അഹ്ലുസ്സുഫ; ഇല്ലായ്മയിലും അനുരാഗത്തിന്റെ ഉണ്മ കണ്ടെത്തിയവർ…

ഇസ്‍ലാമിന്റെ വളർച്ചയിൽ കാതലായ പങ്ക് വഹിച്ചവരാണ് മഹാന്മമാരായ പ്രവാചകാനുയായികൾ (സ്വഹാബത്ത്). പ്രവാചകാനുരാഗം കൊണ്ടും സഹന മാതൃകകൾ കൊണ്ടും ഒരുപാട് ജനതകളെ ഇസ്‍ലാമിന്റെ വെളിച്ചം കാണിച്ചവർ. പ്രവാചക ദർശനം കൊണ്ട് മാത്രം തന്നെ മനുഷ്യ കുലത്തിൽ ഉന്നത സ്ഥാനമാണ് ഇസ്‍ലാമിക വിശ്വാസം അവർക്ക് കൽപിച്ചു നൽകുന്നത്.

തന്റെ അനുയായികൾക്കിടയിൽ പ്രവാചകർ പ്രത്യേക സ്നേഹവും കരുതലും നൽകിയിരുന്ന വിഭാഗമാണ് "അഹ്‍ലുസ്സുഫ" എന്ന സാങ്കേതിക നാമത്തിൽ ഇസ്‍ലാമിക ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്ന വിഭാഗം. പ്രവാചകാനുരാഗം കൊണ്ടും ജ്ഞാനസമ്പാദനത്തിലെ ആത്മസമർപ്പണം കൊണ്ടും ചരിത്രത്തിൽ പേരെടുത്ത വരാണ് അഹ്‌ലുസ്സുഫ.
ആരാണ് അഹ്‍ലുസ്സുഫ എന്ന് മനസ്സിലാക്കും മുമ്പ് എന്താണ് "സുഫ്ഫ" എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇസ്‍ലാമിക ചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവമാണ് ഹിജ്റ. ഹിജ്റക്ക് മുമ്പും, ശേഷം പതിനാറ് മാസത്തോളവും ബൈത്തുൽ മുഖദ്ദസായിരുന്നു മുസ്‍ലിംകളുടെ ഖിബ്‍ലയായി നിലവിലുണ്ടായിരുന്നത്. ദിവ്യ കൽപനക്ക് വഴങ്ങുമ്പോഴും പ്രവാചക ഹൃദയത്തിൽ എന്നും കഅ്ബ തന്നെയായിരുന്നു ഒന്നാമത്. അങ്ങനെയാണ് ഹിജ്റാനന്തരം കഅ്ബയിലേക്ക് ഖിബ്‍ല മാറ്റുന്നത്. തദവസരത്തിൽ ആദ്യ ബിബ്‍ലയുടെ ഭാഗത്ത് മസ്ജിദുന്നബവിയിൽ ഒഴിവുവന്നിടത്ത് പ്രവാചകർ ഈന്തപ്പനയോലകൾ കൊണ്ട് തണലിടാൻ കൽപിച്ചു. ഇതാണ് സുഫ്ഫ എന്ന നാമത്തിൽ പിന്നീട് അറിയപ്പെടുന്നത്. മക്കയിൽ നിന്ന് എല്ലാം വിട്ടെറിത്ത് വന്ന ഒരു കൂട്ടം മുഹാജിറുകൾക്ക് താമസിക്കാൻ ഇടമില്ലെന്ന പരാതിയാണ് ഈ ചെയ്തിയിലേക്ക് പ്രവാചകരെ നയിച്ചത്.

നന്നേ ദരിദ്രരായ മുഹാജിറുകളും പിന്നീട് മദീന ലക്ഷ്യമാക്കി വന്നിരുന്ന ദൗത്യസംഘങ്ങളും അവിടെ അഭയം തേടിക്കൊണ്ടിരുന്നു. ഉമവീ ഖലീഫ വലീദ് ബിൻ അബ്ദുൽ മലികിന്റെ കാലത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വരെ അത് അങ്ങനെ തന്നെ നിലനിന്ന് പോന്നു. അതിന് ശേഷമാണ് ഇന്ന് കാണുന്ന രീതിയിലുള്ള നിര്‍മ്മിതിക്ക് തുടക്കം കുറിക്കുന്നതും ശേഷം "ദുക്കത്തുൽ അഗ്‍വാത്" എന്ന പേരില്‍ അത് അറിയപ്പെടുന്നതും. സുഫ്ഫയെന്ന ഈ സവിശേഷ സ്ഥലവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെയാണ് അഹ്‍ലുസ്സുഫ്ഫ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

സ്വന്തമായി വീടും സ്വത്തുമൊന്നുമില്ലാതെ സദാ അറിവുമായും പ്രവാചക പ്രവൃത്തികളുമായും ബന്ധപ്പെട്ടിരുന്നവരായിരുന്നു അവർ. പട്ടിണി കാരണം ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നിരുന്ന അവർക്ക് പ്രവാചകർ പ്രത്യേക പരിഗണന നൽകിപ്പോന്നിരുന്നു. തനിക്ക് ലഭിക്കുന്നത് അവരുടെ ഇടയിൽ വീതം വെച്ചു നൽകാനും പ്രവാചകർ ശ്രദ്ധ കാണിച്ചിരുന്നു. ഇതേ ചര്യ പിന്തുടർന്ന് സ്വഹാബത്തും തങ്ങളെക്കൊണ്ടാവുന്നവരെ സൽകരിക്കാൻ ശ്രമിക്കുമായിരുന്നു. ഈത്തപ്പഴക്കുല സുഫ്‍ഫയിൽ കൊണ്ട് വന്ന് തൂക്കിയിടുന്ന പതിവും അനുചരർക്കിടയിൽ നിലനിന്നിരുന്നു. ലോകമാന്യത്തിന് വേണ്ടി കപട വിശ്വാസികൾ ഈ ചെയ്തി ഏറ്റെടുത്തതാണ് സൂറത്തുൽ ബഖറയിലെ സ്വദഖയുമായി ബന്ധപ്പെട്ട ആയത്തുകൾ അവതരിക്കാൻ കാരണമായി പല ഖുർആൻ വ്യാഖ്യാതാക്കളും ചൂണ്ടിക്കാട്ടുന്നത്. താഴ്ന്ന തരം ഈത്തപ്പഴങ്ങൾ കൊണ്ട് വന്നിരുന്ന മുനാഫിഖുകളെ ശക്തമായ ഭാഷയിൽ ഖുർആൻ വിമർശിക്കുന്നതായി കാണാം.

ദാരിദ്ര്യം തീർക്കുന്ന തടസ്സങ്ങൾക്കിടയിലും ജ്ഞാന സമ്പാദനത്തിന്റെ മാർഗമായിരുന്നു അഹ്‍ലുസ്സുഫ തിരഞ്ഞെടുത്തത്. ഖുർആനിക പഠനങ്ങളും ശർഈ വിധിവിലക്കുകളുമായിരുന്നു അവരുടെ പ്രധാന പാഠ്യ വിഷയങ്ങൾ. സാധ്യമാകുമ്പോഴെല്ലാം ജിഹാദുകളിലും അവർ പങ്കെടുത്തിരുന്നു. ബദ്റിലും ഉഹ്ദിലുമൊക്കെയായി ഒട്ടനവധി ശുഹദാക്കളും അവരിൽ നിന്നും ഉണ്ടായിരുന്നു. അറിവും ആരാധനയുമായി അവർ പ്രവാചക ജീവിതത്തിലെ നിത്യ സാനിധ്യങ്ങളായിരുന്നു. പ്രവാചകരിൽ നിന്നോ അവിടുന്ന് കൽപിച്ച് നൽകുന്ന മറ്റു അനുയായികളിൽ നിന്നോ ഒക്കെയായി അവർ നിരന്തരം വൈജ്ഞാനിക വ്യവഹാരങ്ങളിൽ ഏർപെട്ടുക്കൊണ്ടേയിരുന്നു. 

ഇക്കാരണത്താൽ തന്നെ അവരിൽ നിന്നും പ്രശസ്തിയാർജിച്ച ഒരുപാട് പണ്ഡിതരും ഉടലെടുത്തു. ഹദീസ് ഗ്രന്ഥങ്ങളിലെ നിത്യ താരകമായ അബൂഹുറൈറ(റ) വാണ് അവരിൽ പ്രധാനി. പ്രവാചകാനുയായികളിൽ ഏറ്റവും കൂടുതൽ ഹദീസ് നിവേദനം ചെയ്തതും അദ്ദേഹം തന്നെയാണ്. താൻ ഹദീസുകളിൽ അധികം പറയുന്നുവെന്ന സ്വരത്തിൽ സംശയത്തോടെ തന്നെ നോക്കിക്കണ്ടവരോട് നിങ്ങൾക്ക് കച്ചവടവും മറ്റുമായി നിരവധി തിരക്കുകളായിരുന്നുവല്ലോ, എനിക്ക് ജ്ജാനസമ്പാദനം മാത്രമാണ് ജോലി എന്നായിരുന്നു അബൂഹുറൈറ(റ)വിന്റെ പ്രതികരണം. നിരന്തരമായ വൈജ്ഞാനിക കൈമാറ്റങ്ങളും അരിൽ നിലനിന്ന് പോന്നു. എഴുത്തിലും വായനയിലും അവർ പ്രാവീണ്യം നേടി. ഖുർആൻ പഠനത്തിലും മുന്നിട്ടു നിന്നു. 

ഇല്ലായ്മ വല്ലാതെ വലച്ചിരുന്നു അവരെ. നേരാംവണ്ണം ഭക്ഷണവും വസ്ത്രവും ഒന്നും അവർക്ക് ലഭിച്ചിരുന്നില്ല. ശരിയായ രീതിയിൽ ഔറത്ത് പൂർണമായും മറക്കാനുള്ള വസ്ത്രം പോലും പലർക്കും അന്യമായിരുന്നു. അബൂഹുറൈറ(റ) തങ്ങളുടെ അവസ്ഥ വിശദീകരിക്കുന്നതായി ഒരുപാട് ഹദീസുകൾ കാണാം. പലർക്കും ശരിയായ രീതിയിൽ ഔറത്ത് മറക്കാൻ പോന്ന വസ്ത്രമില്ലായിരുന്നെന്നും കൈ കൊണ്ട് മറച്ച് പിടിക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നെന്നും കാണിക്കുന്ന ഒരു സംഭവം അബൂഹുറൈറ(റ) വിശദീകരിക്കുന്നുണ്ട്. വേർതിരിച്ച് ധരിക്കാനില്ലാത്തതിനാൽ കഴുത്തിൽ കെട്ടി കാൽമുട്ട് കഷ്ടിച്ച് മറയുന്ന രീതിയിലായിരുന്നു പലരുടെയും വസ്ത്രമെന്ന് പ്രാമാണിക ഗ്രന്ഥങ്ങളിൽ കാണാം. വിശപ്പ് കാരണം പള്ളി വരാന്തയിൽ ബോധരഹിതനായി ഇടക്കിടക്ക് വീണു പോവാറുണ്ടെന്നും സ്ഥിരമായി വയറ്റിൻമേൽ കല്ല് കെട്ടിവെക്കാറുണ്ടായിരുന്നെന്നും അബൂഹുറൈറ(റ) പറഞ്ഞു വെക്കുന്നതായും കാണാം. പ്രവാചാകാനുരാഗത്തിന്റെയും ജ്ഞാന ദാഹത്തിന്റെയും കാഠിന്യം അവരെ എന്തിനും പ്രാപ്തരാക്കിയിരുന്നു. 

ഭക്ഷണം ലഭിച്ചിരുന്നപ്പോഴൊക്കെ പങ്കുവെക്കലിന്റെ മനോഹര ചിത്രങ്ങളായിരുന്നു അഹ്‍ലുസ്സുഫ പ്രദര്‍ശിപ്പിച്ചിരുന്നത്. ഉള്ളത് കൃത്യമായി വീതം വെക്കാൻ എന്നും ശ്രദ്ധവെച്ചു. ഒരാൾ രണ്ട് ഈത്തപ്പഴം എടുത്താൽ മറ്റുള്ളവരെ അറിയിക്കുകയും ഒന്ന് അധികം എടുക്കാൻ കൽപിക്കുകയും ചെയ്യുമായിരുന്നു. പ്രവാചക സ്നേഹമാണ് അഹ്‍ലുസുഫ നൽകുന്ന മറ്റൊരു പാഠം. എന്നും എപ്പോഴും അവർ പ്രവാചകരോടൊപ്പം നിലകൊണ്ടു. പ്രവാചകർ(സ്വ) തന്നെയായിരുന്നു അവരുടെ രക്ഷാകർത്താവ്. അവരുടെ ആവശ്യങ്ങൾ തന്നാലാവും വിധം നിറവേറ്റാൻ പ്രവാചകർ എന്നും ശ്രദ്ധ കാണിച്ചു. 

നബിയുടെ മുഅ്ജിസത്ത് വെളിവാക്കുന്ന അനവധി സംഭവങ്ങളും ഇവ്വിഷയകമായി കാണാം. ഹദിയ ആയി ലഭിച്ച ഒരു കപ്പ് പാൽ നൂറിലേറെ വരുന്ന അഹ്‍ലുസ്സുഫക്ക് നൽകിയ സംഭവം അബൂഹുറൈറ(റ), വളരെ രസകരമായി തന്നെ നിവേദനം ചെയ്യുന്നുണ്ട്. വരിയുടെ അവസാനത്തിലിരിക്കുന്ന തനിക്ക് കുടിക്കാന്‍ ഉണ്ടാവുമോ എന്ന് ഭയക്കുന്ന അബൂഹുറൈറ(റ)യോട്, നബി തങ്ങള്‍ വീണ്ടും വീണ്ടും കുടിക്കാന്‍ കല്‍പിക്കുന്നതും വയറ് നിറയെ കുടിച്ചിട്ടും പാല് ബാക്കിയായതും പറയുന്ന ഹദീസ് അഹ്‍ലുസ്സുഫ്ഫയുടെ കൃത്യമായ ചിത്രമാണ് നമുക്ക് വരച്ച് തരുന്നത്. തനിക്ക് ലഭിക്കുന്ന സ്വദഖയിൽ ഏറിയ പങ്കും നബി തങ്ങൾ ചെലവാക്കിയിരുന്നത് അവർക്കിടയിലായിരുന്നു. ഹസൻ(റ) ജനിച്ചപ്പോൾ മുടിയുടെ തൂക്കം വെള്ളിയുടെ അളവിൽ അഹ്‍ലുസുഫക്ക് സ്വദഖ നൽകാൻ നബിതങ്ങൾ ഫാത്വിമ(റ) യോട് കൽപിക്കുന്നുണ്ട്. തന്റെ മരണം മിസ്കീനായിട്ടാകണമേയെന്നതായിരുന്നു പ്രവാചകരുടെ പ്രധാന പ്രാർത്ഥനകളിലൊന്ന്. പരസ്പര സ്നേഹത്തിന്റെ മഹിത ചര്യകൾ നിരന്തരം അനുവർത്തിക്കുകയായിരുന്നു പ്രവാചകർ.

ചരിത്ര രേഖകളിലൊന്നും അഹ്‌ലുസ്സുഫയുടെ കൃത്യമായ എണ്ണം കാണാൻ സാധിക്കില്ല. സാഹചര്യങ്ങൾക്കനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കുന്നതായിരുന്നു അവരുടെ അംഗസംഖ്യയെന്നാണ് പ്രബലാഭിപ്രായം. ദൗത്യസംഘങ്ങളുടെ ആഗമനത്തോടെ എണ്ണം വർധിക്കുകയും ചിലർ സാഹചര്യങ്ങൾ വന്നുചേരുന്നതിനുസരിച്ച് മാറി നിൽക്കുമ്പോൾ എണ്ണം കുറയുന്നതായിട്ടും കാണാം. പൊതുവെ എഴുപതോളമായിരുന്നു അവരുടെ അംഗസംഖ്യ. മുന്നൂറിലധികമെന്നതാണ് ലഭ്യമായതിൽ ഉയർന്ന സംഖ്യ. അബൂഹുറൈറ(റ), അബൂദറുൽ ഗിഫാരി, കഅ്ബുബ്നു മാലികിൽ അൻസാരി, ഹുദൈഫത്ത് ബ്നുൽ യമാൻ, സ്വുഹൈബുറൂമി, ഇബ്നു മസ്ഊദ്, സഫീന, ബിലാൽ ബ്നു റബാഹ് തുടങ്ങിയ സ്വഹാബീ വര്യരാണ് അഹ്ലുസ്സുഫയിലെ പ്രധാനികൾ.

ഭൗതികതയുടെ ചതിപ്രയോഗങ്ങളെ തിരിച്ചറിഞ്ഞ് ഇലാഹീ ചിന്തകൾക്ക് ജീവിതം തന്നെ മാറ്റിവെച്ച് പ്രവാചകാനുരാഗത്തിന്റെ അകമറിഞ്ഞ മഹത്തുക്കളാണ് അഹ്‌ലുസ്സുഫ. അല്ലാഹു അവരോടൊപ്പം നമ്മെയും പ്രവാചകരോടൊത്ത് ഒരുമിച്ച് കൂട്ടട്ടെ, ആമീന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter