വഞ്ചനയുടെ ചരിത്രം: സമുദയാം ഇനിയും പാഠം പഠിച്ചിട്ടില്ല
താഴെ ചേർക്കുന്നത് ചരിത്രപ്രസിദ്ധമായ ബാൾഫർ പ്രഖ്യാപനത്തിൽ അക്കാലത്തെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ആർതർ ജെയിംസ് ബാൾഫർ ബ്രിട്ടീഷ് ജ്യൂവിഷ് കമ്മ്യൂണിറ്റി നേതാവ് ലെയോണെൽ വാൾട്ടർ റോത്ഷീൽഡ്ഡിന് അയച്ച കത്തിലെ വരികളാണ്:
വിദേശ കാര്യാലയം,
2 നവംബർ 1917
പ്രിയ റോത്ഷീൽഡ് പ്രഭു,
ജൂത-സയണിസ്റ്റ് അഭിലാഷങ്ങളോടുള്ള സഹതാപം പ്രകടിപ്പിച്ചുകൊണ്ട് മന്ത്രിസഭയ്ക്ക് സമർപ്പിച്ചതും അംഗീകരിച്ചതുമായ താഴെ പറയുന്ന പ്രഖ്യാപനം ബഹുമാനപ്പെട്ട സർക്കാരിനുവേണ്ടി നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.
"ജൂത ജനതയ്ക്കായി പലസ്തീനിൽ ഒരു ദേശ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ബഹുമാനപ്പെട്ട സർക്കാർ ശക്തമായി പിന്തുണക്കുന്നു, അതിനാൽ ഈ ലക്ഷ്യം സാക്ഷത്കരിക്കുന്നതിന് വേണ്ടി സർക്കാർ പരമാവധി ശ്രമിക്കുന്നതായിരിക്കും, അതേസമയം പലസ്തീനിലെ നിലവിലുള്ള ജൂതരല്ലാത്ത ഇതരസമൂഹങ്ങളുടെ ആഭ്യന്തരവും, മതപരവുമായ അവകാശങ്ങളെയോ അതുപോലെ മറ്റു രാജ്യങ്ങളിൽ ജൂതർ നിലവിൽ അനുഭവിക്കുന്ന അവകാശങ്ങളെയോ രാഷ്ട്രീയ പദവികളെയോ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ഉണ്ടാവില്ലെന്ന് വ്യക്തമായി മനസ്സിലാക്കുകയും ചെയ്യുന്നു."
ഈ പ്രഖ്യാപനം സയണിസ്റ്റ് ഫെഡറേഷന്റെ അറിവിലേക്ക് കൂടെ നിങ്ങൾ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്ന്,
ആർതർ ജെയിംസ് ബാൾഫർ
ഇതെല്ലാം തിരശ്ശീലക്ക് പിന്നിൽ സജീവമായി കൊണ്ടിരിക്കുന്ന ഒന്നാം ലോക മഹായുദ്ധ കാലത്ത് ഹിജാസിലും ശാമിലുമായി അറബികൾ ഉസ്മാനിയ്യാ ഭരണകൂടേതിനെതിരെ ബ്രിട്ടീഷ് സർക്കാരുമായി സൈനിക സന്ധിയിൽ ഏർപ്പെട്ടു ശക്തമായ അറബ് നാഷണലിസ്റ് മൂവ്മെന്റുകൾ നടത്തിയിരുന്നുവെന്നതാണ് സത്യം. ഉസ്മാനിയ്യാ ഭരണം സ്വേച്ഛാധിപത്യ ഭരണമാണെന്നും അതിനാൽ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ആധിപത്യത്തിന് കീഴ്പെടുന്നതോടെ തങ്ങൾക്ക് സ്വാതന്ത്ര്യവും സമാധാനവും കൈവരുമെന്നുമായിരുന്നു ഇവരുടെ വീക്ഷണം. "അനീതിക്കുള്ള മരുന്ന് അധിനിവേശമല്ലെന്ന" പാഠം അവരന്ന് അറിഞ്ഞതേയില്ല. ഈ മുറവിളി കൂട്ടുന്ന ഒരു കൂട്ടം ആളുകള്‍ ഈജിപ്തിലുമുണ്ടായിരുന്നു. ബ്രിട്ടനുമായുള്ള സന്ധി സംഭാഷണങ്ങളും കൂടിയാലോചനകളും സമാധാനചുവടുവെപ്പുകളും അവരുടെ നിയമത്തെ അപ്പടി അനുസരിക്കലുമാണ് വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പാതയെന്നാണ് അവർ കണക്കു കൂട്ടിയത്. പിന്നീട് ഇതിന്റെയെല്ലാം തിക്തഫലം എവിടം വരെ എത്തിച്ചേർന്നുവെന്നത് ചരിത്രത്തിന്റെ ഭാഗമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും പത്തൊൻപതാം നൂറ്റാണ്ടിന്റെ പിഴവുകൾ മുസ്‍ലിം സമുദായം മനസ്സിലാക്കിയിരുന്നില്ല. ബാരോൺ ലെയോണെൽ വാൾട്ടർ റോത്ഷീൽഡ്, അക്കാലത്ത് യൂറോപ്പിലെ അല്ലെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ബാങ്കുകളിൽ ഒന്നായ റോത്ഷീൽഡ് ബാങ്കിന്റെ ഉടമസ്ഥനും റോത്ഷീൽഡ് കുടുംബത്തിന്റെ പിതാവുമായ ജൂത പ്രഭു ലെയോണെൽ റോത്ഷീൽഡിന്റെ മകൻ നെതന്റെ മകനാണ് വാൾട്ടർ റോത്ഷീൽഡ്. ഇദ്ദേഹവുമായി ബന്ധപ്പെട്ട് ഒരു ഒരു കഥ കൂടിയുണ്ട്.
1839 - 1841 കാലയളവിനിടയിൽ ഉസ്മാനിയ്യാ സുൽത്താനും ഈജിപ്ഷ്യൻ ഗവർണർ മുഹമ്മദലി പാഷയും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളിൽ ബ്രിട്ടനും സഖ്യകക്ഷികളും ലാഭേച്ഛയോടെ ഇടപെട്ടിരുന്നു. മുഹമ്മദലി പാഷയെയും ഈജിപ്തിനെയും ഉസ്മാനിയ്യാ ഭരണകൂടത്തിൽ നിന്ന് അറുത്തുമാറ്റി ഇരുകക്ഷികളെയും വ്യത്യസ്ത ചേരികളാക്കിത്തിരിക്കാനായിരുന്നു അവരുടെ ലക്ഷ്യം. ഈ നീക്കത്തിലൂടെ ഒരു വെടിക്ക് രണ്ടു പക്ഷികളെയാണ് ബ്രിട്ടൻ കൈക്കലാക്കിയത്. ഉസ്മാനിയ്യാ ഭരണകൂടത്തിന് തങ്ങളുടെ ഏറ്റവും ഫലഭൂയിഷ്ടവും കൂടുതൽ സൈനിക ശക്തിയുമുണ്ടായിരുന്ന ഈജിപ്ഷ്യൻ പ്രവിശ്യ നഷ്ടപ്പെടുമെന്നത് ഒരു കാര്യം. അതുപോലെ ഉസ്മാനിയ്യാ ഭരണകൂടത്തിൽ ഏറ്റവും കരുത്തനായിരുന്ന മുഹമ്മദലി പാഷക്ക് ഇസ്താംബൂളിൽ ചെന്ന് സദർ ആളം (Grand vizier) ആയി അദ്ദേഹം മോഹിക്കുന്ന വികസന പരിഷ്കാര പ്രവർത്തനങ്ങൾ ഉസ്മാനിയ്യാ ഭരണകൂടത്തിൽ ഒന്നടങ്കം കൊണ്ടുവരാനും സാധിക്കാതെ ഈജിപ്തിൽ മാത്രമായി ചുരുക്കാം എന്നത് രണ്ടാമത്തെ കാര്യം.
ഇതിനു ശേഷം ഈജിപ്തിലെ മുഴുവൻ സർക്കാർ ഭൂമികളും സ്വകാര്യവൽക്കരിക്കാൻ ബ്രിട്ടൻ മുഹമ്മദലി പാഷയെ നിർബന്ധിച്ചു. തങ്ങൾ പറയുന്നതനുസരിച്ച് നീങ്ങാത്ത പക്ഷം ഉസ്മാനിയ്യാ ഭരണകൂടത്തെ കൊണ്ട് ഈജിപ്ത് വീണ്ടും കീഴ്പ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇക്കാര്യം അവർ നേടിയെടുത്തത്. അങ്ങനെ കാർഷിക വരുമാനങ്ങളുടെ മിച്ചം വരുന്ന സമ്പത്ത് മുഴുവൻ കൈറോയിലെ കേന്ദ്ര ഖജനാവിൽ ഒരുമിച്ചുകൂടി രാജ്യത്തിന് നൂതന വ്യാവസായിക, സൈനിക കേന്ദ്രങ്ങൾ പടുത്തുയർത്തുന്നതിന് പകരം രാജ്യത്ത് ഒന്നടങ്കം ചിതറിക്കിടക്കുന്ന അനേകം ഭൂവുടമകളുടെ കൈകളിലായി വിഭജിക്കപ്പെടുകയും അവരത് നേരെ യൂറോപ്പ്യൻ ബാങ്കുകളിൽ കൊണ്ടുപോയി നിക്ഷേപിക്കുകയും ചെയ്തു. ഇത് ഈജിപ്തിനെ തന്നെ ആസന്നമായൊരു മഹാ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയായിരുന്നു.
തൽഫലമായി മുഹമ്മദലി പാഷയുടെ പിൻഗാമികൾ മതിയായ സാമ്പത്തിക വിഭവങ്ങൾ ഇല്ലാതെ അശക്തരാവുകയും തങ്ങൾ അശക്തരായതായി ഓട്ടോമൻ സുൽത്താൻ അറിഞ്ഞാൽ ഉടനടി തങ്ങളെ താഴെയിറക്കുമെന്ന് അവർ ഭയക്കുകയും ചെയ്തു. അതിനാൽ വിഭവങ്ങളുടെ കുറവ് നികത്താനായി യൂറോപ്യൻ ബാങ്കുകളിൽ നിന്ന് തന്നെ അവർ കടമെടുക്കാൻ തുടങ്ങി. അങ്ങനെ ഈജിപ്തിന്റെ കാർഷിക വിളകൾ നേരെ യൂറോപ്പ്യൻ ബാങ്കുകളിലേക്ക് പോവുകയും ഇതേ ബാങ്കുകളിൽ നിന്ന് തന്നെ ഈജിപ്ഷ്യൻ ഭരണാധികാരികൾ കടമെടുക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷമുണ്ടായി. 1869-ൽ സൂയസ് കനാൽ പണികഴിപ്പിച്ചതിനുശേഷവും ഇതുതന്നെയായിരുന്നു അവസ്ഥ. നിർമാണ ചെലവുകളുടെ ആവശ്യങ്ങൾക്കായി ഭരണകൂടത്തിന്റെ കയ്യിലുള്ള വരുമാനം വളരെ തുച്ഛമായിരുന്നു. ഇതിനായി ഈജിപ്ഷ്യൻ ഭരണാധികാരി ഖിദേവി ഇസ്മായിൽ പാഷ യൂറോപ്പിൽ ചെന്ന് ലെയോണെൽ റോത്ഷീൽഡിന്റെ ബാങ്കിൽ നിന്ന് വലിയൊരു തുക കടമെടുത്തു. ഇതും ഇതിനു മുന്നേയും ഉണ്ടായിരുന്ന മുഴുവൻ ബാധ്യതകളും തീർക്കാനായി അദ്ദേഹം നല്ലൊരു വിലക്ക് തന്നെ സൂയസ് കനാലിന്റെ ഒരു വിഹിതം ബ്രിട്ടന് വിറ്റു. എന്നാൽ ഈജിപ്തിന്റെ കയ്യിൽ നിന്ന് സൂയസ് കനാലിന്റെ ഈ വിഹിതം വാങ്ങാനായി ബ്രിട്ടന് കൊടുത്തതാകട്ടെ നാം പറഞ്ഞു വന്ന ലെയോണെൽ റോത്ഷീൽഡ് തന്നെ. അങ്ങനെയാണ് പിതാമഹൻ ചെയ്തിരുന്ന ആ സൽപ്രവൃത്തിക്കുള്ള പ്രത്യുപകാരം എന്നോണം നാമീ പറഞ്ഞുവന്ന ബാൾഫർ വാഗ്ദാനം ബ്രിട്ടൻ വാൾട്ടർ റോത്ഷീൽഡിന് നൽകുന്നത് പോലും.
പറഞ്ഞു വരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പിഴവുകൾ നാം ഈ ഇരുപതാം നൂറ്റാണ്ടിലും തിരിച്ചറിയുകയോ തിരുത്തുകയോ ചെയ്തിട്ടില്ല എന്നാണ്. ഉസ്മാനിയ്യാ സുൽത്താനും ഈജിപ്ഷ്യൻ ഗവർണറും ബ്രിട്ടനോടും ഫ്രാൻസിനോടും സഹായം അഭ്യർത്ഥിച്ചു അവരെ മധ്യസ്ഥരാക്കിയതും അങ്ങനെ മധ്യസ്ഥ റോളിലെത്തിയവര്‍ ഇരു പക്ഷത്തേയും ഒറ്റപ്പെടുത്തി നിസ്സഹായരാക്കിയതും ചരിത്രത്തിലെ പാഠങ്ങളാണ്. അവസാനം, രണ്ടുപേരും തന്റെ സഹോദരനെ ഇല്ലാതാക്കാൻ അധിനിവേശ ശക്തികളുമായി കൂട്ട് പിടിച്ചതോടെ രണ്ടു പക്ഷവും ഇല്ലാതാവുകയാണ് ചെയ്തത്.
പിന്നീട് നടന്നതെല്ലാം ചരിത്രത്തിലെ ഏറ്റവും പരിതാപകരവും ദുഷ്കരവുമായ അപചയമായിരുന്നു. ആദ്യമായി ഇസ്മായിൽ പാഷയെ ബ്രിട്ടൻ താഴെയിറക്കി. രണ്ടാമതായി അദ്ദേഹത്തിന്റെ മകൻ തൗഫീഖ് പാഷയുടെ കാലത്ത് ബ്രിട്ടൻ ഈജിപ്ത് കീഴടക്കി. മൂന്നാമതായി തൗഫീഖിന്റെ മകൻ അബ്ബാസ് പാഷയെ ഒന്നാം ലോകമഹായുദ്ധകാലത്ത് ഭരണത്തിൽ നിന്ന് പുറത്താക്കി. നാലാമതായി ഉസ്മാനിയ്യാ ഭരണകൂടത്തിന്റെ തകർച്ചയോടെ ബ്രിട്ടീഷ് സൈന്യം ഫലസ്തീൻ കീഴടക്കി. ഈ സൈന്യം ഈജിപ്തിൽ നിന്ന് അന്നത്തെ ഈജിപ്തിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണറായിരുന്ന ലോർഡ് എഡ്മണ്ട് അല്ലിംബിയുടെ നേതൃത്വത്തിൽ ആയിരുന്നു പുറപ്പെട്ടത്. ഈ സൈന്യത്തിൽ മറ്റൊരു വഴിയും ഇല്ലാതെ നിർബന്ധിതരായി സേവനം ചെയ്യേണ്ടി വന്ന ധാരാളം ഈജിപ്ഷ്യൻ പട്ടാളക്കാരും ഉണ്ടായിരുന്നു. സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയുടെ കബറിന്മേൽ ചവിട്ടിക്കൊണ്ട്: "ഇവിടെയിതാ കുരിശു യുദ്ധങ്ങൾ അവസാനിച്ചിരിക്കുന്നു" എന്ന് പ്രഖ്യാപിച്ചതായി പറയപ്പെടുന്നതും ഇതേ എഡ്മണ്ട് അല്ലിംബിയെ കുറിച്ചാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ പിഴവുകൾ തിരിച്ചറിയാതെ പോയതിന് ഫലമാണ് ഇരുപതാം നൂറ്റാണ്ടിൽ സമുദായം അനുഭവിക്കേണ്ടിവരുന്നത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ഗുണപാഠങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സമുദായനേതാക്കളും അധികാരികളും ഉള്‍ക്കൊണ്ടിട്ടില്ല എന്നതും സമാനമായ നീക്കങ്ങള്‍ പലരും ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നതും ഏറെ സങ്കടകരം തന്നെ.



Leave A Comment