നാം വീണ്ടും വീണ്ടും സങ്കുചിതരാവുകയാണോ
സാമൂഹ്യമാധ്യമത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ചര്‍ച്ച കാണാനിടയായി. ഒരു വിഭാഗം നടത്തിയ പരിപാടിയിലെ, നമ്മുടെ കര്‍മ്മ ശാസ്ത്രരീതികള്‍ക്ക് വിരുദ്ധമെന്ന് പറയാവുന്ന ചില ശൈലികളായിരുന്നു വിഷയം. അവയുടെ ശരി തെറ്റുകള്‍ നിഷ്പക്ഷമായി ചര്‍ച്ച ചെയ്ത് തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയോ തെറ്റുകളില്ലെങ്കില്‍ തെറ്റിദ്ധരിച്ചവര്‍ക്ക് അത് ബോധ്യപ്പെടുത്തുകയോ ചെയ്യുന്നതിന് പകരം, ആരോപണം ഉന്നയിച്ചവരുടെ കൂട്ടത്തിലെ ഏതെങ്കിലും നേതാക്കളോ പ്രവര്‍ത്തകരോ സമാനമായത് ചെയ്തവ കണ്ടെത്തി പുറം ലോകത്തെത്തിക്കാനുള്ള ശ്രമങ്ങളിലാണ് പലരും താല്‍പര്യം കാണിച്ചത്. അഥവാ, തങ്ങള്‍ ശരിയാണോ എന്നതല്ല പ്രധാനം, അത് നിങ്ങളും ചെയ്തില്ലയോ എന്ന ചോദ്യമാണ് ഏറ്റവും വലിയ ആയുധം എന്നര്‍ത്ഥം. ഇത് ഏതെങ്കിലും ഒരു സംഘടനയുടെയോ കൂട്ടായ്മയുടെയോ മാത്രം കാര്യമല്ല, ഇന്നത്തെ കേരള ഇസ്‍ലാമിന്റെ ഏറെക്കുറെ പൊതുചിത്രമാണ് ഇതെന്ന് പറയാതെ വയ്യ.
മതം എന്നത് ഗുണകാംക്ഷയാണെന്ന പ്രവാചകവചനം സര്‍വ്വാംഗീകൃതമാണ്. ഇസ്‍ലാമിന്റെ മാനവികതയും സമസൃഷ്ടി സ്നേഹവുമെല്ലാം കാണിക്കാന്‍ ഈ ഹദീസ് ഉദ്ധരിച്ച് മണിക്കൂറുകളോളം പ്രഭാഷണങ്ങള്‍ വരെ നടക്കാറുണ്ട്. അതേ സമയം, ശാഖാ പരമായ കാരണങ്ങളാല്‍ വ്യത്യസ്ത പേരുകളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‍ലിം സംഘടനകള്‍ക്കിടയിലോ ആശയപരമായ യാതൊരു അഭിപ്രായാന്തരവുമില്ലാത്ത കേവല ഗ്രൂപ്പുകള്‍ക്കിടയിലോ ഇത്തരം ഗുണകാംക്ഷ കാണുന്നേ ഇല്ലെന്നത് എത്രമാത്രം സങ്കടകരവും അതിലേറെ ലജ്ജാകരവുമാണ്.
വിയോജിപ്പിന്റെ മര്യാദ എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പഠന വിഷയം മാത്രമല്ല, അതൊരു കല കൂടിയാണ്. യോജിക്കുന്ന തൊണ്ണൂറ്റി ഒമ്പത് മേഖലകളുള്ളപ്പോഴും വിയോജിപ്പിന്റെ ഏക മേഖലക്കാണ് നാം പലപ്പോഴും പ്രാധാന്യം നല്കുന്നത്, അതിന്റെ അടിസ്ഥാനത്തില്‍ അങ്ങോട്ടുമിങ്ങോട്ടും പരിഹസിക്കാനും പൊതുസമൂഹ മധ്യത്തില്‍ താറടിക്കാനുമാണ് പലപ്പോഴും നാം ശ്രമിക്കുന്നത്.
അതേ സമയം, പണ്ഡിതോചിതമായ ചര്‍ച്ചകളും സത്യം അന്വേഷിച്ചുള്ള തര്‍ക്കങ്ങളുമെല്ലാം സമൂഹത്തില്‍ എന്നും ആവശ്യമാണ്. വൈജ്ഞാനികവും ബൗദ്ധികവുമായ വളര്‍ച്ചക്ക് അത്തരം ആരോഗ്യകരമായ വാദപ്രതിവാദങ്ങളാണ് പലപ്പോഴും വഴി ഒരുക്കിയിട്ടുള്ളത്. ഇസ്‍ലാമിക ലോകത്ത് വിരചിതമായിട്ടുള്ള കൃതികളില്‍ വലിയൊരു അളവോളം ഇത്തരം ചര്‍ച്ചകളുടെയും പണ്ഡിതോചിത വാഗ്വാദങ്ങളുടെയും സൃഷ്ടികളായിരുന്നു. അഥവാ, തര്‍ക്കങ്ങളെയും അഭിപ്രായാന്തരങ്ങളെയും ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതേ ഉള്ളൂ എന്നര്‍ത്ഥം.
അതിന് ഏറ്റവും അവശ്യം വേണ്ടത് ഗുണ കാംക്ഷയാണ്. എല്ലാവര്‍ക്കും നല്ലത് മാത്രം സംഭവിക്കട്ടെ എന്ന ആത്മാര്‍ത്ഥമായ ചിന്ത. ആ ചിന്ത വരുന്നതോടെ, സത്യം എന്റെ പ്രതിയോഗിയുടെ ഭാഗത്താകണേ എന്ന ഏറ്റവും സമുന്നതമായ ചിന്തയും കടന്നുവരും. പണ്ഡിതരും നേതാക്കളും പ്രവര്‍ത്തകരും സാധാരണക്കാരുമെല്ലാം അത്തരത്തില്‍ ചിന്തിക്കുന്ന ഒരു സമൂഹം എത്രമാത്രം ഉല്‍കൃഷ്ടവും മാന്യവുമായിരിക്കും, യഥാര്‍ത്ഥത്തില്‍ അത് തന്നെയല്ലേ ഇസ്‍ലാം വിഭാവനം ചെയ്യുന്ന മുസ്‍ലിം സമൂഹവും.
Leave A Comment