മുസ്‌ലിം പെണ്‍കുട്ടികളില്‍ നിന്നും സ്‌കോളര്‍ഷിപ്പിന് അപേക്ഷകരില്ല
നിലമ്പൂര്‍: സംസ്ഥാനത്തെ പ്ലസ്ടു, കോളജ് തലങ്ങളിലെ ഒന്നാം വര്‍ഷ ക്ലാസുകളില്‍ പഠിക്കുന്ന മുസ്‌ലിം, നാടാര്‍ സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് തുകയില്‍ വര്‍ധനവില്ലാത്തതുമൂലം ഇത്തവണ അപേക്ഷകരില്ല. അപേക്ഷകരില്ലാത്തതിനെ തുടര്‍ന്ന് സമയപരിധി ഈ മാസം 15വരെ വീണ്ടും നീട്ടി. ഈവര്‍ഷം ഓരോ ജില്ലയില്‍ നിന്നും അഞ്ചില്‍ താഴെ മാത്രമാണ് അപേക്ഷ ലഭിച്ചത്. മുസ്‌ലിം, നാടാര്‍ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഒരുവര്‍ഷത്തേക്ക് 125 രൂപമാത്രമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ മുസ്‌ലിം, നാടാര്‍ സ്‌കോളര്‍ഷിപ്പ് ഒഴികെ മറ്റു സ്‌കോളര്‍ഷിപ്പുകള്‍ക്ക് കൂടിയ തുകയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്.
2007ല്‍ സര്‍ക്കാറിന്റെ കോളജ് വിദ്യാഭ്യാസ വകുപ്പാണ് മുസ്‌ലിം, നാടാര്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. കഴിഞ്ഞ ഒമ്പതു വര്‍ഷമായി തുകയില്‍ വര്‍ധനവ് വരുത്തിയിട്ടില്ല. എന്നാല്‍ മറ്റു സ്‌കോളര്‍ഷിപ്പുകളുടെ തുക മൂന്നുവര്‍ഷം മുമ്പ് വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നാമമാത്ര അപേക്ഷകളാണ് മുസ്‌ലിം, നാടാര്‍ സ്‌കോളര്‍ഷിപ്പിന് ലഭിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
സ്‌കോളര്‍ഷിപ്പിന് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. അതിനായി സീറോ ബാലന്‍സില്‍ അക്കൗണ്ട് ലഭിക്കാന്‍ താമസം വരുന്നതിനാല്‍ 500 രൂപയെങ്കിലും നല്‍കി അക്കൗണ്ട് എടുക്കണം. വരുമാനം, നാറ്റിവിറ്റി, ജാതി, സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ദാരിദ്ര്യ രേഖ സാക്ഷ്യപത്രം തുടങ്ങിയവക്കുള്ള ചെലവുകള്‍ വേറെയും വരും. 125 രൂപ പ്രതിവര്‍ഷം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ ആയിരം രൂപയോളം ചെലവു വരുമെന്ന അവസ്ഥയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
കോളജ് വിദ്യാഭ്യാസ വകുപ്പ് 13 സ്‌കോളര്‍ഷിപ്പുകളും, ന്യൂനപക്ഷ ക്ഷേമവകുപ്പ് നാലും, കേരള ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒന്നും സ്‌കോളര്‍ഷിപ്പുകളാണ് ഓരോ വര്‍ഷവും അനുവദിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാര്‍ഥിക്കും പോസ്റ്റ്‌മെട്രിക് 3000രൂപ, സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് 10000, ഉന്നത വിദ്യാഭ്യാസ വകുപ്പ് 10000, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് 4000, ഹോസ്റ്റല്‍ വിദ്യാര്‍ഥിനിയാണെങ്കില്‍ പ്രതിവര്‍ഷം 12000, ഹിന്ദി ഉപഭാഷയായി എടുക്കുന്ന കുട്ടികള്‍ക്ക് 5000, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുട്ടികള്‍ക്കുള്ള സുവര്‍ണ ജൂബിലി 10000, അന്ധ, ബധിര, മൂക, വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് 4000രൂപ എന്നിങ്ങനെ പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്്. കൂടിയ തുകയായതിനാല്‍ സ്‌കോളര്‍ഷിപ്പിന് നിരവധി അപേക്ഷകരുമുണ്ട്.
എന്നാല്‍ നിര്‍ധനരായ മുസ്‌ലിം, നാടാര്‍ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന തുകയില്‍ വര്‍ധനവില്ലാതെ തുടരുകയാണ്. തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ 2009 മുതല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കത്ത് നല്‍കിവരുന്നുണ്ടെന്നും എന്നാല്‍ നടപടിയില്ലെന്നുമാണ് കോളജ് വിദ്യാഭ്യാസ വകുപ്പ് സ്‌കോളര്‍ഷിപ്പ് അധികൃതരുടെ വാദം. എന്നാല്‍ ഇതു സംബന്ധിച്ച ഫയലുകള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസില്‍ നിന്നും ലഭിക്കുന്ന വിവരം.



Leave A Comment