അല്ലാഹു പൊറുത്ത് തരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ...

സൂറതുന്നൂറിലെ 22-ാം സൂക്തത്തില്‍ അല്ലാഹു ഇങ്ങനെ പറയുന്നതായി കാണാം, 

അവര്‍ മാപ്പുനല്‍കുകയും വിട്ടുകൊടുക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക്‌ പൊറുത്തു തരുന്നത്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറ്റവും പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു.

നിങ്ങള്‍ മാപ്പ് നല്കുകയും പൊറുത്ത് തരികയും ചെയ്യുന്നുവെങ്കില്‍ അല്ലാഹു ഏറ്റവും പൊറുക്കുന്നവനും കാരുണ്യവാനുമാകുന്ന എന്ന പരാമര്‍ശം വിശുദ്ധ ഖുര്‍ആനിലെ മറ്റു പല സൂക്തങ്ങളിലും കാണാവുന്നതുമാണ്. 

പാപമോചനത്തിനായി നാം അല്ലാഹുവിലേക്ക് കൈകളുയര്‍ത്തുമ്പോള്‍, ഇസ്തിഗ്ഫാറിന്റെ വചനങ്ങള്‍ ഇടവിടാതെ ഉരുവിടുമ്പോള്‍, നമ്മുടെ ചിന്തകളിലേക്ക് ആദ്യം കടന്നുവരേണ്ട വാചകങ്ങളാണ് ഇവ. നമ്മോട് തെറ്റ് ചെയ്ത പലരും നമ്മുടെ ചുറ്റിലുമുണ്ടാവാം, നാം അങ്ങോട്ട് തെറ്റ് ചെയ്തവരുള്ളത് പോലെ തന്നെ. അവയില്‍ ചിലതെങ്കിലും നമ്മുടെ മനസ്സുകളില്‍ മായാത്ത പാടുകളായി ശേഷിച്ചേക്കാം, ആര്‍ക്ക് എന്ത് മാപ്പ് ചെയ്താലും അവന്‍ എന്നോട് ആ ചെയ്തത് ഞാന്‍ പൊറുക്കില്ലെന്ന് പറയുന്ന ചിലരെയെങ്കിലും നാം കാണാറുണ്ട്. അത്തരക്കാരോട് അല്ലാഹുവിന്റെ മേല്‍സൂചിത ചോദ്യം, അല്ലാഹു നിങ്ങള്‍ക്ക് പൊറുത്ത് തരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ എന്ന്. 

അഥവാ, അല്ലാഹു നമുക്ക് പൊറുത്ത്തരാനുള്ള നിബന്ധനയായാണ് നാം മറ്റുള്ളവരോട് പൊറുക്കുന്നതിനെ ഗണിക്കുന്നത്. എല്ലാ നന്മകളിലും ഏറ്റവും മുന്നിട്ട് നില്ക്കുന്ന അബൂബക്റ് സ്വിദ്ധീഖ്(റ)വുമായി ബന്ധപ്പെട്ടാണ് ആ സൂക്തം അവതരിക്കുന്നത് പോലും. അഥവാ, എത്ര തന്നെ നന്മകള്‍ ചെയ്താലും മറ്റുള്ളവര്‍ക്ക് നാം പൊറുത്ത് കൊടുക്കാനും മാപ്പ് ചെയ്യാനും തയ്യാറാവുന്നില്ലെങ്കില്‍ പിന്നെ, അല്ലാഹുവിന്റെ മാപ്പ് പ്രതീക്ഷിക്കാന്‍ നാം യോഗ്യരല്ലെന്നര്‍ത്ഥം. 

Read More :14- നോമ്പ് എനിക്കുള്ളതാണ്... അതിന് പ്രതിഫലം ഞാന്‍ നല്കും

നാമെല്ലാം മനുഷ്യരാണ്. ബന്ധങ്ങളിലും ഇടപെടലുകളിലും തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികം. ചില പ്രത്യേക സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലും വികാരങ്ങള്‍ക്ക് അടിപ്പെട്ടും വിവേകം നഷ്ടപ്പെട്ടും പലരും നമ്മോട് പെരുമാറിയിട്ടുണ്ടാവാം, പറഞ്ഞിട്ടുണ്ടാവാം, ചെയ്തിട്ടുണ്ടാവാം. അവയെല്ലാം മനസ്സറിഞ്ഞ് വിട്ട് കൊടുത്ത് മാപ്പാക്കാന്‍ നമുക്കാവണം. അല്ലാത്ത പക്ഷം, നമ്മുടെ മനസ്സ് ഏറെ സങ്കുചിതമാണ് എന്നര്‍ത്ഥം. 

ഈ വിശുദ്ധ മാസത്തിലെ നമ്മുടെ നവൈതുകളില്‍ ഒന്ന് അത് കൂടിയാവട്ടെ. ആരോടും വെറുപ്പും വിദ്വേഷവുമില്ലാതെ, ആരോടും പകയോ ദുഷ്ചിന്തകളോ ഇല്ലാതെ, എല്ലാവരും ബാധ്യതകളെല്ലാം ഒഴിഞ്ഞ് അല്ലാഹുവിന്റെ മുന്നിലെത്തി, സ്വര്‍ഗ്ഗപ്രവേശം സാധ്യമാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കാന്‍ നമുക്ക് സാധിക്കണം. എങ്കില്‍ അല്ലാഹുവിന്റെ മഗ്ഫിറത് നമ്മെയും തേടിയെത്താതിരിക്കില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter