ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-31 മുഹമ്മദുല്‍ ഫാതിഹിന്റെ ഓര്‍മ്മകള്‍ താലോലിക്കുന്ന ഇസ്താംബൂളിലൂടെ

ആധുനിക തുര്‍കിയുടെ തലസ്ഥാനം അങ്കാറയാണെങ്കില്‍, തുര്‍കിയില്‍ പായേതഖ്ത് (തലസ്ഥാനമെന്നതിന്റെ പേര്‍ഷ്യന്‍ പദം) എന്ന പേരിലറിയപ്പെടുന്നത് ഇസ്താംബൂളാണ്. 1923ല്‍ ആധുനിക തുര്‍കി രൂപപ്പെടുന്നത് വരെ, അതി പ്രൌഢമായ തുര്‍കി ഖിലാഫതിന് തലസ്ഥാന നഗരിയായി വര്‍ത്തിച്ചത് ഈ നഗര സുന്ദരിയായിരുന്നു. ഒപ്പം ദര്‍വീശുമാരുടെ തലസ്ഥാനം കൂടിയാണ് ഈ ലോകപ്രശസ്ത പട്ടണം എന്ന് പറയാം. റിപബ്ലിക് കാലഘട്ടത്തിലും കാര്യമായ പരിക്കൊന്നുമില്ലാതെ ഇസ്താംബൂളിന് നിലനില്‍ക്കാനായതും അത് കൊണ്ട് തന്നെയാവാം. ഇന്ന് നമുക്ക് ഈ നഗരത്തിന്റെ സല്ലാപങ്ങള്‍ കേട്ട് അല്‍പം നടക്കാം.

തുർക്കിയിലെ ഏറ്റവും വലിയ നഗരമാണ് ഇസ്താംബൂൾ. രാജ്യത്തിന്റെ സാമ്പത്തിക, സാംസ്കാരിക, ചരിത്ര കേന്ദ്രമാണ് ഈ നഗരം. യൂറോപ്പിലും ഏഷ്യയിലും സ്ഥിതി ചെയ്യുന്ന ഈ നഗരം ബോസ്ഫറസ് കടലിടുക്കിലൂടെ നീണ്ടുകിടക്കുന്ന നാടാണെന്ന് പറയാം. തുർക്കിയിലെ ജനസംഖ്യയുടെ 19% അടങ്ങുന്ന 15 ദശലക്ഷത്തിലധികം ജനസംഖ്യയും ഈ നഗരത്തിലാണ് അധിവസിക്കുന്നത്. ഇസ്താംബൂൾ ഏറ്റവും ജനസംഖ്യയുള്ള യൂറോപ്യൻ നഗരവും ലോകത്തിലെ 15-ാമത്തെ വലിയ നഗരവുമാണ്. 

റോമൻ-ബൈസന്റൈൻ (330-1204), ലാറ്റിൻ (1204-1261),  ബൈസന്റൈൻ (1261-1453), ഓട്ടോമൻ (1453-1922) എന്നീ സാമ്രാജ്യങ്ങളുടെയെല്ലാം കാലത്തായി, ഏകദേശം 1600 വർഷത്തോളം തലസ്ഥാനമായി വർത്തിച്ചത് ഈ നഗരമായിരുന്നു. റോമൻ-ബൈസന്റൈൻ കാലഘട്ടത്തിൽ ക്രിസ്തുമതത്തെ പുരോഗതിയിൽ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതും കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നറിയപ്പെട്ടിരുന്ന ഈ നഗരം തന്നെ. എഡി 1453ലാണ് ഈ നഗരത്തിന്റെ വിധി തന്നെ മാറിമറിയുന്നത്. സ്വഹാബി പ്രമുഖനായ അബൂ അയ്യൂബുൽ അൻസാരി അന്തിയുറങ്ങുന്ന ആ നഗരം, മുസ്‍ലിം ഏറെ ആദരവോടെ മുഹമ്മദ് അല്‍ഫാതിഹ് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന മുഹമ്മദ് ബ്നു മുറാദിന്റെ കൈകളിലെത്തിയത് അന്നായിരുന്നു.

ഒട്ടോമൻ സാമ്രാജ്യത്തിന്റെ ചരിത്രത്തിൽ കടന്നുവന്ന ഓരോ സുൽത്താനും വ്യത്യസ്തമായ കഴിവുകളുള്ളവരായിരുന്നു. ഏഴാമത്തെ ഓട്ടോമൻ സുൽത്താനായ മുഹമ്മദ് അൽഫാത്തിഹ് എന്ന് അറിയപ്പെടുന്ന മുഹമ്മദ് രണ്ടാമൻ രാഷ്ട്രതന്ത്രം, സൈനിക സേവനം, നയതന്ത്രം, ശാസ്ത്രം, സാഹിത്യം തുടങ്ങിയ എല്ലാ മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിരുന്നു.

സുൽത്താൻ മുറാദ് രണ്ടാമന്റെയും ഇസ്‌ഫെൻദിയാരി രാജകുമാരിയായിരുന്ന ഹ്യൂമ ഖാതുന്റെയും മകനായി, എഡി. 1432ലാണ് സുൽത്താൻ മുഹമ്മദ് രണ്ടാമൻ ജനിക്കുന്നത്. പ്രമുഖ പണ്ഡിതന്മാരില്‍ നിന്ന് വിദ്യകളെല്ലാം അഭ്യസിച്ച അദ്ദേഹം അതിനിപുണനായാണ് വളര്‍ന്നത്. ജീവിച്ചിരിക്കുമ്പോൾ തന്നെ മകൻ അധികാരത്തിലിരിക്കുന്നത് കാണാൻ ആഗ്രഹിച്ച പിതാവ് സുൽത്താൻ മുറാദ് മുഹമ്മദിന് വേണ്ടി സിംഹാസനം ഒഴിഞ്ഞുകൊടുത്തെങ്കിലും, ഒരു വലിയ കുരിശുസേനയുടെ ആക്രമണത്തെ നേരിടുന്നതിന്റെ ഭാഗമായി, തന്റെ പിതാവിനെ വീണ്ടും സിംഹാസനത്തിലേക്ക് വിളിക്കേണ്ടി വന്നു. 1451-ൽ സുൽത്താൻ മുറാദ് രണ്ടാമന്റെ മരണശേഷം മുഹമ്മദ് രണ്ടാമൻ ഊർജ്ജസ്വലതയോടൊ വീണ്ടും അധികാരത്തിൽ കയറി. 

ചെറുപ്രായത്തിൽ തന്നെ മുഹമ്മദിന്റെ മനസ്സിൽ അടക്കി വെച്ച ആഗ്രഹമായിരുന്നു ബൈസന്റൈൻ സാമ്രാജ്യം തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കണം എന്നുള്ളത്. ഇതിനു കാരണമായി പറയുന്നത് മുഹമ്മദ് നബിയുടെ പ്രവചനമാണ്. അബൂ അയ്യൂബുൽ അൻസ്വാരിയടക്കമുള്ള ശിഷ്യരോട്‌ പ്രവാചകന്‍, കാലങ്ങൾക്ക് ശേഷം ഉത്തമനായ ഒരു നേതാവിന്റെ കീഴിലുള്ള മഹത്തായ ഒരു സൈന്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുമെന്ന് പ്രവചനം നടത്തിയിരുന്നു. സുൽത്താൻ മുഹമ്മദ് തന്റെ സൂഫി ഗുരുവായ അക് ശംസുദ്ധീൻ സൂഫിസത്തില്‍ പൂർണ്ണമായും മുഴുകാൻ ആഗ്രഹം പ്രകടിപ്പിച്ച സമയം തന്റെ ഗുരു ഈ പ്രവചനം ചൂണ്ടി കാട്ടി കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുന്ന ആ നേതാവ് നീയാണെന്ന് അറിയിച്ചു. അത് മുതലാണ് കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാനുള്ള ആഗ്രഹം സുൽത്താൻ മുഹമ്മദിൽ ഉദിച്ചുയരുന്നത്. 

രണ്ടാം അധികാരാരോഹണത്തിനു ശേഷം എല്ലാം മാറ്റിവെച്ച അദ്ദേഹം അതിനായി പദ്ധതികൾ ആസൂത്രണം ചെയ്യാൻ തുടങ്ങി. സൈനികരെ പുനംസംഘടിപ്പിച്ചു, ബോസ്ഫറസ് കടലിടുക്കിൽ ആദ്യമുണ്ടായ കോട്ടയ്ക്കു മറുവശത്തായി പുതിയ ഒരു കോട്ടകൂടി പണിതു. യൂറോപ്പിൽ നിന്നും സഹായത്തിനു കപ്പൽ പട വന്നാൽ അവരെ തുരത്തിയോടിക്കുന്നതിനായിരുന്നു ഇത്. ശേഷം ബൈസന്റൈൻ പ്രവിശ്യയിലെ തന്നെ ഏറ്റവും മിടുക്കനായ റോമൻ ആയുധ നിർമ്മാതാവ് ഓർബാനെ വരുത്തി ലോകത്തിലെ ഏറ്റവും വലിയ പീരങ്കി നിർമ്മാണവും തുടങ്ങി. അതോടൊപ്പം നാവിക സേനയുടെ വ്യാപ്തിയും കൂട്ടി.

കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കാൻ അദ്ദേഹം തയ്യാറെടുത്തു. തന്റെ മനസ്സിലെ ഈ ആശയം സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം ആദ്യം കീഴടക്കിയത് റുമേലി കോട്ടയാണ്. അത് ബോസ്‌ഫറസിലേക്കുള്ള അദ്ദേഹത്തിന്റെ നീക്കത്തെ കൂടുതൽ സുഗമമാക്കി. ഗോൾഡൻ ഹോണിലെ ചങ്ങലകളെ മറികടക്കാൻ ഗലാട്ടക്ക് മുകളിലൂടെ പലകകളിൽ കപ്പലുകൾ ഉരുട്ടി, കരയിലൂടെ ഗോൾഡൺ ഹോണിലെ വെള്ളത്തിൽ കപ്പലുകൾ എത്തിച്ചേർന്നു. അതോടെ, കരയിലൂടെ കപ്പലോടിച്ച രാജാവായി ചരിത്രത്തില്‍ അദ്ദേഹം അറിയപ്പെട്ടു. ഒടുവിൽ, 53 ദിവസം നീണ്ടുനിന്ന കഠിനമായ ഉപരോധത്തിന് ശേഷം 1453 മെയ് 29-ന് കോൺസ്റ്റാന്റിനോപ്പിൾ മുസ്‍ലിംകളുടെ കൈകളിലായി. യുദ്ധവും ഉപരോധവുമായി ഏറെ പരിക്ക് പറ്റിയിരുന്ന നഗരത്തെ അദ്ദേഹം പുനർനിർമ്മിച്ചു. മുസ്‍ലിം ഖിലാഫതിന്റെ തലസ്ഥാന നഗരിയാക്കി മാറ്റിയ ആ പട്ടണത്തിന് അദ്ദേഹം ഇസ്താംബൂൾ എന്നു പേരിട്ടു. ഇസ്താംബൂളിലെ ഹാഗിയ സോഫിയ മുസ്‍ലിം പള്ളിയായി മാറിയതും ഈ കാലത്ത് തന്നെയാണ്. സ്വഹാബി പ്രമുഖനായ അബു അയ്യൂബ് അൽ അൻസാരിയുടെ മഖ്ബറക്കടുത്തായി ഒരു പള്ളിയും അദ്ദേഹം സ്ഥാപിച്ചു. ഈ സ്ഥലം ഇസ്താംബൂളിലെ ഏറ്റവും ആത്മീയമായ സ്ഥലങ്ങളിൽ ഒന്നായി ഇന്നും തുടരുന്നു. 

Read More: ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-30 ദിയാരെ അക്ശംസുദ്ധീനിലൂടെ....

ശേഷം, ബെൽഗ്രേഡ് ഒഴികെയുള്ള എല്ലാ സെർബിയൻ പ്രദേശങ്ങളും (പെലോപ്പൊന്നീസ്, ബോസ്നിയ-ഹെർസഗോവിന, അൽബേനിയ) അദ്ദേഹം കീഴടക്കി. വല്ലാച്ചിയ, മോൾഡാവിയ പ്രദേശങ്ങൾ ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധീശത്വം അംഗീകരിച്ച് സ്വയംഭരണ പ്രിൻസിപ്പാലിറ്റികളായി തുടര്‍ന്നു. ട്രാബ്‌സോണിലെ പോണ്ടസ് ഭരിച്ചിരുന്ന ബൈസന്റൈന്റെ ശേഷിച്ച ഭാഗവും കരമാനികളുടെ ബെയ്‌ലിക്കും വൈകാതെ ഓട്ടോമൻ ഭരണകൂടത്തിന് കീഴിലായി.

1461-ൽ മുഹമ്മദ് രണ്ടാമൻ എർസിങ്കാനിലേക്ക് മുന്നേറിയപ്പോൾ, അവിടത്തെ ഭരണാധികാരിയായിരുന്ന ഉസുൻ ഹസൻ ബേ തന്റെ വൃദ്ധയായ ഉമ്മയെ സമ്മാനങ്ങളുമായി സുൽത്താനെ കാണാൻ അയച്ചു. സുൽത്താൻ വൃദ്ധയായ ആ മാതാവിനെ ഏരെ ആദരവോടെ സ്വീകരിച്ചു. ആ മാതാവിന്റെ ആവശ്യപ്രകാരം, ഉസുൻ ഹസൻ ബേയുമായി സുൽത്താൽ സന്ധി ചെയ്തു. അദ്ദേഹം ബോൾക്കർ പർവതനിരകളിലൂടെ ട്രാബ്സൺ കീഴടക്കാൻ വേണ്ടി സൈന്യകരോടൊപ്പം യാത്ര തുടര്‍ന്നു. വഴികൾ മലകൾ ഉയർന്നതും റോഡുകൾ ദുർഘടവുമായിരുന്നു. സുൽത്താൻ കാൽനടയായി നടന്നു. ഇത് കണ്ട ഉസുൻ ഹസൻ ബേയുടെ ഉമ്മ ചോദിച്ചു: "മകനേ, ട്രാബ്‌സണിനായുള്ള ഈ മുന്നേറ്റം നിങ്ങളെ തന്നെ തളർത്തുന്നുണ്ടല്ലോ?" സുൽത്താൻ മറുപടി പറഞ്ഞു: "ഉമ്മാ! ഇസ്ലാമിന്റെ വാൾ എന്റെ കയ്യിലുണ്ട്. ഈ കഷ്ടപ്പാടുകൾ സഹിച്ചില്ലെങ്കിൽ അൽപ് (വിമുക്തഭടൻ) എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. നാളെ അല്ലാഹുവിന്റെ സന്നിധിയിലെത്തുമ്പോള്‍ എനിക്ക് ലജ്ജിക്കേണ്ടിയും വരും." അങ്ങനെ, അവർ പർവ്വതം കടന്ന് ട്രാബ്സൺ കീഴടക്കി.

സുൽത്താൻ മെഹമ്മദ് രണ്ടാമൻ 20 രാഷ്ട്രങ്ങൾക്കെതിരെ പോരാടി പതിനേഴ് നഗരങ്ങളും ഇരുന്നൂറിലധികം കോട്ടകളും കീഴടക്കി. ബെൽഗ്രേഡ് ഉപരോധത്തിനിടെ നെറ്റിയിലും കാൽമുട്ടിലും പരിക്കേറ്റു. അദ്ദേഹത്തിന്റെ കാലത്ത്, ഓട്ടമൻ ഭരണകൂടം നാവിക ശക്തിയിൽ വെനീസിനെ മറികടക്കുകയും ലോകത്തിലെ ഏറ്റവും മുൻനിര നാവികസേനയായി മാറുകയും ചെയ്തു. അങ്ങനെ, ക്രിമിയ, ബോസ്നിയ, വല്ലാച്ചിയ, മോൾഡേവിയ, എർഡൽ, അൽബേനിയ തുടങ്ങിയ നിരവധി കിരീടങ്ങളുള്ള സുൽത്താൻ മെഹമ്മദ് രണ്ടാമനെ കിഴക്കൻ റോമൻ ചക്രവർത്തിയായി യൂറോപ്യര്‍ വരെ അംഗീകരിച്ചു. 

1481-ൽ അന്നത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ കേന്ദ്രമായിരുന്ന റോഡസ് ഉപരോധിക്കുന്നതിനിടെയാണ് അദ്ദേഹം അന്ത്യയാത്രയാവുന്നത്. സുൽത്താൻ ഇറ്റലിയിലേക്ക് മാർച്ച് ചെയ്യുമെന്ന് വെനീസ് ആശങ്കപ്പെട്ടിരുന്നു. ഉപദ്വീപിലെ തുർക്കിയുടെ സാന്നിധ്യം തങ്ങളുടെ ആധിപത്യത്തിന് അപകടകരമാണെന്ന് അവർ മനസ്സിലാക്കുകയും അത് തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താൽ, ഓട്ടോമൻ കൊട്ടാരത്തിൽ വൈദ്യന്മാരായി കൊണ്ടുവന്ന വെനീഷ്യൻ ചാരന്മാര്‍ സുൽത്താനെ വിഷം കഴിപ്പിച്ചതാണെന്ന ആരോപണവും പറയപ്പെടുന്നുണ്ട്.

ഇസ്‍ലാമിക കാര്യങ്ങളില്‍ ലവലേശം പോലും വിട്ട് വീഴ്ച ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അക്ഷരങ്ങളുടെ (ഹുറൂഫ്) നിഗൂഢതയെ അടിസ്ഥാനമാക്കി, വിശുദ്ധ ഖുര്‍ആനിന് ആന്തരിക അര്‍ത്ഥങ്ങള്‍ നല്കുന്ന ഹുറൂഫികള്‍ അന്ന് സജീവമായിരുന്നു. കൊട്ടാരത്തില്‍ വരെ കയറിക്കൂടാന്‍ ശ്രമം നടത്തിയ അവരെ, പിടികൂടി ശിക്ഷിക്കുകയും മതത്തിന്റെ വിശുദ്ധി സംരക്ഷിക്കുകയും ചെയ്യാന്‍ അദ്ദേഹം ഒട്ടും മടിച്ചില്ല. അതേ സമയം, ജനങ്ങളുടെ വിശ്വാസങ്ങളോടും ആചാരങ്ങളോടും പരമാവധി സഹിഷ്ണുത കാണിക്കുകയും ചെയ്തു അദ്ദേഹം. 

Read More: ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-29 ബയ്റാം ത്വരീഖത്തിന്റെ ജന്മനാട്ടിലൂടെ...

റുമേലിയയിലെ വിജയങ്ങളിലൂടെ സെർബിയൻ അതിർത്തിയിൽ എത്തിയപ്പോൾ, ഓർത്തഡോക്സ് വിഭാഗത്തിലെ സെർബുകളുടെ രാജാവായ ബ്രാങ്കോവിക് ഹംഗേറിയൻമാർക്കും ഓട്ടോമൻമാർക്കും ഇടയിലായി മാറി. ഉടനെ, അദ്ദേഹം സുൽത്താൻ മുഹമ്മദിന്റെ അടുത്തേക്കും ഹംഗേറിയൻ രാജാവായ ജോൺ ഹുന്യാദിയുടെ സമീപത്തേക്കും ഓരോ ദൂതന്മാരെ അയച്ചു. സെർബിയയെ അവരുടെ ഭരണത്തിന് കീഴിലാവാന്‍ സമ്മതിച്ചാല്‍, സെർബിയൻ ജനതയുടെ മതവിശ്വാസത്തോടുള്ള അവരുടെ സമീപനം  എങ്ങനെയായിരിക്കുമെന്നായിരുന്നു പ്രധാനമായും അദ്ദേഹം അറിയാന്‍ ആഗ്രഹിച്ചത്. എല്ലാ ഓർത്തഡോക്സ് പള്ളികളും പൊളിച്ച് പകരം കത്തോലിക്കാ പള്ളികൾ പണിയുമെന്നായിരുന്നു കത്തോലിക്കാ ഹംഗേറിയൻ രാജാവിന്റെ മറുപടി. എന്നാല്‍ സുൽത്താൻ മുഹമ്മദ് രണ്ടാമന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: "എല്ലാ പള്ളികളോടും ചേർന്ന് ഒരു മുസ്‍ലിം പള്ളി കൂടി പണിയാൻ ഞാൻ അനുവദിക്കുകയും എല്ലാവര്‍ക്കും അവരവരുടെ വിശ്വാസമനുസരിച്ച് ആരാധനകള്‍ നടത്താൻ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കുകയും ചെയ്യും." അതോടെ, സെർബിയ ഓട്ടോമൻ ഭരണത്തിൻ കീഴിലാവുകയാണുണ്ടായത്.

അറബി, പേർഷ്യൻ, ഹീബ്രു, സെർബിയൻ, ഇറ്റാലിയൻ, ലാറ്റിൻ, ഗ്രീക്ക് എന്നീ ഭാഷകളെല്ലാം അറിയാമായിരുന്ന അദ്ദേഹം ഒരു കവി കൂടിയായിരുന്നു. അവ്‌നി എന്ന തൂലികാനാമത്തിൽ ദിവാൻ എന്നറിയപ്പെടുന്ന ഒരു കവിതാസമാഹാരം അദ്ദേഹത്തിന്റേതായി പുറത്ത് വന്നിട്ടുണ്ട്. ഗണിതത്തിലും ബാലിസ്റ്റിക്സിലും പര്യവേഷണം നടത്താൻ പോലും മതിയായ അറിവ് കൂടി അദ്ദേഹത്തിന് കൈമുതലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഓട്ടോമന്‍ സുല്‍താന്മാരുടെ പതിവ് വസ്ത്രമായ, മുസവ്വസ് തലപ്പാവായിരുന്നു അദ്ദേഹവും ധരിച്ചിരുന്നത്. പ്രൌഢിയുടെയും അഭിമാനത്തിന്റെയും പ്രതീകമായിരുന്നുവല്ലോ ആ തലപ്പാവ്.

നഷ്ടപ്രതാപത്തിന്റെ ആ പ്രതീകങ്ങളെയെല്ലാം മനസ്സില്‍ താലോലിച്ച്, പുതിയ വഴികൾ തേടി, ചരിത്രത്തിന്റെ ശേഷിക്കുന്ന ഈടുവെപ്പുകള്‍ അന്വേഷിച്ച് ഞാന്‍ യാത്ര തുടർന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter