ഒബാമയുടേത് ഫലസ്തീന്‍ സ്‌നേഹമോ ട്രംപ് വിരുദ്ധതയോ?
നിരാശയുടെ ആഴക്കടലില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പായി 1979 ന് ശേഷം ഇതാദ്യമായി യു.എന്നില്‍ ഫലസ്തീന്‍ അനുകൂല പ്രമേയം പാസായി. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്ത് അനധികൃത കോളനികള്‍ നിര്‍മിക്കുന്ന ഇസ്രയേല്‍ നീക്കം ഉപേക്ഷിക്കാനാണ് തുറന്ന പ്രഖ്യാപനമുണ്ടായിരിക്കുന്നത്. 15 അംഗ രക്ഷാസമിതിയിലൂടെ പുറത്തുവന്ന ഈ പ്രമേയം ഐക്യരാഷ്ട്ര സഭ നേരിട്ടുതന്നെ ഇസ്രയേലിനെ തിരുത്തിയിരിക്കയാണ്.
ജനിച്ച മണ്ണിനെ സ്വന്തമാക്കാന്‍ പോരാട്ടം തുടരുന്ന ഒരു ജനതയുടെ വികാരങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും മുമ്പില്‍ എന്നും തടസ്സം നിന്നവരാണ് അമേരിക്ക. എന്നാല്‍, ഇപ്പോള്‍ ഒബാമ കൈകൊണ്ട അര്‍ത്ഥഗര്‍ഭമായ മൗനം ഫലസ്തീന്‍ സ്‌നേഹമല്ല സൂചിപ്പിക്കുന്നത് എന്നുവേണം മനസ്സിലാക്കാന്‍. കാരണം, 2009 ല്‍ ഇസ്രയേലിന്റെ അനധികൃത കുടിയേറ്റത്തിനെതിരെ യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തിരുന്നു. തന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കാനിരിക്കെ ലോക മനസാക്ഷിക്കു മുന്നില്‍ കൈ കൂപ്പുക എന്നതിനുമപ്പുറം ട്രംപ് വിരോധമാണ് ഒബാമയുടെ വിട്ടു നില്‍ക്കല്‍ പ്രക്രിയയില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നത്.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വലതുപക്ഷ തീവ്രവാദിയും വര്‍ഗീയാധിഷ്ഠിത ഭരണത്തിന്റെ പ്രണേതാവുമായ ട്രംപിന് അനുകൂല നിലപാടെടുത്തവരാണ് എന്നും ജൂത സമൂഹം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും അവര്‍ മുഖ്യപങ്ക് വഹിച്ചു. ഈയൊരു സാഹചര്യത്തില്‍ ട്രംപ് - നെതന്യാഹു -പുടിന്‍ അച്ചുതണ്ടു ശക്തികളെ ഒബാമ ആശങ്കാ പൂര്‍വ്വമാണ് കാണുന്നത്. കറുത്ത വര്‍ഗക്കാരുടെ നിലനില്‍പും ഒബാമക്ക് മുന്നില്‍ ചോദ്യചിഹ്നമായിരിക്കെ ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ ഫലസ്തീന്‍ ദ്വിരാഷട്ര ഫോര്‍മുല അംഗികരിപ്പിക്കാനുള്ള തിരക്കിലാണ് ഒബാമ ഭരണകൂടം.
1967 ന് ശേഷമുള്ള കാലയളവില്‍ ഇസ്രയേല്‍ നടത്തിയ ഫലസ്തീന്‍ പ്രദേശത്തെ കുടിയേറ്റങ്ങളും കോളനി നിര്‍മാണങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധമാണെന്നാണ് ഐക്യരാഷ്ട്രസഭ കഴിഞ്ഞയാഴ്ച വിധിച്ചിട്ടുള്ളത്. എന്നാല്‍ ധാര്‍ഷ്ട്യത്തിന്റെ രാഷ്ട്രീയവും അഹങ്കാരത്തിന്റെ ഹുങ്കും കാണിക്കുന്ന ഇസ്രയേല്‍ ഇത് വരെ ഐക്യരാഷ്ട്രസഭയെ അംഗീകരിച്ചിട്ടില്ല. അതേസമയം, പ്രമേയം അവതരിപ്പിക്കാന്‍ മുന്നോട്ട് വന്ന സെനഗല്‍, ന്യൂസിലാന്റ്, മലേഷ്യ, വെനസ്വേല രാജ്യങ്ങളുടെ നയതന്ത്രബന്ധം വിച്ഛേദിച്ചിരിക്കുന്നു. മാത്രമല്ല, സെനഗലിനുള്ള എല്ലാ സഹായങ്ങളും നിര്‍ത്തിവെച്ചതായി ഇസ്രയേല്‍ പ്രഖ്യാപിക്കുകയും ചെയ്തുകഴിഞ്ഞു. രക്ഷാസമിതിയില്‍ അംഗങ്ങളായ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ വിളിച്ചു വരുത്തി പ്രതിഷേധം വ്യക്തമാക്കി, തങ്ങളുടെ രോഷം അവസാനിച്ചിട്ടില്ലെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുത്തു.
ട്രംപിന്റെ ഇടപെടല്‍ മൂലം ഈജിപ്ത് കൊണ്ട് വന്ന പ്രമേയത്തെ പിന്‍വലിച്ചപ്പോള്‍ സെനഗല്‍, വെനസ്വേല, ന്യൂസിലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ പിന്താങ്ങിയതും അമേരിക്ക വോട്ടെടുപ്പില്‍ നിന്ന് പിന്മാറിയതുമാണ് ഫലസ്തീന് അനുകൂലമായ ഒരു നിലപാടിലേക്ക് യൂ.എന്നിനെ എത്തിച്ചിരിക്കുന്നത്. ലോകജനത ഇസ്രയേല്‍ ക്രൂരനയങ്ങളെ നിയമാനുസൃതം തള്ളിക്കളയുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കാലങ്ങളായി തുടരുന്ന ഈ ക്രൂരകൃത്യങ്ങളെ ഭൂരിപക്ഷ രാഷ്ട്രങ്ങളും അംഗീകരിക്കുന്നില്ല. ''ഒരു സമയം വൈറ്റ് ഹൗസില്‍ ഒരു പ്രസിഡന്റ് മതി'' എന്ന വികാരം മാത്രമാണ് ഫലസ്തീന്‍ അനുകൂല സാഹചര്യത്തിന് ഒബാമയെ നിര്‍ബന്ധിപ്പിച്ചത്.



Leave A Comment