ആലി മുസ്‌ലിയാർ എന്ന വിസ്മയം; ചരിത്രം വക്രീകരിക്കപെടുമ്പോൾ!! 

1922, ഫെബ്രുവരി 17, വെള്ളിയാഴ്ച ദിവസം..
കോയമ്പത്തൂര്‍ സെന്ട്രല്‍ ജയിലിന്റെ 11-ാം ബ്ലോകിലെ ആ സെല്ലില്‍ സുബ്ഹി നിസ്കാരം കഴിഞ്ഞ് ഇരിക്കുകയാണ് ആലി മുസ്‍ലിയാര്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നടത്തി എന്ന കാരണത്തിന് വധ ശിക്ഷ വിധിച്ച് അത് നടപ്പാക്കാനായി, കോയമ്പത്തൂരിലെത്തിച്ചതായിരുന്നു അദ്ദേഹത്തെ. 
അല്‍പം കഴിഞ്ഞപ്പോള്‍, ജയിലുദ്യോഗസ്ഥന്‍ വന്ന് ഇങ്ങനെ പറഞ്ഞു, താങ്കളെ തൂക്കിലേറ്റാന്‍ കൊണ്ട് പോവുകയാണ്, അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ.

ഖാദിരിയ്യ സ്വൂഫിയും തികഞ്ഞ പണ്ഡിതനുമായിരുന്ന അദ്ദേഹത്തിന്, അധികമൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല, പുഞ്ചിരിച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ മറുപടി പഞ്ഞു, അല്‍പം വെള്ളം കിട്ടിയാല്‍, ഒന്ന് കൂടി വുളൂ ചെയ്ത്, രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിക്കാമാമയിരുന്നു. 
വുളൂ ചെയ്ത്, നിസ്കാരത്തിലേക്ക് പ്രവേശിച്ച അദ്ദേഹം, പ്രാര്‍ത്ഥനയുമായി നാഥന്റെ മുമ്പില്‍ സുജൂദില്‍ കിടന്നു. അത് അദ്ദേഹത്തിന്റെ അവസാന ചലനമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തൂക്കുകയറിനെ പോലും തോൽപ്പിച്ച് മഹാനുഭാവൻ ആ സുജൂദില്‍ തന്നെ അല്ലാഹുവിലേക്ക് യാത്രയായി. 58 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ബ്രിട്ടീഷ് വായനകളില്‍ അദ്ദേഹത്തെ തൂക്കിലേറ്റി എന്ന് കാണാമെങ്കിലും, ജനങ്ങളറിയാതിരിക്കാനായി, അധികൃതര്‍ ആ മൃതദേഹത്തെ ശേഷം തൂക്കിലേറ്റുകയായിരുന്നു എന്നാണ് ചരിത്രം മനസ്സിലാക്കി തരുന്നത്. 

ചരിത്രം വക്രീകരിക്കപ്പെടുന്ന ഇക്കാലത്ത്, എരിക്കുന്നൻപാലത്ത് മൂലയിൽ കുഞ്ഞിമൊയ്തീന്‍ പുത്രൻ ആലി മുസ്‌ലിയാർ എന്ന ആ ധീരദേശാഭിമാനിയുടെ ഓര്‍മ്മകള്‍ നമുക്ക് പുതുക്കിക്കൊണ്ടേയിരിക്കാം. 
1864 ൽ മഞ്ചേരി നെല്ലിക്കുത്തിലെ എരിക്കുന്നന്‍ പാലത്ത് മൂലയില്‍ കുഞ്ഞിമൊയ്തീന്റെയും പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിലെ ഒറ്റകത്ത് മുഹമ്മദ് കുട്ടി മുസ്‌ലിയാരുടെ മകള്‍ ആമിനയുടെയും മകനായി ആലി മുസ്‌ലിയാർ എന്ന ഇതിഹാസപുരുഷൻ ജന്മം കൊണ്ടു. പാരമ്പര്യ ബ്രിട്ടീഷ് വിരുദ്ധരും അചഞ്ചലമത വിശ്വാസികളുമായിരുന്നു ഈ കുലീന കുടുംബം. ബാല്യകാലത്ത് തന്നെ ആലി മുസ്‌ലിയാർ ധീരനും ബുദ്ധി ശാലിയുമായിരുന്നു. നെല്ലിക്കുത്ത് ഓത്തുപള്ളിയിലെ പ്രാഥമിക പഠനവും തുടർന്ന് പൊന്നാനിയിലെ പത്തുവർഷത്തെ മതവിദ്യാഭ്യാസവും അദ്ദേഹത്തെ ഉത്തമ മതപണ്ഡിതനാക്കി. സൈനുദ്ധീൻ മഖ്ദൂം, കൊങ്ങണം വീട്ടിൽ ഇബ്രാഹിം മുസ്‌ലിയാർ, പുതിയകത്ത് ചെറിയ ബാവ മുസ്‌ലിയാർ ഉൾപെടെയുള്ള പണ്ഡിതകേസരികളായിരുന്നു ആലി മുസ്‌ലിയാരുടെ പ്രധാന ഗുരുക്കന്മാർ.

ശേഷം 8 വർഷത്തോളം മക്കയില്‍ കഴിച്ച് കൂട്ടി, സൈനീ ദഹ്‍ലാൻ ഉൾപെടെയുള്ള പ്രമുഖ ഗുരുക്കന്മാരിൽ നിന്ന് വിശിഷ്യ തസവുഫ് ഉൾപെടെയുള്ള നിരവധി ഫന്നുകളിൽ അഗാധപരിജ്ഞാനവും നേടി. മക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ലക്ഷദ്വീപിലെ കവരത്തിയില്‍ അദ്ദേഹം ഖാദിയും അധ്യാപകനുമായിരുന്നു.

1896- ല്‍ മഞ്ചേരിയിൽ നടന്ന കർഷക കലാപമാണ് ആലി മുസ്ലിയാരുടെ ബ്രിട്ടീഷ് വിരോധത്തിന് മൂർച്ച കൂട്ടിയത്. 1894-ൽ തന്റെ ജ്യേഷ്ഠനെ ബ്രിട്ടീഷുകാർ വധിച്ചു എന്ന വിവരമറിഞ്ഞതോടെയാണ് ആലി മുസ്‌ലിയാർ ലക്ഷദ്വീപിൽ നിന്നും തന്റെ ജന്മനാടായ ഏറനാട്ടിലേക്ക് തിരിച്ചു വരുന്നത്. അദ്ദേഹം നാട്ടിൽ എത്തുന്നതിന് മുമ്പേ സഹോദരൻ അബ്ദുല്ല ഹാജിയെ ബ്രിട്ടീഷുകാർ നാടുകടത്തിയിരുന്നു.

തിരൂരങ്ങാടി പള്ളി കേന്ദ്രമാക്കിയാണ് ആലി മുസ്ലിയാർ അധിനിവേശ പോരാട്ടത്തിനിറങ്ങുന്നത്. 1907 ലാണ് അദ്ദേഹം തിരൂരങ്ങാടി പള്ളിയിൽ പ്രധാന അധ്യാപകനായി നിയമിക്കപെടുന്നത്. പിന്നീട് ക്രമേണ അദ്ദേഹം ഖിലാഫത്തിലേക്കും കോൺഗ്രസിലേക്കും ഇറങ്ങി ചെന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസും നിസ്സഹകരണ പ്രസ്ഥാനവുമായി ആലി മുസ്ലിയാർ ബന്ധം സ്ഥാപിക്കാനുള്ള സുപ്രധാന കാരണം എംപി നാരായണ മേനോനും കട്ടിലശ്ശേരിയുമായുള്ള സൗഹൃദമായിരുന്നു. പിന്നീട് ഗാന്ധിജി വരെ പങ്കെടുത്ത കോഴിക്കോട് സമ്മേളനത്തിൽ വാരിയൻ കുന്നനൊപ്പം ആലി മുസ്ലിയാരും പങ്കെടുത്തിരുന്നു. 

അതോടൊപ്പം എറനാട്ടിലെ ഖിലഫത്ത് സഭയുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. 1920 അവസാനത്തോടെയാണ് അദ്ദേഹം തിരൂരങ്ങാടിയിൽ ഖിലാഫത്ത് കമ്മിറ്റിക്ക് രൂപം നൽകിയത്. ബ്രിട്ടീഷ് സമരങ്ങളിൽ ജ്വലിച്ചു നിൽക്കുന്നത് ഒരു മതപണ്ഡിതൻ ആയതു കൊണ്ടുതന്നെ, ജനങ്ങളെല്ലാം എളുപ്പത്തിൽ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. അദ്ദേഹം കടന്നു വരുമ്പോഴെല്ലാം ജനങ്ങൾ തക്ബീറുകൾ മുഴക്കാറുണ്ടായിരുന്നു. ഇത് കണ്ട് വിറളി പിടിച്ച ഭരണാധികാരികൾ അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധത പ്രചരിപ്പിക്കുകയാണെന്ന് വിലയിരുത്തുകയും അവിടെ നടന്നിരുന്ന നേർച്ചകൾക്കും റാത്തീബുകൾക്കും വിലക്കേർപ്പടുത്തുകയുമായിരുന്നു. 

Also Read:രാജ്യസ്‌നേഹിയായ വാരിയന്‍കുന്നത്ത് കുഞ്ഞഹ്മദ് ഹാജി

ഇതോടെയാണ്  മലബാർ കലാപത്തിന് വിത്തുപാകുന്നത്. ഈ നിയമത്തെ ലംഘിച്ചു കൊണ്ടാണ് ആലി മുസ്ലിയാരുടെ നേതൃത്വത്തിൽ ചേറൂർ നേർച്ച അരങ്ങേറിയത്. ഇത് തുടർന്നതോടെ വിലക്ക് ലംഘിക്കുന്നവരെ നേരിടുമെന്ന് കളക്ടർ ആലി മുസ്‌ലിയാർക്ക് കത്തയച്ചു. പിന്നീട് ആരാധന തടയാൻ വന്ന നിയമപാലകരെ തള്ളി വീഴ്ത്തി കൊണ്ട് അദ്ദേഹവും സംഘവും സിയറാത്ത് യാത്ര നടത്തി. ഇതിനെ തുടർന്ന് മലബാർ കളക്ടർ തോമസ് ഉൾപ്പെടെയുള്ള അഞ്ഞൂറോളം പട്ടാളക്കാർ തിരൂരങ്ങാടിയിലേക്ക് ഇരച്ചു കയറുകയും കിഴക്കേപള്ളിയിലും മറ്റു അനവധി മാപ്പിള വീടുകളിലും പരിശോധന നടത്തുകയും പലരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷെ അവരെ ചോദ്യം ചെയ്തിട്ടും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. 

എരി തീയിൽ എണ്ണ ഒഴിക്കുന്നത് പോലെ, പള്ളിയില്‍ പട്ടാളം ബൂട്ടിട്ട് കയറിയെന്നും മമ്പുറം മഖാം തകർത്തു എന്നൊക്കെയുള്ള വ്യാജവർത്തകൾ പരന്നു. 1921 ആഗസ്റ്റ് 20 ന് അറസ്റ്റു ചെയ്ത മൂന്ന് ആളുകളെ വിട്ടയ്ക്കണമെന്ന ആവശ്യവുമായി ആലി മുസ്‌ലിയാർ ഉൾപെടെയുള്ള ഒരു സംഘം  തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ എത്തി. എസ് പി റൗള അവരോട് ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉത്തരവ് അനുകരിച്ചു അവിടെ കാത്തിരുന്നപ്പോൾ കേട്ടത് വെടിയൊച്ചയുടെ ശബ്ദങ്ങളായിരുന്നു. പിന്നീട് അവിടെ രൂക്ഷമായ പോരാട്ടമായിരുന്നു. ഈ സംഘർഷത്തിൽ റൗളി ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു. മലബാറിലെ കളക്ടർ തോമസിന്റെ അശാസ്ത്രീയ നടപടികളാണ് കാര്യങ്ങൾ ഈ നിലയിൽ എത്തിച്ചത്. സംഘർഷം അതിരൂക്ഷമായപ്പോൾ നേരിടാനാവാതെ ബ്രിട്ടീഷ് സൈന്യം പിന്തിരിഞ്ഞോടി. 

പിറ്റേദിവസവും നിരവധി അക്രമങ്ങൾ അരങ്ങേറി ആഗസ്റ്റ് 21 ന് ആലി മുസ്‌ലിയാർ ഭരണാധികാരിയായി പ്രഖ്യാപിക്കപ്പെട്ടു. കോൺഗ്രസ്‌ സമരത്തെ നിരാകരിച്ചപ്പോൾ മറ്റ് അധികാര കേന്ദ്രങ്ങളുടെ അഭാവത്തിൽ ആലി മുസ്‌ലിയാർ നേരിട്ട് കാര്യങ്ങൾ നിയന്ത്രിക്കാൻ തുടങ്ങി. തുടർന്ന് കെ പി കേശവമേനോൻ ഉൾപ്പെടെയുള്ളവർ ആലി മുസ്‌ലിയാരെ സന്ദർശിക്കുകയും കലാപസാധ്യതകളെ കുറിച്ച് സംസാരിക്കുകയും കീഴടങ്ങൽ ആണ് ഉത്തമെന്ന് ഉപദേശിക്കുകയും ചെയ്തു. സഹപ്രവർത്തകാരോട് കൂടിയാലോചിച്ച ശേഷമാവാം തീരുമാനം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വാരിയൻ കുന്നത്തും ലവക്കുട്ടിയും കുഞ്ഞലവിയും ഇത് അംഗീകരിക്കാൻ തയ്യാറയില്ല. പോരാടി മരിക്കുമെന്നായിരുന്നു ലവക്കുട്ടിയുടെ മറുപടി.
1921 ആഗസ്റ്റ് 30 ന് സായുധരായ വൻസേനാവ്യൂഹം തിരൂരങ്ങാടി കിഴക്കേ പള്ളി വലയം ചെയ്തു. ആലി മുസ്‌ലിയാരും നൂറോളം അനുയായികളും പള്ളിയുടെ മുകളിൽ ഉണ്ടായിരുന്നു. വെള്ളക്കൊടി പിടിച്ചു കീഴടങ്ങാനായിരുന്നു സേനയുടെ ആവശ്യം. പ്രതികരണം രാവിലെ അറിയിക്കാമെന്ന് ആലി മുസ്‍ലിയാര്‍ അവരെ അറിയിച്ചു. ആലി മുസ്‌ലിയാരും കൂട്ടരും ഹദ്ദാദ്‌ ചൊല്ലുി, പ്രാർത്ഥന നടത്തി, മധുരവിതരണം കൂടി നടത്തിയാണ് ആ രാത്രി ഉറങ്ങാന്‍ കിടന്നത്.

അവരുടെ മറുപടിക്ക് കാത്ത് നില്‍ക്കാതെ, സുബ്ഹി നിസ്കാരത്തോട് കൂടി സൈന്യം പള്ളിയിലേക്ക് വെടിയുതിർക്കുകയായിരുന്നു. വൈകുന്നേരം വരെ പോരാട്ടം നീണ്ടുനിന്നു. അക്ഷമരായ സൈനികർ പീരങ്കി ഉപയോഗിച്ചു പള്ളി തകർക്കുമെന്ന് താക്കീത് നൽകി. ഇതോടെ പള്ളി തകർക്കുന്നത് ഒഴിവാക്കാൻ ആലി മുസ്‌ലിയാർ ഉൾപെടെ 38 ആളുകൾ സൈന്യത്തിന് കീഴടങ്ങി. ഈ സംഘത്തെ ഉടനെ കോഴിക്കോട് എത്തിക്കുകയും ബ്രിട്ടീഷ് ചക്രവർത്തിക്കെതിരായി യുദ്ധത്തിലേർപ്പെട്ടു എന്ന കുറ്റം ചുമത്തി ചോദ്യം ചെയ്യുകയും ചെയ്തു. നവംബർ 2ന് ആലി മുസ്‌ലിയാർ ഉൾപെടെ പത്തുപേരെ വധശിക്ഷക്ക് വിധിച്ചു. 

തുടർന്ന്, ശിക്ഷ നടപ്പാക്കാനായി അദ്ദേഹത്തെ കോയമ്പത്തൂരിലേക്ക് കൊണ്ട് പോയി. അദ്ദേഹത്തിന്റെ ഖബ്റ് സിയാറത്ത് കേന്ദ്രമാവുമോ എന്നും അത് ജനങ്ങള്‍ക്ക് ആവേശം പകരുമോ എന്നു പോലും ഭയപ്പെട്ടത് കൊണ്ടായിരുന്നു അവര്‍ അങ്ങനെ ചെയ്തത്. വാരിയൻ കുന്നത്തും സീതികൊയ തങ്ങളും ചെമ്പ്രശ്ശേരിയും കൊന്നാര തങ്ങളും പിടിയിലാവുകയും പിന്നീട് വെടിവെച്ചു കൊല്ലപ്പെടുകയുമായിരുന്നു. പരിക്ക് പറ്റിയ ലവക്കുട്ടി അധികം വൈകാതെ മരണം വരിച്ചു. മറ്റൊരു പ്രമുഖ പോരാളിയായിരുന്ന കുഞ്ഞലവിയാവട്ടെ വലിയോറയിലെ അക്രമത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ, ഒരിക്കലും മറക്കാനാവാത്ത ഏടായിരുന്നു മലബാര്‍ സമരം. ആ അധ്യായത്തിന് അതോടെ സമാപ്തിയായെന്ന് പറയാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter