ദാറുല്‍ഹിദായ ദഅവാ കോളേജ്, മാണൂര്‍
പൊന്നാനി താലൂക്കിന്റെ ഹൃദയഭാഗമായ എടപ്പാളിന് തിലകക്കുറി ചാര്‍ത്തി നില്‍ക്കുന്ന അത്യുന്നത മത കലാലയമാണ് ദാറുല്‍ ഹിദായ ഇസ്‌ലാമിക് കോംപ്ലക്‌സ്. വിശ്വപ്രസിദ്ധമായ പൊന്നാനി പാരമ്പര്യത്തിന്റെ ഗന്ധം പേറുന്ന ഈ മണ്ണില്‍ രണ്ടര പതിറ്റാണ്ടായി ദാറുല്‍ ഹിദായ മത- ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യമായി നിലകൊള്ളുന്നു. പ്രദേശത്തെ മുസ്‌ലിം സമുദായത്തിന്റെ അരക്ഷിതാവസ്ഥക്ക് പരിഹാരമായി വിദ്യാഭ്യാസ പ്രക്രിയയെ അവലംബിച്ച മര്‍ഹൂം മൗലാനാ കെ.വി ഉസ്താദിന്റെ അനിഷേധ്യ നേതൃപാടവമാണ് ദാറുല്‍ ഹിദായക്ക് ജന്മം നല്‍കിയത്. 1984ലാണ് ദാറുല്‍ ഹിദായ സ്ഥാപിക്കപ്പെടുന്നത്. മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് സ്ഥാപനത്തിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്. അനാഥ- അഗതി മന്ദിരം എന്ന നിലയില്‍ തുടക്കം കുറിച്ച സ്ഥാപനം കാലക്രമേണ അതിന്റെ ലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു എന്നത് സ്തുത്യര്‍ഹമായ കാര്യമാണ്. അവാന്തര വിഭാഗങ്ങള്‍ ഭൗതിക വിദ്യാഭ്യാസ മേഖലയിലൂടെ വിശ്വാസ ചൂഷണം വ്യാപിപ്പിക്കുന്നത് തടയുക എന്ന മഹത്തായ ലക്ഷ്യവും മുന്നില്‍ക്കണ്ടാണ് ദാറുല്‍ ഹിദായയുടെ സംസ്ഥാപനം. സുന്നത്ത് ജമാഅത്തിന്റെ ആശയ പ്രചരണവും സ്ത്രീ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മുന്‍ഗണനാക്രമത്തില്‍ ചെയ്തു തീര്‍ക്കുന്നതില്‍ സ്ഥാപനം വിജയം കൈവരിച്ചു. മത പണ്ഡിതര്‍ സ്ത്രീ വിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തുന്നുവെന്ന ആരോപണം പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് സ്ഥാപനം ഈ വഴിയിലേക്ക് കടന്നുവന്നത്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ കാര്യദര്‍ശിയായിരുന്ന മൗലാനാ കെ.വി ഉസ്താദ് സ്ത്രീ വിദ്യാഭ്യാസത്തെയും മത- ഭൗതിക സമന്വയ വിദ്യാഭ്യാസരീതിയെയും പ്രോത്സാഹിപ്പിച്ചിരുന്നു. അനാഥ- അഗതി മന്ദിരം, ദാറുല്‍ ഹിദായ ദഅ്‌വാ കോളേജ്, കെ.വി ഉസ്താദ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ദാറുല്‍ ഹിദായ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, മൗലാനാ ആസാദ് ബനാത്ത് കോളേജ്, റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ വിമിന്‍ തുടങ്ങി ഇരുപതോളം സ്ഥാപനങ്ങളടങ്ങിയ മഹത്തായ വിദ്യാഭ്യാസ പ്രസ്ഥാനമാണ് ദാറുല്‍ ഹിദായ. പൊന്നാനി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ അഞ്ചു കാമ്പസുകളിലായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നേതൃമികവ് കൊണ്ടും വിദ്യാഭ്യാസ രീതിയിലെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ടും അതിവേഗം മുന്നോട്ടുപോകാന്‍ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടി ചുവടുറപ്പിച്ച് മുസ്‌ലിം സമുദായത്തിന്റെ വൈജ്ഞാനിക പുരോഗതിയില്‍ മഹനീയ സാന്നിധ്യമായി മാറിക്കഴിഞ്ഞു സ്ഥാപനം. മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് സ്ഥാപനം പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസവും നല്‍കുന്ന ശരീഅത്ത് കോളേജ് എന്ന നിലയില്‍ സ്ഥാപനം ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ലക്ഷ്യപ്രാപ്തിലെത്താനുള്ള പോരായ്മകള്‍ മനസ്സിലാക്കി 1999ല്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുമായി ശരീഅത്ത് കോളേജിനെ അഫ്‌ലിയേറ്റ് ചെയ്തു. മതപ്രബോധനം എന്ന മഹത്തായ ദൗത്യ നിര്‍വഹണത്തിന് ഉതകുന്ന പണ്ഡിതരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് ദാറുല്‍ ഹുദായുടെ സഹസ്ഥാപനമായി മാറുന്നതിനുള്ള പ്രധാന കാരണം. എടപ്പാളിനടുത്ത മാണൂര്‍ കാമ്പസില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഹിദായ ദഅ്‌വാ കോളേജില്‍ ഇരുനൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയ ഉസ്താദുമാരുടെ സാന്നിധ്യമാണ് ഈ സ്ഥാപനത്തിന്റെ മറ്റൊരു പ്രത്യേകത. പ്രിന്‍സിപ്പല്‍ ശൈഖുനാ എം.വി ഇസ്മാഈല്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ബാഖവി കൈനിക്കര, സി. ബശീര്‍ ഫൈസി ആനക്കര തുടങ്ങി പതിനഞ്ചോളം ഉസ്താദുമാര്‍ അധ്യാപനരംഗത്ത് നിറഞ്ഞുനില്‍ക്കുന്നു. ദീര്‍ഘകാലം സ്ഥാപനത്തിന്റെ പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സെക്രട്ടറിയായിരുന്ന പി.വി മുഹമ്മദ് മൗലവി തുടങ്ങിയവര്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ അതുല്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോള്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും ശൈഖുനാ ചെറുശ്ശേരി ഉസ്താദ് സെക്രട്ടറിയുമായ ഭരണ സമിതിയാണ് സ്ഥാപനത്തിനു നേതൃത്വം നല്‍കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter