അഹ്മദ് മുസ്‌ലിമെന്ന ഖുര്‍ആന്‍ കംപ്യൂട്ടര്‍
ദുബൈ: ബുദ്ധിവൈകല്യം കൊണ്ട് ബുദ്ധിമുട്ടുമ്പോഴും അഹ്മദ് മുസ്‌ലിമിന് അത് ഖുര്‍ആന്‍ പഠിക്കാന്‍ തടസ്സമായില്ല. ഈ വര്‍ഷത്തെ ദുബൈ ഹോളി ഖുര്‍ആന്‍ പരിപാടിയില്‍ പങ്കെടുത്തവരെ ഏറെ ആകര്‍ഷിച്ചത് വിധിക്ക് മുമ്പിലും പുഞ്ചിരിതൂകി വിജയഗാഥകള്‍ തീര്‍ത്ത ഈ ചെറുപ്പക്കാരനായിരുന്നു. ഖുര്‍ആന്‍ മുഴുവനായും മനപ്പാഠമാക്കിയതോടൊപ്പം സൂക്തങ്ങളുടെയും പേജുകളുടെയും എണ്ണവും വിശുദ്ധഗ്രന്ഥത്തിലെ ജുസ്ഉകളും ഹിസ്ബുകളും സുജൂദിന്റെ സ്ഥലങ്ങള്‍ വരെയും ക്രമത്തില്‍ അഹ്മദിന് ഹൃദ്യസ്ഥമാണ്. അവക്ക് പുറമെ, ഖുര്‍ആന്‍ സൂക്തങ്ങളുടെ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലുള്ള അര്‍ത്ഥവും അഹ്മദിന് മനപ്പാഠം. എന്നാല്‍ ഈ രണ്ട് ഭാഷകളും അഹ്മദിന് വശമില്ലെന്നതാണ് ഏറെ കൌതുകകരം. ഖുര്‍ആന്‍ സോഫ്റ്റ് വെയറുകളും ടെലിവിഷന്‍ പ്രോഗ്രാമുകളും ഉപയോഗിച്ചാണ് ഇത്രയും പഠിച്ചെടുത്തതെന്ന് പറയുമ്പോള്‍ കേട്ടുനില്‍ക്കുന്നവരുടെ മുഖത്ത് അല്‍ഭുതത്തിന്റെ തിരയിളക്കം.
തന്നെ ബാധിച്ച ബുദ്ധിവൈകല്യം കാരണം, മറ്റു കുട്ടികളെപ്പോലെ ചലിക്കാനോ മറ്റുള്ളവരുമായി സാധാരണഗതിയില്‍ സംസാരിക്കാന്‍ പോലുമോ അഹ്മദിനാവില്ല. എന്നാല്‍ പലരും ഇന്ന് അഹ്മദിനെ വിശേഷിപ്പിക്കുന്നത് ഖുര്‍ആന്‍ കംപ്യൂട്ടര്‍ എന്നാണ്.
ഹോളി ഖുര്‍ആന്‍ അവാഡ് പരിപാടിയിലെ വിശിഷ്ടാതിഥിയായാണ് അഹ്മദ് ദുബൈയിലെത്തിയത്. അഹ്മദിന് വേണ്ടി സംഘാടകര്‍ ഒരുക്കിയ പ്രത്യേക മല്‍സരം ഏവരുടെയും കൌതുകമുണര്‍ത്തി. ഖുര്‍ആന്‍സൂക്തങ്ങളെയും എണ്ണത്തെയും പേജുകളെയും സംബന്ധിച്ച പന്ത്രണ്ട് ചോദ്യങ്ങള്‍ അഹ്മദിനോട് ചോദിക്കപ്പെട്ടപ്പോള്‍, ചോദ്യം തീരും മുമ്പേ മറുപടി ലഭിച്ചുകഴിഞ്ഞിരുന്നു. പരസ്പര സാദൃശ്യമുള്ള സൂക്തങ്ങളായിട്ട് പോലും കൃത്യമായി മറുപടി പറഞ്ഞത് കേട്ട്, കണ്ടുനിന്നവര്‍ ഒന്നടങ്കം അറിയാതെ കൈയ്യടിച്ചുപോയി, യുണൈറ്റഡ് എമിറേറ്റ്സ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
മാനസിക വൈകല്യമുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന, ഈജിപ്തിലെ ദാറുഅബ്റാര്‍ അസോസിയേഷനാണ് ഖുര്‍ആനുമായി ബന്ധപ്പെട്ട അഹ്മദിന്റെ കഴിവുകള്‍ പുറം ലോകത്തെത്തിക്കുന്നത്. മാനസികവൈകല്യമുള്ളവര്‍ക്കായി 2010ല്‍ സംഘടന നടത്തിയ ഖുര്‍ആന്‍ മല്‍സരത്തിലായിരുന്നു അവര്‍ അത് കണ്ടെത്തിയത്.
ചെറുപ്പകാലം തൊട്ടേ അഹ്മദിന് ഖുര്‍ആനുമായുള്ള അടുപ്പം വിവരിക്കുമ്പോള്‍ മാതാവ് സാമിയക്ക് ചങ്കിന് ചുറ്റും നാവ് മുളച്ചത് പോലെയാണ്, അവര്‍ പറയുന്നു: എന്റെ ഏക മകനാണ് അഹ്മദ്. മൂന്ന് വയസ്സുവരെ അവന്‍ ഒന്നും സംസാരിക്കുമായിരുന്നില്ല. അവനെ സമാധാനിപ്പിക്കാനായി ഞാന്‍ പലപ്പോഴും മുസ്ഹഫ് തുറന്ന് അവന്റെ മുമ്പില്‍ വെച്ച് പാരായണം ചെയ്യാറുണ്ടായിരുന്നു. ഞാന്‍ പാരായണം നിര്‍ത്തുമ്പോഴൊക്കെ, അത് തുടരാന്‍ പ്രത്യേക ആംഗ്യങ്ങളിലൂടെ അവന്‍ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു.
അഹ്മദിനോടൊപ്പം ദുബൈയിലെത്തിയ മാതാവ് കേട്ടുനിന്നവരോട് വീണ്ടും വാചാലയായി: ഖുര്‍ആനിനോട് അഹ്മദിനുള്ള ഈ താല്‍പര്യം കണ്ട ഞാന്‍ ഒഴിവുകിട്ടുമ്പോഴൊക്കെ അവനെ ഓതിക്കേള്‍പ്പിക്കുമായിരുന്നു. ചില അക്ഷരങ്ങളൊക്കെ പഠിപ്പിക്കാന്‍ കൂടി ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ശേഷം മുഴുസമയവും ഖുര്‍ആന്‍ കേള്‍ക്കുന്നത് അവന്റെ പതിവായി. റേഡിയോയിലൂടെയും ടെലിവിഷനിലൂടെയുമൊക്കെ അവന്‍ അത് കേട്ടുകൊണ്ടേയിരുന്നു. അര്‍ത്ഥം അറിയില്ലെങ്കില്‍ പോലും പതുക്കെപ്പതുക്കെ ആ ഖാരിഉകളെ അനുകരിക്കാനും അതുപോലെ ഉച്ചരിച്ചുനോക്കാനും അവന്‍ ശ്രമങ്ങള്‍ തുടങ്ങി.
ശേഷം ചില പ്രത്യേക ഭാഗങ്ങള്‍ മനപ്പാഠമാക്കി നല്‍കാനുള്ള ശ്രമത്തിലായി ഞാന്‍. പറഞ്ഞുകൊടുക്കുന്നതൊക്കെ വളരെ വേഗം അവന്‍ മനപ്പാഠമാക്കുന്നുവെന്നത് എന്നില്‍ ഏറെ കൌതുകമുണര്‍ത്തി. ഇപ്പോള്‍ പൂര്‍ണ്ണമായും ഖുര്‍ആനോടൊപ്പമാണ് അഹ്മദിന്റെ ജീവിതം. പ്രാഥമിക വിദ്യാഭ്യാസം അക്ഷരാഭ്യാസമോ ഇല്ലാത്ത അഹ്മദിന് ഖുര്‍ആന്‍ അല്ലാത്ത മറ്റൊന്നും ശരിയാം വിധം വായിക്കാന്‍ പോലും അറിയില്ല. അതേ സമയം റേഡിയോകളില്‍നിന്നും ടെലിവിഷന്‍ പരിപാടികളില്‍നിന്നുമായി ഖുര്‍ആന്‍ സൂക്തങ്ങളുടെ ഇംഗ്ലീഷ്, ഫ്രഞ്ച് അര്‍ത്ഥങ്ങളും അവന്‍ പഠിച്ചെടുത്തു, പറഞ്ഞുനിര്‍ത്തുമ്പോള്‍ സ്നേഹനിധിയായ ആ മാതാവിന്റെ മുഖത്ത് എന്തെന്നില്ലാത്ത സംതൃപ്തി.
ബുദ്ധിവളര്‍ച്ചയെക്കുറിച്ച് നടന്ന പരീക്ഷണങ്ങളില്‍ തെളിഞ്ഞത്, 21 വയസ്സുള്ള അഹ്മദിന് 5വയസ്സിന്റെ ബുദ്ധി വളര്‍ച്ച മാത്രമാണ് ഉള്ളത് എന്നാണെന്ന് ദാറുഅബ്റാര്‍ സെക്രട്ടറി ഇസ്മാഈല്‍ ത്വന്‍ത്വാവീ പറയുന്നു. സ്വന്തം മേല്‍വിലാസമോ വീട്ടിലേക്കുള്ള വഴിയോ കയറേണ്ട ബസോ തിരിച്ചറിയാത്ത അഹ്മദിന് മുമ്പില്‍ വഴങ്ങുന്നത് വിശുദ്ധ ഖുര്‍ആന്റെ സൂക്തങ്ങളും അര്‍ത്ഥങ്ങളും മാത്രം.
എട്ട് വര്‍ഷം മുമ്പ് പിതാവ് മരണപ്പെട്ട അഹ്മദിന് ജീവിതത്തില്‍ ഇന്ന് താങ്ങും തണലുമായി മാതാവ് മാത്രം. ദിനരാത്രങ്ങളില്‍ കൂട്ടായി വിശുദ്ധ ഖുര്‍ആനും.
-IINA-



Leave A Comment