വംശീയതയുടെ വേലിക്കെട്ടുകൾ പൊളിച്ച് ഇസ്‍ലാമിലേക്ക്

വിദ്വേഷത്തിന്റെയും അവിശ്വാസത്തിന്റെയും ഭൂമികയിൽ നിന്ന് ഇസ്‍ലാമിന്റെ ശാദ്വലതീരത്തെത്തിയ ഒരു ഇംഗ്ലീഷ് ചെറുപ്പക്കാരന്റെ കഥ .

ഇസ്‍ലാമിലേക്കുള്ള എന്റെ കടന്നുവരവ് ഏറെ വ്യത്യസ്തമായിരുന്നു. ഇസ്‍ലാം ആശ്ലേഷിക്കുന്ന മിക്ക വെള്ളക്കാരും സാധാരണ ലിബറൽ മനസ്സുള്ള കുറച്ചുകൂടി തുറന്ന സമീപനമുള്ള പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. എന്നാൽ എന്റെ ജീവിത പരിസരം അതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. എന്റെ മാതാപിതാക്കൾ സൈനിക ഉദ്യോഗസ്ഥരായിരുന്നതിനാല്‍ ജീവിത പരിസരം വളരെ കർക്കശവും ക്ലേശകരവുമായിരുന്നു. ഒരു വംശീയ വാദി കൂടിയായിരുന്ന അദ്ദേഹത്തിന്റെ അത്തരം വാദങ്ങള്‍ എന്നിലും സ്വാധീനം ചെലുത്തിയിരുന്നു. അറബികളെയും മുസ്‍ലിംകളെയും ആക്രമിക്കുകയും അവരുടെ മതത്തെയും ജീവിതത്തെയും ആക്ഷേപിക്കുകയും ചെയ്യുന്നത് പിതാവിന്റെ ഹോബിയായിരുന്നു. എന്റെ ചെറുപ്പകാലങ്ങളിലെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്നത് അത്തരം വിദ്വേഷം തുളുമ്പുന്ന പിതാവിന്റെ ചിത്രങ്ങളാണ്. മദ്യപിച്ചിരുന്ന അച്ഛന്‍ എന്നെയും സഹോദരിയെയും അമ്മയെയും അക്രമിക്കുന്നതും പതിവായിരുന്നു. ഇത്തരം ദുര്‍ഘട സാഹചര്യങ്ങളിലൂടെയാണ് ഞങ്ങള്‍ വളര്‍ന്നത്.

സ്നേഹമില്ലാത്ത ഈ സാഹചര്യങ്ങളെ അതിജീവിക്കാൻ വീടിനു പുറത്തുള്ള ഒരു ബന്ധത്തെ കൂട്ട് പിടിക്കാന്‍ വരെ ശ്രമങ്ങൾ നടത്തിനോക്കി. നിർഭാഗ്യ വശാൽ അത് എത്തിപ്പെട്ടത് അതിനേക്കാൾ  സ്വഭാവദൂഷ്യം ഉള്ള കൂട്ടത്തിലേക്കാണ്.  വംശീയ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിരുന്ന സ്കിൻ ഹെഡ് പ്രസ്ഥാനവുമായിട്ടായിരുന്നു ആ ബന്ധം.  അതോടെ എന്റെ ചുറ്റുപാടുകളും സഹവാസവുമെല്ലാം വെറുപ്പിന്റെ ലോകം മാത്രമായി മാറി. വൈകാതെ അതെനിക്ക് വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചു.

Read More: ജാനീസ് ഹഫ് ആമിന അസ്സില്‍മിയായി മാറിയത് ഇങ്ങനെയായിരുന്നു

സ്ഥിതിഗതികൾ കൂടുതൽ വഷളായി തുടങ്ങിയതോടെ  വീടും നാടും വിടാന്‍  തന്നെ തീരുമാനിച്ചു. ശേഷം എന്റെ ഇസ്‍ലാമിക ആശ്ലേഷണത്തിനുള്ള കാരണമായി വർത്തിച്ചതും അതായിരുന്നു. ഇരുപത്തിമൂന്നാം വയസ്സിലായിരുന്നു അത്. അതോടെ സാഹചര്യങ്ങള്‍ മാറുകയും അതിലൂടെ ശാന്തമായ ജീവിതം നയിക്കാൻ സാധിക്കുകയും ചെയ്തു. മതങ്ങളെകുറിച്ചും വിശിഷ്യാ മുസ്‍ലിംകളെ കുറിച്ചും ഞാന്‍ അത് വരെ കേട്ടതും ധരിച്ചതുവെച്ചതുമെല്ലാം വാസ്തവ വിരുദ്ധമായിരുന്നുവെന്ന് എനിക്ക് മനസ്സിലായതും അതോടെയായിരുന്നു.
 
ഫലസ്തീന്‍ വിമോചനത്തിനായി ഇൻതിഫാദ നടക്കുന്ന സമയമായിരുന്നു അത്. എന്റെ ധാരണകളെ പുനപരിശോധിക്കുന്നതിന്റെ ഭാഗമായി പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഈ വിശ്വാസപരമായ പോരാട്ടത്തെ സൂക്ഷ്മമായി പഠിക്കാന്‍ തന്നെ ഞാൻ തീരുമാനിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ചരിത്രവും രാഷ്ട്രീയവും പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിക്കാൻ തുടങ്ങി.  ആ വായന യഥാര്‍ത്ഥത്തില്‍ ഇസ്‍ലാമിനെ കുറിച്ചും മുസ്‍ലിംകളെ കുറിച്ചും കൂടിയായിരുന്നു. ജീവിതത്തില്‍ ഒരു മുസ്‍ലിമിനെ പോലും നേരില്‍ കണ്ടിട്ടില്ലാതിരുന്ന എനിക്ക്, ആ പുസ്തകങ്ങള്‍ നല്കിയതെല്ലാം പുതിയ പുതിയ ബോധ്യങ്ങളും തിരിച്ചറിവുകളുമായിരുന്നു.

ആയിടെയാണ് ഭാര്യയുടെ ജോലി സ്ഥലമാറ്റവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിലെത്തുന്നത്. അവിടയെത്തിയപ്പോൾ ആ രാജ്യത്തിന്റെ ചരിത്രം പഠിക്കുന്നതോടൊപ്പം തന്നെ, ഇസ്‍ലാമിനെ കുറിച്ചുള്ള എന്റെ അന്വേഷണങ്ങൾ തുടര്‍ന്നു കൊണ്ടേയിരുന്നു. ഖുർആനും ഹദീസുകളും അവ മുന്നോട്ട് വെക്കുന്ന ഇസ്‍ലാമിന്റെ പ്രത്യയശാസ്ത്രവും മനസ്സിലാക്കും തോറും എന്റെ അല്‍ഭുതം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ദൈവത്തിന് മക്കൾ ഉണ്ടാകുമെന്ന വിശ്വാസത്തെ അതുവരെ അന്ധമായി പിന്തുടരുകയായിരുന്നു ഞാൻ. അത് തീർത്തും അബദ്ധജടിലമാണെന്നും  സിയൂസ്, ഓടിൻ വിശ്വാസ ധാരകളിൽ നിന്നാണ് അവ ക്രിസ്ത്യൻ വിശ്വാസങ്ങളിലേക്ക് കടന്നുവന്നെതന്നും എനിക്ക് ബോധ്യമായി. ആദിപാപ സിദ്ധാന്തവും എനിക്ക് എന്നും സംശയം ജനിപ്പിക്കുന്നതായിരുന്നു. യഹൂദമതം പരിശോധിച്ചപ്പോൾ അതിലും ഉത്തരങ്ങളെക്കാൾ അധികം ചോദ്യങ്ങൾ തന്നെയായിരുന്നു എന്റെ മനസ്സില്‍ നിറഞ്ഞ് നിന്നത്. 

ഒടുവില്‍ മാത്രം മനസ്സിലാക്കിയ ഇസ്‍ലാമിലാണ് എല്ലാത്തിനും ഉത്തരങ്ങളുള്ളതെന്നും ബുദ്ധിക്കും യുക്തിക്കും ഏറ്റവും യോജിക്കുന്ന സിദ്ധാന്തങ്ങളുള്ളതെന്നും എനിക്ക് ബോധ്യപ്പെട്ടു. ഏക ദൈവ സിദ്ധാന്തവും യേശു ക്രിസ്തു അല്ലാഹുവിന്റെ അനേകം പ്രവാചകരില്‍ ഒരാള്‍ മാത്രമാണെന്നും എല്ലാ പ്രവാചകരെയും ഒരു പോലെ ആദരിക്കേണ്ടതാണെന്നുമുള്ള ഏറ്റവും ലളിതമായ വിശദീകരണങ്ങളെല്ലാം എന്നെ വല്ലാതെ സ്വാധീനിച്ചു. 

Read More: കൊറിയന്‍ പോപ് സംഗീതജ്ഞന്‍ ഇസ്‍ലാമിനെ കണ്ടെത്തിയത് ഇങ്ങനെയായിരുന്നു

ഇനിയും മാറി നില്‍ക്കാന്‍ എനിക്ക് ആകുമായിരുന്നില്ല. ഭാര്യ അതിന് തടസ്സമാകുമോ എന്നതായിരുന്നു എന്റെ പ്രധാന ശങ്ക. എന്നാല്‍ ഇംഗ്ലണ്ടിലെത്തി അധികം കഴിയും മുമ്പേ ചില അസ്വാരസ്യങ്ങള്‍ കാരണം അവള്‍ വിവാഹമോചനം നേടി എന്നെ പിരിഞ്ഞുപോയി. അതെനിക്ക് ആശ്വാസമായി എന്ന് പറയുന്നതാവും ശരി. വൈകാതെ, ലണ്ടനിൽ നിന്ന് പരിചയപ്പെട്ട ഒരു യുവാവിനൊപ്പം പോയി ഞാൻ ഇസ്‍ലാം സ്വീകരിച്ചു. ഇംഗ്ലണ്ടിൽ താമസിക്കാനായിരുന്നു എനിക്ക് ഇഷ്ടമെങ്കിലും ഭാര്യയെ പിരിഞ്ഞതോടെ എനിക്ക് അവിടം വിടേണ്ടിവന്നു. അല്ലാഹുവിന്റെ അനുഗ്രഹം എന്ന് പറയാം, വേഗം തന്നെ എനിക്ക് അലക്സയിൽ ഒരു ഗവൺമെന്റ് ജോലി തന്നെ ലഭിച്ചു.

അലക്സയില്‍നിന്ന് ഇടയ്ക്കിടെ ഞാൻ വാഷിംഗ്ടണിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു. അവിടുത്തെ മുസ്‍ലിംകളുമായുള്ള ബന്ധം ഒരു വിവാഹാലോചനയിലേക്ക് വരെ എത്തിച്ചു. വിവാഹമെന്നത് പുണ്യകര്‍മ്മമാണെന്ന് അതിനകം ഞാന്‍ മനസ്സിലാക്കിയിരുന്നു. പുതുവിശ്വാസിയായ എന്നെ സ്വീകരിക്കുന്ന ഒരു പെൺകുട്ടിയെ തന്നെയാണ് എനിക്ക് അതിലൂടെ ലഭിച്ചത്. ആദ്യകൂടിക്കാഴ്ചയില്‍ പരസ്പരം സംസാരിച്ചപ്പോള്‍ തന്നെ, ഞങ്ങൾ തമ്മിൽ ഒരുപാട് സാമ്യതകൾ ഉണ്ടെന്നും, അവയെല്ലാം വിശ്വാസപരമാണെന്നും എനിക്ക് വ്യക്തമായി. നല്ല ദൈവഭയമുള്ളവളും എന്നെ മതം പഠിപ്പിക്കാൻ കഴിവുള്ളവളുമായിരുന്നു അവള്‍. അവളുടെ മാതൃഭാഷ അറബി ആയിരുന്നതിനാല്‍ അതും എനിക്ക് സഹായകമായി. 

വിവാഹത്തിന് അവളുടെ കുടുംബത്തിന്റെ കൂടി സമ്മതം വാങ്ങുക എന്നതായിരുന്നു അടുത്ത കടമ്പ. തൊട്ടടുത്ത റമദാനില്‍ അവള്‍ വീട്ടില്‍ ഇഫ്താർ വിരുന്ന് ഒരുക്കുകയും എന്നെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. വീട്ടുകാര്‍ക്ക് എന്നെ പരിചയപ്പെടുത്തുകയായിരുന്നു പ്രധാന ലക്ഷ്യം. അങ്ങോട്ടുള്ള യാത്രയിൽ ടാക്സി ഡ്രൈവറുടെ സമീപനം എന്നെ വല്ലാതെ ആകർഷിച്ചു. അറബ് രീതിയില്‍ വസ്ത്രം ധരിച്ച ആ ഡ്രൈവർ സലാം പറഞ്ഞാണ് എന്നെ സ്വീകരിച്ചത്. അല്‍പം വൈകിയിരുന്നതിനാല്‍ വണ്ടിയിലിരിക്കെയാണ് മഗ്‍രിബ് ബാങ്ക് കൊടുത്തത്. ബാങ്ക് കേട്ടതും അദ്ദേഹം കാരക്ക കൊണ്ട് നോമ്പ് തുറന്നു, ഞാൻ നോമ്പുകാരൻ ആണോ എന്ന് ആരായുകയും അതെ എന്ന മറുപടി കേട്ട് സന്തോഷത്തോടെ എനിക്കും കാരക്കയും വെള്ളവും നല്കി സല്‍കരിക്കുകയും ചെയ്തു. അദ്ദേഹം അഫ്ഗാനിയായിരുന്നു.  
പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തിയ എനിക്ക്, വിവരമറിയുമ്പോള്‍ അവര്‍ എന്നെ എങ്ങനെ സ്വീകരിക്കുമെന്ന് ഏറെ ആശങ്കകളായിരുന്നു. എന്നാലും പടച്ചവന്‍ കൂടെയുണ്ടാവുമെന്ന ഉറച്ച വിശ്വാസവുമുണ്ടായിരുന്നു.  ഞാന്‍ ബിസ്മി ചൊല്ലി ബെല്ലമര്‍ത്തി. വാതില്‍ തുറന്ന് വളരെ സ്നേഹത്തോടെ അവരെന്നെ സ്വീകരിച്ചു. ഞങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഞങ്ങള്‍ വളരെ പെട്ടെന്ന് പരസ്പരം അടുത്തു. അടുത്ത മാസം തന്നെ ഞങ്ങൾ തമ്മിലുള്ള വിവാഹവും നടന്നു. 

Read More: എം ടിവിയിൽ നിന്ന് മക്കയിലക്ക് – ക്രിസ്റ്റീന ബെക്കര്‍ കഥ പറയുന്നു

അൽഹംദുലില്ലാഹ്, ഏകദേശം രണ്ടുവർഷമായി ഞങ്ങള്‍ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്നു. അതെ, ഇസ്‍ലാം സമ്മാനിക്കുന്നത് സമാധാനമാണ്, വിദ്വേഷത്തിന്റെ അന്ധകാരത്തില്‍നിന്ന് സാന്ത്വനത്തിന്റെയും സന്തോഷത്തിന്റെയും ഭൂമികയിലാണ് ഞാനെത്തിയത്.  ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്നത് വല്ലാത്ത സംതൃപ്തിയും ശാന്തതയും സമാധാനവുമാണ്. ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലാത്ത തെളിഞ്ഞ നീരുറവ പോലെയാണ് എന്റെ മനസ്സ്. ഇസ്‍ലാമിന് ഏതൊരു വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ അല്‍ഭുതങ്ങളുണ്ടാക്കാനാവുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു, അതിന്റെ ഏറ്റവും വലിയ തെളിവ് ഞാന്‍ തന്നെയാണ്. നാഥന്‍ ഇത് നിലനിര്‍ത്തട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter