തറാവീഹ്: റമദാനിലെ ശ്രേഷ്ഠ കര്‍മം
വിശുദ്ധ റമദാന് സമാഗതമായി. വ്രതാനുഷ്ഠാനവും മറ്റു ആരാധനാ കര്മങ്ങളുമായി, ഇനിയുള്ള ദിനങ്ങള് വിശ്വാസികള് ധന്യവും സമ്പുഷ്ടവുമാക്കുന്നു.
റമദാനിലെ ഏറെ പുണ്യമുള്ള ആരാധനയാണ് തറാവീഹ് നമസ്‌കാരം. 'ഖിയാമു റമദാന്' എന്ന പേരില് പണ്ഡിതര് പരിചയപ്പെടുത്തിയ തറാവീഹ്, റമദാനില് മാത്രം രാത്രിയില് നിര്വഹിക്കേണ്ട ശ്രേഷ്ഠമായ സുന്നത്ത് നമസ്‌കാരമാണ്.
നോമ്പുകാലത്തെ കേവലമൊരു ആചാരമായി തറാവീഹിനെ നാം ഗണിക്കരുത്. വ്രതമനുഷ്ഠിക്കുന്ന വിശ്വാസികള്ക്ക് ഏറെ പുണ്യമുള്ളതും പ്രതിഫലാര്ഹവുമായ വിശിഷ്ട കര്മമാണത്. വിശ്വാസത്തോടെ, പ്രതിഫലം കാംക്ഷിച്ച് റമദാനിലെ നമസ്‌കാരം നിര്വഹിച്ചാല് അവന്റെ മുന്കാല പാപങ്ങളത്രയും പൊറുക്കപ്പെടും (ബുഖാരി, മുസ്‌ലിം, തുര്മുദി). തിരുമേനി (സ്വ) പറയുന്നു: അല്ലാഹു നിങ്ങള്ക്ക് റമദാനിലെ വ്രതം നിര്ബന്ധമാക്കുകയും, നമസ്‌കാരം സുന്നത്താക്കുകയും ചെയ്തു. വിശ്വാസത്തോടെയും പ്രതിഫലം കാംക്ഷിച്ചും ആരെങ്കിലും നമസ്‌കരിച്ചാല് അവന്റെ പാപങ്ങള് പൊറുക്കപ്പെടുകയും മാതാവ് പ്രസവിച്ച ദിവസത്തേത് പോലെ അവന് കുറ്റവിമുക്തനും നിര്മലനുമായിത്തീരുകയും ചെയ്യും (അന്നസാഈ). ഉപര്യുക്ത ഹദീസുകളിലെ നമസ്‌കാരത്തിന്റെ വിവക്ഷ തറാവീഹാണെന്ന് ഇമാം നവവിയും അല്ലാമാ കിര്മാനിയും വ്യക്തമാക്കിയിട്ടുണ്ട്.
റമദാനില് ഇശാഅ് നമസ്‌കാരത്തിനു ശേഷം സുബ്ഹിനു മുന്പായി നിര്വഹിക്കേണ്ട ആരാധനയാണത്. സ്ത്രീ പുരുഷ ഭേദമന്യെ എല്ലാവര്ക്കും പുണ്യമുള്ള ഈ നമസ്‌കാരം കൂട്ടമായി (ജമാഅത്ത്) നിര്വഹിക്കലാണുത്തമം. സ്ത്രീകള് അവരുടെ വീട്ടകങ്ങളിലും പുരുഷര് പള്ളികളിലുമാണ് നമസ്‌കരിക്കേണ്ടത്. തര്വീഹത്ത് എന്ന അറബി പദത്തിന്റെ ബഹുവചനമാണ് തറാവീഹ്. വിശ്രമിക്കല് എന്നാണ് ഭാഷാര്ത്ഥം. മക്കയിലെ മുസ്‌ലിംകള് ആദ്യകാലങ്ങളില് തറാവീഹിന്റെ നാലു റക്അത്തുകള് നമസ്‌കരിച്ചാല് ഇടവേളകളിലെ ആശ്വാസത്തിനായി കഅ്ബ പ്രദക്ഷിണം (ഥവാഫ്) ചെയ്യാറുണ്ടെന്ന് പണ്ഡിതര് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രവാചകന് (സ്വ) അനുചരരെ തറാവീഹിന് പ്രേരിപ്പിച്ചിരുന്നു. - നിര്ബന്ധ കര്മം (ഫര്ള്) അല്ലാത്തതിനാല്- കണിശമായി കല്പിച്ചിരുന്നില്ല. നബിയുടെ നേതൃത്വത്തില് മൂന്നോ നാലോ ദിവസം മാത്രമാണ് തറാവീഹ് മദീനാപള്ളിയില് ജമാഅത്തായി നടന്നത്. ജനബാഹുല്യം കാരണം അതു നിര്ബന്ധമായി മാറുമോ എന്ന ആശങ്ക മൂലം തുടര് ദിനങ്ങളില് തിരുനബി പള്ളിയിലേക്ക് വരാതിരിക്കുകയായിരുന്നു.
ബീവി ആഇശ (റ)യില് നിന്ന് നിവേദനം: ഒരു രാത്രി തിരുനബി (സ്വ) പള്ളിയില് നമസ്‌കരിച്ചു. ഇതുകണ്ട ചില സ്വഹാബികള് നബിയെ പിന്തുടര്ന്ന് അത് നിര്വഹിച്ചു. പിറ്റേന്ന് രാത്രിയിലും നബി നമസ്‌കരിക്കുകയും അന്ന് ആളുകളുടെ എണ്ണം വര്ധിക്കുകയുമുണ്ടായി. മൂന്നാം രാത്രിയിലും നാലാം രാത്രിയിലും ആളുകള് കൂടി. എന്നാല് അടുത്ത ദിവസം നബി പള്ളിയിലേക്ക് പോയില്ല. പിറ്റേന്ന് രാവിലെ നബി(സ്വ) പറഞ്ഞു: നിങ്ങള് ചെയ്തതൊക്കെ ഞാന് കണ്ടിരുന്നു. എന്നാല് ഈ നമസ്‌കാരം നിങ്ങള്ക്ക് നിര്ബന്ധമാക്കപ്പെട്ടേക്കുമോ എന്ന ഭയം കൊണ്ടാണ് ഞാന് ഇന്നലെ വാരാതിരുന്നത്. റമദാനിലായിരുന്നു സംഭവം. (ബുഖാരി). അതായത് ആളുകളെ പ്രയാസത്തിലാക്കാന് നബി (സ്വ) ഉദ്ദേശിച്ചിരുന്നില്ല എന്നര്ത്ഥം. നബിയുടെ ജീവിത കാലത്തും ഖലീഫ അബൂബക്ര് സദ്ദീഖി (റ)ന്റെ കാലത്തും ഉമറി(റ)ന്റെ ഭരണ പ്രാരംഭത്തിലും വ്യവസ്ഥാപിതമായി പള്ളിയില് വെച്ച് തറാവീഹ് നമസ്‌കരിച്ചിരുന്നില്ല. എന്നാല്, വിശ്വാസികള് വീടുകളില് വെച്ചാണ് നിര്വഹിച്ചിരുന്നത്.
ഹിജ്‌റ 14-ലാണ് തറാവീഹ് നമസ്‌കാരം വ്യവസ്ഥാപിതമായി ഇരുപത് റക്അത്ത് നിര്വഹിക്കാന് ഖലീഫ ഉമര് നിര്ദേശം നല്കിയത്. അദ്ദേഹത്തിന്റെ രണ്ടാം ഭരണവര്ഷമായിരുന്നു അത്. സ്വഹാബികള് ഒറ്റക്കും സംഘം ചേര്ന്നും വീടുകളിലും പള്ളികളിലുമായി നമസ്‌കരിക്കുന്നത് ശ്രദ്ധയില്പെട്ടപ്പോള് എല്ലാവരും കൂടി പള്ളിയില് സംഗമിക്കുകയായിരുന്നുവെങ്കില് അതായിരിക്കും നല്ലതെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. ഇക്കാര്യം സ്വഹാബികളോട് ആലോചിക്കുകയും അവരെല്ലാം തന്റെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തു. ഉബയ്യ് ബ്‌നു കഅ്ബി (റ)ന്റെ നേതൃത്വത്തിലാണ് അക്കാലത്ത് തറാവീഹ് നമസ്‌കാരം ജമാഅത്തായി പുനഃസ്ഥാപിച്ചത്.
അടിസ്ഥാനപരമായി തറാവീഹ് ഇരുപത് റക്അത്ത് നിര്വഹിക്കണമെന്നാണ് പണ്ഡിതരുടെ ഏകാഭിപ്രായം. നബി (സ്വ)യും അനുചരരും ശേഷം വന്ന താബിഉകളും ഇരുപത് റക്അത്താണ് നമസ്‌കരിച്ചിരുന്നത്. രണ്ടും നാലും റക്അത്തുകള് മാത്രം തറാവീഹ് എന്ന പേരില് നമസ്‌കരിക്കുന്ന ചിലരെ കാണാം. വിഷയ സംബന്ധിയായ അജ്ഞതയാണതിനു കാരണം. അവ്വാബീന്, തഹജ്ജുദ്, ളുഹാ മുതലായവ രണ്ടു റക്അത്ത് നിര്വഹിക്കുന്നതുപോലെയല്ല അത്. കാരണം, അവ ചുരുങ്ങിയത് രണ്ട് റക്അത്താണെന്ന് രേഖപ്പെട്ടതാണ്. എന്നാല് തറാവീഹിന്ന് അങ്ങനെ മിനിമമോ മാക്‌സിമമോ ഇല്ല; നാലു മദ്ഹബുകളിലും ഇരുപത് റക്അത്താണത്.
ഇബ്‌നു അബ്ബാസി(റ)ല് നിന്ന് നിവേദനം: നിശ്ചയം റമദാനില് നബി(സ്വ) തറാവീഹ് ഇരുപത് റക്അത്തും ശേഷം വിത്‌റും നമസ്‌കരിക്കാറുണ്ടായിരുന്നു (ത്വബ്‌റാനി). കര്മ ശാസ്ത്ര പണ്ഡിതരായ നാലു ഇമാമുകളും ഇക്കാര്യത്തില് ഏകകണ്ഠരാണ്. സാഇബ് ബ്‌നു യസീദി(റ)ല് നിന്ന് നിവേദനം: ഖലീഫ ഉമറിന്റെ കാലത്ത് സ്വഹാബികള് റമദാനില് ഉരുപത് റക്അത്ത് തറാവീഹ് നമസ്‌കരിക്കാറുണ്ടായിരുന്നു. ഖലീഫ ഉസ്മാ(റ)ന്റെ കാലത്ത് നൂറുകണക്കിനു ഖുര്ആന് സൂക്തങ്ങള് ഓതി ദീര്ഘനേരം നമസ്‌കരിക്കേണ്ടിവന്നതിനാല് അവര് വടികളില് ഊന്നി നില്ക്കാറുണ്ടായിരുന്നു.
പ്രസ്തുത ഹദീസിന്റെ നിവേദക പരമ്പര ശരിയാണെന്ന് ഇമാം നവവി (റ) വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: സ്വഹാബിയായ സാഇബ് ബ്‌നു യസീദി(റ)ല് നിന്ന് ഇമാം ബൈഹഖി (റ)യും മറ്റും ശരിയായ നിവേദക പരമ്പരയോടെ റിപ്പോര്ട്ട് ചെയ്ത ഹദീസിനെ നാം തെളിവായി സ്വീകരിച്ചിരിക്കുന്നു (ശര്ഹുല് മുഹദ്ദബ്). ഗവേഷണ മനനങ്ങള്ക്കു സാധ്യത ഇല്ലാത്ത വിഷയങ്ങളില്, സ്വഹാബികള് പറഞ്ഞ വാക്കുകളും, ചെയ്തുകാണിച്ച പ്രവൃത്തികളും തിരുനബിയിലേക്ക് തന്നെയാണ് ചേര്ക്കപ്പെടുക എന്നതാണ് ഹദീസ് നിദാന ശാസ്ത്ര പണ്ഡിതരുടെ അഭിപ്രായം. തറാവീഹ് റക്അത്തുകളുടെ കൃത്യമായ എണ്ണം നബി (സ്വ)യില് നിന്ന് പ്രാമാണികമായി സ്ഥിരപ്പെടാത്തതിനാല്, സ്വഹാബികള് ഏകകണ്ഠമായി തീരുമാനിച്ച ഇരുപത് റക്അത്തിനെ തിരുനബിചര്യ തന്നെയായി നാം അംഗീകരിക്കണമെന്ന് സാരം.
റമദാനിലും അല്ലാത്തപ്പോഴുമുള്ള പ്രവാചകന്റെ നമസ്‌കാരത്തെ സംബന്ധിച്ച് ആഇശ (റ) പറയുന്ന ഹദീസാണ് തറാവീഹ് ഇരുപത് റക്അത്ത് അല്ലെന്ന് ദുര്വ്യാഖ്യാനിക്കുന്നവരുടെ പ്രധാന തെളിവ്. 'തിരു നബി(സ്വ) റമദാനിലും അല്ലാത്തപ്പോഴും പതിനൊന്നിനേക്കാള് വര്ധിപ്പിക്കാറില്ലായിരുന്നു'വെന്ന ഈ ഹദീസിന്റെ ആദ്യഭാഗത്തുള്ള 'റമദാനും അല്ലാത്തപ്പോഴും' എന്ന വാക്യം തന്നെ സൂചിപ്പിക്കുന്നത് ഇത് വിത്‌റിനെ സംബന്ധിച്ചാണ് എന്നാണ്. റമദാനേതര കാലത്ത് തറാവീഹ് ഇല്ലല്ലോ. അത് തന്നെയാണ് പണ്ഡിതര് വ്യക്തമാക്കുന്നതും.
ദുര്വ്യാഖ്യാനികളുടെ നേതാവായ ഇബ്‌നുതൈമിയ്യ വിശദമാക്കുന്നു: ഉമറി(റ)ന്റെ കാലത്ത് ഉബയ്യുബ്‌നു കഅബ്(റ) ജനങ്ങളോടൊപ്പം ഇരുപത് റക്അത്ത് നമസ്‌കരിച്ചത് സ്ഥിരപ്പെട്ട കാര്യമാണ്. അന്സ്വാരികളും മുഹാജിറുകളും അങ്ങനെയാണ് നിര്വഹിച്ചത്. ഒരാള്പോലും എതിര്ത്തിട്ടില്ല (മജ്മൂഉല് ഫതാവാ).
വിശ്വാസികളുടെ സുകൃതങ്ങള്ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ മാസത്തില് തറാവീഹ് നമസ്‌കാരം കേവലമൊരു ആരാധനായായോ ആചാരമായോ നാം കാണരുത്. പകലില് വ്രതമനുഷ്ഠിച്ച വിശ്വാസിക്ക് രാത്രിയില് അല്ലാഹുവിലേക്ക് കൂടുതല് അടുക്കാനും ആരാധനാനിരതനാകാനും തറാവീഹ് നിര്വഹണത്തിലൂടെ സാധിക്കണം. റമദാനിലെ രാത്രി നമസ്‌കാരത്തിലൂടെ പോയകാല പാപങ്ങള് പൊറുക്കപ്പെടുമെന്നാണല്ലോ നേരത്തെ നാം സൂചിപ്പിച്ചത്. പോയകാലത്തെ കളങ്കിത ജീവിതത്തില് നിന്ന് മുക്തിനേടാനും സംസ്‌കൃതമായ ആത്മാവുമായി പുതുജീവിതം നയിക്കാനും തറാവീഹ് നിര്വഹണം സുവര്ണാവസരമാണ്.
ഒരാള് തിരുനബിയുടെ സമക്ഷം വന്നു പറഞ്ഞു: തിരുദൂതരേ, അവിടന്ന് പറഞ്ഞുതന്നാലും. അല്ലാഹു അല്ലാതെ ആരാധനക്കര്ഹനില്ലെന്നും അങ്ങ് അവിടത്തെ റസൂലാണെന്നും ഞാന് സാക്ഷ്യം വഹിച്ചു. അഞ്ചുനേരം നമസ്‌കരിക്കുകയും സാക്കാത്ത് കൊടുക്കുകയും റമദാനില് വ്രതവും നമസ്‌കാരവും നിര്വഹിക്കുകയും ചെയ്തു. എങ്കില് ഞാന് ആരുടെ ഗണത്തിലാണ്? തിരുനബി(സ്വ)യുടെ മറുപടി ഇങ്ങനെയായിരുന്നു: സത്യസന്ധരുടെയും രക്തസാക്ഷികളുടെയും ഗണത്തില് (ഇബ്‌നുഹിബ്ബാന്). പ്രവാചക പദവിക്കു ശേഷം ഉന്നതസ്ഥാനങ്ങളായി ഗണിക്കുന്ന സത്യസന്ധരുടെ (സിദ്ദീഖ്)യും രക്തസാക്ഷികളുടെയും പദവിയാണ് വ്രതവും തറാവീഹും നിര്വഹിച്ചവര്ക്ക് സ്രഷ്ടാവ് വാഗ്ദാനം ചെയ്യുന്നത്. പോയകാലവും ഭാവികാലവും സമ്പന്നമാക്കാന് തറാവീഹ് നമസ്‌കാരം വഴിയൊരുക്കുമെന്നര്ത്ഥം.
ഏറ്റവും പുണ്യമായ മാസത്തിലെ എല്ലാ ദിവസങ്ങളിലും ഈ ശ്രേഷ്ഠകര്മം നിര്വഹിക്കാന് വിശ്വാസികള് സന്നദ്ധരാകണം. ഖുര്ആനിക ചിന്തകള്ക്കും പാഠങ്ങള്ക്കും സാക്ഷ്യമാവാനുതകുന്നവിധം കൂടുതല് സൂക്തങ്ങള് പാരായണം ചെയ്യുന്നതരത്തില് ദൈര്ഘ്യമേറിയ തറാവീഹുകളായിരിക്കണം പള്ളികളില് നടത്തപ്പെടേണ്ടത്. ഖലീഫ അലി(റ) റമദാനില് ഖുര്ആന് മനഃപാഠമുള്ളവരെ പ്രത്യേകം ക്ഷണിച്ച് തറാവീഹിന്ന് ജനങ്ങള്ക്ക് ഇമാമായി നമസ്‌കരിക്കാന് ചുമതലപ്പെടുത്തിയിരുന്നുവെന്ന് ഗ്രന്ഥങ്ങളില് കാണാം.
കേരളേതര സംസ്ഥാനങ്ങളിലെയും വിവിധ അറബ്-ഇതര രാഷ്ട്രങ്ങളിലെയും തറാവീഹ് നമസ്‌കാരങ്ങളില് പങ്കെടുത്തപ്പോഴുള്ള അനുഭൂതികള് വിവരാണാതീതമാണ്. വിശ്വാസികള്ക്ക് ആത്മീയമായും ആരോഗ്യപരമായും ഏറെ സുകൃതം പകരുന്ന തറാവീഹ് നിര്വഹണത്തലൂടെ ഈ റമദാനും ധന്യമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
(സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter