2025 വിടവാങ്ങുമ്പോൾ: ഗസ്സ: ഒലീവ് മരങ്ങൾ പൂക്കാതെ വീണ്ടും ഒരു ശൈത്യകാലം മഅ്റൂഫ് മൂച്ചിക്കൽ
2025 എന്ന വര്‍ഷവും പിന്നിട്ടിരിക്കുകയാണ്. സാധാരണ പോലെ, ഡിസംബറിന്റെ അവസാന വാരങ്ങള്‍ അതിശൈത്യത്തിലാണ് കടന്നുപോയത്. മറ്റു അറബ് നാടുകളില്‍ കൊടുംചൂടില്‍ ഈത്തപ്പഴം പഴുക്കുന്നത് പോലെ, ശൈത്യകാലത്ത് ഒലീവ് മരങ്ങള്‍ പൂക്കുന്നതാണ് ഗസ്സയുടെ പതിവ്. എന്നാല്‍ കഴിഞ്ഞ 2 വര്‍ഷങ്ങളിലെയും പോലെ, ഒലീവ് മരങ്ങളൊന്നും പൂക്കാതെ, ഒരു ശൈത്യകാലം കൂടി കടന്നുപോവുകയാണ്. അതിലുപരി, അതിശൈത്യത്തില്‍നിന്ന് രക്ഷ നല്കുന്ന കെട്ടിടങ്ങളോ അടച്ചുറപ്പുള്ള ഒരു വീട് പോലുമോ ഇല്ലാതെ, തണുത്ത കാറ്റില്‍ ആടിയുലയുന്ന ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ടുണ്ടാക്കിയ കൊച്ച് തമ്പുകളില്‍ കൊടുംതണുപ്പിന്റെ മാറാദുരിതങ്ങളിലൂടെയാണ് കൊച്ചുകുട്ടികളും വൃദ്ധരും അസുഖബാധിതരും അടങ്ങുന്ന ഗസ്സക്കാര്‍ കടന്നുപോവുന്നത്. മറ്റു അറബ് രാഷ്ട്രങ്ങളും ലോക ജനതയും പുതുവല്‍സരത്തിന്റെ ആഘോഷങ്ങളില്‍ മതിമറക്കുമ്പോഴാണ്, നമ്മുടെ കണ്‍മുന്നിലെ ഈ ആര്‍ദ്രകാഴ്ചകളെന്ന് പറയാതെ വയ്യ.
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറന്നിറങ്ങേണ്ട ഒലീവ് മരങ്ങളുടെ തണലുകളിൽ ഇന്ന് വെടിയുണ്ടകളും ബോംബാക്രമണങ്ങളും ബാക്കിവെച്ച ചാരവും രക്തകണങ്ങളുമാണ് പൂത്ത് നില്ക്കുന്നത്. 2023 ഒക്ടോബറിൽ ആരംഭിച്ച് രണ്ട് വർഷത്തിലേറെയായി തുടരുന്ന ഈ രക്തച്ചൊരിച്ചിലിന്റെ അവസാന കണക്കുകൾ ഏറെ നടക്കുന്നതാണ്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 75,000-ത്തിലധികം ഫലസ്തീനികൾ ഇതിനോടകം കൊല്ലപ്പെട്ടു കഴിഞ്ഞു. ഇതിൽ 70 ശതമാനത്തിലധികവും സ്ത്രീകളും കുട്ടികളുമാണ്. ഏകദേശം 1,85,000-ത്തിലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും അവരിൽ പതിനായിരക്കണക്കിന് കുട്ടികൾക്ക് കൈകാലുകൾ നഷ്ടപ്പെടുകയും ചെയ്തു. ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും, മരുന്നും അനസ്തേഷ്യയും ഇല്ലാതെ ശസ്ത്രക്രിയകൾക്ക് വിധേയരാകേണ്ടി വരുന്ന മനുഷ്യരുടെ നിലവിളികള്‍ കേട്ടാണ് 2025 കടന്നുപയോത്.
ഗസ്സയിലെ 92 ശതമാനം കെട്ടിടങ്ങളും തകർക്കപ്പെട്ടതോടെ 2 ദശലക്ഷത്തിലധികം ആളുകൾ, ഈ അതിശക്തമായ ശൈത്യത്തിലും കനത്ത മഴയിലും കഴിച്ച് കൂട്ടുന്നത്, കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകൾക്ക് താഴെയും താൽക്കാലിക ടെന്റുകളിലുമാണ്. മഴവെള്ളം ടെന്റുകളിലേക്ക് ഇരച്ചുകയറുമ്പോൾ, പകർച്ചവ്യാധികൾ കാട്ടുതീ പോലെ പടരുകയാണ്. 25 വർഷത്തിന് ശേഷം പോളിയോ പടർന്നതും, പോഷകാഹാരക്കുറവ് മൂലം മരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് കുത്തനെ ഉയര്‍ന്നതും മാനവരാശിയുടെ തോൽവിയായി ചരിത്രം രേഖപ്പെടുത്തും. പട്ടിണിയെ ഒരു യുദ്ധായുധമായി ഉപയോഗിക്കുന്ന ക്രൂരമായ തന്ത്രമാണ് 2025-ലും അവിടെ തുടര്‍ന്നത്. 96 ശതമാനം ജനങ്ങളും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നു. വൻശക്തി രാജ്യങ്ങൾ തങ്ങളുടെ ആയുധക്കച്ചവടത്തിനും തന്ത്രപരമായ താത്പര്യങ്ങൾക്കും വേണ്ടി ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കാതിരിക്കുന്നു. നയതന്ത്ര തലത്തിൽ പല രാജ്യങ്ങളും ഫലസ്തീനെ അംഗീകരിച്ചെങ്കിലും, പ്രായോഗികമായി അവരുടെ ജീവൻ രക്ഷിക്കാൻ ആർക്കും കഴിയുന്നില്ല. അന്താരാഷ്ട്ര നീതിന്യായ കോടതി പോലും ഒന്നും ചെയ്യാനാവാതെ നോക്കിനില്ക്കുന്നു. ഇതെല്ലാം കണ്ടാണ്, 2025 പടിയിറങ്ങിയത്.
പടിഞ്ഞാറൻ തീരമായ വെസ്റ്റ് ബാങ്കിലെ സ്ഥിതിവിവരങ്ങൾ ഏറെ ഭീകരമാണ്. ഈ വര്‍ഷം മാത്രം ആയിരത്തിലധികം ആളുകളാണ് ഇവിടെ കൊല്ലപ്പെട്ടത്. ജൂത കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ അതിന്റെ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. തങ്ങളുടെ തറവാട് വീടുകളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും ആട്ടിയോടിക്കപ്പെടുന്ന ഫലസ്തീനികൾ സ്വന്തം നാട്ടിൽ കൂടുതല്‍ അഭയാർത്ഥികളായി മാറുന്നു. ഫലസ്തീൻ അതോറിറ്റിയുടെ അധികാരം ദുർബലമാകുന്നതും സമാധാന ചർച്ചകൾ വഴിമുട്ടി നിൽക്കുന്നതും വലിയ ആശങ്കയാണുണ്ടാക്കുന്നത്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കണക്കുകൾക്കപ്പുറം, ഈ യുദ്ധം തകർത്തത് ഒരു തലമുറയുടെ തന്നെ സ്വപ്നങ്ങളെയാണ്. സ്കൂളുകൾ തകർക്കപ്പെട്ടു, സർവ്വകലാശാലകൾ ചാമ്പലായി, വായനശാലകളും സാംസ്കാരിക കേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടു. ഒരു ജനതയുടെ ചരിത്രത്തെയും ഓർമ്മകളെയും ഇല്ലായ്മ ചെയ്യാനുള്ള ഹീനശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഫലസ്തീനിലെ 7 ലക്ഷത്തോളം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം പൂർണ്ണമായും നഷ്ടമായ വര്‍ഷമാണ് 2025. കളിക്കളങ്ങളിൽ ചിരിച്ചുല്ലസിച്ച് കഴിയേണ്ട ബാല്യങ്ങൾ തങ്ങളുടെ മാതാപിതാക്കളുടെ മൃതദേഹങ്ങൾ തേടി നടക്കുകയാണ്. "WCNSF" (Wounded Child No Surviving Family) എന്ന ഹൃദയഭേദകമായ ചുരുക്കപ്പേര് ഗസ്സയിലെ ആശുപത്രി രേഖകളിൽ സ്ഥിരം കാഴ്ചയായി മാറിയത് 2025ന്റെ വേദനകളിലൊന്നാണ്.
അധിനിവേശം അവസാനിപ്പിക്കുകയും കുറ്റവാളികളെ അന്താരാഷ്ട്ര നിയമങ്ങൾക്ക് മുന്നിൽ കൊണ്ടുവരികയും ചെയ്യുക എന്ന ന്യായമായ ആവശ്യം നടത്താനാവാതെയാണ് 2025 കടന്നുപോയത്. 2026 ലെങ്കിലും അത് സാധിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. പുതുവര്‍ഷത്തിലെങ്കിലും, വേദനയുടെ ഈ കറുത്ത അധ്യായം അവസാനിക്കുകയും നീതിയുടെ ഉദയസൂര്യൻ ഫലസ്തീന്റെ ആകാശത്ത് തെളിയുകയും ചെയ്യട്ടെ. ഫലസ്തീനിലെ ഓരോ വീടിന്റെയും മുറ്റത്ത് സമാധാനത്തിന്റെ ഒലീവ് മരങ്ങൾ വീണ്ടും തളിർക്കട്ടെ. അടുത്ത ശൈത്യകാലത്തെങ്കിലും അവ വീണ്ടും പൂക്കുകയും കായ്ക്കുകയും ചെയ്യട്ടെ. സര്‍വ്വോപരി, ഈ ജനതയ്ക്ക് സമാധാനത്തിന്റെയും നീതിയുടെയും വർഷമാകട്ടെ 2026. എന്നെന്നേക്കുമായി ഈ പ്രശ്നത്തിന് ഒരു പരിഹാരമാവുകയും നിരപരാധികളായ മനുഷ്യക്കുഞ്ഞുങ്ങള്‍ ഇനിയും കൊല്ലപ്പെടാതെ, എല്ലാ അര്‍ത്ഥത്തിലും പുരോഗതി പ്രാപിച്ചവരെന്ന് പറയാവുന്ന യഥാര്‍ത്ഥ മനുഷ്യകുലം സാധ്യമാവുകയും ചെയ്യട്ടെ.



Leave A Comment