ഒടുവില്‍ അവര്‍ പറയുന്നു; ഇറാഖില്‍ സദ്ദാം തന്നെയായിരുന്നു ശരി!
saddamഇറാഖിലെ അമേരിക്കന്‍ അധിനിവേശവും സദ്ദാം ഹുസൈന്റെ വധവും തെറ്റായിപ്പോയെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ ജോണ്‍ നിക്‌സണ്‍ വ്യക്തമാക്കിയതോടെ ഇറാഖ്-സിറിയ ഇഷ്യൂകളെക്കുറിച്ച ചര്‍ച്ചകള്‍ക്ക് പുതിയൊരു ട്വിസ്റ്റ് കൈവന്നിരിക്കുന്നു. മിഡിലീസ്റ്റിനെ സ്വേഛാധിപതികളുടെ കരങ്ങളില്‍നിന്നും മോചിപ്പിച്ച് മനുഷ്യാവകാശം സംരക്ഷിക്കപ്പെടുന്ന ഒരിടമാക്കി പുന:സ്ഥാപിക്കുക എന്ന ഗീര്‍വാണത്തോടുകൂടിയാണ് ജോര്‍ജ് ഡബ്ലിയു. ബുഷ് പ്രസിഡന്റായ കാലത്ത് അമേരിക്ക ഇറാഖ് അധിനിവേശത്തിന് തയാറെടുക്കുന്നത്. മാസങ്ങള്‍ നീണ്ട ഓപറേഷനൊടുവില്‍ സദ്ദാമിനെ പിടികൂടി തൂക്കിലേറ്റുകയും പുതിയ ഭരണകൂടത്തെ കൊണ്ടുവരികയും ചെയ്തു. പക്ഷെ, അമേരിക്ക നിനച്ചതിനപ്പുറത്തായിരുന്നു കാര്യം. മിഡിലീസ്റ്റില്‍ സമാധാനം കൊണ്ടുവരുന്നതിന് പകരം ഇവിടെ പുതിയ പ്രശ്‌നങ്ങളെയും കെട്ടടങ്ങാത്ത സംഘര്‍ഷങ്ങളെയും സൃഷ്ടിക്കുകയായിരുന്നു ഈ അധിനിവേശം. ഇറാഖ്-സിറിയ കേന്ദ്രമാക്കി ഐ.എസിന്റെ ഉല്‍ഭവം മുതല്‍ പതിനായിരങ്ങളുടെ തിരോധാനത്തിനും പലായനത്തിനും കാരണമായ അഭ്യന്തര കലാപങ്ങള്‍ക്കും കൊടിയ സംഘര്‍ഷങ്ങള്‍ക്കും ഇതു വഴി തുറന്നു. ഇറാഖ് അധിനിവേശവും സദ്ദാം വധവും ഒരിക്കലും നല്ലതിനായിരുന്നില്ലെന്ന് ഇതിനകംതന്നെ പലരെയും പറയാന്‍ പ്രേരിപ്പിക്കുംവിധം ഭീകരമായിരുന്നു ഇതിന്റെ പിന്നീടുണ്ടായ പ്രത്യാഘാതങ്ങള്‍. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ മുന്‍ ഉദ്യോഗസ്ഥനും സദ്ദാമിനെ ചോദ്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ട വിഭാഗത്തിലെ അംഗവുമായ ജോണ്‍ നിക്‌സണ്‍ തന്നെ ഇത് വ്യക്തമാക്കുമ്പോള്‍ ഇതിനു പിന്നിലെ വസ്തുതകള്‍ കുറേ പുറത്തുവരുന്നുണ്ട്. DEBRIEFING THE PRESIDENT book by John Nixon Image via Penguin Random House Edwards, Helen ഡിബ്രീഫിംഗ് ദി പ്രസിഡന്റ്: ദി ഇന്ററൊഗേഷന്‍ ഓഫ് സദ്ദാം ഹുസൈന്‍ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ജോണ്‍ നിക്‌സണ്‍ പുറത്തു വിടുന്നത്. ചോദ്യം ചെയ്യലിനിടയില്‍ സദ്ദാം മുന്നോട്ടുവെച്ച പല അഭിപ്രായങ്ങളും പ്രസ്താവങ്ങളും അദ്ദേഹം ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും 2003 ലെ ഇറാഖ് ആക്രമണെത്ത അംഗീകരിക്കുന്നില്ല. 2003ലെ ഇറാഖ് യുദ്ധവും അതിെന്റ അനന്തര ഫലങ്ങളും ഇന്നത്തെ മധ്യേഷ്യയിെല പ്രശ്‌നങ്ങളെ മുന്‍കൂട്ടി സൂചിപ്പിക്കുകയായിരുന്നു. യുദ്ധത്തെ തുടര്‍ന്നാണ് വര്‍ഗീയവാദികള്‍ വെളിച്ചത്തു വന്നത്. അതാണ് ഇന്ന് ഇറാഖിനേയും സിറിയയേയും വേട്ടയാടുന്നതെന്നും നിക്‌സണ്‍ വ്യക്തമാക്കുന്നു. സദ്ദാം ഹുസൈനെ ചോദ്യം ചെയ്തപ്പോള്‍ അമേരിക്ക കരുതും പോലെ എളുപ്പമായിരിക്കില്ല ഇറാഖ് ഭരണമെന്ന് സദ്ദാം ഓര്‍മിപ്പിച്ചിരുന്നുവത്രെ. 'നിങ്ങള്‍ പരാജയെപ്പടാന്‍ പോവുകയാണ്. ഇറാഖ് ഭരിക്കുന്നത് എളുപ്പമല്ലെന്ന് നിങ്ങള്‍ മനസിലാക്കാന്‍ പോകുന്നു.' എന്തു കൊണ്ടെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു 'നിങ്ങള്‍ക്ക് ഭാഷയറിയില്ല, ചരിത്രമറിയില്ല, അറബ് മനസ് മനസിലാക്കാനും നിങ്ങള്‍ക്ക് സാധിക്കില്ല.' അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. saddam-3 സുന്നി വിഘടനവാദികളെയും ഷിയാ ഭൂരിപക്ഷമുള്ള ഇറാഖിനെയും ഭരിക്കാന്‍ സദ്ദാമിനെ പോലെ ശക്തനായ ഒരു ഭരണാധികാരി തന്നെ ആവശ്യമായിരുന്നെന്ന് ഇറാഖിന്റെ ഇന്നത്തെ അവസ്ഥയില്‍ തോന്നുന്നതായി നിക്‌സണ്‍ പറയുന്നു. സദ്ദാം ക്രൂരനായ ഭരണാധികാരിയായിരുന്നുവെന്ന് നിക്‌സണ്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഇസ്‌ലാമിക് സ്റ്റേറ്റിനെപ്പോലെയുള്ള ഭീകര സംഘടനകള്‍ ഇറാഖില്‍ കാലുറപ്പിക്കാതിരിക്കാന്‍ സദ്ദാം തന്നെ വേണമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ക്രൂരതകളോടുള്ള താല്‍പര്യവും ഏകാധിപത്യ രീതിയുമായിരുന്നു സദ്ദാം ഭരണകൂടത്തിന്റെ പ്രധാന വീഴ്ചകള്‍. എന്നാല്‍, അധികാരത്തിന് ഭീഷണി തോന്നിയപ്പോഴായിരിക്കാം അദ്ദേഹം അനുകമ്പയില്ലാത്ത തീരുമാനങ്ങളെടുത്തത്. ഇറാഖിനെ പോലെ ബഹുവര്‍ഗ സമൂഹത്തെ നിയന്ത്രിക്കാന്‍ സദ്ദാമിനെ പോലെ ശക്തനും അനുകമ്പയില്ലാത്തവനുമായ ഒരു നേതാവിനെയാണ് വേണ്ടത്. സുന്നി ശിയാ തീവ്രവാദികളെ ഒരുപോലെ ഒതുക്കാന്‍ സദ്ദാമിന്റെ ഭരണകൂടത്തിന് സാധിക്കുമായിരുന്നു. നിക്‌സണ്‍ എഴുതുന്നു. saddam-2 ചോദ്യം ചെയ്യലിനിടെ ഇറാഖിന്റെ പൂര്‍വ്വകാല ചരിത്രം സദ്ദാം ഇടക്കിടെ ചൂണ്ടിക്കാട്ടുമായിരുന്നു. എനിക്ക് മുമ്പ് കലാപവും ശണ്ഠയും മാത്രമായിരുന്നു ഇറാഖില്‍നിന്നു കേട്ടിരുന്നത്. അവയെല്ലാം ഞാന്‍ അവസാനിപ്പിച്ചു. ജനങ്ങളെ അനുസരിപ്പിക്കാന്‍ പഠിപ്പിച്ചു എന്നിങ്ങനെ സദ്ദാം എന്നോട് പറയുമായിരുന്നു. ഇറാഖ് അധിനിവേശം തെറ്റായിപ്പോയെന്ന് പാശ്ചാത്യന്‍ ലോകം സമ്മതിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നിക്‌സണ്‍ന്റെ ഈ പുസ്തകത്തിനും അതിലെ തുറന്നു പറച്ചിലിനും ഏറെ പ്രസക്തിയുണ്ട്. ഇറാഖില്‍ സദ്ദാമും അദ്ദേഹത്തിന്റെ നിലപാടുകളും ശരിയായിരുന്നുവെന്ന് പറയാതെ പറയുകയാണ് അദ്ദേഹം തന്റെ പുസ്തകത്തിലുടനീളം. സദ്ദാമിനെതിരെ അമേരിക്ക നടത്തിയ ക്രൂകൃത്യം തെറ്റായിപ്പോയെന്നും പരോക്ഷമായി അദ്ദേഹം സൂചിപ്പിക്കുന്നു. saddam-4 ഇന്ന് ഇറാഖിലും സിറിയയിലും നടന്നുകൊണ്ടിരിക്കുന്ന അഭ്യന്തര പ്രശ്‌നങ്ങള്‍, അഭയാര്‍ത്ഥി പ്രവാഹം തുടങ്ങി സകല പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാന കാരണം അമേരിക്കന്‍ അധിനിവേശമാണെന്ന ലോക സമൂഹം അംഗീകരിച്ചുകഴിഞ്ഞതാണ്. പിന്നീട് അവിടെ അവരോധിക്കപ്പെട്ട ഭരണകൂടത്തിന്റെ പിടിപ്പുകേട് ഈ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാനേ സഹായിച്ചിരുന്നുള്ളൂ. അമേരിക്കന്‍ സേന സദ്ദാമിനെ പിടികൂടിയ ശേഷം സ്വകാര്യമായി പാര്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ആളാണ് നിക്‌സണ്‍. അതുകൊണ്ടുതന്നെ, സദ്ദാമുമായി പല കാര്യങ്ങളും നേരിട്ടു സംസാരിക്കാനും പങ്കുവെക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഈ അനുഭവങ്ങളുടെയും സദ്ദാമിന്റെ പല പ്രസ്താവനകളുടെയും വെളിച്ചത്തിലാണ് അദ്ദേഹം ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഇറാഖ്-സിറിയ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ കാരണം അമേരിക്കന്‍ അധിനിവേശം തന്നെയാണെന്ന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ നിക്‌സണിന്റെ ഈ തുറന്നു പറച്ചില്‍ ഈ ചര്‍ച്ചകളെ കൂടുതല്‍ ചൂടുപിടിപ്പിക്കുമെന്നതില്‍ സംശയമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter