നീതിയുടെ പക്ഷത്തായിരിക്കട്ടെ എപ്പോഴും

ഖലീഫ അലി(റ)വിന്റെ പടത്തൊപ്പി നഷ്ടപ്പെട്ടു. ഒരു ജൂതന്റെ കൈവശം അത് കണ്ടെത്തി. തന്റെ തൊപ്പിയാണെന്ന് തിരിച്ചറിഞ്ഞ ഖലീഫ ജൂതനോട് അത് മടക്കിതരുവാൻ ആവശ്യപ്പെട്ടു. ജൂതൻ അതിന് സമ്മതിച്ചില്ല. കേസ് കോടതിയിലെത്തി. വാദി രാഷ്ട്രത്തിന്റെ ഭരണാധികാരി. പ്രതി സാധാരണക്കാരനായ ജൂതൻ. ന്യായാധിപൻ വിസ്താരം തുടങ്ങി. ഖലീഫ അത് തന്റെ തൊപ്പിയാണെന്ന് ശക്തമായി വാദിച്ചു. വാദം അംഗീകരിക്കണമെങ്കിൽ ഖലീഫ രണ്ടു സാക്ഷികളെ ഹാജരാക്കണമെന്നായി ജഡ്ജി. ഖലീഫ സാക്ഷികളെ ഹാജരാക്കി. ഒരാൾ ഖലീഫയുടെ പുത്രനും മറ്റൊന്ന് അടിമയും. ഇവർ സ്വന്തക്കാരാണെന്നതിനാൽ ഇസ്‌ലാമിക കോടതി അവരെ സ്വീകരിച്ചില്ല. ഖലീഫ നിസ്സഹായനായി. മറ്റു സാക്ഷികളെയൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ല. അതിനാൽ ജൂതന് അനുകൂലമായി കേസ് വിധിയായി.
ഇസ്‍ലാമിന്റെ നീതിന്യായ വ്യവസ്ഥ ജൂതനെ ആശ്ചര്യപ്പെടുത്തി. സാധാരണക്കാരനായ തനിക്കെതിരെ പരാതി നൽകിയ രാഷ്ട്രത്തിന്റെ ഭരണാധികാരിയുടെ സാക്ഷികളെ തള്ളി വിധി വന്നിരിക്കുന്നു. ജൂതൻ രണ്ടാമതൊന്ന് ആലോചിച്ചില്ല. പടത്തൊപ്പി ഖലീഫക്ക് വിട്ടുകൊടുത്തു. ഇസ്‍ലാമിലേക്ക് കടന്നു വരികയും ചെയ്തു.

ഖൈബറിലെ ജൂതന്മാരുടെ കാര്‍ഷിക വിഭവങ്ങള്‍ ഓഹരി വെക്കാന്‍ നബി (സ്വ) നിയോഗിച്ചിരിക്കുകയാണ് അബ്ദുല്ലാഹിബ്‌നു റവാഹ(റ)യെ. ജൂതന്മാര്‍ കൈക്കൂലി കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എനിക്കേറ്റവും പ്രിയങ്കരനായ ഒരാളുടെ അടുത്ത് നിന്നാണ് ഞാന്‍ വരുന്നത്. നിങ്ങളാകട്ടെ ഞാനേറ്റവും വെറുക്കുന്നവരാണ്. പക്ഷേ, പ്രവാചകനോടുള്ള സ്‌നേഹമോ നിങ്ങളോടുള്ള വെറുപ്പോ നീതിപൂര്‍വം കാര്യം നിര്‍വഹിക്കുന്നതിന് എനിക്ക് തടസ്സമാവുകയില്ല.' അല്‍ഭുതപ്പെട്ടുപോയ അവര്‍ പറഞ്ഞു: 'ഈ നീതിയുടെ അടിസ്ഥാനത്തിലാണ് ആകാശഭൂമികള്‍ നിലനില്‍ക്കുന്നത്.'

ആരോടും അനീതി കാണിക്കരുത്. അനീതി ചെയ്യൽ കടുത്ത പാതകമാണ്. മക്കൾക്കിടയിലോ കുടുംബാംഗങ്ങൾക്കിടയിലോ കൂട്ടുകാർക്കിടയിലോ അനീതിയായി ഒന്നും നമ്മിൽ നിന്ന് സംഭവിച്ചുകൂടാ. നിങ്ങളെല്ലാം അധികാരികളാണ്. നിങ്ങളുടെ ഭരണീയരെ കുറിച്ച് നിങ്ങളെല്ലാം വിചാരണ ചെയ്യപ്പെടുന്നതാണെന്ന് പ്രവാചകർ (സ്വ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദാവൂദ് നബി പറയാറുണ്ടായിരുന്നത്രെ: ''മൂന്ന് കാര്യങ്ങള്‍ ഉള്ളവര്‍ അത്യധികം അത്ഭുതപ്പെടുത്തുന്നു. ദാരിദ്ര്യത്തിലും സമ്പന്നതയിലുമുള്ള മിതത്വം, കോപത്തിന്റെയും തൃപ്തിയുടെയും അവസരത്തിലുള്ള നീതി, രഹസ്യമായും പരസ്യമായുമുള്ള ദൈവഭയം. 

നബി (സ്വ) പറഞ്ഞു: ''നീതിമാന്മാര്‍ അല്ലാഹുവിന്റെ അടുത്ത്-കാരുണ്യവാന്റെ വലത് വശത്ത് - പ്രകാശത്തിന്റെ പീഠങ്ങളിലായിരിക്കും'' (മുസ്‌ലിം).

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter