കമുള്ള ഭരണാധികാരികളും മനസ്സിലാക്കേണ്ടതുണ്ട്. ഓരോ മതത്തിനും അവരുടെ നിയമവും നിലപാടുകളുമുണ്ട്. അവ അനുശാസിക്കുംവിധം ജീവിക്കല്‍ അവരുടെ അവകാശമാണ്. ഭരണഘടനയും അത് വകവെച്ചുനല്‍കുന്നു. മുസ്‌ലിംകള്‍ക്കുമുണ്ട് ഇത്തരം നിയമങ്ങളും നിലപാടുകളും. ശരീഅത്ത് നിയമമായി ഇവിടെ അനുവര്‍ത്തിക്കപ്പെടുന്നത് ആ നിയമങ്ങളാണ്. മുസ്‌ലിം വ്യക്തി നിയമവും ശരീഅത്തിന്റെ അടിസ്ഥാനത്തില്‍തന്നെയാണ് ഉണ്ടാവേണ്ടത്. മുസ്‌ലിംകളുടെ വര്‍ത്തമാന 'അവസ്ഥ'യില്‍ മനം നൊന്ത് ആരെങ്കിലും മുതലക്കണ്ണീരൊഴുക്കിയതുകൊണ്ട് മാറ്റിയെഴുതാവുന്നതല്ല അത്. കാരണം ഇസ്‌ലാമിക നിയമ വ്യവസ്ഥയുടെ ഉപജ്ഞാതാവ് അല്ലാഹുവാണ്. ദൈവ പ്രോക്ത മതമെന്ന നിലക്ക് അവന്റെ നിശ്ചയങ്ങളാണ് ഇസ്‌ലാമിക നിയമാവലിയുടെ അടിസ്ഥാന മാനദണ്ഡം. ആയതിനാല്‍, ആധുനിക ലിബറല്‍ നിയമങ്ങളുടെ മേന്മ നിര്‍ണയിക്കുന്ന മാനദണ്ഡങ്ങളുപയോഗിച്ച് ഇസ്‌ലാമിക ശരീഅത്തിന്റെ യുക്തിയും മേന്മയും അളന്നെടുക്കുക സാധ്യമല്ലതന്നെ!



Leave A Comment