അൽമുഹദ്ദിസാത്, മുസ്‍ലിം സ്ത്രീകളുടെ പ്രൌഢമായ ചരിത്രം പറയുന്ന ഗ്രന്ഥം

സ്ത്രീ പുരുഷ ഭേദമന്യേ നിർബന്ധ ബാധ്യതയായിട്ടുള്ള ഒരു മഹത്തായ കർമ്മമാണല്ലോ വിജ്ഞാനസമ്പാദനം. വൈജ്ഞാനിക മേഖലയിൽ വിസ്മയ വിപ്ലവങ്ങൾ സൃഷ്ടിച്ച് കടന്നുപോയ പണ്ഡിതരും പണ്ഡിതകളും ഇസ്‍ലാമിക ചരിത്രത്തില്‍ ധാരാളമാണ്. ഇപ്രകാരം ഹദീസിന്റെ മേഖലയിൽ പാണ്ഡിത്യം തെളിയിച്ച ഒമ്പതിനായിരത്തിൽ പരം മുസ്‍ലിം പണ്ഡിത വനിതകളെ കുറിച്ച് പഠനം നടത്തുന്ന ഒരു വിപുല ഗ്രന്ഥമാണ് അൽ മുഹദ്ദിസാത്ത്. 

നാല്പത്തിമൂന്ന് വാള്യങ്ങളിലായാണ് ഈ പുസ്തകം ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. പ്രശസ്ത പണ്ഡിതൻ മുഹമ്മദ് അക്റം നദ്‍വിയുടെ വർഷങ്ങൾ നീണ്ട പ്രയത്നങ്ങൾക്കൊടുവിൽ സാക്ഷാത്കൃതമായ ഈ ബൃഹദ് ഗ്രന്ഥം ഇപ്പോള്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ പ്രൗഢഗ്രന്ഥത്തിന്റെ സംക്ഷിപ്തരൂപം മലയാളത്തിലാക്കിയത് മുഹമ്മദ് അനീസ് കമ്പളക്കാട് എന്ന എഴുത്തുകാരനാണ്, അത് പ്രസിദ്ധീകരിച്ചത് ബുക്‌പ്ലസും. 

ഇസ്‍ലാമിനെ ഒരു പുരുഷാധിപത്യ മതമായും സ്ത്രീശാക്തീകരണത്തിന് പരിഗണന നൽകാത്ത ആറാം നൂറ്റാണ്ടിന്റെ പഴഞ്ചൻ സിദ്ധാന്തമായും മുദ്രകുത്തുന്ന സമകാലിക സമൂഹം തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. ഇംഗ്ലീഷ് മൂല ഗ്രന്ഥത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന ഈ സംക്ഷിപ്ത കൃതി ഉപര്യുക്ത പുസ്തകത്തിന്റെ അകക്കാമ്പ് മനസ്സിലാക്കാവുന്ന തരത്തിൽ ലളിതവും സുന്ദരവുമായാണ് മലയാളീകരിച്ചിട്ടുള്ളത്. 

ഇസ്‍ലാമിക പഠനങ്ങളുടെ കാതലായ ഹദീസ് വിജ്ഞാന ശാഖയിൽ പ്രതിഭാധനത്വം തെളിയിച്ച മഹിളാരത്നങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ കൃതി. ഹദീസ് കൂടാതെ മറ്റു അനവധി വിജ്ഞാന ശാഖകളിലും നമ്മുടെ പൂർവ്വസ്ത്രീകൾ ജ്വലിച്ചു നിന്നിരുന്നു. ഫിഖ്ഹ്, ഇഫ്താഅ്, ഇൽമുൽ കലാം, സീറ ഇവയെല്ലാം അവയിൽ ചിലത് മാത്രമാണ്. വ്യത്യസ്ത നൂറ്റാണ്ടുകൾ അടിസ്ഥാനപ്പെടുത്തിയുള്ള മുഹദ്ദിസാത്തിന്റെ വിവരണങ്ങൾ, വിജ്ഞാന വീഥിയിലായി അവർ കഴിച്ചുകൂട്ടിയ ഭൂമിശാസ്ത്രപരമായ ഇടങ്ങൾ, ജ്ഞാന സമ്പാദനത്തിനും പ്രചാരണത്തിനും സ്വീകരിച്ച രീതികൾ, സ്ഥാപനങ്ങൾ, ഭരണകാര്യങ്ങളിലും നീതിന്യായ നിർവഹണങ്ങളിലുമുള്ള ഫലവത്തായ ഇടപെടലുകൾ, രചനാലോകത്തെ അവരുടെ സംഭാവനകൾ ഇവയെല്ലാം കൃത്യവും വ്യക്തവുമായി വരച്ചുകാട്ടുകയാണ് 'അൽ മുഹദ്ദിസാത്ത്'. 

പ്രവാചകർ (സ്വ), സ്വഹാബാക്കൾ, താബിഉകൾ തുടങ്ങിയ പൂർവികരെല്ലാം അവരുടെ ഭാര്യമാർക്കും പെൺമക്കൾക്കും ഹദീസുകള്‍ സ്വായത്തമാക്കി കൊടുക്കുന്നതിൽ കണിശത പുലർത്തിയിരുന്നെന്ന് ചരിത്രം പറയുന്നു. ഉമ്മുൽ മുഅ്മിനീൻ ആയിശ(റ)യിൽ നിന്ന് തുടങ്ങി ഡമസ്കസിന്റെ പ്രസിദ്ധ മസ്ജിദുകളുടെ നടുമുറ്റത്ത് സ്വഹീഹുൽ ബുഖാരിയും മുസ്‍ലിമും അധ്യാപനം നടത്തിയ വനിതാ പണ്ഡിതകളുടെ അഭിമാന പാരമ്പര്യമാണ് നമുക്കുള്ളതെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. അൽ മുഹദ്ദിസാത്ത് പരിചയപ്പെടുത്തിത്തരുന്ന വിഷയങ്ങളിലെല്ലാം അവയുടെ സ്രോതസ്സുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ചേർത്തുവെക്കുന്നുണ്ട്. ഇതിലൂടെ പരാമർശിത വിഷയങ്ങളുടെ ആധികാരികത മനസ്സിലാക്കാൻ വായനക്കാരന് സാധിക്കുന്നു.

സ്ത്രീവിരുദ്ധമതമാക്കി ഇസ്‍ലാമിക ആദർശത്തെ വികലമാക്കുന്ന തരത്തിലുള്ള വിമർശനങ്ങൾ അറിഞ്ഞും അറിയാതെയും നടത്തുന്നവര്‍ ഇന്ന് വ്യാപകമാണ്. സമ്പൂർണ്ണവും സന്തുഷ്ടവുമായ മുസ്‍ലിം സ്ത്രീ സമീപനത്തെ ഫെമിനിസത്തിന്റെ ചുവടുപിടിച്ച് വക്രീകരിച്ച് ചിത്രീകരിക്കാൻ ചിലർ കാണിക്കുന്ന വ്യഗ്രത അതിലേറെ കൌതുകകരവും. 

അന്ധത ബാധിക്കുകയോ നടിക്കുകയോ ചെയ്യുന്ന ഇക്കൂട്ടർക്ക് മുന്നിൽ ഇത്തരം കൃതികൾ കൃത്യമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. പ്രഗൽഭരായ മുസ്‍ലിം പണ്ഡിതകളുടെ മാതൃകകൾ മുന്നോട്ട് വച്ച് തരുന്ന അൽ മുഹദ്ദിസാത്ത് ഓരോ മുസ്‍ലിം പെൺകുട്ടിക്കും വൈജ്ഞാനിക ലോകത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാൻ പ്രചോദനമേകാൻ ഉതകുന്നതാണ്. മുസ്‍ലിം സ്ത്രീ അടുക്കളയുടെ നാല് ചുവരുകൾക്കപ്പുറം ഒന്നും അറിയാത്തവളാണെന്നും പാർശ്വവൽക്കരിക്കപ്പെട്ടവളാണെന്നുമുള്ള തെറ്റിദ്ധാരണകൾ തിരുത്താൻ ഇത് ഒരു പരിധി വരെ സഹായകമായേക്കാം. മുസ്‍ലിം വനിതകളുടെ ഉന്നത പാരമ്പര്യം സത്യസന്ധമായി വായിക്കപ്പെടൽ അനിവാര്യമാണ്. ഇസ്‍ലാമിക നിയമങ്ങളിലധിഷ്ഠിതമായ വിജ്ഞാന മുന്നേറ്റങ്ങൾ തീർക്കാൻ മുസ്‍ലിം വനിതക്ക് സാധിക്കണം. മുസ്‍ലിം സ്ത്രീയായി ജനിച്ചതില്‍ അഭിമാനം ഉയര്‍ത്തുന്ന ഇത്തരം പ്രൗഢഗ്രന്ഥങ്ങൾ ചരിത്രത്തിൽ ആവർത്തിക്കപ്പെടേണ്ടതുണ്ട്.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter