ഡോ. നജാതുല്ലാഹ് സിദ്ദീഖി: ആധുനിക ഇസ്‍ലാമിക് ബാങ്കിങിന്റെ പിതാവ്

ഇസ്‍ലാമിക പൈതൃകത്തിലൂന്നിയ സാധാരണക്കാരൻ്റെ ജീവിത ശൈലി  മുറുകെ പിടിച്ച് പരമോന്നതിയുടെ ചവിട്ട് പടികൾ ഏറെ കയറിയിട്ടും മക്കളും പേര മക്കളുമായുള്ള നിത്യ സഹവാസം ജീവിത വിനോദമായി കണ്ട ഒരു മഹാ പുരുഷൻ, തന്റെ ജീവിതവും പഠനമനന മുന്നേറ്റങ്ങളും ആയിരകണക്കിന്  ആളുകളെ സ്വാധീനിച്ചതിന്റെ യാതൊരു അഹന്തയും ഉടെലെടുക്കാത്ത അക്ഷരാർത്ഥത്തിൽ വിനയത്തിന്റെ മൂർത്തീഭാവമായിരുന്ന വൈജ്ഞാനിക വിപ്ലവകാരൻ, ഇങ്ങനെ തുടങ്ങി സർവ സാമൂഹിക മൂല്യങ്ങളെയും സഹയാത്രികരാക്കി ഒരു നൂറ്റാണ്ട് കാലം ഇന്ത്യൻ മണ്ണിൽ ഇസ്‍ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ സർവ നൂതന പാഠങ്ങളേയും ലോകത്തിന് പരിചയപ്പെടുത്തിയ ഒരു വ്യെക്തിത്വമായിരുന്നു ഡോ. നജാതുല്ലാഹ് സിദ്ദീഖി.

1931-നവംബർ 18-ന് ഇന്ത്യയിലെ ഗോരഖ്പൂരിലാണ് നജാതുല്ലാഹ് സിദ്ദീഖിയുടെ ജനനം. പ്രാഥമികവും ഹൈസ്കൂൾ പഠനവും പൂർത്തിയാക്കിയത് അവിടെതന്നെയായിരുന്നു. ശേഷം 1949-ൽ ഉപരി പഠനാർത്ഥം അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. അവിടത്തെ സമീപനങ്ങളില്‍ മനംമടുത്ത അദ്ദേഹം, തന്റെ ശേഷിക്കുന്ന അക്കാദമിക മുന്നേറ്റങ്ങളിൽ ബൗദ്ധിക കോളേജുകളിലെ അനാശാസ്യ പ്രവർത്തനങ്ങളോട് നീരസം പ്രകടിപ്പിച്ച അദ്ദേഹം ബദൽ സംവിദാനം തേടി  ജമാഅത്തെ ഇസ്‍ലാമിയുടെ നേതൃത്വത്തെ സമീപിച്ചു. അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി ജമാഅത്തിന്റെ കേന്ദ്രമായിപ്രവർത്തിച്ചിരുന്ന റാംപൂരിലെ സാൻവി ദരാസ്ഗ 1950-ൽ വിദ്യാഭ്യാസ സമുച്ചയമായി രൂപകൽപന ചെയ്യുകയും 1960 വരെ അതിന്റെ പ്രവർത്തനം തുടരുകയും ചെയ്തു. ആദ്യ ബാച്ചിൽ നജാതുല്ലാഹ് സിദ്ദീഖി, അബ്ദുൽഹഖ് അൻസാരി, ഖാസി അഷ്ഫാഖ്, ഇർഫാൻ അഹമ്മദ് ഖാൻ, മൗലാന വാഹിദുദ്ദീൻ ഖാൻ തുടങ്ങിയവർ ഉണ്ടായിരുന്നു. അഞ്ച് വർഷത്തെ കഠിനാധ്വാനത്തിലൂടെ ഡോ. നജാതുല്ലാഹ് അറബിയിലും ഇസ്‍ലാമിക ശാസ്ത്രങ്ങളിലും മികവ് നേടി, അതോടൊപ്പം അസംഗറിലെ മദ്രസതുൽഇസ്‍ലാമിലും   ആറ് മാസം പഠനം നടത്തി. ജമാഅത്തെ ഇസ്‍ലാമിയുടെ പ്രഗത്ഭനായ എഴുത്തുകാരനും പ്രത്യയശാസ്ത്രജ്ഞനുമായ മൗലാന സദ്‌റുദ്ദീൻ ഇസ്ലാഹി അദ്ദേഹത്തിന്റെ അധ്യാപകരിൽ ഒരാളായിരുന്നു.

ശേഷിക്കുന്ന പഠനകാലയളവിൽ തന്റെ സ്വപ്നങ്ങളോടും ലക്ഷ്യങ്ങളോടും പൂർണാർത്ഥത്തിൽ ജമാഅത്തെ ഇസ്‍ലാമിയുടെ നയങ്ങൾ യോജിക്കുന്നില്ല എന്ന് മനസിലാക്കിയ സിദ്ദിഖി ഈ വിഷയത്തിൽ നേതാക്കളുമായി നിരന്തര വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടു. എന്നാൽ തൃപ്തികരമായ ഒരു മറുപടി ലഭിക്കുന്നതിന് പകരം ആക്ഷേപങ്ങളും ചീത്തവാക്കുകളുമാണ് അദ്ദേഹത്തെ തേടിയെത്തിയത്. എന്നാൽ ഇതിലൊന്നും തളരാതെ അദ്ദേഹം തന്റെ തൽപര മേഖലകളിലേക്ക് പ്രേവേശിക്കാനൊരുങ്ങി. അങ്ങനെ 1966-ൽ എ.എം.യുവിലേക്ക് തന്നെ തിരിച്ച സിദീഖി സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തുടർന്ന് പി.എച്ച്.ഡിയും നേടി. കൂടാതെ, സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ ലക്ചറായും 1977-ൽ ഇസ്‍ലാമിക് സ്റ്റഡീസിൽ പ്രൊഫസറായും മാറുകയും ചെയ്തു. അങ്ങനെ 1978 ഒക്ടോബറിൽ ലോകപ്രശസ്ത സർവ്വകലാശാലയായ കിംഗ് അബ്ദുൽ അസീസിൽ  സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറായി സേവനം ആരംഭിച്ച് തൻ്റെ ഔദ്യോഗിക അദ്ധ്യാപന ജീവിതത്തിൽ നിന്ന് 1986 ൽ വിരമിക്കുകയും ചെയ്തു. നജാത്ത്  എന്നാൽ രക്ഷ എന്നാണ് അർത്ഥമാക്കുന്നത്. മൂലധനത്തിന്റെ അഭാവം മൂലം സാമ്പത്തിക വളർച്ച കൈവരിക്കാൻ കഴിയാത്ത ആളുകൾക്ക് അദ്ദേഹത്തിന്റെ പ്രവൃത്തി രക്ഷ നൽകി.

ജീവിതത്തിൽ താൻ സ്വപ്നം കണ്ട എല്ലാം സാക്ഷാല്‍കരിച്ച ആത്മ നിർവൃതിയിൽ പിന്നീട് ശിഷ്ട കാലം തന്റെ ഭാര്യയുടെയും മക്കളുടെയും പേര മക്കളുടെയും കൂടെ ചിലവഴിച്ചു. തൊണ്ണൂറിന്റെ നിറവിലെത്തിയ അദ്ദേഹത്തിന് വാർധക്യത്തിന്റെ സഹജലക്ഷണങ്ങൾ കണ്ടുതുടങ്ങി. അങ്ങനെ തന്റെ 91-ാം വയസ്സിൽ അമേരിക്കയിലെ കാലിഫോർണിയയിൽ വെച്ച് അദ്ദേഹം നിര്യാതനായി.

അദ്ദേഹത്തിന്റെ  മരുമകൻ - ഡോ. അഹമ്മദുള്ള സിദ്ദിഖ് (പ്രൊഫസർ, മീഡിയ സ്റ്റഡീസ്, ഇല്ലിനോയിസ്)  - ഒരിക്കൽ പറയുകയുണ്ടായി: ഡോ. നജാതുല്ലായുടെ മരണം കേവലം ഒരു കുടുംബത്തിന്റെ നഷ്ടമല്ല, മറിച്ച് അദ്ദേഹത്തെ പ്രചോദനത്തിന്റെ ഉറവിടമായി കണ്ടിരുന്ന ഒരു തലമുറയുടെ നഷ്ടമാണ്." അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി, ഇപ്പോൾ അഞ്ഞൂറിലധികം ഇസ്‍ലാമിക് ബാങ്കുകളും ആയിരക്കണക്കിന് മറ്റു  പലിശരഹിത ധനകാര്യ സ്ഥാപനങ്ങളും ഇന്ന്  ലോകത്ത് നിലവിലുണ്ട്.

രണ്ട് പ്രധാന അവാർഡുകൾ

ഇസ്‍ലാമിക് സ്റ്റഡീസിലെ അദ്ദേഹത്തിന്റെ  സേവനത്തിന് കിംഗ് ഫൈസൽ ഇന്റർനാഷണൽ പ്രൈസ് (1982), ഇസ്‍ലാമിക സാമ്പത്തിക ശാസ്ത്രത്തിലെ മികച്ച  സംഭാവനകൾക്ക് ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ‌ജി‌ഒ ആയ ഐ‌ഒ‌എസിന്റെ ഷാ വലിയുള്ള അവാർഡ് (2003).

ജാത്തുല്ലാഹ് എന്ന  ചിന്തകൻ

സയ്യിദ് ഖുതുബിന്റെയും മൗലാന മൗദൂദിയുടെയും പഴയകാല ചിന്തകളോട് കൂടുതൽ സാമീപ്യം പുലർത്തിയ ഒരാളായിരുന്നു സിദിഖി. അതുകൊണ്ട് തന്നെ അത്തരം നൂതന ചിന്തകൾ ആധുനിക കാലത്തും നിലനിൽക്കണം എന്ന കടുത്ത ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ വർത്തമാന കാല സാഹചര്യം തീർത്തും കലുഷിതമായത് കൊണ്ട്  മനുഷ്യന്റെ ചിന്തകളും ചിന്താമണ്ഡലങ്ങളും ക്രമാതീതമായി മാറിക്കൊണ്ടിരിക്കുന്നു. സിദീഖി ഒരു ജമാഅത്തെ ഇസ്‍ലാമി പ്രവർത്തകൻ ആണെങ്കിൽ പോലും അദ്ദേഹത്തിന്റെ ചിന്തകൾ ഒരിക്കലും യാഥാസ്ഥിതികമായിരുന്നില്ല. മറിച്ച് മതബോധവും നാഗരികതയും കോർത്തിണക്കിയ നൂതന ചിന്തകൾക്കാണ് അദ്ദേഹം രൂപം നൽകിയത്. അത് കൊണ്ട് തന്നെയാണ് പൗരാണിക ജമാഅത്തെ ഇസ്‍ലാമി വാഹകർക്ക് അദ്ദേഹത്തിന്റെ ചിന്തകളോട് യോജിക്കാന്‍ കഴിയാതെ പോയതും.

തന്റെ പഠന മേഖലയിൽ കൂടുതൽ ശക്തി പ്രാപിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് സിദ്ധീഖി അതിൽ പ്രാവീണ്യരായ പണ്ഡിതരുടെയും ഗവേഷകരുടെയും സ്ഥിര അഥിതിയായി. സെമിനാറുകളിലും സിമ്പോസിയങ്ങളിലും സംവാദങ്ങളിലും സ്ഥിര സാന്നിധ്യമായ അദ്ദേഹം അവതാരകരെ ചോദ്യത്തിന്റെ മുൾമുനയിൽ നിർത്തി.

ഇസ്‍ലാമിക കർമ്മ ശാസ്ത്ര ചിന്താമണ്ഡലങ്ങളെ കുറിച്   ഇന്ത്യയിലെ ചില ഇസ്‍ലാമിക ഫിഖ്ഹ് അക്കാദമി ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം, ഇസ്‍ലാമിലെ ചിന്താധാരകളിലേക്കൊരു ശ്രദ്ധതിരിക്കല്‍ എന്ന പേരിൽ ഉറുദുവിൽ ഒരു ലഘുലേഖ എഴുതി. ഇതുകൂടാതെ, ഉറുദു ഭാഷയിലുള്ള ഇസ്‍ലാമിക സാഹിത്യം, സാമ്പത്തിക ശാസ്ത്രം, എന്നിവയെക്കുറിച്ചുള്ള കത്തുകളുടെ ഒരു ശേഖരമാണ് അദ്ദേഹത്തിൻ്റെ മറ്റൊരു മഹത്തായ കൃതി. ഈ രചനയിൽ മൗലാന മൗദൂദി, അലി മിയാൻ നദ്‌വി, വാഹിദുദ്ദീൻ ഖാൻ, ഇർഫാൻ അഹമ്മദ് എന്നിവരുമായി അദ്ദേഹം സ്വീകരിച്ച നിലപാടുകളെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

ചില വേറിട്ട വീക്ഷണങ്ങള്‍:

  1. ന്യൂനപക്ഷ രാഷ്ട്രീയം:

ന്യൂനപക്ഷ രാജ്യങ്ങളിൽ അവകാശങ്ങൾ ആവശ്യപ്പെടുകയും എന്നാൽ മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ അമുസ്‍ലിംകൾക്ക് സമാനമായ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന മുസ്‍ലിംകളെ അദ്ദേഹം വിമർശിച്ചു.

  1. ആണവ വ്യാപനം:

ആണവായുധങ്ങളുടെ പ്രായോഗികതയെ അദ്ദേഹം എതിർത്തു, അവ മനുഷ്യരാശിയെ അപകടപ്പെടുത്തുന്നുവെന്നും ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധമാണെന്നും വാദിച്ചു.

  1. നൂതന പ്രപഞ്ചശാസ്ത്രം:

പരിണാമം ഉൾപ്പെടെയുള്ള ആധുനിക ശാസ്ത്രീയ ഉൾക്കാഴ്ചകളുടെ വെളിച്ചത്തിൽ ഖുർആൻ വാക്യങ്ങളെ പുനർവ്യാഖ്യാനം ചെയ്യണമെന്നും, അതിനെ ഒരു അക്കാദമിക് വിഷയമായി കണക്കാക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.

  1. സ്ത്രീ ശാക്തീകരണം:

ആദ്യകാല ഇസ്‍ലാമിക ചരിത്രത്തിൽ സ്ത്രീകളുടെ സജീവമായ പങ്ക് ചൂണ്ടിക്കാട്ടി, ജനസംഖ്യയുടെ പകുതിയും (സ്ത്രീകൾ) ഒഴിവാക്കപ്പെടുമ്പോൾ ഒരു സമൂഹത്തിനും പുരോഗതി കൈവരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

  1. മതസ്വാതന്ത്ര്യം:

മതവിശ്വാസം വെടിയുന്നതിനുള്ള ശിക്ഷ പുനഃപരിശോധിക്കുന്നത് ഉൾപ്പെടെയുള്ള പൂർണ്ണ മതസ്വാതന്ത്ര്യത്തെ അദ്ദേഹം പിന്തുണച്ചു.

  1. എല്ലാവർക്കും ഖുർആൻ:

ഖുർആൻ എല്ലാവർക്കും വായിക്കാനും മനസ്സിലാക്കാനും വേണ്ടിയുള്ളതാണെന്നും അതിന്റെ വ്യാഖ്യാനത്തിൽ പണ്ഡിതർക്ക് കുത്തകയില്ലെന്നും അദ്ദേഹം വാദിച്ചു.

അക്കാദമിക സംഭാവനകൾ

ഇംഗ്ലീഷിലും ഉറുദുവിലുമായി  ഏകദേശം 49 വാള്യങ്ങളുള്ള  ഗ്രന്ഥ ശേഖരം സിദ്ദീഖിക്ക് ഉണ്ട്. അതിൽ ഇസ്‍ലാമിക സാമൂഹ്യ ശ്രദ്ധയാർജ്ജിച്ച ഗ്രന്ഥമാണ് "Banking without Interest," എന്ന പുസ്തകം. പലിശയെ നിത്യ വരുമാനമായി സ്വീകരിച്ച ആധുനിക ബാങ്കിങ് സിസ്റ്റത്തിന് ഇസ്‍ലാമിന്റെ പലിശ രഹിത ബാങ്കിങ്  എന്ന സങ്കല്പത്തെ പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ്. അദ്ദേഹത്തിന്റെ മറ്റു കൃതികള്‍:

ഇംഗ്ലീഷിൽ:

  • Islamic Banking and Finance in Theory and Practice: A Survey of the Art
  • Riba, Bank Interest and the Rationale of its Prohibition
  • Dialogue in Islamic Economics
  • Islamic Public Economics
  • Economics: An Islamic Approach
  • Teaching Economics in Islamic Perspective
  • Role of the State in the Economy
  • Insurance in an Islamic Economy
  • Partnership and Profit-Sharing in Islamic Law
  • Issues in Islamic Banking
  • Muslim Economic Thinking
  • Contemporary Literature on Islamic Economics
  • Economic Enterprise in Islam
  • Some Aspects of the Islamic Economy
  • Muslim Personal Law
  • Recent Theories of Profit: A Critical Examination

ഉറുദു ഭാഷയിൽ:

  • غیر سودی بینکاری
  • اسلامی ادب: چند نظریاتی مقالات
  • مسلم پرسنل لاء
  • تاریخ اسلام عصر حاضر میں
  • مقاصد شریعہ
  • کتاب الخراج (اردو ترجمہ) اسلام کا نظام محاصل –
  • نشاۃ ثانیہ کی راہ
  • انشورنس اسلامی معیشت میں
  • شرکت و مضاربت کے شرعی اصول
  • اسلام کا نظریہ ملکیت
  • اسلام میں عدل اجتماعی
  • معاصر اسلامی فکر کے توجہ طلب پہلو
  • اکیسویں صدی میں اسلام، مسلمان اور تحریک اسلامی
  • دینی مدارس: مسائل اور تقاضے
  • قرآن اور سائنس (سید قطب کی تفسیر سے ماخوذ)

സാമ്പത്തിക ശാസ്ത്രമാണ് ഇഷ്ട വിഷയമെങ്കിലും ഉറുദു ഭാഷാ സാഹിത്യത്തിലും അദ്ദേഹത്തിന് രചനകൾ ഏറെയുണ്ട്.

ആധുനിക ഇസ്‍ലാമിക ചരിത്രത്തിന്റെ താളുകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വ്യക്തിത്വമാണ് ഡോ. നെജാത്തുല്ല സിദ്ദീഖി. നൂതന ഇസ്‍ലാമിക ബാങ്കിംഗിന്റെ പിതാവെന്ന തലക്കെട്ടിനെ അന്വർത്ഥമാക്കും വിധം തന്റെ നീണ്ട ഒരു നൂറ്റാണ്ട് കാലത്തെ ജീവിതം കൊണ്ട് നീതി, നൈതികത, സാമൂഹിക ക്ഷേമം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു സമഗ്ര സാമ്പത്തിക വ്യവസ്ഥയെ ഇസ്‍ലാമിക പഠനങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം രൂപപ്പെടുത്തി. മുസ്‍ലിം ലോകവും ലോക സാമ്പത്തിക മേഖലയും എന്നും ഇതിന് അദ്ദേഹത്തോട് കടപ്പെട്ടിരിക്കും.

References

Works of Dr. Muhammad Nejatullah Siddiqi :Islamic Economics Project (Research on Islamic Economics and Finance and Role of Faith in Markets and Society in Post Modern Scientific Age)

  • Muhammad Nejatullah Siddiqi: The father of Modern Islamic Banking - By Dr Aslam Abdullah( Muslim Mirror - journalism of truth )
  • Professor Muhammad Nejatullah Siddiqui: A Thinker of Islamic Economics - PAKISTAN JOURNAL OF ISLAMIC RESEARCH - MULTAN

About The Author:

ദാറുല്‍ഹുദാ യൂണിവേഴ്സിറ്റി, ഇസ്‍ലാമിക് എകണോമിക്സ് ആന്റ് ഫൈനാന്‍സ് വിഭാഗത്തിലെ പി.ജി വിദ്യാര്‍ത്ഥിയാണ് ലേഖകന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter