ഗണിത ശാസ്‌ത്രത്തില്‍ താല്‍പര്യമുള്ളവര്‍ക്ക്‌ സൗജന്യ പരിശീലന പദ്ധതി
mttsfront_smallനാഷണല്‍ ബോര്‍ഡ്‌ ഫോര്‍ ഹയര്‍ മാത്തമാറ്റിക്‌സിന്റെ കീഴില്‍ ഗണിത ശാസ്‌ത്ര പ്രതിഭകളെ കണ്ടെത്തി ആധുനിക പരിശീലനങ്ങള്‍ നല്‍കുന്നതിനുള്ള എം.ടി&ടി.എസ്‌ പദ്ധതിയുടെ 2014 ഘട്ടത്തിലേക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം. ഗണിത ശാസ്‌ത്ര മേഖലയില്‍ ഗവേഷണമോ അദ്ധ്യാപനമോ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഈ കോഴ്‌സിന്റെ മൂന്ന്‌ തലങ്ങളിലായി നടക്കുന്ന പരിശീലനത്തിന്റെ മുഴുവന്‍ ചെലവും പ്രസ്‌തുത ബോര്‍ഡാണ്‌ വഹിക്കുന്നതായിരിക്കും. മാത്തമറ്റിക്‌സ്‌ ഒരു വിഷയമായെടുത്ത ഡിഗ്രി രണ്ടാം വര്‍ഷക്കാര്‍ ലെവല്‍ സീറോയിലേക്കും അവസാന വര്‍ഷക്കാര്‍ ലെവല്‍ ഒന്നിലേക്കും പിജി ആദ്യ വര്‍ഷക്കാരോ മുന്‍ വര്‍ഷം ലെവല്‍ ഒന്ന്‌ പൂര്‍ത്തിയാക്കിയവരോ ആയ വിദ്യാര്‍ത്ഥികള്‍ ലെവല്‍ രണ്ടിലേക്കുമാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. ലെക്‌ചര്‍ ക്ലാസുകളും ഗ്രൂപ്പു ചര്‍ച്ചകളും സെമിനാറുകളും അടങ്ങുന്ന പാക്കേജാണ്‌ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുള്ളത്‌. പരിശീലനത്തിന്റെ മെത്തഡോളജി മനസ്സിലാക്കാനായി സി.വി. സഹിതം പ്രോഗ്രാം ഡയറക്‌ടര്‍ക്ക്‌ അപേക്ഷ നല്‍കുന്ന കോളേജ്‌/സര്‍വ്വകലാശാലാ അദ്ധ്യാപകര്‍ക്ക്‌ ഏത്‌ കോഴ്‌സിലും വേണമെങ്കില്‍ പങ്കെടുക്കാം. ഇവര്‍ക്ക്‌ താമസ-ഭക്ഷണ ചെലവിനൊപ്പം സ്ലീപ്പര്‍ക്ലാസ്സ്‌ യാത്രാക്കൂലിയും ലഭിക്കും. മൈസൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എജുക്കേഷന്‍ മെയിന്‍ കേന്ദ്രമായി പനാജിയിലെ ഗോവ യൂണിവേഴ്‌സിറ്റിയും ഗുവാഹത്തി ഐ.ഐ.ടിയുമുള്‍പ്പെടെ മൂന്നിടങ്ങളിലായി യഥാക്രമം മെയ്‌ 19 മുതല്‍ ജൂണ്‍ 14 വരെയും, മെയ്‌ 12 മുതല്‍ ജൂണ്‍ ഏഴ്‌ വരെയും, ജൂണ്‍ 23 മുതല്‍ ജൂലൈ 19 വരെയും ആണ്‌ പരിശീലനം. മൈസൂരില്‍ മൂന്ന്‌ കോഴ്‌സുകളും മറ്റ്‌ രണ്ടിടങ്ങളില്‍ ലെവല്‍ സീറോ കോഴ്‌സ്‌ മാത്രവുമായാണ്‌ നല്‍കുന്നത്‌. ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാവുന്നതാണ്‌. അപേക്ഷയെക്കുറിച്ചും കോഴ്‌സിനെക്കുറിച്ചും വിശദമായി മനസ്സിലാക്കാന്‍ www.mtts.org.in എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ചാല്‍ മതി. 2014 ഫെബ്രുവരി 22-ാണ്‌ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ്‌ മാര്‍ച്ച്‌ രണ്ടാം വാരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter