ബ്രിട്ടന്‍ അന്ന് നടത്തിയ കൊലച്ചതിയാണ് ഇതിനെല്ലാം കാരണം

"പുണ്യ നഗരമായ ജെറൂസലമിൽ അടുത്ത പല തലമുറകൾക്കും സമാധാനം ഉണ്ടാകാൻ പോകുന്നില്ല. നീണ്ട യുദ്ധങ്ങൾക്ക് അത് സാക്ഷ്യം വഹിക്കാൻ പോവുകയാണ്." ഫലസ്തീൻ രണ്ടായി കീറിമുറിച്ച് ഇസ്രയേൽ എന്ന രാഷ്ട്രം രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ ഐക്യരാഷ്ട്രസഭയിൽ സിറിയയുടെ പ്രതിനിധി പറഞ്ഞ വാക്കുകളാണിത്. അദ്ദേഹത്തിന്റെ വാക്കുകളെ അന്വർത്ഥമാക്കും വിധം ലോക മനസ്സാക്ഷിക്ക് മുമ്പിൽ ഒരു ചോദ്യചിഹ്നമായി വീണ്ടും ഉയർന്നുവന്നിരിക്കുകയാണ് ഫലസ്തീൻ. ഒക്ടോബർ ഏഴിന് ഹമാസിന്റെ ആക്രമണത്തിന് പ്രത്യാക്രമണമെന്നോണം തുടങ്ങിയ കൊടുംക്രൂരത മുപ്പത്തിയേഴാം ദിവസത്തിലെത്തി നില്ക്കുകയാണ്. ആയിരക്കണക്കിന് നിഷ്കളങ്കരായ കുട്ടികളെ പോലും നിഷ്ക്കരുണം കൊന്നു തള്ളിയിട്ടും ഇസ്രയേലിലെ സയണിസ്റ്റ് വംശീയ ഭരണകൂടത്തിന്റെ നികൃഷ്ട ചെയ്തികൾക്ക് കുടപിടിക്കുന്ന ബദ്ധപ്പാടിലാണ് അമേരിക്കയും ബ്രിട്ടനുമടക്കമുള്ള ലോകത്തിലെ വൻകിട രാഷ്ട്രങ്ങള്‍.

ഈ ഒരു സന്ദർഭത്തിൽ, ഫലസ്തീൻ ഭരിച്ച കൊളോണിയൽ ശക്തികൾ കാണിച്ച ചരിത്രത്തിലെ തുല്യതയില്ലാത്ത അനീതി ഒരിക്കലും വിസ്മരിക്കാനാവില്ല. മതത്തിന്റെ പേരിൽ മനുഷ്യനെ വേർതിരിച്ച ബ്രിട്ടീഷുകാരുടെ നയനിലപാടുകളിലെ കാപട്യമാണ് ഇന്നത്തെ പ്രശ്നങ്ങളുടെ മൂല കാരണമെന്ന് പറയാതെ വയ്യ. ഒടുവിലത്തെ ഹമാസിന്റെ ആക്രമണം കൊണ്ടോ ഇസ്രായേലിന്റെ പ്രത്യാക്രമണം കൊണ്ടോ ഉടലെടുത്തതല്ല ഇരു രാജ്യങ്ങൾക്കും ഇടയിലെ പ്രതിസന്ധികൾ. മറിച്ച്, അതിന് ഇസ്രയേൽ എന്ന രാഷ്ട്രത്തിന്റെ ജനനത്തോളം തന്നെ പഴക്കമുണ്ട്.

ഒന്നാം ലോകമഹായുദ്ധത്തിന്റെ 400 വർഷങ്ങൾക്കു മുമ്പ് ഫലസ്തീനിൽ ഭരണം നടത്തിയിരുന്നത് ഓട്ടോമൻ സാമ്രാജ്യമായിരുന്നു. അന്നത്തെ ഓട്ടോമൻ സിറിയൻ പ്രവിശ്യയുടെ ഭാഗമായിരുന്നു ഫലസ്തീൻ. ജനസംഖ്യയുടെ ഭൂരിപക്ഷവും (ഏകദേശം 80% ) മുസ്‍സിം അറബ് വംശജരായിരുന്നപ്പോഴും 10% ക്രൈസ്തവരും 3%  ജൂതരും ന്യൂനപക്ഷമായി അവിടെയുണ്ടായിരുന്നു. ആ സമയത്തും ജെറുസലേമിൽ ആരാധനാകർമങ്ങൾക്ക് എല്ലാ മതക്കാർക്കും തുല്യമായ അവകാശം ഉണ്ടായിരുന്നു.

പിന്നീട് ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിയുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ജർമ്മനിയും ഓസ്ട്രിയയും ഹങ്കറിയുമടങ്ങിയ സഖ്യത്തിനൊപ്പം ചേർന്നുനിന്ന് പ്രവർത്തിക്കാൻ ഓട്ടോമൻസ് സന്നദ്ധത പ്രകടിപ്പിച്ചു. ബ്രിട്ടനും ഫ്രാൻസുമടങ്ങിയ സഖ്യകക്ഷികളായിരുന്നു ഇവർക്കെതിരെ ഉണ്ടായിരുന്നത്. അറബ് വംശജരും ജൂതരും ഒരുപോലെ ബ്രിട്ടൻ-ഫ്രാൻസ്-റഷ്യ സഖ്യത്തെ പിന്തുണച്ച് രംഗത്ത് വന്നു. ഈ സാഹചര്യം മുതലെടുത്ത് ബ്രിട്ടൻ മുസ്‍ലിംകളുടെയും ഓട്ടോമൻസിന്റെയും ഇടയിൽ വിഭാഗീയത സൃഷ്ടിച്ചു. യുദ്ധത്തിലെ വിജയത്തിന് എതിർപക്ഷത്തുണ്ടായിരുന്ന ഓട്ടോമൻസിനെതിരെ പോരാടാൻ തുനിഞ്ഞിറങ്ങിയാൽ ഫലസ്തീനിൽ ഒരു സ്വതന്ത്ര അറബ് രാജ്യം സ്ഥാപിക്കാൻ സഹായിക്കാം എന്ന് ബ്രിട്ടൻ അറബ് ജനതക്ക് 1915 ൽ വാക്ക് നൽകി. എന്നാൽ, ഇതേ സമയത്താണ് ബ്രിട്ടൻ ജൂതരാഷ്ട്രം സ്ഥാപിക്കാൻ അനുവദിക്കുമെന്ന് ജൂതർക്ക് ഉറപ്പുനൽകിക്കൊണ്ട് ബാൽഫോർ പ്രഖ്യാപനവും നടത്തുന്നത്. ഫലസ്തീനിൽ ഇസ്രായേൽ വിഷയം ഇന്ന് കാണുന്ന രീതിയിൽ രക്തരൂക്ഷിതമാക്കുന്നതിൽ ബ്രിട്ടൻ സ്വീകരിച്ച നയനിലപാടിലെ ഈ വഞ്ചനാത്മക സമീപനം വലിയ രീതിയിൽ പങ്കു വഹിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാനാകും. ഇതൊന്നും പോരാതെ യുദ്ധത്തിനുശേഷം ഇന്നത്തെ ജോർദാൻ ഇസ്രയേൽ-ഫലസ്തീൻ-ഇറാഖ് പ്രദേശങ്ങൾ വീതിച്ചെടുക്കാമെന്ന് ഫ്രാൻസുമായും ബ്രിട്ടൻ രഹസ്യ ധാരണ ഉണ്ടാക്കി.

ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടൻ ഓട്ടോമൻ തുർക്കികളെ പരാജയപ്പെടുത്തി ഫലസ്തീനിന്റെ അധികാരം പിടിച്ചെടുത്തു. യുദ്ധത്തിനുശേഷം 1919 ൽ സയണിസ്റ്റ് നേതാവ് ചയിം വീസ്മനും പിന്നീട് ഇറാഖ് രാജാവായ ഫൈസൽ ഒന്നാമനും ഫൈസൽ-വീസ്മൻ കരാറിൽ ഒപ്പുവച്ചു. ഫലസ്തീനെ അറബ് സ്വതന്ത്ര മേഖലയിൽ ഉൾപ്പെടുത്തുമെന്നുള്ള ബ്രിട്ടന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനുള്ള വ്യവസ്ഥകളോടെയുള്ള ബാൽഫോർ പ്രഖ്യാപനം ഫൈസൽ രാജാവ് താൽക്കാലികമായി  അംഗീകരിച്ചു. യുദ്ധാനന്തരം ബ്രിട്ടൻ മുമ്പത്തെ കരാറുകൾ നിറവേറ്റാൻ തയ്യാറായില്ല, അഥവാ മുസ്‍ലിം രാജ്യം സ്ഥാപിക്കാൻ ബ്രിട്ടൻ അനുവദിച്ചില്ല. ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചക്ക് ശേഷം രണ്ട് രാജ്യങ്ങൾ രൂപീകരിക്കാൻ ഇരു ചേരിയിലെയും നേതാക്കന്മാർ പരസ്പര ധാരണയിൽ എത്തിയെങ്കിലും ഇത് പ്രായോഗികവൽക്കരിക്കപ്പെട്ടില്ല. അങ്ങനെ ഒരു മുസ്‍ലിം ഭൂരിപക്ഷ ബ്രിട്ടീഷ് കോളനിയായി ഫലസ്തീൻ മാറി. ചെറിയ തോതിലാണെങ്കിലും ക്രിസ്ത്യാനികളും ജൂതരും ഇവിടെ താമസിച്ചിരുന്നു. വളരെയധികം  മത സൗഹാർദ്ദത്തോടുകൂടിയുള്ള ജീവിതമായിരുന്നു ജനങ്ങൾ നയിച്ചിരുന്നത്. എന്നാൽ, ഇവർക്കിടയിലാണ് ബ്രിട്ടൻ മതത്തിന്റെ വേലികൾ കെട്ടിപ്പൊക്കുന്നത്.

Divide and rule എന്ന കിരാതനയവുമായി ബ്രിട്ടൻ രംഗപ്രവേശനം ചെയ്തു. മൂന്ന് മതസ്ഥർക്കും പ്രത്യേകമായ ഭരണസംവിധാനങ്ങളും ഭരണ സ്ഥാപനങ്ങളും ഉണ്ടാക്കി. ബാൽഫർ ഉടമ്പടി പ്രകാരം ഫലസ്തീനിൽ ഒരു ജൂത രാജ്യം സ്ഥാപിക്കുന്നതിന് ഗണ്യമായ രീതിയിലുള്ള ജൂത കുടിയേറ്റത്തിന് ബ്രിട്ടൻ ഇക്കാലയളവിൽ വലിയ രീതിയിൽ പ്രോത്സാഹനം നൽകി. യഥാർത്ഥത്തിൽ ഈ സംഭവമാണ് ജൂതന്മാര്‍ക്കും അറബികൾക്കുമിടയിൽ സംഘർഷത്തിന് തുടക്കം കുറിക്കുന്നതിന് നിമിത്തമായി തീർന്നത്. മുസ്‍ലിം അറബ് രാജ്യം രൂപീകരിക്കാൻ സഹായിക്കാമെന്ന വാഗ്ദാനം ബ്രിട്ടൻ ലംഘിച്ചെന്ന് മാത്രമല്ല, ജൂതരാഷ്ട്രം നിർമിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്തു. ഇതേസമയം, ജൂതരുടെ പിന്തുണയോടെ ബ്രിട്ടൻ അറബ് വംശജർക്കെതിരെ വലിയ രീതിയിലുള്ള അക്രമങ്ങളും അഴിച്ചുവിടുന്നുണ്ട്.

ഇസ്രയേൽ രാഷ്ട്ര നിർമ്മാണത്തിനായി രൂപം കൊണ്ട് 1800കളുടെ അവസാനത്തിൽ ശക്തി പ്രാപിച്ച സയണിസ്റ്റ് പ്രസ്ഥാനം ജൂത കുടിയേറ്റത്തിന് വലിയ രീതിയിൽ ചുക്കാൻ പിടിച്ചു. സ്ഥാപക നേതാവായിരുന്ന തിയോഡർ ഹെർസൽ ലോകത്തുള്ള ജൂതന്മാരോട് ഇസ്രായേലിലേക്ക് കുടിയേറിപ്പാർക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്. റഷ്യയിൽ നിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായി 1898 മുതൽ 1903 വരെ 95,000 ജൂതന്മാരാണ് ഫലസ്തീനിലേക്ക് കുടിയേറിയത്.

ഒടുവിൽ ഫലസ്തീൻ ഉപേക്ഷിച്ചു പോകാൻ ബ്രിട്ടൻ തീരുമാനമെടുത്തു. ഫലസ്തീൻ എന്ന രാജ്യം വിഭജിച്ച് അറബികൾക്കും ജൂതന്മാർക്കും വെവ്വേറെ രാഷ്ട്രം എന്ന ദ്വിരാഷ്ട്ര സങ്കൽപമായിരുന്നു ബ്രിട്ടൻ മുന്നോട്ടുവെച്ചത്. എല്ലാ മതങ്ങൾക്കും ഒരുപോലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ ആയ ജെറൂസലേമും ബെത്‍ലഹേമും അന്താരാഷ്ട്ര മേഖലയായി പ്രഖ്യാപിക്കാനും തീരുമാനമെടുത്തു. എന്നാൽ ഇതിലെ ഭൂമി വിഭജനം തീർത്തും അന്യായമായിരുന്നു. തുടർച്ചയുള്ള പ്രദേശങ്ങളെല്ലാം ഇസ്രയേലിന് നൽകിയപ്പോൾ ഒറ്റപ്പെട്ട് കിടക്കുന്ന കിഴക്ക് ഭാഗത്തെ വെസ്റ്റ് ബാങ്കും പടിഞ്ഞാറ് ഗസ്സയും വടക്ക് ഗോലാൻ കുന്നുകളുമായിരുന്നു ഫലസ്തീൻ ജനതയ്ക്ക് നൽകിയിരുന്നത്. 

ബ്രിട്ടന്റെ ഈ ചതി നിറഞ്ഞ സമീപനം ഐക്യരാഷ്ട്രസഭയിൽ വോട്ടെടുപ്പിന് വന്നപ്പോൾ അറബ് രാജ്യങ്ങളും ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. ജൂതരാഷ്ട്ര സങ്കൽപ്പത്തെ ഒരുതരത്തിലും അംഗീകരിക്കാത്ത അറബ് രാജ്യങ്ങളും അവിടെയുണ്ടായിരുന്നു. പക്ഷേ, അതൊന്നും പരിഗണിക്കപ്പെട്ടതേയില്ല. മറിച്ച്, ഡേവിഡ് ബെൻകൂറിയൻ ഇസ്രയേലിനെ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയും പിന്നീട് ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടുകയും ചെയ്തു. സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് തൊട്ടുടനെ രക്തരൂക്ഷിതമായ ഒരുപാട് യുദ്ധങ്ങൾ അരങ്ങേറുന്നുണ്ട്. ഒന്നാം അറബ് ഇസ്രായേൽ യുദ്ധവും സൂയസ് യുദ്ധവും യോം കിപ്പോർ യുദ്ധവും ലബനാൻ യുദ്ധവുമെല്ലാം അവയിലെ ചിലതാണ്. അതിൻറെ എല്ലാം തുടർച്ചയെന്നോണമാണ് ഇന്ന് ഫലസ്തീനിൽ നാം കണ്ടുകൊണ്ടിരിക്കുന്ന തൂഫാനുല്‍ അഖ്സയും തുടര്‍ സംഭവങ്ങളും. ക്രിയാത്മകമായ ഒരു പരിഹാരം കാണേണ്ടതിന് പകരം രണ്ട് രാജ്യങ്ങളെയും വിഭജിച്ച് പരസ്പരം യുദ്ധഭൂമിയിലേക്ക് തള്ളിവിട്ട് ഇന്നും ഇസ്രായേലിന്റെ ചെയ്തികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ബ്രിട്ടന്റെ സമീപനത്തെ, പതിവ് ചതിയെന്നേ വിളിക്കാനാവൂ. മതമൂല്യങ്ങളില്‍ വിശ്വസിക്കാത്തവര്‍ക്ക് മനുഷ്യമൂല്യങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter