ശരീഅത്തും ഏക സിവില്‍കോഡും: വിവാദങ്ങളിലെ വസ്തുതയെന്ത്?
i-6“Comment is free, but facts are sacred’’C.P. Scott പ്രശസ്ത ഇംഗ്ലീഷ് പത്രമായ ഗാര്‍ഡിയന്റെ 50 ാം വാര്‍ഷികം ആഘോഷിച്ച അവസരത്തില്‍, 1921 ല്‍ ആ പത്രത്തിന്റെ സ്ഥാപകനും ലിബറല്‍ രാഷ്ട്രതന്ത്രജ്ഞനുമായ സി.പി സ്‌കോട്ടാണ് മേല്‍പറഞ്ഞ നിരീക്ഷണം നടത്തിയത്. ഏത് പൊതു സംവാദത്തിലും പാലിക്കേണ്ട ഒരു സുവര്‍ണ നിയമമാണ് ഇത്. വസ്തുതകള്‍ മനസ്സിലാക്കി വേണം സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍. വാദങ്ങള്‍ക്ക് വേണ്ടി വസ്തുതകളെ നിരത്തുകയല്ല; മറിച്ച് വസ്തുനിഷ്ഠവും സത്യസന്ധവുമായ വാദങ്ങള്‍ ഉത്തമ വിശ്വാസത്തോടെ അവതരിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇപ്പോള്‍ മുസ്്‌ലിം വ്യക്തി നിയമത്തെയും ഏക സിവില്‍കോഡിനെയും കുറിച്ചുള്ള സംവാദം ഏറെയും വൈകാരികമാണ്. വസ്തുനിഷ്ഠമല്ല. ആദ്യം വസ്തുതകളും സാങ്കേതിക സംജ്ഞകളും അവയുടെ യഥാര്‍ഥ പരിപ്രേക്ഷ്യത്തില്‍ മനസിലാക്കാന്‍ ശ്രമിക്കാം. പിന്നെയാകട്ടെ സംവാദവും വിവാദവും. എന്താണ് നിയമം? ഏതൊക്കെയാണ് അതിന്റെ ഉറവിടങ്ങള്‍? എന്തുകൊണ്ടാണ് നിയമം അനുസരിക്കപ്പെടുന്നത്? ഇവ നിയമശാസ്ത്രത്തിലെ (ജൂറിസ് പ്രൂഡന്‍സ്) നിതാന്തമായ പ്രശ്‌നങ്ങളാണ്. ഇവയ്ക്ക് സമഗ്രമായ ഒരു ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. പല നിയമശാസ്ത്ര ചിന്താധാരകളും വ്യത്യസ്തമായ സിദ്ധാന്തങ്ങളാണ് ഇവയെ സംബന്ധിച്ച് മുന്നോട്ട് വക്കുന്നത്. ഏതെങ്കിലും ഒരു ചിന്താധാര മാത്രമാണ് ശരി എന്ന വാദം മറ്റു സാമൂഹ്യ ശാസ്ത്ര ചിന്തകളിലേതുപോലെ നിയമചിന്തയിലും ശരിയല്ല. ഓരോ ചിന്താധാരയും നിയമശാസ്ത്രത്തിലെ ഈ നിതാന്ത പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതില്‍ അവയുടേതായ ഉള്‍കാഴ്ച നല്‍കുന്നുമുണ്ട്. ഏക സിവില്‍കോഡിനെയും മുസ്്‌ലിം വ്യക്തി നിയമത്തെയും സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് നിയമചിന്താധാരകളെ പറ്റി സാമാന്യമായി അറിയുന്നത് ഇത് സംബന്ധമായി ഒരു വലിയ ചക്രവാളം ലഭിക്കാന്‍ സഹായകമാണ്. പ്രകൃതി നിയമ ചിന്താധാര (നാച്യുറല്‍ ലോ സ്‌കൂള്‍), പോസിറ്റീവ ിസ്റ്റ് നിയമ ചിന്താധാര, ചരിത്ര നിയമ ചിന്താധാര (ഹിസ്‌റ്റോറിക്കല്‍ സ്‌കൂള്‍) എന്നിവയാണവ. കാലദേശാതീതമായ സാര്‍വലൗകികവും സാര്‍വകാലീകവുമായ ചില അടിസ്ഥാന നിയമതത്വങ്ങളും നീതി ദര്‍ശനവും ഉണ്ട് എന്നതാണ് പ്രകൃതിനിയമവാദത്തിന്റെ രത്‌നചുരുക്കം. പുരാതന ഗ്രീക്കോ- റോമന്‍ നിയമചിന്ത മുതല്‍ സമകാലീന നിയമചിന്ത യില്‍ വരെ പ്രകൃതി നിയമത്തിനു പ്രസക്തിയുണ്ട്. സാര്‍വലൗകികമായ മൂല്യങ്ങളില്‍നിന്ന് മനുഷ്യന്‍ നിര്‍ദ്ദാരണം ചെയ്‌തെടുക്കുന്ന തത്വങ്ങളാണ് നിയമം എന്നതാണ് പ്രകൃതി നിയമവാദത്തിന്റെ കാഴ്ചപ്പാട്. മനുഷ്യന്റെ യുക്തിയാണ് ഈ നിയമനിര്‍ദ്ദാരണത്തിന്റെ മാധ്യമം. ”നിയമം തിന്മകളുടെ പരിഷ്‌കര്‍ത്താവും നന്മകള്‍ക്ക് ഉത്തേജനവും ആയിരിക്കണം.” (Law is ought to be reformer vices and an incentive for virtue-) എന്നാണ് റോമന്‍ ചിന്തകനായ മാര്‍ക്കസ് ടള്ളിയസ് സിസറോ അഭിപ്രായപ്പെട്ടത്. പ്ലാറ്റോയും അരിസ്‌റ്റോട്ടിലും മുന്നോട്ടുവച്ച ദര്‍ശനങ്ങളുടെ സ്വാധീനം സിസറോയുടെ ചിന്തയില്‍ ദര്‍ശനീയമാണ്. മധ്യകാലത്ത് സെന്റ് തോമസ് അക്വിനാസ് കൃസ്ത്യന്‍ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ പ്രകൃതി നിയമവാദത്തിനെ പുനര്‍വ്യാഖ്യാനം ചെയ്യുകയുണ്ടായി. ‘ദൈവത്തിന്റെ നിത്യ നിയമത്തില്‍ മനുഷ്യന്റെ പങ്കെടുപ്പ്’ എന്നാണ് മനുഷ്യ നിയമത്തെ അക്വിനാസ് വ്യാഖ്യാനിച്ചത്. അനശ്വര നിയമം (Lex eterna-) ദൈവ നിയമം (Lex Divina-) മനുഷ്യ നിയമം (Lex Humana-) എന്നിങ്ങനെ നിയമത്തെ മൂന്നായി പകുത്തു അക്വിനാസ്. പ്രകൃതി, തൂണിലും തുരുമ്പിലും പരമാണുവിലും ആകാശഗംഗയിലും പരിപാലിക്കുന്ന നിയമമാണ് അനശ്വര നിയമം അഥവാ ലെക്‌സ് എറ്റേര്‍ണ. ദൈവം മനുഷ്യര്‍ക്ക് വെളിപാടിലൂടെ നല്‍കുന്ന നിയമമാണ് ദൈവിക നിയമം അഥവാ ലെക്‌സ് ഡിവൈന. മനുഷ്യന്‍, സാര്‍വ ലൗകിക മൂല്യങ്ങളില്‍നിന്നും തത്വങ്ങളില്‍നിന്ന് തന്റെ യുക്തി ഉപയോഗിച്ച് നിര്‍ദ്ദാരണം ചെയ്‌തെടുക്കുന്നതാണ് മനുഷ്യ നിയമം അഥവാ ലെക്‌സ് ഹ്യൂമന. ഈ ചിന്താധാരയ്ക്ക് ഇസ്്‌ലാമിന്റെ നിയമദര്‍ശനവുമായി ഏറെ സാമ്യമുണ്ട്. ഖുര്‍ആനും ഹദീസും അക്വിനാസിന്റെ ലെക്‌സ് ഡിവൈനയുമായി സാമ്യം പ്രാപിക്കുമ്പോള്‍ ഇസ്്‌ലാമിലെ മറ്റു നിയമ ഉറവിടങ്ങളായ ഇജ്മാഅ്, ഖിയാസ് എന്നിവ ലെക്‌സ് ഹ്യൂമാനയുമായി അടുത്തു നില്‍ക്കുന്നു. ജോണ്‍ ലോക്ക്, പ്രകൃതി നിയമവാദത്തിനു നല്‍കിയ സംഭാവന അവിസ്മരണീയമാണ്. ഇംഗ്ലണ്ടിലെ പാര്‍ലമെന്റും രാജാവും തമ്മിലുണ്ടായ അധികാര തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ജോണ്‍ ലോക്ക് തന്റെ സാമൂഹ്യ കരാര്‍ (സോഷ്യല്‍ കോണ്‍ട്രാക്ട്) സിദ്ധാന്തം വികസിപ്പിച്ചെടുത്തത്. സ്റ്റേറ്റ് അഥവാ രാഷ്ട്രം ഉണ്ടാകുന്നതിനു മുന്‍പുതന്നെ ഒരു പ്രകൃതി നിയമം (ലോ ഓഫ് നാച്ചര്‍) ഉണ്ടായിരുന്നുവെന്നതാണ് ലോക്കിയന്‍ സോഷ്യല്‍ കോണ്‍ട്രാക്ടിന്റെ ആദ്യ ദാര്‍ശനിക പശ്ചാത്തലം. ഈ പ്രകൃതി നിയമം അനുസരിച്ച് മനുഷ്യന് ദൈവം ചില ജൈവികമായ അവകാശങ്ങള്‍ നല്‍കിയിരുന്നു. ഈ അവകാശങ്ങളെ സംരക്ഷിക്കാനും വികസിപ്പിക്കാനുമാണ് മനുഷ്യര്‍ സ്റ്റേറ്റിനെ സൃഷ്ടിച്ചത്. സ്റ്റേറ്റ് ഈ അവകാശങ്ങളെ അന്യായമായി ഹനിച്ചാല്‍ ജനങ്ങള്‍ക്ക് ആ ഭരണകൂടത്തെ നീക്കം ചെയ്യാനോ പരിവര്‍ത്തിപ്പിക്കാനോ ഉള്ള അധികാരമുണ്ട്. ഇതാണ് ലോക്കിയന്‍ സാമൂഹ്യ കരാര്‍ സിദ്ധാന്തത്തിന്റെ ഉള്‍ക്കാമ്പ്. പ്രകൃതി നിയമജന്യമായ അടിസ്ഥാന അവകാശങ്ങള്‍, ലോക്കിന്റെ അഭിപ്രായത്തില്‍ ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത് (Life, Liberty, Property) എന്നിവയാണ്. അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ ലോക്കിയന്‍ സാമൂഹ്യ കരാറിന്റെ സ്വാധീനം വ്യക്തമാണ്. “We holf these truths to be self evident that all men are created equal and that they are endowed by their creator with some a unalienable rights, among these are life, liberty and persnit of happiness and that whenever any form of government becomes destructive of these ends, it is their right to alter are abolish it”. (ഞങ്ങള്‍ താഴെ പറയുന്ന സത്യങ്ങള്‍ സ്വയം സിദ്ധമായി പ്രഖ്യാപിക്കുന്നു- എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; അവര്‍ക്കെല്ലാം അവരുടെ സ്രഷ്ടാവ് ചില അന്യാധീനപ്പെടുത്താനാവാത്ത അവകാശങ്ങള്‍ നല്‍കിയിരിക്കുന്നു; ജീവന്‍, സ്വാതന്ത്ര്യം, സന്തോഷം തേടാനുള്ള അവകാശം എന്നിവയാണ് അവ. എപ്പോഴെങ്കിലും ഏതെങ്കിലും ഭരണകൂടരൂപം അവയെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത്തരം ഭരണകൂടത്തിനെ പരിവര്‍ത്തിപ്പിക്കാനോ ഇല്ലായ്മ ചെയ്യാനോ ഉള്ള അവകാശം അവര്‍ക്കുണ്ട്.) അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ മുഖവുരയില്‍ ഇങ്ങനെ വായിക്കാം. ശരീഅത്ത് പ്രകൃതിനിയമമാണ്‌ i-5രാഷ്ട്രവും നിയമവും രണ്ടല്ല; രാഷ്ട്രം ദൃഷ്ടിഗോചരമായ നിയമവും നിയമം അദൃശ്യമായ രാഷ്ട്രവുമാണ് എന്നാണ് ഓസ്ട്രിയന്‍ നിയമചിന്തകനായ ഹാന്‍സ് കെല്‍സന്‍ പ്രസ്താവിച്ചത്. ആ അര്‍ഥത്തില്‍ ലോക്കിയന്‍ സിദ്ധാന്തമനുസരിച്ചും അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം അനുസരിച്ചും നിയമത്തിന്റെയും രാഷ്ട്രത്തിന്റെയും ലക്ഷ്യം ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത് എന്നിവയുടെ സംരക്ഷണമാണ്. ഇസ്്‌ലാമിക ദര്‍ശനമനുസരിച്ച് മതം, ജീവന്‍, സ്വത്ത്, വംശം, യുക്തി എന്നീ അഞ്ചെണ്ണത്തിന്റെ സംരക്ഷണമാണ് നിയമത്തിന്റെ ലക്ഷ്യങ്ങള്‍ (മഖാസിദു ശരീഅ) വിശദാംശങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പ്രകൃതിനിയമ ചിന്താധാരയും (നാച്വറല്‍ ലോ സ്‌കൂള്‍) ഇസ്്‌ലാമിക നിയമ ദര്‍ശനവും തമ്മില്‍ ഏറെ സാമ്യങ്ങള്‍ ഉണ്ട്. പ്രകൃതി നിയമവാദത്തിനെതിരേ രംഗപ്രവേശനം ചെയ്ത നിയമദര്‍ശനമാണ് പൊസിറ്റീവിസ്റ്റ് നിയമദര്‍ശനം. പ്രകൃതി നിയമചിന്താധാര നിയമം എങ്ങനെയായിരിക്കണം എന്ന പരിപ്രേക്ഷ്യത്തില്‍ ഊന്നല്‍ നല്‍കിയപ്പോള്‍ പോസിറ്റീവിസ്റ്റ് ധാര ‘നിയമം എന്താണ്’ എന്ന പരിപ്രേക്ഷ്യത്തിനാണ് പ്രാധാന്യം നല്‍കിയത്. ഈ ചിന്താധാരയിലെ ഏറ്റവും പ്രശസ്തനായ പ്രയോക്താവായ ജോണ്‍ ഓസ്റ്റിന്‍, നിയമത്തെ വ്യാഖ്യാനിച്ചത് ഇങ്ങനെയാണ്. ” നിയമം എന്നാല്‍ സര്‍വാധികാരിയുടെ ശാസനയാണ്. അതിന്റെ ലംഘനം ദണ്ഡനത്താല്‍ പരിഹരിക്കപ്പെടുന്നു.” സര്‍വാധികാരിയുടെ ശാസനത്തിന്റെ മൂല്യാടിത്തറ, ഓസ്റ്റിയന്‍ ചിന്തയില്‍ അപ്രസക്തമാണ്. ശാസനയ്ക്ക് മേല്‍ അതിന് യാതൊരു നിയന്ത്രണവുമില്ല. അത് ധാര്‍മികമോ, അധാര്‍മികമോ ആകാം. രണ്ടായാലും അതിന്റെ സാധുതയെ അത് ബാധിക്കുകയില്ല. ഇതാണ് പോസിറ്റീവിസ്റ്റ് ചിന്താധാരയുടെ കാഴ്ചപ്പാട്. രണ്ടാംലോക യുദ്ധത്തിനു ശേഷം നാസി ജര്‍മനിയുടെ നേതാക്കന്മാരെ ‘ഹോളോ കോസ്റ്റ്’ അടക്കമുള്ള യുദ്ധക്കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്തു. ന്യൂറംബര്‍ഗ് വിചാരണകള്‍ എന്നാണ് ഇത് അറിയപ്പെട്ടത്. പോസിറ്റീവിസ്റ്റ് നിയമം ചിന്താധാരയുടെ കെടുതികള്‍ ന്യൂറംബര്‍ഗ് വിചാരണകള്‍ പുറത്ത് കൊണ്ടുവന്നു. തങ്ങള്‍ നാസി ജര്‍മനിയില്‍ നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തത് എന്നാണ് പ്രതികള്‍ വാദിച്ചത്. ആ നിയമങ്ങളുടെ ന്യായ-അന്യായങ്ങള്‍ പരിശോധിക്കാന്‍ തങ്ങള്‍ അശക്തരായിരുന്നുവെന്നും അവര്‍ വാദിച്ചു. ഇതാണ് പ്രശസ്തമായ ഹാര്‍ട്ട്- ഫുള്ളര്‍ സംവാദത്തിലേക്ക് നയിച്ചത്. പോസിറ്റീവിസ്റ്റ് ചിന്താധാരയെ പ്രതിനിധീകരിച്ച ഹാര്‍ട്ട്, നിയമം എന്നാല്‍ സ്റ്റേറ്റിന്റെ അഭീഷ്ടമാണ് (ംശഹഹ) എന്ന് വാദിച്ചു. അതിന്റെ നീതിഭദ്രത അപ്രസക്തമാണ് എന്നും ഹാര്‍ട്ട് വാദിച്ചു. ഇതിനെ ഖണ്ഡിച്ച ഫുള്ളര്‍ നിയമം, സര്‍വലൗകികനീതിക്ക് അനുസൃതമായിരിക്കണമെന്നും അതിനാല്‍ തന്നെ നാസി ജര്‍മനിയിലെ പൈശാചിക നിയമങ്ങള്‍ യഥാര്‍ഥത്തില്‍ നിയമമല്ല എന്നും അഭിപ്രായപ്പെട്ടു. ഈ വാദമാണ് ന്യൂറംബര്‍ഗ് വിചാരണ നടത്തിയ ഇന്റര്‍നാഷനല്‍ മിലിറ്ററി ട്രൈബ്യൂണല്‍ അംഗീകരിച്ചത്. ഇതിനു ശേഷം ഐക്യരാഷ്ട്രസഭ 1948 ല്‍ നടത്തിയ സാര്‍വലൗകിക മനുഷ്യാവകാശ പ്രഖ്യാപനം നാച്വറല്‍ ലോ സ്‌കൂളിന്റെ പ്രസക്തിക്ക് അടിവരയിട്ടു. നിയമത്തിന്റെ ഔപചാരികതകള്‍ക്ക് അപ്പുറം നീതിയുടെ ചൈതന്യത്തിനു പ്രാധാന്യം നല്‍കാന്‍ ജര്‍മന്‍ ചിന്തകനായ റുഡോള്‍ഫ് സ്റ്റംലര്‍ ഇതേ കാലത്ത് ഊന്നിപ്പറയുകയുണ്ടായി. ‘ഡ്യൂ പ്രോസസ്’ (Due prossess)എന്ന സങ്കല്‍പം പ്രകൃതി നിയമവാദത്തിന്റെ പ്രായോഗികഭാവമാണ്. വ്യക്തിയുടെ പ്രകൃതിദത്തവും ദൈവദായകവുമായ അവകാശങ്ങളെ ലംഘിക്കുന്ന രാഷ്ട്ര നിര്‍മിത നിയമങ്ങള്‍ക്ക് സാധുതയില്ല എന്നതാണ് ഡ്യൂ പ്രോസസ് ക്ലോസ്. ഈ മാനദണ്ഡം പ്രയോഗിക്കുന്നത് നിയമനിര്‍മാതാക്കളല്ല മറിച്ച് നീതിപീഠങ്ങളാണ്. ‘ജുഡീഷ്യല്‍ റിവ്യൂ’ എന്ന ആശയത്തിന്റെ അടിസ്ഥാനം ഡ്യൂ പ്രോസസ് എന്ന സിദ്ധാന്തമാണ്. 1215 ല്‍ ഒപ്പുവച്ച മാഗ്നകാര്‍ട്ടയില്‍നിന്നാണ് ഡ്യൂ പ്രോസസിന്റെ തുടക്കം. ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത് എന്നീ അടിസ്ഥാന അവകാശങ്ങളെ രാഷ്ട്രത്തിന്റെ തത്വദീക്ഷയില്ലാത്ത ഇടപെടലില്‍നിന്ന് ഡ്യൂ പ്രോസസ് ക്ലോസ് സംരക്ഷിക്കുന്നു. മേനകാഗാന്ധി യൂനിയന്‍ ഓഫ് ഇന്ത്യ കേസിലെ സുപ്രീംകോടതി വിധിക്കു ശേഷം ഇന്ത്യന്‍ ഭരണഘടനാ നിയമത്തിലും ഡ്യൂ പ്രോസസ് ക്ലോസ് അന്തര്‍ലീനമാണ്. പ്രകൃതി നിയമത്തിനു (നാച്വറല്‍ ലോ സ്‌കൂളിനു) നിയമശാസ്ത്രത്തിലും നീതി നിര്‍വഹണത്തിലും ഉള്ള പ്രസക്തിക്ക് ഈ വസ്തുതകള്‍ അടിവരയിടുന്നു. മനുഷ്യനിര്‍മിതമായ നിയമങ്ങള്‍ക്കു മേലെ, ദൈവദത്തവും പ്രകൃതിദത്തവുമായ നീതി സങ്കല്‍പത്തെ ഇത് പ്രതിഷ്ഠിക്കുന്നു. ഇസ്‌ലാമിക നിയമദര്‍ശനത്തിനു ഈ ചിന്താധാരയോട് ഏറെ അടുപ്പമുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇസ്‌ലാമിക ശരീഅത്ത് ഒരു പ്രകൃതിനിയമം (നാച്വറല്‍ ലോ) ആണ്. പ്രകൃതി നിയമ ചിന്താധാര, നിയമനിര്‍മാണത്തിലും നീതിനിര്‍വഹണത്തിലും സാര്‍വലൗകികമായ നീതി തത്വങ്ങള്‍ക്ക് പ്രാധാന്യം കല്‍പിക്കുമ്പോള്‍ ഫ്രഡറിക് വോണ്‍ സാവിഗ്നിയെപോലുള്ള ചരിത്ര ചിന്താധാരയില്‍ (ഹിസ്‌റ്റോറിക്കല്‍ സ്‌കൂള്‍) ഉള്ളവര്‍, നിയമ നിര്‍മാണത്തില്‍ സമൂഹത്തിനുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞു. സമൂഹത്തിന്റെ ആത്മാവില്‍നിന്നാണ് നിയമം ഉണ്ടാകുന്നത് എന്നാണ് സാവിഗ്നി അഭിപ്രായപ്പെട്ടത്. നിയമം, ഭാഷയെപോലെയാണ് എന്നാണ് സാവിഗ്നി വാദിച്ചത്. ഈ രണ്ടു ചിന്താധാരകളും നാച്ചുറല്‍ ലോ സ്‌കൂളും ഹിസ്‌റ്റോറിക്കല്‍ സ്‌കൂളും നിയമനിര്‍മാണത്തില്‍ രാഷ്ട്രത്തിനുള്ള അപ്രമാദിത്വം തള്ളിക്കളഞ്ഞു. ഹാര്‍ട്ട്- ഫുള്ളര്‍ സംവാദത്തില്‍ വെളിപ്പെട്ടതുപോലെ, നിയമനിര്‍മാണത്തിനു രാഷ്ട്രത്തിനു അനിയന്ത്രിതമായ അധികാരം നല്‍കിയാല്‍ അത് വന്‍ദുരന്തത്തിനു കാരണമാകും. ഏക സിവില്‍കോഡിനു വേണ്ടി വാദിക്കുന്നവര്‍, മനുഷ്യ നിര്‍മിതവും രാഷ്ട്രാധിഷ്ടത്തില്‍ നിന്നുണ്ടാകുന്നതുമായ നിയമമാണ് ഉല്‍കൃഷ്ടം എന്നു വിശ്വസിക്കുന്നവരാണ്. അത് അടിസ്ഥാന രഹിതമാണ്. ദൈവദത്തമായ നിയമം അനശ്വരമാണ്; നിത്യ പ്രസക്തമാണ്. സമൂഹത്താല്‍ നിര്‍മിക്കപ്പെടുന്ന നിയമം, സമൂഹത്തിന്റെ ചരിത്രപരമായ പരിണാമത്തില്‍നിന്ന് ഉത്ഭവം കൊള്ളുന്നതാണ്. അതിനു സമൂഹത്തിന്റെ പൊതുജ്ഞാനത്തിന്റെ പിന്‍ബലമുണ്ട്. ശരീഅത്ത് ദൈവദത്തമാണ്. അതിനു സാമൂഹ്യപൊതുജ്ഞാനത്തിന്റെ പിന്‍ബലമുണ്ട്. ഉമര്‍(റ) ഖലീഫയായിരുന്നപ്പോള്‍ സ്ത്രീകളുടെ മഹര്‍ (വിവാഹമൂല്യം) 400 ദിര്‍ഹമായി നിജപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി. സ്ത്രീകള്‍, വലിയ മഹര്‍ ആവശ്യപ്പെട്ടത് കാരണം യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ കഴിഞ്ഞ അവസ്ഥ സംജാതമായപ്പോഴാണ് ഇത്തരം ഒരു ശ്രമം ഉണ്ടായത്. എന്നാല്‍ ഒരു സ്ത്രീ ഉമര്‍(റ)വിന്റെ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തു. ഉമര്‍(റ) തീരുമാനം പിന്‍വലിക്കുകയും ചെയ്തു. ഒരു പ്രത്യേക കാലത്തെ അവസ്ഥക്കനുസരിച്ച് ശരീഅത്തില്‍ മാറ്റം വരുത്തുന്നത് അഭികാമ്യമല്ല എന്ന വസ്തുതക്ക് ഈ സംഭവം അടിവരയിടുന്നു. സ്ത്രീകള്‍ക്ക് അനിയന്ത്രിതമായ മഹര്‍ അനുവദിക്കുക വഴി സ്ത്രീയുടെ മഹത്വവും പദവിയും ഉയര്‍ത്തിപ്പിടിക്കുകയാണ് ശരീഅത്ത് ചെയ്തത്. ഏക സിവല്‍കോഡ് വാദികള്‍ ശരീഅത്തിന്റെ നിതാന്ത പ്രസക്തി മനസ്സിലാക്കട്ടെ. ശരീഅത്തും പാശ്ചാത്യ നിയമ ദര്‍ശനങ്ങളും i-2ഏക സിവില്‍കോഡ് വാദികള്‍ മനസ്സിലാക്കേണ്ട മറ്റൊരു പ്രധാനവസ്തുത, ശരീഅത്ത് എന്ന ഇസ്്‌ലാമികസങ്കേതവും പാശ്ചാത്യനിയമസങ്കല്‍പ്പവും തമ്മിലുള്ള മൗലികവ്യത്യാസമാണ്. പാശ്ചാത്യനിയമസങ്കല്‍പ്പമനുസരിച്ച് ജനങ്ങള്‍ക്കു നിയമനിര്‍മാണത്തില്‍ പരമാധികാരമുണ്ട്. അതിനാലാണ് പാശ്ചാത്യരാജ്യങ്ങളില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമായി മാറിക്കൊണ്ടിരിക്കുന്നത്. ഐസ്്‌ലന്‍ഡിലെ പ്രസിഡന്റായിരുന്ന ജൊഹാന സിഗര്‍ ടൊട്ടോഡിയര്‍ സേവിയര്‍ ബെറ്റല്‍ എന്ന വനിത, മറ്റൊരു വനിതയെ വിവാഹം കഴിച്ചപ്പോഴും സേവ്യര്‍ ബെപ്പറ്റല്‍ എന്ന ലെക്‌സംബര്‍ഗ് പ്രധാനമന്ത്രി മറ്റൊരു പുരുഷനെ വിവാഹം കഴിച്ചപ്പോഴും പാശ്ചാത്യലോകത്ത് അത് ആരുടേയും നെറ്റിചുളിപ്പിച്ചില്ല. ആംഗ്ലിക്കന്‍ സഭ സ്വവര്‍ഗാനുരാഗികളായ ബിഷപ്പുമാരെ നിയമിക്കുകയും വത്തിക്കാന്‍പോലും ഇക്കാര്യം പരിഗണിക്കുകയും ചെയ്തു. എന്നാല്‍, ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ഇത്തരം അനിയന്ത്രിതമായ നിയമനിര്‍മാണം സാധ്യമല്ല. ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് മനുഷ്യര്‍ക്ക് ഇജ്തിഹാദ്, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ചു നിയമം, ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ പ്രാഥമിക ഉറവിടങ്ങളില്‍നിന്നു കണ്ടെത്താം. ഇതു നിയമനിര്‍ദ്ധാരണം (ലോ ഫൈന്‍ഡിങ്) ആണ്; പാശ്ചാത്യരീതിയിലുള്ള നിയമനിര്‍മാണം ( ലോ മെയ്ക്കിങ്) അല്ല. നിയമത്തിന്റെ ഉറവിടത്തെ സംബന്ധിച്ചും പാശ്ചാത്യനിയമസങ്കല്‍പവും ഇസ്്‌ലാമിക ശരീഅത്തും തമ്മില്‍ ഈ മൗലികവ്യത്യാസമുണ്ട്. പാശ്ചാത്യനിയമസങ്കല്‍പ്പത്തില്‍ താഴെ പറയുന്നവയാണു നിയമത്തിന്റെ ഉറവിടങ്ങള്‍: 1. നിയമനിര്‍മാണം അഥവാ ലെജിസ്്‌ലേഷന്‍: നിയമനിര്‍മാണസഭകള്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ ‘സ്റ്റാറ്റിയൂട്ടുകള്‍’ എന്നറിയപ്പെടുന്നു. ഭരണനിര്‍വഹണവിഭാഗം നിര്‍മിക്കുന്ന നിയമങ്ങളായ ഡെലിഗേറ്റഡ് ലെജിസ്്‌ലേഷനുകളെയും ഇതിന്റെ പരിധിയില്‍പ്പെടുത്താം. 2. പ്രീസിഡന്റ്: കോടതികള്‍ നിയമത്തെ വ്യാഖ്യാനിക്കുമ്പോള്‍ രൂപപ്പെടുത്തുന്ന നിയമങ്ങള്‍. ഇവ ‘കേസ് ലോ’എന്നറിയപ്പെടുന്നു. ഇന്ത്യയില്‍ സുപ്രിംകോടതിക്കും ഹൈക്കോടതികള്‍ക്കുമാണ് ഇത്തരം നിയമങ്ങളുണ്ടാക്കാനുള്ള അധികാരം. 3. കീഴ്‌വഴക്കങ്ങളും ആചാരങ്ങളും: ഭരണഘടനാതത്വങ്ങള്‍ക്കു വിരുദ്ധമല്ലാത്ത സാമൂഹികാചാരങ്ങള്‍ക്കു നിയമത്തിന്റേതിനു തുല്യമായ പദവി നല്‍കാറുണ്ട്. ഇസ്്‌ലാമിക ശരീഅത്തിന്റെ ഉറവിടങ്ങള്‍ ഇവയാണ്: 1- ഖുര്‍ആന്‍, 2- ഹദീസ്, 3- ഇജ്മാഅ്, 4- ഖിയാസ്. ഈ രണ്ടു നിയമവ്യവസ്ഥകള്‍ തമ്മിലുള്ള മൗലികവ്യത്യാസത്തിന്റെ അടിസ്ഥാന കാരണം ഉറവിടത്തിലുള്ള ഈ അന്തരംതന്നെയാണ്. ഇസ്്‌ലാമിക ശരീഅത്ത് ക്രോഡീകരിക്കപ്പെടണമെന്ന വാദം കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കമാല്‍പാഷ ഈയിടെ ഉന്നയിക്കുകയുണ്ടായി. ക്രോഡീകരണം (കോഡിഫിക്കേഷന്‍) നിയമത്തിന്റെ വളര്‍ച്ചയുടെ ഉച്ചസ്ഥായിയാണെന്ന വാദം ഹെന്റി മെയ്‌നിനെപ്പോലുള്ള ചിന്തകരും മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍, ഇതു പാശ്ചാത്യനിയമവ്യവസ്ഥയ്ക്കു മാത്രമാണു ബാധകമാവുക. ഇസ്്‌ലാമികവ്യവസ്ഥയുടെ അടിസ്ഥാനസ്വഭാവം അതിന്റെ അക്രോഡീകൃതമായ അവസ്ഥയാണ്. അതാണ് ഇസ്്‌ലാമിക ശരീഅത്തിന് അതിന്റെ വഴക്കം (ഫ്‌ളെക്‌സിബിലിറ്റി) പ്രദാനംചെയ്യുന്നത്. മാലിക് ഇബ്‌നു അനസ്(റ)ന്റെ കാലത്ത് അദ്ദേഹത്തിന്റെ രചനയായ ‘അല്‍മുവത്ത’യെ ഉമവി സാമ്രാജ്യത്തിലെ കോഡായി പ്രഖ്യാപിക്കാന്‍ സുല്‍ത്താന്‍ ശ്രമിച്ചപ്പോള്‍, അദ്ദേഹംതന്നെ അതിനെ എതിര്‍ത്തത് ഇക്കാരണത്താലാണ്. മറ്റു മുസ്്‌ലിം ഭൂരിപക്ഷരാഷ്ട്രങ്ങളില്‍ മുസ്്‌ലിം വ്യക്തിനിയമം ക്രോഡീകരിക്കപ്പെട്ടിരിക്കുന്നുവെന്നത് ഇന്ത്യയില്‍ അങ്ങനെ ചെയ്യണമെന്നതിനു കാരണമല്ല. കാരണം, അത്തരം നിയമനിര്‍മാണങ്ങള്‍ ശരീഅത്തില്‍ പ്രമാണമല്ല. ലോകത്ത് പ്രധാനമായും മൂന്നു നിയമവ്യവസ്ഥകളുണ്ട്. 1- കോമണ്‍ ലോ സിസ്റ്റം 2- കോണ്‍ടിനെന്റല്‍ സിസ്റ്റം 3- ഇസ്്‌ലാമിക് സിസ്റ്റം ബ്രിട്ടനില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥയാണ് കോമണ്‍ ലോ സിസ്റ്റം. ഇന്ത്യയിലെ നിയമവ്യവസ്ഥയില്‍ ഇതിന്റെ സ്വാധീനം ഏറെയാണ്. നിയമനിര്‍മാണത്തേക്കാള്‍ കോടതികള്‍ ഉരുത്തിരിച്ചെടുക്കുന്ന തത്വങ്ങള്‍ക്ക് ഈ സമ്പ്രദായത്തില്‍ പ്രാധാന്യമേറെയാണ്. പുരാതന റോമന്‍ നിയമത്തില്‍നിന്നുണ്ടായ കോണ്‍ടിനന്റല്‍ വ്യവസ്ഥ ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലാണു നിലനില്‍ക്കുന്നത്. ഇതില്‍ പ്രീസിഡന്റിനു വലിയ പ്രാധാന്യം നല്‍കാറില്ല. ഇസ്്‌ലാമിക നിയമവ്യവസ്ഥയാകട്ടെ ഇവ രണ്ടില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. ഏതെങ്കിലും ഒരു വ്യവസ്ഥയ്ക്കു മറ്റു വ്യവസ്ഥയേക്കാള്‍ ഔന്നിത്യം കല്‍പ്പിക്കുന്നതു വസ്തുനിഷ്ഠമല്ല. ഇന്ത്യയില്‍ മൂന്നുവ്യവസ്ഥകളും സഹവര്‍ത്തിക്കുന്ന ബഹുസ്വരനിയമ ആവാസവ്യവസ്ഥയാണ് നിലനില്‍ക്കുന്നത്. കോമണ്‍ ലോ തത്വങ്ങള്‍ നമ്മുടെ സിവില്‍- ക്രിമിനല്‍ നിയമങ്ങളുടെ പ്രതിപാദക നടപടിക്രമ രംഗങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. ഇന്ത്യയിലെ ക്രിമിനല്‍ ജസ്റ്റിസ് രംഗത്തിന്റെ പുനഃക്രമീകരണത്തെപ്പറ്റി പഠിച്ച മളീമഠ് കമ്മിറ്റി കോണ്‍ടിനെന്റല്‍ വ്യവസ്ഥയുടെ ചില നടപടിക്രമങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇസ്‌ലാമിക ശരീഅത്ത് പരിമിതമായ തോതിലെങ്കിലും വ്യക്തിനിയമത്തിന്റെ രൂപത്തില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ഈ ബഹുസ്വരനിയമവ്യവസ്ഥ നിലനിര്‍ത്തുന്നതാണ് അഭിലഷണീയം. രാഷ്ട്രീയ- സാമൂഹിക രംഗങ്ങളില്‍ ബഹുസ്വരവാദങ്ങള്‍ ഏറെ പിന്തുണ നേടുന്ന കാര്യവും പരിഗണിക്കപ്പെടേണ്ടതുണ്ട്. സാമ്പത്തികമേഖലയില്‍ വ്യക്തിസ്വാതന്ത്ര്യത്തിനും സ്വയംനിര്‍ണയത്തിനും നല്‍കുന്ന ലിബര്‍ട്ടേറിയന്‍ നയങ്ങള്‍ പിന്തുടരുന്ന ഭരണകൂടം സാമൂഹിക-സാംസ്‌കാരികരംഗത്തു സമഗ്രാധിപത്യപ്രവണത കാണിക്കുന്നതു വിരോധാഭാസംതന്നെയാണ്. വിവാദങ്ങളുടെ ചരിത്രവഴി i-3ഭരണഘടനാ നിര്‍മാണസഭയില്‍ ഏക സിവില്‍കോഡ് എന്ന ആശയം, അതിന്റെ പ്രസക്തി, സാമൂഹിക പ്രത്യാഘാതം എന്നിവയെപ്പറ്റി ചൂടേറിയ സംവാദം നടന്നിരുന്നു. സഭയിലെ മുസ്‌ലിം അംഗങ്ങള്‍ ഏക സിവില്‍കോഡിനെ അതിശക്തമായി എതിര്‍ത്തു. സഭയ്ക്കകത്തും പുറത്തും വിവാദം ആഞ്ഞടിച്ചു. ഈ ചര്‍ച്ചയില്‍ പ്രധാനമായും മൂന്നു സംവാദവിഭാഗങ്ങളുണ്ടായിരുന്നു. 1- എല്ലാ വ്യക്തിനിയമങ്ങളും പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെട്ട പുരോഗമനവാദികള്‍. ഇവരുടെ ഉദ്ദേശ്യശുദ്ധി അംഗീകരിക്കാവുന്നതാണ്. എന്നാല്‍, അവര്‍ അവരുടെതന്നെ മുന്‍വിധിയുടെ തടവുകാരായിരുന്നു. 2- ശരീഅത്തിനെ മാത്രം വിമര്‍ശനവിധേയമാക്കിയ ഹിന്ദുത്വവാദികള്‍. 3- മുസ്‌ലിം ന്യൂനപക്ഷത്തിന്റെ യുക്തിഭദ്രമായ ആശങ്കകള്‍ പ്രകടിപ്പിച്ച മുസ്‌ലിം നേതാക്കളും ബുദ്ധിജീവികളും. കരടു ഭരണഘടനയില്‍ അനുച്ഛേദം 35 ആയിരുന്നു ഏക സിവില്‍കോഡുമായി ബന്ധപ്പെട്ടത്. ഇതിനു മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് ഇങ്ങനെയൊരു ഉപവകുപ്പ് അവതരിപ്പിക്കുകയുണ്ടായി: ‘ഏതെങ്കിലും ജനവിഭാഗത്തിനു സ്വന്തമായി വ്യക്തിനിയമമുണ്ടെങ്കില്‍ അത്തരം വിഭാഗത്തിനെ അവരുടെ വ്യക്തിനിയമം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കരുത്.’ വ്യക്തിനിയമങ്ങള്‍ ജനങ്ങളുടെ സാംസ്‌കാരികാസ്തിത്വത്തിന്റെ ഭാഗമാണെന്ന് ഇസ്മാഈല്‍ സാഹിബ് വാദിച്ചു. തലമുറകളായി അവര്‍ പിന്തുടരുന്ന ജീവിതമാര്‍ഗത്തിലുള്ള അനാവശ്യമായ ഇടപെടലായിരിക്കും ഏക സിവില്‍കോഡ്. യൂഗോസ്ലാവിയയില്‍ മുസ്‌ലിംകള്‍ക്ക് അവരുടെ കുടുംബനിയമങ്ങള്‍ ശരീഅത്ത് അനുസരിച്ച് ക്രമപ്പെടുത്താനുള്ള അവകാശം നല്‍കിയ ഉദാഹരണം അദ്ദേഹം സഭയുടെ ശ്രദ്ധയില്‍പെടുത്തി. മറ്റു യൂറോപ്യന്‍ ഭരണഘടനകളും ഇത്തരം സംരക്ഷണങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഇസ്മാഈയില്‍ സാഹിബിന്റെ ഭേദഗതി നിര്‍ദേശം അംഗീകരിക്കപ്പെട്ടില്ല. മറ്റൊരു അംഗമായ നസീര്‍ അഹ്മദ് വേറൊരു ഭേദഗതി നിര്‍ദേശിച്ചു: ‘സ്റ്റാറ്റിയൂട്ടുകളാല്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തിനിയമം ബന്ധപ്പെട്ട ജനവിഭാഗത്തിന്റെ (യൂനിയന്‍ പാര്‍ലമെന്റ് നിര്‍ദേശിക്കുന്ന തരത്തില്‍ നേടിയെടുത്ത) അനുമതിയോടെയല്ലാതെ മാറ്റാവുന്നതല്ല.’ ഏക സിവില്‍കോഡ് മുസ്‌ലിംകള്‍ക്കു മാത്രമല്ല, സ്വന്തമായി മതനിയമമുള്ള ഏതു ജനവിഭാഗത്തിനും അസൗകര്യമുണ്ടാക്കും. അതു ഭരണഘടന ഉറപ്പുനല്‍കുന്ന മത- സാംസ്‌കാരിക അവകാശങ്ങള്‍ ലംഘിക്കും. 175 വര്‍ഷകാലത്തെ ബ്രിട്ടിഷ്ഭരണകാലത്തുപോലും മുസ്‌ലിംകളുടെ വിവാഹം, വിവാഹമോചനം, മഹര്‍, ജീവനാംശം, രക്ഷാകര്‍തൃത്വം, അനന്തരാവകാശം, ഒസ്യത്ത്, വഖ്ഫ് തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിംവ്യക്തിനിയമത്തില്‍ കൈകടത്തിയിട്ടില്ലെന്ന കാര്യവും നസീര്‍ അഹ്മദ് ചൂണ്ടിക്കാട്ടി. 175 വര്‍ഷം ബ്രിട്ടിഷുകാര്‍ ചെയ്യാന്‍ ഭയപ്പെട്ട, 500 വര്‍ഷങ്ങളായി മുസ്‌ലിംകള്‍തന്നെ ചെയ്യാന്‍ ശ്രമിക്കാത്ത കാര്യം ചെയ്യാന്‍ സ്റ്റേറ്റിനെ അധികാരപ്പെടുത്തരുതെന്നും നസീര്‍ അഹ്മദ് ആവശ്യപ്പെട്ടു. സഭയിലെ വേറൊരു അംഗമായ മെഹ്ബൂബ് അലി ബെയ്ഗ് നിര്‍ദേശിച്ച ഭേദഗതി ഇങ്ങനെയായിരുന്നു: ‘ഈ അനുച്ഛേദത്തിലുള്ള ഒന്നുംതന്നെ പൗരന്മാരുടെ വ്യക്തിനിയമത്തെ ബാധിക്കുന്നതല്ല.’ അനുച്ഛേദം 35 കുടുംബനിയമം, അനന്തരാവകാശ നിയമം തുടങ്ങിയ സിവില്‍നിയമങ്ങളെ ബാധിക്കില്ലെന്നും സ്വത്തു കൈമാറ്റം, കരാര്‍ നിയമം തുടങ്ങിയ മേഖലകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും വ്യക്തമാക്കാനാണു മെഹ്ബൂബ് അലി ബെയ്ഗിന്റെ ഭേദഗതി ഉദ്ദേശിച്ചത്. പോക്കര്‍ സാഹിബും അനുച്ഛേദം -35 നു ഭേദഗതി നിര്‍ദ്ദേശിച്ചു. അനന്തരാവകാശം, വിവാഹം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രഗവണ്‍മെന്റിനും സംസ്ഥാനഗവണ്‍മെന്റിനും നിയമനിര്‍മാണം നടത്താന്‍ സാധിക്കുന്ന കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്യം പ്രഗത്ഭ ഭരണതന്ത്രജ്ഞനായ ഹുസൈന്‍ ഇമാം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതുതന്നെ ഇക്കാര്യത്തില്‍ ഐക്യരൂപം ഉണ്ടാക്കാന്‍ ഭരണഘടന ഉദ്ദേശിക്കുന്നില്ലെന്ന കാര്യമല്ലേ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. (ഭരണഘടനയുടെ ഷെഡ്യൂള്‍ ഏഴ്, ലിസ്റ്റ് മൂന്ന് കണ്‍കറന്റില്‍ ലിസ്റ്റിന്റെ അഞ്ചാം എന്‍ട്രിയില്‍ താഴെ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു: വിവാഹവും വിവാഹമോചനവും, ദത്ത്, ഒസ്യത്ത്, അനന്തരാവകാശം കൂട്ടുകുടുംബവും സ്വത്ത് വിഭജനവും, ഭരണഘടന നിലവില്‍വരുന്നതിനു മുന്‍പു വ്യക്തിനിയമമനുസരിച്ചു വിധികല്‍പ്പിച്ചിരുന്ന കാര്യങ്ങള്‍) ഏക സിവില്‍കോഡിനെ അനുകൂലിച്ച കെ.എം. മുന്‍ഷി അഭിപ്രായപ്പെട്ടത്, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം, മതേതര രംഗങ്ങളില്‍ സ്റ്റേറ്റിനു നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള അധികാരത്തെ പരിമിതപ്പെടുത്തുന്നില്ലെന്നാണ്. എന്നാല്‍ കുടുംബനിയമങ്ങള്‍ മതത്തിന്റെ പരിധിക്കു പുറത്താണെന്ന മുന്‍ഷിയുടെ വാദം ബാലിശമായിരുന്നു. ‘ഹിന്ദു കോഡ് ബില്‍, മനുവിന്റെയോ യജ്ഞവാല്‍ക്യന്റെയോ തത്വങ്ങള്‍ക്ക് അനുസൃതമല്ല; എങ്കില്‍ എന്തുകൊണ്ട് ശരീഅത്തിന് അനുസൃതമല്ലാത്ത ഒരു വ്യക്തിനിയമം മുസ്്‌ലിംകള്‍ക്കും സ്വീകരിച്ചുകൂട’എന്ന വാദം മുന്‍ഷി ഭരണഘടനാ നിര്‍മാണസഭയില്‍ ഉന്നയിച്ചു. മനുവും യജ്ഞവാല്‍ക്യനും ദൈവമാണെന്നു ഹിന്ദുക്കള്‍ക്കുപോലും വാദമുണ്ടാകില്ല. എന്നാല്‍, ശരീഅത്ത് ദൈവപ്രോക്തമാണെന്ന കാര്യത്തില്‍ മുസ്്‌ലിംകള്‍ക്കു സംശയവുമില്ലെന്ന കാര്യം മുന്‍ഷി മറന്നുപോയി. വ്യക്തിനിയമങ്ങള്‍ മതത്തിന്റെ ഭാഗമാണെന്ന ധാരണ സൃഷ്ടിച്ചതു ബ്രിട്ടിഷുകാരാണെന്നതാണു മുന്‍ഷിയുടെ മറ്റൊരു വാദം. എന്നാല്‍, സഹസ്രാബ്ദങ്ങളായി മുസ്‌ലിംകള്‍ വ്യക്തിനിയമം അവരുടെ മതത്തിന്റെ ഭാഗമായി കണ്ടിരുന്നുവെന്ന വസ്തുത അദ്ദേഹം അറിയാതെ പോയത് ഇസ്്‌ലാമികചരിത്രത്തിലുള്ള പരിചയക്കുറവുകൊണ്ടായിരിക്കാം. ഭരണഘടനാ നിര്‍മാണസഭയിലെ ഇതുസംബന്ധിച്ച ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട് ഡോ. അംബേദ്കര്‍ ഇങ്ങനെ പ്രസ്താവിച്ചു: ”രാഷ്ട്രത്തിന്റെ പരമാധികാരം, അപരിമിതമാണെന്നു വാദിക്കുന്നുവെങ്കിലും യഥാര്‍ഥത്തില്‍ പരിമിതംതന്നെയാണ്. എന്തുകൊണ്ടെന്നാല്‍, അധികാരപ്രയോഗത്തില്‍ പരമാധികാരം വ്യത്യസ്തസമുദായങ്ങളുടെ വികാരങ്ങളുമായി യോജിച്ചുപോകേണ്ടതുണ്ട്. ഒരു ഭരണകൂടവും മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ അധികാരംപ്രയോഗിക്കരുത്. അത്തരത്തില്‍ ഒരു ഭരണകൂടം പ്രവര്‍ത്തിച്ചാല്‍ അതൊരു ഭ്രാന്തന്‍ ഭരണകൂടമായിരിക്കുമെന്നു ഞാന്‍ കരുതുന്നു.” ഏക സിവില്‍കോഡ് നടപ്പാക്കുകയാണെങ്കില്‍ അതു ബന്ധപ്പെട്ടവരുടെ സമ്മതത്തോടുകൂടി മാത്രമായിരിക്കുമെന്ന് അംബേദ്കര്‍ ഉറപ്പുനല്‍കുകയും ചെയ്തു. ഏക സിവില്‍കോഡും ഭരണഘടനയുടെ ആത്മാവും i-4’’Our constitution was made only for a moral and religious people. It is wholly inadaquate to the goverment of any other” John Adams അമേരിക്കന്‍ നിയമജ്ഞനും ഭരണഘടനയുടെ സ്ഥാപക പിതാക്കളില്‍ ഒരാളും രണ്ടാമത്തെ പ്രസിഡന്റുമായ ജോണ്‍ ആഡംസ് അമേരിക്കന്‍ ഭരണഘടനയെപ്പറ്റി പറഞ്ഞ മേല്‍ സൂചിപ്പിച്ച പ്രസ്താവന ഇന്ത്യന്‍ ഭരണഘടനയെ സംബന്ധിച്ചു സത്യമാണ്. ഭരണഘടനയുടെ അടിത്തറ, പ്രകൃതി നിയമവാദം (നാച്വറല്‍ ലോ സ്‌കൂള്‍) മുന്നോട്ടുവയ്ക്കുന്ന സാര്‍വലൗകിക നീതിതത്വങ്ങളാണ്. പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങളായ ലിബറലിസവും സോഷ്യലിസവുമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആശയശ്രേ-തകളെന്ന് പ്രഥമ ദൃഷ്ട്യാ തോന്നാം. എന്നാല്‍, ഒരു സൂക്ഷ്മമായ പരിശോധനയില്‍ ഭരണഘടനയുടെ അന്തസ്സത്തയായ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി എന്നത് ഇസ്‌ലാമിന്റെയും കൂടി രാഷ്ട്രീയ , നൈതിക ആശയമാണെന്ന് കാണാം. നീതി എന്ന തത്വം ഇസ്്‌ലാമിന്റെയും കൂടി രാഷ്ട്രീയ-നൈതിക ആശയമാണ് . ഭരണഘടനയുടെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം (ഘശയലൃ്യേ, ഋൂൗമഹശ്യേ, എൃമലേൃിശ്യേ) എന്ന പീഠികാതത്വങ്ങള്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ കണക്കുപുസ്തകത്തിലാണ് വരവുവയ്ക്കാറ്. എന്നാല്‍, ഇവയെ ആശയതലത്തിലും പ്രായോഗികതലത്തിലും ഇസ്്‌ലാം നൂറ്റാണ്ടുകള്‍ക്കു മുന്‍പേ സാക്ഷാല്‍ക്കരിച്ചിരുന്നു. രാഷ്ട്രതന്ത്രത്തില്‍ എക്കാലത്തും ഒരു നന്മയുടെ ധാരയും തിന്മയുടെ ധാരയും നിലനില്‍ക്കുന്നുണ്ട്. ഇവ തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണ് രാഷ്ട്രമീമാംസയുടെ ചരിത്രം. ഇസ്്‌ലാമും ഇന്ത്യന്‍ ഭരണഘടനയും നന്മയുടെ ധാരയില്‍ നില്‍ക്കുന്നു. മാക്യവെല്ലിയും ഹിറ്റ്‌ലറും ഫാസിസത്തിന്റെ വിവിധ അവതാരങ്ങളും മറുപക്ഷത്ത് തിന്മയുടെ ധാരയെയും പ്രതിനിധീകരിക്കുന്നു. അതിനാല്‍ തന്നെ ഒരേ ജൈവഘടനയുള്ള ഇസ്്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ള മുസ്്‌ലിം വ്യക്തിനിയമത്തിനെ പരിരക്ഷിക്കുക എന്നത് വാസ്തവത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ധര്‍മമാണ്. ജോണ്‍ ആഡംസ് ചൂണ്ടിക്കാട്ടിയതുപോലെ ധര്‍മനിഷ്ഠയുള്ള ഒരു ജനതയ്‌ക്കേ നമ്മുടെ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മഹിതമായ ആശയങ്ങളെ സാക്ഷാല്‍കരിക്കാന്‍ സാധിക്കുകയുള്ളൂ. മതമൂല്യങ്ങളില്‍ ഊന്നിയ വ്യക്തി നിയമങ്ങള്‍ അതിനാല്‍ തന്നെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണഘടനയെ ഒരു ക്ഷേത്രത്തിനോട് ഉപമിച്ചാല്‍ മൗലികാവകാശങ്ങളും നിര്‍ദേശകതത്വങ്ങളും അതിന്റെ ഇരട്ട ഗോപുരങ്ങളാണ്. പീഠിക (ജൃലമായഹല) ആണ് അതിന്റെ ശ്രീകോവില്‍. അതില്‍ പ്രതിഷ്ഠിതമായിരിക്കുന്ന പൂജ വിഗ്രഹമത്രെ നീതി. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയാണ് ഭരണഘടനാ പര്യവേക്ഷണത്തിന്റെ അന്തിമലക്ഷ്യസ്ഥാനമായി നിര്‍ണയിച്ചിട്ടുള്ളത്. ഭരണഘടനയുടെ താത്ത്വിക അടിത്തറയും പ്രാവര്‍ത്തിക സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിലേക്കുള്ള രാജപാത മാത്രമാണ്. ഏണസ്റ്റ് ബാര്‍ക്കര്‍ ചൂണ്ടിക്കാട്ടിയതുപോലെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നീതി എന്ന സങ്കീര്‍ണ ആശയത്തിന്റെ പ്രായോഗികമായ ഘടകഭാഗങ്ങളാണ്. ലിബറലിസം രാഷ്ട്രീയ നീതിക്കും സോഷ്യലിസം സാമ്പത്തിക നീതിക്കുമാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍, ഇന്ത്യന്‍ ഭരണഘടനയാകട്ടെ സാമൂഹികനീതിക്കാണ് പ്രഥമ സ്ഥാനം നല്‍കിയിരിക്കുന്നത്. ജാതി-മത-ഭാഷാ അടിസ്ഥാനത്തിലുള്ള സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ ജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ഇത്തരത്തിലുള്ള സമുദായങ്ങള്‍ തമ്മില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നതാണ് സാമൂഹികനീതിയുടെ ധര്‍മം. സെക്യുലറിസം എന്ന പീഠികതത്വം മതവിഭാഗങ്ങള്‍ തമ്മിലുള്ള സമത്വത്തിനായി നിലകൊള്ളുന്നു. മൗലികാവകാശങ്ങളില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന സമത്വാവകാശം സെക്യുലറിസത്തിന്റെ അടിവേരാണ്. ഇസ്്മയീല്‍ ഫറൂഖി യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter