ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-1

പഴയ ഖുറാസാന്റ മണ്ണിലെ  തുഗ്രിബെഗ്

യാത്രകളാണ് എന്നും മനുഷ്യനെ വളര്‍ത്തുന്നത്. യാത്രകളെ പ്രോല്‍സാഹിപ്പിക്കാത്തവരില്ല. കെട്ടിക്കിടക്കുന്നത് വെള്ളത്തെ ദുഷിപ്പിക്കുകയേ ഉള്ളൂ, യാനങ്ങളാണ് ശുദ്ധത ഉറപ്പ് വരുത്തുന്നത് എന്ന് പറഞ്ഞത് ഇമാം ശാഫിഈ ആണ്. ആധ്യാത്മിക ലോകത്തെ സഞ്ചാരികള്‍ അത് കൊണ്ട് തന്നെ, ഏറെ പ്രാധാന്യമാണ് യാത്രകള്‍ക്ക് നല്കുന്നത്. ഈ ലോകം തന്നെ മനുഷ്യനെ സംബന്ധിച്ചിടത്തോളം കേവലം ഒരു വഴിയാത്രയാണെന്ന് മനസ്സിലുറച്ചവര്‍ക്ക്, അത് വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കാനുള്ള മാര്‍ഗ്ഗം കൂടിയാണ് യാത്ര. അത് കൊണ്ട് തന്നെ, ഒരിക്കലും അവസാനിക്കാത്ത യാത്രകള്‍ സ്വൂഫികളുടെ പ്രതീകങ്ങളായി മാറുന്നു. എവിടെയും സ്വസ്ഥമായി ഉറങ്ങാനും ദിവസങ്ങള്‍ കഴിച്ച് കൂട്ടാനുമുള്ള സന്നാഹങ്ങളെല്ലാം കേവലം ഒരു ഭാണ്ഡത്തിലൊതുക്കി ലക്ഷ്യമില്ലാതെ അലയുന്ന ദര്‍വീശുമാര്‍ അത് കൊണ്ട് തന്നെ എന്നും ചരിത്രത്തിന്റെ ഭാഗമാണ്. അത്തരം ഒരു ദര്‍വീശിന്റെ കണ്ണുകളിലൂടെ തുര്‍ക്കിയിലെയും പരിസരങ്ങളിലെയും ചരിത്രസ്ഥലികളെ നോക്കിക്കാണുകയാണ് ഇവിടെ.

പേർഷ്യൻ-മെസപ്പൊട്ടോമിയൻ നാടുകളിലാണ് ഇപ്പോള്‍ ഞാന്‍ എത്തിച്ചേർന്നിട്ടുള്ളത്. യൂറോപ്യര്‍ക്ക് വരെ അറിവിന്റെ വെളിച്ചം പകര്‍ന്ന ബാഗ്ദാദിന്റെ നിലവിലെ സ്ഥിതിവിശേഷങ്ങള്‍ കാണുമ്പോള്‍ അറിയാതെ നൊമ്പരപ്പെട്ടുപോവുകയാണ്, നാഥാ, എല്ലാം നിന്റെ വിധി. നടക്കുന്നതിനിടെ, പഴയ നിസാമിയ്യ മദ്റസയും ബൈതുല്‍ ഹിക്മയുമൊക്കെ തിരയുന്നുണ്ടായിരുന്നു കണ്ണുകള്‍. പക്ഷേ, നിരാശ മാത്രം ബാക്കി. ബൈത്തുൽ ഹിക്മയിലെ ഗ്രന്ഥങ്ങൾ എരിഞ്ഞടങ്ങിയ ടൈഗ്രീസിനും യൂഫ്രട്ടീസിനും ഇന്നും ആ കരിനിറം മാറിയിട്ടില്ലെന്ന് തോന്നും. ചെങ്കിസ് ഖാനും കൂട്ടരും ആവോളം നശിപ്പിച്ചിട്ടും ബാക്കിയായത്, ഐഎസ് എന്ന പേരില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. 

ഇന്ന് ഇവിടെ ദർവീശ് മടകളോ കഥ പറഞ്ഞു തരുന്ന ശൈഖ് ഹമദാനിയോ അഹ്മദ് യീസവിയോ ഇല്ല. ലോകത്തിനാകമാനം പ്രകാശം പരത്തിയ മദ്റസകൾക്ക് പകരം എവിടെയും മീസാന്‍ കല്ലുകൾ മാത്രം. പീരങ്കിയും വെടിക്കോപ്പുകളും പുകപടലങ്ങളുമാണ് ഇവിടെ ഇന്നത്തെ നിത്യകാഴ്ച. 

എല്ലാം നിരാശ നല്കന്ന കാഴ്ചകള്‍ മാത്രം. ഇതിനൊരു മോചനം വേണമെങ്കില്‍, ആത്മാഭിമാനം മുറ്റി നില്‍ക്കുന്ന പഴയ കഥകളിലേക്ക് തന്നെ തിരിച്ചു പോവണം. തുര്‍ക്കിയുടെ നിര്‍മ്മാതാക്കളായ ഓഗുസ് ഖാന്റെയും മക്കളുടെയും കഥകള്‍ക്കേ അതിന് സാധ്യമാവൂ. അത് കൊണ്ട് തന്നെ, ഞാന്‍ എന്റെ യാത്ര ആ വഴിക്ക് തിരിച്ചുപിടിക്കുകയാണ്.

Also Read:മുസ്‌ലിം ഭരണാധികാരികളുടെ പുസ്തക പ്രേമം

നാടുകളില്‍നിന്ന് നാടുകളിലേക്ക് അവിരാമം സഞ്ചരിച്ചുകൊണ്ടിരുന്ന അവര്‍ സൽജൂഖിന്റെ പിന്മുറക്കാരായിരുന്നു. പുരുഷത്വത്തിന്റെ പ്രതീകങ്ങളായ, ദൃഢനിശ്ചയത്തിലൂടെ അല്‍ഭുതങ്ങള്‍ തീര്‍ത്ത ഒട്ടേറെ പേരെ നമുക്കാ കൂട്ടത്തില്‍ കാണാനാവും. ആ വീര ചരിതങ്ങള്‍ തേടി ഞാന്‍ പതുക്കെ നടന്നു. അവരുടെ പാദം പതിഞ്ഞ മണ്ണിനോട് പോലും എനിക്ക് ആദരവ് തോന്നിയിരുന്നു.

ആദ്യമായി ഞാന്‍ എത്തിപ്പെട്ടത്, തുഗ്രില്‍ ബെഗ് എന്ന് ചരിത്രം അഭിമാനത്തോടെ വിളിച്ച മുഹമ്മദിന്റെ ഖബ്റിന് സമീപമാണ്. ആ മീസാന്‍ കല്ലുകള്‍ക്ക് പോലുമുണ്ട് വല്ലാത്തൊരു പ്രൌഢി. എഡി. 990 ലായിരുന്നു മുഹമ്മദിന്റെ ജനനം. പിതാവായ മിഖായേലില്‍നിന്ന്, തന്റെ പിതാമഹനായ സൽജൂഖിന്റെയും ഒഗുസ് ഖാന്റെയും വീരചരിതങ്ങൾ കേട്ടാണ് മുഹമ്മദ് വളര്‍ന്നത്. ഏതൊരു കഥയുടെയും അവസാനം മിഖേയേൽ ഇങ്ങനെ പറയും: "നമ്മളാണ് തുർക്കികൾ, നമ്മളാണ് ബനു സൽജൂഖ്, മഹ്മൂദ് ബിൻ സുബക്തകിന്റെ (ഗസ്നവി) ശേഷം നമ്മളാണ് ഖുറാസാൻ ഭരിക്കേണ്ടത്". ആ വീരചരിതങ്ങള്‍ കേവല കഥകള്‍ക്കപ്പുറം, മുഹമ്മദിന്റെ ഉറക്കം കെടുത്താന്‍ പോന്നവയായിരുന്നു. തങ്ങളുടെ പഴയ പ്രതാപം തിരിച്ച് പിടിക്കുമെന്ന് അന്ന് തന്നെ അവന്‍ മനസ്സിലുറച്ചിരുന്നു.

ശേഷം അവനെ നയിച്ചത്, സൽജൂഖിന്റെ സ്വപ്നങ്ങളായിരുന്നു. അതിനുള്ള ശക്തി സംഭരണമായിരുന്നു പിന്നീടങ്ങോട്ട്. 1040 ല്‍, തുർക്കുമെനിസ്ഥാനിലെ മർവിന് അടുത്ത പ്രദേശമായ ദൻദഖാനിൽ വെച്ച് നടന്ന പോരാട്ടത്തില്‍, ഗസ്നവി രാജാവായ മസ്ഊദ് ബിന് മുഹമ്മദിനെ പരാജയപ്പെടുത്തുകയും അദ്ദേഹം അഫ്ഗാനിലേക്ക് നാട് വിടുകയും ചെയ്തു. അതോടെ തുർക്കികളുടെ പുതു ചരിത്രത്തിന് അദ്ദേഹം അസ്ഥിവാരമിടുകയായിരുന്നു. മിഖായേലിന്റെ വാക്കുകളെ ശരിവെച്ച് കൊണ്ട്, ഖുറാസാൻ സൽജൂഖികളുടെ ഭരണത്തിന് കീഴിലായി. പിന്നീടങ്ങോട്ട് മുന്നേറ്റങ്ങളുടെ പരമ്പരയായിരുന്നു. മംഗോളിയൻ ഭീഷണിയാല്‍  മദ്ധ്യേഷ്യ വിട്ട് പടിഞ്ഞാറോട്ട് സഞ്ചരിച്ചപ്പോൾ പലരും പരിഹാസത്തോടെ നോക്കിയ സമൂഹത്തിലാണ് ഇന്ന് അധികാരം വന്നെത്തിയിരിക്കുന്നത്. ഓര്‍ക്കും തോറും മുഹമ്മദിന്റെ മനസ്സ് അല്ലാഹുവിന് നന്ദികളര്‍പ്പിച്ചുകൊണ്ടേയിരുന്നു. 

ആ കഥകള്‍ ശരിക്കും എന്നെ പുളകം കൊള്ളിച്ചു. 1054ല്‍ അദ്ദേഹവും അൽപുകളും (സൈനികര്‍) ചേർന്ന് കീഴടക്കിയ അസർബൈജാന്‍, അർമേനിയ, മെസൂൾ എന്നിവ കൂടി നേരില്‍ കാണണമെന്ന് മനസ്സ് കൊതിച്ചു. പക്ഷേ, അവിടങ്ങളിലെയെല്ലാം നിലവിലെ സ്ഥിതി, ആ ആഗ്രഹത്തെ അടക്കി വെക്കാനാണ് എന്നോട് പറഞ്ഞത്. കാരണം, അത് വീണ്ടും നിരാശക്കേ കാരണമാവൂ.  അവയെല്ലാം ഇന്ന് പ്രേതാലയങ്ങളാണെന്നേ പറയാനൊക്കൂ. തീവ്രവാദി സംഘടനകളും കഴിവ് കെട്ട ഇറാഖ് ഭരണകൂടവും ആ പഴയ പൈതൃക നാടുകളെയെല്ലാം അനാഥമാക്കിയിരിക്കുന്നു. തല്‍ക്കാലം ഞാന്‍ പഴയ ചരിത്രത്തിലേക്ക് തന്നെ വീണ്ടും ഊളിയിട്ടു.
1055ലാണത്രെ, തുഗ്രി ബെഗിനെ തേടി, നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന അന്നത്തെ അബ്ബാസീ ഖലീഫ അല്‍ഖായിമിന്റെ കത്ത് വരുന്നത്. ആർമാദനൃത്തമാടുന്ന ബുവൈഹിദിന്റെ കൈകളിൽ നിന്ന് പ്രതാപങ്ങളുടെ തലസ്ഥാനമായ ബാഗ്ദാദിനെ മോചിപ്പിക്കണം എന്ന അപേക്ഷയായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. 

Also Read:അബ്ബാസി യുഗത്തിലെ വൈജ്ഞാനിക പുരോഗതി

തുഗ്രിൽ ബെഗിനെ സംബന്ധിച്ചിടത്തോളം, പേരിലെങ്കില്‍പോലും ലോക മുസ്‍ലിം ഖലീഫയായിരുന്ന അദ്ദേഹത്തിന്റെ കത്ത് വലിയൊരു അംഗീകാരമായിരുന്നു. ബുവൈഹിദിന്റെ സൈന്യവുമായി സൽജൂഖികള്‍ക്ക് ഏറ്റ് മുട്ടാനുള്ള ഏറ്റവും നല്ല അവസരം കൂടിയായാണ് അദ്ദേഹം അതിനെ കണ്ടത്. വൈകാതെ, തുഗ്രിൽ ബെഗ് അതില്‍ വിജയാശ്രീലിളിതനാവുകയും അബ്ബാസി ഖലീഫ അദ്ദേഹത്തിന് "സുൽത്താൻ" എന്ന പദവി നൽകി ആദരിക്കുകയും ചെയ്തു. അതോടെ സൽജൂഖ് "ബൈ" (സൈന്യാധിപന്‍) സൽജൂഖ് സുൽത്താനായി മാറി. പിന്നീടങ്ങോട്ട്, ശക്തമായ ഭരണസംവിധാനമായി സല്‍ജുഖികള്‍ വളരുകയായിരുന്നു. അല്ല, തുഗ്രില്‍ ബെഗ് സല്‍ജഖികളെ വളര്‍ത്തുകയായിരുന്നു എന്ന് വേണം പറയാന്‍.

25 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ ഭരണത്തിലൂടെ, ബനീ ബുവൈഹ്, സാമാനി, ഫാത്തിമി എന്നീ ഭരണകൂടങ്ങളേക്കാൾ വിസ്തൃതമായി മാറി സല്‍ജൂഖി സാമ്രാജ്യം. 1063, സെപ്തംബർ നാലിന് ഈ ലോകത്തോട് വിട പറയുമ്പോള്‍, ലോകത്തിന് ഒട്ടേറെ ബാക്കിവെച്ചായിരുന്നു ആ ജീവിതം അവസാനിച്ചത്. 

മക്കളില്ലാതിരുന്ന അദ്ദേഹം, സഹോദരനായ ചഗ്രി ബെഗിന്റെ മകൻ മുഹമ്മദിനെ അനന്തവകാശിയായി നിർണയിച്ചിരുന്നു. തുർക്കികളുടെ ഭാവി ഗതി നിർണയിക്കുന്നതില്‍, തുഗ്രില്‍ ബെഗിന് ശേഷം വലിയ പങ്ക് വഹിക്കാനായ അദ്ദേഹത്തെ തുര്‍ക്കികള്‍, ഏറെ ആദരവോടെ "അൽപ് അർസലാൻ" എന്ന് വിളിച്ചു. അവര്‍ക്കുമുണ്ട് ഒട്ടേറെ കഥകള്‍ പറയാന്‍. നമുക്ക് കാതോര്‍ക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter