ചെമ്പ്രശ്ശേരി തങ്ങൾ: ചരിത്രത്തിൽ നിന്ന് അടർത്തിവെക്കാനാവാത്ത അധ്യായം

മലബാര്‍ കലാപത്തിന് നേതൃതം വഹിച്ച മുസ്‍ലിം പണ്ഡിതനും അത്മീയ നേതാവുമാണ് ഒറ്റകത്ത് സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങള്‍. തങ്ങളുടെ പ്രധാന കര്‍മ്മമണ്ഡലം ചെമ്പ്രശ്ശേരി ആയതിനാല്‍ തന്നെ തങ്ങളെ ചെമ്പ്രശ്ശേരിയിലേക്ക് ചേര്‍ത്തി ചെമ്പ്രശ്ശേരി തങ്ങള്‍ എന്ന് അറിയപ്പെട്ടു.
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, അരീച്ചോലയില്‍ AD 1875 ലായിരുന്നു തങ്ങളുടെ ജനനം. സയ്യിദ് അബ്ദുള്ളക്കോയ തങ്ങള്‍ പിതാവും ഫാത്വിമ ബിന്ത് അഹ്മദ് മാതാവുമാണ്. നെല്ലിക്കുത്ത് സ്വദേശി ശൈഖ് അബ്ദുല്‍ ഖാദര്‍ മുസ്ലിയാരില്‍ നിന്ന് അരീച്ചോലയില്‍ വെച്ച് മതവിദ്യാഭ്യസം കരസ്ഥമാക്കി. തുടര്‍ന്ന് തൊട്ടടുത്തുള്ള തൊടികപ്പുറത്ത് മുദരിസായി സേവനമനുഷ്ടിച്ചു. ശേഷമാണ് പിതാവോടു കൂടി ചെമ്പ്രശ്ശേരിയില്‍ എത്തുന്നത്.

ചെമ്പ്രശ്ശേരിയിലേക്കുള്ള വരവ് തങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ആ കാലത്താണ് തങ്ങള്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും മറ്റു ഖിലാഫത്ത് നേതക്കളേയും പരിചയപ്പെട്ടത്. ആ കാലത്ത് തന്നെയാണ് എം.പി നാരായണ മേനോന്‍, കെ.മാധവന്‍ നായര്‍, ആലി മുസ്ലിയാര്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍ എന്നിവരുമായി ബന്ധം സ്ഥാപിക്കുന്നതും. അതോടെ തങ്ങളുടെ മനസ്സിലെ സാമ്രാജ്യത്വ വിരുദ്ധ ചിന്തയും ദേശീയ ബോധവും ശക്തിയാര്‍ജ്ജിച്ചു. തുടര്‍ന്ന് അവരോടപ്പം സാമ്രാജത്യത്തിനെതിരെ സമരത്തിനിറങ്ങി. ഖുര്‍ആനിലും മറ്റു മതഗ്രന്ഥങ്ങളിലുമുള്ള അറിവും സൂഫി പാണ്ഡിത്യവും കാരണം ജനങ്ങള്‍ തങ്ങളെ ആദരിച്ചു. തങ്ങളുടെ നേതൃതത്തിൽ നടന്ന നേര്‍ച്ച, മൗലിദ് ആഘോഷങ്ങള്‍ ബ്രീട്ടീഷ് വിരുദ്ധ കൂടിച്ചേരലുകള്‍ക്ക് വഴിയൊരുക്കി. ഇത്തരം ഒരുമിച്ച് കൂടലിലൂടെ തങ്ങളെപ്പോലുള്ള അത്മീയ നേതാക്കള്‍ ഉയര്‍ന്ന് വരികയും ചെയ്തു.


മലബാര്‍ കലാപത്തിലെ ഇടപെടലുകള്‍

1921 ജൂലൈയില്‍ തുവ്വൂര്‍ പള്ളിയില്‍ ഒരു സമ്മേളനം നടന്നു. അതില്‍ വെച്ച് ചെമ്പ്രശ്ശേരി തങ്ങള്‍ പ്രസിഡന്റായി ഒരു ഖിലാഫത്ത് കമ്മിറ്റി രൂപീകരിച്ചു. സമ്മേളനത്തില്‍ കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരും എം.പി നാരായണ മേനോനും സംബന്ധിച്ചിരുന്നു. തങ്ങള്‍ ആദ്യമായി പോരാട്ടത്തിനിറങ്ങിയത് 1921 ആഗസ്റ്റ് മാസം നടന്ന പുക്കോട്ടൂര്‍ തോക്ക് കേസ്, ചോരൂര്‍ മഖാം പ്രാര്‍ത്ഥന എന്നിവയെ ചൊല്ലി സര്‍ക്കാറും ഖിലാഫത്ത് നേതാക്കളും തമ്മില്‍ നടന്ന പ്രശ്‌നത്തിലൂടെയാണ്. ഇതിനെ തുടര്‍ന്ന് തിരൂരങ്ങാടി പള്ളി റൈഡ്, വെടി വെയ്പ്പ് എന്നിവയുണ്ടായി. ഇതിന്റെ അനന്തരഫലമായി മമ്പുറം മഖാം ബ്രിട്ടീഷ് സൈന്യം തകര്‍ത്ത് കളഞ്ഞെന്നും മാപ്പിളമാരും ബ്രിട്ടീഷ് സൈന്യവും നടത്തിയ ഏറ്റുമുട്ടലില്‍ ജില്ല മജിസ്‌ട്രേറ്റ്, ജില്ലാ പോലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി സുപ്രണ്ട്, ആമു സാഹിബ് എന്നിവര്‍ മരണപ്പെട്ടുവെന്നും കിംവദന്തി പരന്നു. ഇതോടെ ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തില്‍ മുവ്വായിരത്തോളം മാപ്പിളമാരും നൂറില്‍ താഴെ അടിയാളരും പാണ്ടിക്കാട് പള്ളി പരിസരത്ത് ഒരുമിച്ച് കൂടി, തുടര്‍ന്ന് പോസ്റ്റ് ഓഫീസ് തുടങ്ങിയ ബ്രിട്ടീഷ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെ വെടിവെക്കുകയും പോലീസ് സ്റ്റേഷന്‍, ചെക്ക് പോസ്റ്റുകള്‍ എന്നിവടങ്ങളിലെ മുഴുവന്‍ രേഖകളും നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്നുള്ള അപകടം ഒഴിവാക്കാന്‍ സൈന്യത്തിന്റെ വരവ് തടസ്സപ്പെടുത്തി മഞ്ചേരിയേയും പാണ്ടിക്കാടിനേയും ബന്ധിപ്പിക്കുന്ന വെള്ളുവങ്ങാട്ടെ പാലവും അവര്‍ തകര്‍ത്തു.

തങ്ങള്‍ എന്നും പാവപ്പെട്ടവര്‍ക്ക് അനുകൂലമായായിരുന്നു നിലപാടുകളെടുത്തിരുന്നത്. ജന്മിമാരും കര്‍ഷകരും തമ്മില്‍ പരസ്പരം എതിരാവുമ്പോഴെല്ലാം തങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമായിരുന്നു. സാധാരണ ജനങ്ങളുടെ നേതാവ് എന്നായിരുന്നു തങ്ങള്‍ അറിയപ്പെട്ടത്. സാമ്രാജത്വത്തിനും ഭൂപ്രഭുക്കള്‍ക്കുമെതിരെ തന്റെ അത്മീയ ശക്തി ഫലപ്രദമായി തങ്ങള്‍ ഉപയോഗിച്ചിരുന്നു. തങ്ങളെ കുറിച്ച് ഡോ. സി.കെ കരീം രേഖപ്പെടുത്തിയത് ഇപ്രകാരമാണ് . 'ആഗസ്റ്റ് 20-ാം തിയതിയലെ സംഭവം അറിഞ്ഞപാടെ തങ്ങള്‍ സര്‍ക്കാറിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും തന്റെ സ്വാധീനത്തിലുള്ള സ്ഥലങ്ങള്‍ വിഭജിച്ച് ഖിലാഫത്ത് പ്രദേശങ്ങളാക്കുകയും ചെയ്തു. അവയില്‍ ഓരോന്നിനും ഓരോ നേതാക്കളേയും നിയമിച്ചു. തുവ്വൂര്‍ അംശത്തിന്റെ നേതാവായിരുന്നു തങ്ങള്‍. നേതാവിന്റെ അനുവാദത്തോട് കൂടി മാത്രമേ ആ നാട്ടില്‍ നിന്ന് ജനങ്ങള്‍ക്ക് പുറത്ത് പോകാന്‍ കഴിയുമായിരുന്നൊള്ളൂ. ആഗസ്റ്റ് 22-ാം തിയ്യതിയോട് കൂടി തന്നെ മണ്ണാര്‍ക്കാട്, തുവ്വൂര്‍ തുടങ്ങിയ സ്ഥലങ്ങളും തങ്ങളുടെ ഭരണത്തിന് കീഴില്‍ വന്നു'. മണ്ണാര്‍ക്കാട് നടന്ന ലഹളയില്‍ ചെമ്പ്രശ്ശേരി തങ്ങള്‍ക്ക് മണ്ണാര്‍ക്കാട് ഇളയനായരുടേയും മറ്റനവധി ഹൈന്ദവ പ്രമാണിമാരുടേയും സഹായം നിര്‍ലോഭം ലഭിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.


തുവ്വൂര്‍ കൂട്ടക്കൊല

തുവ്വൂര്‍ കൂട്ടക്കൊല ചെമ്പ്രശ്ശേരി തങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ട് പലപ്പോഴും പറയപ്പെടാറുണ്ടെങ്കിലും ചെമ്പ്രശ്ശേരി തങ്ങളുടെ വംശത്തില്‍ തന്നെപ്പെട്ട ഇമ്പിച്ചിക്കോയ തങ്ങള്‍ക്കാണ് യുദ്ധത്തില്‍ പങ്കാളിത്തമെന്ന് കെ. മാധവന്റെ എഴുത്തിലൂടെ വ്യക്തമാണ്. മാധവന്‍ നായര്‍ ഇങ്ങനെ പറയുന്നു: 'ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ അക്രമങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് പറയുവാന്‍ ഞാന്‍ തയ്യാറല്ല. എങ്കിലും തുവ്വൂരില്‍ നടന്ന കൂട്ടക്കൊലയും മറ്റും നടത്തിയത് തങ്ങളല്ലെന്നാണ് വ്യക്തമാവുന്നത്. തങ്ങള്‍ വിവരമറിഞ്ഞ് ബാക്കിയുള്ളവരെ രക്ഷപ്പെടുത്തുകയായിരുന്നു'. (മലബാര്‍ കലാപം, കെ മാധവന്‍ നായര്‍, മാതൃഭൂമി 1987).


പോരാട്ടങ്ങള്‍

ചിന്‍, കച്ചിന്‍, ഗൂര്‍ക്ക തുടങ്ങി ബ്രിട്ടീഷ് സൈന്യത്തിലെ മികച്ച സൈനികരെ ഇറക്കി ബ്രിട്ടീഷ് പട്ടാളം സര്‍ക്കാര്‍ അധീന പ്രദേശങ്ങള്‍ പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 30-ാം തിയ്യതി ആലി മുസ്ലിയാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കൂടാതെ ബ്രിട്ടീഷ് സൈന്യം അവര്‍ക്ക് നഷ്ടപ്പെട്ട സ്ഥലങ്ങള്‍ തിരിച്ച് പിടിക്കാന്‍ ആരംഭിച്ചതോടെ പോരാട്ടം കനത്തു. സെപ്തംബര്‍ 12-ാം തിയ്യതി ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്തിലുള്ള ഒരു സംഘം വിപ്ലവാകാരികള്‍ മണ്ണാര്‍ക്കാട് ഗവര്‍ണ്‍മെന്റ് സ്ഥാപനങ്ങള്‍ ആക്രമിക്കുകയും കുടിയാന്‍ രേഖകള്‍ നശിപ്പിക്കുകയും ചെയ്തു. സെപ്തംബര്‍ 13ന് മേലാറ്റൂരില്‍ വെച്ച് ചെമ്പ്രശ്ശേരി തങ്ങളെ വിപ്ലവകാരികളുടെ നേതാവായി തിരെഞ്ഞെടുത്തു. ചെമ്പ്രശ്ശേരി തങ്ങളുടേയും വാരിയന്‍ കുന്നത്തിന്റേയും നേതൃത്വത്തില്‍ സെപ്തംബര്‍ 20, 22 തിയ്യതികളില്‍ ചെര്‍പ്പുളശ്ശേരി, കാഞ്ഞിര മുക്ക്, മേലാറ്റൂര്‍, വെളിയഞ്ചേരി പള്ളി എന്നിവടങ്ങളില്‍ വിപ്ലവ സംഗമങ്ങളും നടന്നു.

പാണ്ടിക്കാട് യുദ്ധത്തിന് ശേഷം മാപ്പിളമാര്‍ ചിന്നിചിതറി. പിന്നീടവര്‍ ചെറിയ ചെറിയ സംഘങ്ങളായായിരുന്നു പ്രവര്‍ത്തിച്ചത്. എന്നാല്‍ ഈ സന്ദര്‍ഭത്തിലും ചെമ്പ്രശ്ശേരി തങ്ങള്‍ അടങ്ങിയിരുക്കാന്‍ തയ്യാറായില്ല. തങ്ങള്‍ തന്റെ കീഴിലുള്ള ഖിലാഫത്ത് ഏരിയകളിലെ ആളുകളോട് ചെമ്പ്രശ്ശേരിയില്‍ സംഗമിക്കാന്‍ കത്തയച്ചു. 1921 ഡിസംബര്‍ 1-ാം തിയ്യതി ഗൂര്‍ഖാ യൂണിറ്റില്‍ ചെമ്പ്രശ്ശേരി തങ്ങളുടെ ഒരു കത്ത് കിട്ടി. കത്തില്‍ പറയുന്നത് ഇപ്രകാരമാണ്: 'മാപ്പിളമാര്‍ വിപ്ലവം നടത്തുവാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു'. മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ നിരപരാധികളായ സ്ത്രീകളേയും കുട്ടികളേയും ബ്രിട്ടീഷ് ഗവര്‍ണ്‍മെന്റ് വേട്ടയാടിയ സംഭവങ്ങളെ കത്തില്‍ എണ്ണമിട്ട് പറഞ്ഞിരുന്നു. (മലബാര്‍ കലാപം,  എം.ഗംഗാധരന്‍ പേജ് - 217)

മരണം

മലബാറില്‍ ബ്രിട്ടീഷുകാര്‍ നേരിട്ട് കൊണ്ടിരിക്കുന്ന തിരിച്ചടി ലോക ശ്രദ്ധ ആകര്‍ഷിച്ച് കഴിഞ്ഞ സമയം, മലബാറില്‍ ബ്രിട്ടീഷ് യുദ്ധം കഴിഞ്ഞു എന്നാണ് ബ്രിട്ടീഷ് പത്രങ്ങള്‍ അച്ചടിച്ചത്. വ്‌ളാദ്മിര്‍ ലെനിന്‍ രംഗത്ത് വന്നതോടെ ബ്രിട്ടീഷ് രാജ്ഞിയുടെ അടിയന്തര ശ്രദ്ധയും വിപ്ലവ മേഖലയിലേക്ക് പതിഞ്ഞു. ഇതോടെ എങ്ങെനെയെങ്കിലും വിപ്ലവ പ്രദേശങ്ങള്‍ തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തിലൂന്നി ബ്രിട്ടീഷ് ഇന്ത്യ ഇന്റെലിജന്റ്‌സ് തലവന്മാര്‍ മലബാറില്‍ തമ്പടിച്ച് ഒറ്റുക്കാരെ വളര്‍ത്തിയെടുത്തു. ലഹളകള്‍ വര്‍ഗ്ഗീയ പ്രക്ഷോഭങ്ങളാണെന്നും വിപ്ലവ സര്‍ക്കാര്‍ വര്‍ഗ്ഗീയ കൂട്ടായ്മയാണെന്നും ഇതര പ്രദേശങ്ങളില്‍ പ്രചരിപ്പിച്ച് പുറമെ നിന്നുള്ള സഹായങ്ങള്‍ക്ക് തടയിട്ടു.

ബ്രിട്ടീഷുകാരുടെ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ അപകടം മുന്നില്‍ കണ്ട ചെമ്പ്രശ്ശേരി തങ്ങള്‍ വിവിധ സംഘങ്ങളുടെ നേതാക്കള്‍ക്ക് ചെമ്പ്രശ്ശേരിയില്‍ സംഗമിക്കാന്‍ കത്തയച്ചു. മുഴുവന്‍ വിപ്ലവകാരികളും ഒത്തു ചേര്‍ന്ന് മമ്പുറം മഖാമില്‍ ചെന്ന് പ്രാര്‍ത്ഥന നടത്തിയ ശേഷം ബ്രിട്ടീഷ് സൈന്യത്തിന് നേരെ അന്തിമ പോരാട്ടം നടത്താനുള്ള ആഹ്വനമായിരുന്നു പദ്ധതി. ഒറ്റുകാരിലൂടെ പദ്ധതി മണത്തറിഞ്ഞ സൈന്യം വിപ്ലവകാരികള്‍ കുന്നിന്‍ പുറത്ത് സമ്മേളിക്കുമ്പോള്‍ അവരെ ഉപരോധത്തിലാക്കി ഭക്ഷണവും വെള്ളവും സഹായങ്ങളും മുടക്കി ശക്തി ക്ഷയിപ്പിച്ച് കീഴടക്കുക എന്ന തന്ത്രമാണ് മെനഞ്ഞത്. പദ്ധതി നടപ്പായതോടെ ഉപരോധിത്തിലായ തങ്ങളേയും കൂട്ടരേയും പ്രലോഭിപ്പിച്ച് കീഴടക്കാനുള്ള ശ്രമങ്ങള്‍ അധികാരികളില്‍ നിന്നും ആരംഭിച്ചു.

തുടര്‍ന്ന് ചെമ്പ്രശ്ശേരി തങ്ങള്‍ ബ്രിട്ടീഷ് പട്ടാളത്തിന് കീഴടങ്ങി എന്നാണ് എല്ലാ രേഖകളും കാണിക്കുന്നത്. സത്യത്തിൽ തങ്ങള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നൽകി ബ്രിട്ടീഷ് സൈന്യം വഞ്ചിക്കുകയായിരുന്നു. കീഴടങ്ങിയാല്‍ മക്കയിലേക്ക് പോവാന്‍ ഏര്‍പ്പാട് ചെയ്യാമെന്ന് അവര്‍ തങ്ങള്‍ക്ക് വാക്ക് കൊടുത്തു. അത് പ്രകാരം മേലാറ്റൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് മുമ്പില്‍ തങ്ങള്‍ ഹാജരായി. അവിടെ വെച്ച് ചെമ്പ്രശ്ശ്രരി തങ്ങളെ ആമു സൂപ്രണ്ട് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് തങ്ങളെ മലപ്പുറം എം.എസ്.പി  ആസ്ഥാനത്ത് തടവിലാക്കുകയും ചെയ്തു. തുടര്‍ന്ന് മക്കയിലേക്ക് തങ്ങളെ പറഞ്ഞയച്ചതായി പ്രചരിപ്പിച്ചു. ഇത് വിശ്വസിച്ച അനേകം മാപ്പിളമാര്‍ ബ്രിട്ടീഷ് പട്ടാളത്തിന് മുമ്പില്‍ കീഴടങ്ങി.

തുടര്‍ന്ന് ചെമ്പ്രശ്ശേരി തങ്ങള്‍ കുമരംപുത്തൂര്‍ സീതിക്കോയ തങ്ങള്‍, ആമക്കുണ്ടന്‍ മമ്മദ് തുടങ്ങിയ ഖിലാഫത്ത് പോരാളികളെ മലപ്പുറത്ത് വെച്ച് കോര്‍ട്ട് മാര്‍ഷല്‍ നടത്തുകയും 1922 ജനുവരി 9ന് കോട്ടക്കുന്നിന്റെ വടക്കേ  ചെരുവില്‍ വെച്ച് വെടി വെച്ച് കൊല്ലുകയും മൃതദേഹങ്ങള്‍ പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. മലബാര്‍ സമരത്തില്‍ ആലി മുസ്ലിയാര്‍ക്കും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും സമാനമായ സ്ഥാനമുള്ള ചെമ്പ്രശ്ശേരി തങ്ങളോട് ചരിത്രം വേണ്ടവിധം നീതി പുലര്‍ത്തിയിട്ടില്ലെന്ന് പറയാതെ വയ്യ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter