നോട്ടുമാറ്റപ്രഖ്യാപനത്തിലെ രാഷ്ട്രീയം: ഏക സിവില്‍കോഡും മുത്വലാഖും പോയി; ഇന്ത്യയിലിപ്പോള്‍ ചര്‍ച്ച നോട്ടിനെക്കുറിച്ചുമാത്രം!
1000ഏക സിവില്‍കോഡ് ചര്‍ച്ചയാവുകയും ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍നിന്നും അതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുമ്പോഴാണ് മോദി തന്റെ ആവനാഴിയിലെ അടുത്ത അസ്ത്രം എടുത്ത് ഉപയോഗിച്ചിരിക്കുന്നത്. ഇന്നു മുതല്‍ 500, 1000 നോട്ടുകള്‍ പ്രാബല്യത്തിലില്ല എന്നതായിരുന്നു ഇരുതല മൂര്‍ച്ചയുള്ള ആ അസ്ത്രം. സംഗതി വളരെ ലളിതമാണ്. രാജ്യത്തെ കള്ളപ്പണം പിടികൂടാന്‍ ഒപ്പിച്ച ഒരാശയമാവണം ഇത്. പക്ഷെ, അതിനു മോദി എന്ന സ്വേഛാധിപതി തെരഞ്ഞെടുത്ത സമയം വളരെ തന്ത്രപരമായിരുന്നു. സ്വന്തം നിലനില്‍പിനെയും ബിസിനസുകളുടെ അതിജീവനത്തെയും താങ്ങിനിര്‍ത്തുന്നതാണ് പണം എന്നതിനാല്‍ ആളുകളെല്ലാം ഇപ്പോള്‍ അതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ദേശീയ തലം മുതല്‍ ലോക്കല്‍ തലംവരെ ആളുകളിപ്പോള്‍ ബാങ്കുകളിലേക്കും പോസ്റ്റ് ഓഫീസുകളിലേക്കും ഓടുന്ന തിരക്കിലാണ്. കൈയിലുള്ള പണം മാറ്റിയെടുത്താല്‍ മാത്രമേ നാളെ മുതല്‍ ബിസിനസ് രംഗം സജീവമാക്കാന്‍ കഴിയൂ. ഡിസംബര്‍ 30 വരെയാണ് പണം മാറ്റി വാങ്ങാനുള്ള സമയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്രയും കാലമാകുമ്പോഴേക്ക് ഇന്ത്യയിലെ സാമൂഹിക ചര്‍ച്ചാ പരിസരം തന്നെ മാറിക്കഴിഞ്ഞിരിക്കും. ഏകസിവില്‍ കോഡും മുത്വലാഖും ന്യൂനപക്ഷങ്ങളും ദളിതനുമെല്ലാം പൊതുചര്‍ച്ചയില്‍നിന്നും അപ്രത്യക്ഷമാകും. മോദി ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകള്‍ അതോടെ സഫലമാവുകയായി. യു.പി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും ഇതില്‍ ചില മുതലെടുപ്പുകള്‍ ഒളിഞ്ഞിരിപ്പുണ്ട്. തങ്ങളെക്കൊണ്ടാണ് രാജ്യത്ത് മാറ്റങ്ങളെല്ലാം ഉണ്ടാകുന്നത് എന്നൊരു പൊതുബോധം സൃഷ്ടിക്കാന്‍ ഈ പ്രഖ്യാപനത്തിലൂടെ മോദി സ്വപ്‌നം കാണുണു. അത് വേണ്ടപോലെ ഫലം ചെയ്യുകയാണെങ്കില്‍ ആ ബോധത്തെ വോട്ടായി മാറ്റാനും നിഷ്പ്രയാസം സാധിച്ചേക്കും. കള്ളപ്പണം കൈകാര്യം ചെയ്യുന്ന വന്‍സ്രാവുകള്‍ അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ നാട്ടുകളായിട്ടല്ല ക്രയവിക്രയം നടന്നത്തുന്നത് എന്ന് മോദിക്ക് ബോധ്യമില്ലാഞ്ഞിട്ടല്ല. ഇതിലൂടെ സാധാരണക്കാരനാണ് പ്രയാസമനുഭവിക്കുന്നതെന്ന വസ്തുതയും ബന്ധപ്പെട്ടവര്‍ക്ക് അറിയാം. പക്ഷെ, ഈയൊരു പ്രഖ്യാപനം ഇന്ത്യയില്‍ ഉണ്ടാക്കുന്ന ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും അന്തരീക്ഷ മാറ്റങ്ങള്‍ ഉള്ളിലൂടെ ഉന്നംവെക്കപ്പെട്ട പ്രധാന ലക്ഷ്യംതന്നെയാണ്. അത് പൂര്‍ണമായും സാധ്യമാകുന്നുമുണ്ട് ഈയൊരു നടപടിയിലൂടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter