ബഹുസ്വരതയെ അംഗീകരിക്കലും സഹിഷ്ണുതയെ പുകഴ്ത്തലുമാണ് ഉന്നത വിദ്യഭ്യാസം: രാഷ്ട്രപതി
  pranabഉന്നത വിദ്യാഭ്യാസ മേഖലയില്‍ അസ്വസ്ഥകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു രാജ്യത്തിനു ഭൂഷണമല്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ബഹുസ്വരതയെ അംഗീകരിക്കുന്നതും സഹിഷ്ണുത പുലര്‍ത്തുന്നതുമായിരിക്കണം ഉന്നത വിദ്യാഭ്യാസം. ഒരൊറ്റ ഇന്ത്യയിലേക്ക് യുവജനങ്ങളെ നയിക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സി.എം.എസ് കോളജിലെ ദ്വിശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസരംഗത്ത് ഇന്ത്യയുടെ നിലവാരം ആഗോളതലത്തില്‍ പിന്നോട്ടു പോകുകയാണ്. ലോകനിലവാരം പുലര്‍ത്തുന്ന ഒരു സര്‍വകലാശാലയും പഠനകേന്ദ്രവും ഇന്ത്യയിലില്ല. സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് തക്ഷശില തുടങ്ങിയ ലോകോത്തര സര്‍വകലാശാലകളിലൂടെ പ്രതിഭകളെ സൃഷ്ടിച്ചുകൊണ്ടിരുന്ന ഇന്ത്യയ്ക്ക് ഇന്ന് ഇത്തരത്തില്‍ എടുത്തു പറയാവുന്ന നേട്ടങ്ങളൊന്നുമില്ല. ഉന്നത വിദ്യാഭ്യാസമേഖല കാലോചിതമായി അഭിവൃദ്ധിപ്പെടണമെങ്കില്‍ സ്വകാര്യമേഖലയില്‍ ഉന്നത സ്ഥാപനങ്ങള്‍ ഉണ്ടാവണം. പൊതുമേഖലയ്‌ക്കൊപ്പം പ്രാധാന്യം സ്വകാര്യമേഖലയ്ക്കുമുണ്ട്. ഏറെ രാജ്യങ്ങളിലും ഉന്നത വിദ്യാഭ്യാസമേഖലയുടെ വളര്‍ച്ചയില്‍ സ്വകാര്യമേഖല വലിയ പങ്കാണു വഹിച്ചിരിക്കുന്നത്. ലോകപ്രശസ്ത സര്‍വകലാശാലകളായ ഹവാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയവ സ്വകാര്യ മേഖലയുടെ പിന്‍തുണയിലും അധ്വാനത്തിലുമാണ് ഉയര്‍ന്നുവന്നത്. വിവിധ മേഖലകളിലെന്നപോലെ പൊതുവിദ്യാഭ്യാസത്തിലും സാക്ഷരതയിലും മികവു പുലര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞു. സാക്ഷരതയിലും െ്രെപമറി വിദ്യാഭ്യാസ രംഗത്തും നേടിയ പുരോഗതികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തു നേടാന്‍ കഴിയാതെ പോയി. എന്നാല്‍ ഉന്നതവിദ്യാഭ്യാസത്തില്‍ കേരളത്തിന്റെ നിലവാരം ഇവയുമായി തുലനപ്പെടുത്താനാവില്ല. ഈ മേഖലയില്‍ ലോകനിലവാരത്തിലേക്ക് ഉയരാനുള്ള അവസരം കേരളം പ്രയോജനപ്പെടുത്തണം. ഉയര്‍ന്ന നിലവാരത്തിലേയ്ക്കു കുതിച്ചു ചാടാനുള്ള അവസരമാണിപ്പോള്‍. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും ബുദ്ധിപരമായ ചിന്തകളുടെയും ആശയ നിര്‍മാണങ്ങളുടെയും അഭയസ്ഥാനങ്ങളാണ്. ശാസ്ത്രസാങ്കേതിത രംഗത്ത് ഇന്ത്യ വരുംഭാവിയില്‍ നേട്ടങ്ങള്‍ കൊയ്യണമെങ്കില്‍ വിദ്യാഭ്യാസമേഖലയില്‍ കാലോചിതമായ പരിഷ്‌കാരങ്ങളും പൊളിച്ചെഴുത്തും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സി.എസ്.ഐ ചര്‍ച്ച് ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് റവ. തോമസ് കെ.ഉമ്മന്‍ സന്ദേശം നല്‍കി. ദ്വിശതാബ്ദി സ്മാരക സ്‌പെഷല്‍ പോസ്റ്റല്‍ കവര്‍സ്റ്റാമ്പ് എന്നിവ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എ. എന്‍ നന്ദ രാഷ്ട്രപതിക്കു നല്‍കി പ്രകാശനം ചെയ്തു.സി.എം.എസ് കോളജിന്റെ പ്രത്യേക ഹെറിറ്റേജ് പദവി പ്രഖ്യാപനം ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ.മാണി എം.പി, കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയേല്‍, അലുമ്‌നി അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. സി.എ. ഏബ്രഹാം പ്രസംഗിച്ചു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter